സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം പണമില്ലായ്മയല്ല. സ്റ്റോറേജില്ലായ്മയാണ്

അത്യാവശ്യമാണ്. എന്റെ ആധാർ കാർഡ് ഒന്ന് അയച്ചുതരാമോ? ബാങ്കിലോ ഓഫീസിലോ ക്യൂവിന്റെ ഇങ്ങേയറ്റത്ത് നിന്ന് നമ്മൾ ഭാര്യയേയോ മകളേയോ സഹോദരനെയൊ ഒക്കെ വിളിച്ച് പറയും.
'ഞാനത് കഴിഞ്ഞയാഴ്ചയും അയച്ചതല്ലേ. വാട്‌സ്ആപ്പിൽ കാണും നോക്കൂ...'
'പാൻ കാർഡ്?'
'അതും വാട്‌സ്ആപ്പിലുണ്ട്.'
'ഭൂമിയുടെ ആധാരം?'
'അതും.'
'വിവാഹ സർട്ടിഫിക്കറ്റ്?'
'അതും.'
'കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്?'
'അതും.'
'ഭാര്യയുടെ കോപത്തിനുള്ള കാരണം?'
'അതുമാത്രം വാട്‌സ്ആപ്പിലില്ല. അത് ലൈവാണ്.'
ഒരു കാലത്ത് വീട്ടിൽ എന്തെങ്കിലും അത്യാവശ്യ സാധനം വേണമെങ്കിൽ ആദ്യം കട്ടിലിനടിയിൽ നോക്കും. കിട്ടിയില്ലെങ്കിൽ അലമാര തുറക്കും. അവിടെയും കിട്ടിയില്ലെങ്കിൽ പെട്ടി തുറക്കും. പെട്ടിയിൽ നിന്ന് പഴയ ഓണക്കോടി, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടർ സ്ലിപ്പ്, അഞ്ചു വർഷം മുൻപത്തെ വൈദ്യുതി ബിൽ, ഒരു രൂപയുടെ പഴയ നാണയം, പൊട്ടിയ വാച്ച്, പിന്നെ ആരും തിരിച്ചറിയാത്ത കുറെ താക്കോലുകൾ... അങ്ങനെ പല ചരിത്രരേഖകളും പുറത്തുവരും. ഒടുവിൽ അന്വേഷിച്ച സാധനം ഏറ്റവും അടിയിലോ, അല്ലെങ്കിൽ 'ഇതൊന്ന് സൂക്ഷിച്ചു വെക്കണം' എന്ന് പറഞ്ഞ് അമ്മ പ്രത്യേകമായി ഒളിപ്പിച്ച സ്ഥലത്തോ കാണും. അന്ന് സാധനം കണ്ടെത്താൻ സമയമെടുത്തിരുന്നു. പക്ഷേ കിട്ടിയിരുന്നു. ഇന്ന് സാധനം കണ്ടെത്താൻ സമയം വേണ്ട. കിട്ടിയാൽ ഭാഗ്യം!
കാരണം, നമ്മുടെ ജീവിതം ഇപ്പോൾ ഡിജിറ്റലാണ്. സർട്ടിഫിക്കറ്റുകൾ, ബില്ലുകൾ, വാറന്റി കാർഡുകൾ, ബാങ്ക് രേഖകൾ, ഇൻഷുറൻസ് പോളിസികൾ, ആശുപത്രിയിലെ പ്രിസ്‌ക്രിപ്ഷനുകൾ, കുട്ടിയുടെ മാർക്ക് ലിസ്റ്റ്, വീട്ടിന്റെ പ്ലാൻ... എല്ലാം ഫോണിനുള്ളിലാണ്.
ആദ്യമൊക്കെ സിഡികളായിരുന്നു നമ്മുടെ ഡിജിറ്റൽ അലമാര. വിലപിടിപ്പുള്ള ഫയലുകൾ ഓരോന്നും സിഡിയിൽ റൈറ്റ് ചെയ്ത് മാർക്കർ പേന കൊണ്ട് മുകളിൽ 'Certificates', 'Photos', 'Office' എന്നൊക്കെ എഴുതി സൂക്ഷിക്കുമായിരുന്നു. പിന്നെ കാലം മാറിയപ്പോൾ പെൻഡ്രൈവ് വന്നു. അതൊരു കാലത്ത് വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായിരുന്നു. കഴുത്തിൽ തൂക്കിയവരുമുണ്ട്, താക്കോൽക്കൂട്ടത്തിൽ ചേർത്തവരുമുണ്ട്. പിന്നീട് എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌കുകളുടെ കാലമായി. ഒരു ചെറിയ പെട്ടിക്കുള്ളിൽ പതിറ്റാണ്ടുകളുടെ ഓർമ്മകളും രേഖകളും ഒതുങ്ങി.
അതിനുശേഷം ക്ലൗഡ് വന്നു. 'മേഘത്തിൽ സൂക്ഷിക്കാം' എന്ന ആശയം ആദ്യം കേട്ടപ്പോൾ, മഴ പെയ്താൽ നമ്മുടെ ഫയലുകൾ നനയുമോ എന്ന് ആത്മാർത്ഥമായി സംശയിച്ചവരും കുറവല്ല. ക്ലൗഡിൽ സൂക്ഷിച്ചാൽ സുരക്ഷിതമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അതിനുള്ള പാസ്വേഡ് ഓർമ്മിക്കുന്നവർ വളരെ കുറവാണ്.
പക്ഷേ ഇതെല്ലാം പിന്നിലാക്കി ഇന്ന് നമ്മുടെ ഔദ്യോഗിക ഡിജിറ്റൽ ആർക്കൈവ് ഒരു പുതിയ വിലാസത്തിലേക്ക് മാറിയിരിക്കുന്നു. അതിന്റെ പേര് ക്ലൗഡോ ഹാർഡ് ഡിസ്‌കോ അല്ല. ഇപ്പോൾ നമ്മുടെ ഔദ്യോഗിക രേഖാശേഖരത്തിന്റെ പേര് വാട്‌സ്ആപ്പ്.
ആരെങ്കിലും ഒരു സർട്ടിഫിക്കറ്റ് അയച്ചുതന്നാൽ, നമ്മൾ അത് ഡൗൺലോഡ് ചെയ്ത് പ്രത്യേക ഫോൾഡറിൽ സൂക്ഷിക്കില്ല. 'ചാറ്റിലുണ്ട്' എന്ന് കരുതി സമാധാനിക്കും. വാട്‌സ്ആപ്പ് എന്ന മഹാഭാരതത്തിൽ എവിടെയോ അത് കിടക്കുന്നുണ്ടാകും. ആവശ്യം വരുമ്പോൾ തിരയാം.
തിരയുമ്പോഴാണ് ജീവിതത്തിന്റെ യഥാർത്ഥ പരീക്ഷ.
'Search' എന്ന ബോക്‌സിൽ Aadhaar എന്ന് ടൈപ്പ് ചെയ്താൽ ആദ്യം വരുന്നത് 'Happy Onam' എന്ന പൂക്കളമാണ്. പിന്നെ 'Good Morning' സൂര്യോദയം. അതുകഴിഞ്ഞ് ഒരു അമ്മാവന്റെ ആരോഗ്യ ഉപദേശം. കുറച്ചുകൂടി താഴേക്ക് പോയാൽ 'Forwarded many times'. ഒടുവിൽ എവിടെയോ നമ്മുടെ ആധാർ കാർഡും കാണും.
അപ്പോഴേക്കും ഓഫീസിലെ കൗണ്ടർ അടച്ചിരിക്കും.
നമ്മുടെ കാലത്തെ ഏറ്റവും വലിയ വിശ്വാസബന്ധം കുടുംബാംഗങ്ങളുമായല്ല. വാട്‌സ്ആപ്പ് അയച്ച ആളുമായാണ്.
'അയച്ചുതന്നവന്റെ ചാറ്റിൽ അതുണ്ടാകും.' എന്ന ഉറപ്പിലാണ് നമ്മൾ ജീവിക്കുന്നത്. അഞ്ച് വർഷം മുൻപ് അയച്ച ബിൽ വേണോ?
'ചേട്ടാ, ഒരിക്കൽക്കൂടി അയച്ചുതരുമോ?'
'എന്റെ ഫോൺ മാറിപ്പോയി.' അപ്പോൾ നമ്മൾ മറ്റൊരാളെ സമീപിക്കും. അവനും ഫോൺ മാറിയിരിക്കും. അവസാനം ആ ബിൽ ഉണ്ടാക്കിയ കട തന്നെ അടച്ചുപൂട്ടിയെന്ന വാർത്തയും കേൾക്കും. എന്നിട്ടും നമ്മൾ പഠിക്കില്ല.
ഇപ്പോൾ പലരുടെയും ജീവിതം മൂന്ന് സ്ഥലങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒന്ന് വാട്‌സ്ആപ്പ്. രണ്ടാമത്തേത് ഗാലറി. മൂന്നാമത്തേത് Downloads ഫോൾഡർ. ഈ മൂന്നിടത്തും ഒരേ ഫയലിന്റെ ഒന്നിലധികം കോപ്പികളുണ്ടാകും. ആധാർ കാർഡ് മാത്രം Aadhaar.pdf, Aadhaar (1).pdf, New Aadhaar.pdf, Latest Aadhaar.pdf, Final Aadhaar.pdf, Final Final.pdf എന്നിങ്ങനെ പല പേരുകളിൽ കിടക്കും. ഏതാണ് ഏറ്റവും പുതിയത് എന്ന് ദൈവത്തിനും ഉടമയ്ക്കും മാത്രമേ അറിയൂ. ചിലപ്പോൾ ദൈവത്തിനുപോലും അറിയില്ല.
രസകരമായ കാര്യം, വേണ്ട ഫയൽ അന്വേഷിക്കുമ്പോഴാണ് ബാക്കി ലോകത്തിന്റെ ചരിത്രം മുഴുവൻ കണ്ടുകിട്ടുന്നത്. അഞ്ചു വർഷം മുമ്പ് ആരോ അയച്ച 'Good Morning' പൂക്കൾ, കോവിഡ് കാലത്തെ പാസ്, മറന്നുപോയ ഒരു ട്രെയിൻ ടിക്കറ്റ്, കുട്ടിയുടെ എൽ.കെ.ജി. പ്രോഗ്രാമിന്റെ വീഡിയോ, ഡസൻ കണക്കിന് മീമുകൾ, നൂറുകണക്കിന് സ്‌ക്രീൻഷോട്ടുകൾ... എല്ലാം മുന്നിലെത്തും. പക്ഷേ ബാങ്ക് കൗണ്ടറിൽ നിൽക്കുമ്പോൾ ആവശ്യപ്പെട്ട ആ ഒരു PDF മാത്രം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതുപോലെ കാണാനില്ല.
അപ്പോൾ തുടങ്ങും മഹാ അന്വേഷണം. ആദ്യം ഗാലറിയിൽ തിരയും. പിന്നെ Downloads ഫോൾഡറിൽ. അവിടെയില്ലെങ്കിൽ വാട്‌സ്ആപ്പിലെ ചാറ്റുകൾ ഓരോന്നായി തുറക്കും. അവസാനം കണ്ടുപിടിക്കും. ലോട്ടറി അടിച്ച സന്തോഷത്തോടെ നമ്മളതിൽ ക്ലിക്കും. പക്ഷേ ഡൗൺലോഡ് ആകൂല്ല. കറങ്ങികറങ്ങി നിക്കും. കുറേ നേരം കഴിഞ്ഞേ വാട്‌സാപ് ആ ചരിത്ര സത്യം നമ്മോട് പറയൂ. THE DOCUMENT YOU SEARCH IS NOT IN THE SYSTEM. PLEASE ASK THE SENDER TO RE SEND IT
ഒടുവിൽ രേഖ അയച്ചുതന്ന ആളെ വിളിച്ച്, 'ചേട്ടാ... ആ ഫയൽ ഒന്നു കൂടി അയച്ചുതരാമോ?' എന്ന ചോദ്യത്തിൽ അന്വേഷണം അവസാനിക്കും. ഡിജിറ്റൽ യുഗത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാചകം 'ഹലോ' അല്ല, 'ഒന്നുകൂടി ഫോർവേഡ് ചെയ്യാമോ?' എന്നായിരിക്കുമെന്ന തോന്നൽ വെറുതെയല്ല.
ഇപ്പോ ഒരു ബില്ലും കടലാസ് രൂപത്തിൽ നമുക്ക് കിട്ടുകേല. ഒരു കടലാസ് സേവ് ചെയ്താൽ ഒരു മരം സേവ് ചെയ്യുന്നു എന്നാണല്ലോ. അതോണ്ട് ബില്ല് വാട്‌സാപ്പിലോ എസ്എംഎസ് ലിങ്കായോ വരുമെന്ന് പറയുമ്പോൾ നമ്മൾ തലകുലുക്കും. എന്തേലും ആവശ്യത്തിന് ഈ ബില്ല് വേണ്ടിവരുമ്പോഴാണ് പുല്ല് നമ്മൾ ആലോചിക്കുന്നത്. വാട്‌സാപിൽ കാണുമല്ലോ എന്ന്. പക്ഷേ അപ്പോഴേക്ക് ആര് എന്തര് എപ്പോ അയച്ചത് എന്നൊന്നും നമുക്ക് ഓർമ്മ കാണുകേല.
ഫോൺ മെമ്മറി ഫുൾ ആകുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ ഭാരം മനസ്സിലാകുന്നത്. അപ്പോൾ തുടങ്ങും മഹാശുചീകരണം.
'ഈ വീഡിയോ വേണ്ട.'
'ഈ ഫോട്ടോ വേണ്ട.'
'ഈ മീം വേണ്ട.'
അങ്ങനെ ധൈര്യത്തോടെ ഡിലീറ്റ് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ പാസ്പോർട്ടിന്റെ സ്‌കാൻ പോയോ, ഇൻഷുറൻസ് പോളിസി പോയോ, കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് പോയോ എന്നൊന്നും ആരും ശ്രദ്ധിക്കില്ല. കാരണം ഡിലീറ്റ് ചെയ്യുമ്പോൾ നമ്മുടെ ആത്മവിശ്വാസം വേറെയായിരിക്കും. 'അതൊക്കെ വാട്‌സ്ആപ്പിലുണ്ട്.' ഇതാണ് പുതിയ കാലത്തെ 'അലമാരയിലുണ്ട്' എന്ന വാചകത്തിന്റെ ഡിജിറ്റൽ പതിപ്പ്. എന്നാൽ ഒരു ദിവസം ഫോൺ ഫോർമാറ്റ് ചെയ്യേണ്ടി വന്നാൽ? അവിടെയാണ് കഥയിലെ വില്ലൻ എത്തുന്നത്. ഫോൺ ഓൺ ആകുന്നില്ല. സർവീസ് സെന്ററിൽ കൊടുത്തു. അവർ പറഞ്ഞു, 'ഡാറ്റ പോകും.' ആ ഒരു വാചകം മതി. മനുഷ്യന്റെ മുഖത്ത് നിന്ന് രക്തം വറ്റാൻ. പഴയ വീട്ടിൽ തീപിടിച്ചാലും ഇത്ര ടെൻഷൻ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.കാരണം വീട്ടിൽ കത്തിപ്പോയത് ഫർണിച്ചറാണ്. ഇവിടെ കത്തിപ്പോകുന്നത് ജീവിതമാണ്.
നമ്മുടെ കുട്ടിയുടെ ആദ്യ പിറന്നാളിലെ ചിത്രം, അച്ഛന്റെ അവസാന വീഡിയോ, ആശുപത്രി റിപ്പോർട്ട്, ബാങ്ക് രേഖകൾ, നികുതി റിട്ടേൺ, വീടിന്റെ രേഖകൾ... എല്ലാം ഒരൊറ്റ 'Factory Reset' ബട്ടണിന്റെ ദയയിലാണ്. അപ്പോഴാണ് നമ്മൾ ചോദിക്കുന്നത്: ‘ബാക്കപ്പ് എടുത്തിരുന്നില്ലേ?' അത് ചോദിക്കുന്നവരാണ് ഏറ്റവും അപകടകാരികൾ. കാരണം ബാക്കപ്പ് എടുക്കണമെന്ന് പറഞ്ഞുകൊടുക്കുന്നത് എല്ലാവർക്കും അറിയാം. എടുക്കുന്നത് വളരെ കുറച്ചുപേർക്കാണ്.
ഇപ്പോൾ വീട്ടിലെ അലമാരകൾ കാലിയാകുകയാണ്. പക്ഷേ ഫോണുകൾ നിറയുകയാണ്. പണ്ട് അമ്മ അലമാരയുടെ താക്കോൽ സൂക്ഷിക്കുമായിരുന്നു. ഇന്ന് നമ്മുടെ മുഴുവൻ ജീവിതത്തിന്റെയും താക്കോൽ ആറക്ക പിൻ നമ്പറും വിരലടയാളവുമാണ്. സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കിയിട്ടുണ്ട്. പക്ഷേ സുരക്ഷിതമാക്കിയിട്ടുണ്ടോ? അതാണ് ചോദ്യം. സൗകര്യവും സുരക്ഷയും ഒരുപോലെയല്ല.
ഒരു ഫയൽ വാട്‌സ്ആപ്പിൽ അയച്ചുവെന്നത് അത് സുരക്ഷിതമായി സൂക്ഷിച്ചുവെന്നല്ല. ഒരു ഫോട്ടോ ഫോണിലുണ്ടെന്നത് അത് എന്നും ഉണ്ടാകുമെന്നുമല്ല. ഡിജിറ്റൽ ലോകത്ത് ഓർമ്മകൾക്കും രേഖകൾക്കും ആയുസ്സ് നിശ്ചയിക്കുന്നത് പലപ്പോഴും ഒരു അപ്‌ഡേറ്റോ, ഒരു തെറ്റായ ടപ്പോ, ഒരു ഫോൺ നഷ്ടപ്പെടലോ ആയിരിക്കും.
അതിനാൽ ഒരു ചെറിയ നിർദേശം. വീട്ടിലെ പഴയ പെട്ടി പൂർണമായും ഉപേക്ഷിക്കേണ്ട. അലമാരയും അടച്ചുപൂട്ടേണ്ട. പ്രധാനപ്പെട്ട രേഖകൾ ക്ലൗഡിലും സൂക്ഷിക്കാം. ഒരു ഹാർഡ് കോപ്പിയും വെക്കാം. ഫോൺ മാറിയാലും ജീവിതം മാറാതിരിക്കാൻ അത്രയെങ്കിലും കരുതൽ നല്ലതാണ്.
അല്ലെങ്കിൽ നാളെ നമ്മുടെ കൊച്ചുമക്കൾ ചോദിക്കും:
'അപ്പൂപ്പന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് എവിടെയാണ്?'
നമ്മൾ നെഞ്ചിൽ കൈവെച്ച് ആത്മവിശ്വാസത്തോടെ പറയും:
'വാട്‌സ്ആപ്പിലായിരുന്നു...'
ആ 'ആയിരുന്നു' എന്ന ഒരൊറ്റ വാക്കിൽ നമ്മുടെ ഡിജിറ്റൽ സംസ്‌കാരത്തിന്റെ മുഴുവൻ ചരിത്രവും ഒതുങ്ങിക്കിടക്കും.
ഒരു കാലത്ത് കടയിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ സോപ്പുചീപ്പ് സൗജന്യം കിട്ടുമായിരുന്നു. പിന്നെ കണ്ണാടി. പിന്നീട് സ്റ്റീൽ പാത്രം. അതിനുശേഷം ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ. ഇപ്പോൾ അതൊന്നുമല്ല.
'ഒരു ടി.ബി. ക്ലൗഡ് സ്റ്റോറേജ് ഫ്രീ!' അത്രയേ വേണ്ടൂ. അതുകേട്ടാൽ മലയാളി കണ്ണുമടച്ച് വാങ്ങും.
കാരണം കമ്പനികൾക്കറിയാം. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം പണമില്ലായ്മയല്ല. സ്റ്റോറേജില്ലായ്മയാണ്. ജീവിതത്തിൽ ആദ്യമായി മനുഷ്യൻ സ്വന്തം വീടിനേക്കാൾ വലിയൊരു സ്ഥലം അന്വേഷിക്കുന്നത് വീട് വെക്കാനല്ല... ഫയൽ വെക്കാനാണ്!
Content Highlights: The transition from physical storage to digital archives like WhatsApp., The dangers of relying on messaging apps for long-term document retention., Data loss risks during phone factory resets and device changes., The necessity of maintaining physical copies and secure cloud backups., The psychological shift in how we value digital vs. physical space.
Published: 22 Jul 2026, 03:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented