
പതിവുപോലെ പാതിരയ്ക്കാണ് കോൾ. ശബ്ദം നിറയെ ആകാംക്ഷ. തെല്ലൊരു പരിഭ്രമവും. നട്ടപ്പാതിരക്ക് വിളിച്ചുണർത്തിയതിന് ക്ഷമ ചോദിച്ചശേഷം ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു: 'ചൈത്രകംബളം നീർത്തി എന്നൊരു വരിയുണ്ട് ഏതോ പാട്ടിന്റെ ചരണത്തിൽ. ഇന്ന് പകൽ മുഴുവനിരുന്ന് ആലോചിച്ചിട്ടും പാട്ടേതെന്ന് പിടികിട്ടിയില്ല. പലരോടും ചോദിച്ചെങ്കിലും ആർക്കും ഓർമ്മ വരുന്നില്ല. എനിക്കാണെങ്കിൽ ആ പാട്ട് ഏതെന്നറിയാതെ ഉറങ്ങാൻ പറ്റുന്നുമില്ല. തുടക്കം നാവിൻ തുമ്പിലുണ്ട്... പക്ഷേ...'
ചെറുതായി ദേഷ്യം വന്നു എന്നത് സത്യം. സുഖസുഷുപ്തിയല്ലേ മുറിഞ്ഞുപോയത്. എങ്കിലും ആത്മസംയമനം പാലിച്ചേ പറ്റൂ. അത്രയും വിനയാന്വിതമായാണ് വിളിച്ചയാളുടെ സംസാരം. മാത്രമല്ല ഇത്തരം സംശയാലുക്കളുടെ 'രാക്കോളു'കൾ പുത്തൻ അനുഭവമല്ല താനും. എസ്പി ബാലസുബ്രഹ്‌മണ്യം പരമാവധി എത്ര മിനിറ്റ് ശ്വാസംപിടിച്ചു പാടിയിട്ടുണ്ട് എന്ന ചോദ്യവുമായി പുലർച്ചെ ഒരു മണിക്ക് ഒരാൾ വിളിച്ചുണർത്തിയത് രണ്ടു ദിവസം മുൻപ് മാത്രം. എന്തായാലും അത്രത്തോളം ബാലിശമല്ല ഇന്നത്തെ പാതിരാ ചോദ്യം.
Also Read
അറിയില്ല എന്ന് ഒറ്റവാക്കിൽ പറഞ്ഞു ഫോൺ വെക്കാം. അല്ലെങ്കിൽ, നാളെ പകൽ വിളിച്ചോളൂ എന്ന് പറയാം. അതുമല്ലെങ്കിൽ പാതിരയ്ക്കാണോ ഇമ്മാതിരി മണ്ടൻ സംശയങ്ങളുമായി വിളിച്ചുണർത്തുക എന്നു പറഞ്ഞു ക്ഷുഭിതനാകാം. എന്നാൽ മൂന്നുമല്ല സംഭവിച്ചത്. 'ചൈത്രകംബളം നീർത്തി..' എന്ന വരിയിലേക്ക് അതിനകം അറിയാതെ തന്നെ തിരിഞ്ഞു നടന്നിരുന്നു മനസ്സ്. ഈശ്വരാ, എവിടെയായിരിക്കണം ഈ വരി മുൻപ് കേട്ടിരിക്കുക? പരിചിതമായ പാട്ടാണ്. തീർച്ച. പക്ഷേ എത്ര ആലോചിച്ചിട്ടും ട്യൂൺ ഓർമ്മവരുന്നില്ല. വയലാറിന്റെ രചനയാകുമോ? ചൈത്രകംബളത്തിന് ഒരു വയലാർ സ്പർശമുള്ള പോലെ. ഇനി അതല്ല, ഒ എൻ വിയുടെ പാട്ടാണെന്ന് വരുമോ? ചൈത്രം ചായം ചാലിച്ചു എന്നും ചൈത്രദിന വധു എന്നുമൊക്കെ എഴുതിയത് ഒഎൻവിയല്ലേ? ആകെ ആശയക്കുഴപ്പം.
എന്റെ മനസ്സ് വായിച്ചിട്ടെന്നോണം വിളിച്ചയാൾ പറഞ്ഞു: 'എംജി ശ്രീകുമാറിന്റെ പാട്ടാണ് എന്ന് തോന്നുന്നു. ട്യൂൺ ചെറുതായി ഓർമ്മ വരുന്നുണ്ട്. പക്ഷേ പല്ലവി പിടികിട്ടുന്നില്ല. സാർ ആലോചിച്ചു നോക്കിയിട്ട് കാലത്ത് പറഞ്ഞാൽ മതി. ഞാൻ വിളിക്കാം. സാറിന് കിട്ടും, ഉറപ്പാണ്. ഇപ്പോൾ ഉറങ്ങിക്കോളൂ.' അസമയത്ത് വിളിച്ചുണർത്തിയതിന് ഒരിക്കൽ കൂടി ക്ഷമ പറഞ്ഞു അപ്രത്യക്ഷനാകുന്നു അയാൾ.
ശരിക്കും കെണിയിൽ പെട്ടപോലെ. ഉറക്കം അതോടെ അതിന്റെ പാട്ടിന് പോയി. ഓർമ്മകളിൽ ഒന്നല്ല, ഒരുപാട് ചൈത്രകംബളങ്ങൾ നിവരുന്നു. ഈണങ്ങൾ വഴിക്കുവഴിയായി ആ കംബളങ്ങളിൽ നിറയുന്നു. ആവശ്യമുള്ളത് മാത്രമില്ലായിരുന്നു അവയിൽ. ഒരു പാട്ടിലെ ഒരു വരിക്ക്, അല്ലെങ്കിൽ ഒരൊറ്റ വാക്കിന് ദിവസങ്ങളോളം മനസ്സിനെ അസ്വസ്ഥമാക്കാൻ കഴിയുമെന്ന സത്യം മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ അത്ഭുതമൊന്നും തോന്നിയില്ല.
പ്രിയപ്പെട്ട ചൈത്രകംബളമേ, എന്റെ ഉറക്കം കെടുത്താൻ വേണ്ടി നീ എന്തിനവതരിച്ചു ഈ അർദ്ധരാത്രിയിൽ?
പുതിയ വിവരവിപ്ലവ കാലത്ത് പാട്ടുകളെ കുറിച്ചുള്ള സംശയനിവൃത്തിക്ക് വഴികൾ പലതുണ്ട്. ഗൂഗിളിൽ സെർച്ച് ചെയ്യാം. അല്ലെങ്കിൽ വിവരമുള്ള ആരോടെങ്കിലും വിളിച്ചന്വേഷിക്കാം. രണ്ടിനും മുതിരാതിരുന്നത് സ്വയം ഓർമ്മിച്ചെടുക്കണം എന്ന വാശി കൊണ്ടാണ്. അറ്റകൈക്കേ പാട്ടിന്റെ കാര്യത്തിൽ പരാശ്രയം തേടാറുള്ളൂ. പക്ഷേ ചൈത്രകംബളം നമ്മളെ വെട്ടിലാക്കിക്കളയുമോ എന്ന് പേടി. എത്ര ആലോചിച്ചിട്ടും, ആവർത്തിച്ച് മൂളിനോക്കിയിട്ടും മനസ്സിൽ നിവരുന്നത് മറ്റേതൊക്കെയോ കംബളങ്ങൾ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ടെലിവിഷനിൽ വാർത്ത കാണുമ്പോഴും ഒരേ വാക്ക് തന്നെ മൂളിക്കൊണ്ടിരുന്ന എന്നെ നോക്കി ഭാര്യ വരെ അത്ഭുതം കൂറുന്നു: 'ഇതെന്താ കൊറേ ദിവസായല്ലോ കമ്പിളി നിവർത്തിത്തൊടങ്ങീട്ട്. ഇനീം ഒറങ്ങാൻ ഭാവംല്യേ?'
ഒടുവിൽ, ഒരാഴ്ചയോളം കഴിഞ്ഞു തികച്ചും യാദൃച്ഛികമായി ചൈത്രകംബളം കണ്മുന്നിൽ നിവരുന്നു - അതോ കാതോരത്തോ? സുഹൃത്തിന്റെ മൊബൈൽ നമ്പറിലേക്ക് ഡയൽ ചെയ്തപ്പോൾ ഒഴുകിവന്ന ഹലോ ട്യൂൺ ആണ് ദൈവദൂതനായി അവതരിച്ചത്. പല്ലവി ഒറ്റത്തവണ കേൾക്കുകയെ വേണ്ടിവന്നുള്ളൂ ചരണത്തിലെ ചൈത്രകംബളം അറിയാതെ തന്നെ ചുണ്ടിലും മനസ്സിലും നിറഞ്ഞു. ഇത്ര നാൾ എന്നെ വലച്ച പാട്ട് കൈക്കുടന്നയിൽ ഒതുങ്ങിയപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം.
ഫോണെടുത്ത സുഹൃത്തിനോട് പറഞ്ഞു: 'താങ്ക് യു മോനേ. ഈ ഹലോ ട്യൂൺ നീ ഒരിക്കലും ഉപേക്ഷിക്കരുത്. ശരിക്കും ആപൽബാന്ധവനാണ് ഇവൻ.' അന്തംവിട്ടു കേട്ടുനിന്നു കൂട്ടുകാരൻ. പാവം. അവനറിയില്ലല്ലോ ഒരു വാക്കിന്റെ തുമ്പിൽ പിടിച്ചുള്ള എന്റെ ജീവന്മരണ യാത്രയ്ക്ക് വിരാമമിട്ടത് സ്വന്തം ഫോണിലെ ഹലോ ട്യൂൺ ആണെന്ന്.
പാട്ടിതാണ്: 'ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും, ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്...' ഒഎൻവി എഴുതി എസ്പി വെങ്കടേഷിന്റെ ഈണത്തിൽ എംജി ശ്രീകുമാർ പാടിയ 'തുടർക്കഥ'യിലെ പാട്ട്. ചരണത്തിലെ പിടി തരാതിരുന്ന ആ വരി ഇങ്ങനെ: 'പാടീ രാപ്പാടീ കാടും പൂ ചൂടി, ചൈത്രകംബളം നീർത്തി മുന്നിലായ് എതിരേൽപ്പൂ നിന്നെ ഞാൻ, എന്നാത്മാവിൻ...'
ചിലർക്കെങ്കിലും തമാശ തോന്നാം: ഇത്രയൊക്കെ വേവലാതിപ്പെടേണ്ടതുണ്ടോ മറന്നുപോയ ഒരു പാട്ടിനെച്ചൊല്ലി? ഒരു വാക്കിന്റെ തുമ്പിൽ പിടിച്ചുകയറിയുള്ള ആ യാത്രയുടെ ത്രിൽ എങ്ങനെ പറഞ്ഞു മനസ്സിലാക്കും അവരെ? എന്നെപ്പോലുള്ള കിറുക്കന്മാർക്കേ ആ ത്രിൽ ഉൾക്കൊള്ളാനാകൂ. അത്തരം കിറുക്കന്മാർ കുറവല്ല നാട്ടിൽ എന്നറിയുക.
ഇന്നും ഇടക്കിടെ വിരുന്നുവരാറുണ്ട് ഇതുപോലുള്ള ഫോൺ കോളുകൾ. ഒരു വാക്കിന്റെ, വരിയുടെ, അല്ലെങ്കിൽ ഹമ്മിംഗിന്റെ, അതുമല്ലെങ്കിൽ പാട്ടിനിടക്കുള്ള ഏതെങ്കിലുമൊരു ഇൻസ്ട്രുമെന്റൽ ബിറ്റിന്റെ തുമ്പിൽ പിടിച്ച് പാട്ടിന്റെ തുടക്കം തേടിയുള്ള യാത്ര. അത്തരം യാത്രകളിൽ പങ്കുചേരുക എനിക്കും ഇഷ്ടമുള്ള കാര്യം. ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണല്ലോ അത്.
Content Highlights: song lyrics Malayalam song forgotten song music search ONV Kurup MG Sreekumar SP Venkatesh Chaithra
Published: 28 Dec 2024, 09:26 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented