ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് പ്രതാപത്തിന്റെ പരകോടിയിലെത്തിയ, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാജ്യം.  ഇതാണ് അബുദാബിയെക്കുറിച്ച് ഏറ്റവും ലളിതമായി പറയാവുന്ന വിശേഷണം. 1761-ൽ ബാനി യാസ് (Bani Yas) ഗോത്രവിഭാഗത്തിൽപ്പെട്ട ആളുകൾ അബുദാബി ദ്വീപിൽ ശുദ്ധജലം കണ്ടെത്തിയതോടെയാണ് ജനങ്ങൾ അവിടെ സ്ഥിരതാമസമാക്കാൻ തുടങ്ങിയതും ഇന്നത്തെ നഗരത്തിന് അടിത്തറയിട്ടതും. ശുദ്ധജല സ്രോതസ്സ് സംരക്ഷിക്കുന്നതിനായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച കാവൽഗോപുരം പിന്നീട് ഖസ്ര് അൽ ഹൊസ്ൻ (Qasr Al Hosn) എന്ന കോട്ടയായി വികസിക്കുകയും ഭരണാധികാരികളുടെ ആസ്ഥാനമായി മാറുകയും ചെയ്തു.

To advertise here,

വലിയ കെട്ടിടങ്ങളോ ആധുനിക സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അതിജീവനം മാത്രമായിരുന്നു പ്രധാന ലക്ഷ്യം. മീൻപിടിത്തം, പ്രകൃതിദത്ത മുത്തുകളെടുക്കൽ (Pearl diving), ഈന്തപ്പഴ കൃഷി, കച്ചവടം എന്നിവയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ. മാസങ്ങളോളം കടലിൽ മുങ്ങി പ്രകൃതിദത്ത മുത്തുകളെടുത്തിരുന്ന ഈ വ്യവസായം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനിൽ നിന്നുള്ള കൃത്രിമ മുത്തുകളുടെ വരവോടെയും ആഗോള സാമ്പത്തിക മാന്ദ്യത്തോടെയും കടുത്ത പ്രതിസന്ധിയിലായി. ഇങ്ങനെ കടലിനെയും മരുഭൂമിയെയും ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു ചെറിയ മീൻപിടിത്ത സമൂഹത്തിൽ നിന്നാണ് അബുദാബിയുടെ തുടക്കം. ഷെയ്ഖ് സായിദ് എന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണംകൂടിയായതോടെ അബുദാബി അതിന്റെ പ്രതാപകാലത്തേക്ക് കുതിച്ചു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യക്കാർ ഇവിടേക്കെത്തിയത് ഉപജീവനമാർഗം തേടിയാണ്. എന്നാൽ അന്നം നൽകുന്ന രാജ്യം എന്നതിലുപരി കാഴ്ചകളുടെ വിരുന്നുമൊരുക്കുന്നുണ്ട് അബുദാബി. പ്രകൃതി, ചരിത്രം, വിനോദം, ഭക്ഷണം തുടങ്ങിയ വൈവിധ്യങ്ങളാണ് അബുദാബിയിലെത്തുന്ന ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്.

പ്രധാന കാഴ്ചകൾ

  • ഖസർ അൽ ഹൊസ്ൻ (Qasr Al Hosn)

ഇവിടെനിന്നാണ് അബുദാബിയുടെ ചരിത്രം തുടങ്ങുന്നത്. തുടക്കത്തിൽ ഇതൊരു കാവൽ ഗോപുരമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അബുദാബി ദ്വീപിൽ കണ്ടെത്തിയ ശുദ്ധജല സ്രോതസ്സിന് സംരക്ഷണമൊരുക്കാനാണ് ഇത് നിർമ്മിച്ചത്. കാലക്രമേണ ഈ സ്രോതസ്സിന് ചുറ്റുമുള്ള നിർമ്മിതി ഒരു വലിയ കോട്ടയായി വികസിക്കുകയും, ഭരണാധികാരി കുടുംബത്തിന്റെ ആസ്ഥാനമായും പ്രധാന ഭരണനിർവ്വഹണ കേന്ദ്രമായും മാറുകയും ചെയ്തു. അബുദാബിയുടെ തുടക്കം മുതലുള്ള വളർച്ചയ്ക്കും, ഭരണകുടുംബത്തിന്റെ ഉദയത്തിനും, ഒരു ആധുനിക രാജ്യത്തിന്റെ തലസ്ഥാനമായി അബുദാബി രൂപാന്തരപ്പെട്ടതിനും ഈ കോട്ട സാക്ഷ്യം വഹിച്ചു. മുൻപ് ഈ കോട്ടയ്ക്ക് മുന്നിൽ സമുദ്രമായിരുന്നു. കാലാന്തരത്തിൽ സമുദ്രം കിലോ മീറ്ററുകളോളം പിൻമാറുകയും വലിയ മണലാരണ്യം രൂപപ്പെടുകയും ചെയ്തു. അവിടെയാണ് ഇന്ന് കാണുന്ന അബുദാബി നഗരം രൂപപ്പെട്ടത്. ഇന്ന് ചുറ്റും ഉയർന്ന ആധുനിക കെട്ടിടങ്ങളും ഗ്ലാസ് ടവറുകളും നിറഞ്ഞ നഗരത്തിന് നടുവിൽ, പഴയകാല അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി ഖസ്ര് അൽ ഹൊസ്ൻ നിലകൊള്ളുന്നു. അബുദാബിയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന സാംസ്കാരിക-ചരിത്ര സ്മാരകമായി ഈ കോട്ട സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

  • സയിദ് നാഷണൽ മ്യൂസിയം (Zayed National Museum)

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും അടുത്തറിയാൻ അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുക്കിയിരിക്കുന്ന വിസ്മയകേന്ദ്രമാണ് സായിദ് നാഷനൽ മ്യൂസിയം (Zayed National Museum). സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലെ ഈ മ്യൂസിയം അബുദാബിയുടെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ്. യുഎഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായിരുന്ന അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയ്ക്കായി നിർമിച്ച ഈ മ്യൂസിയം 2025 ഡിസംബർ മൂന്നിനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പ്രശസ്ത ബ്രിട്ടീഷ് ആർക്കിടെക്ട് ലോർഡ് നോർമൻ ഫോസ്റ്ററിന്റെ നേതൃത്വത്തിലുള്ള ഫോസ്റ്റർ + പാർട്ണേഴ്സാണ് മ്യൂസിയത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. പറന്നുയരുന്ന ഫാൽക്കൺ പക്ഷിയുടെ ചിറകുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കെട്ടിടത്തിന്റെ വാസ്തുവിദ്യ. അഞ്ച് ഉയർന്ന സ്റ്റീൽ ടവറുകൾ ഉൾപ്പെടുന്ന ഈ നിർമിതി ആധുനിക സാങ്കേതികവിദ്യയും എമിറാത്തി പാരമ്പര്യവും മനോഹരമായി സമന്വയിപ്പിക്കുന്നു.

ഏകദേശം മൂന്ന് ലക്ഷം വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ മുതൽ ആധുനിക യുഎഇയുടെ രൂപീകരണം വരെയുള്ള ചരിത്രമാണ് മ്യൂസിയത്തിലെ ആറ് സ്ഥിരം ഗാലറികളിലൂടെ അവതരിപ്പിക്കുന്നത്. മൂവായിരത്തിലധികം പുരാവസ്തുക്കളും ചരിത്രാവശിഷ്ടങ്ങളും ശേഖരത്തിലുള്ളതിൽ 1,500-ഓളം പ്രദർശനത്തിനുണ്ട്. ഷെയ്ഖ് സായിദിന്റെ ജീവിതവും ഭരണനേതൃത്വവും, യുഎഇയുടെ പ്രകൃതിവൈവിധ്യം, പുരാതന ജനവാസകേന്ദ്രങ്ങൾ, വ്യാപാരബന്ധങ്ങൾ, സമുദ്രപാരമ്പര്യം, പരമ്പരാഗത ജീവിതരീതികൾ എന്നിവ ഓരോ ഗാലറിയിലും വിശദീകരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രകൃതിദത്ത മുത്തുകളിലൊന്നായ അബുദാബി പേൾ, ഇസ്ലാമിക കലയുടെ അമൂല്യ കൈയെഴുത്തുപ്രതിയായ ബ്ലൂ ഖുർആനിന്റെ ഭാഗങ്ങൾ, വെങ്കലയുഗത്തിലെ പുരാതന മഗാൻ ബോട്ടിന്റെ പുനർനിർമാണം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ചരിത്രാവശിഷ്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു സാധാരണ മ്യൂസിയം എന്നതിലുപരി, ഒരു രാജ്യത്തിന്റെ രൂപീകരണവും ജനതയുടെ ജീവിതവും സംസ്കാരവും കാലത്തിനൊപ്പം എങ്ങനെ വളർന്നുവെന്നു മനസ്സിലാക്കാനുള്ള അനുഭവകേന്ദ്രം കൂടിയാണ് സായിദ് നാഷണൽ മ്യൂസിയം. പ്രകൃതിയും പുരാവസ്തുക്കളും ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളും ആധുനിക ഇൻസ്റ്റലേഷനുകളും ഉപയോഗിച്ച് ചരിത്രത്തെ സന്ദർശകരിലേക്ക് എത്തിക്കുന്ന രീതി ഏറെ വ്യത്യസ്തമാണ്. യുഎഇയുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക ഇടമെന്ന നിലയിൽ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സായിദ് നാഷണൽ മ്യൂസിയം സമ്മാനിക്കുക.

  • ടീംലാബ് ഫിനോമിന (teamLab Phenomena)

അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ (Saadiyat Cultural District) സ്ഥിതി ചെയ്യുന്ന ഒരു സവിശേഷ ആർട്ട് മ്യൂസിയമാണ് ടീംലാബ് ഫിനോമിന അബുദാബി (teamLab Phenomena Abu Dhabi). കല, സയൻസ്, സാങ്കേതികവിദ്യ, പ്രകൃതി എന്നിവയെ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആർട്ട് കളക്ടീവായ ടീംലാബ് ആണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2021-ൽ നിർമ്മാണം ആരംഭിച്ച ഈ കേന്ദ്രം 2025-ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ലൂവ്രെ അബുദാബി ഉൾപ്പെടെയുള്ള പ്രശസ്തമായ സാംസ്കാരിക സ്ഥാപനങ്ങൾ നിലകൊള്ളുന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

കാറ്റും വെള്ളവും വെളിച്ചവും പോലുള്ള പ്രകൃതിദത്ത ഘടകങ്ങളും പരിസ്ഥിതിയും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കലാസൃഷ്ടികളാണ് ഇതിന്റെ പ്രധാന സവിശേഷത. ഇവിടെ സന്ദർശകർക്കായി മുൻകൂട്ടി നിശ്ചയിച്ച വഴികളോ മാപ്പുകളോ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല; പകരം ഓരോരുത്തർക്കും സ്വന്തം കൗതുകത്തിനനുസരിച്ച് പ്രദർശനങ്ങൾ കണ്ടെത്തി ആസ്വദിക്കാവുന്നതാണ്. പരസ്പരം പ്രതികരിക്കുന്ന പ്രകാശ കണികകൾ, രേഖകൾ, ശലഭങ്ങൾ, മേഘരൂപങ്ങൾ എന്നിവ സന്ദർശകരുടെ കാഴ്ചപ്പാടുകളെ നിരന്തരം പുതുക്കുന്നു. ഒരുതരം മെഡിറ്റേഷൻ അനുഭവം പകരുന്ന ഇൻസ്റ്റലേഷനുകളാണ് ഇവിടത്തെ പ്രത്യേകത. ഓരോ വ്യക്തിക്കും സന്ദർശിക്കുന്ന ഓരോ തവണയും തികച്ചും വ്യത്യസ്തവും അനന്യവുമായ ഒരു കലാനുഭവം നൽകുന്നുണ്ട് ടീംലാബ് ഫിനോമിന. സാദിയത്ത് നാഷണൽ മ്യൂസിയത്തിന് അടുത്തുതന്നെയാണ് ഈ കലാകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

  • മാൻഗ്രൂവ് പാർക്ക്, ജുബൈൽ (Jubail Mangrove Park)

അബുദാബിയിലെ ജുബൈൽ ദ്വീപിൽ യാസ് ദ്വീപിനും സാദിയാത്ത് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത സങ്കേതമാണ് ജുബൈൽ കണ്ടൽ പാർക്ക് (Jubail Mangrove Park). അബുദാബി നഗരമധ്യത്തിൽ നിന്ന് ഏകദേശം 30 മിനിറ്റുമാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി തയ്യാറാക്കിയ അബുദാബിയിലെ ആദ്യത്തെ വിദ്യാഭ്യാസ-വിനോദ ലക്ഷ്യസ്ഥാനമാണ്. തീരദേശ സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം എന്നിവയ്ക്ക് പുറമേ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡും ഹരിതഗൃഹ വാതകങ്ങളും ആഗിരണം ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഈ കണ്ടൽക്കാടുകൾ പ്രധാന പങ്കുവഹിക്കുന്നു. കടലാമകൾ, കൊക്കുകൾ (herons), ഗസലുകൾ, ഞണ്ടുകൾ, മത്സ്യങ്ങൾ തുടങ്ങിയ നിരവധി ജീവിവർഗങ്ങളുടെയും പക്ഷികളുടെയും പ്രധാന വാസസ്ഥലം കൂടിയാണ് ഇവിടം.

 

സന്ദർശകർക്കായി വെള്ളത്തിന് തൊട്ടുമുകളിലായി 2 കിലോമീറ്റർ നീളമുള്ള പ്രത്യേക മരപ്പാലം (boardwalk) പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്; ഇതിലൂടെ നടന്ന് കണ്ടൽമരങ്ങളും ജീവജാലങ്ങളെയും നേരിട്ടുകണ്ട് ആസ്വദിക്കാം. പാർക്കിന്റെ സ്കൈ വ്യൂ ആസ്വദിക്കാൻ ഒരു വാച്ച് ടവറും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കയാക്കിംഗ് (kayaking) ആണ് ഇവിടത്തെ ഏറ്റവും ജനപ്രിയമായ വിനോദം. ദിവസവും രാവിലെ 7:00 മുതൽ രാത്രി 9:00 മണിവരെ തുറന്നുപ്രവർത്തിക്കുന്ന പാർക്കിലെ പ്രവേശന നിരക്ക് 15 എ.ഇ.ഡി (AED) ആണ്. കൂടാതെ സന്ദർശനത്തിനായി മുൻകൂട്ടി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുമുണ്ട്.

  • ബട്ടർഫ്ലൈ ഗാർഡനും നാഷണൽ അക്വേറിയവും

അബുദാബിയിലെ അൽ ഖാനയിൽ സ്ഥിതിചെയ്യുന്ന നാഷണൽ അക്വേറിയം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയമാണ്. ഇവിടെ 300-ലധികം വ്യത്യസ്ത ജീവിവർഗ്ഗങ്ങളിൽപെട്ട 46,000-ത്തിലധികം ജലജീവികൾ വസിക്കുന്നുണ്ട്. യു.എ.ഇ.യുടെ തനത് സമുദ്രസമ്പത്തുകൾ, ചെങ്കടൽ, അറ്റ്ലാന്റിക് ഗുഹകൾ, ഫ്ലഡഡ് ഫോറസ്റ്റ്, ബു തിനാ ദ്വീപ് തുടങ്ങി വിവിധ തീമുകളിൽ 60-ലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വലിയ പവിഴപ്പുറ്റുകളാൽ സമ്പന്നമായ ബു തിനാ എക്സിബിഷനിൽ, കടൽജീവികളെ സംരക്ഷിക്കുന്നതിനായി എൻവയോൺമെന്റ് ഏജൻസി അബുദാബിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു 'വൈൽഡ്‌ലൈഫ് റെസ്‌ക്യൂ' പദ്ധതിയും നിലവിലുണ്ട്.

അക്വേറിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് 25-ലധികം ഇനങ്ങളിലായി 200-ഓളം വരുന്ന സ്രാവുകളും തിണ്ടിമീനുകളും (Rays) ബുൾ ഷാർക്കുകളും. ലോകത്തിലെ ഏറ്റവും വലിയ പാമ്പെന്ന് കരുതപ്പെടുന്ന, ഏഴ് മീറ്ററിലധികം നീളവും 115 കിലോഗ്രാം തൂക്കവുമുള്ള 'സൂപ്പർ സ്നേക്ക്' (റെറ്റിക്കുലേറ്റഡ് പൈത്തൺ) ഇവിടത്തെ മറ്റൊരാകർഷണമാണ്. ഇത് ഫ്ലഡഡ് ഫോറസ്റ്റ് സോണിലാണുള്ളത്. സാഹസിക പ്രിയർക്കായി ഹാമർഹെഡ് സ്രാവുകൾക്കൊപ്പം നീന്തുവാനുള്ള 'ഷാർക്ക് ഡൈവിംഗ്', സ്‌കൂബാ ഡൈവിംഗ് എന്നിവയും അക്വേറിയം വാഗ്ദാനം ചെയ്യുന്നു.

ഇതിനോട് ചേർന്നുതന്നെയാണ് ബട്ടർഫ്ലൈ പാർക്കും. വിവിധതരം ചിത്രശലഭങ്ങളെ പരിചയപ്പെടാനുള്ള അവസരമാണിത്. കൂടാതെ നവജാത ചിത്രശലഭങ്ങളെ തുറന്നുവിട്ട് പുറംലോകം കാണിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ടെന്നതും ഇവിടത്തെ പ്രത്യേകതയാണ്.

  • വാർണർ ബ്രോസ് തീം പാർക്ക്

കുട്ടികളുമായി വരുന്നവരും

ഉള്ളിൽ കുട്ടിത്തവും സാഹസികതയും സൂക്ഷിക്കുന്നവരുമാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ളതാണ് വാർണർ ബ്രോസ് തീം പാർക്ക്. വിവിധതരം റൈഡുകളാണ് ഇവിടത്തെ സവിശേഷത. വാർണർ ബ്രോസ് നിർമിച്ച സിനിമകളിലെയും കാർട്ടൂണുകളിലെയും കഥാപാത്രങ്ങളുമായി ചേർന്നുനിൽക്കുന്ന റൈഡുകളാണ് ഇവിടെയുള്ളത്. കൂടാതെ കാർട്ടൂൺ കഥാപാത്രങ്ങളുമായി സംവദിക്കാനും ഒപ്പംനിന്ന് ചിത്രമെടുക്കാനും ഇവിടെ അവസരമുണ്ട്. ബാറ്റ്മാൻ സിനിമകളിലൂടെ പരിചതമായ ഗോതം സിറ്റി ഇവിടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇവിടെയും റൈഡുകൾ തന്നെയാണ് താരങ്ങൾ.

  • രുചി വൈവിധ്യം

കാഴ്ചകൾ മാത്രമല്ല, വൈവിധ്യമാർന്ന രുചികളും അബുദാബിയുടെ പ്രത്യേകതയാണ്. ഇന്ത്യൻ, പേർഷ്യൻ, അർജന്റീനിയൻ, സ്പാനിഷ്, ജാപ്പനീസ് ഭക്ഷണങ്ങളിലെ വൈവിധ്യം സഞ്ചാരികൾക്ക് ആസ്വദിക്കാം. മികച്ച സേവനമാണ് വിവിധ റെസ്റ്റോറന്റുകൾ നൽകുന്നത്. വിവിധതരം പാനീയങ്ങൾ, ഡെസേർട്ടുകൾ, സസ്യ-സസ്യേതര സാലഡുകൾ എന്നിവയും സഞ്ചാരികൾക്ക് പരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന രാജ്യം കൂടിയാണ് അബുദാബി. നിങ്ങളുടെ അടുത്ത യാത്ര വൈവിധ്യങ്ങളുടെ കലവറയായ അബുദാബിയിലേക്കാകട്ടെ.