കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശ്ശൂര്‍. തൃശ്ശൂരിന്റെ തിലകക്കുറിയാണ് ഇരിഞ്ഞാലക്കുട എന്ന ക്ഷേത്രനഗരി. കേരളത്തിലെ പ്രശസ്ത തന്ത്രി കുടുംബങ്ങളിലൊന്നായ നെടുമ്പിള്ളി തരണനല്ലൂർ മന സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിന്റെ സ്രഷ്ടാവായി ഐതിഹ്യം വാഴ്ത്തുന്ന സാക്ഷാല്‍ പരശുരാമനാല്‍ താന്ത്രിക വൃത്തിക്ക് അനുമതി ലഭിച്ച തന്ത്രി പരമ്പര.
കലയും സംസ്‌കാരവും വൈദികവൃത്തിയും ഇഴചേര്‍ന്നു കിടക്കുന്ന നമ്പൂതിരിഗ്രാമങ്ങളില്‍, പെരുവനം ഗ്രാമത്തില്‍ പെടുന്നതാണ് തരണനല്ലൂർ താന്ത്രിക കുടുംബം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ താന്ത്രികാധികാരമുള്ള കുടുംബം എന്ന സവിശേഷതയും ഇതിനുണ്ട്. കേരളത്തിലെ താന്ത്രിക പാരമ്പര്യത്തിന് തുടക്കംകുറിച്ച തരണനല്ലൂർ തന്ത്രി പരമ്പരയുടെ ഒരു ശാഖയാണ് നെടുമ്പിള്ളി തരണനല്ലൂർ മന. നെടുമ്പിള്ളി തരണനല്ലൂർ, കിടങ്ങശ്ശേരി തരണനല്ലൂർ, തെക്കിനിയേടത്ത് തരണനല്ലൂർ, വെളുത്തേടത്ത് തരണനല്ലൂർ (പടിഞ്ഞാറേത്ത് മന) എന്നിങ്ങനെ നാലു ശാഖകളായാണ് തരണനല്ലൂർ താന്ത്രിക പാരമ്പര്യം നിലനില്‍ക്കുന്നത്.
ഐതിഹ്യപ്രകാരം മലയാളക്കരയുടെ സൃഷ്ടിക്കുശേഷം പരശുരാമന്‍ കേരളത്തില്‍ 32 നമ്പൂതിരി ഗ്രാമങ്ങള്‍ സ്ഥാപിച്ചു. അതിനോടനുബന്ധിച്ചു ക്ഷേത്രപ്രതിഷ്ഠകള്‍ നടത്താനും കേരളത്തിന്റെതായ ഒരു താന്ത്രിക സമ്പ്രദായം സൃഷ്ടിക്കുന്നതിനും വേണ്ടി യോഗ്യരായ ബ്രാഹ്മണരെ തേടി നടന്നു. യോഗ്യരായവരെ തേടി പരശുരാമന്‍ എത്തപ്പെട്ടത് ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ഗ്രാമത്തിലായിരുന്നു.അവിടെനിന്ന് രണ്ടുസിദ്ധന്‍മാരായ ആളുകളെ അദ്ദേഹം കണ്ടെത്തുകയും അവരെക്കൂട്ടി കേരളത്തിലേക്കു വരികയും ചെയ്തു.
വരുന്നവഴി ഒരു പുഴ കടക്കണമായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴ തന്റെ ദിവ്യശക്തികൊണ്ട് പരശുരാമന്‍ മറികടന്നു. അക്കരെ നിന്നുകൊണ്ടുമറുകരയിലുളള നമ്പൂതിരിമാരെ അദ്ദേഹം തന്റെയരികിലേക്ക് വിളിച്ചു. അവരുടെ സിദ്ധി അറിയുക എന്ന ലക്ഷ്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു. അതിലൊരാള്‍ തന്റെ സിദ്ധികൊണ്ട് പുഴയ്ക്ക് മുകളിലൂടെ നടന്ന് മറുകരയിലെത്തി. രണ്ടാമത്തെയാള്‍ പുഴയിലേക്കിറങ്ങിയപ്പോള്‍ പുഴ രണ്ടുവശത്തേക്കും മാറികൊടുത്തുവത്രേ. അയാള്‍ താഴെ മണ്ണിലൂടെ നടന്നു മറുകരയിലെത്തി. പുഴയെ മുകളിലൂടെ തരണം ചെയ്‌തെത്തിയയാള്‍ തരണനെല്ലൂരും, മണ്ണിലൂടെ നടന്നെത്തിയയാള്‍ താഴമണ്ണ് ആയി എന്നാണ് ഐതിഹ്യം.
കേരളത്തിലെ രണ്ടു താന്ത്രിക കുടുംബങ്ങളുടെ തുടക്കമായിരുന്നു അത്. പിന്നീട്, ഈ കുടുംബക്കാരാണ് താന്ത്രികാധികാരം മറ്റുളളവര്‍ക്ക് കൈമാറിയത്. ഇന്നും കേരളത്തിലെവിടേയും താന്ത്രികാധികാരം പ്രധാനമായും ഈ രണ്ടുമനക്കാര്‍ക്കാണെന്നുള്ളത് ഇതിനുള്ള തെളിവാണ്.
പരശുരാമനാല്‍ കേരളത്തിലെ വടക്കുഭാഗം മുതല്‍ തെക്കു ഭാഗം വരെയുള്ള 32 ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലെയും താന്ത്രികാവകാശവും ഇവര്‍ക്ക് ലഭിച്ചു. കേരളത്തിലെ ക്ഷേത്രോത്പത്തിയെ കുറിച്ചുളള ചരിത്രം ഇവിടെയാരംഭിക്കുന്നു. പരശുരാമന്‍ താന്‍ എഴുതിയ പരശുരാമപദ്ധതി എന്ന ഗ്രന്ഥം നല്‍കിയത് തരണനല്ലൂരിനാണെന്നു പറയപ്പെടുന്നു. മലയാളക്കരയിലെ 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് സംഗമഗ്രാമം എന്നറിയപ്പെടുന്ന ഇരിഞ്ഞാലക്കുടഗ്രാമം. ചരിത്ര പ്രസിദ്ധമായ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നിന്നു ലഭിച്ച ഒന്‍പതാം നൂറ്റാണ്ടിലെ രേഖകളില്‍ ഇരിഞ്ഞാലക്കുട നമ്പൂതിരി ഗ്രാമത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ വെള്ളിത്തിരുത്തി എന്ന സ്ഥലത്തു വന്നാണ് ആദ്യം നെല്ലൂരില്‍ നിന്നു വന്ന തരണനല്ലൂര്‍ എന്നറിയപ്പെട്ട ബ്രാഹ്മണ കുടുംബം താമസമാക്കിയത്. കുറച്ചു കാലങ്ങള്‍ക്കു ശേഷം മലയാളദേശത്തിലെ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലെ താന്ത്രികാവിശ്യങ്ങള്‍ക്കായി നെടുമ്പിള്ളി, കിടങ്ങശ്ശേരി, തെക്കിനിയേടത്ത് എന്നിങ്ങനെ മൂന്നു ശാഖയായി മാറുകയും, പിന്നീടു തെക്കിനിയേടത്തു നിന്ന് പടിഞ്ഞാറേത്തുമന എന്നു കൂടി അറിയപ്പെടുന്ന വെളുത്തേടത്തു തരണനല്ലൂർമന ശാഖകൂടി ഉണ്ടായി.
ഇത്രയും ശാഖകള്‍ ഉണ്ടാവാന്‍ കാരണം പയ്യന്നൂര്‍ മുതല്‍ തെക്കു നീര്‍മണ്ണ വരെ 32 നമ്പൂതിരി ഗ്രാമങ്ങളിലും തന്ത്രം ഉള്ള ക്ഷേത്രങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു എന്നതിനാലാണ്. അതിനാല്‍ ഒരു ഭാഗത്തു നിന്ന് എല്ലായിടത്തിലേക്കുമെത്തിപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിനാലാണ് നാലു ശാഖകളായി മാറിയത്. ഇന്നും ഈ 32 ഗ്രാമങ്ങളിലും ഇവര്‍ക്ക് തന്ത്രം ഉണ്ട്. മലയാള ദേശത്തെ ആദ്യ തന്ത്രി പരമ്പരയില്‍ ഒന്നായ ഇവരില്‍ നിന്നും, ഇവരുടെ ശിഷ്യരിലൂടെയുമാണ് മറ്റ് തന്ത്രിപരമ്പരകള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ആദ്യകാലത്തിനു ശേഷം കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അവിടെയെല്ലാം ഒരു കൂട്ടര്‍ തന്നെ തന്ത്രത്തിനെത്തിപ്പെടുക എന്നതു സാധ്യമല്ല. അതിനാലാണ് മറ്റു പരമ്പരകള്‍ക്കു തന്ത്രം കൈമാറ്റം ചെയ്യപ്പെട്ടത്.
ഇന്ന് തരണനല്ലൂർ പരമ്പരകള്‍ക്ക് എഴുനൂറിലധികം ക്ഷേത്രങ്ങളില്‍ തന്ത്രമുണ്ട്. അതില്‍ നെടുമ്പിള്ളി തരണനല്ലൂർ മനക്കാര്‍ക്ക് തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിക്കുറുച്ചി മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ശാര്‍ക്കര ദേവി ക്ഷേത്രം, ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേര്‍ത്തല തിരുവിഴ മഹാദേവ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം, ചേലാമിറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊടിക്കാട് ഭഗവതി ക്ഷേത്രം, തുടങ്ങി നൂറ്റമ്പതോളം ക്ഷേത്രങ്ങളില്‍ തന്ത്രം ഉണ്ട്. പരശുരാമ പദ്ധതി പിന്തുടരുന്ന കേരളത്തിലെ പത്തു പദ്ധതിക്ഷേത്രങ്ങളിലെയും തന്ത്രം തരണനല്ലൂർ മനക്കാര്‍ക്കാണ്.

ഇത്രയധികം മഹാക്ഷേത്രങ്ങളില്‍ തന്ത്രമുള്ള മറ്റൊരു തന്ത്രി പരമ്പരയുണ്ടാകില്ല. പുരാതനമായ അനവധി രേഖകളില്‍ തരണനല്ലൂർ മനക്കാരെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. എ.ഡി 1238 ലെ രവി കേരളവര്‍മ്മയുടെ ശുചീന്ദ്രം ലിഖിതത്തില്‍ ശുചീന്ദ്രം ക്ഷേത്രത്തിലാദ്യമായി മലയാള നമ്പൂതിരിമാരെ തന്ത്രിയായി അവരോധിച്ചു എന്നും അവര്‍ തരണനല്ലൂർ മനക്കാര്‍ ആയിരുന്നുവെന്നും എഴുതിയിട്ടുണ്ട്. എ.ഡി 1568ലെ മതിലകം രേഖകളില്‍ വീരമാര്‍ത്താണ്ഡവര്‍മ്മ രാജാവ് തരണനല്ലൂർ നമ്പൂതിരിപ്പാടിനെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യതന്ത്രിയായി നിയമിച്ചതായി കാണുന്നു. എ.ഡി 1620 ല്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തന്ത്രി തരണനല്ലൂർ പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കലശം നടന്നു എന്നും പഴയ രേഖകളില്‍ ഉണ്ട്. ഗര്‍ഗ്ഗ മുനിയും യുധിഷ്ഠിരനും തമ്മില്‍ സംവാദ രൂപത്തിലുള്ള കേരളമാഹാത്മ്യം എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ തരണനല്ലൂർ മനക്കാരെക്കുറിച്ചു പരാമര്‍ശമുണ്ട്.
അതിങ്ങനെയാണ്. '32 കേരള ഗ്രാമങ്ങളുടെ സ്ഥാപനശേഷം പരശുരാമന്‍ കേരളത്തിലെ താന്ത്രിക വൃത്തിക്ക് യോജിച്ച ആളെ തേടിനടക്കുന്ന സമയം. കാഞ്ചീപുരം എന്ന മഹാഗ്രാമത്തില്‍ യോഗിയും വിഷ്ണുഭക്തനും ഏതുനേരവും വിഷ്ണുഭഗവാനെ കുറിച്ചുള്ള സത്സംഗത്തില്‍ മുഴുകി ഇരിക്കുന്നവനും വേദപണ്ഡിതനുമായ ഒരു ബ്രാഹ്മണനെ കണ്ടു. അദ്ദേഹത്തില്‍ ആകൃഷ്ടനായ പരശുരാമന്‍ കേരളദേശത്തിലേക്ക് തന്ത്രവൃത്തിയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചു. സമ്മതം മൂളിയ ആ ബ്രാഹ്മണനെയും കൂട്ടി പരശുരാമന്‍ കേരളദേശത്തേക്ക് പുറപ്പെട്ടു.
വരുന്ന വഴി ആ ബ്രാഹ്മണന്റെ കഴിവറിയാന്‍ വേണ്ടി പരശുരാമന്‍ അദ്ദേഹത്തെ ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. കാവേരി തീരം കടന്നുവേണം അക്കരെയെത്താൻ. പരശുരാമന്‍ അദ്ദേഹത്തോടൊപ്പം നിറഞ്ഞുകവിഞ്ഞൊഴുകുന്ന കാവേരിയുടെ ഉത്തര തീരത്തെത്തുകയും തന്റെ ശക്തിയാല്‍ ബ്രാഹ്മണനെ അവിടെയാക്കി പരശുരാമന്‍ നദിയുടെ തെക്കു ഭാഗത്തേക്ക് കടക്കുകയും ചെയ്തു. എന്നിട്ടുആ ബ്രാഹ്മണനോടുനദി മുറിച്ചു കടന്നുവരാന്‍ ആവശ്യപ്പെട്ടു. വിഷ്ണു ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ആ ബ്രാഹ്മണന്‍ നദിയുടെ മുകളിലൂടെ തരണം ചെയ്ത് പരശുരാമന്റെ അരികിലെത്തി.
ബ്രാഹ്മണന്റെ തപശക്തിയില്‍ സന്തുഷ്ടനായ രാമന്‍ നദിയുടെ മുകളിലൂടെ തരണം ചെയ്തു വന്നതിനാല്‍ ബ്രാഹ്മണനും പരമ്പരയ്ക്കും തരണനല്ലൂർ (തരണന്‍) എന്ന നാമകരണം നല്‍കി. കേരള ബ്രാഹ്മണരില്‍ ഏറ്റവും ശ്രേഷ്ഠരായി ഭവിക്കട്ടെയെന്നനുഗ്രഹിച്ച് അദ്ദേഹത്തിന് പരശുരാമ പദ്ധതി എന്ന താന്ത്രിക ഗ്രന്ഥം നല്‍കി. കേരള ദേശത്തെ ക്ഷേത്രങ്ങളുടെ തന്ത്രം അങ്ങേയ്ക്കായിരിക്കട്ടെ എന്നനുഗ്രഹിക്കുകയും ചെയ്തു.' ഇന്നും പരശുരാമപദ്ധതി പ്രകാരമാണ് തരണനല്ലൂർ തന്ത്രം നിര്‍വ്വഹിച്ചു വരുന്നത്. സംഗമേശപുരിയില്‍ (ഇരിഞ്ഞാലക്കുട) അവര്‍ക്കു വസിക്കുവാനുള്ള ഗൃഹവും പരശുരാമനാല്‍ നല്‍കപ്പെട്ടുവെന്നും കേരളമാഹാത്മ്യത്തിന്റെ തന്ത്ര പ്രധാനം എന്ന ഇരുപതാം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
ആന്ധ്രയില്‍ നിന്ന് കാഞ്ചീപുരം, മധുര വഴിയാണ് ഇവര്‍ കേരളക്കരയിലേക്കു വന്നത്. കാഞ്ചീപുരത്ത് ഇവര്‍ കുറച്ചുകാലം നിന്നിരുന്നു എന്നു കരുതപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഇവര്‍ക്ക് നൂറ്റാണ്ടുകള്‍ക്കു മുന്നെ തന്ത്രമുണ്ടായിരുന്നുവത്രെ. ആ തന്ത്രം അവിടെയുള്ള ബ്രാഹ്മണര്‍ക്ക് കൈമാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരു അന്യദേശക്കാരന്‍ തങ്ങളുടെ ദേശത്തിലെ ക്ഷേത്രത്തില്‍ താന്ത്രികവൃത്തി ചെയ്യുന്നതില്‍ അവിടെയുള്ള ബ്രാഹ്മണര്‍ക്ക് നീരസമുണ്ടായിരുന്നു. അവര്‍ അവിടുത്തെ രാജാവിന്റെയടുത്തു ചെന്ന് തരണനല്ലൂർ ചെയ്യുന്ന പൂജ ശരിയല്ല എന്നും മറ്റും പരാതി പറഞ്ഞു. പരാതിയിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ വേണ്ടി രാജാവ് ക്ഷേത്രത്തിലേക്കു ചെന്ന്, തന്ത്രിയോടുതനിക്കു കിട്ടിയ പരാതിയെ കുറിച്ച് പറഞ്ഞു.
മധുര മീനാക്ഷിയുടെ ഉപാസകനായ തന്ത്രി താന്‍ അമ്മയ്ക്ക് മനസ്സറിഞ്ഞു തന്നെയാണ് പൂജ ചെയ്യുന്നതെന്നും ദേവി അതില്‍ തൃപ്തയാണെന്നും രാജാവിനെ അറിയിച്ചു. എന്നാല്‍ ഒരു കാര്യം ചെയ്യാം, ദേവി അങ്ങയുടെ പൂജയില്‍ തൃപ്തയാണെങ്കില്‍ അങ്ങയുടെ വിളി ദേവി കേട്ടു മറുപടി തരട്ടെ എന്നായി രാജാവ്. മനസ്സുരുകി അമ്മയെ പ്രാര്‍ത്ഥിച്ച്, തന്ത്രി വര്യന്‍ നടയ്ക്കല്‍ നിന്ന് അമ്മെ അമ്മെ എന്നു വിളിച്ചു. മധുര മീനാക്ഷി എന്താ മകനെ എന്നു ചോദിച്ചുകൊണ്ടാണ് ഉള്ളില്‍ നിന്നു മറുപടി കൊടുത്തത്. രാജാവിനു സന്തോഷമായി. അനവധി ഉപഹാരങ്ങള്‍ അദ്ദേഹം തന്ത്രിയ്ക്കു നല്‍കി. പക്ഷെ ആ സമയത്തു തന്നെ തന്ത്രിരാജാവിനോടുപറഞ്ഞു ഞാന്‍ ഇവിടുത്തെ തന്ത്രം നിര്‍ത്തുകയാണ് എന്ന്.
ഇതു കേട്ട രാജാവ് അങ്ങെന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന ചോദിച്ചു. അതിന് തന്ത്രി ഇങ്ങനെ ഒരു മറുപടിയാണ് കൊടുത്തത്. ഇന്നെനിക്ക് അങ്ങയുടെ ഈ പരീക്ഷണം ഏറ്റെടുത്തു അമ്മയുടെ അനുഗ്രഹത്താല്‍ വിജയിക്കാനായി. പക്ഷേ, ഇനി അടുത്ത ഊഴത്തില്‍ വരുന്ന തലമുറയിലെ അംഗങ്ങള്‍ക്ക് അത്തരം പരീക്ഷണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ അവരുടെ ജീവന്‍ തന്നെ ആപത്തിലാകും. അതു കൊണ്ടാണ് ഞാന്‍ തന്ത്രം ഒഴിയുന്നതെന്നു പറഞ്ഞ് ആ യോഗീശ്വരന്‍ അമ്മയെ തൊഴുതു വണങ്ങി അവിടെ നിന്ന് വിട പറഞ്ഞിറങ്ങി.
തരണനല്ലൂർ മനക്കാര്‍ക്കായിരുന്നു പണ്ടുമുതലേ ശ്രീപദമ്‌നാഭസ്വാമി ക്ഷേത്രത്തില്‍ തന്ത്രം. ഉമയമ്മ മഹാറാണിയുടെ ഭരണ കാലത്തായിരുന്നു നെടുമ്പിള്ളി തരണനല്ലൂർ പരമ്പരയ്ക്ക് മാത്രമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം കൈവന്നത്. തരണനല്ലൂർ മനയിലെ പ്രഥമ നാമം അതായത് ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന നാമം തന്നെ പദ്മനാഭന്‍ എന്നാണ്. കേരളത്തിലെ മറ്റേതു ക്ഷേത്രങ്ങളും തന്ത്രിയും ആയുള്ള ബന്ധത്തെക്കാള്‍ കൂടുതല്‍ ആഴമേറിയ ബന്ധമാണ് ശ്രീ പദ്മനാഭസ്വാമിയും നെടുമ്പിള്ളി തരണനല്ലൂരും തമ്മിലുള്ളത്. ക്ഷേത്രത്തിലെ പൂജാരിമാരായ നമ്പിമാര്‍ക്ക്, പുലയോ മറ്റു വാലായ്മകളോ വന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്നു നെടുമ്പിള്ളി തരണനെല്ലൂരിലെ അംഗങ്ങള്‍ പോയി വേണം നടതുറന്നു വിളക്കുവയ്ക്കാന്‍. ഉത്സവ കാലത്ത് തന്ത്രിക്കു പുല വന്നാല്‍ ഉത്സവം തന്നെ ഇവിടെ മാറ്റി വയ്ക്കും.കേരളത്തില്‍ ഒരു തന്ത്രിയ്ക്കും ഇത്ര പ്രാധാന്യം കല്‍പ്പിക്കുന്ന മറ്റൊരു ക്ഷേത്രം ഉണ്ടോ എന്നു സംശയമാണ്. നെടുമ്പിള്ളി തരണനല്ലൂർ മനക്കാര്‍ ഇരിഞ്ഞാലക്കുട ഗ്രാമക്കാരാണ്. ഇവരുടെ ഗ്രാമദേവത കൂടല്‍മാണിക്യം സ്വാമിയാണ്. നെടുമ്പിള്ളി എന്നു പേരുള്ള മറ്റൊരു നമ്പൂതിരി പരമ്പര തരണനല്ലൂരില്‍ ലയിച്ചാണ് നെടുമ്പിള്ളി തരണനല്ലൂരായി മാറിയത്. പാരമ്പര്യമായി യാഗാധികാരവും തന്ത്രവും ഉള്ള നമ്പൂതിരി പരമ്പരയാണ് തരണനല്ലൂർ പരമ്പര.
ശ്രീപദ്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജവംശത്തില്‍ ഉള്ളവര്‍ തങ്ങളുടെ ക്ഷേത്ര തന്ത്രിക്ക് എല്ലാവിധ ബഹുമാനങ്ങളും നല്‍കിയിരുന്നു. മുറജപം, ഭദ്രദീപം തെളിയിക്കല്‍ തുടങ്ങിയ അനവധി ചടങ്ങുകളില്‍ പ്രമുഖ സ്ഥാനം ഇവര്‍ക്കുണ്ടായിരുന്നു. ആയില്യം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്താണ് ഇരിഞ്ഞാലക്കുടയില്‍ ഇന്നു കാണുന്ന നെടുമ്പിള്ളി തരണനല്ലൂർ മന നിര്‍മ്മിച്ചത്. രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, അവിടെ നിന്നുള്ള മേല്‍നോട്ടത്തില്‍ ആണത്രെ ഈ മനയുടെ നിര്‍മ്മാണം. ഇന്ന് കാണുന്നത് ഒരു നാലുകെട്ടു മാത്രം.
തിരുവിതാംകൂര്‍ രാജവംശം നേരിട്ടു നടത്തിയിരുന്ന 100 ജോലിക്കാരുണ്ടായിരുന്ന ഒരു കച്ചേരി ഇവിടെ ഉണ്ടായിരുന്നു. ഒരു നൂറു കൊല്ലം മുമ്പ് വരെ കച്ചേരി പ്രവര്‍ത്തിച്ചിരുന്നു. മനയ്ക്കലെ അന്നത്തെ ഭരണം നടത്തിയിരുന്നത് തിരുവിതാംകൂര്‍ രാജവംശമായിരുന്നു എന്നു തന്നെ പറയാം. ആയില്യം തിരുനാള്‍ മഹാരാജാവും, ചിത്തിര തിരുനാള്‍ മഹാരാജാവും നെടുമ്പിള്ളി തരണനല്ലൂർ മനയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
നെടുമ്പിള്ളി തരണനല്ലൂർ മനക്കാര്‍ ജന്മി പരമ്പരകളായിരുന്നു. തിരുവിതാംകൂറില്‍ മാത്രം അവിടുത്തെ 36 താലൂക്കുകളിലും ധാരാളം ഭൂസ്വത്തുക്കള്‍ ഇവര്‍ക്കുണ്ടായിരുന്നു. ഇരിഞ്ഞാലക്കുട, തൃശൂര്‍, തുടങ്ങി കേരളത്തിലെ അനവധി പ്രദേശങ്ങളിലും ഇവര്‍ക്ക് ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു. നാലര ഏക്കറോളം വരുന്ന പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്ന ഭൂമിയിലാണ് നെടുമ്പിള്ളി തരണനല്ലൂർ മന നാലുകെട്ടുസ്ഥിതി ചെയ്യുന്നത്. നാലുകെട്ടിനോടു ചേര്‍ന്ന് ഒരു പത്തായപ്പുരയും കാണാം. ആദ്യകാലത്ത് മന പന്ത്രണ്ടുകെട്ടായിരുന്നു. രണ്ടേമുക്കാല്‍ ഏക്കറിലായിരുന്നു പന്ത്രണ്ടുകെട്ട് നിലനിന്നിരുന്നത്.
മുകളിലേക്ക് ഉയര്‍ത്തി കെട്ടാത്ത രീതിയിലുള്ള നാലുകെട്ടാണിത്. മനോഹരമായ ദീപസ്തംഭമാണ് മനയ്ക്കലേക്ക് ചെല്ലുന്ന നമ്മള്‍ ആദ്യം കാണ് ക. ശ്രീകൃഷ്ണ ഭഗവാനെ ആലേഖനം ചെയ്ത് വച്ചിരിക്കുന്ന മംഗളപലകയുള്ള പ്രധാനവാതില്‍ കടന്ന് ഉള്ളിലേക്ക് കയറിയാല്‍ പിന്നെ കാണുന്നത് വാസ്തുവിദ്യയുടെ ലോകമാണ്. ഭംഗിയുള്ള അഴികള്‍ ഉള്ള പൂമുഖവും, അതിന്റെ തട്ടില്‍ ഉള്ള കൊത്തുപണികളും. 172 താമരകളെയും, ബ്രഹ്മാവിനെയും, തപസ്സിരിക്കുന്ന അര്‍ജ്ജുനനെയും,അഷ്ടദിക്ക് പാലകന്മാരെയും, ഗണപതിയെയും നമുക്ക് തട്ടിലെ കൊത്തുപണികളില്‍ കാണാം. വാതിലിന്റെ മുകളില്‍ മംഗള പലകയില്‍ ശ്രീപദ്മനാഭസ്വാമിയെ കൊത്തിവച്ചിരിക്കുന്നു. അഞ്ചോളം മുറികളും തളങ്ങളും, തെക്കിനി തറയും, വലിയ നടുമുറ്റവും, അടുക്കളയും ഉള്‍പ്പെടുന്നതാണീ നാലുകെട്ട്. നാലുകെട്ടിലെ കൊത്തുപണികളിലും ചിത്രങ്ങളിലും എല്ലാം ര് കൊമ്പുള്ള ഗണപതിയെയാണ് കാണാന്‍ ആവുക. സാധാരണ ഒന്നര കൊമ്പുള്ള ഗണപതിയെയാണ് കാണാന്‍ സാധിക്കുക. ഇന്നും നെടുമ്പിള്ളി തരണനല്ലൂർ മനയില്‍ അമ്മയുടെ വാക്കിനാണ് പ്രധാനം. ഇന്നും ഇവിടെ ഉള്ളവര്‍ പുറത്ത് പോകുമ്പോള്‍ ആരോടുയാത്ര പറഞ്ഞില്ലാ എങ്കിലും അമ്മയോടു പറഞ്ഞെ പോകൂ. നടുമുറ്റത്തോടു ചേര്‍ന്നുള്ള തട്ടില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും ഗീതോപദേശവും കൊത്തി വച്ചിരിക്കുന്നു. ഇവിടുത്തെ കൊത്തുപണികളില്‍ എല്ലാം തിരുവിതാംകൂര്‍ രാജവംശത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഇവരുടെ ഗ്രാമദേവത സംഗമേശ്വരന്‍ ആന്ന്. തരണനല്ലൂരിന്റെ കുലദേവതയായി കാണുന്ന ശ്രീകൃഷ്ണ ഭഗവാനും ഇവിടെ തുല്യ പ്രാധാന്യം ഉണ്ട്. തെക്കിനിയിലാണ് ശ്രീലകം സ്ഥിതി ചെയ്യുന്നത്. ശ്രീലകത്ത് തേവാരമൂര്‍ത്തിയായി വേട്ടേക്കരനും ഭഗവതി, കൃഷ്ണന്‍, തുടങ്ങിയമൂര്‍ത്തികളും ഉണ്ട്. ഒരു ക്ഷേത്രത്തില്‍ എന്ന പോലെ ഏകദേശം എല്ലാം പൂജകളും ഇവിടെ നടക്കുന്നു. തങ്ങളുടെ ആചാരനുഷ്ഠാനങ്ങളെ മുറുകെ ചേര്‍ത്തുപിടിച്ച് ജീവിതം നയിക്കുന്നവരാണ് തരണനല്ലൂർ മനക്കാര്‍. കര്‍ക്കിടക മാസത്തില്‍ വേട്ടേക്കരന്‍ പാട്ടുനടക്കാറുണ്ട്. പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങളുടെ ഊരായ്മ ഇവര്‍ക്കുണ്ട്. പരശുരാമ പദ്ധതി അടക്കം അനവധി പുരാതനമായതും അമൂല്യമായതും അപൂര്‍വ്വമായതും ആയ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരം ഇവര്‍ സൂക്ഷിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളില്‍ നിന്നും അതിനെ കുറിച്ച് എല്ലാം പഠിക്കാന്‍ ആയി ഇവിടെ വിദ്യാര്‍ത്ഥികള്‍ വരാറുണ്ട്.
അനവധി ഇതിഹാസ പുരുഷന്മാര്‍ക്കും യോഗീശ്വരന്മാര്‍ക്കും ജന്മം നല്‍കിയ പരമ്പരയാണിവരുടേത്. തന്ത്രി പ്രമുഖനും, വേദ, ശാസ്ത്ര, സംസ്‌കൃത, വിഷയങ്ങളില്‍ അസാമാന്യ പാണ്ഡിത്യവും ഉണ്ടായിരുന്ന പദ്മനാഭന്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗത്തില്‍ പ്രത്യേക ചുമതല ഉായിരുന്നു. മുൻ രാഷ്ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, വള്ളത്തോള്‍, പുത്തേഴത്ത് രാമൻ മേനോന്‍ എന്നിവരുമായി വളരെ നല്ല അടുപ്പം പദ്മനാഭന്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു. തന്ത്രി പ്രമുഖനായിരുന്ന നെടുമ്പിള്ളി തരണനല്ലൂർ പദ്മനാഭന്‍ നമ്പൂതിരിപ്പാട് 60 കൊല്ലം തുടര്‍ച്ചയായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തന്ത്രവൃത്തി ചെയ്തിട്ടുണ്ട്.
നെടുമ്പിള്ളി തരണനെല്ലൂരില്‍ നിന്ന് അനവധി വേദ, തന്ത്ര ശാസ്ത്ര ലോകത്തെ പണ്ഡിതന്മാര്‍ ഉായിരുന്നു. ഇന്നും തന്ത്രം എന്ന് പറഞ്ഞാല്‍ അവസാന വാക്ക് തരണനല്ലൂർ മനക്കാരുടേതാണ്. ഇരിഞ്ഞാലക്കുടയുടെ സാമൂഹികമായ പുരോഗമനങ്ങള്‍ക്കായി ധാരാളം ഭൂമി വിട്ടു കൊടുത്തിട്ടു് നെടുമ്പിള്ളി തരണനല്ലൂർ മനക്കാര്‍. അത് പോലെ 1936 ക്ഷേത്ര പ്രവേശന വിളംബര സമയത്തും അതിന് അനുകൂലമായ നിലപാടാണ് അന്നത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര തന്ത്രിയായ നെടുമ്പിള്ളി തരണനല്ലൂർ പരമേശ്വരന്‍ നമ്പൂതിരിപ്പാടുസ്വീകരിച്ചത്. ചിത്തിര തിരുനാള്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിക്കാന്‍ പോകുന്നതിന് മുന്നെ തരണനല്ലൂർ നമ്പൂതിരിപ്പാടുതുടര്‍ന്നും തന്ത്രം നിര്‍വ്വഹിക്കാന്‍ വരുമെങ്കില്‍ മാത്രമെ ഇപ്പോ വിളംബരം പുറപ്പെടുവിക്കൂ എന്ന തീരുമാനത്തില്‍ എത്തുകയും, തന്ത്രി അദ്ദേഹം രാജാവിന്റെ ക്ഷേത്ര പ്രവേശന വിളംബരത്തിന് താന്‍ അനുകൂലമാണെന്നും, തുടര്‍ന്നും താന്‍ താന്ത്രിക വൃത്തി തുടര്‍ന്ന് പോരുമെന്നും രാജാവിനെ അറിയിച്ചു. അതിനുശേഷമാണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്.
മലയാളദേശം ഉള്ളപ്പോള്‍ മുതല്‍ പ്രൗഡിയോടെ തരണനല്ലൂർ മനക്കാര്‍ ഇവിടെ ഉണ്ട്. പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനല്ലൂർ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്‍പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റ അനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്‍തലമുറക്കാരാണ് ഇപ്പോഴത്തെ തരണനല്ലൂർ മനക്കാര്‍. തിരുവിതാംകൂര്‍ രാജാവിന്റെ പുരോഹിതസ്ഥാനം വഹിക്കുന്നത് നെടുമ്പിള്ളി തരണനല്ലൂർ മനയിലെ തന്ത്രിമാരാണ്. കൊച്ചി രാജ്യത്തിന്റെ കിഴിലുള്ള ഇരിങ്ങാലക്കുടയിലാണ് നെടുമ്പിള്ളി തരണനല്ലൂർ മനയായതിനാല്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പുരോഹിത കുടുംബത്തിന് തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള അതിഗംഭീരമായ മനയാണ് നിര്‍മ്മിച്ചുനല്‍കിയത്.
സ്വാതന്ത്രലബ്ദിക്ക് മുമ്പ് വരെ തിരുവിതാംകൂര്‍ രാജ്യഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ മന. തിരുവിതാംകൂര്‍ ശില്‍പ്പചാരുതയുടെ വിസ്മയമാണ് ഇരിങ്ങാലക്കുട താണിശ്ശേരിയിലുള്ള നെടുമ്പിള്ളി തരണനല്ലൂർ മന. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന 1800 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുന്നാള്‍ മഹാരാജാവാണ് പുതുക്കിപണിതത്. മരത്തിലാണ് തെക്കിനി തളം നിര്‍മ്മിച്ചിരിക്കുന്നത്. തെക്കിനി തളത്തിന്റെ വാതിലിന് ഇരുവശത്തും മരത്തില്‍ കടഞ്ഞ അഴികളും മുകളില്‍ ശില്‍പ്പവും പുറത്തെ ദീപസ്തംഭവുമാണ് നമ്മെ വരവേല്‍ക്കുക. ഒരടി വണ്ണത്തിലുള്ള പന്ത്രണ്ട് തൂണുകളിലാണ് ഉത്തരത്തിന്റെ കഴുക്കോലുകള്‍ വന്നിരിക്കുന്നത്. തൂണുകള്‍ക്ക് മുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്. തെക്കിനിയില്‍ പരദേവതയായ വേട്ടെയ്ക്കൊരു മകന്റേയും ഭഗവതിയുടേയും ശ്രീകൃഷ്ണന്റേയും പ്രതിഷ്ഠകക. പടിഞ്ഞാറെ അറയുടെ മുകളില്‍ കാളിയമര്‍ദ്ദനം, ശ്രീരാമന്‍, സീത ലക്ഷ്മണന്‍, ഗിതോപദേശം, ശ്രീപത്മനാഭന്റെ ആറാട്ടുഘോഷയാത്ര, അശോക വനിയിലെ സീത, തുടങ്ങിയ ശില്‍പ്പങ്ങളും കാഴ്ചക്കാരില്‍ അത്ഭുതമുളവാക്കുന്നു. തൂണുകള്‍ക്ക് മുകളിലെല്ലാം തേക്കിന്റെ തടികളാണ് കയറ്റിവെച്ചിരിക്കുന്നത്. കഴുക്കോലില്‍ കൂടല്‍മാണിക്യ സ്വാമിയും വ്യാളികളും കൊത്തിവെച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ നെടുമ്പിള്ളി തരണനല്ലൂർ മനയിലെ പൂര്‍വ്വികര്‍ക്ക് തിരുവിതാംകൂര്‍ രാജാവ് നിര്‍മ്മിച്ചുനല്‍കിയതാണ് ഈ മന.
മനയില്‍ ഇപ്പോൾ ശേഷിക്കുന്നത് പ്രധാന നാലുകെട്ടു മാത്രമാണ്. ആറായിരത്തിയഞ്ഞൂറ് ചതുരശ്ര അടിയുണ്ട് ഇപ്പോഴത്തെ മനയ്ക്ക്. അതിനുമദ്ധ്യത്തിലുള്ള നടുമുറ്റത്തിന് ആയിരത്തിയഞ്ഞൂറ് ചതുരശ്ര അടി ചുറ്റളവുണ്ട്. കേരളത്തില്‍ ഇത്രയും വലിയ നടുത്തളമുള്ള മനകള്‍ അപൂര്‍വ്വമാണ്. മലയാറ്റൂര്‍ മലയില്‍ നിന്നും കൊണ്ടുന്ന തേക്കിന്‍ തടി ഉപയോഗിച്ചാണ് മന നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വ വൈദിക, താന്ത്രിക ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. യജൂര്‍വേദത്തിലെ വാധൂലക സൂത്രക്കാരായ ഈ ഗൃഹക്കാരുടെ പക്കലുള്ള വാധൂലക ശൂത സ്മാര്‍ത്ത ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിന് ദേശ-വിദേശങ്ങളില്‍ നിന്നും ധാരാളം പണ്ഡിതന്മാരും ഈ മനയിലെത്തുന്നുണ്ട്. അരനൂറ്റാണ്ടു മുമ്പുവരെ സംസ്‌കൃത പഠനവും, താന്ത്രിക പഠനവും ഇവിടെ നല്‍കി വന്നിരുന്നു.
Content Highlights: Explore the rich history & heritage of Nedumpilli Tharannallur Mana, a prominent Tantric family
Published: 22 Jun 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented