
ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്നതിന് പ്രത്യേകിച്ച് പ്രായ നിബന്ധനയൊന്നുമില്ല. ആര്‍ക്കും ആരോടും ഏതു പ്രായത്തിലും പ്രണയം തോന്നാം. അത് സിംഗിള്‍ ആയിരിക്കുന്നവര്‍ക്ക് മാത്രമല്ല, വിവാഹിതരായാവര്‍ക്കും വിവാഹമോചിതരായവര്‍ക്കും വിവാഹം കഴിക്കാനിരിക്കുന്നവര്‍ക്കുമൊക്കെയാകാം. അവരവരുട അഭിരുചി, ജീവിത പ്രമാണം, ജീവിതത്തെ നോക്കിക്കാണുന്ന രീതി തുടങ്ങിയവയെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ഇക്കാര്യത്തിലെ ശരി തെറ്റുകള്‍ വിലയിരുത്തുകയുമാകാം. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരഭിപ്രായം പറയുന്നില്ല. പക്ഷേ, പ്രണയത്തില്‍ അകപ്പെട്ടാലും ഉള്‍പ്പെട്ടാലും പ്രണയവും പണവും തമ്മില്‍ വലിയൊരു ബന്ധമുണ്ട് എന്ന കാര്യം എല്ലാവരും ഓര്‍ത്തിരിക്കണം. ഈ തിരിച്ചറിവ് പ്രണയ ബന്ധത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വളരെ പ്രയോജനം ചെയ്യും. അതുപോലെ ഇക്കാര്യത്തിലൊരു തിരിച്ചറിവ് ഉണ്ടായാല്‍ ബ്രേക്ക് അപ്പ് ഉണ്ടാകുന്നപക്ഷം അതിന്റെ ആഘാതം വളരെ കുറയ്ക്കാനുമാകും. അതുകൊണ്ട് നിങ്ങള്‍ പ്രേമിച്ചോളൂ. ഹൃദയം കൊടുത്തോളൂ. പക്ഷേ പേഴ്സ് കൊടുക്കരുത്.
ഇക്കാലത്ത് പ്രണയത്തിന്റെ പേരിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍ വളരെ വ്യാപകമാവുകയാണ്. ഇത്തരത്തില്‍ സാമ്പത്തികമായ കൊടും ചൂഷണത്തിന് ഇരകളാകുന്നവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. എങ്കിലും സ്ത്രീകളാണ് കൂടുതല്‍. അതുകൊണ്ട് സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടത്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പല പെണ്‍കുട്ടികളുടെയും ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും അടിസ്ഥാന കാരണങ്ങളിലൊന്ന് സാമ്പത്തിക ചൂഷണമാണ് എന്നു കാണാം. മരിച്ചുപോയ പെണ്‍കുട്ടികളുടെ കഥകളേ നമ്മള്‍ അറിയുന്നുള്ളൂ. പ്രണയ ബന്ധങ്ങളിലകപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയായി, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്ന വണ്ണം നിസ്സഹായരായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ ആരും അറിയുന്നില്ല.
പ്രണയിനിയെ എപ്പോഴും സ്വന്തം വരുതിയാലാക്കി നിര്‍ത്താന്‍ ഏറ്റവും നല്ലത് അവളെ സാമ്പത്തികമായി അരക്ഷിതമാക്കുകയാണ് എന്നാണ് പല ആണ്‍കുട്ടികളുടേയും ധാരണ. അവര്‍ പക്ഷേ അങ്ങനെ ആലോചിച്ചുറപ്പിച്ചൊന്നുമായിരിക്കില്ല ആദ്യമൊക്കെ ചെയ്യുന്നത്. കൂട്ടുകാരന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ സഹായിച്ചുകൊണ്ടാകും തുടങ്ങുക. പ്രതിസന്ധിമാറിക്കഴിഞ്ഞ് പിന്നെ ആവശ്യം വരുമ്പോഴൊക്കെ പണം ചോദിക്കും. പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലല്ലോ. ചോദിക്കുമ്പോഴൊക്കെ പണം കൊടുക്കും. അതോടെ കാമുകിയുടെ പണം കാമുകന്റെ അവകാശമായി മാറും. ബന്ധത്തിന് കൂടുതല്‍ ആഴമേറുന്നതോടെ സാമ്പത്തിക സഹായത്തിന്റെ വ്യാപ്തിയും കൂടും. കയ്യിലില്ലെങ്കില്‍ ആഭരണങ്ങള്‍ നല്‍കും. ആദ്യം കാമുകന്‍ ഇത് പണയം വെയ്ക്കുമായിരിക്കും. സ്വര്‍ണം തീര്‍ന്നാല്‍ മറ്റുള്ളവരോട് കടം വാങ്ങിക്കൊടുക്കും. അതും കഴിഞ്ഞാല്‍ വായ്പ എടുത്ത് നല്‍കും. അതോടെ ഒരുമിച്ച് ജീവിക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ സമ്പാദ്യവും വരുമനവുമെല്ലാം കാമുകന്റെ കയ്യിലായിക്കഴിഞ്ഞിരിക്കും. കാമുകിക്ക് ഒരത്യാവശ്യം വരുമ്പോള്‍ പണം തിരിച്ചു ചോദിച്ചാല്‍ അതോടെ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങും. പണം വേണോ പ്രണയം വേണോ എന്ന നിലയിലെത്തും കാര്യങ്ങള്‍. വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ നല്ലത് കാമുകിയെ ഒഴിവാക്കുകയാണ് എന്ന് കാമുകന്‍ തീരുമാനിക്കും. തൊട്ടതിനു പിടിച്ചതിനും വഴക്ക്. ബ്രേക്ക് അപ്പിന് സമ്മതമല്ലെങ്കില്‍ ഇന്റിമേറ്റ് രംഗങ്ങളുടെ ഫോട്ടോ, വീഡിയോ കാണിച്ച് വിരട്ടല്‍. പെണ്‍കുട്ടി വലിയ ട്രോമയിലേക്ക് വീഴും. പിന്നെയുള്ള കഥകളാണ് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് വായിച്ചും കണ്ടും അറിയുന്നത്. പുരുഷന്മാരെയും ഇത്തരത്തില്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്ത്രീകളുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ അത് എണ്ണത്തില്‍ വളരെ കുറവാണ്. പ്രണയിനിയെ ഇങ്ങനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് ചിലപ്പോള്‍ വേണമെന്ന് വെച്ചിട്ടാകില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാകാം. അല്ലെങ്കില്‍ ദാരിദ്ര്യം കൊണ്ടാകാം. അത്തരം ദുഷ്ടചിന്തകളുള്ള കൂട്ടുകെട്ടില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്.
പ്രണയിക്കുന്നവരുമായി ഏത്ര അടുപ്പം പെണ്‍കുട്ടികള്‍ കാണിച്ചാലും സാമ്പത്തികമായ ഒരകലം പാലിക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. ജോലിയും വരുമാനവും ഉള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, വീട്ടുകാരുടെ ചെലവില്‍ കഴിയുന്ന വിദ്യാര്‍ഥിനികളും ഇക്കാര്യത്തില്‍ നല്ല ജാഗ്രത പാലിക്കുന്നത് പിന്നീടുള്ള വലിയ ട്രോമ ഒഴിവാക്കാന്‍ സഹായിക്കും. സാമ്പത്തികമായി സാഹയിക്കുകയേ ചെയ്യരുത് എന്നല്ല പറയുന്നത്. കോളേജ് ഫീസ് ചിലപ്പോഴൊക്കെ അടയ്ക്കുന്നത്, അല്ലെങ്കില്‍ ഡേറ്റിങ്ങിന് പോകുമ്പോള്‍ ഹോട്ടല്‍ വാടകയും മറ്റു ചെലവുകളും വഹിക്കുന്നത്, ബൈക്കോ, കാറോ വാങ്ങുന്നതിന് സഹായിക്കുന്നത്, ഹോസ്പിറ്റല്‍ ബിൽ അടയ്ക്കുന്നത് തുടങ്ങിയ സഹായങ്ങളിലൊന്നും അപകടമില്ല. ഇതൊക്കെ വല്ലപ്പോഴും വേണ്ടിവരുന്നത് മാത്രമാണല്ലോ. അങ്ങനെയേ ആകാവൂ, സ്ഥിരമായി പ്രണയിതാവിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റേണ്ട സാഹചര്യം വന്നാല്‍ ജാഗ്രത വേണം. എത്ര വലിയ അടുപ്പമുണ്ടെങ്കിലും കയ്യില്‍ നിന്ന് കുറച്ച് പണം നഷ്ടപ്പെട്ടുകഴിയുമ്പോള്‍ അതേക്കുറിച്ച് ആശങ്ക ആര്‍ക്കും ഉണ്ടാകുക സ്വാഭാവികമാണല്ലോ. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് എന്ന് എഴുതിയത് പദ്മരാജനാണ്. തിരിച്ചുകിട്ടാത്ത പണവും അത് ആരില്‍ നിന്നായാലും മനസിന്റെ വിങ്ങലാണ് എപ്പോഴും എന്നത് മറക്കാതിരിക്കുക.
കൊടുത്ത പണം തിരികെ ചോദിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. പണം കൊടുത്തയാള്‍ക്കും പണം വാങ്ങിയ ആള്‍ക്കും. അതുകൊണ്ട് തന്നെ തിരികെ വേണ്ടാത്ത പണം മാത്രമേ ആര്‍ക്കും കടം കൊടുക്കാവൂ. അല്ലെങ്കില്‍ തിരികെ നമുക്ക് ആവശ്യമില്ലാത്തത്ര പണം കൊണ്ട് മാത്രമേ നമ്മള്‍ ആരെയും സഹായിക്കാവൂ. അത് കാമുകനായാലും കാമുകി ആയാലും. ഏതായാലും ഒരുമിച്ച് ജീവിക്കാനുള്ളതല്ലേ അപ്പോള്‍ പിന്നെ എങ്ങനെ നോ പറയും എന്നായിരിക്കും മിക്ക പെണ്‍കുട്ടികളുടെയും ചിന്ത. പ്രണയിച്ചുനടക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളോടും നോ പറഞ്ഞിട്ടുണ്ടാകും. ഉറപ്പ്. പക്ഷേ പണം ചോദിച്ചാല്‍ നിങ്ങള്‍ നോ പറയാറുണ്ടാകില്ല. സാമ്പത്തികമായി സഹായിക്കുക സ്വന്തം ഉത്തരവാദിത്തമോ ബാധ്യതയോ ആയി കണക്കാക്കും പലരും. അതില്‍ തെറ്റുണ്ട് എന്ന് പറയുന്നില്ല. പക്ഷേ കിട്ടുന്ന പണം മുഴുവന്‍ ഇങ്ങനെ കാമുകനുവേണ്ടി ചെലവാക്കരുത്. വിവാഹത്തിന് മുമ്പായാലും വിവാഹശേഷമായാലും. ജോലിയില്ലാത്ത കാമുകനെ പണം ചെലവഴിച്ച് പഠിപ്പിച്ച് ജോലിക്ക് പ്രാപ്തരാക്കുന്ന കാമുകിമാരുണ്ട്. അങ്ങനെയൊന്നും ചെയ്യരുത് എന്നല്ല പറയുന്നത്. സ്വന്തം ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പണം മാറ്റിവെച്ചശേഷം ബാക്കിയുണ്ടെങ്കില്‍ മാത്രം ഇത്തരം വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതാണ് നല്ലത്. കാമുകനെ പഠിപ്പിച്ച് ജോലി നേടിക്കാടുത്തു. ജോലി കിട്ടിയശേഷം റിലേഷന്‍ഷിപ്പ് ബ്രേക്ക് അപ്പ് ആയാലോ. മെന്റല്‍ ട്രോമയ്ക്ക് ഒപ്പം ഫിനാന്‍ഷ്യല്‍ ട്രോമയും സഹിക്കേണ്ടിവരും. അതുകൊണ്ട് വരുമാനം ഉള്ള പെണ്‍കുട്ടികള്‍ വരുമാനം ഉണ്ടാക്കിത്തുടങ്ങുമ്പോഴേ സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അത് കൈവരിക്കാനായി വിവിധ മാര്‍ഗങ്ങളില്‍ പണം ചിട്ടയായി നിക്ഷേപിച്ചുതുടങ്ങണം. പണം വെറുതെ കയ്യില്‍ ഇരുന്നാല്‍ ചെലവാകുകയേ ഉള്ളൂ.
എത്ര തീവ്രമായ റിലേഷനായാലും എന്റെ പണം, നിന്റെ പണം, നമ്മുടെ പണം എന്ന ഒരു വേര്‍തിരിവ് ഉണ്ടാകണം. ഇതില്‍ നമ്മുടെ പണം എന്ന രീതിയില്‍ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവച്ച ശേഷം ആ തുക മാത്രമാണ് കാമുകന് വേണ്ടി ചെലവഴിക്കേണ്ടത്. ഈ തുക എത്രയെന്ന് ഇരുവര്‍ക്കും തീരുമാനിക്കാം. വിവാഹശേഷവും ഈ രിതീ പിന്തുടരുക. കാമുകന്‍ സ്വന്തം പേരില്‍ വീട് വയ്ക്കുന്നുണ്ടെങ്കില്‍ അതിന് പെണ്‍കുട്ടികള്‍ അവരുടെ പേരില്‍ വായ്പ എടുത്ത് നല്‍കേണ്ടതില്ല. രണ്ടുപേരുടെയും പേരിലാണ് വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില്‍ മാത്രം അങ്ങനെ വായ്പ എടുക്കാം. വിവാഹശേഷം മിക്ക ബന്ധങ്ങളും തകരുന്നത് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. പ്രണയത്തിന്റെ പേരില്‍ വിവാഹത്തിന് മുമ്പേ സാമ്പത്തിക തട്ടിപ്പിനിരായാകാന്‍ ഒരു പെണ്‍കുട്ടിയും നിന്ന് കൊടുക്കരുത്. ഏത് പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഒരു എക്സിറ്റ് പ്ലാനും ഉണ്ടാകണം. മെന്റല്‍ ട്രോമ ഒഴിവാക്കാന്‍ കഴിയില്ല അത് ബ്രേക്ക് അപ്പിന്റെ കൂടെപ്പിറപ്പാണ് എന്നത് ശരിയാണ്. പക്ഷേ ഫിനാന്‍ഷ്യല്‍ ട്രോമ അല്‍പ്പം ബുദ്ധികാട്ടിയാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.
Content Highlights: Learn how to navigate love and finances wisely. Avoid financial exploitation in relationships
Published: 08 Apr 2025, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented