രാജാജി ദേശീയ വന്യമൃഗ സങ്കേതത്തിൽനിന്ന്‌ ഒരു ഏഷ്യൻ ആന വനത്തിലെ ആനത്താരയിലൂടെ നൂറു കിലോ മീറ്റർ നടന്നാൽ ജിം കോർബെറ്റ് വന്യമൃഗ സങ്കേതത്തിലെത്തും. കാട്ടിലെ ആന ഒരു ദിവസം ശരാശരി പത്തു കിലോ മീറ്റർ നടക്കുന്നു എന്നാണ് പറയുന്നത് . അതായത് ഡൽഹിയിലെ രാഷ്ട്രപതിഭവനിൽ Edwin Lutyens-ന്റെ പ്രതിമ മാറ്റി രാജാജിയുടെ പ്രതിമ സ്ഥാപിച്ച ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ഹരിദ്വാറിലെ രാജാജി നാഷണൽ പാർക്കിലുണ്ടായിരുന്ന ഒരാനക്കൂട്ടം മാർച്ച് മാസം ഒന്നാം തീയതി ജിം കോർബെറ്റ് നാഷണൽ പാർക്കിൽ സ്വൈര്യവിഹാരം നടത്തുന്നുണ്ടായിരിക്കും.

To advertise here,

ജിം കോർബെറ്റിന്റെ അപ്പൂപ്പൻ തോമസ് കോർബെറ്റും അമ്മൂമ്മ ഹാരിയറ്റും പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽനിന്നു ക്രിസ്തുമതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു. അങ്ങനെ വരുമ്പോൾ Edwin Lutyens-നെ പോലെ കൊളോണിയൽ ഇന്ത്യയുടെ ബാക്കിയാണ് ജിം കോർബെറ്റും, അദ്ദേഹം ജനിച്ചതും വളർന്നതും ഇന്ത്യയിലായിരുന്നെങ്കിലും.

കൊളോണിയൽ ഭരണത്തിനോടുള്ള അടിമ മനോഭാവം തീർത്തും ഇല്ലാതാക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ ശ്രമം ഏതറ്റം വരെ പോകും? World Wild Life Fund-ന്റെ ഇന്ത്യ ഓഫീസ് പ്രവർത്തിക്കുന്നത് ഡൽഹിയിലെ മാക്‌സ് മുള്ളർ മാർഗിലാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ ആ ജർമ്മൻ സായിപ്പ് സംസ്‌കൃതവും ഇന്ത്യൻ വേദങ്ങളും ഉപനിഷത്തുകളും പഠിച്ചതുകൊണ്ടാണ് യൂറോപ്പിന് അത്തരത്തിലുള്ള ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത് . അപ്പോൾ ജിം കോർബെറ്റ് ദേശീയപാർക്കിന്റേയും മാക്‌സ് മുള്ളർ മാർഗിന്റെയും പേരുമാറ്റുമോ? (മനുഷ്യൻ കാടുകൾക്കിടുന്ന പേരുകളൊന്നും വന്യജീവികളെ ബാധിക്കുന്നില്ലെങ്കിലും).

മലബാർ മാന്വൽ എഴുതാൻ വില്യം ലോഗൻ എന്ന ബ്രിട്ടീഷ് മലബാർ കളക്ടറെ സഹായിച്ച ഒയ്യാരത്ത് ചന്ദു മേനോൻ (ജനനം: നടുവണ്ണൂർ, പേരാമ്പ്ര) ബ്രിട്ടീഷ് നോവലുകളുടെ ചുവടുപിടിച്ചാണ് ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയത് എന്നത് സാഹിത്യപ്രണയികൾക്ക് അറിയാവുന്ന വസ്തുതയാണ്. അതും കൊളോണിയൽ അടിമത്ത മനോഭാവത്തിന്റെ ബാക്കിയെങ്കിൽ നമുക്ക് പുസ്തകാലമാരകളിൽനിന്ന് ഇന്ദുലേഖയെ എടുത്തു മാറ്റിയാലോ ? അതോ നോവൽ എഴുതുന്നതിനു മുൻപ് അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ച Benjamin Disraeli എഴുതിയ Henrietta Temple മാത്രം എടുത്തുമാറ്റിയാൽ മതിയാകുമോ? അതെടുത്തുമാറ്റിയാലും ഇന്ദുലേഖയിലെ വിക്ടോറിയൻ മൂല്യങ്ങളെ ഒരു പ്രതിമ എടുത്തുമാറ്റുമ്പോലെ മാറ്റാൻ കഴിയുമോ? കേരള അല്ല കേരളം ഏറ്റവും കൂടുതൽ വായിച്ച സാഹിത്യകൃതി 'രമണൻ' 1936-ൽ ഇറങ്ങിയപ്പോൾ ചങ്ങമ്പുഴ അതിനു നൽകിയ പേര്: രമണൻ: A pastural elegy എന്നായിരുന്നു. കവിയുടെ കൊളോണിയൽ അടിമത്ത മനോഭാവം എന്നല്ലാതെ എന്തുപറയാൻ!

മദിരാശി സർക്കാർ മ്യുസിയത്തിലെ സൂപ്രണ്ടായിരുന്ന Edgar Thurston-ന്റെ സഹായവും തിരുവനന്തപുരത്തെത്തിയ എണ്ണച്ചായാചിത്രകാരനായിരുന്ന ഡെന്മാർക്കുകാരനെങ്കിലും ലണ്ടനിൽ താമസമാക്കിയിരുന്ന Theodore Jensen-ന്റെ സ്വാധീനവുമില്ലായിരുന്നെങ്കിൽ കിളിമാനൂർ കൊട്ടാരത്തിലെ കോയിത്തമ്പുരാനായിരുന്ന രവിവർമ്മയ്ക്ക് തന്റെ ചിത്രകലാ പ്രാവിണ്യത്തെ അപരമായി വികസിപ്പിക്കുവാൻ കഴിയുമായിരുന്നോ? രാജ രവിവർമ്മയുടെ ചിത്രങ്ങളിൽനിന്നു വിക്ടോറിയൻ ചിത്രകലയെ എടുത്തുമാറ്റുന്നതിലും പ്രയാസമായിരിക്കും ഡൽഹി വാസ്തുകലയിൽനിന്നു Edwin Lutyens-ന്റെ പ്രഭാവത്തെ ഇറുത്തുമാറ്റൽ. ഡേവിഡ് ലോ എന്ന കാർട്ടൂണിസ്റ്റിനെ നിങ്ങൾക്ക് എങ്ങനെ ആർ.കെ. ലക്ഷ്മൺ എന്ന കാർട്ടൂണിസ്റ്റിന്റെ മഹത്തായ കാലപ്രപഞ്ചത്തിൽനിന്ന് പിഴുതുകളയാൻ പറ്റും ?

രാഷ്ട്രപതിഭവനിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിമ എടുത്തുമാറ്റിയാൽ അതിനെ എതിർക്കേണ്ടതില്ല എന്നാൽ, ആ മനോഹരമായ കെട്ടിടം രൂപകൽപന ചെയ്തതിൽ പ്രമുഖ പങ്കുവഹിച്ച Edwin Lutyens എന്ന വാസ്തുശില്പിയുടെ പ്രതിമ കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമാണെന്ന് കരുതിയാൽ  ചന്തുമേനോന്റെ ഇന്ദുലേഖയേയും ബാബ സാഹേബ് അംബേദ്കറിനെ അദ്ദേഹമാക്കി മാറ്റിയ ഘടകങ്ങളിൽ പ്രധാനമായിരുന്ന ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലെ പഠനത്തേയും നാം നിരാകരിക്കേണ്ടിവരില്ലേ? ഇന്ത്യൻ ഭരണഘടനയിൽ പോലും ബ്രിട്ടീഷ് സ്വാധീനങ്ങൾ വേണ്ടുവോളമുണ്ടല്ലോ.

ഇപ്പോൾ ഇന്ത്യൻ ഭരണകൂടം അളവറ്റ് സ്‌നേഹിക്കുന്ന 'വന്ദേമാതരം' ഗാനമെഴുതിയ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യനോവൽ 'രാജ്‌മോഹന്റെ ഭാര്യ' എഴുതിയത് ഇംഗ്ലീഷിലും സർ വാൾട്ടർ സ്‌കോട്, ചാൾസ് ഡിക്കൻസ് എന്നീ എഴുത്തുകാരുടെ സ്വാധീനത്തിലുമായിരുന്നില്ലേ? അപ്പോൾ Rajmohan's Wife എന്ന കൃതിയെ ഒഴിവാക്കിയാണോ നമ്മൾ ബങ്കിം ചന്ദ്രയെ പഠിക്കേണ്ടത്?

രാഷ്ട്രപതി ഭവനിലെ Edwin Lutyens-ന്റെ പ്രതിമ വരാൻ പോകുന്ന തമിഴ്നാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണെന്ന്‌ നിരീക്ഷകർ പറയുന്നു. തമിഴ് ഹിന്ദു ആധീനത്തിന്റെ ചെങ്കോലിനും രാജാജിയ്ക്കുമെല്ലാം ഇന്ത്യാ തലസ്ഥാനത്ത് പുനർജ്ജന്മം ലഭിക്കുന്നത് അതിനാണെന്ന് വ്യക്തമാണെങ്കിലും അതിനുപിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയത്തിൽ ചരിത്രപരമായ പിശകുണ്ടെന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. മറന്നുപോയവയെ ഓർത്തെടുക്കുന്നതിൽ തെറ്റില്ല. രാജാജിയെ ഇന്ത്യ അപ്പാടേ മറന്നു കളയേണ്ട ഒരാളല്ലതാനും. എന്നാൽ, ഒരാളെ എങ്ങനെയാണ് വീണ്ടും ഓർക്കാൻ ശ്രമിക്കുന്നത് എന്നതും പ്രധാനമാണ്. പണ്ഡിറ്റ് നെഹ്റുവുമായി അകന്നുപോയ രാജാജിയെക്കാൾ തലപ്പൊക്കം കൂടുതലുള്ളത് അതിനുമുൻപുള്ള രാജാജിയ്ക്കായിരുന്നു. രാജാജി എന്ന സമഗ്രതയായിരിക്കണം അദ്ദേഹത്തെ ഓർക്കുമ്പോൾ നമ്മേ നയിക്കേണ്ടത്. എന്നാൽ, ഇപ്പോൾ രാഷ്ട്രപതി ഭവനിൽ അനാച്ഛാദിതനായ രാജാജി 1959-ൽ കോൺഗ്രസ്സിൽനിന്നു രാജിവെച്ച് സ്വതന്ത്ര പാർട്ടി ഉണ്ടാക്കിയ നേതാവാണ്. നെഹ്റുവിനെ എതിർത്തു എന്നതാണ് രാജാജിയോടുള്ള പുതിയ പ്രണയത്തിന് കാരണം. അതിൽ ശിരഃഛേദം സംഭവിച്ചതോ ആധുനിക ഡൽഹിയുടെ വാസ്തുഗുരുവായിരുന്ന Edwin Lutyens- നും.

രാജാജി ഗാന്ധിജിയുടെ അനുയായിയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. ദണ്ഡിയിൽ ഗാന്ധിജി ഉപ്പു കുറുക്കിയപ്പോൾ കേളപ്പൻ പയ്യന്നൂരും രാജാജി വേദാരണ്യത്തിലും ഉപ്പുകുറുക്കി. ഗാന്ധിജിയുടെ മകൻ ദേവദാസ് വിവാഹം ചെയ്തത് രാജാജിയുടെ മകൾ ലക്ഷ്മിയെ ആയിരുന്നു. വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി വൈക്കത്തുവന്നപ്പോൾ കൂടെയുണ്ടായിരുന്നത് രാജാജിയായിരുന്നു. 1925 മാർച്ച് പന്ത്രണ്ടാം തീയതി ഗാന്ധിജി വർക്കലയിൽ നാരായണ ഗുരുവിനെ കണ്ടപ്പോൾ കൂടെ രാജാജിയുമുണ്ടായിരുന്നു. എന്നാൽ, ക്വിറ്റ് -ഇന്ത്യ പ്രസ്ഥാനത്തിന് രാജാജി എതിരായിരുന്നു.

ഗാന്ധിജിയുടേയും നെഹ്റുവിന്റെയും അതിശക്തകാലത്ത് അവരോട് പരസ്യമായി വിയോജിക്കാനുള്ള വിമതധൈര്യം രാജാജിയ്ക്കുണ്ടായിരുന്നു. എന്നാൽ, ഭരണകൂടത്തെ എതിർക്കാൻ ധൈര്യം കാണിച്ചതല്ല ഇന്നത്തെ ഡൽഹി ഭരണകൂടത്തിന് രാജാജിയിൽ തമിഴ് നാട് തിരഞ്ഞെടുപ്പുകാലത്ത് വർദ്ധിതപ്രണയമുണ്ടാകാനുള്ള കാരണം. നെഹ്രുവിനെയും കോൺഗ്രസിനേയും അവസാനകാലത്ത് എതിർത്തു എന്നതാണ്.

തമിഴ് നാട്ടിൽനിന്നു കോൺഗ്രസ്സ് ഭരണം തുടച്ചുമാറ്റിയ 1967 തിരഞ്ഞെടുപ്പിൽ സി. എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് വിരുദ്ധമുന്നണിയുടെ ബുദ്ധികേന്ദ്രം സി. രാജഗോപാലാചാരി ആയിരുന്നു. മാത്രമല്ല, അതിനു മുൻപ് 1952-ൽ കമ്മ്യൂണിസ്റ്റുകാർ മദ്രാസിൽ അധികാരത്തിൽ വരുന്നതു തടയാനുള്ള ഭരണഘടനാ വിരുദ്ധനീക്കത്തിൽ കോൺഗ്രസ് നേതാവ് കാമരാജുo കൂട്ടരും മന്ത്രിസഭയുണ്ടാക്കിയത് രാജാജിയുടെ നേതൃത്വത്തിലായിരുന്നല്ലോ.

നെഹ്രുവുമായി അദ്ദേഹം അകന്നിരുന്നു. 1959-ൽ അദ്ദേഹം സ്വതന്ത്ര പാർട്ടി ഉണ്ടാക്കി. എന്നാൽ, പണ്ഡിറ്റ് നെഹ്റു അന്തരിച്ചപ്പോൾ രാജാജി പറഞ്ഞു: 'എന്നേക്കാൾ പതിനൊന്നു വയസ്സ് ഇളയതായിരുന്നു നെഹ്റു . എന്നാൽ എന്നെക്കാൾ ഈ രാജ്യത്തിന് പതിനൊന്നിരട്ടി പ്രാധാന്യം നെഹ്രുവിനുണ്ടായിരുന്നു. എന്നേക്കാൾ പതിനോരായിരം ഇരട്ടി ഈ രാജ്യത്തിന്റെ പ്രിയങ്കരനായിരുന്നു പണ്ഡിറ്റ് നെഹ്റു'. ആ നെഹ്റു സ്മരണകളെ തുടച്ചുമാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ രാജാജിയുടെ പ്രതിമ രാഷ്ട്രപതി ഭവനിൽ വെച്ചിരിക്കുന്നത്.

കേരളത്തിലേക്ക് വരുമ്പോൾ തിരുനാവായ നദീതീരത്ത് അടുത്തകാലത്തു നടന്ന പുതിയ മാമാങ്കം ഓർമ്മയിലേക്കു വരുന്നു. മാമാങ്കം മാത്രമല്ല, സംഘപരിവാറിന് ഒരു കേരള ഗാന്ധിയെ കൂടി ആ ഭാരതപ്പുഴയുടെ തീരത്തേക്ക് ആനയിക്കാൻ അവസരമുണ്ട്, എത്രയോ നാളുകളായി കേളപ്പനെ അവർ സ്വാംശീകരിക്കാൻ ശ്രമിച്ചുവരികയാണ്, രാജാജിയെ രാഷ്ട്രപതിഭവനിൽ Edwin Lutyens-ന് പകരം പ്രതിഷ്ഠിച്ചതുപോലെ. രാഷ്ട്രീയജീവിതത്തിന്റെ അവസാനകാലത്ത് കോൺഗ്രസ്സുമായി കലഹിച്ച് 1952-ൽ പൊന്നാനിയിൽനിന്ന് കെ. കേളപ്പൻ ജയിച്ചത് കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടായിരുന്നല്ലോ, പിന്നീട് രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് അദ്ദേഹം സർവോദയ പ്രവർത്തകനായി എങ്കിലും. കോൺഗ്രസ്സിനെ ഉപേക്ഷിച്ച വലിയ നേതാക്കന്മാരെ സ്വന്തമാക്കാനുള്ള ശ്രമം സംഘ പരിവാർ തുടരുകതന്നെ ചെയ്യും.

എന്നാൽ, കൊളോണിയൽ ഭരണത്തിന്റെ ബാക്കിയെ നിഷ്‌കാസനം ചെയ്യുന്ന പ്രക്രിയയിലെ പരിഹാസ്യമായ സ്ഥൂലത Edwin Lutyens-ന്റെ പ്രതിമ എടുത്തുമാറ്റുന്നതിൽ അനല്പമായ അല്പത്തരത്തോടെ പ്രകടമായി. ബ്രിട്ടീഷ് കൊളോണിയൽ മനോഭാവത്തിന്റെ ശേഷിപ്പുകൾ ഓരോന്നോരോന്നായി എടുത്തുകളയുന്നവരോട് പറയാൻ നാരായണ ഗുരു പറഞ്ഞ ഒരു വാചകമുണ്ട്, അതുകൂടി നമുക്ക് ഒന്നോർക്കാം: ' എനിക്ക് സന്ന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്.'