ജീവിതം നമുക്ക് വേണ്ടി കരുതിവെക്കുന്ന ചില വിസ്മയങ്ങളുണ്ട്; പിന്നീടോര്‍ക്കുമ്പോള്‍ സത്യമോ മിഥ്യയോ എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം തോന്നിയേക്കാവുന്ന അപൂര്‍വ അനുഭവങ്ങള്‍. മലയാള സിനിമയുടെ തലക്കുറി തിരുത്തിയ സംവിധായകന്‍ അലോഷ്യസ് വിന്‍സന്റിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലിരുന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ 'നദി'യിലെ ഗാനചിത്രീകരണം കണ്ടത് അത്തരമൊരു അപൂര്‍വ അനുഭവമായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന ഒന്ന്.

To advertise here,

'ആയിരം പാദസരങ്ങള്‍ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകീ' എന്ന് പാടിക്കൊണ്ട് കരയില്‍നിന്ന് പ്രേംനസീര്‍ പുഴയിലെ വെള്ളത്തില്‍ ഇറങ്ങിനിന്നപ്പോള്‍, സ്‌ക്രീനിലേക്ക് വിരല്‍ ചൂണ്ടി ചിരിയോടെ നദിയുടെ സംവിധായകന്‍ പറഞ്ഞു: 'ഇക്കാണുന്നത് ആലുവാപ്പുഴയല്ല കേട്ടോ; സ്റ്റുഡിയോയില്‍ സെറ്റിട്ട് ഷൂട്ട് ചെയ്തതാ. അന്ന് വേറെ മാര്‍ഗമില്ല. ഔട്ട്ഡോറില്‍ ചിത്രീകരിച്ചാല്‍ വെളിച്ചത്തിന്റെ പ്രശ്‌നം വരും. എന്നാലും ഇപ്പൊ കാണുമ്പോള്‍ വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു; അല്ലേ?'' 

നിമിഷനേരത്തെ മൗനത്തിനുശേഷം മാസ്റ്ററുടെ ആത്മഗതം: 'എത്ര മനോഹരമായ പാട്ട്. ഇത്തരം പാട്ടുകളൊക്കെ ഇനി ഉണ്ടാകുമോ?'' കണ്ണടച്ച്, ഗാനത്തിന്റെ വരികള്‍ ഏറ്റുപാടിക്കൊണ്ട് തലയിണയില്‍ ചാരിക്കിടക്കുന്നു മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സംവിധായകന്‍. ഓര്‍മ്മകള്‍ പൂർണമായി ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പ്രായമായിട്ടും നദിയിലെ ഗാനചിത്രീകരണത്തെ കുറിച്ച് ഇടതടവില്ലാതെ സംസാരിച്ചു മാസ്റ്റര്‍. അതിലെ ഷോട്ടുകള്‍, ഫ്രെയിമുകള്‍, ലൈറ്റിങ്, അഭിനയം, സംഗീതം.... എല്ലാം കടന്നുവന്നു ഓര്‍മ്മകളുടെ ആ നിലക്കാത്ത പ്രവാഹത്തില്‍.

താന്‍ സംവിധാനം ചെയ്ത പടങ്ങളിലെ ഗാനരംഗങ്ങള്‍ വീഡിയോയില്‍ കാണുകയായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്ന് മാസ്റ്റര്‍. ഓരോ കാഴ്ച്ചക്കുമൊപ്പം ആ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളില്‍നിന്ന് മലയാള സിനിമയുടെ ചരിത്രം കൂടി വായിച്ചെടുക്കാമായിരുന്നു ഞങ്ങള്‍ക്ക്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് വര്‍ണ്ണപ്പകിട്ടിലേക്കുള്ള വളര്‍ച്ച; അതിനാടകീയതയില്‍നിന്ന് സ്വാഭാവികതയിലേക്കുള്ള വളര്‍ച്ച; സ്റ്റുഡിയോ സെറ്റുകളില്‍നിന്ന് വാതില്‍പ്പുറങ്ങളിലേക്കുള്ള വളര്‍ച്ച.... അങ്ങനെയങ്ങനെ.

'ദോസ് വേര്‍ ദി ഡേയ്‌സ്.... ഓര്‍മ്മകളാണ് ഇപ്പോള്‍ എനിക്ക് കൂട്ട്. മെമ്മറീസ് ദാറ്റ് നെവര്‍ ഡൈ...' - ആത്മഗതം പോലെ ചിതറിവീഴുന്ന വാക്കുകള്‍. 

കല്‍പ്പറ്റ അനന്തപദ്മയില്‍ 'നദി' കണ്ട ദിവസം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. രണ്ട് സിനിമാശാലകളേയുള്ളു അന്ന് കല്‍പ്പറ്റയില്‍: അനന്തപദ്മയും വിജയയും. ഓലക്കൊട്ടകയാണ് വിജയ. അനന്തപദ്മ കോണ്‍ക്രീറ്റ് കെട്ടിടവും. കമ്പികള്‍ കൊണ്ട് ഭംഗിയായി വാര്‍ത്തെടുത്ത് ചുമരില്‍ പതിച്ചിരുന്ന തേയില നുള്ളുന്ന സ്ത്രീയുടെ രൂപമാണ് അനന്തപദ്മയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. തിയറ്ററിലെ ഇരുട്ടില്‍ ചെന്നിരുന്നപ്പോള്‍ മലയാളത്തിലൊരു കളര്‍ സിനിമ ആദ്യം കാണുന്നതിന്റെ ത്രില്ലായിരുന്നു ഉള്ളില്‍. അതുവരെയിറങ്ങിയ വര്‍ണ്ണചിത്രങ്ങള്‍ ഒന്നും കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ല.

തൊട്ടടുത്തിരുന്ന് കണ്ണീരൊപ്പുന്നുണ്ടായിരുന്നു അമ്മയും വല്യമ്മയും. കഥാമുഹൂര്‍ത്തങ്ങളുടെ വൈകാരികഭാവം അത്ര കണ്ട് അവരെ സ്പര്‍ശിച്ചിരിക്കാം. നസീറിനേയും മധുവിനേയും ശാരദയെയുമൊക്കെ നിറപ്പകിട്ടോടെ കണ്ടു രസിക്കുന്നതിനിടെ കഥയിലെ അത്തരം മുഹൂര്‍ത്തങ്ങളൊന്നും അന്നത്തെ എല്‍പി സ്‌കൂള്‍ കുട്ടിയുടെ മനസ്സിനെ തൊട്ടതേയില്ല. നസീര്‍ ഉണ്ടായിട്ടും സ്റ്റണ്ടൊന്നും വന്നില്ലല്ലോ എന്നായിരുന്നു അവന്റെ വേവലാതി. 

കാഴ്ച്ചയും കേള്‍വിയും ഒന്നാകുന്ന മാജിക് അനുഭവിപ്പിച്ചത് നദിയിലെ ഗാനരംഗങ്ങളാണ്. പ്രത്യേകിച്ച് 'ആയിരം പാദസരങ്ങള്‍.' പുഴയിലെ വെള്ളം കോരിയെടുത്ത് നസീര്‍ 'ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍' എന്ന് പാടുന്ന ദൃശ്യമാണ് ആദ്യകാഴ്ച്ചയില്‍ മനസ്സില്‍ തങ്ങിയത്; പിന്നെ പുഴയുടെ ആഴങ്ങളിലേക്ക് ബേബി സുമതി നടന്നടുക്കുമ്പോള്‍ ചുറ്റുമുയര്‍ന്ന നെടുവീര്‍പ്പുകളും. ഒരിക്കലും അവസാനിക്കരുതേ ഈ പാട്ട് എന്ന് ആഗ്രഹിച്ചുപോയ നിമിഷങ്ങള്‍.  

പ്രേംനസീറല്ല, യേശുദാസ് എന്നൊരാളാണ് ആ പാട്ടുകളൊക്കെ പാടുന്നതെന്ന് അറിഞ്ഞിട്ട് അധികമായിരുന്നില്ല. അത്ഭുതം പകര്‍ന്ന അറിവ്. പിന്നണിയിലെങ്ങോ മറഞ്ഞിരിക്കുന്ന യേശുദാസിന്റെ രൂപം സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ പ്രേംനസീറിനെയും യേശുദാസിനെയുമൊക്കെ എന്നെങ്കിലും കാണാന്‍ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല അന്ന്; സിനിമ സാക്ഷാല്‍ക്കരിച്ച സംവിധായകനൊപ്പമിരുന്ന് അതേ രംഗങ്ങള്‍ സ്‌ക്രീനില്‍ കാണുമെന്നും. ഒരു വയനാടന്‍ കുട്ടിക്ക് കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നല്ലോ അത്തരം ചിന്തകള്‍. 

'ചക്കരപ്പന്തലി'നു വേണ്ടി അഭിമുഖം ചിത്രീകരിക്കാന്‍ മാതൃഭൂമി ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ പപ്പനോടൊപ്പം (അനന്തപദ്മനാഭന്‍) ചെന്നൈയിലെ വീട്ടില്‍ ചെന്നപ്പോളായിരുന്നു മറക്കാനാവാത്ത ആ സമാഗമം. 85 വയസ്സിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വേണ്ടതിലേറെ ഉണ്ട് മാഷിന്. ഒരേ ഇരുപ്പില്‍ ഏറെ നേരം ഇരിക്കാന്‍ വയ്യ. ഓര്‍മ്മകള്‍ പൂർണമായി പിടിതരുന്നുമില്ല. പഴയ സിനിമകള്‍ ഹോം തിയറ്ററില്‍ ഇട്ടു കാണുകയാണ് അപ്പോഴത്തെ പ്രധാന ഹോബി. താന്‍ സംവിധാനം ചെയ്തവ മാത്രമല്ല, മറ്റുള്ളവരുടെയും. 'പഴയ സിനിമകള്‍, പ്രത്യേകിച്ച് ഗാനരംഗങ്ങള്‍, കാണുമ്പോള്‍ പൊയ്‌പ്പോയ കാലം തിരശ്ശീലയിലെന്നവണ്ണം മനസ്സില്‍ തെളിയും. എല്ലാ പരിമിതികള്‍ക്കും ഉളളില്‍ നിന്ന് കൊണ്ട് ചിത്രീകരിച്ചവ ആയിട്ടും ആ രംഗങ്ങള്‍ ഇന്നും മടുപ്പിക്കുന്നില്ല. പാട്ടുകളുടെ മേന്മ കൊണ്ടാവാം. ഇടയ്ക്ക് സങ്കടവും രും - അഭിനയിച്ച പലരും ജീവിച്ചിരിപ്പില്ലല്ലോ എന്നോര്‍ക്കുമ്പോള്‍.'' 

സ്വന്തം ചിത്രങ്ങളിലെ പാട്ടുകളില്‍ മാസ്റ്റര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്നാണ് ആയിരം പാദസരങ്ങള്‍. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനമായി ആയിടെ ആകാശവാണി ആ ഗാനം തിരഞ്ഞെടുത്ത കഥ പറഞ്ഞപ്പോള്‍ വിന്‍സന്റ് മാസ്റ്റര്‍ ചിരിച്ചു: 'അതെയോ? അന്ന് അതൊന്നും പ്രതീക്ഷിക്കാനുള്ള മാനസികാവസ്ഥയിലല്ലല്ലോ നമ്മള്‍. പെട്ടെന്ന് പാട്ടെടുത്ത് തീര്‍ക്കുക. കഴിയുന്നത്ര മനോഹരമായി വിഷ്വലൈസ് ചെയ്യുക. അതിന്റെ ടെന്‍ഷനില്‍ മറ്റൊന്നും ചിന്തിക്കാന്‍ നേരമുണ്ടാവില്ല. എങ്കിലും ആ പാട്ടുകളൊക്കെ കാലത്തിനപ്പുറത്തേക്ക് വളര്‍ന്നു എന്നറിയുമ്പോ വല്ലാത്ത ഒരു സംതൃപ്തി.'' വയലാറും ദേവരാജനും യേശുദാസും ചേര്‍ന്നുള്ള 'മാജിക്കല്‍ കോമ്പിനേഷ'നെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല മാഷിന്. മാഷുടെ എത്രയോ ചിത്രങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ആ ത്രിമൂര്‍ത്തി സംഗമത്തില്‍ പിറന്ന പാട്ടുകളിലൂടെ കൂടിയല്ലേ ? അശ്വമേധം, തുലാഭാരം, നദി, ത്രിവേണി, നിഴലാട്ടം, ഗന്ധര്‍വക്ഷേത്രം, നഖങ്ങള്‍, ചെണ്ട, അനാവരണം... 

placeholder
നസീറിനും മമ്മുട്ടിക്കുമൊപ്പം എ വിന്‍സന്റ്

തന്റെ ഗാനങ്ങള്‍ ഏറ്റവും ഭംഗിയായി സിനിമയില്‍ ചിത്രീകരിച്ച സംവിധായകന്‍ എന്ന് ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ വിന്‍സന്റിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മറ്റു സംഗീത സംവിധായകര്‍ക്കും ഉണ്ടാവില്ല മറിച്ചൊരഭിപ്രായം. പഴയ മനോഹര ഗാനങ്ങളുടെ വികലമായ ചിത്രീകരണങ്ങള്‍ കണ്ടു തലയില്‍ കൈവച്ചു പോയ സന്ദര്‍ഭങ്ങള്‍ എത്രയെത്ര. വരികളുടെ അര്‍ത്ഥഭംഗിയോടും അവയില്‍ അന്തര്‍ലീനമായ ഭാവത്തോടും തരിമ്പും നീതി പുലര്‍ത്താത്തവയാകും സിനിമയിലെ പല ഗാന രംഗങ്ങളും. പക്ഷെ വിന്‍സന്റ് മാഷിന്റെ ചിത്രങ്ങള്‍ അതിനൊരു അപവാദമായിരുന്നു എന്നും. ഭാര്‍ഗവീനിലയത്തിലെയും അശ്വമേധത്തിലേയും മുറപ്പെണ്ണിലേയുമൊക്കെ ഗാനരംഗങ്ങള്‍ ഓര്‍ക്കുന്നില്ലേ? എത്ര കാവ്യാത്മകമായാണ് ഓരോ പാട്ടും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്നും ആ പാട്ടുകള്‍ക്കൊപ്പം അവയുടെ സംഗീതസാന്ദ്രമായ വിഷ്വലുകളും മനസ്സില്‍ തെളിയും.

മണ്ണെണ്ണവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ തിളങ്ങുന്ന വിജയനിര്‍മ്മലയുടെ ആകാംക്ഷാഭരിതമായ വലിയ കണ്ണുകളെ ഒഴിച്ചുനിര്‍ത്തി എങ്ങനെ വാസന്തപഞ്ചമി നാളില്‍ എന്ന ഗാനം പൂർണമാകും? താമസമെന്തേ വരുവാന്‍ എന്ന് യേശുദാസ് പട്ടു പോലത്തെ ശബ്ദത്തില്‍ പാടുമ്പോള്‍, നസീറിന്റെ സുന്ദരമുഖം മാത്രമല്ല, സിതാറിന്റെ മോഹിപ്പിക്കുന്ന നാദത്തിനൊത്തു ഭാര്‍ഗവീനിലയത്തിന്റെ പടവുകള്‍ ഓടിക്കയറുന്ന ഭാര്‍ഗവിക്കുട്ടിയുടെ കാലിലെ കൊലുസിന്റെ കിലുക്കവും ഓര്‍മ്മയിലെത്തും. തൂവെള്ള സാരിയണിഞ്ഞു വിജയനിര്‍മ്മല ഊഞ്ഞാലാടുന്നതിന്റെ ക്രെയിന്‍ ഷോട്ട് ഇല്ലാതെ 'പൊട്ടാത്ത പൊന്നിന്‍ കിനാവ് കൊണ്ടൊരു' എന്ന പാട്ടുണ്ടോ? ഏകാന്തതയുടെ അപാര തീരം എന്ന് കമുകറ പാടിത്തുടങ്ങുമ്പോഴേക്കും തീരത്ത് വന്നടിയുന്ന തിരമാലകളുടെ ചിത്രം നമ്മുടെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. 

മുറപ്പെണ്ണിലെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം പാടി അഭിനയിച്ചത് പ്രേംനസീര്‍ ആകാം. പക്ഷെ, ആ ഗാനരംഗത്തെ അവിസ്മരണീയമാക്കിയത് ജീവന്‍ തുടിക്കുന്ന മറ്റൊരു കഥാപാത്രത്തിന്റെ സാന്നിധ്യമാണെന്ന് വിശ്വസിക്കുന്നു ഞാന്‍- എല്ലാ വേദനകളും നെഞ്ചിലൊതുക്കി ഒഴുകുന്ന ഭാരതപ്പുഴയുടെ. പ്രകൃതിദൃശ്യങ്ങളിലൂടെ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം അനായാസം വിനിമയം ചെയ്യുന്നതില്‍ വിന്‍സന്റിനോളം പാടവം മറ്റാര്‍ക്കും ഇല്ലെന്നു തോന്നിയിട്ടുണ്ട്. കായലും അജ്ഞാതഗായകനും ഒക്കെ കഥാപാത്രങ്ങളായി വരുന്ന തുലാഭാരത്തിലെ കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്ന പാട്ടിന്റെ ചിത്രീകരണം ഓര്‍ക്കുക.

മറക്കാനാവാത്ത ആ കൂടിക്കാഴ്ച്ച കഴിഞ്ഞ് അധികം കഴിയും മുന്‍പ് വിന്‍സന്റ് മാസ്റ്റര്‍ യാത്രയായി; ഒരുപാട് ക്ലാസ്സിക് സിനിമകളും പാട്ടുകളും അവയിലെ ഭൂമിയില്‍ ഉപേക്ഷിച്ചുകൊണ്ട്.