അനുഭവങ്ങളുടെ റോളര്‍കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ കാല്‍നൂറ്റാണ്ടുകാലത്തെ സേവനകാലം. അതില്‍ സസ്‌പെന്‍സും ത്രില്ലുമുണ്ട്, സന്തോഷവും സങ്കടവുമുണ്ട്. എത്ര കഠിനമായ നിരാശകള്‍ക്കുമപ്പുറം മനസ്സുനിറയ്ക്കുന്ന ഒരനുഭവമെങ്കിലും തേടിയെത്തുമെന്ന പ്രതീക്ഷയാണ് ഓരോ ദിവസത്തേയും മുന്നോട്ടുനയിക്കുന്നത്. മനുഷ്യശേഷികൊണ്ടു മാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ കാലത്തു നിന്ന് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഇന്നത്തെ കാലത്തേക്കുള്ള പ്രയാണമായിരുന്നു ഫയര്‍ഫോഴ്‌സിലെ എന്റെ രക്ഷാപ്രവര്‍ത്തന ജീവിതം. അതില്‍ വെല്ലുവിളി നിറഞ്ഞ നിരവധി അപകടങ്ങളുണ്ട്, മരണത്തിന്റെ മുനമ്പില്‍ നിന്ന് തിരിച്ചുപിടിച്ച ഒട്ടേറെ ജീവിതങ്ങളുണ്ട്, പ്രതിഫലങ്ങളായി കിട്ടിയ കണ്ണീരും ചിരികളുമുണ്ട്. ഫയര്‍ഫോഴ്‌സ് ജീവിതം പഠിപ്പിച്ചുതന്ന പാഠങ്ങൾ ഏറെയാണ്. റിട്ടയര്‍മെന്റിന് ശേഷമാണ് ജീവിച്ച ജീവിതത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. അനുഭവങ്ങളുടെ കണക്കെടുത്താല്‍ ഈ ജീവിതം പോരാതെ വരുമെന്ന് പോലും തോന്നിപ്പോവുന്നു. എന്നിരുന്നാലും ഭൂമിയില്‍ ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍ എനിക്കൊരു ഫയര്‍മാനായി തന്നെ സേവനമനുഷ്ഠിക്കണമെന്നാണ് ആഗ്രഹം.

To advertise here,

1995ലായിരുന്നു പി.എസ്.സി പരീക്ഷ എഴുതി പാസായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍മാന്‍ ഡ്രൈവറായി കയറിയത്. അന്ന് 30 വയസ്സായിരുന്നു പ്രായം. അപ്രതീക്ഷിതമായിട്ടാണ് ഫയര്‍ സര്‍വീസിലേക്കെത്തിയത്. പി.എസ്.സി കോച്ചിങ് സെന്‍ററുകളോ, ക്ലാസ്സുകളോ ഒന്നുമില്ലാത്ത കാലം. വീട്ടിലിരുന്ന് പഠിച്ച്  നിരവധി പി.എസ്.സി ലിസ്റ്റുകളില്‍ കയറിപ്പറ്റിയിരുന്നു. പോലീസിന്‍റേയും ജയില്‍ വാര്‍ഡന്‍റേയും സിവില്‍ സപ്ലൈസിന്‍റേയുമെല്ലാം ലിസ്റ്റുകളില്‍ പേരുണ്ടായെങ്കിലും എത്തിപ്പെടാനുള്ള നിയോഗം ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസ് ആയിരുന്നു. അത്ര താല്‍പര്യത്തോടെയല്ല ജോലിക്ക് കയറിയതെങ്കിലും ഈ സര്‍വീസ് നല്‍കുന്ന സംതൃപ്തി ജോലിയില്‍ തുടരാന്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. 20 പേരടങ്ങുന്ന ഞങ്ങളുടെ ബാച്ചിന് കണ്ണൂരിലായിരുന്നു പരിശീലനം. നാല് മാസത്തെ പരിശീലനത്തിന് ശേഷം ഷൊര്‍ണ്ണൂരില്‍ ആദ്യത്തെ പോസ്റ്റിങ് കിട്ടി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോഴിക്കോട്ടേയും മലപ്പുറത്തേയും തൃശൂരിലേയും കാസര്‍കോട്ടേയും നിരവധി ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2020 മെയ് മാസത്തിലാണ് സര്‍വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു. കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയിലായിരുന്നു കാലയളവ് പൂര്‍ത്തിയായതും വിരമിച്ചതും. സര്‍വീസിലെ ഏറ്റവും മികച്ച ദിവസം, അത് മുഖ്യമന്ത്രിയുടെ പക്കല്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ഏറ്റുവാങ്ങാന്‍ സാധിച്ച ആ ദിവസമാണ്. അതിനിടെ സേവനത്തിനുള്ള ബഹുമതിയായി പതിനാറ് ഗുഡ് സര്‍വീസ് എന്‍ട്രികളും തേടിയെത്തിയിട്ടുണ്ട്. 

1995ലെ പരിശീലന കാലയളവില്‍ തന്നെ നിരവധി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ആ ബാച്ചിലെ 20 പേര്‍ക്കും ഫീല്‍ഡിലിറങ്ങാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും അത്രത്തോളം ആവേശമുണ്ടായിരുന്നു. എപ്പോഴാണ് എമര്‍ജന്‍സി കോള്‍ വരുന്നതെന്നറിയില്ലല്ലോ, അതുകൊണ്ട് കോള്‍ അറ്റന്റ് ചെയ്യാനും പോവാനുമായി യൂണിഫോം ധരിച്ചായിരുന്നു ഞങ്ങള്‍ കിടക്കാറുള്ളത് പോലും. സര്‍വീസിന്റെ അവസാനകാലം വരെ, ഇന്നുവരെ ഞങ്ങള്‍ ആ സ്‌നേഹബന്ധവും തുടര്‍ന്നു. പക്ഷേ, ഇരുപത് പേരില്‍ മൂന്ന് പേര്‍ അപ്രതീക്ഷിതമായെത്തിയ അപകടത്തില്‍ വിടപറഞ്ഞു. 2002 മെയ് മാസത്തില്‍ കോഴിക്കോട് ഓര്‍ക്കാട്ടിരി വെള്ളികുളങ്ങരയില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെയായിരുന്നു കെ.കെ രാജന്‍, ജാഫര്‍, അജിത് കുമാര്‍ എന്നീ സഹപ്രവര്‍ത്തകര്‍ മണ്ണിനിടയില്‍പെട്ട് മരിച്ചത്. രാജന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. രാജന്റെ നമ്പര്‍ 1019 ആയിരുന്നു, എന്റേത് 1020ഉം. കര്‍മപഥത്തില്‍ ജീവന്‍ വെടിഞ്ഞ കൂട്ടുകാരും പരിചയക്കാരും അപരിചതരുമായ ഫയര്‍ സര്‍വീസിലെ തന്നെ നിരവധി പേര്‍ വേറെയുമുണ്ട്. എമര്‍ജന്‍സി കോള്‍ വന്നയുടനെ അപകടസ്ഥലത്തേയ്ക്ക് സൈറണും മുഴക്കി ഓടുന്ന ഫയര്‍ എഞ്ചിനില്‍ ഇരിക്കുന്നവര്‍ക്ക് ഒരു ചിന്ത മാത്രമേയുള്ളൂ, അതേ ഉണ്ടാവാന്‍ പാടുള്ളൂ, വലിയ പ്രതീക്ഷയോടെ ഞങ്ങളെ വിളിക്കുന്ന ജനങ്ങളുടെ വിശ്വാസം കാക്കണം, അവരുടെ പ്രാര്‍ഥനകളെ വിഫലമാക്കരുത്. ഒരാളുടെ ജീവന്‍ പോലും നഷ്ടപ്പെടാന്‍ പാടില്ല. പക്ഷേ, എന്നിരുന്നാലും നമ്മുടെ കൈകളിലല്ലല്ലോ വിധിയുടെ വിളയാട്ടങ്ങള്‍.

കനത്ത മഴ പെയ്യുന്ന 2018 ജൂലായ്  മാസം ഞായറാഴ്ച പുലര്‍ച്ചെ.. മക്കളെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടുപോവാമെന്ന് നേരത്തെ നിശ്ചയിച്ച ദിവസമായിരുന്നു അത്. വാക്ക് തെറ്റിക്കരുതല്ലോ, പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത മകനേയും അഞ്ചില്‍ പഠിക്കുന്ന മകനെയും വിളിച്ചുണര്‍ത്തി നേരെ കോഴിക്കോട് തൊണ്ടയാടുള്ള വിഷ്ണു ക്ഷേത്രക്കുളത്തിലേക്ക് പോയി. ഒരു മണിക്കൂര്‍ നേരത്തെ പരിശീലനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് നേരെ കോഴിക്കോട്ടെ ബീച്ച് ഫയര്‍‌സ്റ്റേഷനിലെത്തി ജോലിയില്‍ മുഴുകി. അതിനിടെയാണ് 12 മണിയോടെ 101 നമ്പറിലേക്ക് ഫോണ്‍ കോള്‍ വന്നത്. കുറ്റിച്ചിറ കുളത്തില്‍ കുളിക്കുന്നതിനിടയില്‍ ഒരു കുട്ടിയെ കാണാതായിരിക്കുന്നു. 'ഇന്‍സിഡന്റ് കോള്‍' ആണെന്നറിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന ഫയര്‍ ബെല്‍ നീട്ടിയടിച്ചു. വിശ്രമമുറിയില്‍ നിന്നും ഓടി വന്ന ജീവനക്കാരേയും കൂട്ടി എമര്‍ജന്‍സി ടെണ്ടറും ജീപ്പുമായി കുറ്റിച്ചിറയിലേക്ക് കുതിച്ചു. എത്തിയപ്പോഴേക്കും ഏതോ മുങ്ങല്‍ വിദഗ്ധന്റെ കാലില്‍ തടഞ്ഞ പതിനേഴുകാരന്റെ ശരീരം കുളത്തിന് പുറത്തേക്കെത്തിച്ചിരുന്നു. എന്റെ മൂത്തക്കുട്ടിയോളം പ്രായമുള്ള മകനാണ്. ആദ്യകാഴ്ചയില്‍ തന്നെ ഉള്ളുലഞ്ഞുപോയി. പെട്ടന്നുതന്നെ കൃത്രിമശ്വാസം നല്‍കി ആശുപത്രിയിലേക്കോടി. അതിവേഗതയില്‍ പാഞ്ഞ ജീപ്പ് ബീച്ച് ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോള്‍ അവന്‍ രക്ഷപ്പെടണമേ എന്ന ഒറ്റ പ്രാര്‍ത്ഥനയേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ ട്രോളിയില്‍ കിടത്തി കാഷ്വാലിറ്റിയിലേക്ക് കുതിച്ചു. എമര്‍ജന്‍സിയിലേക്ക് ഓടിവന്ന ഡോക്ടര്‍മാര്‍ അവന്റെ ശരീരത്തില്‍ വയറുകളും മറ്റും ഘടിപ്പിച്ചു.. കൈവിട്ടുപോകാനൊരുങ്ങുന്ന ജീവന്‍ തിരിച്ചുപിടിക്കാനുള്ള വിലപ്പെട്ട നിമിഷങ്ങള്‍. അഞ്ച് മിനിറ്റ് നീണ്ട കഠിനാധ്വാനത്തിന് ശേഷം നിരാശനിറഞ്ഞ മുഖവുമായി ഡോക്ടര്‍ വന്നുപറഞ്ഞു, കുട്ടി മരിച്ചിരിക്കുന്നു..! 

മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാടിന് ഒരു ഫലവും കിട്ടിയില്ല. ആ പതിനേഴുകാരന്റെ മുഖത്തേക്ക് ഒരിക്കല്‍ കൂടി ഞാന്‍ നോക്കി, രാവിലെ അമ്പലക്കുളത്തില്‍ എന്റെ കൈകളിൽ കിടന്ന് നീന്തൽ പഠിച്ച മകനെ ഓര്‍മവന്നു, ഒരു വിങ്ങല്‍ കയറിവന്ന് തൊണ്ടയില്‍ കുടുങ്ങി. വളരെ സങ്കടത്തോടെ ആശുപത്രി വരാന്ത കടന്ന് ജീപ്പിനരികിലേക്ക് നടന്നപ്പോള്‍ എനിക്കരികിലേക്ക് ഒരു ഓട്ടോവന്നുനിന്നു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഇറങ്ങിവന്നു ചോദിച്ചു, 'കുറ്റിച്ചിറയില്‍ നിന്നും അപകടത്തില്‍പെട്ട് ഇവിടെ എത്തിച്ചത് എന്റെ മകനെയാണ്, അവനെന്താണ് പറ്റിയത്? പെട്ടന്ന് എനിക്കൊന്നും പറയാന്‍ പറ്റിയില്ല, കുറച്ച് സെക്കന്റുകള്‍ക്ക് ശേഷം സമചിത്തത വീണ്ടെടുത്ത് ആ അച്ഛന്റെ മുഖത്തുനോക്കി എനിക്കൊരു കളവ് പറയേണ്ടി വന്നു. 'നിങ്ങളുടെ മകന്‍ കുളത്തിലിറങ്ങുമ്പോള്‍ കാലിന് ഒരു മുറിവ് പറ്റി, തുന്നലിടണം നിങ്ങള്‍ ഇവിടെ നില്‍ക്കൂ, ഞാന്‍ പോയി പറഞ്ഞു വരാം'. അയാളെ അവിടെ നിര്‍ത്തി അത്യാഹിത വിഭാഗത്തിലേക്ക് ഞാന്‍ പോയി ഡോക്ടറെ കണ്ടു. 'സാര്‍ ആ കുട്ടിയുടെ വാപ്പ വന്നിരിക്കുന്നു, എന്താ പറയേണ്ടത്'? നിങ്ങള്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞോളൂ, ഇപ്പോഴായാലും കുറച്ചു കഴിഞ്ഞാലും അയാള്‍ ആ സത്യമറിയേണ്ടതാണ്, പോയി പറഞ്ഞോളൂ..!  മകന്റെ മരണവിവരം വാപ്പയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ദൂതനായിരിക്കുന്നു ഞാന്‍. രണ്ട് സഹോദരിമാരുടെ കണ്ണും കരളുമായ കുഞ്ഞാങ്ങള, കൂലിപ്പണിക്ക് പോകുന്ന ബാപ്പ, മകന് ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന ഉമ്മ. എന്താണ് അവരോട് ഞാന്‍ പറയേണ്ടത്, അയാളുടെ ഏക മകന്‍ മരിച്ചുപോയെന്നോ, ഇനി തിരിച്ചുവരില്ലെന്നോ? ആശുപത്രി വരാന്ത ഇറങ്ങുമ്പോള്‍ കാലിലെ മുറിവ് തുന്നിക്കെട്ടി എനിക്ക് പിന്നില്‍ വരുന്ന മകനെ കാത്തിരിക്കുകയായിരുന്നു ആ വാപ്പ അപ്പോള്‍. ആ കണ്ണില്‍ നോക്കി സത്യം പറയാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല, എനിക്കത് പറയേണ്ട, ഞാന്‍ തിരിഞ്ഞുനടന്നു.. 

അതേവര്‍ഷം തന്നെ സമാനമായ മറ്റൊരു സംഭവവും നടന്നു.. രാവിലെ എട്ടരമണിയോടടുത്ത സമയം. വാച്ച് റൂമിലെ ഫോണ്‍ അടിച്ചു. രണ്ടാമത്തെ ബെല്ലിന് മുന്‍പായി ഫോണ്‍ ഡ്യൂട്ടിക്കാരന്‍ ഫോണ്‍ എടുത്തു. കോഴിക്കോട് നടക്കാവ് പള്ളിക്ക് എതിര്‍വശത്തെ കിണറ്റില്‍ കുട്ടി വീണിരിക്കുന്നുവെന്നാണ് വിവരം. എമര്‍ജന്‍സി ടെണ്ടറും ജീപ്പുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. പള്ളിക്ക് എതിര്‍വശത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് വയസ്സുകാരനാണ് കിണറ്റിലേക്ക് വീണത്. തൊട്ടടുത്ത ഫ്‌ളാറ്റിലെ ആള്‍ കാര്‍ കഴുകുന്നതും നോക്കി കിണറിന്റെ മുകളിലെ ഇരുമ്പുനെറ്റില്‍ ഇരിക്കുകയായിരുന്നു കുട്ടി. പൂര്‍ണഗര്‍ഭിണിയായ ഉമ്മയും സമീപത്തുണ്ട്. അപ്രതീക്ഷിതമായാണ് നെറ്റ് പൊട്ടി കുട്ടി കിണറ്റിലേക്ക് വീണത്. കുട്ടി വീണയുടനെ സമീപത്തുണ്ടായിരുന്ന ആളും കിണറ്റിലേക്കിറങ്ങി. ഞങ്ങള്‍ എത്തുമ്പോള്‍ കിണറ്റിലേക്കിറങ്ങിയ ആള്‍ കുട്ടിയേയും പിടിച്ച് കയറില്‍ തൂങ്ങി നില്‍ക്കുകയാണ്. മുകളിലേക്ക് കയറാന്‍ പറ്റുന്നില്ല. ഉടന്‍ തന്നെ ലീഡിങ് ഫയര്‍മാനായ സദാനന്ദന്‍ കിണറ്റിലിറങ്ങി രണ്ടു പേരെയും പുറത്തെത്തിച്ചു. ഭാഗ്യത്തിന് കുട്ടിക്കും രക്ഷപ്പെടുത്തിയ ആള്‍ക്കും പുറമേ പരിക്കുകളൊന്നും പറ്റിയിട്ടില്ല. മകനേയും കൂട്ടി കരഞ്ഞുതളര്‍ന്നിരിക്കുന്ന ഉമ്മയ്ക്കരികിലേക്കെത്തി. വാക്കുകളില്ലാതിരിക്കുകയായിരുന്നു അവര്‍. പുറത്തുവരുന്നത് ഏങ്ങിക്കരച്ചില്‍ മാത്രം. ഞങ്ങളുടെ ഡ്യൂട്ടി അവിടെ തീരുന്നില്ല, പ്രാഥമിക പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൂടി എത്തിക്കേണ്ടതുണ്ട്. അവനെ ഉമ്മയുടെ കൈയില്‍ നിന്നും വാങ്ങി ജീപ്പിനരികിലേക്ക് നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കി, കൈകൂപ്പി നില്‍ക്കുന്നുണ്ടായിരുന്നു ആ അമ്മ, സ്‌നേഹത്തിന്റെ പ്രതിരൂപം. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നിലേക്ക് ആ കാഴ്ചയേയും ഞാന്‍ ചേര്‍ത്തുവെച്ചു. 

(തുടരും....)

ഏകോപനം: അശ്വതി അനിൽ