
മലയാള കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ തോണിയും തുഴയുമായിരുന്നു കവി ചങ്ങമ്പുഴ കൃഷ്ണപിള്ള. ക്ഷയരോഗബാധിതനായാണ് കവി മരിക്കുന്നത്. വളരെ വൈകിയാണ് ക്ഷയരോഗം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കവിയെ തിരികെക്കിട്ടുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. രോഗബാധിതനായതിനുശേഷം കവിയുടെ അടുത്തേക്ക് ആരെയും കൂടുതല്‍ അടുപ്പിച്ചിരുന്നില്ല. ഒരുദിവസം തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ കാവടിയാട്ടം കണ്ടു മടങ്ങിവന്നതിന്റെ പിറ്റേന്നു മുതല്‍ ചങ്ങമ്പുഴയ്ക്ക് കലശലായ ചുമ തുടങ്ങി. ആദ്യം നാട്ടുവൈദ്യന്‍മാരെ പരീക്ഷിച്ചുവെങ്കിലും ചുമ മാറാതെ വന്നതോടെ അലോപ്പതി ഡോക്ടറെ കാണിച്ചു. ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത് അപ്പോഴാണ്. തൃശ്ശൂരിലുള്ള മംഗളോദയം നേഴ്‌സിങ് ഹോമിലായിരുന്നു ചികിത്സ. കവിയുടെ അനുജനാണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്നത്. ഭാര്യ ശ്രീദേവിയമ്മ കൈക്കുഞ്ഞുമായി കഴിയുന്ന സമയമായതിനാലാണ് അനുജന്‍ ആശുപത്രിയില്‍ കൂട്ടിരുന്നത്. ഒരു മകരമാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. മിഥുനമാസത്തില്‍ മരിക്കുകയും ചെയ്തു. രോഗം കൂടുതലാണെന്ന് മനസ്സിലാക്കി കവിയെ വിദഗ്ദചികിത്സയ്ക്ക് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി വേഷംമാറിയിരിക്കുമ്പോഴായിരുന്നു മരണം. നെഞ്ചുവേദനിക്കുന്നു. ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്ന കവി പിന്നീട് ഉണര്‍ന്നില്ല. കാവ്യലോകത്തിന്റെ ഗന്ധര്‍വ്വന്‍ അങ്ങനെ അസ്തമിച്ചു.
ചങ്ങമ്പുഴയുടെ മരണവാര്‍ത്ത അന്ന് മാതൃഭൂമി പത്രം നല്‍കിയത് ഇങ്ങനെയായിരുന്നു.
തൃശ്ശൂര്‍,ജൂണ്‍ 17.
ഇന്നുച്ചതിരിഞ്ഞു മൂന്നേമുക്കാല്‍ മണിക്കു സുപ്രസിദ്ധ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള തൃശ്ശൂരിലെ മംഗളോദയം നഴ്‌സിങ് ഹോമില്‍വെച്ചു മരിച്ചുപോയിരിക്കുന്നു. വൈകുന്നേരം അഞ്ചരമണിക്ക് മൃതദേഹം അദ്ദേഹത്തിന്റെ സ്വദേശമായ ഇടപ്പള്ളിക്ക് കൊണ്ടുപോയി. 1927 -ല്‍ ആലുവാ സെന്റ്മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരു ചങ്ങമ്പുഴ 1928 -ല്‍ ഇടപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലേയക്ക് മാറി. പിന്നീട് എറണാകുളം എസ്സ്.ആര്‍.വി. സ്‌കൂളില്‍ ചേര്‍ന്നു. 1941-ല്‍ മഹാരാജാസില്‍ എത്തിയ ചങ്ങമ്പുഴ, തിരുവനന്തപുരത്തേക്കു പോയി, അവിടെ നിന്ന് ബി.എ. ഓണേഴ്സ് നേടി. അതിനുശേഷം 1942-ല്‍ പൂനെയില്‍ സൈനീകസേവനത്തിനു പോയി. കുറേ കഴിഞ്ഞ് സേവനം മതിയാക്കി നിയമപഠനത്തിന് മദിരാശിക്ക് വിട്ടു. പക്ഷേ, നിയമത്തിന് അതീതനാണ് താന്‍ എന്നു തോന്നിയതുകൊണ്ടോ എന്തോ, മദിരാശിയോട് വിടപറഞ്ഞ്, തൃശ്ശൂരിലെത്തി മംഗളോദയത്തില്‍ ചേര്‍ന്നു. തന്റെ അനര്‍ഘങ്ങളായ കൃതികള്‍ ചങ്ങമ്പുഴയ്ക്കു പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്, അദ്ദേഹം മംഗളോദയത്തില്‍ പത്രാധിപസമിതിയില്‍ അംഗമായിരിക്കുമ്പോഴാണ്. 'സ്പന്ദിക്കുന്ന അസ്ഥിമാടവും' 'ദേവഗീത'യും അവിടെവച്ചെഴുതിയ കൃതികളാണ്. 1947 -ല്‍ ചങ്ങമ്പുഴ രോഗബാധിതനായി. ആ സ്വരരാഗസുധ 1948 ജൂണ്‍ 17 ന് നഷ്ടമായി. ചങ്ങമ്പുഴ 25-ാമത്തെ വയസ്സില്‍ എഴുതിയ രമണനാണ് അദ്ദേഹത്തെ കേരളക്കരയുടെ പ്രിയങ്കരനാക്കിയത്. അതിനും രണ്ടുവര്‍ഷം മുമ്പ് (23-ാമത്തെ വയസ്സില്‍) എഴുതിയ 'ബാഷ്പാഞ്ജലി' യിലെ വരികളും ശ്രദ്ധയാകര്‍ഷിക്കുന്നതായി. 47 പദ്യകൃതികളും, 13 ഗദ്യകൃതികളും ചങ്ങമ്പുഴയില്‍ നിന്ന് കൈരളിക്ക്, ഉപഹാരമായി ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭാവഗീതങ്ങളുടേയും നീണ്ട കവിതകളുടേയും വിവര്‍ത്തനങ്ങളുടേയും കര്‍ത്താവുമാണ് അദ്ദേഹം. ഇടപ്പള്ളി പടിഞ്ഞാറെ ഇലവുങ്കല്‍ വീട്ടില്‍ ശ്രീദേവിയെയാണ് ചങ്ങമ്പുഴ വിവാഹം കഴിച്ചത്. ചങ്ങമ്പുഴയുടെ ഏറ്റവും പ്രിയസുഹൃത്ത് ഇടപ്പള്ളി രാഘവന്‍പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യയാണ് രമണന്‍ എഴുതാന്‍ പ്രചോദനമായതും.
തൃശ്ശൂരില്‍ രാമവര്‍മ്മ തീയേറ്ററിന്റെ അടുത്തുള്ള മംഗളോദയം ഓഫീസില്‍ ചങ്ങമ്പുഴയും മുണ്ടശ്ശേരിയും എം.ആര്‍.ബി.യും ഒരുമിച്ചിരുന്നു സംസാരിക്കും. ഈ ചര്‍ച്ചകള്‍ സാഹിത്യത്തിലെ പല കാഴ്ചപ്പാടുകളേയും തിരുത്തിക്കുറിക്കുന്നതായിരുന്നു. നിരൂപകരുടെ അഭിപ്രായത്തില്‍ ഗീതി കാവ്യങ്ങള്‍ അഥവാ സ്വഛന്ദ ഗീതങ്ങള്‍ എന്ന സാഹിത്യ ശാഖയില്‍ പെട്ടതാണ് ചങ്ങമ്പുഴയുടെ കവിതകള്‍. ഒരു പ്രത്യേകത അതില്‍ കാണുന്നത്, പലപ്പോഴും, കഥ നീങ്ങുന്നത് ആട്ടിടയന്മാര്‍ പാട്ടു പാടുമ്പോഴാണ്. അവരെ ആലംബമാക്കി, കവിക്ക് പറയാനുള്ളതെല്ലാം കവി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. രമണനിലെ ഗായക സംഘത്തിന്റെ റോള്‍ സുപ്രധാനമാണ്. 'അനുപമ സുലളിതവനതലത്തില്‍... ഒരു പൂത്തമരത്തിന്റെ തണല്‍ ചുവട്ടില്‍, ഒരു കവിതപോലെ രമണന്‍ ഉറങ്ങിക്കിടക്കുമ്പോള്‍' 'അനുപദമനുപദ, മതി മൃദുവാം ആലോല ശിഞ്ജിതം വീശിവീശി' ചന്ദ്രിക എത്തുന്ന രംഗവും, 'വേനല്‍പോയിക്കൊടും കരിമുകിലിനാലിതാ മൂടുന്നു വാനിടം' എന്നും മറ്റും ഗായകസംഘങ്ങള്‍ പാടുമ്പോള്‍ കഥയുടെ പരിസമാപ്തിയില്‍ നമുക്ക് ഒരറിവ് ലഭിക്കുന്നു. അദ്ദേഹത്തിന്റെ ആഖ്യാന കാവ്യങ്ങളാണ് വാഴക്കുല, യവനിക തുടങ്ങിയവ.
'മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള,
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഇക്കല്ലറതന്‍ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചുപോകണേ'
എന്ന മദനന്റെ, ഹൃദയത്തില്‍ നിന്നും ഒലിച്ചിറങ്ങിയ അന്ത്യവിലാപത്തിന്റെ ധ്വനി വായനക്കാരന്റെ കാതുകളില്‍ അലയടിക്കുന്നുണ്ട്.
ഇടപ്പള്ളിയുടെ സ്വന്തം കവി ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് തൃശ്ശൂരുമായുണ്ടായിരുന്ന ബന്ധം വളരെ വലുതായിരുന്നു. തൃശ്ശൂരിലെ മംഗളോദയം പ്രിന്റിങ്ങ് കമ്പനിയുടെ മുന്നില്‍ സില്‍ക്ക് ജുബ്ബയും സ്വര്‍ണ ഫ്രയിമുള്ള കണ്ണാടിയും വച്ച് നിന്നിരുന്ന ചങ്ങമ്പുഴയെ ചുരുക്കം ചില പഴമക്കാര്‍ ഓര്‍ത്തു പറഞ്ഞിട്ടുണ്ട്. മംഗളോദയത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗം എന്ന നിലയില്‍ തൃശ്ശൂരിലെ കാനാട്ടുകരയിലാണ് കവി താമസിച്ചിരുന്നത്. ആ വീട് ഇന്നില്ലെങ്കിലും ഈ സ്ഥലത്തിന് ചങ്ങമ്പുഴ നഗര്‍ എന്ന് പേര് നല്‍കി നാട് കവിയെ അനുസ്മരിക്കുന്നു.. പാടത്തിന്റെ കരയില്‍ ഇരുന്നിരുന്ന കവിയെ ഓര്‍മ്മിക്കുന്ന പഴമക്കാരുടെ വിവരണങ്ങള്‍ ഉണ്ട്. തൃശ്ശൂരില്‍ താമസിച്ചിരുന്ന കാലഘട്ടത്തിലാണ് പാടുന്ന പിശാച് എഡിറ്റ് ചെയ്തതും സാഹിത്യ ചിന്തകള്‍ പുസ്തകമാക്കുന്നതും. ഉറൂബ്, മുണ്ടശ്ശേരി, സി.ജെ തോമസ് തുടങ്ങയവരുമായിട്ടുള്ള കവിയുടെ ബന്ധം കൂടുതല്‍ ദൃഢമാകുന്നതും ആ കാലഘട്ടത്തിലാണ്.
1948 ജൂൺ 17-ന് ചങ്ങമ്പുഴയുടെ മരണം സംഭവിച്ചത് തൃശ്ശൂരിലെ മംഗളോദയം നഴ്‌സിങ് ഹോമില്‍ വെച്ചായിരുന്നു. മുപ്പത്തിയേഴാം വയസ്സില്‍ ക്ഷയരോഗത്തെ തുടര്‍ന്നായിരന്നു മരണം. ചങ്ങമ്പുഴയുടെ മരണ ദിവസത്തെ കുറിച്ച് നോവലിസ്റ്റ് ഉറൂബ് ഇങ്ങനെയെഴുതി. 'മൂന്ന് ദിവസമായി അടച്ചുപിടിച്ച മഴകൊണ്ട് ഈറനായ അന്തരീക്ഷം കാസരോഗികളേയും ക്ഷയരോഗികളേയും വിമ്മിഷ്ടപ്പെടുത്തുന്ന കാലാവസ്ഥ. നനഞ്ഞുതൂങ്ങി ജീവിതം പ്രാരബ്ധമായി തോന്നിക്കുന്ന ചെടികള്‍.......'
കവിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി കാത്തുനില്‍ക്കുകയായിരുന്നു ഉറൂബ്. ആ കാത്തുനില്‍പ്പിലേക്കാണ് ചങ്ങമ്പുഴയുടെ മരണവാര്‍ത്ത എത്തിയത്. ആശുപത്രിയിലേക്ക് പുറപ്പെടുംമുമ്പേ ചങ്ങമ്പുഴ ഉറൂബിനോട് പറഞ്ഞിരിന്നുവത്രേ, തീരെ സുഖമില്ല ഏതായാലും കുറച്ച് ദിവസം കൂടിയേയുള്ളു അതിനുള്ളില്‍ ആവോളം പണിയെടുത്തിരിക്കണം. ആശുപത്രി കിടക്കയിലും ചില ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ചങ്ങമ്പുഴ കൃതികളുടെ ഭൂരിഭാഗവും അച്ചടിച്ചത് തൃശ്ശൂരിലെ മംഗളോദയം പ്രിന്റിങ് കമ്പനിയിലായിരുന്നു. ഇതിനാല്‍ തൃശ്ശൂരുമായി വലിയ ഹൃദയബന്ധമാണ് കവിക്കുണ്ടായിരുന്നത്. തൃശ്ശൂരിലേ ആശുപത്രിക്കിടക്കയില്‍ ഒരിക്കലും തിരിച്ചുണരാത്ത ഉറക്കത്തിലേക്ക് കവി ആണ്ടതിനെകുറിച്ചും കവിയുടെ അമ്മ പാറുക്കുട്ടിയമ്മ മകനെ അവസാനമായി കാണാനെത്തിയതിനെ കുറിച്ചും ഉറൂബ് പിന്നീട് എഴുതുന്നുണ്ട്.
മകന് ഗുരുതരമായ അസുഖമാണെറിഞ്ഞ് കവിയുടെ കൊച്ചുകുട്ടിയായ മകനോടൊപ്പം തൃശ്ശൂര്‍ നഗരത്തിലെത്തിയ അമ്മ കവി മരിക്കുമ്പോള്‍ മകന്‍ ഏത് ആശുപത്രിയിലാണ് കിടക്കുന്നതെന്നറിയാതെ നഗരത്തില്‍ കറങ്ങി നടക്കുകയായിരുന്നു. മകന്റെ അസുഖം മൂര്‍ച്ഛിച്ചതറിഞ്ഞ് മകനെ കാണുവാനായി മരണദിവസം കാലത്താണ് കവിയുടെ അമ്മ മംഗളോദയത്തിലേക്ക് തിരിച്ചത്. എന്നാല്‍, ബസ്സിറങ്ങിയത് സ്‌റ്റോപ്പ് മാറിയായിപ്പോയി. പിന്നീട് കവി മംഗളോദയത്തില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോള്‍ താമസിച്ചിരുന്ന വീടിനടുത്തുള്ള വാസു എന്ന ആളെ ആ അമ്മ തേടിപ്പിടിച്ച് അദ്ദേഹത്തെയുംകൂട്ടി ആരോടൊക്കയോ ചോദിച്ചും പറഞ്ഞും അവര്‍ മംഗളോദയം നഴ്‌സിങ് ഹോമില്‍ എത്തിയപ്പോഴേക്കും കവി അന്ത്യശ്വാസം എടുത്തിരുന്നു. അവരുടെ ആശുപത്രിയിലേക്കുള്ള വരവിനെ കുറച്ച് ഉറൂബ് ഇങ്ങനെ രേഖപ്പെടുത്തുന്നു; ഒരു വൃദ്ധസ്ത്രീയും കൊച്ചുകുട്ടിയും കൂടി കടന്നുവന്നു. ചങ്ങമ്പുഴയുടെ അമ്മയും മകനും. ആ അമ്മ മാറത്തടിച്ചുകൊണ്ടും മുള ചീന്തുംപോലെ പൊട്ടികരഞ്ഞുകൊണ്ടും കൊലായിലേക്ക് കയറിയപ്പോള്‍ രംഗം അമ്പേ മാറിപ്പോയി. എല്ലാവരും കീഴ്‌പ്പോട്ട് നോക്കിനിന്നു.

രമണന്‍ എഴുതിയ കവിയുടെ മരണമറിഞ്ഞ് തൃശ്ശൂര്‍ നഗരത്തില്‍ വലിക്കുന്ന റിക്ഷാവണ്ടികള്‍ ഓടിച്ചിരുന്നവര്‍ ആ കൈവണ്ടികള്‍ വഴിയിലിട്ട് ആശുപത്രിയിലേക്ക് ഓടിവന്നുവത്രെ. തൃശ്ശൂരിന്റെ മണ്ണില്‍ നിന്ന് ചങ്ങമ്പുഴയുടെ ജീവനില്ലാത്ത ശരീരവുമായി ആ അമ്മ മടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ നാള്‍തൊട്ട് ആ അമ്മയും മകനെ കണ്ടിരുന്നില്ല. പിന്നെ കണ്ടത് കവിയുടെ ചേതനയറ്റ ശരീരമായിരുന്നു. ശ്രീദേവിയമ്മയെ ചങ്ങമ്പുഴ വിവാഹം കഴിക്കുന്നത് അവരുടെ പതിനേഴാം വയസ്സിലായിരുന്നു. ചങ്ങമ്പുഴ മരിക്കുമ്പോല്‍ ശ്രീദേവിക്ക് വയസ്സ് ഇരുപത്തിയഞ്ച്. അതിനിടയില്‍ നാലുമക്കളെ അവര്‍ പെറ്റു. രണ്ടാണും രണ്ട് പെണ്ണും. അതില്‍ രണ്ടാമത്തെ മകന്‍ ഒന്നര വയസ്സ് തികയുന്നതിനുമുമ്പു മരിച്ചു.
കവിയുടെ രമണൻ ഉല്‍പ്പെടെയുള്ള കൃതികള്‍ അച്ചടിച്ചത് മംഗളോദയത്തിലായിരുന്നു. ചങ്ങമ്പുഴയുടെ മരണശേഷം അവിടെ നിന്ന് റോയല്‍റ്റി ഇനത്തില്‍ മാസം ഇരുനൂറു രൂപ വീതം ശ്രീദേവിയമ്മയ്ക്ക് ലഭിച്ചിരുന്നു. മൂത്ത മകന്‍ ശ്രീകുമാറിന് എട്ടു വയസ്സുള്ളപ്പോഴാണ് കവി മരിക്കുന്നത്. ഇരുപതു വര്‍ഷക്കാലം മംഗളോദയമാണ് ചങ്ങമ്പുഴ കൃതികള്‍ വിപണിയിലിറക്കിയിരുന്നത്. മംഗളോദയത്തില്‍ ജോലിയുള്ള സമയത്ത് ഭാര്യയോടൊപ്പം തൃശ്ശൂരാണ് കവി താമസിച്ചിരുന്നത്. ഇപ്പോഴത്തെ രാമവര്‍മ്മ കോളേജ് നില്‍ക്കുന്ന സ്ഥലത്തായിരുന്നു താമസം. മകളായ അജിതയുടെ പേരില്‍ അജിതാനിലയം എന്നായിരുന്ന വീട്ടുപേര്‍. പിന്നീടത് വിറ്റു. ഈ കാശുകൊണ്ടാണ് പിന്നീട് ഇടപ്പള്ളിയില്‍ വീടും സ്ഥവവും വാങ്ങുന്നത്.
ദുരന്തപര്‍വ്വങ്ങളിലൂടെയാണ് ചങ്ങമ്പുഴയുടെ കുടുംബം കടന്നുപോയത്. കവിയുടെ രണ്ടാമത്തെമകന്‍ ജയദേവന്‍ ഒന്നരവയസ്സുള്ളപ്പോഴാണ് മരിക്കുന്നത്. മകന്റെ ജാതകത്തെക്കുറിച്ച് കവിക്ക് അറിയാമായിരുന്നു എന്ന് പറയപ്പെടുന്നു. മാത്രമല്ല തന്റെ അല്പായുസിനെ കുറിച്ചും കവി ബോധവാനായിരുന്നുവത്രെ. ജാതകത്തിലുള്ള ചങ്ങമ്പുഴയുടെ വിശ്വാസത്തെക്കുറിച്ച് കവിയുടെ ആത്മസുഹൃത്തായ നിരൂപകന്‍ എസ്.ഗുപ്തന്‍നായര്‍ തന്റെ അസ്ഥിയുടെ പൂക്കള്‍ എന്നകൃതിയില്‍ പറയുന്നത് ഇങ്ങനെയാണ്; 'ചങ്ങമ്പുഴയ്ക്ക് ജാതകത്തില്‍ വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം ആ ശാസ്ത്രം കുറെ സ്വയം പഠിക്കുകയും ചെയ്തു. കുറഞ്ഞപക്ഷം തന്റെ അല്പായ്യുസ്സിനേക്കുറിച്ചെങ്കിലും അദ്ദേഹം ബോധവാനായിരുന്നു. തൃശ്ശൂരിലെ താമസ്സക്കാലത്ത് ശ്രീദേവി ഒരാണ്‍കുട്ടിയെ പ്രസവിച്ചു. (1946 ജനുവരി) ജ്യോതിഷം സാമാന്യം വശമായിരുന്ന ചങ്ങമ്പുഴ ആയില്യംപിറന്ന മകന്റെ ജാതകം ഗണിച്ചുനോക്കിയപ്പോള്‍ അച്ഛന്‍ ആയുര്‍ദോഷം വരുത്തുന്ന മകനാണ് ജനിച്ചിരിക്കുന്നതേന്നുകണ്ടു'

ചങ്ങമ്പുഴയുടെ മരണത്തിനുശേഷം കുടുംബത്തിലുണ്ടായ മറ്റൊരു ദുരന്തമായിരുന്നു കവിയുടെ കൊച്ചുമകന്റെ തൂങ്ങിമരണം. പെണ്‍മക്കളില്‍ മൂത്തവളായ അജിതയുടെ മകന്‍ മധുവാണ് പതിനേഴാം വയസ്സില്‍ തൂങ്ങിമരിക്കുന്നത്. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്ന ഈ മരണം. ഇടപ്പള്ളിയിലെ വീട്ടില്‍വെച്ചായിരുന്നു ഇത്. മധു മരിച്ച് നാലുകൊല്ലത്തിനുശേഷം ചങ്ങമ്പുഴയുടെ ജന്മദിനത്തിന്റെ അന്ന് മകള്‍ അജിതയും മറ്റു രണ്ടു മക്കളായ സുധീറും മായയും വിഷംകഴിച്ചു മരിച്ചു. ഇവര്‍ മരിച്ചുകിടക്കുന്നതു കണ്ട അജിതയുടെ ഭര്‍ത്താവ് സുകുമാര മേനോനും വിഷംകഴിച്ചു മരിച്ചു. മരിക്കുമ്പോള്‍ 46 വയസാണ് അജിക്ക്. മായക്ക് 19 വയസ്സും സുധീറിന് 24 വയസ്സും കവിയുടെ മൂത്തമകന്‍ ശ്രീകുമാറും അപകടത്തിലാണ് മരിക്കുന്നത് കൊച്ചി കെമിക്കല്‍സിലായിരുന്നു ജോലി. റോഡിലൂടെ നടന്നുപോകുമ്പോല്‍ ഒരു ബസ്സിനെ മറികടന്നവന്ന മറ്റോരു ബസ്സിന്റെ പിന്‍ഭാഗം വന്നിടിച്ച് ശ്രീകുമാര്‍ തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. രാത്രി 10 മണിയായപ്പോഴേക്കും ശ്രീകുമാറും മരിച്ചു. ശ്രീകുമാറിന്റെ മകന്‍ ഹരികുമാറിന്റെ പുത്രന്‍ ശ്രീദേവന്‍ പതിനഞ്ചാമത്തെ വയസ്സില്‍ പരിശീലനം നടത്തുന്നതിനിടെ പഞ്ചിംഗ് ബാഗ് കഴുത്തില്‍ കുരുങ്ങി മരിച്ചു.
ജീവിതത്തില്‍ ഏകദേശം 25 വര്‍ഷത്തെ സൃഷ്ടിപരമായ കാലഘട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, പരമ്പരാഗത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു ഇതിഹാസകാവ്യവും എഴുതാതെ അദ്ദേഹം ഒരു ഇതിഹാസകവിയായി മാറി. അദ്ദേഹത്തിന്റെ ഐതിഹാസിക വിലാപകാവ്യമായ രമണന്‍ ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു, വാഴക്കുല, ദിവ്യഗീതം, യവനിക, ബാഷ്പാഞ്ജലി, മനസ്വിനി, ദേവഗീത, സ്പന്ദിക്കുന്ന അസ്ഥിമാടം, ഉദ്യാന ലക്ഷ്മി, പാടുന്ന പിശാച്, കളിത്തോഴി തുടങ്ങിയവയാണ് ചങ്ങമ്പുഴയുടെ മറ്റ് പ്രശസ്ത കൃതികള്‍.
അധ്യാപകനാവുക എന്നത് ചങ്ങമ്പുഴയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആ മോഹത്തോടെ ആണ് 1939-ല്‍ ചങ്ങമ്പുഴ തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ ബിഎ ഓണേഴ്‌സിന് ചേര്‍ന്നത്. എന്നാല്‍ ഫലം നിരാശാജനകമായിരുന്നു. ഒരുവിധം നന്നായി പരീക്ഷ എഴുതിയെങ്കിലും വെറും മൂന്നാം ക്ലാസ്സുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അദ്ദേഹത്തിന് ഗവേഷണ പഠനത്തിന് സൗകര്യം ലഭിച്ചില്ല. ഈ ദുഃഖം കോളജിലെ തന്റെ അഭിവന്ദ്യ ഗുരുനാഥനായ ഡോ.ഗോദവര്‍മയ്‌ക്കെഴുതിയ സുദീര്‍ഘമായ കത്തില്‍ വെളിവാക്കുന്നുണ്ട്. 1942-ല്‍ കായംകുളത്ത് 'എക്‌സല്‍സിയര്‍' ട്യൂട്ടോറിയലില്‍ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, മാത്യു ഇടിക്കുള, ഇഗ്‌നേഷ്യസ് എന്നിവരോടൊപ്പം മലയാളം അധ്യാപകനായി. പ്രഗല്‍ഭനായ ഒരു ഭാഷാധ്യാപകന്റെ കഴിവുകളിലൂടെ ചങ്ങമ്പുഴ കുട്ടികളുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റി. അവിശ്രമമായ ഒരു പ്രയത്‌നമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. സാമ്പത്തിക പ്രശ്‌നങ്ങള്‍ ദിനംതോറും വഷളായിക്കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് സൈന്യത്തില്‍ നിന്ന് രാജിവച്ച് മദ്രാസ ലോ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം മുഴുമിപ്പിക്കാതെ നാട്ടിലേയ്ക്ക് മടങ്ങി. മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിന്റെ ദൈര്‍ഘ്യം 1931-മുതല്‍ 1948 വരെ പതിനേഴു വര്‍ഷം കൊണ്ട് പരിസമാപ്തിയായി.
23-ാമത്തെ വയസില്‍ പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരമായ ബാഷ്പാഞ്ജലി മുതല്‍ 1948-ല്‍ പുറത്തുവന്ന 'നീറുന്ന തീച്ചുള' എന്ന അവസാന സമാഹാരം വരെയുള്ള 57 കൃതികള്‍ ഓരോന്നും പുറത്തിറങ്ങിയ കാലത്ത് ഓരോ സംഭവമായിരുന്നു. ഇതില്‍ 25-ാമത്തെ വയസ്സില്‍ പുറത്തിറക്കിയ 'രമണന്‍' എന്ന മലയാളത്തിലെ ആദ്യ നാടകീയ വിലാപകാവ്യം ചങ്ങമ്പുഴയുടെ മാസ്റ്റര്‍പീസായും മലയാള കാവ്യരംഗത്തെ ഒരത്ഭുത പ്രതിഭാസമായും ഇന്നും കണക്കാക്കുന്നു. ചങ്ങമ്പുഴയുടെ ആത്മമിത്രമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മാരകമുദ്രയായിട്ടാണ് 'രമണന്‍' സമര്‍പ്പിച്ചിട്ടുള്ളത്. ആഹ്ളാദപൂര്‍ണമായ മനസോടെ ഒരു കാലഘട്ടത്തിലെ മലയാളി ഇത്രയേറെ ഹൃദയത്തിലേറ്റിയ ഒരു കാവ്യസൃഷ്ടി ഇല്ല എന്നുതന്നെ പറയാം. പിന്നീട് ഇതേ പേരില്‍ ചലച്ചിത്രഭാഷ്യം ഇറങ്ങിയപ്പോള്‍ അതിലെ ശ്രുതിമധുരമായ ഗാനങ്ങളും പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
അന്യഭാഷാരചനകള്‍ ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴി മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായവ ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിന്റെ വിവര്‍ത്തനമായ 'ദേവഗീത'യും, സോളമന്റെ ഭാഷാന്തരമായ ദിവ്യഗീതവുമാണ്. ഇന്ത്യന്‍ സാഹിത്യത്തില്‍ നിന്ന് കാളിദാസന്‍, ടാഗോര്‍, സരോജിനി നായിഡു, ഹരീന്ദ്രനാഥചതോപാദ്ധ്യായ എന്നിവരുടെ കൃതികളാണ് അദ്ദേഹം പ്രധാനമായും വിവര്‍ത്തനം ചെയ്തത്. പൗരസ്ത്യ മേഖലയില്‍ നിന്ന് ചങ്ങമ്പുഴ ഏറെയും തിരഞ്ഞെടുത്തിട്ടുള്ളത് ജാപ്പനീസ് കവിതകളാണ്. പാശ്ചാത്യസാഹിത്യ ചക്രവാളത്തില്‍ നിന്നാണ് ചങ്ങമ്പുഴ ഏറെയും നക്ഷത്രങ്ങള്‍ പെറുക്കിയെടുത്തത്. ഷേക്‌സ്പിയറും കീറ്റ്‌സും ഷെല്ലിയും ഷില്ലറും ഗോയ്‌ഥേയും അണിനിരന്ന വന്‍താരനിരയെയാണ് ചങ്ങമ്പുഴ അണിനിരത്തിയത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സാംസ്‌ക്കാരിക സമിതി പ്രവര്‍ത്തിച്ചു വരുന്നു.
Content Highlights: Changampuzha Krishna Pillai a life cut short a legacy enduring
Published: 10 Jul 2025, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented