
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?'
സിഗരറ്റ് പാക്കറ്റിനേക്കാൾ പ്രശസ്തമായ ഈ ചോദ്യം കേൾക്കുമ്പോഴെല്ലാം എനിക്ക് മറ്റൊരു സംശയമാണ് വരാറുള്ളത്. സന്തോഷം വന്നാൽ നമ്മൾ എന്ത് ചെയ്യും? സന്തോഷിക്കാനുള്ള വക കിട്ടുംമുമ്പുള്ള പ്രാർത്ഥനയെക്കുറിച്ചല്ല, അത് കിട്ടിക്കഴിഞ്ഞ ശേഷമുള്ള പെരുമാറ്റത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.
കേരളത്തിൽ ഒരാൾക്ക് ലോട്ടറി അടിച്ചാൽ ആദ്യം ചെയ്യുന്നത് ബാങ്കിൽ പോകലല്ല. അയൽവീട്ടുകാർ അറിയാതിരിക്കാൻ ജനൽ അടയ്ക്കലാണ്. പ്രൊമോഷൻ കിട്ടിയാലോ? ഫേസ്ബുക്കിൽ എഴുതും: 'ഇതെല്ലാം ദൈവാനുഗ്രഹം മാത്രം.' അതിന്റെ അർഥം, 'ഇനി നിങ്ങൾക്ക് അസൂയപ്പെടാൻ ഒരു പുതിയ കാരണം കിട്ടിയിട്ടുണ്ട്' എന്നതാണ്.
പുതിയ കാർ വാങ്ങിയാൽ? ആദ്യ ദിവസംതന്നെ വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്യില്ല. പിറകിലെ ഷെഡിൽ ഒളിപ്പിക്കും. കാരണം, മുന്നിൽവെച്ചാൽ അടുത്ത വീട്ടിലെ ചേട്ടൻ ചോദിക്കും: 'എത്ര മൈലേജ് കിട്ടും?' ആ ചോദ്യം മൈലേജിനെക്കുറിച്ചല്ല. ബാങ്ക് ലോൺ എത്രയാണെന്നറിയാനുള്ള മലയാളിയുടെ പുരാതന ഗവേഷണരീതിയാണ്. നമ്മൾ സന്തോഷം ആഘോഷിക്കുന്നില്ല. സന്തോഷം മറച്ചുവച്ചാണ് ആഘോഷിക്കുന്നത്. അതിലാണ് നമുക്ക് സന്തോഷം
നമ്മുടെ നിഘണ്ടുവിൽ 'സെലിബ്രേഷൻ' എന്ന വാക്കിന്റെ അർഥം: 'ആരും അറിയാതെ സന്തോഷിക്കുക.' എന്നതാണെന്നു പറഞ്ഞാൽ കുറ്റം പറയാൻ ഒക്കൂല്ല. വിവാഹം കഴിഞ്ഞാലും വധൂവരന്മാരെക്കാൾ ഇവന്റ് മാനേജ്‌മെന്റുകാരാണ് കൂടുതൽ സന്തോഷം പ്രകടിപ്പിക്കുന്നത്. പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ കുട്ടിയെക്കാൾ അയൽവീട്ടുകാരുടെ മുഖത്താണ് കൂടുതൽ വികാരങ്ങൾ കാണുക. അതിൽ സന്തോഷം കുറവായിരിക്കും; അത്ഭുതവും കണക്കുകൂട്ടലും കൂടുതലായിരിക്കും.
അല്ലേലും മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോഴേ നമ്മുടെ സന്തോഷം പോകും, അല്ലേ.
ഒളിവും മറവുമില്ലാതെ വിജയം ആഘോഷിക്കുന്നതും വിജയത്തിൽ സന്തോഷിക്കുന്നതും കാണണമെങ്കിൽ ഇപ്പോൾ ലോകകപ്പ് ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് നോക്കിയാൽ മതി. അവിടെ ഗോൾ എന്നത് വെറും ഒരു പോയിന്റല്ല. അത് ഒരു നാടകമാണ്. ഒരു കവിതയാണ്. ചിലപ്പോൾ ഒരു സിനിമയുടെ ക്ലൈമാക്‌സ് പോലെയാണ്. ലോകകപ്പ് ഫുട്‌ബോൾ കാണുമ്പോൾ ഞാൻ ഗോൾ മാത്രം നോക്കാറില്ല. ഗോൾ കഴിഞ്ഞുള്ള രണ്ടുമിനിറ്റാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. കാരണം, അവിടെയാണ് മനുഷ്യൻ അഭിനയിക്കാത്തത്. ഹൃദയം അഭിനയിക്കുന്നത്. ഗോൾ നേടിയ താരം പന്ത് വലയിലാക്കിയതിനേക്കാൾ മനോഹരമായി വികാരങ്ങളെ ഗ്രൗണ്ടിലാകെ പരത്തും. ഒരാൾ അലറും, ഒരാൾ കരയും ഒരാൾ മുട്ടുകുത്തും ഒരാൾ ദൈവത്തെ നോക്കും ഒരാൾ കാമറയെ നോക്കി, 'ഇത് റെക്കോർഡ് ചെയ്യാൻ മറക്കണ്ടേ...' എന്ന ഭാവത്തിൽ കണ്ണിറുക്കും.
മറ്റൊരാൾ ഗ്രൗണ്ട് മുഴുവൻ ഓടും. അത്രയും ഓടും. ക്യാമറമാനുപോലും ശ്വാസംമുട്ടും. 'സാറേ... ഒന്ന് നിൽക്കൂ... ഫോക്കസ് കിട്ടുന്നില്ല...' എന്ന് പറയണമെന്ന് തോന്നും. തന്റെ വിജയാഘോഷത്തിന്റെ പങ്ക് പറ്റി കൂടെയുള്ള മറ്റ് കളിക്കാർ ടെലിവിഷൻ സ്‌ക്രീനിൽ കയറിപ്പറ്റാതിരിക്കാൻ വേണ്ടി ഗ്രൗണ്ട് മുഴുവൻ വട്ടത്തിൽ ഓടി ക്യാമറക്കാർക്കും സഹതാരങ്ങൾക്കും ഒരേപോലെ പണികൊടുക്കുന്ന സ്വാർത്ഥൻമാർ എന്നൊക്കെ ഇവരുടെ ഓട്ടം കാണുമ്പോൾ തോന്നും! ടിവിയിൽ കാണാം, ഗോളടിച്ചവൻ മുന്നിൽ ജീവനും കൊണ്ട് ഓടുന്നു, പുറകിൽ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ വേണ്ടി ടീമിലെ ബാക്കി പത്തുപേരും ഒപ്പം കോച്ചും സബ്സ്റ്റിറ്റിയൂട്ട് കളിക്കാരും വരെ ഓടുന്നു. തങ്ങളുടെ മുഖം കൂടി ടിവിയിൽ വരണമെങ്കിൽ അവനെ പിടിച്ചേ തീരൂ എന്ന വാശിയിലാണ് ബാക്കിയുള്ളവർ ഓടുന്നതെന്നു വേണമെങ്കിൽ കുറ്റം പറയാം. ഒടുവിൽ കോർണർ ഫ്‌ലാഗിന്റെ അടുത്ത് വെച്ച് അവനെ എല്ലാവരും കൂടി പിടികൂടി നിലത്തിട്ട് വട്ടമിട്ട് ഉരുട്ടുമ്പോഴാണ് പാവം ക്യാമറക്കാരന് ശ്വാസം നേരെ വീഴുന്നത്. എങ്കിലും കവിത പോലെ സുന്ദരവും രസകരവുമാണ് ഫുട്‌ബോൾ താരങ്ങളുടെ ഗോൾ സെലിബ്രേഷൻ കണ്ടിരിക്കാൻ. ഓരോ ആഘോഷത്തിനും പിന്നിൽ ഓരോ സുന്ദരമായ കഥകളുണ്ട്.
ചിലർക്ക് ഗോൾ അടിക്കുന്നതിനേക്കാൾ ഗോൾ ആഘോഷിക്കാനാണ് കൂടുതൽ ഫിറ്റ്‌നസ് വേണ്ടത്.
ആദ്യം മെസ്സിയെക്കുറിച്ച് പറയണം, ഗോൾ സെലിബ്രേഷനിൽ ഏറ്റവും ശാന്തനായ മനുഷ്യൻ. മെസ്സി ഗോൾ നേടിയാൽ വലിയ നാടകമൊന്നുമില്ല. രണ്ട് കൈകളും ഉയർത്തി ആകാശത്തേക്ക് വിരൽ ചൂണ്ടും. ആ കാഴ്ച കാണുമ്പോൾ ലോകം മുഴുവൻ ഒരേസമയം നിശ്ശബ്ദമാകും. കാരണം അത് ആഘോഷത്തേക്കാൾ ഒരു ഓർമയാണ്. മെസ്സിയുടെ മുത്തശ്ശി സെലിയയാണ് കുഞ്ഞായിരുന്നപ്പോൾ അവനെ പരിശീലനത്തിന് കൊണ്ടുപോയിരുന്നത്. അവർ മരിച്ചശേഷം, ഓരോ ഗോളും അവർക്കുള്ള സമ്മാനമായി മാറി. അതുകൊണ്ടാണ് ആ വിരലുകൾ ആകാശത്തേക്ക് പോകുന്നത്. മെസ്സി ഗോൾ ആഘോഷിക്കുന്നില്ല. ഫുട്‌ബോളിൽ ഏറ്റവും വലിയ ശബ്ദം ചിലപ്പോൾ നിശ്ശബ്ദതയാണെന്ന് മെസ്സി പഠിപ്പിച്ചു.
എന്നാൽ, ഇതേ മെസ്സി ഖത്തർ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ മറ്റൊരു മാസ്സ് ഐറ്റം പുറത്തെടുത്തു. ഡച്ച് ഡഗ്ഔട്ടിന് മുന്നിൽ ചെന്ന് രണ്ട് കൈകളും ചെവിയോട് ചേർത്തുപിടിച്ച് 'ടോപ്പോ ജിജിയോ' (Topo Gigio) ശൈലിയിൽ ഒരൊറ്റ നിൽപ്പായിരുന്നു! അർജന്റീനയുടെ മുൻതാരം ജുവാൻ റോമൻ റിക്കവൽമിയെ പണ്ട് ബാഴ്സലോണയിൽവെച്ച് അപമാനിച്ച ഡച്ച് കോച്ച് ലൂയിസ് വാൻഗാലിനുള്ള കൃത്യമായ മറുപടിയായിരുന്നു മെസ്സിയുടെ ആ നിൽപ്പ്. മൈതാനത്തെ ശാന്തനായ ഈ മാലാഖ ചിലപ്പോൾ ഇങ്ങനെയും ഭാവം മാറും എന്ന് തെളിയിച്ച നിമിഷം!
ഇനി റൊണാൾഡോ...
റൊണാൾഡോ ഗോൾ നേടിയാൽ സ്റ്റേഡിയം മുഴുവൻ ഒരു വാക്ക് മാത്രം കേൾക്കും.
'സിയൂൂൂ...'
ഇത് ഒരു ആഘോഷമല്ല. ഒരു ഭൂകമ്പമാണ്. ഓടും ചാടും വായുവിൽ തിരിയും രണ്ട് കാലും നിലത്ത് പതിയുമ്പോൾ സ്റ്റേഡിയം മുഴുവൻ അതേ ശബ്ദം ആവർത്തിക്കും. ഒരു മനുഷ്യൻ സ്വന്തം ആഘോഷത്തിന് ലോകമെമ്പാടും കോപ്പിറൈറ്റ് വാങ്ങിയാൽ എങ്ങനെയിരിക്കും? അതാണ് 'Siuuu'.
ഇന്ന് കുട്ടികൾ ഗോൾ അടിക്കാതെയും 'സിയൂ' ചെയ്യും. ചില സ്‌കൂളുകളിൽ പരീക്ഷ പാസായാലും 'സിയൂ' കേൾക്കാം.
അടുത്ത തലമുറയിൽ പെൻഷൻ കിട്ടിയവരും ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ ചാടി 'സിയൂ' വിളിച്ചാൽ അത്ഭുതപ്പെടേണ്ട.
എംബാപ്പെ… ഗോൾ… പിന്നെ കൈകൾ നെഞ്ചിൽ മടക്കി ഒരു രാജാവിനെപ്പോലെ നിൽക്കും. അത് കണ്ടാൽ തോന്നും:
'ഞാൻ പറഞ്ഞില്ലേ... ഗോൾ വരുമെന്ന്...' അഭിമാനവുമുണ്ട്, കുസൃതിയുമുണ്ട്, ആത്മവിശ്വാസവുമുണ്ട്.
അത്ഭുതമെന്നു പറയട്ടെ, ഈ ആഘോഷം ഒരു വീഡിയോ ഗെയിമിൽ സഹോദരനെ തോൽപ്പിച്ചപ്പോഴാണ് ജനിച്ചത്. ലോകകപ്പ് വരെ എത്തുമെന്ന് അന്ന് ആരറിഞ്ഞു!
റിച്ചാർലിസൺ… ബ്രസീലുകാരോട് ഗോൾ ആഘോഷിക്കാൻ പറഞ്ഞാൽ അവർ ആദ്യം ഡാൻസ് മാസ്റ്ററെ വിളിക്കും.
ഗോൾ കഴിഞ്ഞാൽ സാംബ, സഹതാരങ്ങൾ, ചിരി, നൃത്തം, ഒരിക്കൽ പരിശീലകൻ വരെ ചേർന്ന് നൃത്തം ചെയ്തിട്ടുണ്ട്.
ബ്രസീലുകാർക്ക് ഫുട്‌ബോൾ ഒരു കളിയല്ല; കാർണിവലാണ്. നമ്മുടെ നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റായി ജയിച്ചാൽ ബാൻഡ് മേളം വരുന്നതുപോലെ.
നെയ്മർ… നെയ്മറുടെ ആഘോഷം കാണുമ്പോൾ തോന്നും, ഇയാൾ ഗോൾ അടിക്കാനല്ല വന്നത്, റീൽസ് എടുക്കാനാണ് വന്നത്. ഓരോ ആഘോഷവും വൈറലാകാൻ പാകത്തിൽ. ട്രെൻഡിംഗ് ഡാൻസ്.
സംഗീതത്തിന്റെ താളം, സുഹൃത്തുക്കൾ, കാമറ, എല്ലാം കൃത്യമായി. ഇന്നത്തെ കാലത്ത് ഗോളിന് ശേഷമുള്ള ആഘോഷം സോഷ്യൽ മീഡിയയിൽ രണ്ടാമത്തെ ജീവിതത്തിന് അവസരം നൽകുമെന്ന് നെയ്മർ മനസ്സിലാക്കിയിട്ടുണ്ട്.
ടിം കാഹിൽ.. കോർണർ ഫ്‌ലാഗിന് സമീപം പോയി ബോക്‌സിംഗ് പഞ്ചുകൾ. കാരണം കുട്ടിക്കാലത്ത് ബോക്‌സറും ആയിരുന്നു. ഒരു ഗോൾ, രണ്ട് കായിക ഇനങ്ങളുടെ ആഘോഷം. ഒറ്റ ടിക്കറ്റിൽ രണ്ട് സിനിമ.
ഇനിയസ്റ്റ… 2010 ലോകകപ്പ് ഫൈനലിൽ ഗോൾ. എല്ലാവരും കരുതിയത് ഇയാൾ ചാടുമെന്നും ഓടുമെന്നും. പക്ഷേ, ഒന്നും ചെയ്തില്ല. ജേഴ്‌സി ഊരി കാണിച്ചത് മാത്രം. അത് ഒരു സന്ദേശമായിരുന്നു. 'Dani Jarque... എപ്പോഴും നമ്മോടൊപ്പം.' അന്തരിച്ച സുഹൃത്തിനുള്ള ആദരാഞ്ജലി.
ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോൾ ഏതാണ് എന്ന തർക്കം തുടരാം. പക്ഷേ, ഏറ്റവും മനോഹരമായ ആഘോഷം ഏതാണെന്ന് ചോദിച്ചാൽ ഈ രംഗം മുൻനിരയിലുണ്ടാകും. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും. ഇതെല്ലാം അപ്പോൾ തോന്നുന്നതാണോ? അല്ല. അതിനും റിഹേഴ്‌സലുണ്ട്.
അതെ. ഗോൾ അടിക്കുന്നതിന് മാത്രമല്ല, ഗോൾ ആഘോഷിക്കുന്നതിനും പരിശീലനമുണ്ട്. വലിയ ക്ലബ്ബുകളിൽ ചില താരങ്ങൾ കണ്ണാടിക്ക് മുന്നിൽ ആഘോഷം പരീക്ഷിക്കും. ഏത് ആംഗിളിലാണ് ഫോട്ടോ നന്നാവുക? ഏത് കാമറയാണ് പിടിക്കുക? സ്ലോ മോഷനിൽ എങ്ങനെ കാണും? ആരാധകർക്ക് എളുപ്പത്തിൽ അനുകരിക്കാനാകുമോ? സോഷ്യൽ മീഡിയയിൽ വൈറലാകുമോ? എല്ലാം കണക്കുകൂട്ടും. റൊണാൾഡോ തന്റെ 'സൂൂൂ' ആഘോഷം കൃത്യമായ ആംഗിളിൽ ലാൻഡ് ചെയ്യാൻ ജിമ്മിലും ഗ്രൗണ്ടിലും മണിക്കൂറുകളോളം വായുവിൽ ചാടി പരിശീലിക്കാറുണ്ടത്രേ! കാരണം, ലാൻഡിങ് അൽപമൊന്ന് തെറ്റിയാൽ കണങ്കാലിന് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്.
ഒരു ഗോൾ ഏതാനും സെക്കൻഡ് മാത്രം ജീവിക്കും. പക്ഷേ, ഒരു മികച്ച ആഘോഷം പതിറ്റാണ്ടുകൾ ജീവിക്കും. 'സിയൂ' ഗോൾക്കപ്പുറത്തേക്ക് പോയി. മെസ്സിയുടെ ആകാശത്തേക്കുള്ള വിരൽചൂണ്ടൽ ഫുട്‌ബോളിനപ്പുറത്തേക്ക് പോയി. എംബാപ്പെയുടെ കൈമടക്കം കുട്ടികളുടെ കളിസ്ഥലങ്ങളിലെത്തി. അതുകൊണ്ടുതന്നെ ഇന്നത്തെ ഫുട്‌ബോളിൽ ഗോൾ സെലിബ്രേഷൻ ഒരു വ്യക്തിഗത ബ്രാൻഡാണ്. കളിക്കാരന്റെ ഒപ്പാണ്.
ഇതൊക്കെ കാണുമ്പോൾ ഞാൻ എന്നെക്കുറിച്ചും നമ്മളെക്കുറിച്ചുമാണ് വീണ്ടും ആലോചിക്കുന്നത്. നമ്മൾ എന്തിന് ഇങ്ങനെ സന്തോഷം ഒളിപ്പിക്കുന്നു? എന്തിന് വിജയം വന്നാൽ മുഖം ഗൗരവത്തിലാക്കുന്നു? ഒരിക്കൽ ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു. 'പ്രമോഷൻ കിട്ടിയിട്ട് എന്താ ഒരു ആഘോഷവുമില്ലേ?' അവൻ പറഞ്ഞു: 'ആഘോഷിച്ചാൽ അടുത്ത ആഴ്ച തന്നെ പുതിയ ജോലികൾ എല്ലാം എന്റെ തലയിൽ വീഴും.' അതിലും കാര്യമുണ്ട്, നമ്മുടെ സമൂഹത്തിൽ വിജയം ആഘോഷിച്ചാൽ ചിലർ കൈയടിക്കും. പക്ഷേ ചിലർ കണക്ക് കൂട്ടാൻ തുടങ്ങും. ഇവന് ഇത്രയും സന്തോഷിക്കാൻ എന്താ കാര്യം?' അതാണ് നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ചെറിയ ദൗർബല്യം. സന്തോഷം പകർച്ചവ്യാധിയാണ്. ത് പടരട്ടെ. ഗോൾ അടിച്ച ഫുട്‌ബോൾ താരങ്ങളെപ്പോലെ നമ്മൾ ഗ്രൗണ്ട് മുഴുവൻ ഓടണമെന്നില്ല. ഓഫീസിൽ പ്രമോഷൻ കിട്ടിയ ദിവസം കസേരയുടെ മുകളിൽ കയറി 'സിയൂ' വിളിക്കണമെന്നുമില്ല. അയൽവീട്ടുകാരെ വിളിച്ച് സാംബ നൃത്തം ചെയ്യണമെന്നുമില്ല.
പക്ഷേ, ഒരു കാര്യം ചെയ്യാം. സന്തോഷം വന്നാൽ അത് ലജ്ജിക്കാതെ സ്വീകരിക്കാം. വിജയം വന്നാൽ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാം. കാരണം ജീവിതം നമ്മൾ വിചാരിക്കുന്നതിലും ചെറിയ ടൂർണമെന്റാണ്. ഓരോ ദിവസവും ഒരു മത്സരം.
ഓരോ വിജയവും ഒരു ഗോൾ. ആ ഗോൾ ആഘോഷിക്കാൻ പഠിച്ചില്ലെങ്കിൽ, ഒടുവിൽ സ്‌കോർബോർഡിൽ ജയിച്ചാലും മനസ്സിൽ തോറ്റുപോകും. അതുകൊണ്ട് അടുത്ത തവണ നിങ്ങൾക്ക് ഒരു ചെറിയ വിജയമുണ്ടായാൽ, ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട്... ഒരു ചെറു 'സിയൂ' എങ്കിലും വിളിച്ചുനോക്കൂ. അല്ലെങ്കിൽ മെസ്സിയെപ്പോലെ ആകാശത്തേക്ക് നോക്കി ഒരു നന്ദി പറഞ്ഞാലും മതി. ജീവിതം അതിന് ശേഷം കുറച്ചുകൂടി മധുരമാകും.
Content Highlights: Contrast between Malayali social inhibitions and the raw emotion of football goal celebrations., Analysis of iconic celebrations: Messi's tribute, Ronaldo's 'Siuuu', and Mbappe's signature pose., The professional preparation and branding behind modern football celebrations., A call to action to stop hiding personal success and embrace happiness without fear of judgment.
Published: 06 Jul 2026, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented