ജനനവും മരണവും വിശപ്പും വിവാഹവും ദുഃഖവും ആനന്ദവും ആവര്‍ത്തിക്കുന്ന ജീവിതത്തിന്റെ ചെമ്മണ്‍പാതയിലൂടെയുള്ള മടക്കയാത്ര. യാത്രാം ഗമയ. പുതിയ കോളം ആരംഭിക്കുന്നു

എന്തെങ്കിലും ലക്ഷ്യമില്ലാതെ നിങ്ങള്‍ എപ്പോഴെങ്കിലും എങ്ങോട്ടെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? യാത്ര തന്നെ ലക്ഷ്യമായി മാറുന്ന അന്തംവിട്ട യാത്രകള്‍? ഒന്നിനുമല്ലാത്ത യാത്രകള്‍. മുന്‍കൂട്ടി തീരുമാനിക്കാതെ, വേണ്ട ഒരുക്കങ്ങളൊന്നും ചെയ്യാതെ കയ്യില്‍ കിട്ടിയ ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും മുമ്പില്‍ കണ്ട പുസ്തകവും ഭാണ്ഡത്തിലിട്ട്, എന്ന് മടങ്ങി വരുമെന്ന് ഉറ്റവരോട് ഉറപ്പു പറയാതെയുള്ള യാത്രകള്‍...
എന്റെ യാത്രകളെല്ലാം അങ്ങനെയായിരുന്നു. തനിച്ചുള്ള യാത്രകള്‍.ഉള്ളില്‍ അരൂപിയായ സങ്കടമേഘങ്ങള്‍ ഇരുണ്ടു കനക്കുമ്പോള്‍, പഴയ വിഷാദരോഗിയും എക്കാലത്തെയും ആത്മഹത്യാപ്രവണതക്കാരനുമായ ഞാന്‍ യാത്രയാവുന്നു...
ജോലിയിലോ വായനയിലോ കുടുംബത്തിലോ സിനിമയിലോ എഴുത്തിലോ എന്നെയെനിക്ക് തളച്ചിടാന്‍ കഴിയാതെ വരുമ്പോള്‍ ഞാനെന്റെ ഭാണ്ഡമെടുക്കുന്നു. ചിലപ്പോള്‍ അലക്കാനിട്ട വസ്ത്രങ്ങളും വായിച്ചു തീര്‍ത്ത പുസ്തകങ്ങളുമാവും ഭാണ്ഡത്തിലേക്കിടുന്നത്. ആ സമയങ്ങളില്‍ ഞാന്‍ അച്ഛനല്ല ഭര്‍ത്താവല്ല ആരുടെയും സുഹൃത്തോ കാമുകനോ അല്ല വായനക്കാരനല്ല എഴുത്തുകാരനുമല്ല. എന്നെ ഈ ഭൂമി ജീവിതത്തോട് ബന്ധിപ്പിക്കുന്ന ചരടുകള്ക്കൊന്നും അപ്പോള്‍ യാതൊരു ഉറപ്പുമുണ്ടാവില്ല. പടിയിറങ്ങുമ്പോള്‍ അവ ഓരോന്നായി എന്റെ കണ്മുമ്പില് അറ്റു വീഴും.
ഭൂമിയെന്ന ഈ കണ്ണീരിന്റെ താഴ്വരയില് ഞാനപ്പോള്‍ തികച്ചും ഏകനാണ്. ഒന്നിനും എന്റെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയില്ല പിന്തിരിപ്പിക്കാനും കഴിയില്ല. കാലത്തിന്റെ കണക്ക്പുസ്തകത്തില്‍ ചുവന്ന അടിവരയിട്ട് സൂക്ഷിക്കേണ്ട യാത്രകളായിരുന്നു അതെന്ന് ഞാന്‍ പില്ക്കാലത്ത് തിരിച്ചറിയും. എല്ലാ അറിവുകളും വ്യര്‍ത്ഥമാണെന്നും പലപ്പോഴും അറിവൊരു ഭാരമാണെന്നുമുള്ള തെറ്റായ ദര്ശനമാവും അപ്പോളെന്നെ ഭരിക്കുന്നത്.
ജീവിതശൈലീ രോഗങ്ങള്‍ ഉള്ളതിനാല്‍ കുറച്ചു കാലമായി അത്തരം അന്തമില്ലാത്ത യാത്രകളില്‍ ഞാന്‍ മരുന്നുകളും കരുതാറുണ്ട്. യാത്രക്കിടയില്‍ അവ കഴിക്കാന്‍ മറക്കുമെങ്കിലും വസ്ത്രങ്ങള്‍ പോലെ പുസ്തകങ്ങള്‍ പോലെ ഭക്ഷണം പോലെ അതും ഒരു ശീലമായി കഴിഞ്ഞു. എല്ലാം ശീലങ്ങളാണ്. നടക്കാനുള്ള ശീലം, വായിക്കാനുള്ള ശീലം, പല്ലുതേക്കാനും കുളിക്കാനുമുള്ള ശീലംസിനിമ കാണാനുള്ള ശീലം, നീണ്ടുനീണ്ട് പോവുന്ന ഈ ശീലങ്ങളുടെ ദൂരമളന്നാല്‍ നമ്മളോരോരുത്തരും വെറും ശീലങ്ങള്‍ മാത്രമായി ചുരുങ്ങുന്നത് അനുഭവിച്ചറിയാം.
എന്റെ ഉമ്മ ജീവിച്ചിരുന്ന കാലത്ത് എപ്പോഴും പറയുമായിരുന്നു .
'ചിന്തിച്ചാ ഒര് അന്തും ല്ല, ചിന്തിച്ചില്ലെങ്കി ഒര് കുന്തും ല്ല'
ശരിയാണ്. ചിന്തിച്ചാല്‍ ജീവിതമെന്ന ഈ പാതയ്ക്ക് അറ്റമില്ല അന്തമില്ല. ചിന്തിച്ചില്ലെങ്കില്‍ യാതൊരു കുന്തവുമില്ല. പക്ഷേ നമ്മള് എപ്പോഴും ചിന്തിക്കുന്നു ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, പിന്നിട്ട പാതയിലെ നഷ്ടങ്ങളിലേക്കും വെയിലിലേക്കും മുമ്പിലെ പാതയുടെ അനിശ്ചിതത്തിലേക്കും ഇരുളിലേക്കും നമ്മള് തവളക്കുഞ്ഞുങ്ങളെപ്പോലെ ചാടുന്നു. ഇങ്ങനെ പറഞ്ഞു പോയാല്‍ നമ്മളെവിടെയും എത്തില്ല. എന്റെ യാത്രയും നടക്കില്ല.
യാത്ര എനിക്കൊരു ലഹരിയോ എന്നെ മാടി വിളിക്കുന്ന പൊരുളോ അല്ല. മറ്റൊന്നിനും സാന്ത്വനമാവാന്‍ കഴിയാത്തിടത്ത് യാത്രയെന്ന പുലരി സൂര്യന് ഉദയം കൊള്ളുന്നു. ആ സൂര്യന്റെ നേര്‍ത്ത മഞ്ഞ രശ്മികളെ നോക്കി ഞാനീ കവലയില്‍ നില്ക്കുന്നു. എന്റെ തോളില്‍ ഭാണ്ഡമുണ്ട്. മഴ കാരണം ഇക്കുറി ജോലി വല്ലാതെ കുറഞ്ഞതിനാല്‍ ഇഷ്ടം പോലെ കടബാധ്യതകളുമുണ്ട്. എങ്കിലും എനിക്ക് പോയേ പറ്റൂ ഇവിടുന്ന് പടിഞ്ഞാറോട്ട് പോയാല്‍ കോട്ടക്കല്‍ അങ്ങാടിയും കടന്ന് ചങ്കുവെട്ടിയില്‍ എത്താം. അവിടെ നിന്ന് തിരുവനന്തപുരത്തേക്കും അതിനപ്പുറത്തേക്കും പോവാം. അല്ലെങ്കില്‍ കോഴിക്കോടും കടന്ന് പോവാം. കിഴക്കോട്ട് പോയാല്‍ പെരിന്തല്‍മണ്ണയും കഴിഞ്ഞ് പാലക്കാട് എത്താം. അവിടുന്ന് തമിഴകത്തിന്റെ ഗന്ധങ്ങളിലേക്കും കാഴ്ചകളിലേക്ക് പോവാം.
പടിഞ്ഞാറോട്ട് തന്നെ പോയി തിരൂരിലെത്തി അവിടത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി എങ്ങോട്ട് വേണമെങ്കിലും പോവാം ഞാനിതു വരെ ചെയ്തിട്ടുള്ള അന്തമില്ലാത്ത യാത്രകളില്‍ ഏറിയ പങ്കും ബസ്സിലാണ്. പത്തും പതിനാറും മണിക്കൂറൊക്കെ ഒരേ ഇരിപ്പ് ബസ്സിലിരിക്കാന്‍ യാതൊരു മടുപ്പുമില്ലാത്ത ഒരു യാത്രക്കാരന് എന്റെയുള്ളിലുണ്ട്. ആദ്യം വരുന്ന ബസ്സ് കിഴക്കോട്ടാണെങ്കില്‍ അതില്‍ കയറാം. അതല്ല പടിഞ്ഞാറോട്ടണെങ്കില് അതില്‍ കയറാം. ഇത് ഏതെങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയല്ല യാത്രയ്ക്ക് വേണ്ടിയുള്ള യാത്രയാണ്. കയര്‍ കുരുക്കിലോ ,റെയില്‍ പാളത്തിലോ, ഉറക്ക ഗുളികകളിലോ ജീവിതം ഒടുങ്ങി പോവാതിരിക്കാന്‍ വേണ്ടിള്ള യാത്രയാണ്. ഈ യാത്രയ്ക്ക് റിഷര്വേഷന് വേണ്ട. ചെന്നെത്തുന്നിടത്ത് താമസിക്കാന്‍ ലോഡ്ജുകളും വേണ്ട.
വീട്ടുചെലവിനും മക്കളുടെ ആവശ്യത്തിനും വേണ്ട പണം അവരെ ഏല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ബാക്കിയായ ചുരുങ്ങിയ പണമേ കീശയിലുള്ളൂ. കവല ഉണരാന്‍ തുടങ്ങുന്നതേയുള്ളൂ. മദ്രസയിലേക്ക് വരുന്ന കുട്ടികള്‍ പാതകള്‍ കീഴടക്കിയിട്ടില്ല .രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ തണുത്ത കാറ്റായും നനഞ്ഞ പാതയായും പക്ഷിച്ചിലപ്പായും കുഴികളില്‍ കെട്ടി നില്ക്കുന്ന ചെളി വെള്ളമായും അന്തരീക്ഷത്തിലുണ്ട്. ഈ കവലയില്‍ എന്തൊക്കെ ജീവിതപ്രശ്നങ്ങളുമായി അന്തം വിട്ട് ഞാന്‍ നിന്നിട്ടുണ്ടെന്ന് ഇപ്പോള്‍ ഓര്‍ക്കാന്‍ പാടില്ല. ഓര്‍ത്താല്‍ ഇപ്പോഴത്തെ പ്രശ്നം എത്ര നിസ്സാരമാണെന്ന തോന്നലുണ്ടായി ഞാന്‍ യാത്ര തന്നെ ഉപേക്ഷിക്കും. മുമ്പ് ഒന്ന് രണ്ട് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നിട്ട് നാലഞ്ചു ദിവസം കൂടി പിടിച്ചു നിന്നാല്‍ കൈയിലെ അവസാന നാണയ തുട്ടും തീരും. ഉള്ളിലെ അശാന്തിയും മരണ ചിന്തയും കൂടുതല്‍ ശക്തമാവും. പിന്നെ കള്ളവണ്ടി കയറണമെങ്കില്‍ പോലും തിരൂരിലെത്തണം.
അതുകൊണ്ട് കൊടുങ്കാറ്റ് പോലെ ആര്‍ത്തലച്ചു വരുന്ന ഓര്‍മ്മകളെ മുമ്പില്‍ കാണുന്ന പള്ളിപ്പറമ്പില്‍ ഖബറടക്കി ഞാന്‍ കാത്തു നില്‍ക്കുകയാണ്. അപരിചിതമായ ഏതോ ദേശത്തിന്റെ ഗന്ധവും രുചികളും അവിടുത്തെ മനുഷ്യരും എന്നെ കാത്തിരിപ്പുണ്ട്. അവര്‍ക്കും എനിക്കുമിടയില ദൂരങ്ങളിലൂടെ ബസ്സുകള്‍ സഞ്ചരിച്ചേ പറ്റൂ. അതില്‍ ഏതെങ്കിലും ഒന്നിന്റെ സൈഡ് സീറ്റില്‍ ഞാനിരുന്നേ പറ്റൂ.
അരിച്ചോള്‍ കയറ്റം കയറി അദാ വരുന്നു 'സൂപ്പര്‍ കിംഗ് 'എന്ന ബസ്. അത് കോട്ടക്കല്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സാണ്. അപ്പൊ ആദ്യം പെരിന്തല്‍മണ്ണയിലേക്ക്.. അവിടുത്തെ മൗലാന ഹോസ്പിറ്റലിലെയും അല്‍ഷിഫ ഹോസ്പിറ്റലിലെയും സൈക്യാട്രിസ്റ്റുകളുടെ പരിശോധനാ മുറിക്കു മുമ്പില്‍ കാലങ്ങള്‍ക്കു മുമ്പ് ഞാനെന്റെ വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കുമുള്ള ചികിത്സയുടെ ഊഴം കാത്ത് ഒരുപാട് തവണ നിന്നിട്ടുണ്ട്.
ഇപ്പോള്‍ ബസ് എന്റെ മുമ്പില്‍ നിന്ന് കിതക്കുകയാണ്. പരിചയമുള്ള ഡ്രൈവറും കണ്ടക്ടറുമാണ്. കോട്ടക്കല്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള എല്ലാ ബസ്സുകളും പടപ്പറമ്പ് എത്തും വരെ മെല്ലെയാണ് പോവുക. പിന്നെ അവിടുന്നങ്ങോട്ട് മരണപ്പാച്ചിലാണ്. അത് എന്തിനാണെന്ന് ഇത്രകാലമായിട്ടും എനിക്ക് മനസ്സിലായിട്ടില്ല ആ മരണപ്പാച്ചില്‍ ഒടുക്കം അങ്ങാടിപ്പുറത്ത് എത്തുമ്പോള്‍ ബ്ലോക്കില്‍ പെട്ട് നിശ്ചലമാവും. അവിടെയൊരു റെയില്‍വേ മേല്‍പ്പാലം വന്നാല്‍ ഗതാഗതക്കുരുക്ക് അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പാലമൊക്കെ വന്നു. അതിന്റെ ഉദ്ഘാടനവും ഗംഭീരമായിട്ട് നടന്നു. പക്ഷേ കുരുക്ക് മാത്രം അഴിഞ്ഞില്ല അത് കൂടുതല്‍ മുറുകുകയാണുണ്ടായത്.
കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് പാലക്കാട് നിന്ന് ഒരു പുസ്തക ചര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ ആ ബ്ലോക്കില്‍പ്പെട്ട് ഞാന്‍ മുക്കാല്‍ മണിക്കൂറോളം ബസ്സില്‍ ഇരുന്നിട്ടുണ്ട്. അതേ പാതയിലൂടെ നാലിലധികം എം.എല്‍.എമാരുടെ കാറുകള്‍ കടന്നുപോവാറുണ്ട് അവരും ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കാറുണ്ടോ എന്നറിയില്ല. എന്തായാലും ഹോസ്പിറ്റല്‍ സിറ്റി എന്ന പേര് കൂടിയുള്ള പെരിന്തല്‍മണ്ണയിലേക്കുള്ള രോഗികളുടെ പോക്കും വരവും ഇപ്പോഴും വല്ലാത്ത ദുരിതത്തില്‍ തന്നെയാണ്.
രാവിലത്തെ ട്രിപ്പായതിനാല്‍ ബസ്സില്‍ യാത്രക്കാര്‍ കുറവാണ്. കോട്ടക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ? തിരക്ക് താനേ ആയിക്കോളുമെന്ന് എന്നോട് തന്നെ പറഞ്ഞ് ഞാന്‍ ഇടതു വശത്തെ സീറ്റിലിരുന്നു. കടന്നു പോവാനുള്ളത് നല്ല പരിചയമുള്ള സ്ഥലങ്ങളാണ്. ഞാന്‍ കയറിയ കവലയില്‍ നിന്ന് ഏതാണ്ട് അങ്ങാടിപ്പുറം വരെയുള്ള എത്രയെത്രയോ വീടുകളിലും കെട്ടിടങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലും ഞാന്‍ പെയിന്റ് പണി എടുത്തിട്ടുണ്ട്.
'എങ്ങട്ടാ...? ''
കണ്ടക്ടര്‍ മാനുവാണ്. ഞാന്‍ എന്തൊക്കെയോ എഴുതുന്നുണ്ടെന്ന് അവനറിയാം. ഒന്ന് രണ്ട് വീഡിയോകള്‍ കണ്ടിട്ടുള്ള അറിവാണ്. അല്ലാതെ അതിരാവിലെ ഉണര്‍ന്ന് പാതിരാത്രി വരെ നീളുന്ന കണ്ടക്ടര്‍ ജോലിക്കിടെ പുസ്തകം വായിച്ചുള്ള അറിവല്ല.
'പെരിന്തല് മണ്ണക്ക് '
ഞാന്‍ കാശ് നീട്ടി .
'എന്തെങ്കിലും പരിപാടി ണ്ടോ?'
മാനുവിന്റെ കൗതുകച്ചോദ്യം. പരിപാടി എന്നതു കൊണ്ട് അവന് ഉദ്ദേശിച്ചത് ഇന്റര്‍വ്യൂ ആണ്. ഞാന്‍ ആര്‍ക്കൊക്കെയോ മോട്ടിവേഷന്‍ ക്ലാസ് എടുക്കാറുണ്ടെന്ന് അവനെങ്ങനെയോ ധരിച്ചുവച്ചിട്ടുണ്ട്. ഒരിക്കല്‍ അവനത് എന്നോട് ചോദിക്കുകയും ചെയ്തതാണ്.
'പരിപാടിയൊന്നും ഇല്ല പണിക്കാണ്'.
എന്റെ പണി പെയിന്റിങ്ങാണെന്ന് അവന് അറിയാവുന്നത് കൊണ്ട് കൂടുതലൊന്നും ചോദിക്കാതെ ബാക്കി കാശും തന്ന് അവന് എവിടെയും പിടിക്കാതെ ബസ്സിനുള്ളിലൂടെ മുന്നോട്ട് പോയി. കുറച്ച് അന്യസംസ്ഥാന തൊഴിലാളികളെ ബസ്സിലുള്ളൂ. അവര്‍ ഫോണില്‍ കണ്ണും കയ്യും കാലും നട്ടിരിപ്പാണ്. കേരളത്തില്‍ ജോലിക്കെത്തി ഒരു മാസം തികയും മുമ്പ് അവരില്‍ പലരും ചെയ്യുന്ന ഒന്നാമത്തെ കാര്യം നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങുക എന്നതാണ് .
ഒരിക്കല്‍ കോഴിക്കോട് നിന്നുള്ള എന്റെ മടക്കയാത്രയില്‍ അതിഥി തൊഴിലാളികളില്‍ ഒരാള്‍ താന്‍ പുതിയതായി വാങ്ങിയ ഫോണില്‍ അവന്റേതായ ഭാഷയിലെ സിനിമ കാണുകയാണ്. എന്റെ തൊട്ടടുത്താണ് അവനിരുന്നത് നേരം ഉച്ചയാണ്. ഊണ് കഴിച്ചതിന്റെ മയക്കം മെല്ലെ കണ്ണിലേക്ക് അരിച്ചു കയറുന്നുണ്ട്. ടിക്കറ്റ് എടുത്ത് കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ നോക്കുമ്പോള്‍ ഭായിയുടെ ഫോണില്‍ നിന്ന് സാമാന്യതിലധികം ശബ്ദത്തില്‍ സിനിമ ഓടാന്‍ തുടങ്ങി. ഭാഷ ഹിന്ദിയല്ല ഹിന്ദി തോഡാ തോഡാ ഞമ്മക്കും മാലുമല്ലോ?
ഭായിയെ തോണ്ടി ഞാന്‍ ആംഗ്യ ഭാഷയില്‍ ഒച്ച കുറയ്ക്കാന്‍ പറഞ്ഞു നോക്കി രക്ഷയില്ല. പകരം അവന് ഒച്ച കൂട്ടുകയാണ് ചെയ്തത്. പുതിയ ഫോണ്‍ വാങ്ങിയ സന്തോഷത്തില്‍ ആ പാവം അവന്റെ സ്വന്തം ഭാഷയില്‍ ഇഷ്ടമുള്ള സിനിമ കാണുകയാണ്. അപരന് നരകമാണെന്ന് പറഞ്ഞത് സാര്താണോ അതോ കമ്യു ആണോന്ന് അറിയില്ല. എന്തായാലും ഈ സഹയാത്രികന് കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് ചെറു നരകമാവാന്‍ പോവുകയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറക്കി അടച്ച് ഇരുന്നു. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിന്റെ നടുവിലാണ് ഭായി ഇരിക്കുന്നത് വിന്‍ഡോ സീറ്റില്‍ ഞാനും. ഭായിയുടെ അപ്പുറത്ത് ഒരു വെല്ലിപ്പയുമാണ് യാത്രക്കാര്‍.
ഞാന്‍ പറഞ്ഞത് ഭായിക്ക് മനസ്സിലാവാത്തത് കൊണ്ടാവുമെന്ന് കരുതി അപ്പുറത്തിരുന്ന വെല്ലിപ്പ ഫോണില്‍ നിന്ന് വരുന്ന ഒച്ചയേക്കാള്‍ ഉച്ചത്തില്‍ ഭായിയോട് പറഞ്ഞു.
'ഒന്ന് ഒച്ച കൊറക്കെടോ, അനക്ക് മാത്രം കേക്കാന്‍ പാകത്തില്‍ വെച്ചാ പോരെ? ബസ്സിലുള്ളോരെ മുഴുവന്‍ കേപ്പിക്കണോ?'
വെല്ലിപ്പാന്റെ അലര്‍ച്ചയും ഭാവവും കണ്ടിട്ടൊന്നും ഭായിക്ക് കുലുക്കമില്ല. ഞാന്‍ ഭായിയെ തോണ്ടി സകല ദൈവങ്ങളെയും ഉള്ളില്‍ നമിച്ച് അറിയാവുന്ന ഹിന്ദിയില്‍ ചോദിച്ചു.
'തുമാരാ പാസ് ഇയര്‍ ഫോണ്‍ നഹീ ഹേ? ഹോ?'
ഹേയും ഹൂവും മനസ്സിലായില്ലെങ്കിലും എന്റെ ചെവി തൊട്ടുള്ള ആംഗ്യവും ഇയര്‍ഫോണ്‍ എന്ന വാക്കും കൂടിയായപ്പോള്‍ ഭായിക്ക് കാര്യം മനസ്സിലായി. സീറ്റിന് മുകളിലെ റാക്കിലെ തന്റെ ബാഗിലേക്ക് ചൂണ്ടി ഭായി പറഞ്ഞു.
'ഇയര്‍ ഫോണ്‍ ഉതര്‍ ഹേ'
ഉതര്‍ ഹേ ആണെങ്കില്‍ അത് എടുത്ത് ചെവിയില്‍ വെക്ക് സുഹൃത്തേ എന്ന് ഞാന്‍ മലയാളത്തിലും പറഞ്ഞു. പക്ഷേ കക്ഷി അതൊന്നും കേള്‍ക്കുന്നില്ല. അന്യദേശത്ത് ഒരു ബസ്സിലിരുന്ന് സ്വന്തം ഭാഷയിലുള്ള സിനിമ കാണുന്ന അയാളുടെ ആനന്ദം എനിക്ക് മനസ്സിലാക്കാന്‍ പറ്റി. പക്ഷേ ആ വെല്ലിപ്പാക്ക് അത് മനസ്സിലായില്ല. മൂപ്പര് തന്റെ ഫോണെടുത്ത് യൂട്യൂബില്‍ കയറി ഏതോ ഒരു മുസ്ലിയാരുടെ മതപ്രഭാഷണം കണ്ടെത്തി അത് ഉച്ചത്തില്‍ വെച്ചു. എന്നിട്ട് ഫോണ്‍ ഭായിയുടെ ചെവിയോട് അടുപ്പിച്ചു പിടിച്ച്, എന്റെ ഫോണ്‍ എടുക്കാന്‍ എന്നോടും ആംഗ്യം കാണിച്ചു.
എന്തോ അപ്പോഴേക്കും ഭായിക്ക് ബോധോദയം ലഭിച്ചു. തൊട്ടപ്പുറത്തെ സീറ്റിലുള്ളവര്‍ ഇതൊക്കെ കണ്ട് രസിച്ചങ്ങനെ ഇരിപ്പാണ്. ഭായി സിനിമ ഓഫ് ചെയ്തു. വെല്ലിപ്പ വയള് ഓഫാക്കിയില്ല. ഭായിക്ക് അപ്പോഴാണ് ബോധോദയത്തിലും വലുതെന്തോ ലഭിച്ചത്. ഭായി എഴുനേറ്റ് റാക്കില്‍ നിന്ന് തന്റെ ബാഗെടുത്ത് അതിന്റെ പുറത്തേ അറയില്‍ നിന്ന് ഇയര്‍ ഫോണ്‍ വലിച്ചെടുത്ത് ബാഗ് അറയിലേക്ക് തന്നെ തള്ളി സീറ്റിലിരുന്ന് ചെവിയില്‍ ഇയര്‍ ഫോണ്‍ ഘടിപ്പിച്ചു. അതിന്റെ മറ്റേ തല ഫോണിലും ഫിറ്റ് ചെയ്തു.
എല്ലാം ശുഭം മംഗളം.
വെല്ലിപ്പ വിജയഭാവത്തില്‍ തന്റെ ഫോണും ഓഫാക്കി. മൂപ്പരുടെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ആ രംഗം അങ്ങനെയാവില്ല അവസാനിക്കുകയെന്ന് അപ്പോഴും ഇപ്പോഴും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒപ്പം ഭായിയുടെ സ്ഥാനത്ത് ഒരു മലയാളി ചെറുപ്പക്കാരനായിരുന്നെങ്കില്‍ ഞാനും വെല്ലിപ്പയും കമാ എന്ന രണ്ടക്ഷരം പറയില്ലെന്നും നല്ല ഉറപ്പുണ്ട്. ഇവിടെയിതാ നാലഞ്ചു ഭായിമാര്‍ തങ്ങളുടെ ഭാഷയിലുള്ള സിനിമാ പാട്ടുകള്‍ കേട്ട് നാടിനെ ഓര്‍ക്കുന്നു. ബന്ധങ്ങളെയും ഗന്ധങ്ങളെയും പ്രണയങ്ങളെയും ഓര്‍ക്കുന്നു. അവരുടെ മുഖത്തെ ശുദ്ധമായ ആനന്ദം പുലരി വെയില് പോലെ എന്നിലേക്കും പടരുന്നു.
പുറത്ത് മരത്തലപ്പുകളില്‍ സൂര്യ വെളിച്ചം വീഴുന്നു. മഴ നനഞ്ഞ കാറ്റുകള്‍ എന്നെ കടന്നു പോവുന്നു. ബസ് ഇപ്പോള്‍ ചട്ടിപ്പറമ്പ് അങ്ങാടിയിലാണ്. ഇവിടുത്തെ റഹീംസ് ക്ലിനിക്കിലെ റഹീം ഡോക്ടറെയാണ് ഞാന്‍ കുറച്ചു വര്‍ഷങ്ങളായിട്ട് എന്ത് അസുഖത്തിനും കാണുന്നത്. ഇടയ്ക്ക് പഴയ വിഷാദരോഗം എന്റെയുള്ളിലിരുന്ന് അതിന്റെ ചത്ത ശരീരത്തിലെ വാലിളക്കുമ്പോള് ഞാന്‍ കാണുന്നതും മൂപ്പരെ തന്നെയാണ്. ഒന്ന് രണ്ട് ഗുളികകള്‍ കൊണ്ട് ഡോക്ടര്‍ ആ വാലിന്റെ ചലനം നിര്‍ത്തുന്നു. പിന്നെയും അത് ഇളകുന്നത് വരെ ഞാനെന്റെ സ്വാഭാവികജീവിതം ജീവിക്കുന്നു.
ഭാവന ചെയ്തതും പദ്ധതി ഇട്ടതും നടപ്പിലാക്കിയതുമായ അനേകം ആത്മഹത്യാശ്രമങ്ങളുടെ ഭൂതകാലം ചട്ടിപ്പറമ്പില്‍ എത്തുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോവും. ഇപ്പോള്‍ ബസ്സില്‍ കുറച്ച് ആളുകള്‍ കൂടിയുണ്ട്. എല്ലാം കൂലിപ്പണിക്കാരാണ്. അധികവും നമ്മള് ബംഗാളികളെന്ന് പുച്ഛത്തോടെ വിളിക്കുന്നവര്‍. സത്യത്തില്‍ അവരില്‍ ബീഹാറിയും, ഒറീസക്കാരനും, ഗുജറാത്തിയും രാജസ്ഥാനിയും ഹരിയാനക്കാരനും പശ്ചിമ ബംഗാളിയുമൊക്കെ ഉണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരങ്ങളുള്ള അവരെ, നമ്മള് മലയാളികള്‍ ബംഗാളികള്‍ എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കുന്നത് സങ്കടകരമാണ്. അനീതിയുമാണ്.
ചട്ടിപ്പറമ്പിലെ റഹീംസ് ക്ലിനിക്കിനു മുമ്പില്‍ മാവുകളുണ്ട്. മാവുകളില്‍ തലേന്നത്തെ മഴത്തുള്ളികള്‍ തിളങ്ങുന്നുണ്ട് ഇരുവശത്തും തണല്‍ പരത്തി നില്ക്കുന്ന ഈ കൂറ്റന്‍ മാവുകള്‍ കാരണം ഇവിടെ ഏത് വേനലിലും കുളിരുണ്ടാവും. മാവുകളുടെ ചോട്ടിലും പരിസരത്തുമായി പലതരം കച്ചവടങ്ങളുണ്ട്. പച്ചക്കറികളും മീനും ഇല വര്‍ഗ്ഗങ്ങളും പഴങ്ങളും വില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍. അവരുടെ വായ്ത്താരികള്‍ക്ക് നടുവില്‍ കുറച്ചു നേരം നിന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തിന്റെ വില അറിയാന്‍ പറ്റും. ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ ചെയ്യുന്ന തൊഴിലുകള്‍ എന്തൊക്കെയാണെന്ന് അത്ഭുതപ്പെടാതെ നിങ്ങള്‍ക്കിവിടം വിട്ടുപോവാനാവില്ല.
വഴിയോരക്കച്ചവടക്കാര്‍ക്ക് അവരുടേതായ ഭാഷയും സംസ്കാരവുമുണ്ട്. ഒരേ ചരക്ക് തന്നെ പലര്‍ക്കും പല വിലയ്ക്ക് വില്‍ക്കുന്ന അതിജീവന തന്ത്രങ്ങളുണ്ട്. ഒച്ചയിട്ട് ഒച്ചയിട്ട് തൊണ്ടയിലെ വെള്ളം വറ്റുമ്പോള്‍ കൈമാറി കുടിക്കാന്‍ വെള്ളക്കുപ്പികളുണ്ട്. പകര്‍ച്ചവ്യാധികളുടെ ആശങ്കയില്ലാതെ അന്യന്റെ ഉമിനീര് പുരണ്ട കുപ്പി സ്വന്തം വായില്‍ വെച്ച് വെള്ളം കുടിക്കുന്നവര്‍ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കും വക്കാണവുമുണ്ടാക്കും. കേട്ടാല്‍ നമ്മള് ചെവി പൊത്തിപ്പോവുന്ന തെറികള്‍ പറയും. മാസത്തിലൊരിക്കല്‍ ഒരു ആചാരം പോലെ ജീപ്പില്‍ വന്ന് പഞ്ചായത്ത് അധികൃതര്‍ ആ കച്ചവടക്കാരോട് അവരുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റാന്‍ പറയും. ചിലപ്പോള്‍ നോട്ടീസും കൊടുക്കും. അധികൃതര്‍ക്കും അറിയാം ജീവിതമെന്നത് അത്രയൊന്നും സുഖമുള്ള ഏര്‍പ്പാടല്ലെന്ന്.
ഇപ്പോള്‍ ബസ്സിനകത്ത് പാട്ടുകളെല്ലാം അവസാനിച്ചു കഴിഞ്ഞു. അവര്‍ പരസ്പരം ഉച്ചത്തിലുച്ചത്തില്‍ സംസാരിക്കുകയാണ്. അവരില്‍ പലരുടെയും വേഷം ജീന്‍സും ടീ ഷര്‍ട്ടുമാണ്. അത് മുഷിഞ്ഞിട്ടുണ്ട്. കോതിയൊതുക്കാത്ത തലമുടികള്‍ കാറ്റത്ത് ഉലയുന്നുണ്ട്. രജനീകാന്തിനേക്കാള്‍ സ്റ്റൈലോടെ അവരില്‍ ചിലര്‍ സ്വന്തം മുടി കോതി ഒതുക്കുന്നുമുണ്ട്.
വിയര്‍ക്കാന്‍ സമയമായിട്ടില്ലെങ്കിലും അവരെ വിയര്‍പ്പ് മണക്കുന്നുണ്ട്. തലേന്നത്തെ വിയര്പ്പാവാം. അല്ലെങ്കില്‍ അതിനും മുമ്പത്തേത്. പക്ഷേ മറ്റേത് ഗന്ധത്തേക്കാളും ജീവിതത്തെ അടയാളപ്പെടുത്തുന്നത് വിയര്‍പ്പിന്റെ ഗന്ധമാണ്. വിയര്‍പ്പിന്റെ ഉപ്പ് രുചി അറിയാത്തവര്‍ ഈ ഭൂമിയിലെ ഏറ്റവും നല്ല രുചി അറിയാതെയാണ് മരിച്ചു പോവുന്നത്. എപ്പോഴെങ്കിലും സ്വന്തം വിയര്‍പ്പെങ്കിലും ഒന്ന് മണത്തുനോക്കാത്തവരും അതിന്റെ രുചി അറിയാത്തവരും മനുഷ്യരായി ജീവിച്ച് മരിച്ച് പോയാലും മനുഷ്യരാവാന്‍ ഭാഗ്യം കിട്ടാത്തവരാണ്. ഓരോ അരിമണിയില്‍ മാത്രമല്ല, ഓരോ വിയര്‍പ്പ് കണങ്ങളിലും നിങ്ങളുടെ പേരും നാളും ജീവിതവും എഴുതപ്പെട്ടിട്ടുണ്ട് സുഹൃത്തേ...
Published: 19 Nov 2025, 02:05 pm IST
ABOUT THE AUTHOR
എഴുത്തുകാരൻ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. വിശപ്പ് പ്രണയം ഉന്മാദം, ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍, ഒരു പെയിന്റ് പണിക്കാരന്റെ സഞ്ചാരങ്ങള്‍, ഹലീമ, കാല്മോറാ മഹല്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented