ഓഹരി വിപണിയിൽ വിദേശികൾ പോയാലും ഇനി നമ്മളുണ്ട്! ഓഹരി വിപണിയിൽ എപ്പോഴും കേൾക്കുന്ന ഒരു നിലവിളിയുണ്ട്.

To advertise here,

'വിദേശ നിക്ഷേപകർ വിറ്റു... വിപണി തകർന്നു!'

ഇത് കേൾക്കുമ്പോൾ തോന്നും, നമ്മുടെ ഓഹരി വിപണിക്ക് സ്വന്തമായി ഒരു തലച്ചോറുമില്ല; വിദേശികൾ വിരൽ അനക്കിയാലേ സെൻസെക്‌സ് കണ്ണ് തുറക്കൂ എന്ന്. പത്രം എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് മുരളി എൻ.എഫ്. വർഗീസിനെക്കുറിച്ച് പറയുന്ന ആ ഡയലോഗ് ഓർമയുണ്ടാവും. 'അപകടത്തിന്റെ ചൂര് എത്ര അകലെ നിന്നായാലും മണത്തുപിടിക്കാനുള്ള ഒരു അസാമാന്യ കഴിവ് ഇവനുണ്ട്.'

അതുപോലൊരു പ്രത്യേക കഴിവാണ് ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സ് എന്ന എഫ്.ഐ.ഐ. വിഭാഗത്തിനും. ലാഭത്തിന്റെ ചൂര് എവിടെയെങ്കിലും ഉയർന്നാൽ മതി. അതിന്റെ ഗന്ധം അടിക്കുന്ന നിമിഷം ഇവർ വിമാനമോ കപ്പലോ പിടിക്കില്ല. നേരെ കമ്പ്യൂട്ടറിലെ ഒരു ബട്ടൺ അമർത്തും. ആയിരക്കണക്കിന് കോടി രൂപ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തും. അപ്പോൾ നമ്മുടെ ഓഹരി വിപണി ഒരു ഉത്സവപ്പറമ്പായി മാറും.

പത്ത് രൂപയുടെ ഓഹരി നൂറ് രൂപയാകുന്നതും, പേര് പോലും കേൾക്കാത്ത കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നതും, ഇന്നലെ വരെ പൊടിപിടിച്ചുകിടന്ന ഓഹരികൾ ഇന്ന് 'മൾട്ടിബാഗർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമൊക്കെ കാണാം.

ഇവർക്ക് ഒരു ശതമാനം അധികലാഭം മറ്റേതെങ്കിലും രാജ്യത്ത് കിട്ടുമെന്നൊരു സംശയം തോന്നിയാൽ മതി. വാങ്ങിയ ഓഹരികളെല്ലാം ഒറ്റയടിക്ക് വിറ്റ് അടുത്ത വിമാനത്തിൽ സിംഗപ്പൂരിലേക്കോ അമേരിക്കയിലേക്കോ ബ്രസീലിലേക്കോ മെക്‌സിക്കോയിലേക്കോ പറക്കും. പാവം ഇന്ത്യൻ വിപണി അപ്പോഴേക്കും തകർന്നു വീണ് ഐ.സി.യുവിലാകും.

നമ്മളോ?

വീട്ടിൽ ഭാര്യ ചോദിക്കും.

'എന്താ മുഖം വാടിയിരിക്കുന്നത്?'

'ഒന്നുമില്ല... അമേരിക്കയിലെ ഒരു ഫണ്ട് ഇന്ന് രാവിലെ കുറച്ച് ഓഹരി വിറ്റു.'

ഈ മറുപടി കേട്ടാൽ ഭാര്യ അടുത്ത ചോദ്യം ചോദിക്കും.

'അതിന് അവരല്ലേ നിങ്ങളല്ലല്ലോ ഓഹരി വിറ്റത്?'

അല്ല.

പക്ഷേ, കരയുന്നത് നമ്മളാണ്.

കാരണം നമ്മുടെ ഓഹരി വിപണി കുറേക്കാലമായി വിദേശ നിക്ഷേപകരുടെ മൂഡ് നോക്കിയാണ് ജീവിച്ചിരുന്നത്. അവർ വാങ്ങിയാൽ വിപണി കയറും. അവർ വിറ്റാൽ വിപണി വീഴും. അവർക്ക് ജലദോഷം വന്നാൽ നമ്മൾക്ക് പനി.

അവർക്ക് തുമ്മൽ വന്നാൽ നമ്മുടെ പോർട്ട്‌ഫോളിയോയ്ക്ക് ഐ.സി.യു.

എഫ്.ഐ.ഐകൾ എന്ന ഈ വർഗത്തെ വിശ്വസിക്കുന്നത് മഴക്കാലത്ത് കൊതുകിനെ വിശ്വസിക്കുന്നതുപോലെയാണ്. എപ്പോൾ കടിക്കും, എപ്പോൾ പറന്നുപോകും എന്നൊന്നും പറയാനാവില്ല. പക്ഷേ, അവരെ ചെറുതായി കാണാനും പറ്റില്ല.

അവരുടെ പോക്കറ്റ് ആഴമുള്ളതാണ്. കയ്യിൽ വിവരമുണ്ട്. ലോകത്തെമ്പാടുമുള്ള സാമ്പത്തിക കണക്കുകൾ, പലിശനിരക്കുകൾ, യുദ്ധസാധ്യതകൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ, എണ്ണവില, ഡോളറിന്റെ ചലനം... എല്ലാം ഒരേസമയം വിശകലനം ചെയ്യുന്ന അനലിസ്റ്റുകളുടെ സൈന്യമാണ് അവരുടെ പിന്നിൽ.

ലാഭത്തിന്റെ മണം കിട്ടിയാൽ പിന്നെ പ്രപഞ്ചവും കാലവും പ്രകൃതിയും വരെ ഇവർക്കുവേണ്ടി ജോലി ചെയ്യുന്നുവെന്ന് തോന്നും.

സത്യത്തിൽ എഫ്.ഐ.ഐകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ വ്യാപാരികളാണ്. മീൻ കിട്ടുന്ന കായലിൽ വലവീശും. മീൻ തീർന്നാൽ അടുത്ത കായലിലേക്ക് പോകും. അവരുടെ ജോലി അതാണ്.

പക്ഷേ, അത്രയും കാലം നമ്മൾ വിചാരിച്ചിരുന്നത്, ഇന്ത്യൻ ഓഹരി വിപണിയുടെ ഉടമസ്ഥാവകാശ രേഖ അവരുടെ പേരിലാണെന്നായിരുന്നു. ഓഹരി വിപണി ഇടിഞ്ഞാൽ ആദ്യ ചോദ്യം:

'വിദേശികൾ എന്ത് ചെയ്തു?'

കയറിയാൽ: 'വിദേശികൾ വാങ്ങിയോ?'

അവർക്ക് ഉറക്കം വന്നാലും നമ്മുടെ വിപണി കൊട്ടാവിയിടുന്ന അവസ്ഥ. അവരുടെ മുന്നിൽ നമ്മളാരാണ്?

ഒരു മഹാസമുദ്രത്തിന്റെ തീരത്ത് കൈക്കുമ്പിളിൽ വെള്ളം കോരാൻ നിൽക്കുന്ന മനുഷ്യർ.

മുണ്ടുമുറുക്കിയുടുത്ത് മാസം അയ്യായിരമോ പതിനായിരമോ രൂപ എസ്.ഐ.പി ചെയ്യുന്നവർ. ബോണസ് കിട്ടിയാൽ പകുതി മ്യൂച്വൽ ഫണ്ടിലിടുന്നവർ. ശമ്പളം വന്ന ദിവസം ആദ്യം ഇ.എം.ഐ അടച്ച്, പിന്നെ കുട്ടിയുടെ ഫീസ് കൊടുത്ത്, അവസാനം ബാക്കിയുള്ള പണം നിക്ഷേപിക്കുന്നവർ.

അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലെ യഥാർഥ ഹീറോകൾ നമ്മളല്ലേ? പക്ഷേ, ഇതുവരെ സിനിമയിലെ നായകന്റെ സ്ഥാനം നമുക്ക് കിട്ടിയിരുന്നില്ല.

ഇപ്പോഴാണ് കഥയ്ക്ക് ട്വിസ്റ്റ്.

അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് കേട്ടപ്പോൾ എനിക്ക് തോന്നിയത്, ഒടുവിൽ ഇടവേള കഴിഞ്ഞ് നമ്മുടെ കഥാപാത്രത്തിനും ഡയലോഗ് കിട്ടിയെന്നാണ്. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തി മൂല്യം ഇപ്പോൾ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ആകെ നിക്ഷേപ മൂല്യത്തെ മറികടന്നിരിക്കുന്നു.

കേൾക്കുമ്പോൾ ഇത് ഒരു സാമ്പത്തിക വാർത്ത മാത്രമായി തോന്നാം.

പക്ഷേ, ഇതിന്റെ അർഥം അതിലും വലുതാണ്. വർഷങ്ങളായി ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണിയുടെ സ്റ്റിയറിങ് വിദേശ നിക്ഷേപകരുടെ കയ്യിലായിരുന്നു. അവർ വാങ്ങിയാൽ വിപണി കയറും. അവർ വിറ്റാൽ വിപണി വീഴും.

ഇപ്പോൾ ആ സ്റ്റിയറിങ്ങിൽ നമ്മുടെ കൈയും എത്തിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സാധാരണക്കാർ മാസംതോറും എസ്.ഐ.പി ചെയ്യുന്നു.

അയ്യായിരം രൂപ. മൂവായിരം രൂപ. ആയിരം രൂപ.അല്ലെങ്കിൽ അഞ്ഞൂറ് രൂപ. ഓരോ മാസവും അവർ മുടങ്ങാതെ നിക്ഷേപിക്കുന്നു.

ഒരുകാലത്ത് ഓഹരി വിപണി എന്നത് കോട്ടും സ്യൂട്ടും ടൈയും ധരിച്ച ആളുകളുടെ കളിയായിരുന്നു. ഇപ്പോൾ അതൊരു ഓട്ടോറിക്ഷ ഡ്രൈവറുടെയും അധ്യാപകന്റെയും നഴ്‌സിന്റെയും  പ്രവാസിയുടെയും ലോകമായി മാറിക്കഴിഞ്ഞു. ആർക്കും ഇനി ലക്ഷം രൂപ വേണ്ട.

അഞ്ഞൂറ് രൂപ മതി. ആയിരം രൂപ മതി. എല്ലാ മാസവും മുടങ്ങാതെ നിക്ഷേപിച്ചാൽ മതി. അതാണ് എസ്.ഐ.പി.

നമ്മുടെ അമ്മമാർ പണ്ട് ചില്ലറപ്പണം ഒരു ഹോർലിക്‌സ് കുപ്പിയിൽ ഇട്ടുവെക്കും. അത് നിറഞ്ഞാൽ സ്വർണം വാങ്ങും.

ഇന്നത്തെ തലമുറ അതേ ജോലി മൊബൈൽ ഫോണിലെ ഒരു ബട്ടൺ അമർത്തിയാണ് ചെയ്യുന്നത്. ഹോർലിക്‌സ് കുപ്പി മാത്രം മാറി.

ശീലം മാറിയില്ല. അതിന്റെ ഫലമാണ് ഇന്ന് കാണുന്നത്.

വിദേശ നിക്ഷേപകർ വിൽക്കുമ്പോഴും ഇന്ത്യൻ വിപണി പഴയതുപോലെ തകർന്നുവീഴാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ? അപ്പോൾ നമ്മുടെ എസ്.ഐ.പി നിശ്ശബ്ദമായി വാങ്ങിക്കൊണ്ടിരിക്കും. അവർ കോടികൾ വിൽക്കുമ്പോൾ നമ്മൾ ആയിരങ്ങൾ വാങ്ങും. ആ ആയിരങ്ങൾ ലക്ഷക്കണക്കിന് ആളുകളുടേതാകുമ്പോൾ അതിന്റെ ശക്തി കോടികളേക്കാൾ വലുതാകും.

ഇത് ക്രിക്കറ്റുപോലെയാണ്. ഒരു വിരാട് കോലി മാത്രം ജയിപ്പിക്കുന്ന മത്സരങ്ങളുണ്ട്. പക്ഷേ പതിനൊന്ന് പേരും ചേർന്ന് ജയിപ്പിക്കുന്ന മത്സരങ്ങളുമുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽ ഇപ്പോൾ നടക്കുന്നത് രണ്ടാമത്തേതാണ്.

അതെ, ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ വിദേശികൾ ഇപ്പോഴും മുന്നിലാണ്. അവരുടെ പോക്കറ്റ് ഇപ്പോഴും വലുതാണ്. അവരുടെ അനലിസ്റ്റുകൾ ഇപ്പോഴും ലോകത്തിലെ ഏറ്റവും മിടുക്കരാണ്. പക്ഷേ അവർ മാത്രം തീരുമാനിക്കുന്ന കാലം പതുക്കെ അവസാനിക്കുകയാണ്. കാരണം ഇന്ത്യയിൽ മറ്റൊരു ശക്തി വളർന്നിരിക്കുന്നു. അതിന്റെ പേര് സാധാരണക്കാരൻ. ശമ്പളം കിട്ടിയ ദിവസം ആദ്യം എസ്.ഐ.പി അടയ്ക്കുന്ന മനുഷ്യൻ. വിപണി ഇടിഞ്ഞാൽ പേടിക്കാതെ 'ഡിസ്‌കൗണ്ടല്ലേ' എന്ന് പറയാൻ പഠിച്ച മനുഷ്യൻ.

ഒരുകാലത്ത് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയുടെ ഡ്രൈവറായിരുന്നു. ഇപ്പോൾ അവർ ഒരു യാത്രക്കാരൻ മാത്രമാണ്. സ്റ്റിയറിങ്ങിൽ കൈവെച്ചിരിക്കുന്നത് നമ്മുടെ സ്വന്തം ജനങ്ങളാണ്.

അതിനാൽ അടുത്ത തവണ വാർത്തയിൽ കേട്ടാൽ...

'വിദേശ നിക്ഷേപകർ 8,000 കോടി രൂപയുടെ ഓഹരികൾ വിറ്റു.'

ഭയപ്പെടേണ്ട. ഒരു ചായ കുടിക്കൂ. പിന്നെ സ്വന്തം എസ്.ഐ.പി സ്റ്റേറ്റ്‌മെന്റ് ഒന്ന് നോക്കൂ. കാരണം ഇന്ത്യൻ ഓഹരി വിപണിയുടെ കഥയിൽ ഇനി നമ്മൾ എക്‌സ്ട്രാ ആർട്ടിസ്റ്റുകളല്ല. നായക വേഷത്തിലേക്ക് പതുക്കെ നടന്നുകയറുകയാണ്.

എന്നുവെച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർക്ക് പ്രസക്തിയില്ലെന്നല്ല. ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ അവർ ഇപ്പോഴും നമ്മളെക്കാൾ മുന്നിലാണ്. അവരുടെ കൈവശമുള്ള ഓഹരി നിക്ഷേപം ഇപ്പോഴും വലുതാണ്. അവർ വിപണിയെ സ്വാധീനിക്കുന്ന ശക്തിയും ഇപ്പോഴും കുറവല്ല.

എന്നാൽ, വ്യത്യാസം ഇതാണ്. മുമ്പ് അവർ മാത്രമായിരുന്നു ആന.

നമ്മൾ ഉറുമ്പ്. ഇപ്പോൾ നമ്മൾ ഉറുമ്പുകളുടെ ഒരു സൈന്യമായി മാറിക്കഴിഞ്ഞു. ഒരു ഉറുമ്പിനെ ആരും ഗൗനിക്കില്ല. പക്ഷേ ലക്ഷക്കണക്കിന് ഉറുമ്പുകൾ ഒരുമിച്ച് നീങ്ങിയാൽ ആന പോലും വഴി മാറും.

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ കഥയും അതുതന്നെയാണ്. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിപ്ലവങ്ങൾ പലപ്പോഴും വലിയ ആളുകൾ സൃഷ്ടിച്ചതല്ല. സാധാരണ മനുഷ്യർ പതിവായി ചെയ്ത ചെറിയ കാര്യങ്ങളാണ്. അതിനാലാണ് എസ്.ഐ.പി എന്ന മൂന്ന് അക്ഷരങ്ങൾ ഇന്ന് ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ശക്തമായ വാക്കുകളിൽ ഒന്നായി മാറിയത്. ഇനി ഒരുദിവസം നേരിട്ടുള്ള ഓഹരി നിക്ഷേപത്തിലും ആഭ്യന്തര നിക്ഷേപകർ വിദേശികളെ മറികടക്കുമോ? ഇപ്പോഴത്തെ വേഗം കണ്ടാൽ അതിനും അധികം കാത്തിരിക്കേണ്ടി വരില്ല. അപ്പോൾ ഒരുപക്ഷേ ടെലിവിഷനിൽ ബ്രേക്കിങ് ന്യൂസ് ഇങ്ങനെയായിരിക്കും. 'വിദേശ നിക്ഷേപകർ വിറ്റു... പക്ഷേ ഇന്ത്യൻ വിപണി ചിരിച്ചു.'

അന്ന് നമ്മളും ഒന്ന് ചിരിക്കണം. കാരണം ആ ചിരിയിൽ നമ്മുടെ മാസംതോറുമുള്ള അഞ്ഞൂറ് രൂപയും, ആയിരം രൂപയും, അയ്യായിരം രൂപയും ഒളിഞ്ഞിരിപ്പുണ്ടാകും.