
വലുതാകുമ്പോള്‍ പലതുമാകാന്‍ മോഹിക്കും കുട്ടികള്‍; പ്രൈവറ്റ് ബസ്സിലെ കിളി മുതല്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ വരെ. എന്റെ മോഹം വ്യത്യസ്തമായിരുന്നു; തെല്ല് വിചിത്രവും: സ്വന്തമായി ഹോട്ടല്‍ തുടങ്ങി അതിന്റെ കൗണ്ടറില്‍ ഇരിക്കുക.
അന്നേ ഉള്ളിലൊരു കച്ചവട മനസ്സുണ്ടായിരുന്നു എന്ന് ധരിക്കേണ്ട. എളുപ്പത്തില്‍ പണമുണ്ടാക്കുകയോ പൊതുജനത്തെ ഊട്ടി ആത്മസംതൃപ്തിയടയുകയോ ഒന്നുമായിരുന്നില്ല ലക്ഷ്യം. കൗണ്ടറില്‍ ഇരുന്ന് കാലത്തു മുതല്‍ വൈകീട്ട് വരെ പാട്ട് വെയ്ക്കുക; ഭക്ഷണം കഴിക്കാന്‍ എത്തുന്നവരെ ഇഷ്ടഗാനങ്ങള്‍ കേള്‍പ്പിക്കുക. അവരെ ആനന്ദസാഗരത്തില്‍ ആറാടിക്കുക. അത്രമാത്രം.
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ ബസ് ഡ്രൈവറാകാനായി മോഹം. കൊലവിളി മുഴക്കി നാഷണല്‍ ഹൈവേയിലൂടെ വണ്ടി പറപ്പിക്കാനല്ല; ബസ്സിനകത്ത് ഇഷ്ടഗാനങ്ങളുടെ ടേപ്പ് മാറിമാറി വെച്ച് യാത്രക്കാരെ കേള്‍പ്പിച്ചു ആത്മനിര്‍വൃതിയടയാന്‍. ഇന്നോര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന സ്വപ്നങ്ങള്‍.
ഒന്നും നടന്നില്ല. ഹോട്ടല്‍ മാത്രമല്ല ഒരു ബിസിനസ്സിനും കൊള്ളില്ല നമ്മളെ എന്ന് നന്നായറിയാം ഇപ്പോള്‍. ഡ്രൈവിംഗ് ലൈസന്‍സ് കീശയിലുണ്ടെങ്കിലും റോഡിലൂടെ വണ്ടിയോടിക്കാന്‍ ധൈര്യം പോരാ. എന്നാലും പൗലോ കൊയ്ലോ പറഞ്ഞപോലെ പഴയ കുഞ്ഞുമോഹം ഭാഗികമായെങ്കിലും സഫലമാക്കാന്‍ ലോകം കൂടെ നിന്നു എന്നത് സന്തോഷമുള്ള കാര്യം. നാട്ടുകാര്‍ക്ക് പാട്ട് വെച്ചുകൊടുക്കുക എന്ന മോഹം. അതിനവസരമൊരുക്കിയത് എഫ് എം റേഡിയോയിലെ ജീവിതമാണ്. സോംഗ് ഷെഡ്യൂളിംഗിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോള്‍.
എന്നാല്‍ വിചാരിച്ച പോലെ സുഖകരമായിരുന്നില്ല ആ ദൗത്യം. റേഡിയോയില്‍ വെച്ചുകേള്‍പ്പിക്കേണ്ടത് നമ്മുടെ ഇഷ്ടഗാനങ്ങളല്ല; നാട്ടുകാരുടെ ഇഷ്ടഗാനങ്ങളാണ്. ആ ഇഷ്ടം എങ്ങനെ നിര്‍ണയിക്കും എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആളുകളുടെ അഭിരുചികളെ കുറിച്ച് സര്‍വേ നടത്തിയപ്പോള്‍ കിട്ടിയ വിവരം വിചിത്രമായിരുന്നു. പത്തുപേരില്‍ പകുതി പേര്‍ക്ക് ഇഷ്ടം അടിപൊളിപ്പാട്ട്. ബാക്കി പകുതിക്ക് മെലഡി. ഒരു വിഭാഗത്തിന് പ്രേമം പഴയ പാട്ടുകളോട്. ചിലര്‍ക്ക് അത്ര പഴമ വേണ്ട. ബാക്കിയുള്ളവര്‍ക്ക് പുത്തന്‍ മാത്രം മതി. ചിലര്‍ക്ക് ഏതു കാലത്തെ പാട്ടായാലും സന്തോഷം. ഒരു കൂട്ടര്‍ക്ക് മലയാളമേ വേണ്ടൂ. കുറെ പേര്‍ക്ക് ഹിന്ദി മതി. മറ്റു ചിലര്‍ക്ക് തമിഴ്. അതിലുമുണ്ട് പഴയ, പുതിയ എന്ന വേര്‍തിരിവ്.
ഒടുവില്‍ തീരുമാനമായത് ഏതു ഭാഷയിലാണെങ്കിലും ഹിറ്റ് എന്ന് പറയപ്പെടുന്ന പാട്ടുകള്‍ മാത്രം വെച്ചു കേള്‍പ്പിക്കാന്‍. അതും പുതിയവ മാത്രം. ചോരത്തിളപ്പുള്ള ചെറുപ്പക്കാരാണല്ലോ നമ്മുടെ ശ്രോതാക്കള്‍.
എഫ് എം റേഡിയോ ജീവിതം സമ്മാനിച്ച വലിയൊരു പാഠമുണ്ട് : ഗാനങ്ങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യം തികച്ചും ആപേക്ഷികം, ആത്മനിഷ്ഠം. എന്റെ ഇഷ്ടഗാനം എന്റേതുമാത്രമായ ഇഷ്ടഗാനമാണ്. നിങ്ങള്‍ക്കത് അനിഷ്ടഗാനമാകാം.
ഇടക്ക് ശ്രോതാക്കളില്‍ ചിലര്‍ വിളിച്ചുപറയും: സാറേ ഇന്നത്തെ പാട്ടുകള്‍ കലക്കി കേട്ടോ. എല്ലാം സൂപ്പര്‍ പാട്ടുകള്‍. കേട്ട് മതിവന്നില്ല. ആത്മനിര്‍വൃതിയടയാന്‍ വരട്ടെ. അതാ വരുന്നു അടുത്ത കോള്‍: 'ഇതെന്തോന്നെടേ? ഒരു നിലവാരവുമില്ലാത്ത പ്ലേലിസ്റ്റ്. ഒരൊറ്റ പാട്ട് പോലുമില്ല കേള്‍ക്കാന്‍ കൊള്ളാവുന്നതായി.' പിന്നേയും വരും മാറിമാറി ഇത്തരം വിളികള്‍.
ആദ്യമൊക്കെ ഞെട്ടിയിരുന്നു. പിന്നെ മനസ്സിലായി ഇതൊരു സ്വാഭാവിക പ്രതികരണം മാത്രമെന്ന്. ഓരോ മനുഷ്യനും അവര്‍ക്കിഷ്ടമുള്ള പാട്ടാണ് ലോകത്തെ ഏറ്റവും മികച്ച പാട്ടെന്ന് ധരിക്കുന്നു, വിശ്വസിക്കുന്നു. അപരന് അത് ഇഷ്ടമോ അല്ലയോ എന്നത് അവനെ / അവളെ സംബന്ധിച്ച് വിഷയമേയല്ല. ഇതാണ് ലോകതത്വമെന്നിരിക്കേ, ഭൂലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള പതിനായിരക്കണക്കിന് എഫ് എം ചാനലുകള്‍ എങ്ങനെയാവണം അവരുടെ ശ്രോതാക്കളെ പിടിച്ചുനിര്‍ത്തുന്നത്? ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ പാട്ടുകള്‍ മാത്രം കേള്‍പ്പിക്കുക. വലിയൊരു വിഭാഗം ആളുകള്‍ ആ പാട്ടുകള്‍ ആസ്വദിക്കുമെന്നാണ് നമ്മുടെ കണക്കുകൂട്ടല്‍. മ്യൂസിക് ഷെഡ്യൂളറെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം അതാണ്. ഹിറ്റുകള്‍ ഏതെന്ന് കണ്ടെത്തേണ്ട ബാധ്യതയേ ഉള്ളൂ. അതത്ര പ്രയാസമുള്ള കാര്യവുമല്ല.
ഒന്ന് വെറുതെ വിരല്‍ ഞൊടിച്ചാല്‍ മതി പാട്ടുകള്‍ നമ്മുടെ കാതോരം വന്ന് ക്യൂ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. വിരല്‍ത്തുമ്പിലാണ് പാട്ടുകള്‍. മൊബൈല്‍ ഫോണില്‍, പെന്‍ഡ്രൈവില്‍, യൂട്യൂബില്‍, ഇന്റര്‍നെറ്റില്‍.. കേള്‍വിയുടെ ഈ ഡിജിറ്റല്‍ വിപ്ലവത്തിനിടയിലും റേഡിയോ പിടിച്ചുനില്‍ക്കുന്നു എന്നതാണ് അത്ഭുതം.
എന്താണ് റേഡിയോയെ ഇക്കാലത്തും വ്യത്യസ്തമാക്കി നിര്‍ത്തുന്നത് ? എന്റെ അഭിപ്രായത്തില്‍ അതിന്റെ പ്രവചനാതീത സ്വഭാവമാകാം. മൊബൈലിലും പെന്‍ഡ്രൈവിലും ഒക്കെ നമ്മള്‍ മുന്‍കൂട്ടി സെറ്റ് ചെയ്തുവെക്കുന്ന പാട്ടുകളാണ്. ഏതൊക്കെ പാട്ടുകളാണ് കേള്‍ക്കാന്‍ പോണത് എന്ന് നമ്മുടെ ഉപബോധമനസ്സിനറിയാം. അറ്റ കൈക്ക് ആ പട്ടികയൊന്ന് കശക്കി നോക്കാം. അത്രമാത്രം. ഒരു തരം പ്രവചനീയ സ്വഭാവമുണ്ട് ഈ കേള്‍വികള്‍ക്കെല്ലാം. പക്ഷെ റേഡിയോ കേള്‍ക്കുമ്പോള്‍ അടുത്ത പാട്ട് ഏതാണ് എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. ഒരു തരം സസ്പെന്‍സ്.
കുട്ടിക്കാലത്ത് ഞങ്ങള്‍ പന്തയം വെക്കുമായിരുന്നു 'രഞ്ജിനി'യില്‍ ഇനി കേള്‍ക്കാന്‍ പോണ പാട്ട് ഏതാണ് എന്ന്. ഞാന്‍ പറയും യേശുദാസിന്റെ പാട്ട് എന്ന്. അനിയന്‍ പറയും ജയചന്ദ്രനെന്ന്. അനിയത്തി ചിലപ്പോള്‍ പി സുശീല എന്നാകും പറയുക, അമ്മ എസ് ജാനകി. പക്ഷെ ഇതൊന്നുമല്ലാത്ത ഒരു ഗായകന്റെ, ചിലപ്പോള്‍ , ബ്രഹ്‌മാനന്ദന്റെ, പാട്ടാണ് നമ്മള്‍ കേള്‍ക്കുക. അതാണ് റേഡിയോയുടെ സസ്‌പെന്‍സ്. റേഡിയോയ്ക്ക് മാത്രം അവകാശപ്പെട്ടത്.
മറ്റൊന്നു കൂടിയുണ്ട്. റേഡിയോയെ സാധാരണക്കാര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനായി കാണുന്നു. വേദനകളും ആഹ്‌ളാദങ്ങളും ഒരുപോലെ പങ്കുവെക്കാന്‍ കഴിയുന്ന ആത്മസുഹൃത്ത്. പ്രിയപ്പെട്ട റേഡിയോ അവതാരകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയാന്‍ പോലും മടിയില്ല അവര്‍ക്ക്. കുറച്ചു മുന്‍പൊരു നാള്‍ ആകാശവാണിയുടെ ഫോണ്‍ ഇന്‍ പരിപാടിയില്‍ കേട്ട സംഭാഷണം ഓര്‍മ്മവരുന്നു. റേഡിയോ ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ആഴത്തില്‍ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല സാക്ഷ്യം.
ഫോണ്‍ വിളിച്ച സ്ത്രീ ഭിന്നശേഷിക്കാരിയാണ്. പോളിയോ ബാധിച്ച് ചെറുപ്പത്തിലേ ചക്രക്കസേരയില്‍ ഒതുങ്ങിപ്പോയ ജീവിതം. വിവാഹിതയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മക്കളില്ല. അച്ഛനുമമ്മയും നേരത്തെ മരിച്ചു. ആകെയുള്ളത് കാഴ്ച്ച പരിമിതിയുള്ള ഒരു ചേച്ചി മാത്രം. പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുള്ള ഒരാള്‍. ദുരിതമയമായ ജീവിതത്തില്‍ ഒരേയൊരു സുഹൃത്തേയുള്ളൂ അവര്‍ക്ക്: വീട്ടിലെ കൊച്ചു ട്രാന്‍സിസ്റ്റര്‍ റേഡിയോ. കാലത്ത് ആറു മുതല്‍ രാത്രി പതിനൊന്ന് വരെ ആ കൂട്ടുകാരിക്ക് മുന്നില്‍ തപസ്സിരിക്കും അവര്‍. ഇടയ്ക്കിടെ ശരീരമാസകലം പടരുന്ന വേദന പോലും റേഡിയോയില്‍ നിന്ന് ഒഴുകിയെത്തുന്ന പഴയ ചലച്ചിത്ര ഗാനങ്ങളില്‍ മുഴുകി അതിജീവിക്കുന്നു അവര്‍.
വേദനകളുടെ കൂമ്പാരമായ സ്വന്തം ജീവിത കഥ പങ്കുവെക്കുമ്പോള്‍ ഒരിക്കല്‍ പോലും അവരുടെ ശബ്ദം ഇടറിയില്ല എന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. വിഷമം മുഴുവന്‍ റേഡിയോ അവതാരകനായിരുന്നു. ഫോണിലൂടെ കേട്ട കാര്യങ്ങള്‍ വിശ്വസിക്കാനാവാതെ പലപ്പോഴും നിശ്ശബ്ദനായി നിന്നുപോയി അയാള്‍.
ഒടുവില്‍ 'സന്യാസിനി' എന്ന ഗാനം റേഡിയോയിലൂടെ കേള്‍പ്പിച്ചു തരാമോ എന്ന് കേള്‍വിക്കാരി ആരാഞ്ഞപ്പോള്‍ അത്ഭുതത്തോടെ അവതാരകന്‍ ചോദിച്ചു: 'ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാന്‍ കരുതിയത്..'
ഫോണ്‍ വിളിച്ചയാള്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'ഇതാണെന്റെ ഓര്‍മ്മകളിലെ ഏറ്റവും സന്തോഷം നിറഞ്ഞ പാട്ട്. എന്റെ അച്ഛന്റെ ഇഷ്ടഗാനം. രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാന്‍ എന്ന വരി പാടുമ്പോള്‍ കുട്ടിയായ എന്നെ ചേര്‍ത്തുപിടിക്കുമായിരുന്നു അച്ഛന്‍. എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തില്‍ അലിഞ്ഞു ഇല്ലാതാകുമായിരുന്നു. അച്ഛന്റെ സിഗരറ്റ് മണം പോലും അനുഭവിക്കാന്‍ കഴിയും എനിക്ക് ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍....'
'സന്യാസിനി' കേള്‍ക്കുമ്പോള്‍ ഇന്ന് ഞാനും തൊട്ടറിയുന്നു ആ ആശ്ലേഷത്തിലെ സ്‌നേഹം; ഒപ്പം ആ സിഗരറ്റ് മണവും. റേഡിയോയ്ക്ക് നന്ദി.
Content Highlights: ravi menon kathoram column fm-radio-music-memories
Published: 14 Dec 2024, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented