
യേശുദാസിന്റെ ശബ്ദമൊഴികെ എല്ലാമുണ്ടായിരുന്നു പ്രഥമരാത്രിയില്‍ പ്രണയം നിറയ്ക്കാന്‍ പുഷ്പശയ്യയും കാച്ചിയ പാലും മുല്ലപ്പൂമണവും കാറ്റിലിളകുന്ന പിങ്ക് നിറമുള്ള ജനല്‍ കര്‍ട്ടനുകളുമുള്‍പ്പെടെ സകലതും.
വിവാഹനാളിനെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം സേതുലക്ഷ്മിയുടെ ഓര്‍മ്മകളില്‍ വന്നു നിറയുക ആ ഇല്ലായ്മയാണ്. 'ഫസ്റ്റ് നൈറ്റിനെ കുറിച്ച് വലിയ വലിയ സങ്കല്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല എനിക്ക്. ഒരേയൊരു നിര്‍ബന്ധം മാത്രം. മുറിക്കുള്ളില്‍ യേശുദാസ് സദാ പാടിക്കൊണ്ടിരിക്കണം; മനോഹരമായ പ്രണയഗാനങ്ങള്‍. അതുറപ്പാക്കാന്‍ ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്തുവെച്ചിരുന്നു. കിടക്കും മുന്‍പ് കാസറ്റ് പ്ലെയര്‍ ഓണ്‍ ചെയ്തപ്പോള്‍ ആദ്യം ഒഴുകിവന്ന ഗാനം ഇപ്പോഴുമുണ്ട് കാതുകളില്‍: 'മിഴികളില്‍ നിറകതിരായി സ്‌നേഹം മൊഴികളില്‍ സംഗീതമായി മൃദുകര സ്പര്‍ശനം പോലും മധുരമൊരനുഭൂതിയായി..'
പ്രഥമരാത്രിയുടെ പ്രണയസുരഭിലമായ അന്തരീക്ഷത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് ഒഴുകിയെത്തുമ്പോള്‍ മണവാളന്റെ മുഖത്ത് വിരിയാനിടയുള്ള വികാരം എന്തെന്നറിയാനായിരുന്നു തിടുക്കം. ഒന്ന് പാളിനോക്കിയപ്പോള്‍ പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല അവിടെ. പാട്ടില്‍ തെല്ലും ശ്രദ്ധിക്കാതെ ഒരു സിഗരറ്റിന് തിരി കൊളുത്തുകയാണ് അദ്ദേഹം.
മൃദുകര സ്പര്‍ശനത്തിന്റെ മധുരാനുഭൂതി ഇടയ്ക്ക് വെച്ച് മുറിഞ്ഞുപോകുമെന്ന് ആരോര്‍ത്തു? പല്ലവി കഴിഞ്ഞു പാട്ട് ചരണത്തിലേക്ക് പ്രവേശിച്ചതും നാഷണല്‍ പാനസോണിക്കിന്റെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫായതും ഒരുമിച്ച്. ഓഫായതല്ല, ആക്കിയതാണ്.
'ഇത് നമുക്ക് വേണ്ട.' - ബട്ടണമര്‍ത്തി പാട്ട് നിര്‍ത്തിയശേഷം ചിരിയോടെ നവവരന്‍ പറഞ്ഞു. 'എനിക്കെന്തോ പാട്ടുകളൊന്നും അത്ര ഇഷ്ടമില്ല. കേള്‍ക്കുമ്പോള്‍ തല വേദനിക്കും. തലവേദന വന്നാല്‍ ഛര്‍ദ്ദി ഉറപ്പ്...'
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നത് കൊണ്ട് നവവധു ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും? കുട്ടിക്കാലം മുതലേ സംഗീതം ശ്വസിച്ചു വളര്‍ന്ന ആളല്ലേ. സിനിമാപാട്ടുകള്‍ എന്നും ഹൃദയത്തിന്റെ ഭാഗമായിരുന്നു സേതുലക്ഷ്മിക്ക്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കാതോരം യേശുദാസ് ഉണ്ടാവണം എന്നത് അമ്മ വഴി പകര്‍ന്നുകിട്ടിയ 'ദുശ്ശീലം'. അങ്ങനെയൊരാളുടെ ജീവിതത്തില്‍ പാട്ട് കേട്ടാല്‍ ഓക്കാനിക്കുന്ന ഒരാള്‍ വന്നുപെട്ടാല്‍ എന്തായിരിക്കും സ്ഥിതി ? ഓര്‍ക്കാന്‍ കൂടി വയ്യ.
'പെണ്ണുകാണല്‍ ചടങ്ങിനിടെ മറ്റു പല കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്‍പ്പെടെ. പക്ഷേ പാട്ടിനെക്കുറിച്ചൊന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചുമില്ല. യേശുദാസിന്റെ പാട്ട് ഇഷ്ടപ്പെടാത്ത ഒരാളും ഉണ്ടാവില്ല എന്നായിരുന്നു പൊട്ടത്തിയായ എന്റെ വിശ്വാസം. എന്നിട്ടോ? ഇവിടെയിതാ യേശുദാസിന്റെ മാത്രമല്ല ലോകത്ത് ഒരാളുടെ പാട്ടും ഇഷ്ടപ്പെടാത്ത ഒരു ഭര്‍ത്താവ്.. '- സേതുലക്ഷ്മി ചിരിക്കുന്നു. 'ഇന്നിപ്പോ ഓര്‍ത്ത് ചിരിക്കാം. എന്നാല്‍ അന്ന് അങ്ങനെ ആയിരുന്നില്ല ട്ടോ. അറിയാതെ കെണിയില്‍ വന്നുപെട്ട അവസ്ഥയിലായിരുന്നു. ചെറിയ പ്രായമല്ലേ?'
സേതുലക്ഷ്മി വന്നു പരിചയപ്പെട്ടത് ഒരു സാഹിത്യോത്സവ വേദിയില്‍ വെച്ചാണ്. അദ്ധ്യാപിക. വിവാഹിതരായ രണ്ടു മക്കളുടെ അമ്മ. അത്യാവശ്യം പാടും. എങ്കിലും വായനയാണ് ഏറ്റവും പ്രിയപ്പെട്ട പാഷന്‍. പാട്ടുകളെക്കുറിച്ച് മലയാളത്തിലും ഇംഗ്‌ളീഷിലും ഇറങ്ങിയ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ടത്രേ അവര്‍ക്ക്. 'ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകനായ എംബി ശ്രീനിവാസനെ കുറിച്ച് ഞാന്‍ വായിച്ച ആദ്യത്തെ ലേഖനം നിങ്ങള്‍ എഴുതിയതായിരുന്നു. അന്ന് തുടങ്ങിയതാണ് ഫോളോ ചെയ്യാന്‍. ' - അവര്‍ പറഞ്ഞു.
പാട്ടുകളെക്കുറിച്ചുള്ള സൗഹൃദസംഭാഷണത്തിലേക്ക് ഒരു ആത്മഗതത്തിന്റെ രൂപത്തില്‍ യാദൃച്ഛിമായി കടന്നുവരുകയായിരുന്നു ജീവിതം. പാട്ടിഷ്ടമില്ലാത്തവരും ലോകത്തുണ്ടാകുമോ എന്ന് വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്നയാള്‍ ചോദിച്ചപ്പോള്‍ സദസ്സില്‍ തൊട്ടടുത്തിരുന്ന് ശബ്ദമടക്കി ആരോടെന്നില്ലാതെ അവര്‍ പറഞ്ഞു: 'ഉണ്ട്. എന്റെ ഭര്‍ത്താവ്.'
അത്ഭുതം. ഇരുപത്തിനാല് മണിക്കൂറും യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പി സുശീലയുടേയും ജയചന്ദ്രന്റെയും കൈപിടിച്ച് നടക്കുന്ന ഒരാള്‍ എങ്ങനെ ഒരു ഗാനവിരോധിയോടൊപ്പം ജീവിതം പങ്കിടുന്നു?
'പങ്കിട്ടിരുന്നു. ഇപ്പോഴില്ല. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് കുറച്ചുകാലമായി.' - സേതുലക്ഷ്മി പിന്നീട് പറഞ്ഞു. 'പക്ഷേ പിരിയാന്‍ കാരണം പാട്ടല്ല. തുടക്കത്തില്‍ വലിയൊരു ഷോക്ക് ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാട്ടു വിരോധം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു എനിക്ക്. അതിന്റെ പേരില്‍ എനിക്ക് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. വിവാഹമോചനത്തിന്റെ കാരണം വേറെയാണ്. തികച്ചും വ്യക്തിപരം.' അതെന്തെന്ന് പറഞ്ഞില്ല സേതുലക്ഷ്മി. ഞാനൊട്ടു ചോദിച്ചതുമില്ല.
കൗതുകം തോന്നിയത് അവരുടെ ദാമ്പത്യത്തിലെ 'ട്വിസ്റ്റുകള്‍' കേട്ടറിഞ്ഞപ്പോഴാണ്. സ്വന്തം പിതാവിനോടുള്ള വെറുപ്പ് സംഗീതത്തോടുള്ള വെറുപ്പായി രൂപാന്തരം പ്രാപിക്കുകയായിരുന്നുവത്രേ ഭര്‍ത്താവിന്റെ ജീവിതത്തില്‍. ഭാര്യ അതറിഞ്ഞത് കുറച്ചു വൈകിയാണെന്ന് മാത്രം. 'അദ്ദേഹത്തിന്റെ അച്ഛന്‍ നല്ല ഗായകനായിരുന്നു. സ്റ്റേജിലൊക്കെ പാടും. പക്ഷേ കടുത്ത മദ്യപാനിയാണ്. വീട്ടില്‍ കുടിച്ചു പൂസായി വന്ന് ഭാര്യയെയും സ്വന്തം അമ്മയേയും ചൂരല്‍ കൊണ്ടടിക്കും. ആ അച്ഛനെ കണ്ടാണ് ഏക മകന്‍ വളര്‍ന്നത്. അടിയുടെ പൂരം കഴിഞ്ഞാല്‍ ഗാനമേള. ഇരുന്നും കിടന്നും ഇടറുന്ന കാല്‍വെപ്പുകളോടെ നടന്നുമൊക്കെ പാടിക്കൊണ്ടിരിക്കും അച്ഛന്‍. കരയുന്ന മകനെ കയ്യിലെടുത്ത് താരാട്ടുപാട്ടുകള്‍ പാടാന്‍ ശ്രമിക്കും. ആ സാഹസത്തിനിടെ ഒരിക്കല്‍ അബദ്ധത്തില്‍ നിലത്തുവീണു മകന്റെ തലപൊട്ടുക കൂടി ചെയ്തു. ഫലത്തില്‍ അച്ഛനെ കണ്ടാല്‍ മകന്‍ വാവിട്ടു കരഞ്ഞ് അമ്മയ്ക്ക് പിന്നില്‍ ചെന്നൊളിക്കുന്ന സ്ഥിതിയെത്തി... '
ഓര്‍മ്മവെച്ച നാള്‍ മുതലുള്ള ഈ ദുരനുഭവങ്ങളാവണം മകനെ പാട്ടിന്റെ നിതാന്ത ശത്രുവാക്കി മാറ്റിയത്. അമ്മ നേരിട്ട പീഢനങ്ങളുടെ ദുസ്സഹമായ ഓര്‍മ്മകള്‍ വേറെ. അത്തരമൊരാള്‍ എങ്ങനെ പാട്ടിനെ സ്‌നേഹിക്കും? എന്തായാലും സേതുലക്ഷ്മിയുടെ ജീവിതത്തില്‍ അതൊരു ആന്റി ക്ലൈമാക്‌സ് ആയിരുന്നു. ഒരുമിച്ചു പാട്ടു കേള്‍ക്കുകയും പാട്ടുകളെ കുറിച്ച് വാചാലമായി സംസാരിക്കുകയുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഒരാളായിരുന്നല്ലോ സങ്കല്പങ്ങളിലെ ഭര്‍ത്താവ്. അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് ആദ്യരാത്രി തന്നെ മനസ്സിലായി.
വിഷമമുണ്ടായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിരാശ. എന്ത് ചെയ്യാന്‍? 'നമുക്ക് തോന്നുംമട്ടില്‍ ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമായിരുന്നില്ലല്ലോ അന്നത്തേത്. വീട്ടില്‍ ഒരിക്കലും പാട്ട് കേള്‍ക്കാന്‍ അനുവാദമില്ലതിനാല്‍ പുറത്ത് ബന്ധുക്കളുടെ വീട്ടില്‍ പോകുമ്പോഴാണ് കേള്‍ക്കുക. മൊബൈലും ഹെഡ്ഫോണും ഒന്നും ഇല്ല അന്ന്. ഇന്നത്തെ കുട്ടികളെപ്പോലെ തര്‍ക്കിച്ചു കാര്യം നേടാനുള്ള സാമര്‍ഥ്യവുമില്ല....'
ഇഷ്ടഗാനങ്ങള്‍ പോലും ഉറക്കെ പാടാനുള്ള സ്വാതന്ത്ര്യമില്ല. മനസ്സിലാണ് മൂളുക; മറ്റൊരാള്‍ക്കും പ്രവേശനമില്ലാത്ത, തന്റേത് മാത്രമായ ഒരു ലോകത്തേക്ക് ഉള്‍വലിഞ്ഞുകൊണ്ട്. ആ നിരുപാധിക പിന്‍വാങ്ങലില്‍ സാവധാനം സന്തോഷം കണ്ടെത്തിത്തുടങ്ങുന്നു സേതുലക്ഷ്മി. ജീവിതത്തില്‍ പാട്ടിന്റെ സ്വാധീനം എത്ര തീവ്രമാണെന്ന് തിരിച്ചറിഞ്ഞ കാലം. നിഷേധിക്കപ്പെടുന്ന ഇഷ്ടങ്ങള്‍ 'അവിഹിതമായി' അനുഭവിക്കുമ്പോഴാണല്ലോ നാം അവയുടെ വില അറിയുക.
സംഗീതത്തെ വീട്ടില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തിയിട്ടും ഭര്‍ത്താവ് ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചുവെന്ന് സേതുലക്ഷ്മി: മക്കള്‍ രണ്ടു പേരും പാട്ടിന്റെ കടുത്ത ആരാധകരായി. ഭേദപ്പെട്ട പാട്ടുകാരായി. മൂത്തയാള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ പങ്കെടുത്തു. ഇരുവരെയും പാട്ടില്‍ നിന്നകറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി അച്ഛന്‍. വീട്ടില്‍ മൂളിപ്പാട്ടുകള്‍ പോലും നിരോധിച്ചു. ഒരു ഫലവും ഉണ്ടായില്ലെന്ന് മാത്രം. അമ്മയുടെ ഉറച്ച പിന്തുണയോടെ പാട്ടുലോകത്തു കൂടി സഞ്ചരിച്ചുകൊണ്ടിരുന്നു മക്കള്‍. 'എന്റെ പാട്ടുപ്രേമത്തിനുണ്ടായ ദുര്‍വിധി മനസ്സിലാക്കിയിരുന്നു മൂത്ത മകന്‍. അവനാണ് വീട്ടില്‍ ആദ്യമായി ഒരു സിഡി പ്ലേയര്‍ വാങ്ങിക്കൊണ്ടുവന്നത്. എന്റെ ഏറ്ററ്വും പ്രിയപ്പെട്ട പാട്ടുകളൊക്കെ വാശിയോടെ എന്നെ കേള്‍പ്പിച്ചു അവന്‍. അച്ഛന്റെ മുറുമുറുപ്പൊന്നും മക്കള്‍ വകവച്ചതേയില്ല....'
കാലത്തിന്റെ കാവ്യനീതി. വീണ്ടെടുത്ത ആ ഗാനവസന്തത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സേതുലക്ഷ്മിയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. 'കുട്ടികളാണ് ഇന്നെന്റെ ശക്തി. പിന്നെ അവരുടെ ഭാര്യമാരും. എല്ലാവരും സംഗീതപ്രേമികള്‍. പേരക്കുട്ടികള്‍ പോലും പാടിത്തുടങ്ങിയിരിക്കുന്നു. കാലം കണക്കു തീര്‍ക്കുന്നതാകാം. മുപ്പത് കൊല്ലം എനിക്ക് നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ എല്ലാം മക്കള്‍ വീണ്ടെടുത്തു തരുന്നു. ഇത്രയൊക്കെ പോരെ ഒരമ്മക്ക് സന്തോഷിക്കാന്‍..?'
സംഗീതരഹിതമായ ലോകം സ്വപ്നം കണ്ട ഭര്‍ത്താവിനെ കുറിച്ച് മോശമായി ഒന്നും പറയാതിരിക്കാന്‍ ശ്രദ്ധിച്ചു സേതുലക്ഷ്മി. 'അദ്ദേഹത്തിന്റെ മനസ്സ് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. കുട്ടിക്കാലത്തെ ദുരനുഭവങ്ങളാണ് നമ്മെ ജീവിതകാലം മുഴുവന്‍ വേട്ടയാടുക. പക്ഷേ ആ ദുരനുഭവങ്ങള്‍ മറ്റൊരു തരത്തില്‍ നമുക്കൊപ്പമുള്ളവരുടെ ജീവിതത്തിലും ആവര്‍ത്തിക്കണം എന്ന് വാശി പിടിക്കുന്നത് സ്വാര്‍ത്ഥതയാണ്. അതിന്റെ പേരിലേ ഞങ്ങള്‍ തമ്മില്‍ കലഹിച്ചിട്ടുള്ളൂ. ഒടുവില്‍ വിധി ഞങ്ങളെ തമ്മില്‍ അകറ്റിയത് പാട്ടിന്റെ പേരിലായിരുന്നില്ല എന്നതാണ് വിചിത്രം.'
പിരിഞ്ഞുപോയ പഴയ പങ്കാളി അവിവാഹിതനായി കഴിയുന്നു എന്ന അറിവ് കൂടി പങ്കുവെച്ചു സേതുലക്ഷ്മി. 'പാട്ട് ഇഷ്ടമില്ലാതെ ഒരാളെ കാത്തിരിക്കുകയാവണം. അങ്ങനെയുള്ള ആരെങ്കിലും ഉണ്ടാവാതിരിക്കില്ല.' സേതുലക്ഷ്മിയുടെ ആത്മഗതം.
Content Highlights: A wife`s heartwarming tale of a music-loving woman married to a man who detested music
Published: 21 Jun 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented