എഴുതുന്ന പാട്ടിന്റെ വരികളിൽ പ്രണയം വന്നുനിറയുന്നത് സ്വാഭാവികം. അത് സ്വന്തം പ്രണയം തന്നെയാണെങ്കിലോ ?

To advertise here,

വയലാറിനെയോ പി ഭാസ്കരനെയോ ഒഎൻവിയേയോ പോലെ അറിയപ്പെടുന്ന ഗാനരചയിതാവാകാൻ മോഹിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. കോളേജിലെ സഹപാഠി. ഇടയ്ക്കിടെ പാട്ടുകളെഴുതി റേഡിയോ സ്റ്റേഷനിലേക്കയക്കും അവൻ. ഒന്നോ രണ്ടോ രചനകളേ പ്രക്ഷേപണം ചെയ്തുകേട്ടിട്ടുള്ളൂ. എങ്കിലും പരാതികളൊന്നുമില്ലായിരുന്നു. പാട്ടെഴുതുക എന്നത് ജന്മനിയോഗമാണെന്നും ആ നിയോഗം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ നഷ്ടം തനിക്കല്ല, ആകാശവാണിക്കാണെന്നും വിശ്വസിച്ചുപോന്നു ആ യുവകവി.

കൗതുകമതല്ല. മിക്ക പാട്ടുകളിലുമുണ്ടാകും മഞ്ജു; പല്ലവിയിൽ, അല്ലെങ്കിൽ ചരണത്തിൽ. മഞ്ജുമന്ദസ്മിതം, മഞ്ജുഭാഷിണി, മഞ്ജുതര, മഞ്ജുഷ തുടങ്ങി നൂറായിരം മഞ്ജുമാർ. അല്ലാത്തപ്പോൾ മഞ്ജീരം, മഞ്ജിമ തുടങ്ങിയ പ്രയോഗങ്ങൾ. ആവർത്തനം പതിവായപ്പോൾ ജിജ്ഞാസ തോന്നി. എന്താണീ നിലയ്ക്കാത്ത മഞ്ജുപ്രവാഹത്തിന് പിന്നിൽ?ത്യാഗരാജസ്വാമികളുടെയും ദീക്ഷിതരുടെതുമൊക്കെ രചനകളിൽ ഉള്ളപോലെ വാഗ്ഗേയകാരന്റെ മുദ്രയാണെന്ന് വരുമോ?

ലജ്ജ കലർന്ന ഒരു മന്ദസ്മിതം സമ്മാനിച്ചു സുഹൃത്ത്. എന്നിട്ടാ രഹസ്യം വെളിപ്പെടുത്തി: 'മഞ്ജു എന്റെ ഹൃദയേശ്വരി. പ്രൊവിഡൻസ് കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിനി. കഴിഞ്ഞ വർഷം ബി സോൺ കലോത്സവത്തിലെ കവിതാരചനാ മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പരിചയപ്പെട്ടതാണ്. അന്ന് തോന്നിയ സ്നേഹം ഇപ്പോൾ അതിന്റെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. അവൾക്കുള്ള പ്രണയസന്ദേശങ്ങളാണ് എന്റെ ഓരോ ഗാനവും. മേഘം വഴി അയക്കാൻ മാർഗമില്ലാത്തതുകൊണ്ട് റേഡിയോ തരംഗങ്ങൾ വഴി അയക്കുന്നു. അത്രമാത്രം....'

ആ കുട്ടിക്കറിയുമോ നിന്റെ ഈ പ്രേമം? - എന്റെ ചോദ്യം.

'സാധ്യതയില്ല.' - മറുപടി ഉടൻ വന്നു. 'കണ്ണുകളിലൂടെ എന്റെ ആഗ്രഹം കൈമാറാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വിചാരിച്ച പോലെ ഏശിയ മട്ടില്ല. അതുകൊണ്ടാണ് ഇനി കവിത വഴിയാകാം എന്ന് തീരുമാനിച്ചത്.'

കവിത കൊണ്ടും വലിയ ഫലമൊന്നുമുണ്ടായില്ല എന്നാണ് വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടപ്പോൾ അവൻ പറഞ്ഞറിഞ്ഞത്. ഇക്കഥയൊന്നുമറിയാതെ വിവാഹിതയായി വിദേശത്ത് സസുഖം വാഴുന്നു മഞ്ജു. 'ഞാനും അതെല്ലാം മറന്നുപോയിരുന്നു. അന്ന് പാട്ടുകൾ എഴുതിവെച്ചിരുന്ന നോട്ട് ബുക്ക് അടുത്തിടെ യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോഴാണ് വീണ്ടും ആ കാലം ഓർമ്മവന്നത്. വായിച്ചു നോക്കുമ്പോൾ എല്ലാ പാട്ടുകളിലുമുണ്ട് മഞ്ജു. ചിരിയാണ് വന്നത്. ഇത്തരം വൺവേ പ്രേമങ്ങൾ നമ്മുടെയൊക്കെ കൗമാരകാലത്ത് സാധാരണമായിരുന്നല്ലോ....'

ഗാനരചയിതാവ് എംഡി രാജേന്ദ്രനുമായി അടുത്തിടെ സംസാരിച്ചപ്പോൾ ആ കഥ വീണ്ടുമോർത്തു. ലക്ഷ്യത്തിലെത്താത്ത ഒരു പ്രണയത്തിന്റെ ഓർമകൾ കൂടി പതിഞ്ഞുകിടക്കുന്നുണ്ടല്ലോ എംഡിആറിന്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രഗാനത്തിൽ: 'ഹിമശൈല സൈകത ഭൂമിയിലിന്നൊരു പ്രണയപ്രവാഹമായ് വന്നൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കും പ്രഥമോദബിന്ദുവായ്‌ തീർന്നു...'

ആകാശവാണിക്ക് വേണ്ടി ലളിതഗാനമായി എഴുതിയ പാട്ടാണത്. പല്ലവി ഇങ്ങനെയായിരുന്നു എന്ന് മാത്രം: 'കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെ കനകലതേ നിന്നെ കണ്ടൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന ഋതുകന്യ പോലെ നീ നിന്നു.' സുന്ദരിയായ ഒരു ആരാധികയുടെ മുഖമായിരുന്നു ആ വരികളെഴുതുമ്പോൾ തന്റെ മനസ്സിലെന്ന് എം ഡി ആർ. കാവ്യഭംഗിയുള്ള വാചകങ്ങളിൽ, ശബ്ദഗാംഭീര്യത്തോടെ പരിപാടികൾ അവതരിപ്പിക്കുന്ന ചെറുപ്പക്കാരനെ തേടി റേഡിയോ സ്റ്റേഷനിൽ വന്ന പെൺകുട്ടിയുടെ മുഖം.

ലളിതഗാനത്തിലെ ബാക്കി വരികളെല്ലാം സിനിമാപ്പാട്ടിൽ നമ്മളിന്ന് കേൾക്കുന്ന പോലെ തന്നെ. 'നിഗൂഢമായ ഒരു ആഗ്രഹം ഉള്ളിലൊതുക്കിക്കൊണ്ടാണ് ആ പാട്ടെഴുതിയത് - ഒരിക്കൽ മാത്രം കണ്ടിട്ടുള്ള സുന്ദരിയായ ആരാധിക റേഡിയോയിൽ അത് കേൾക്കണം. എന്നെ ഇഷ്ടപ്പെടണം. ആ കുട്ടിയോട് ചെറിയൊരു പ്രണയം തോന്നിയിരുന്ന കാലമാണ്; ഇങ്ങോട്ട് അതുണ്ടോ എന്നറിയില്ലെങ്കിലും.' എംഡിആർ ചിരിക്കുന്നു. 'കുട്ടിയുടെ പേര് ലത. പല്ലവിയിൽ ഞാൻ അവളെ കനകലതയാക്കി. എങ്ങാനും ആ പാട്ട് കേട്ട് എന്റെ മനോവികാരം അവൾ തിരിച്ചറിഞ്ഞാലോ?' എവിടെ തിരിച്ചറിയാൻ? കനകലത ഒരു മോഹലതയായി മാറി എന്നതാണ് കഥയുടെ ക്ലൈമാക്സ്. 

വീണാവിദ്വാൻ കൂടിയായ അനന്തപദ്മനാഭനാണ് ബാഗേശ്രീ രാഗത്തിൽ ആ ഗാനം ആകാശവാണിക്ക് വേണ്ടി മനോഹരമായി ചിട്ടപ്പെടുത്തിയത്. പാടിയത് പി ജയചന്ദ്രൻ. 'അഞ്ചാറ് മാസത്തിനു ശേഷം ഒരു നാൾ 'ശാലിനി എന്റെ കൂട്ടുകാരി'യ്ക്ക് വേണ്ടി കവിത പോലുള്ള ഒരു രചന വേണം എന്ന് നിർമ്മാതാവ് വിന്ധ്യൻ വിളിച്ചുപറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് ഈ ലളിതഗാനമാണ്. അതിലെ 'എന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി, ബോധമബോധമായ് മാറും ലഹരിതൻ സ്വേദപരാഗമായ് മാറി' എന്ന വരി ഈ സിനിമയിലെ സന്ദർഭത്തിന് നന്നായി ഇണങ്ങുമല്ലോ എന്ന് തോന്നി. ഹിമശൈല സൈകത ഭൂമിയിൽ എന്ന് തുടങ്ങുന്ന പല്ലവി തുടക്കത്തിൽ എഴുതിച്ചേർക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ലളിതഗാനമായി വന്ന വരികൾ മാറ്റിയെഴുതിയതാണെന്ന് മാസ്റ്ററോട് പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. ലളിതഗാനം മറ്റൊരു ശൈലിയിൽ, രാഗത്തിൽ ചിട്ടപ്പെടുത്തിയതാണല്ലോ എന്നോർത്തിരിക്കണം അദ്ദേഹം.'

മാധുരിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട 'ശാലിനി'യിലെ കാവ്യഗീതം ശ്രോതാക്കൾ ഏറ്റെടുത്തതും ഹൃദയത്തോട് ചേർത്തതും പിൽക്കാല ചരിത്രം. നാലര പതിറ്റാണ്ടിനിപ്പുറവും പുതുമ നശിക്കാത്ത പ്രണയാനുഭവമായി നിലനിൽക്കുന്നു ആ ഗാനം. പുതുതലമുറ പോലും 'ഹിമശൈല സൈകതം' ഏറ്റുപാടുന്നു. ഇത് വല്ലതും അറിയുന്നുണ്ടാകുമോ എം ഡി ആറിന്റെ ആ പഴയ സ്വപ്നകാമുകി?

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ കണ്ട ലജ്ജയിൽ മുങ്ങിയ മുഖം സുന്ദരമായ ഒരു സങ്കല്പം മാത്രമായിരുന്നില്ല പാട്ടെഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്ണന്. 'അയലത്തെ സുന്ദരി'യിലെ ആ സൂപ്പർ ഹിറ്റ് ഗാനത്തിൽ 'അധരം കൊണ്ടധരത്തിൽ അമൃതു നിവേദിക്കും അസുലഭനിർവൃതി അറിഞ്ഞൂ ഞാൻ' എന്നെഴുതിയ കവിയോട് പിൽക്കാലത്തൊരിക്കൽ ചോദിച്ചിട്ടുണ്ട്: 'പ്രണയവിവശനായ ഒരു കാമുകനുണ്ടല്ലോ ഈ വരികളിൽ? ആരെയോ മനസ്സിൽ കണ്ടുകൊണ്ടെഴുതിയതല്ലേ ഈ പാട്ട്?' 

മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചിരിച്ചു. 'അങ്ങനെ തോന്നിയോ? ശരിയാണ്. ഒരു കൗമാരപ്രണയത്തിന്റെ നിഴൽ പതിഞ്ഞുകിടക്കുന്നുണ്ട് ആ പാട്ടിൽ. സംവിധായകൻ ഹരിഹരൻ വിവരിച്ചു തന്ന കഥാസന്ദർഭം മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയതെങ്കിലും ആ പഴയ അനുഭവം അറിയാതെ വന്നു വരികളിൽ നിറയുകയായിരുന്നു. പഠിക്കുന്ന കാലത്താണ്. എനിക്കന്ന് പതിനേഴോ പതിനെട്ടോ പ്രായം. ബന്ധു കൂടിയായ കുറച്ചു മുതിർന്ന ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അത്യാവശ്യം വായനയൊക്കെ ഉള്ള ആളാണ്. എന്റെ കവിതകളൊക്കെ വായിച്ചു അഭിപ്രായം പറയും. ആ അടുപ്പമാണ് നിശബ്ദ പ്രണയമായി വളർന്നത്. സഫലമാകാതെ പോയ പ്രണയം.'

പാട്ടിലെ അമ്പലവും ലക്ഷാർച്ചനയുമൊക്കെ ആ പ്രണയസ്മൃതികളുടെ ഭാഗമാണെന്ന് മങ്കൊമ്പ്. ' ചെന്നൈയിലെ ആർ കെ ലോഡ്ജിലിരുന്നാണ് പാട്ടെഴുതിയത്. വരികൾ വായിച്ചു നോക്കിയപ്പോൾ തന്നെ ഹരിഹരന് ഇഷ്ടപ്പെട്ടു. നല്ല സംഗീതജ്ഞാനമുള്ള ആളാണ് ഹരിഹരൻ. സ്വന്തം സിനിമകളിലെ ഗാനചിത്രീകരണത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുണ്ട്‌. അതുകൊണ്ടാവണം ആ രംഗം അത്രയും മനോഹരമായത്.' സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ഗാനത്തിന്റെ തുടക്കമാണ് മങ്കൊമ്പിന്റെ വീട്ടുപേരും: ലക്ഷാർച്ചന.

സത്യൻ അന്തിക്കാടിന്റെ ഓർമ്മയിലുണ്ട് 'കാറ്റിൽ പറന്നുപോയ' ഒരു പ്രണയാഭ്യർത്ഥനയുടെ കഥ. സിനിമക്ക് വേണ്ടി സത്യൻ രചിച്ച ഏറ്റവും വലിയ ഹിറ്റ് ഗാനമാണ് 'ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെയറിയാൻ.' ഡോ ബാലകൃഷ്ണൻ കഥയെഴുതി ജേസി സംവിധാനം ചെയ്ത 'സിന്ദൂര'ത്തിലെ ആ പാട്ടിനെ കുറിച്ച് പലരും വികാര വായ്പ്പോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ സന്തോഷം തോന്നും സത്യന്; അത്ഭുതവും. എഗ്മൂറിലെ ഡോ ബാലകൃഷ്ണന്റെ ക്ലിനിക്കിനു പിന്നിലെ ഒരു മുറിയിലിരുന്ന് ഡോക്ടറും സംവിധായകൻ ജേസിയും വിവരിച്ചു തന്ന കഥാസന്ദർഭം മനസ്സിൽ കണ്ട് പാട്ടെഴുതുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നോ വർഷങ്ങൾക്കിപ്പുറവും ആസ്വദിക്കപ്പെടുമെന്നോ സങ്കൽപ്പിച്ചിട്ടു പോലുമില്ലല്ലോ അന്നത്തെ യുവഗാനരചയിതാവ്. എഴുതിക്കൊടുത്ത വരികളിൽ നിന്ന് എടി ഉമ്മർ സൃഷ്ടിച്ച ഈണമാണത്.

സഹസംവിധായകൻ എന്ന നിലയിൽ 'സിന്ദൂര'ത്തിന്റെ ആശയം രൂപപ്പെടുന്ന ഘട്ടം മുതലേ ഒപ്പമുണ്ടായിരുന്നതുകൊണ്ട് കഥാമുഹൂർത്തങ്ങൾ എല്ലാം കാണാപ്പാഠമാണ് സത്യന്. 'ഡോക്ടർ പറഞ്ഞുതരുന്ന തിരക്കഥ എഴുതിയെടുക്കുന്ന ജോലിയാണ് അന്നെനിക്ക്. എഴുതിയും വായിച്ചും വെട്ടിയും തിരുത്തിയും കഥയുടെയും കഥാപാത്രങ്ങളുടെയും ആത്മാവുമായി അതിനകം ഇഴുകിചേർന്നിരിക്കും നമ്മൾ. ഡോക്ടറുടെ സുന്ദരിയായ മകളെ പ്രണയിക്കുന്ന ലുക്കീമിയ രോഗിയുടെ റോളിലാണ് `സിന്ദൂര'ത്തിൽ വിൻസന്റ്. സിനിമയുടെ ഒരു ഘട്ടത്തിൽ ജയഭാരതിയുടെ കഥാപാത്രം വിൻസന്റിനോട് അപേക്ഷിക്കുന്നുണ്ട് - താലികെട്ടി ഒരു നിമിഷമെങ്കിലും ഒപ്പം ജീവിക്കാൻ സമ്മതിക്കണം എന്ന്. ആ അപേക്ഷയിൽ നിന്നാണ് പാട്ടിന്റെ പല്ലവി ഞാൻ രൂപപ്പെടുത്തിയത്.'

ഇനി ചരണം വേണം. മനസ്സിൽ തോന്നുന്ന വരികൾ അപ്പപ്പോൾ ഡയറിയിൽ എഴുതിവെക്കുന്ന ശീലമുണ്ട് അന്ന് സത്യന്. അങ്ങനെ കുറിച്ചുവെച്ച `വെണ്‍മേഘക്കസവിട്ട നീലാംബരം നിന്റെ നീല മിഴി കണ്ടു മുഖം കുനിച്ചു' എന്ന് തുടങ്ങുന്ന ഒരു നാലുവരിക്കവിതയാണ് പാട്ടിന്റെ ചരണമാക്കി മാറ്റിയെഴുതിയത്: 'നീലാംബരത്തിലെ നീരദകന്യകൾ നിൻ നീലമിഴി കണ്ടു മുഖം കുനിച്ചു...' 

'ആ നീലമിഴികളിൽ ഒരു നവസ്വപ്നമായ് നിർമ്മലേ എൻ അനുരാഗം തളിർത്തുവെങ്കിൽ' എന്നെഴുതുമ്പോൾ സത്യന്റെ മനസ്സിലുണ്ടായിരുന്നത് കാമുകിയായ നിമ്മിയുടെ രൂപം തന്നെ. 'കൗമാരപ്രായക്കാരനായ ഒരു കാമുകന്റെ കുസൃതിയായിരുന്നു നിർമ്മലേ എന്ന ആ അഭിസംബോധന. ഏറ്റവും വലിയ ദുരന്തം പല തവണ ആ പാട്ട് കേട്ടിട്ടും കാമുകി അത് മനസ്സിലാക്കിയതേയില്ല എന്നതാണ്. വിവാഹിതരായ ശേഷം ഇക്കാര്യം ആവേശത്തോടെ ഞാൻ അവതരിപ്പിച്ചപ്പോഴാണ് ആ നിർമ്മല താൻ തന്നെയായിരുന്നു എന്ന സത്യം എന്റെ ഭാര്യ തിരിച്ചറിഞ്ഞത്. പാട്ട് കേട്ടപ്പോൾ അവൾ വിചാരിച്ചത് സിനിമയിൽ ജയഭാരതിയുടെ കഥാപാത്രത്തിന്റെ പേരാവും നിർമല എന്നാണത്രേ. ശരിക്കും തകർന്നു പോയി. ഇതിലപ്പുറം പാഴായിപ്പോകാനുണ്ടോ ഒരു പ്രണയസന്ദേശം?

'നല്ലൊരു ഫലിതം കാറ്റിൽ പറത്തിക്കളഞ്ഞല്ലോ എന്ന് പണ്ട് വി കെ എൻ എഴുതിയതാണ് ഓർമ്മവന്നത്...' - സത്യൻ ചിരിക്കുന്നു.

മറ്റൊരു രസികൻ ഓർമ്മ കൂടിയുണ്ട് ഈ കഥകളുമായി ചേർത്തുവെക്കാൻ. ഒരു പുതുഗാനരചയിതാവ് പങ്കുവെച്ച അനുഭവം. അൽപ്പം അതിശയോക്തി കലർന്നതായി തോന്നിയെങ്കിലും ഒട്ടും അസംഭവ്യമല്ലാത്തത്. എഴുതേണ്ടത് പ്രണയഗാനമാണ്. രാധാകൃഷ്ണ സങ്കൽപ്പമൊക്കെ ചേർത്ത് ക്ലാസ്സിക് ശൈലിയിൽ ഒരെണ്ണം ട്യൂണിനൊത്ത് പടച്ചെടുക്കുന്നു കവി. പാട്ട് വായിച്ചുകേട്ട സംഗീത സംവിധായകൻ സന്തുഷ്ടൻ. കൂടെയുണ്ടായിരുന്ന നിർമ്മാതാവ് ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത് അപ്പോഴാണ്. ചരണത്തിലെ ഗോപികേ എന്ന വാക്കു മാറ്റി അവിടെ രാധികേ എന്നാക്കണം. രണ്ടും മൂന്നക്ഷരപദങ്ങൾ. ഈണത്തിൽ കൃത്യമായി ഒതുങ്ങിനിൽക്കും. 

കവിയുടെ മുഖത്ത് മങ്ങൽ. ഗോപികയ്ക്ക് പകരം രാധിക വന്നാൽ താൻ ഉദ്ദേശിച്ച ആശയം പാളിപ്പോകുമെന്നായി അദ്ദേഹം. അർത്ഥഭംഗം ഉറപ്പ്. എന്നാൽ നിർമ്മാതാവുണ്ടോ വഴങ്ങുന്നു? ഗോപികയെ ഇറക്കിവിട്ട് രാധികയെ എങ്ങനേയും പാട്ടിൽ വലിച്ചുകയറ്റിയേ പറ്റൂ. തർക്കം മുറുകിയപ്പോൾ 'ശരി, നോക്കാം ഇപ്പോൾ സമാധാനമായി പോകൂ' എന്ന് പറഞ്ഞു നിർമ്മാതാവിനെ പ്രയാസപ്പെട്ട് യാത്രയാക്കുന്നു സംഗീത സംവിധായകൻ. എന്നിട്ട് ഗാനരചയിതാവിന് നേരെ കൈകൂപ്പുന്നു.

'സുഹൃത്തേ ഉടക്കുണ്ടാക്കരുത്, ഇയ്യിടെയാണ് അദ്ദേഹം വിവാഹിതനായത്. വധുവിന്റെ പേര് രാധിക. പ്രണയവിവാഹമായിരുന്നു. സ്വന്തം സിനിമയിലെ പാട്ടിലെങ്കിലും ഭാര്യയ്ക്ക് ഒരിടം കൊടുക്കാൻ പറ്റിയില്ലെങ്കിൽ കോടികൾ മുടക്കിയിട്ടെന്ത് കാര്യം എന്ന് ചിന്തിച്ചുപോകും ആരും. അതുകൊണ്ട് ധൈര്യമായി താൻ ഗോപികയെ രാധികയാക്കിക്കോ...'

ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിട്ടുനിന്നുപോയെന്ന് കവി. പാട്ട് പുറത്തിറങ്ങാതെ പോയത് കാവ്യദേവതയുടെ സൗഭാഗ്യം.