വിസ്മയമായിരുന്നു ആദ്യം. പതുക്കെ അതൊരു കരച്ചിലിന്  വഴിമാറുന്നു. പ്രതീക്ഷിക്കാതെ വീട്ടുമുറ്റത്ത്  'പൊട്ടിവീണ' അതിഥികളുടെ  കൈകള്‍ ചേര്‍ത്തുപിടിച്ച് നിറകണ്ണുകളോടെ ഗിരീഷ്‌ പുത്തഞ്ചേരി പറഞ്ഞ വാക്കുകള്‍ ഇപ്പോഴുമുണ്ട് സംവിധായകൻ ജയരാജിന്റെ കാതില്‍: 'ദൈവങ്ങളാണ്  നിങ്ങള്‍..''  

To advertise here,

'ജോണി വാക്ക'റിന് പാട്ടെഴുതാൻ നിയുക്തനായ കാര്യം അറിയിക്കാൻ ഗിരീഷ് പുത്തഞ്ചേരിയെ തേടി ചെന്നതായിരുന്നു ജയരാജ്. പടത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്തുമുണ്ട് ഒപ്പം. ടെലിഫോണില്‍ ബന്ധപ്പെടാവുന്ന സ്ഥലത്തല്ല അന്ന്  ഗിരീഷിന്റെ വാസം.  ഇടുങ്ങിയ ചെമ്മണ്‍പാതകള്‍ പിന്നിട്ടുള്ള കാർ യാത്ര  അവസാനിച്ചത്  നാട്ടിൻപുറത്തെ ഒരു സാധാരണ വീട്ടിനു മുന്നിൽ. ശബ്ദം കേട്ട്‌  തെല്ലു പരിഭ്രമത്തോടെ പുറത്തിറങ്ങിവന്ന ഗിരീഷിന്റെ മുഖഭാവം ജയരാജ് മറന്നിട്ടില്ല, മറക്കുകയുമില്ല. 

ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഒരു ജൈത്രയാത്രയുടെ ആരംഭബിന്ദുവിലാണ് താനെന്ന് ആ നിമിഷം ഗിരീഷ് സങ്കല്പിച്ചിരിക്കുമോ?  

കഥ അവിടെ അവസാനിക്കുന്നില്ല. പാട്ടെഴുതാന്‍ ഗിരീഷ്‌ ചെന്നൈയിലെത്തുന്നു. എസ്.പി. വെങ്കിടേഷ് ആണ് സംഗീത സംവിധായകന്‍. ഈണം ആദ്യമിട്ടു  പാട്ടെഴുതിക്കുന്നതാണ് വെങ്കിടേഷിന്റെ  ശൈലി. ക്ഷണനേരം കൊണ്ട്  ട്യൂണുകൾ സൃഷ്ടിക്കുന്നതിൽ കേമൻ. പടത്തിലെ ഈണങ്ങളെല്ലാം കാസറ്റിലാക്കി ഗിരീഷിനെ ഏല്പിച്ച്  സ്ഥലം വിടുന്നു വെങ്കിടേഷ്. പിറ്റേന്ന് കാലത്താണ് റെക്കോഡിംഗ് . അതിനകം പാട്ടുകള്‍ തയ്യാറായിരിക്കണം.

വുഡ് ലാൻഡ്‌സ് ഹോട്ടലിലെ മുറിയില്‍ ഈണങ്ങളുമായുള്ള മൽപ്പിടിത്തത്തിലായിരുന്നു ഗിരീഷ്‌. എത്ര ശ്രമിച്ചിട്ടും വെങ്കിടേഷിന്റെ  ഈണങ്ങളുടെ മീറ്ററില്‍ വാക്കുകള്‍ ഒതുങ്ങിക്കിട്ടുന്നില്ല . വൈകിട്ട് പാട്ടെഴുത്തിന്റെ 'സ്ഥിതിവിവര'മറിയാന്‍  ഹോട്ടൽ മുറിയിലെത്തിയ നടന്‍ അഗസ്റ്റിന്‍ കണ്ടത് പുസ്തകങ്ങളുടെയും ചുരുട്ടികൂട്ടി വലിച്ചെറിഞ്ഞ കടലാസ്  കഷ്ണങ്ങളുടെയും  ഇടയ്ക്കു അസ്വസ്ഥനായിരിക്കുന്ന കവിയെയാണ്‌. 'കൂട്ടീട്ടു കൂടുന്നില്ല ഇഷ്ടാ; രഞ്ജിയോടു പറഞ്ഞ് നീ  എനിക്ക് കോഴിക്കോട്ടേക്കുള്ള ഒരു ടിക്കറ്റ്‌ ഒപ്പിച്ചു താ. ഞാന്‍ പോട്ടെ. ഇത് എനിക്ക് പറഞ്ഞ പണിയല്ല .'' - അഗസ്റ്റിനോട് നവാഗത ഗാനരചയിതാവ് പറഞ്ഞു.

പിറ്റേന്ന്   ജയരാജും രഞ്ജിത്തും കാണാന്‍ എത്തിയപ്പോഴും കഥ പഴയത് തന്നെ.  ഈണത്തിന്റെ ചട്ടക്കൂട്ടില്‍ വാക്കുകള്‍ ഒതുങ്ങി  നില്‍ക്കുന്നില്ല . ഗിരീഷിന്റെ ദയനീയാവസ്ഥ കണ്ടു രഞ്ജിത്ത് പറഞ്ഞു:  'എന്തായാലും ഭരണി സ്റ്റുഡിയോയിലേക്ക് വാ. അവിടെ വച്ച് തീരുമാനിക്കാം തിരിച്ചുപോക്ക് .''  സ്റ്റുഡിയോയില്‍ എത്തിയ ഉടന്‍ രഞ്ജിത്ത് ചെയ്തത്  പുറത്തെ പൂന്തോട്ടത്തില്‍ ഒന്ന് ഉലാത്തിവരാന്‍ ഗിരീഷിനോട് ആവശ്യപ്പെടുകയാണ്. 'മനസ്സൊന്നു ഫ്രഷ്‌ ആകട്ടെ. നടക്കുമ്പോള്‍ വെങ്കിടേഷിന്റെ ഈണം മൂളി നോക്കാന്‍ മറക്കേണ്ട..''

placeholder
ജയരാജ് | ഫോട്ടോ: ജി.ശിവപ്രസാദ്

ഇനിയുള്ള കഥ ജയരാജിന്റെ വാക്കുകളില്‍: 'അര മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ, വിടര്‍ന്ന  ചിരിയോടെ അതാ ഗിരീഷ്‌ മുന്നില്‍. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന വരി മൂളിയാണ്‌ വരവ്.  കേട്ടയുടന്‍ ഞാനും രഞ്ജിയും ഒരേ സ്വരത്തില്‍ പറഞ്ഞു: ഗംഭീരം. ഇത് മതി. ബാക്കി  കൂടി വരട്ടെ. വരികളുടെ പ്രവാഹമായിരുന്നു പിന്നെ. ചാഞ്ചക്കം തെന്നിയും, പൂമാരിയില്‍, ചെമ്മാനപൂമച്ചിന്‍ മേലെ, മിന്നും പളുങ്കുകള്‍...എല്ലാം വെങ്കിടേഷിന്റെ കയ്യൊപ്പ് പതിഞ്ഞ 'ന്യൂജൻ'  ഈണങ്ങൾ. അവയിലൊന്ന്- ശാന്തമീ രാത്രിയിൽ-   മൂന്ന് പതിറ്റാണ്ടിനു ശേഷം 'തുടരും' എന്ന മോഹൻലാൽ  സിനിമയിൽ ഇടം നേടിയതും വീണ്ടും സൂപ്പർഹിറ്റായി മാറിയതും ഇന്ന് ചരിത്രം. 

ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഈണത്തിനൊത്ത്  വാക്കുകള്‍  കിട്ടാതെ  വലഞ്ഞ് സിനിമാ മോഹങ്ങള്‍ കോടമ്പാക്കത്ത് ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വണ്ടി കയറാന്‍ തീരുമാനിച്ച അതേ ഗിരീഷ്‌  പുത്തഞ്ചേരി തന്നെ  പില്‍ക്കാലത്ത് ആ കലയില്‍ അദ്വിതീയനായി മാറുന്നു.-- വിദ്യാസാഗര്‍ പറഞ്ഞ പോലെ,  അര്‍ദ്ധരാത്രി  ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പാട്ടെഴുതാന്‍ ആവശ്യപ്പെട്ടാല്‍ പോലും, ഈണത്തിന്റെ  മീറററിനൊത്ത്   കൃത്യമായി വരികള്‍ സൃഷ്ടിച്ചു നമ്മെ വിസ്മയിപ്പിക്കാന്‍ കഴിവുള്ള   ഒന്നാംതരം ഒരു പ്രൊഫഷണല്‍. അതിനു മുൻപ് നാലഞ്ചു പടങ്ങൾക്ക് പാട്ടെഴുതിയിരുന്നെങ്കിലും ഗിരീഷിന്റെ സിനിമാജീവിതം 'പുഷ്പിക്കുന്നത്' ജോണി വാക്കർ മുതലാണ്. 

placeholder
പി.ലീല | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

അവസാനമായി ഗിരീഷ്‌ വിളിച്ചത് ഓർമ്മയുണ്ട്. വിടവാങ്ങുന്നതിന്  ഒരു മാസം മുൻപായിരുന്നു ആ കോൾ. ഫോണ്‍ എടുത്തപ്പോള്‍ പതിവുപോലെ 'പരുഷഹൃദ്യ'മായ ശബ്ദത്തില്‍ ഒരു ഗാനം: 'കണ്മണീ കരയല്ലേ, കണ്ടുവന്ന നിധിയല്ലേ, കണ്ടിരിക്കും പൊന്‍കിനാവിന്‍ ചെണ്ടിലുള്ള പൂന്തേനല്ലേ.. ...'  ക്രിസ്തുമസ്  രാത്രി എന്ന പടത്തില്‍  പി. ലീല പാടിയത്. പാട്ട് പാടി നിര്‍ത്തി ഗിരീഷ്‌ പറഞ്ഞു: ഇതിന്റെ ഒറിജിനല്‍  ആണ് നിങ്ങളുടെ ഹലോ ട്യൂണ്‍. .. ജല്‍തേ ഹേ ജിസ് കേലിയെ..

അന്ന്  സംസാരിച്ചതേറെയും ലീലചേച്ചിയെ കുറിച്ചാണ്. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം  ലഭിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഗായിക. മരിച്ചതിന്റെ മൂന്നാം പക്കം സര്‍ക്കാര്‍ പദ്‌മഭൂഷന്‍ നല്‍കി അവരെ ആദരിക്കുന്നു. 'അതാണ്‌ ഏറ്റവും വലിയ ക്രൂരത. വന്ദിച്ചില്ലെങ്കിലും മഹാന്മാരായ കലാകാരന്മാരെയും കലാകാരികളെയും നിന്ദിക്കാതിരുന്നു കൂടെ?''

വിട പറയും മുന്‍പ്   ലീലചേച്ചിയുടെ തനിക്കേറ്റവും പ്രിയപ്പെട്ട  പഴയൊരു പാട്ടിന്റെ ഈരടികള്‍ ഗിരീഷ്‌ മൂളി: 'പ്രാണന്റെ പ്രാണനില്‍ പ്രേമപ്രതീക്ഷ തന്‍ വീണ മുറുക്കിയ പാട്ടുകാരാ, പാടാന്‍ തുടങ്ങും മുന്പെന്റെ  മണിവീണ പാടെ തകര്‍ത്തു  നീ എങ്ങു പോയീ..? '

ഇന്നും ഓർമ്മയിലുണ്ട് ആ ശബ്ദം. ഇത്ര വേഗം നടന്നുമറയുമെന്നു  കരുതിയിരുന്നില്ലല്ലോ ആ പാട്ടുകാരന്‍.