വിവിധ ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ വിവിധതരത്തിലാണ് നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുന്നത്. ചില ശബ്ദങ്ങൾ വളരെ അരോചകവും ദേഷ്യംപിടിപ്പിക്കുന്നതും ഭയം ജനിപ്പിക്കുന്നതും പിരിമുറുക്കവും ഉത്കണ്ഠയും വർധിപ്പിക്കുന്നതുമാകുമ്പോൾ മറ്റുചില ശബ്ദങ്ങൾ നമ്മുടെ മനസ്സിൽ ശാന്തിയും ആനന്ദവും നിറച്ച് മനസ്സിനെ കൂടുതൽ റിലാക്സ്ഡ് ആക്കുന്നു. നമ്മുടെ തലച്ചോറിനെ ശബ്ദം സ്വാധീനിക്കുന്നതിനാലാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. അപ്പോൾ, നമ്മിൽ അസ്വസ്ഥതയുളവാക്കുന്ന ശബ്ദങ്ങളിൽനിന്നകന്ന് ആനന്ദവും സ്‌നേഹവും സമാധാനവും നിറയ്ക്കുന്ന ശബ്ദങ്ങൾ ശ്രവിച്ചാൽ ജീവിതം കൂടുതൽ പ്രസാദാത്മകമാക്കാൻ കഴിയും.

To advertise here,

ശബ്ദത്തിന്റെ മനശ്ശാസ്ത്രം

ഒരു വ്യക്തിയിലെ വികാരങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ ശബ്ദത്തിന് കഴിയും. ചില പ്രത്യേക ശബ്ദങ്ങൾക്ക് പ്രത്യേകമായ ചില വികാരത്തെത്തന്നെ സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന്, ചെറിയ ചാറ്റൽമഴയും മൃദുവായ സംഗീതവും ഓടക്കുഴൽനാദവുമെല്ലാം മനസ്സിനെ ശാന്തമാക്കുന്നു. അതേസമയം, ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ പിന്നിൽനിന്നുള്ള തുടർച്ചയായ ശക്തമായ ഹോണടി, ദേഷ്യവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. ഉരുൾപൊട്ടലോ മറ്റോ ഉണ്ടായ സ്ഥലത്ത് താമസിക്കുന്നവരിൽ മഴയുടെ ഹുങ്കാര ശബ്ദവും മറ്റും ഭയവും ഉത്കണ്ഠയും ജനിപ്പിക്കുന്നു.

ശബ്ദവും ഓർമ്മയും

ശബ്ദം ഓർമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഗാനങ്ങളും മറ്റും പെട്ടെന്ന് ഓർത്തിരിക്കാൻ കഴിയുന്നത്. പ്രത്യേക താളത്തിൽ ശബ്ദത്തിന്റെ വിന്യാസവും അത് ഓർമ്മയിൽ നിലനിർത്താൻ സഹായിക്കുന്നു.

ഉദാഹരണം, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗാനരൂപത്തിൽ പഠിക്കുന്നത് ഓർത്തിരിക്കാൻ സഹായിക്കും. അതുപോലെ പഠനഭാഗങ്ങളും മറ്റ് പ്രഭാഷണങ്ങളും ഉചിതമായ പശ്ചാത്തലസംഗീതത്തോടെ കേൾക്കുന്നത് ശ്രദ്ധ വർധിപ്പിക്കുന്നതിനും ഓർമ്മയിൽ നിലനിർത്തുന്നതിനും സഹായിക്കും.

മാനസികസൗഖ്യത്തിനും ശരിയായ ചിന്താശേഷിക്കും ശബ്ദത്തിന് സ്വാധീനം ചെലുത്താൻ കഴിയും. ഉദാഹരണത്തിന് തിരക്കും ബഹളവും നിറഞ്ഞ അന്തരീക്ഷത്തിൽ ഏകാഗ്രതയും ചിന്താശേഷിയും കുറയുന്നു.

രോഗികളോട് ആതുരശുശ്രൂഷകർ നടത്തുന്ന ആശയവിനിമയത്തിനും അവരുടെ മാനസികനിലയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഒരാൾ പറഞ്ഞ അനുഭവം ഓർക്കുന്നു. ആ വ്യക്തിയെ സർജറിക്കായി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരിക്കുകയാണ്. ഇതിനിടെ 'ഇത് അതാണെന്ന് തോന്നുന്നു' എന്ന് രോഗി കേൾക്കേ ഒരു ഡോക്ടർ മറ്റൊരു ഡോക്ടറോട് പറയുന്നു. ഇത് കേട്ടതും തനിക്കെന്തോ മാരകരോഗമായിരിക്കുമെന്ന് ചിന്തിച്ച് ഉത്കണ്ഠ കൂടി രോഗിയുടെ ബിപി കൂടി. അതിനാൽ ഭയപ്പെടുത്തുന്ന, ഉത്കണ്ഠയുളവാക്കുന്ന വാക്കുകൾ രോഗി കേൾക്കെ പറയാതിരിക്കാം. പകരം ആശ്വാസം പകരുന്ന വാക്കുകൾ രോഗാവസ്ഥയിൽപ്പോലും മാറ്റംവരുത്തുന്നതായി പോസിറ്റീവ് സൈക്കോളജിയിൽ പറയുന്നു.

ശബ്ദവും ശരീരവും

വിവിധ ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾക്ക് നമ്മുടെ ശരീരനിലയെപ്പോലും സ്വാധീനിക്കാൻ കഴിയുമെന്ന് പ്രാഥമികമായി തെളിയിച്ചിട്ടുണ്ട്. ശബ്ദമലിനീകരണം സ്‌ട്രെസ് കൂട്ടുന്നു. ഉറക്കം തടസ്സപ്പെടുത്തുന്നു. ഉദാഹരണം, താഴ്ന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ ശാന്തതയും റിലാക്സേഷനും നൽകുന്നു, അതേസമയം, ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ മാനസികസമ്മർദം വർധിപ്പിക്കുകയും സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

സൗണ്ട് തെറാപ്പി

സൗണ്ട് തെറാപ്പി അഥവാ വൈബ്രേഷൻ തെറാപ്പിയിൽ ഒരു വ്യക്തിയുടെ മാനസിക സൗഖ്യത്തിന് ചില ശബ്ദങ്ങൾ ഉപയോഗിക്കുന്നു. മാനസിക സൗഖ്യത്തിനും മാനസിക സമ്മർദം കുറയ്ക്കാനും വിവിധ സൗണ്ട് ഫ്രീക്വൻസികളിൽ ഉപകരണങ്ങളും ടെക്‌നിക്കുകളും സൗണ്ട് തെറാപ്പി അഥവാ സൗണ്ട് ഹീലിങ്ങിൽ ഉപയോഗിക്കുന്നു. മെഡിറ്റേഷനിലും മറ്റും മെലഡികളും പുഴ ഒഴുകുന്ന ശബ്ദവും ഓടക്കുഴൽ, വയലിൻ നാദവും ഇത്തരത്തിൽ മൈൻഡ് റിലാക്സേഷനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും. സംഗീതത്തിന് ഏകാഗ്രത വർധിപ്പിക്കാനും ചിന്താശേഷി കൂട്ടാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സംഗീതത്തിന് ഒരു നല്ല മൂഡിനെയും വികാരത്തെയും സ്വാധീനിക്കാൻ കഴിയും. ഉദാഹരണത്തിന് അടിപൊളി പാട്ട് കേൾക്കുമ്പോൾ ഒരാളിൽ ആവേശം നിറയുന്നു. അതേസമയം വിഷാദഗാനം മനസ്സിനെ സങ്കടം നിറഞ്ഞ ഓർമ്മകളിലേക്ക് കൈപിടിച്ച് നടത്തുന്നു. റൊമാന്റിക് മ്യൂസിക്കാവട്ടെ മനസ്സിലെ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നു. അതിനാൽ മൂഡ് ഡിസോഡറുകൾ ഉള്ളവരിൽ സമാന്തരമായി ഇന്ന് മ്യൂസിക് തെറാപ്പി പരീക്ഷിക്കുന്നുണ്ട്.

ശബ്ദത്തെ എങ്ങനെ മനസ്സിന്റെ സൗഖ്യത്തിന് ഉപയോഗിക്കാം

  • രാവിലെ പച്ചപ്പുള്ള പ്രകൃതിയിലൂടെ നടക്കുമ്പോൾ പക്ഷികളുടെയും പുഴയുടെയും ജീവജാലങ്ങളുടെയും ഒക്കെ ശബ്ദം ശ്രദ്ധിക്കുക. ഇത് മനസ്സിന് സന്തോഷം നൽകും.
  • ബാഹ്യമായ ശല്യങ്ങളൊന്നുമില്ലാത്ത ബീച്ചിലോ പാർക്കിലോ വീട്ടിലെ മുറിയിലോ നടുനിവർത്തി കണ്ണടച്ചിരുന്ന് ചുറ്റുപാടുള്ള ശബ്ദങ്ങളെല്ലാം ശ്രദ്ധിക്കുക. ശ്വാസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മാനസിക സമ്മർദം കുറയ്ക്കാനും റിലാക്സ്ഡ് ആവാനും ഇത് സഹായിക്കും.
  • ഇഷ്ടപ്പെട്ട പാട്ടുകൾ പെൻഡ്രൈവിലാക്കി, യാത്രപോകുമ്പോഴും ഒഴിവുസമയങ്ങളിലും കേൾക്കുക.
  • കുട്ടികളുടെയും മറ്റും ചെറുപ്പത്തിലെ കളികളുടെ വീഡിയോയോ മറ്റോ ഇടയ്ക്കിടെ കാണുന്നത് സന്തോഷം കൂട്ടും.
  • സദ്ജനങ്ങളുമായി സമ്പർക്കം വർധിപ്പിക്കുക. അവരുടെ നല്ല വാക്കുകൾ കേൾക്കുക. പരദൂഷണം പറയുന്നവർ, എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നവർ, മോശം വാക്കുകൾ പറയുന്നവർ എന്നിവരിൽനിന്ന് അകന്നുനിൽക്കുക.
  • നിങ്ങളെ പ്രചോദിപ്പിക്കുന്ന വാക്കുകൾ സ്വയം പറയുക. ഉദാഹരണത്തിന്, 'എന്നെക്കൊണ്ടത് പറ്റും' എന്നൊക്കെ.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഇന്റർനാഷണൽ ലൈഫ് കോച്ചുമാണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്