ണ്ടൊക്കെ നമ്മൾ ഭക്ഷണം കഴിച്ച ശേഷമായിരുന്നു അതേക്കുറിച്ച് അഭിപ്രായം പറയുമായിരുന്നത്. സദ്യയ്ക്കൊപ്പം വിളമ്പിയ ഏത്തക്ക വറുത്തത് കഴിച്ചിട്ട് ആ വാഴകൃഷിക്കാരനെക്കുറിച്ച് രണ്ട് നന തെറ്റിച്ചവൻ എന്നഭിപ്രായം പറഞ്ഞ കഥ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ഇപ്പോൾ അഭിപ്രായം വായിച്ച ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. പണ്ട് സിനിമ കണ്ട ശേഷം നിരൂപണം എഴുതുമായിരുന്നു. ഇപ്പോൾ നിരൂപണം കണ്ട ശേഷം സിനിമ കാണണോ എന്ന് തീരുമാനിക്കും. പണ്ട് യാത്ര കഴിഞ്ഞ് അനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. ഇപ്പോൾ അനുഭവം തുടങ്ങുന്നതിന് മുമ്പ് മറ്റുള്ളവരുടെ അനുഭവങ്ങൾ പഠിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇന്ന് ജീവിക്കുന്നതിനേക്കാൾ കൂടുതൽ സമയം ജീവിച്ചവരുടെ അഭിപ്രായങ്ങൾ വായിക്കാനാണ് ചെലവഴിക്കുന്നത്.

To advertise here,

ഒരു കാലത്ത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നത് മാതാപിതാക്കളും അധ്യാപകരും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് എത്തിയിരിക്കുന്നത് ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഏതോ ഒരാളാണ്. പ്രൊഫൈൽ ചിത്രമായി ഒരു പൂച്ചയുടെ ഫോട്ടോയും പേരായി "Foodie Monster 007" എന്നും ഉള്ള ഒരാൾ. അയാൾ എഴുതിയിരിക്കുന്നു: ‘‘സാമ്പാർ കൊള്ളില്ല. അതുകൊണ്ട് ഈ റെസ്റ്റോറന്റിന് ഞാൻ നൽകുന്നത് ടു സ്റ്റാർ മാത്രം.’’ അത്രയേ വേണ്ടൂ. നാല്പത് വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ കഥ അതോടെ തീരും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഇവിടെയാണ് എന്ന് നാം പറയാറുണ്ടല്ലോ. എന്നാൽ, അതിനേക്കാൾ വലിയ ജനാധിപത്യം ഇന്ന് റിവ്യൂ സെക്ഷനുകളിലാണ്. അവിടെ എല്ലാവർക്കും അഭിപ്രായമുണ്ട്. അഭിപ്രായം പറയാൻ പ്രത്യേക യോഗ്യതയും വേണ്ട. പാചകം അറിയണമെന്നില്ല, പക്ഷേ, ഭക്ഷണത്തെക്കുറിച്ച് വിധി പറയാം. സിനിമ എടുക്കാൻ അറിയണമെന്നില്ല, പക്ഷേ സംവിധായകനെ ഉപദേശിക്കാം. മൊബൈൽ ഡിസൈൻ ചെയ്യാൻ അറിയണമെന്നില്ല, പക്ഷേ ആപ്പിളിനെയും സാംസങ്ങിനെയും നന്നാക്കാം.

നമ്മൾ ഇന്ന് രണ്ട് വിഭാഗം ആളുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. റിവ്യൂ എഴുതുന്നവർ. റിവ്യൂ വായിച്ച് ജീവിക്കുന്നവർ. അതിൽ രണ്ടാമത്തെ വിഭാഗത്തിന്റെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഹോട്ടലിൽ പോകുന്നതിന് മുമ്പ് റിവ്യൂ. സിനിമ കാണുന്നതിന് മുമ്പ് റിവ്യൂ. മൊബൈൽ വാങ്ങുന്നതിന് മുമ്പ് റിവ്യൂ. ഡോക്ടറെ കാണുന്നതിന് മുമ്പ് റിവ്യൂ. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് റിവ്യൂ. ഇനി അധികം വൈകാതെ ചായ കുടിക്കുന്നതിന് മുമ്പ് പോലും ആരെങ്കിലും ചോദിച്ചേക്കാം: ‘‘ഈ ചായയുടെ യൂസർ റേറ്റിങ് എത്രയാണ്?’’

ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ ആത്മവിശ്വാസം സ്വന്തം അനുഭവത്തിലല്ല. മറ്റുള്ളവരുടെ അനുഭവങ്ങളിലാണ്. ഒരു ഹോട്ടലിന്റെ മുന്നിൽ നിൽക്കുന്ന രണ്ടാളുകളെ സങ്കൽപ്പിക്കൂ. ഒരാൾ പറയുന്നു: ‘‘അകത്ത് കയറി നോക്കാം.’’

മറ്റെയാൾ ഉടനെ മൊബൈൽ എടുക്കും. ‘‘ഒരു മിനിറ്റ്. ഇവിടെ 4.3 സ്റ്റാർ മാത്രമേയുള്ളൂ.’’

ഇപ്പോൾ ആ 0.7 സ്റ്റാർ എവിടെയാണ് പോയതെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് മനുഷ്യൻ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തെക്കുറിച്ച് പഠനം. ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണത്തെക്കുറിച്ച് റിവ്യൂ. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം.

എന്നാൽ റിവ്യൂ സംസ്കാരം മുഴുവനായും മോശമാണെന്ന് പറയാനുമാവില്ല. സത്യത്തിൽ ഇത് ഉപഭോക്താക്കൾക്ക് വലിയ ശക്തി നൽകിയിട്ടുണ്ട്. പണ്ടൊക്കെ മോശം സേവനം നൽകിയ കടയോ ഹോട്ടലോ രക്ഷപ്പെടുമായിരുന്നു. ഇന്ന് ഒരു മോശം അനുഭവം ആയിരക്കണക്കിന് ആളുകളിലേക്ക് വളരെ പെട്ടെന്ന് എത്തും. അതിനാൽ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായി. സേവനത്തിന്റെ നിലവാരം ഉയർന്നു. ഉപഭോക്താവിന് കൂടുതൽ വിവരങ്ങൾ ലഭ്യമായി. ഒരു ലക്ഷം രൂപയുടെ മൊബൈൽ വാങ്ങുന്നതിന് മുമ്പ് നൂറ് പേരുടെ അനുഭവം വായിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. അഞ്ച് വർഷം മുമ്പ് വാങ്ങിയിരുന്നെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വന്ന പല ഉൽപ്പന്നങ്ങളിൽ നിന്നും ഇന്ന് റിവ്യൂ നമ്മെ രക്ഷിക്കുന്നുണ്ട്.

യാത്രകളുടെ കാര്യത്തിലും അതുതന്നെ. ഒരു സ്ഥലം മനോഹരമാണോ? അവിടെ ശുചിത്വമുണ്ടോ? കുടുംബവുമായി പോകാൻ പറ്റുമോ? ഇതൊക്കെ അറിയാൻ ഇപ്പോൾ റിവ്യൂ സഹായിക്കും. അതുകൊണ്ട് റിവ്യൂ സംവിധാനം മനുഷ്യന്റെ സമയവും പണവും ഒരുപാട് ലാഭിച്ചിട്ടുണ്ട് എന്നത് സത്യമാണ്.

പക്ഷേ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു പാർശ്വഫലമുണ്ടല്ലോ. റിവ്യൂ സംസ്കാരത്തിന്റെയും പ്രശ്നം അതാണ്. ഇപ്പോൾ മനുഷ്യൻ സ്വന്തം അഭിപ്രായത്തിൽ വിശ്വസിക്കുന്നില്ല. നൂറ് അപരിചിതരുടെ അഭിപ്രായത്തിലാണ് വിശ്വാസം. ഒരു സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടാലും ആദ്യം മൊബൈൽ എടുത്ത് റിവ്യൂ നോക്കും. റിവ്യൂ മോശമാണെങ്കിൽ സ്വന്തം ഇഷ്ടത്തെക്കുറിച്ചും സംശയം തോന്നും. എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ. കൺഫ്യൂഷൻ മാറില്ല. ‘‘എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ എല്ലാവരും മോശമാണെന്ന് പറയുന്നു.’’

അപ്പോൾ ചോദ്യം ഉയരും. സിനിമ മോശമായിരുന്നോ? അതോ നമ്മുടെ അഭിപ്രായത്തിനാണ് വില കുറയുന്നതോ? റിവ്യൂ സംസ്കാരം വളർന്നതോടെ മനുഷ്യർ അനുഭവങ്ങൾ തേടുന്നതിനേക്കാൾ അംഗീകാരം തേടാൻ തുടങ്ങി. റിവ്യൂവിന്റെ ശക്തിയെക്കുറിച്ച് പറയുമ്പോൾ, അത് വെറുമൊരു അഭിപ്രായപ്രകടനം മാത്രമാണെന്ന് കരുതരുത്. റിവ്യൂ ഇന്നൊരു വ്യവസായമാണ്. ഒരു ആയുധമാണ്. ചിലപ്പോൾ ഒരു കോടതിക്കേസാണ്. ചിലപ്പോൾ ഒരു കൊലപാതകത്തിന്റെ പ്രേരണ പോലുമാണ്.

റിവ്യൂ ഒരു ചെറിയ മീനല്ല. സിനിമകളെക്കുറിച്ച് സ്ഥാപിതതാത്​പര്യത്തോടെ റിവ്യൂ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന ഒരു സീരിയൽ കില്ലറെ നമ്മുടെ ദുൽഖർ സൽമാൻ തന്നെ ഒരു സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ കൊലയാളിയുടെ കയ്യിൽ തോക്കോ കത്തിയോ മാത്രമല്ല, റിവ്യൂ എന്ന ആശയവും ഒരു കഥാപാത്രമായി മാറുന്നുണ്ട്. അത്രയ്ക്കും ശക്തിയുണ്ട് ഒരു അഭിപ്രായത്തിന്.

പണ്ടൊക്കെ സിനിമ റിലീസ് ചെയ്താൽ വിധി പറയുന്നത് പ്രേക്ഷകരായിരുന്നു. ഇപ്പോൾ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ വിധി പറയാൻ ആളുകൾ റെഡിയാണ്. രാവിലെ ഒമ്പത് മണിക്കുള്ള ഷോ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരാൾ മൊബൈൽ ക്യാമറ ഓൺ ചെയ്യും. ‘‘സുഹൃത്തുക്കളേ, സിനിമ കണ്ടിറങ്ങുകയാണ്...’’ അവിടെ നിന്ന് സിനിമയുടെ ജീവനും മരണവും തീരുമാനിക്കുന്ന ഒരു ജനകീയ കോടതി തുടങ്ങും. ചിലപ്പോൾ തോന്നും, സിനിമയുടെ നിർമ്മാതാവ് പോലും സിനിമ മുഴുവൻ കണ്ടിട്ടുണ്ടാവില്ല, പക്ഷേ, റിവ്യൂവർ ഇതിനകം വിധി പറഞ്ഞു കഴിഞ്ഞിരിക്കും.

കേരളത്തിൽ സിനിമാ റിവ്യൂവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുക വരെ ഉണ്ടായിട്ടുണ്ട്. സിനിമകളെ തകർക്കുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഒരു സംവിധായകൻ നൽകിയ പരാതിയിലായിരുന്നു നടപടി. ഫെയ്​സ്ബുക്കും യുറ്റ്യൂബും വരെ പ്രതിപ്പട്ടികയിൽ ഇടംപിടിച്ചു. ആ കേസ് പിന്നീട് എന്തായോ എന്തോ. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഒരു കാലത്ത് ആളുകൾ സിനിമയെ പേടിച്ചിരുന്നു.

ഇപ്പോൾ സിനിമകൾ റിവ്യൂവിനെ പേടിക്കുന്നു. തമിഴ്നാട്ടിൽ ചില സിനിമാ നിർമാതാക്കൾ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം വരെ റിവ്യൂ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വാർത്തയായിരുന്നു. സിനിമ പുറത്തിറങ്ങിയ ഉടനെ വരുന്ന റിവ്യൂകൾ ബോക്സ് ഓഫീസിനെ ബാധിക്കുന്നു എന്നായിരുന്നു പരാതി. അതും കേട്ടപ്പോൾ ഒരു സംശയം തോന്നി. ഇനി ഭാവിയിൽ പരീക്ഷയെഴുതിയ കുട്ടികളും ഇതേ ആവശ്യം ഉന്നയിക്കുമോ? ‘‘റിസൾട്ട് വന്ന ഉടനെ മാർക്ക് പറയരുത്. മൂന്ന് ദിവസം കഴിഞ്ഞ് മാത്രം അഭിപ്രായം പറയണം.’’

കാരണം മനുഷ്യന് ഇന്ന് പരാജയത്തെക്കാൾ പേടി നെഗറ്റീവ് റിവ്യൂവിനോടാണ്. അതുകൊണ്ടാണ് ചിലപ്പോൾ തോന്നുന്നത്, ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി സിംഹമോ കടുവയോ അല്ല. ‘‘ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്...’’ എന്ന് പറഞ്ഞ് വീഡിയോ തുടങ്ങുന്ന ഒരാളാണ്. അയാൾ അടുത്ത അഞ്ച് മിനിറ്റിൽ ഒരു സിനിമയെ രക്ഷിക്കുകയോ തകർക്കുകയോ ചെയ്യും. ഒരു വ്യവസായത്തെ തകർക്കുകയോ രക്ഷിക്കുകയോ ചെയ്യും. ഒരു ഉത്​പന്നത്തെ നന്നാക്കുകയോ ചീത്തയാക്കുകയോ ചെയ്യും. ഒരു ഹോട്ടലിന്റെ കച്ചവടം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ഒരു മൊബൈൽ ഫോണിന്റെ വിൽപ്പന ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യും. പഴയ കാലത്ത് രാജാക്കന്മാർക്ക് മാത്രമേ ഇത്രയും അധികാരമുണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു റിംഗ് ലൈറ്റും ഒരു യുറ്റ്യൂബ് ചാനലും ഉണ്ടെങ്കിൽ മതി.

ഒരു സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് അവിടെ എങ്ങനെയുണ്ടെന്ന് അറിയുന്നത് നല്ലതാണ്. പക്ഷേ, അവിടെ പോയിട്ട് സ്വന്തം കണ്ണുകൊണ്ട് കാണുന്നതിന് പകരം മറ്റുള്ളവരുടെ കണ്ണിലൂടെ മാത്രം കാണാൻ തുടങ്ങുമ്പോഴാണ് പ്രശ്നം. ഒരു കടൽത്തീരം കടൽത്തീരമാണ്. പക്ഷേ റിവ്യൂ വായിച്ചശേഷം നമ്മൾ അവിടെ എത്തുന്നത് പല മുൻവിധികളുമായാണ്. ‘‘ഇവിടെ തിരക്ക് കൂടുതലായിരിക്കും.’’ ‘‘ഇവിടെ ഭക്ഷണം മോശമായിരിക്കും.’’ ‘‘ഇവിടെ ഫോട്ടോ നന്നായി കിട്ടും.’’ അങ്ങനെ മറ്റുള്ളവർ എഴുതിയ അഭിപ്രായങ്ങളുടെ കണ്ണട വച്ചാണ് നമ്മൾ ലോകത്തെ കാണുന്നത്. ഇത് അനുഭവങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്നു.

മറ്റൊരു രസകരമായ കാര്യം, റിവ്യൂ എഴുതുന്നവരുടെ ആത്മവിശ്വാസമാണ്. ചില റിവ്യൂകൾ വായിച്ചാൽ ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും ഇവർ പരിഹാരം കണ്ടെത്തുമെന്ന തോന്നൽ വരും. ‘‘ഭക്ഷണം നന്നായിരുന്നു. പക്ഷേ, മഴ പെയ്തു. അതുകൊണ്ട് ഞാൻ കൊടുക്കുക രണ്ട് സ്റ്റാർ.’’ മഴ പെയ്തത് ഹോട്ടൽ ഉടമയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് തോന്നിപ്പോകും. ‘‘കടൽ മനോഹരം. പക്ഷേ, തിരമാല കൂടുതലാണ്.’’ അടുത്തതായി ഭൂകമ്പത്തിന്റെ തീവ്രത കുറവായതുകൊണ്ട് ഒരു സ്റ്റാർ കുറയ്ക്കുമോ എന്ന പേടിയാണ്.

ഓൺലൈൻ ഷോപ്പിങ്ങിൽ സ്ഥിതി അതിലും രസകരമാണ്. ‘‘പാഴ്സൽ കിട്ടി. ഇതുവരെ തുറന്ന് നോക്കിയിട്ടില്ല. പക്ഷേ കൊടുക്കും 5 സ്റ്റാർ.’’ സാധനത്തേക്കാൾ വേഗത്തിൽ എത്തിയത് റിവ്യൂവാണ്. റിവ്യൂവിന്റെ മറ്റൊരു വലിയ പ്രശ്നം വ്യാജ റിവ്യൂകളാണ്. ഇന്ന് പല സ്ഥാപനങ്ങളും സ്വന്തം റേറ്റിങ് കൂട്ടാൻ ശ്രമിക്കുന്നു. മത്സരക്കാരന്റെ റേറ്റിങ് കുറയ്ക്കാനും ശ്രമിക്കുന്നു. അങ്ങനെ നോക്കുമ്പോൾ എല്ലാ റിവ്യൂകളും സത്യത്തിന്റെ പ്രതിഫലനമല്ല. അഭിപ്രായങ്ങളുടെ മാർക്കറ്റിങ്ങും അതിലുണ്ട്. അതിനാൽ റിവ്യൂ വായിക്കുന്നതിനേക്കാൾ റിവ്യൂ വായിക്കാൻ പഠിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഫൈവ് സ്റ്റാർ കണ്ടാൽ വിശ്വസിക്കരുത്. വൺ സ്റ്റാർ കണ്ടാലും പേടിക്കരുത്. പല അഭിപ്രായങ്ങളും വായിക്കണം. അവയിൽ നിന്ന് പൊതുവായ ചിത്രം കണ്ടെത്തണം. കാരണം ഒരു വ്യക്തിയുടെ അനുഭവം എല്ലാവരുടെയും അനുഭവമാകണമെന്നില്ല.

എന്നാൽ, ഇതെല്ലാം പറഞ്ഞാലും റിവ്യൂ സംസ്കാരം ഇനി അപ്രത്യക്ഷമാകില്ല. കാരണം മനുഷ്യർക്ക് തീരുമാനമെടുക്കാൻ സഹായം വേണം. അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള ആഗ്രഹവുമുണ്ട്. അതിനാൽ റിവ്യൂകൾ ഇനിയും വളരും. എ.ഐ. വന്നതോടെ ഒരുപക്ഷേ റിവ്യൂകളുടെ എണ്ണം ഇനിയും കൂടും. പക്ഷേ, അതിനിടയിൽ മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. റിവ്യൂ ഒരു വഴികാട്ടിയാണ്. അത് ലക്ഷ്യസ്ഥാനമല്ല. റിവ്യൂ ഒരു ടോർച്ചാണ്. അത് സൂര്യനല്ല. റിവ്യൂ ഒരു അഭിപ്രായമാണ്. അത് സത്യമല്ല. അതിനാൽ റിവ്യൂ വായിക്കാം. അത് ഉപകാരപ്പെടും. പക്ഷേ, ജീവിതത്തെ മുഴുവൻ റിവ്യൂവിന് ഔട്ട്സോഴ്സ് ചെയ്യരുത്. കാരണം ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ പലതിനും ഫൈവ് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്നില്ല.

ആരെങ്കിലും റിവ്യൂ എഴുതിയിട്ടുമുണ്ടായിരുന്നില്ല. നമ്മൾ നേരിട്ട് അനുഭവിച്ചതുകൊണ്ടാണ് അവ ജീവിതത്തിലെ മികച്ച ഓർമകളായത്. അതിനാൽ അടുത്ത തവണ ഒരു ഹോട്ടലിലേക്കോ യാത്രയിലേക്കോ സിനിമയിലേക്കോ പോകുമ്പോൾ റിവ്യൂ വായിക്കൂ. പക്ഷേ, അതിനുശേഷം ഒരു കാര്യം കൂടി ചെയ്യൂ. മൊബൈൽ പോക്കറ്റിൽ വയ്ക്കൂ. പിന്നെ സ്വന്തം കണ്ണുകൊണ്ട് ഒന്നു കണ്ട്നോക്കൂ. കാരണം ചില അനുഭവങ്ങൾക്ക് ഇന്നും ഏറ്റവും വിശ്വസനീയമായ റേറ്റിങ് സംവിധാനം നമ്മുടെ സ്വന്തം മനസ്സാണ്. കഴിഞ്ഞ നാലരവർഷമായി മധുരം ജീവിതം എന്ന എന്റെ ഈ എഴുത്ത് നിങ്ങൾ വായിക്കുന്നുണ്ടല്ലോ. ഒന്ന് റിവ്യൂ ചെയ്ത് സ്റ്റാറിട്ട് നോക്കിയാ മുഷിയില്ല. ഒട്ടും മുഷിയില്ല.