യൂട്യൂബിൽ നോക്കി കുലുക്കി സർബത്ത് ഉണ്ടാക്കുന്നത് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡൊണാൾഡ് ട്രമ്പിന്റെ സംസ്‌കാരശൂന്യമായ വാചകങ്ങൾ കേട്ടത് ...'ഇന്നു രാത്രികൊണ്ട് ഞങ്ങൾ ഒരു സംസ്‌കാരം തുടച്ചുനീക്കും'. ആരുടെ ഒസ്യത്ത് പ്രകാരമാണ് ഇയാൾക്ക് ഈ ലോകാധികാരം എന്നു ദേഷ്യത്തോടെ വിചാരിച്ചപ്പോഴാണ് പെട്ടെന്ന് ഓർമ്മ വന്നത് ഈ രണ്ടു വാചകങ്ങളിലായി വന്ന രണ്ട് മലയാളവാക്കുകൾ ട്രമ്പ് നശിപ്പിക്കാൻ ശ്രമിക്കുന്ന പേർഷ്യൻ സംസ്‌കാരത്തിൽനിന്നു കടൽ കടന്ന് കേരളത്തിലെത്തിയതാണല്ലോ എന്ന്. നിങ്ങൾക്ക് ഒരു രാജ്യത്തെ തച്ചുടയ്ക്കാം, പക്ഷേ ആ സംസ്‌കാരത്തെ നശിപ്പിക്കാൻ കഴിയില്ല. പേർഷ്യൻ സംസ്‌കാരം നശിക്കണമെങ്കിൽ ഇന്ത്യയും കേരളവും കൂടി നശിക്കണം. കേരളത്തിലെ 'അബ്കാരി'കൾ നശിക്കണം, നമ്മുടെ 'അസ്സൽ' ഭക്ഷണക്രമങ്ങൾ നശിക്കണം, വൈകുന്നേരങ്ങളിലെ 'കുശാൽ ദർബാറു'കൾ ഇല്ലാതാകണം.

To advertise here,

ഒരു മരമെന്തെന്ന് അറിയണമെങ്കിൽ ഭൂമിക്കടിയിൽ പരന്ന് അത് കാലങ്ങൾ കൊണ്ടുണ്ടാക്കിയ വേരുപടലങ്ങളുടെ 'ഖജനാവ്' കാണണം. വേരുകൾ പലയിടങ്ങളിൽനിന്ന് വെള്ളവും വളവും വലിക്കുന്നതുപോലെ മലയാളിയുടെ വേരുകൾ വലിച്ച വെള്ളം പല സംസ്‌കാരങ്ങളിൽനിന്നാണ്. അതിനാൽ ട്രമ്പ് ഇറാനെ മുച്ചൂടും തകർത്താലും മലയാളിയിൽ പേർഷ്യ ബാക്കിയാകും. ബാക്കി എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം അവശേഷിക്കുന്നത് എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയിൽ കേരളത്തിൽനിന്നു തൊഴിൽ തേടി പുതിയ മേച്ചിൽപുറങ്ങളിലേക്ക് മലയാളികൾ കുടിയേറിയപ്പോൾ നമ്മൾ പറഞ്ഞിരുന്നത് 'മോൻ പേർഷ്യയ്ക്കു പോയി' എന്നായിരുന്നു, ഗൾഫിലേക്ക് പോയി എന്നായിരുന്നില്ല. ആദ്യം പേർഷ്യയിൽനിന്നു കേരളക്കരയിൽ വന്ന സുഗന്ധം മാത്രമല്ല, ആ വാക്കും ഇറാനിൽ സുഗന്ധമാണ്, അത്തർ.

വിശാല ഇറാന്റെ (ഇറാൻ ഗണ്യമായ സാംസ്‌കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ) ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ പേർഷ്യൻ സാമ്രാജ്യം ആയിരുന്നു ഹഖാമനി സാമ്രാജ്യം ( The Achaemenian Empire in the 6th and 5th centuries BCE). അത് ഇന്നത്തെ ഇന്ത്യയിലെ സത്‌ലജ് നദിയുടെ തീരം വരെ വ്യാപിച്ചുകിടന്നിരുന്നു. ഹഖാമനിമാരുടെ കാലത്താണ് നികുതി സമ്പ്രദായമെന്താണെന്ന് വടക്കു-പടിഞ്ഞാറൻ ഇന്ത്യ മനസ്സിലാക്കിയതുതന്നെ. നികുതി മാത്രമല്ല, അക്കാലത്തുതന്നെ സംഗീതവും വന്നു. പഖ് ആവാസ് എന്നാൽ പേർഷ്യനിൽ സൗമ്യമായ ശബ്ദം എന്നാണ്. ഇന്ത്യയിലെ പ്രധാന തുകൽ വാദ്യങ്ങളിൽ ഒന്നിന്റെ പേരാണത്, പഖ് വാജ്.

രണ്ടുകൊല്ലങ്ങൾക്കു മുൻപ് ഞങ്ങൾ ഈജിപ്തിലെ ഒരു ഇറാനിയൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ റീനയോട് ഞാൻ മലയാളത്തിൽ കുറച്ച് അച്ചാർ കിട്ടിയിരുന്നെങ്കിൽ എന്നു പറഞ്ഞു. അലക്സാൻഡ്രിയ നഗരത്തിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഗൈഡ് അതു കേട്ടിട്ട് പറഞ്ഞു, ഇറാനിൽ അച്ചാർ എന്നാൽ വിനാഗിരിയിലും ഉപ്പിലും സ്ഫുടം വന്ന പച്ചക്കറിയും പഴവും മാംസവുമാണെന്ന്. ഞാൻ അപ്പോൾ ഗൈഡ് ആദിലിനോട് പറഞ്ഞു, ഞങ്ങളും ചായ എന്നുപറയും ഇറാൻകാരും ചായ എന്നു പറയും എന്ന്. അപ്പോൾ സഞ്ചരിക്കുന്ന പേർഷ്യൻ ജ്ഞാനസംഗ്രഹമായ ആദിൽ അഹമ്മദ് അസീസ് പറഞ്ഞു, പത്തൊൻപതാം നൂറ്റാണ്ടിൽ ഇറാനിയൻ നയതന്ത്രജ്ഞനായിരുന്ന Mohammad Mirza Kashef Al Saltaneh ആണ് ഇന്ത്യയിൽനിന്ന് ആദ്യമായി ഒരു തേയിലച്ചെടി ഇറാനിൽ കൊണ്ടുപോയതെന്ന്.

പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിമാർ ഭരിച്ചിരുന്ന കോഴിക്കോട്ട് ഒരു പേർഷ്യൻ സഞ്ചാരി വന്നിരുന്നു, അബ്ദൽ റസാഖ് സമർഖണ്ഡി. കോഴിക്കോട്ടെ സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം പേർഷ്യൻ ജനത്തോടു പറഞ്ഞു, Matla-us-Sadain wa Majma-ul-Bahrain (രണ്ട് ശുഭനക്ഷത്രങ്ങളുടെ ഉദയവും രണ്ട് സമുദ്രങ്ങളുടെ സംഗമവും) എന്ന പുസ്തകത്തിൽ. ഞാൻ മാനാഞ്ചിറയിലെ ഹജൂർ കച്ചേരിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഉണ്ടായതാണെങ്കിലും മുഗൾ ഭരണകാലത്തും അതിനുമുൻപുള്ള പേർഷ്യൻ സുൽത്താനേറ്റ് ഭരണകാലത്തുമാണ് ഇന്ത്യയിലെ നീതിന്യായ കോടതികളിൽ പേർഷ്യൻ വാക്കുകൾ കയറിക്കൂടിയത്. വക്കീൽ എന്ന വാക്ക് പേർഷ്യയിൽ നിന്നുവന്നതാണ്. ഹജൂർ എന്നാൽ പേർഷ്യൻ ഭാഷയിൽ കോടതിയെന്നാണല്ലോ. ഞാൻ ഈ ലേഖനമെഴുതുമ്പോൾ കോഴിക്കോട്ട് ആളുകൾ ക്യൂ നിന്ന് വോട്ടുചെയ്യുകയാണ്. ടി.വി. ചാനലുകാരൻ ഒരു ചെറുപ്പക്കാരനോട് ചോദിച്ചു, എങ്ങനെയുണ്ട് ഇലക്ഷൻ? ആ വോട്ടർ പറഞ്ഞു ഉഷാർ എന്ന്. ഇറാനിൽ ആളുകൾ ഉത്സാഹത്തിനു പറയുന്ന വാക്കിന്റെ തദ്ഭവഭേദങ്ങളാണ് ഇന്ത്യയിലെ പലഭാഷകളിലുമുള്ളത്.

മുറിവേറ്റ മാനിന്റെ കരച്ചിലാണ് ഗസൽ. അതാണ് അറബിയിലും പേർഷ്യനിലും ആ വാക്കിനുള്ള ഒരർത്ഥം. ഗസൽ ഗാനങ്ങളും പ്രണയാതുരതയുടെ വിലാപങ്ങളാണല്ലോ. പേർഷ്യൻ ഭാഷയിൽ റൂമിയും ഹാഫിസുമൊക്കെയാണ് ഗസൽ എന്ന സംഗീതശാഖയുടെ ലാവണ്യപൂർത്തിയുളവാക്കിയത്. കേരളത്തിൽ നാമിരുന്ന് ഒരു ഗസൽ പാടുന്നുണ്ടെങ്കിൽ ട്രമ്പ് എത്ര വിചാരിച്ചാലും പേർഷ്യൻ സംസ്‌കാരത്തെ തകർക്കാൻ കഴിയില്ല.

'ഗാനത്തിനപ്രാപ്യമാണിപ്പൊഴും ഗുലാം അലി

ഖേദത്തിന്നിരുണ്ട ഭൂഖണ്ഡങ്ങൾ.

അവയുടെ മൂകമുക്രയിൽക്കാലത്രയവും ചരാചര

ഗ്രാമവും മുങ്ങിപ്പോകെ,

ആരുടെ സമാന്തരബോധമീ

ശ്രവണാന്തരാധിയാം നാദജ്ജ്വാല' (ഗസൽ : ബാലചന്ദ്രൻ ചുള്ളിക്കാട് )

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രഭാവത്തിന് ഇൻഡോ-പേർഷ്യൻ സൂഫി ഗായകനായിരുന്ന അമീർ ഖുസ്റോവിന്റെ സംഭാവനകൾ സുസ്ഥാപിതങ്ങളാണല്ലോ. പേർഷ്യൻ ജ്യാമിതി ഇന്ത്യൻ വാസ്തുകലയ്ക്ക് നൽകിയത് ഒരു താജ്മഹൽ മാത്രമല്ല. ആ കൊടുക്കൽ- വാങ്ങൽ മൂന്നുനാലു നൂറ്റാണ്ടുകളിലൂടെ ഇന്ത്യയിലെ വാസ്തുകലയെ കൂടുതൽ ചാരുതയുള്ളതാക്കി.

രണ്ടാഴ്ചകൾക്കു മുൻപ് ഞാൻ ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ മ്യൂസിയം സന്ദർശിച്ചപ്പോൾ അവിടെയുള്ള പരവതാനികളുടെ സമാഹാരം കാണാനിടയായി. ഇറാനിൽനിന്നു വന്ന ഭരണാധികാരികൾ ബ്രിട്ടീഷ് ഭരണകാലത്തും പിന്നീടും കൊണ്ടുവന്ന അതിമനോഹരമായ പരവതാനികൾ കണ്ട് അന്തം വിട്ടു നിൽക്കുമ്പോൾ അമേരിക്കയും ഇസ്രയേലും ഇറാനിൽ കാർപെറ്റ് ബോംബിങ് നടത്തുകയായിരുന്നു.

ഇറാനിലെ ഷിറാസ് നഗരത്തിലെ ഇറാം ഉദ്യാനം(സ്വർഗ്ഗത്തിലെ പൂങ്കാവനം) കണ്ടിട്ടാണ് മുഗൾ രാജാക്കന്മാർ ഡൽഹിയിൽ ഉദ്യാനങ്ങൾ ഉണ്ടാക്കിയതത്രേ! യൂട്യൂബിൽ പോയാൽ നിങ്ങൾക്കു കേൾക്കാം 1970-ൽ ആ ഷിറാസ് നഗരത്തിൽ സിത്താറിൽ പണ്ഡിറ്റ് രവി ശങ്കറും തബലയിൽ ഉസ്താദ് അള്ളാ രഖയും ഉയർത്തിയ മധുവന്തി രാഗപ്രപഞ്ചം. സിത്താർ വന്നതും അവിടുന്നുതന്നെ. പേർഷ്യൻ നക്ഷത്രനിരീക്ഷണകാലത്തിന്റെ സുവർണ്ണഘട്ടത്തിൽ അവിടെനിന്നു ജ്യോതിശാസ്ത്രജ്ഞരെ കൊണ്ടുവന്നാണ് രാജസ്ഥാനിലെ ഹിന്ദു ചക്രവർത്തി പ്രശസ്തമായ ജന്തർ മന്ദിറിന്റെ കൽപന ഉണ്ടാക്കിയത്.

വറുത്ത വിഭവങ്ങൾക്ക് ഇറാനിൽ പറയുന്നത് Beryan എന്നാണ്. birinj biryan എന്നാൽ ഫ്രൈഡ് റൈസാണ്. മലയാളി ബിരിയാണി കഴിക്കുന്നിടത്തോളം കാലം ട്രമ്പിന് പേർഷ്യൻ സംസ്‌കാരത്തെ തകർക്കാൻ കഴിയില്ല. നാഗരികതകൾ അല്ലെങ്കിൽ സംസ്‌കാരങ്ങൾ മരിക്കുന്നില്ല- അവ വിടവാങ്ങാൻ വിസമ്മതിക്കുന്ന പ്രതിധ്വനികളാണ്. സാമ്രാജ്യങ്ങൾ തീയിലും ക്രോധത്തിലും വീണേക്കാം, അവയുടെ കോട്ടകൊത്തളങ്ങളും നഗരങ്ങളും തകർന്നേക്കാം, അവയുടെ പേരുകൾ അവസാനിച്ചുവെന്ന് ട്രമ്പിനെപ്പോലെയുള്ളവർ പ്രഖ്യാപിച്ചേക്കാം, പക്ഷേ എപ്പോഴും എന്തോ ഒന്ന് സർവ്വനാശത്തിൽനിന്ന് രക്ഷപ്പെടുന്നു, പ്രളയത്തിൽ ഒഴുകിരക്ഷപ്പെട്ട അത്ഭുതശിശുവിനെപ്പോലെ. അതിർത്തികൾ കടന്ന് പോയ ഒരു വാക്കാകാം അത്, ഒരു മലയാളി കോഴിക്കോട്ടിരുന്നു പാടുന്ന ഒരു ബാബുരാജ് ഗാനത്തിന്റെ ആത്മാവാകാം ഒരു പക്ഷേ ഇറാൻ, കല്ലിൽ വെണ്ണക്കല്ലിൽ കൊത്തിയെടുത്ത താജ്മഹൽ ആകാം, അതിനെ അനശ്വരതയുടെ കണ്ണീർത്തുള്ളി എന്നുവിളിച്ച ടാഗോർ വരികളാകാം.

യുദ്ധരാജാവായ അലക്‌സാണ്ടറുടെ വിശ്രമമില്ലാത്ത പടയോട്ടവും മംഗോളിയൻ സാമ്രാജ്യത്തിന്റെ ഇടിമുഴക്കങ്ങളും ഹിറ്റ്‌ലറിന്റെ തടങ്കൽ പാളയങ്ങളും ഉണ്ടായിട്ടും ചരിത്രം ഒരിക്കലും അതിന്റെ അന്ത്യത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല- ചിലപ്പോൾ ഒരു മാത്ര അതൊന്ന് ചിതറിയേക്കാം. എല്ലാം വീണ്ടും മറ്റൊരു ജ്യാമിതിയിൽ വീണ്ടും ഉദ്യാനങ്ങളുണ്ടാക്കും. പേർഷ്യ അപ്രത്യക്ഷമായില്ല; അത് കിഴക്കോട്ട് നീങ്ങി, പുതിയ ഭാഷകളിലും പുതിയ കോടതികളിലും പുതിയ ഭാവനകളിലും അഭയം പ്രാപിച്ചു. അവിടെ അത് ഇന്ത്യയെ കണ്ടുമുട്ടി, കേരളത്തെ കണ്ടുമുട്ടി - ഒരു ജേതാവായോ ഒരു അവശിഷ്ടമായോ അല്ല, മറിച്ച് ഒരു കൂട്ടാളിയായിട്ടാണ്.

നിലനിൽക്കുന്നത് യുദ്ധവിജയിയുടെ മിഥ്യാധാരണയോ എല്ലാം നശിപ്പിക്കുമെന്ന ആക്രോശങ്ങളോ അല്ല, മറിച്ച് ഒരു സുസ്ഥിരമായ കൂട്ടായ്മയാണ്: മറ്റൊന്നിലേക്ക് വികസിക്കുന്ന ഒരു നാഗരികത, ഒന്നിൽനിന്നു മറ്റൊന്നിനെ വേർപെടുത്താൻ കഴിയാത്തതും രണ്ടും സംശയമില്ലാതെ ജീവിച്ചിരിക്കുന്നതുമായ തുടർച്ചയാണ്. മലയാളിയിലെ പേർഷ്യനെ ട്രമ്പിന് എങ്ങനെ വധിക്കുവാൻ പറ്റും? നാം അതിന് അനുവദിച്ചുകൊടുക്കുമോ?