'ഇരുപത്തിനാല് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ല..' വിവരം പറഞ്ഞ് ഡോക്ടര്‍ അകത്തേക്ക് പോയി. പുറത്ത് അലമുറയിട്ട് കുട്ടിയുടെ രക്ഷിതാക്കള്‍, അക്ഷമയോടെ കാത്തിരിക്കുന്ന ബന്ധുക്കള്‍. ഒന്നും സംഭവിക്കില്ലെന്ന് അവരോട് പറഞ്ഞ് ഞാന്‍ ജീപ്പിനടുത്തേക്ക് നടന്നു.. ഒന്നും സംഭവിക്കല്ലേ, വഴിനീളെ ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു... '

To advertise here,

അന്നൊരു ഞായറാഴ്ചയായിരുന്നു. ഓഫ് ഡ്യൂട്ടിയായിരുന്നതിനാല്‍ കോഴിക്കോട്ടെ മാത്തറയില്‍ ഒരു അഗ്നിസുരക്ഷാ ക്ലാസ്സ് എടുത്ത് കൊടുക്കാമെന്നേറ്റ ദിവസമാണ്. സംഘാടകര്‍ പേരും ബോര്‍ഡുമൊക്കെ വെച്ച് വലിയ പബ്ലിസിറ്റി കൊടുത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഫീസിലെത്തി യൂണിഫോം ധരിച്ച് ഒന്നരമണിക്ക് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാനിറങ്ങിയതേയുള്ളൂ, ജീപ്പിനടുത്തെത്തിയപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. ഇന്‍സിഡന്റ് കോളാണ്. തിരുവണ്ണൂരിലെ പൂഴിച്ചിറയില്‍ കുളിക്കുന്നതിനിടെ ഒരു ഇരുപതുകാരന്‍ കുളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ഫയര്‍ബെല്‍ നീട്ടിയടിച്ചു. ജീവനക്കാരെല്ലാം സജ്ജരായി. ക്വിക്ക് റെസ്പോണ്‍സ് വെഹിക്കിളും ആംബുലന്‍സുമെല്ലാം സംഘടിപ്പിച്ച് അപകടസ്ഥലത്തേക്ക്. ആലപ്പുഴയില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്ന കുട്ടി സ്വന്തം വീട്ടില്‍ ഒരു ചടങ്ങിന് വന്നതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരിക്കുന്ന ഇടവേളയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തിലേക്കെത്തിയതാണ്. പക്ഷേ, അപകടം തേടിയെത്തി. ഞങ്ങളെത്തിയപ്പോഴേക്കും കുളത്തിന് ചുറ്റും നിറയെ ആള്‍ക്കാര്‍ അക്ഷമയോടെ ഞങ്ങളെ കാത്തിരിക്കുകയാണ്.

സഹപ്രവര്‍ത്തകരായ ഒ.ജി എന്ന ഗംഗാധരനും രതീഷും കുളത്തില്‍ മുങ്ങി തിരച്ചില്‍ ആരംഭിച്ചു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് കൃത്രിമശ്വാസം കൊടുത്തു. പിന്നാലെ ആശുപത്രിയിലുമെത്തിച്ചു. അതോടെ ഞങ്ങളുടെ ജോലി കഴിഞ്ഞു. എങ്കിലും ആശുപത്രി സ്റ്റാഫിന് എന്റെ നമ്പര്‍ കൊടുത്ത് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചട്ടംകെട്ടി. പിന്നെ നേരെ മാത്തറയിലേക്ക്, ക്ലാസ്സെടുക്കാം എന്ന് ഏറ്റിടത്തേക്ക് തിരിച്ചു. ഇരുപത് മിനിറ്റ് വൈകിയാണ് പരിപാടിക്കെത്തിയത്. എല്ലാവരും എന്നെ കാത്തിരിക്കുന്നു. വൈകിയതിന്റെ കാരണവും പറഞ്ഞ് ക്ഷമയുമറിയിച്ച് ക്ലാസ്സ് ആരംഭിച്ചു. വൈകുന്നേരം നാലരയോടടുത്തപ്പോള്‍ ഒരു ഫോണ്‍ സന്ദേശമെത്തി. ആ കുട്ടി മരിച്ചു.! സങ്കടകരം, നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ,..

പിറ്റേന്നായിരുന്നു ശവസംസ്‌കാരം. അന്ന് ഞാനും രണ്ട് സഹപ്രവര്‍ത്തകരും കൂടി മരണവീട്ടില്‍ പോയി അവന്റെ ഉപ്പയെ കണ്ടു. കരച്ചിലമര്‍ത്തിക്കൊണ്ട് അന്ന് അയാള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല.. 'പടച്ചോന്‍ എനിക്ക് ഒരു കുട്ടിയെ തന്നു, 20 വര്‍ഷമായിരുന്നു ആ സമ്മാനത്തിന്റെ കാലാവധി. അവന് ഞാന്‍ സ്നേഹം കൊടുത്തു, ഭക്ഷണം കൊടുത്തു, നല്ല വസ്ത്രവും വിദ്യാഭ്യാസവും നല്‍കി. ഇപ്പോഴിതാ അവനെ തിരിച്ചുകൊടുക്കാന്‍ സമയമായിരിക്കുന്നു. പടച്ചോന്‍ ഓന്‍റെ സമ്മാനം തിരിച്ചെടുത്തിരിക്കുന്നു...'മകന്റെ വിയോഗം താങ്ങാന്‍ പടച്ചവന്‍ അദ്ദേഹത്തിന് ശക്തി കൊടുക്കണമേ എന്ന് പ്രാര്‍ഥിച്ചു ഞങ്ങള്‍ തിരിച്ചുനടന്നു. മഴക്കാലമാണ്, മുങ്ങിമരണങ്ങളുടേയും രക്ഷാപ്രവര്‍ത്തനങ്ങളുടേയും വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മകളും ഇങ്ങനെ തികട്ടിവരികയാണ്.

placeholder
അപകടത്തില്‍പെട്ട നൗഷാദിനെ മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കുന്നു | Photo: Santhosh KK/Mathrubhumi Archives
അപകടത്തില്‍പെട്ട നൗഷാദിനെ മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കുന്നു | Photo: Santhosh KK/Mathrubhumi Archives

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

നമ്മുടെ നാട്ടില്‍ ചില ചെറുപ്പക്കാരുണ്ട്, നാട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും അത് സ്വന്തം പ്രശ്നമെന്നോണം ഇടപെടുന്നവര്‍. അവരെത്താത്തയിടങ്ങളുണ്ടാവില്ല. അത് കല്യാണ വീടായാലും മരണവീടായാലും, അപകടസ്ഥലമായാലും സ്വന്തം പരിപാടികളെല്ലാം മാറ്റിവെച്ച് അവര്‍ അവിടെയെത്തും. അത്തരത്തിലുള്ള ഒരാളായിരുന്നു കോഴിക്കോട് കരുവശ്ശേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ നൗഷാദ്. കോഴിക്കോട് നഗരത്തിലെത്തിയാല്‍ സ്ഥിരമായി പാളയത്തെ ജയ ഓഡിറ്റോറിയത്തിലേക്കുള്ള വഴിക്കരികിലെ ചായക്കടയാണ് നൗഷാദിന്റെ സ്ഥിരം ചായ സ്പോട്ട്. അന്നും തന്റെ സ്ഥിരം സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു ആ കാഴ്ച. ജയയിലേക്കുള്ള വഴിയിലെ മാന്‍ ഹോള്‍ വൃത്തിയാക്കാനായി അതിഥിതൊഴിലാളികളിലൊരാള്‍ അകത്തേക്കിറങ്ങുന്നു. പക്ഷേ, കുഴിയിലെ മാരകമായ വിഷവാതകം ശ്വസിച്ച് അയാള്‍ കുഴിയിലേക്ക് വീണുപോയി. ഇയാളെ രക്ഷപ്പെടുത്താനായി അടുത്തയാളും കുഴിയിലേക്കിറങ്ങി. പക്ഷേ, വിഷവാതകത്തിന്റെ കറുത്ത കൈകള്‍ ആ തൊഴിലാളിയേയും പിടികൂടി. ചായ കുടിച്ചുകൊണ്ടിരുന്ന നൗഷാദും ഈ കാഴ്ച കണ്ടിരുന്നു. വീണ്ടുവിചാരം പോലുമില്ലാതെ ഇരുവരേയും രക്ഷിക്കാന്‍ നൗഷാദും നേരെ ആ കുഴിയിലേക്കിറങ്ങിപ്പോയി. പക്ഷേ, സെക്കന്റുകള്‍ക്കുള്ളില്‍ നൗഷാദും ആ കുഴിയിലകപ്പെട്ടുപോയി. പതിവുപോലെ ഫയര്‍ സ്റ്റേഷനിലേക്ക് വിളി വന്നു. കോഴിക്കോട് ബീച്ചിലെയും മീഞ്ചന്ത നിലയത്തിലെയും ജീവനക്കാരാണ് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ സാറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാവുന്ന മാന്‍ഹോളില്‍ കൃത്രിമശ്വസനോപകരണവും ധരിച്ച് ഇറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും എങ്ങനെയൊക്കയോ കുഴിയിലേക്കിറങ്ങി മൂന്നുപേരേയും പുറത്തെടുത്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരേയും രക്ഷപ്പെടുത്താനായില്ല.

Also Read 'ആ വാപ്പയോട് ഞാനെന്താണ് പറയേണ്ടത്, നിങ്ങളുടെ ഏക മകന്‍ മരിച്ചുപോയെന്നോ?' 
 

placeholder
മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ പി.നൗഷാദിനെ മലബാർ ഓട്ടോ ക്ലബ് അംഗങ്ങൾ മെഴുകുതിരി കത്തിച്ച് അനുസ്മരിക്കുന്നു | File Photo: P Krishnapradeep/ Mathrubhumi Archives

അപകടത്തില്‍പെട്ട ആളുകളുടെ ദേശമോ ഭാഷയോ ഒന്നും നോക്കാതെ രണ്ട് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നൗഷാദ് ഓര്‍മകളില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസില്‍ സേവന തല്‍പരരായ ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ പരിശീലനം നല്‍കി കമ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ എന്ന രക്ഷാ സേന രൂപീകരിച്ചത്. ഇത് പിന്നീട് സിവില്‍ ഡിഫന്‍സ് എന്ന സന്നദ്ധസേനയായി മാറി. അന്നത്തെ കോഴിക്കോട് ജില്ലാ ഫയര്‍ ഓഫീസറായിരുന്ന അരുണ്‍ ഭാസ്‌ക്കര്‍ സാറിന്റെ ആശയമായിരുന്നു ഇത്. വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ അന്നത്തെ ഫയര്‍ഫോഴ്സ് ഡി.ജി.പി. അനുമതിയും കൊടുത്തു.

ഇപ്പോള്‍ തളി ക്ഷേത്രത്തിന്റെ ഭാഗത്തേയ്ക്ക് പോകുമ്പോള്‍ ആ മാന്‍ഹോളും നൗഷാദിന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച നൗഷാദ് പാര്‍ക്കും കാണുമ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തും. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെ, ചുരുങ്ങിയത് ഓക്സിജന്‍ ഉണ്ടോ എന്നുപോലും പരിശോധിക്കാതെ ആളുകള്‍ വീണ്ടും ഇത്തരം അപകടങ്ങളിലേക്കിറങ്ങിപ്പോകുന്നുണ്ട്. മുന്‍ഹോൾ ദുരന്തങ്ങളില്‍ നിന്ന് പൊതുജനം ഒന്നും പഠിച്ചില്ലായെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട് ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്ത് ഹോട്ടലിലെ വേസ്റ്റ് കുഴി വൃത്തിയാക്കുന്നതിനിടയില്‍ രണ്ടാളുകള്‍ കുഴിയില്‍ ശ്വാസംമുട്ടി മരിച്ചത്. നമ്മുടെ ആളുകള്‍ ഇനി എന്നാണ് ഇതൊക്കെ മനസ്സിലാക്കി പെരുമാറുക.

placeholder
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. ഫോട്ടോ: ജെ.ഫിലിപ്പ് | മാതൃഭൂമി
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. ഫോട്ടോ: ജെ.ഫിലിപ്പ് | മാതൃഭൂമി

സര്‍വീസിലിരിക്കെ നാല് വെടിക്കെട്ട് ദുരന്തസ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. പടക്കകടയിലെ തീപ്പിടിത്തങ്ങളുടെ കേസുകള്‍ അതിലുമേറെ. തൃശൂര്‍ കുന്നംകുളത്ത് ജോലി ചെയ്യുമ്പോഴാണ് കേച്ചേരിക്കടുത്ത് വേലൂരില്‍ പടക്കനിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായത്. ഞങ്ങള്‍ക്ക് ഫോണ്‍കോള്‍ വന്നപ്പോള്‍ തന്നെ അഞ്ചുപേര്‍ മരിച്ചതായി വിവരമുണ്ടായിരുന്നു. വേലൂരിലെത്തിയപ്പോള്‍ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. പൊട്ടിത്തെറിയില്‍ ചിന്നിച്ചിതറിയ അഞ്ചു പേരുടെ ശരീരങ്ങള്‍ പറമ്പില്‍ അങ്ങിങ്ങായി കിടക്കുന്നു. അന്തരീക്ഷത്തിലെങ്ങും കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ഗന്ധം. പൊട്ടാത്ത ഗുണ്ടുകളും കുഴിമിന്നികളും ഓലപ്പടക്കത്തിന്റെ വന്‍ശേഖരവും പലയിടത്തായുണ്ട്. ഓടിക്കൂടിയ ജനക്കൂട്ടം അങ്ങിങ്ങായി പകച്ചുനില്‍ക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ബാക്കിയെന്നോണം പലഭാഗങ്ങളില്‍ നിന്നും അങ്ങിങ്ങായി പുക വന്നുകൊണ്ടിരിക്കുന്നു. ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങള്‍ സ്ട്രെച്ചറിലും നിവര്‍ത്തി വെച്ച ചാക്കിലും എടുത്തുവെച്ച് ആംബുലന്‍സുകളില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. അന്ന് അവിടെ ജോലി ചെയ്തിരുന്നവരെല്ലാം അപകടത്തില്‍ മരിച്ചിരുന്നു. പൊട്ടാത്ത ഗുണ്ടും കുഴിമിന്നിയുമെല്ലാം ബാരലുകളില്‍ ഇറക്കി വെള്ളമൊഴിച്ചുവെച്ച് നിര്‍വീര്യമാക്കി. ഒരാഴ്ച സമയമെടുത്താണ് നിര്‍വീര്യമാക്കുന്ന ഈ പ്രവൃത്തി പൂര്‍ത്തിയായത്.

placeholder
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Mathrubhumi Archives
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Mathrubhumi Archives

സര്‍വീസിലിരിക്കെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം തൃശൂര്‍ പൂരത്തിന് ഡ്യൂട്ടിയുണ്ടായിരുന്നു. അതിലൊന്ന് അവസാനിച്ചത് ഒരു ദുരന്തത്തോടെയാണ്. 2006ലാണെന്നാണ് ഓര്‍മ, സാമ്പിള്‍ വെടിക്കെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വിഭാഗത്തിന്റെ വെടിക്കെട്ട് കൂട്ടപ്പൊരിച്ചല്‍ നടക്കുന്നു. ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് ഗുണ്ടുകള്‍ ഉയര്‍ന്നുപൊങ്ങുന്നു. ജനം ആര്‍പ്പുവിളിയിലാണ്. പെട്ടെന്ന് വെടിക്കെട്ട് നിന്നു. ആര്‍പ്പുവിളികള്‍ കൂക്കുവിളികളായി. തൊട്ടുപിന്നാലെ ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി കടന്നുപോയി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതേ ആംബുലന്‍സ് തിരിച്ചുവന്നു. റൗണ്ടില്‍ നല്ല തിരക്കായതിനാല്‍ ആമ്പുലന്‍സ് പതുക്കെയാണ് വരുന്നത്. ഉള്ളിലേക്ക് നോക്കിയപ്പോള്‍ ചാക്കില്‍ പൊതിഞ്ഞ എന്തോ ഒരു വസ്തുവുണ്ട്. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം മൈക്ക് സെറ്റില്‍ ഒരു അറിയിപ്പു വന്നു. 'അവിചാരിതമായ ചില കാരണങ്ങളാല്‍ വെടിക്കെട്ട് നിര്‍ത്തിവെച്ചിരിക്കുന്നു'.. അനൗണ്‍സ്മെന്റ് കേട്ടതോടെ ജനങ്ങള്‍ പിരിഞ്ഞുപോവാനാരംഭിച്ചു. പിന്നേയും കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് യഥാര്‍ഥ വിവരമറിഞ്ഞത്. വെടിക്കെട്ട് നടക്കുന്നതിനിടെ അപകടമുണ്ടാവുകയും വെടിക്കെട്ടുകാരന്‍ മരണപ്പെട്ടുപോവുകയും ചെയ്തിരിക്കുന്നു. ആ ശരീരമായിരുന്നു ആംബുലന്‍സില്‍ ചാക്കില്‍കെട്ടി കൊണ്ടുപോയത്.

Also Read രാമസ്വാമിയുടെ ചോരയിലാണ് ആ കെ.എസ്.ആർ.ടി.സി കെട്ടിടം പണിതുയര്‍ത്തിയത്, മറക്കില്ല ആ കാഴ്ച 
..........
1996 ഫെബ്രുവരി മാസത്തിലെ അവസാന ആഴ്ചയാണ് സംഭവം. കുളങ്ങളും കിണറുകളും വറ്റി തുടങ്ങി പാലക്കാട് വരള്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയിരിക്കുന്ന ദിവസങ്ങളാണ്. വൈകുന്നേരം ഏഴരയോടെ ഭക്ഷണം കഴിച്ച് സ്റ്റേഷന് മുമ്പിലെ പൈപ്പില്‍ നിന്നും കൈ കഴുകുന്ന സമയത്ത് അതാ സ്റ്റേഷന് മുന്നില്‍ ഒരു കറുത്ത അംബാസഡര്‍ കാര്‍ വന്നുനിന്നു. അതില്‍നിന്നും ഒരാള്‍ വെപ്രാളത്തോടെ ഇറങ്ങിവന്ന് കൂനത്തറയില്‍ ഒരു ബസ്സ് കുളത്തില്‍ വീണതായി അറിയിച്ചു. അന്ന് സ്റ്റേഷനില്‍ ആംബുലന്‍സോ എമര്‍ജന്‍സി ടെണ്ടറോ ഇല്ലായിരുന്നു. ഫയര്‍ എഞ്ചിനുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. കുളപ്പുള്ളിയില്‍ നിന്നും ഒറ്റപ്പാലം റോഡിലേക്ക് കടന്നപ്പഴേ കാര്യത്തിന്റെ ഗൗരവം ഏകദേശം മനസിലായി. എതിര്‍വശത്തു നിന്നും വാഹനങ്ങളൊന്നും വരുന്നില്ല. സൈറണ്‍ മുഴക്കി കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു വശത്ത് നിരയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കൂട്ടത്തില്‍ ആംബുലന്‍സുകളുമുണ്ട്. റോഡില്‍ നിന്ന് നോക്കിയപ്പോഴേ കണ്ടു, കുറച്ചകെ ഒരു ബസ് കുളത്തിലേക്ക് മുന്‍വശം കുത്തിവീണിരിക്കുന്നു.

ഗുരുവായൂരില്‍ നിന്നും പാലക്കാട്ടേക്ക് നിറയെ യാത്രക്കാരുമായി പോകുന്ന 'മയില്‍ വാഹനം' എന്ന ബസ്സാണ് അപകടത്തില്‍പെട്ടിരിക്കുന്നത്. (നമ്പര്‍ ഇപ്പോഴും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു ' KL9. 1989) പിറകിലെ ഫുട്ബോര്‍ഡ് വരെ കുളത്തിലെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പിന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് യാത്രക്കാരെ പുറത്തേക്ക് വലിച്ചെടുക്കുന്നത്. പുറത്തെത്തിച്ചവരെ അപ്പോള്‍ തന്നെ ജീപ്പില്‍ കയറ്റി ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. ഇരുട്ടിത്തുടങ്ങിയതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ നല്ലപോലെ ബാധിച്ചിരുന്നു. ആകെയുള്ളത് വാഹനത്തിന്റെ ഹെഡ്​ലൈറ്റിന്റെ പ്രകാശമാണ്. എങ്കിലും അമ്പതോളം പേരെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൊട്ടി കുറെയാളുകള്‍ കുളത്തിനുള്ളിലെ കിണറ്റില്‍ അകപ്പെട്ടിരുന്നു. ബസ് ഡ്രൈവും രണ്ട് കുട്ടികളും ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചുപോയി. പാലക്കാട്ട് നിന്ന് റിക്കവറി വാന്‍ വന്നെങ്കിലും ബസ് ഉയര്‍ത്താനായില്ല.

നിരവധി പമ്പുകള്‍ സെറ്റുകളെത്തിച്ച് വെള്ളം വറ്റിക്കാന്‍ തുടങ്ങി. അതിനിടെ ബസ്സിന്റെ ഓയില്‍ ടാങ്കില്‍ നന്ന് ചോര്‍ന്ന ഡീസലും എഞ്ചിന്‍ ഓയിലും കുളത്തിലെ വെള്ളത്തില്‍ കലര്‍ന്നിരുന്നു. ആ വെള്ളത്തിലിറങ്ങിയാണ് ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം. ഇത് തെറിച്ച് കണ്ണ് നീറി തുറക്കാന്‍ കഴിയുന്നില്ല. ഒപ്പം ഉടഞ്ഞ ചില്ലു കഷണങ്ങളും ഇരുമ്പ് തകിടുകളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. സഹപ്രവര്‍ത്തകനായിരുന്ന എബ്രഹാം സാറിന്റെ ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഭാഗങ്ങള്‍ ഇല്ല എന്ന സ്ഥിതിയായിരുന്നു. അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. അവസാനത്തെ പിഞ്ചുകുഞ്ഞിന്റെ ശരീരം കുളത്തിനു മുന്നിലെ കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ സമയം പാതി രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.  ബസില്‍ നിന്നും പുറത്തെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഗുരുവായൂരില്‍ നിന്നും വാങ്ങിയ കളിപ്പാട്ടങ്ങളും, കരിവളകളും ഉണ്ടായിരുന്നു..

ചില സംഭവസ്ഥലങ്ങളിലെത്തുമ്പോള്‍ ഒരു സിനിമ കാണുന്നത് പോലെ തോന്നിപ്പോവാറുണ്ട്. അത്യന്തം നാടകീയമായ, ഞങ്ങളെല്ലാവരും അതില്‍ അഭിനയിക്കുകയാണെന്ന തോന്നലുകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഒരുദിവസം കോഴിക്കോട്ട് നടന്നത്. തങ്ങള്‍സ് റോഡിലെ ഒരു വാടകവീട്ടില്‍ പയ്യോളിക്കാരനായ ഒരു യുവാവ് ആത്മഹത്യാഭീഷണി മുഴക്കി നില്‍ക്കുന്നതായാണ് ഞങ്ങള്‍ക്ക് മെസേജ് ലഭിച്ചത്. പോയി നോക്കുമ്പോള്‍ വെളുത്ത് സുന്ദരനായ ഒരു 35 വയസ്സുകാരന്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയാണ്. ഓടിട്ട ചെറിയ വീടിന്റെ ജനല്‍ കുത്തിത്തുറന്ന് യുവാവിനോട് സംസാരിക്കാന്‍ തുടങ്ങി. കട്ടിയുള്ള ബ്ലാങ്കറ്റില്‍ മണ്ണെണ്ണ ഒഴിച്ച് അതില്‍ ഇരിക്കുകയാണവന്‍. ഇടതു കൈയില്‍ ഒരു സിഗര്‍ ലൈറ്റും സമീപത്തായി മണ്ണെണ്ണ നിറച്ച രണ്ട് കുപ്പികളും പെട്രോള്‍ നിറച്ച രണ്ട് കുപ്പികളും ഒരു ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഗ്ലാസ് സിലിണ്ടര്‍ തുറന്ന് വിടുന്നുണ്ട്. അന്തരീക്ഷത്തിലെങ്ങും എയര്‍-ഫ്യുവല്‍ മിക്‌സ്ചറിന്റെ രൂക്ഷഗന്ധം. വലിയ ദുരന്തമാണ് തൊട്ടുമുന്നിലുളളത്. ഒരൊറ്റ തീപ്പൊരി മതി എല്ലാം കത്തിച്ചാമ്പലാവാന്‍. സിഗര്‍ ലൈറ്റില്‍ ഒന്നമര്‍ത്തിയാല്‍ അകത്തിരിക്കുന്നവനും പുറത്തുനില്‍ക്കുന്നവരുമെല്ലാം തീരും. 

യുവാവ് ഇരിക്കുന്നതിന്റെ തൊട്ടുപിന്നില്‍ ഒരു വാതിലുണ്ട്. അതിന് വലിയ ബലമില്ലെന്ന് മനസ്സിലാക്കി ഞങ്ങള്‍ ചിലത് മനസ്സിലുറപ്പിച്ചു. ചാര്‍ജ് ചെയ്ത ഹോസുമായി സഹപ്രവര്‍ത്തകരായ ശിഹാബുദ്ദീനും, സനൂജും (സനൂജ് പിന്നീട് എസ് ഐ.ആയി പോലീസില്‍ പോയി, മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ വെച്ച് മരണപ്പെട്ടു) വാതില്‍ ചവിട്ടി പൊളിക്കാന്‍ തയ്യാറായി പി.കെ. പ്രമോദും, മുഹമ്മദ് സാനിജും പിന്‍വാതിലിനരികില്‍ നിന്നു. മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ തയ്യാറായി അരുണ്‍ ഭാസ്‌ക്കര്‍ സാറും നിന്നു. എന്തൊക്കെ സംസാരിച്ചിട്ടും യുവാവ് കീഴടങ്ങാന്‍ തയ്യാറാവുന്നുണ്ടായിരുന്നില്ല. പക്ഷേ, എങ്ങനെയെങ്കിലും അപകടം വഴിതിരിച്ചുവിടുകയും വേണം. ഞാന്‍ യുവാവിനോട് സംസാരിച്ച് അയാളുടെ ശ്രദ്ധ എന്നിലേക്കാക്കി. അപ്പോഴെല്ലാം 'നിങ്ങള്‍ക്കെന്നെ ഒന്നും ചെയ്യാനാവില്ല. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് അയാള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അയാളോട് പലതും സംസാരിച്ചുകൊണ്ടേയിരിക്കെ ഞാനെന്റെ ഇടതുകൈ കൊണ്ട് ഹോം ഗാര്‍ഡ് അനില്‍ കുമാറിന് സിഗ്നല്‍ കൊടുത്തു. സംസാരം നിര്‍ത്തിയില്ല, സിഗ്നല്‍ കിട്ടിയ ഉടനെ പ്രമോദും സാനിജും വാതില്‍ ചവിട്ടിപ്പൊളിച്ച് യുവാവിന്റെ മേലേക്ക് ചാടിവീണു. മുന്‍വശത്തെ വാതില്‍ ചവിട്ടിപൊളിച്ച് അരുണ്‍ ഭാസ്‌ക്കര്‍ സാറും, പിന്നില്‍ ചാര്‍ജ് ചെയ്ത ഹോസുമായി സനൂജും ശിഹാബുദ്ദീനും അകത്തേക്കെത്തി. പിന്നെ കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലായിയിരുന്നു. മുറിയിലെ ഇന്ധനമെല്ലാം നീക്കം ചെയ്തു. യുവാവിനെ പോലീസ് വാഹനത്തില്‍ കയറ്റി ബീച്ച് ആശുപത്രിയിലേക്കയച്ചു.  കൂടെ ഒരു ഫയര്‍മാനും ഉണ്ടായിരുന്നു.

വലിയൊരു ദുരന്തമായേക്കാവുന്ന ഒരു സംഭവം ശുഭമായി കലാശിച്ച സംതൃപ്തിയോടെ ഞങ്ങള്‍ തിരിച്ചുവന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബീച്ച് ആശുപത്രിയിലേക്ക് പോയ ഫയര്‍മാനെ തിരിച്ച് ഓഫീസിലിറക്കാന്‍ പോലീസ് വണ്ടിയെത്തി. അതിലുണ്ടായിരുന്നു നമ്മുടെ ആ സുന്ദരന്‍ യുവാവ്. ചെറുപുഞ്ചിരിയോടെ, ചമ്മലോടെ എനിക്കൊരു ഷേക്ക്ഹാന്‍ഡും തന്നാണ് അയാള്‍ തിരിച്ചുപോയത്. 

ഏകോപനം : അശ്വതി അനില്‍