അലയൊഴിഞ്ഞ കടലിന്റെ അഗാധനിശ്ശബ്ദത അനുഭവിപ്പിക്കുന്ന ശബ്ദം. വിഷാദമാധുര്യമാണതിന്റെ സ്ഥായീഭാവം. തെല്ലൊരു ജലദോഷഛായ കലർന്നിട്ടുണ്ടെന്നു തോന്നുമെങ്കിലും ശബ്ദത്തിന്റെ വശ്യതയ്ക്ക് മാറ്റുകൂട്ടുന്നതേയുള്ളു അത്. 

To advertise here,

റഫിയെ കേട്ടിട്ടുണ്ട്. കിഷോറിനേയും തലത്തിനേയും മുകേഷിനേയും മന്നാഡേയേയും ഹേമന്ദിനെയുമൊക്കെ റേഡിയോയിലൂടെ അകമഴിഞ്ഞാസ്വദിച്ചിട്ടുണ്ട്. എന്നാൽ ആ ജനുസ്സിലൊന്നും പെട്ട ശബ്ദമല്ല ഇത്. താരതമ്യങ്ങളില്ലാത്ത ഒന്ന്. പാട്ടുകമ്പക്കാരനായ ഒരു കൂട്ടുകാരന്റെ രസികൻ വിശേഷണം കടമെടുത്താൽ ജഗ്​ജിത് സിംഗിൽ ഒരു കഴഞ്ച് മുകേഷും ഒരു കഴഞ്ച് ഹേമന്ദ് കുമാറും ചേർത്ത് കൂട്ടിക്കുഴച്ചാൽ കിട്ടുന്ന ശബ്ദം. 

ആയിടെ റിലീസായ 'മൗസം' എന്ന ചിത്രത്തിലെ പാട്ടാണ്. ഗസൽ പോലെ സൗമ്യസുന്ദരം, ഭാവാർദ്രം: "ദിൽ ഡൂംഡ്ത്താ ഹേ ഫിർ വൊഹി ഫുർസത് കേ രാത് ദിൻ, ബൈട്ടേ രഹേ തസവ്വൂർ - എ - ജാനാ കിയേ ഹുവേ..." പാടുന്നത് ഭൂപീന്ദർ സിംഗ്. റേഡിയോ സിലോണിലും വിവിധ്ഭാരതിയിലും പതിവായി ആ പാട്ട് കേൾക്കുമ്പോൾ അന്നത്തെ സ്കൂൾ കുട്ടിയുടെ മനസ്സിൽ വിരിഞ്ഞുവരാറുള്ള ഒരു ചിത്രമുണ്ട്: മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളെ നോക്കി ഹിമാലയത്തിന്റെ താഴ്‌വരയിലെങ്ങോ ഉള്ള വീടിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് വിഷാദാർദ്രമായി പാടുന്ന കാമുകൻ. പാടുന്നയാളുടെ വസ്ത്രവിതാനം പോലുമുണ്ടായിരുന്നു അപ്പോൾ സങ്കൽപ്പത്തിൽ: "കട്ടീ പതംഗി"ലെയും 'സഫറി'ലേയും 'ആനന്ദി'ലേയും രാജേഷ് ഖന്നയെപോലെ ഗുരു കുർത്തയും ഇറുകിക്കിടക്കുന്ന പൈജാമയുമണിഞ്ഞ സുന്ദരൻ.

വർഷങ്ങൾക്ക് ശേഷം 'മൗസം' കണ്ടപ്പോൾ നിരാശ തോന്നി. ഭൂപീന്ദർ പാടിയ ദിൽ ഡൂംഡ്ത്താ ഹേയുടെ സോളോ വേർഷൻ പടത്തിൽ ശീർഷകഗാനമായാണ് സംവിധായകൻ ഗുൽസാർ ഉപയോഗിച്ചിരിക്കുന്നത്. മലഞ്ചരിവിലൂടെ കുതിച്ചുപായുന്ന കാറിന്റെ പശ്ചാത്തലത്തിൽ. കൂടുതൽ ശ്രദ്ധിക്കപ്പെടുക ഭൂപീന്ദർ - ലതമാരുടെ യുഗ്മഗാന ചിത്രീകരണമാണ്. മനസ്സിൽ കണ്ട മലനിരയും മഞ്ഞുമൊക്കെയുണ്ട് ആ രംഗത്ത്. കാമുകീകാമുകന്മാരായി സഞ്ജീവ് കുമാർ - ശർമിള ടാഗോർ ജോഡിയും. പക്ഷേ ഭുപീന്ദറിന്റെ സോളോ ഗാനത്തെപ്പോലെ വിഷാദമധുരമല്ല ഈണം. ചടുലമാണ്. ആഹ്‌ളാദഭരിതവും.

placeholder
ദിൽ ഡൂംഡ്ത്താ ഹേ എന്ന ഗാനരംഗത്തിൽ സഞ്ജീവ് കുമാറും ശർമിള ടാഗോറും

"ദിൽ ഡൂംഡ്ത്താ ഹേ"യുടെ പല്ലവിക്ക് കടപ്പാട് ഗസലുകളുടെ പാദുഷയായ സാക്ഷാൽ മിർസാ ഗാലിബിനോടാണെന്ന് പറഞ്ഞിട്ടുണ്ട് ഗുൽസാർ. ഗാലിബിന്റെ ഉറുദു ശേർ ഇങ്ങനെ: "ജീ ഡൂംഡ്ത്താ ഹേ ഫിർ വൊഹി ഫുർസത് കേ രാത് ദിൻ ബൈട്ടേ രഹേ തസവ്വൂർ - എ - ജാനാ കിയേ ഹുവേ." പ്രണയിനിയുടെ ചിന്തകളിൽ മാത്രം,മുഴുകി ചെലവഴിച്ച അലസസുന്ദരമായ രാപ്പകലുകളിലേക്ക് ഹൃദയം തിരികെ നടക്കുന്നു... സിനിമയിലെ സന്ദർഭത്തിന് ഇത്രയേറെ യോജിക്കുന്ന വരികൾ വേറെയില്ല എന്ന തിരിച്ചറിവാണ് ഗുൽസാറിനെ ഗാലിബിലെത്തിച്ചത്. ഗാനം പൂരിപ്പിക്കേണ്ട ബാധ്യതയേ ഉണ്ടായിരുന്നുള്ളൂ പിന്നെ. ആ ചുമതല ഔചിത്യബോധത്തോടെ, മനോഹരമായിത്തന്നെ നിർവഹിക്കുകയും ചെയ്തു അദ്ദേഹം: പല്ലവിയിലെ ഗൃഹാതുരഭാവത്തോട് ചേർന്ന് നിൽക്കുന്നവയാണ് മറ്റു വരികളും: "ജാടോം കി നർമ് ധൂപ് ഔർ ആംഗൻ മേ ലേട്ട് കർ ആംഖോം പേ കീംച്ഛ്കർ തേരെ ആഞ്ചൽ കേ സായേ കോ ഔന്ദേ പഡേ രഹേ കഭീ കർവട്ട് ലിയേ ഹുവേ..."

ഗാലിബിന്റെ രചനയുടെ തുടക്കത്തിലെ "ജീ" എങ്ങനെ "ദിൽ" ആയി എന്നും വെളിപ്പെടുത്തിയിട്ടുണ്ട് ഗുൽസാർ. മദൻ മോഹന്റെ വീട്ടിൽ വെച്ചായിരുന്നു കമ്പോസിംഗ്. ഗാനസൃഷ്ടിക്കിടെ, കടുത്ത പാചകപ്രേമി കൂടിയായ മദൻ മോഹൻ ഇഷ്ടവിഭവം തയ്യാറാക്കാൻ അടുക്കളയിൽ കയറുന്നു. പാചകത്തിനിടെയാണ് വരികൾ മൂളിക്കൊണ്ടുള്ള കമ്പോസിംഗ്. ദിൽ ഡൂംഡ്ത്താ ഹേ എന്നാണ് മദൻജി പാടുന്നത്. ഗാലിബ് എഴുതിയത് അങ്ങനെയല്ല എന്ന് ഗുൽസാർ തിരുത്തിയെങ്കിലും ഫലമുണ്ടായില്ല. ജീ അല്ല, ദിൽ എന്ന വാക്കാണ് അവിടെ കൂടുതൽ ഇണങ്ങുക എന്നായിരുന്നു മദൻമോഹന്റെ നിലപാട്. അങ്ങനെ ഗാലിബിന്റെ ജീ പാട്ടിൽ ദിൽ ആയി മാറുന്നു. "ആരും പരാതി പറഞ്ഞില്ല, ഭാഗ്യം." - ഗുൽസാർ.

ഒരേ പാട്ട് വ്യത്യസ്ത ഈണങ്ങളിൽ ചിട്ടപ്പെടുത്തിവെക്കുന്ന പതിവുണ്ട് മദൻ മോഹന്. ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുക സംവിധായകനാണ്. അവശേഷിച്ച ട്യൂണുകൾ പാഴാക്കില്ല മദൻജി. മറ്റേതെങ്കിലും സിനിമയിൽ, മറ്റേതെങ്കിലും സന്ദർഭത്തിൽ അനുയോജ്യമെന്ന് കണ്ടാൽ ഉപയോഗിക്കും. "ദിൽ ഡൂംഡ്ത്താ" എന്ന പാട്ടിന് പത്ത് ഈണങ്ങളാണ് പിതാവ് ഒരുക്കിയതെന്ന് മകൻ സഞ്ജീവ് കോഹ്‌ലി പറയുന്നു. മദൻജിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാസ്റ്റർ ടേപ്പുകളിൽ നിന്ന് സഞ്ജീവ് കണ്ടെടുത്ത ആ ഈണങ്ങളിലൊന്ന് പിൽക്കാലത്ത് "വീർ സാരാ" എന്ന പടത്തിലെ "തേരെ ലിയേ" എന്ന ഗാനത്തിന് വേണ്ടി ഉപയോഗിക്കുക കൂടി ചെയ്തു സംവിധായകൻ യഷ് ചോപ്ര. ആ പാട്ടും ഹിറ്റായിരുന്നു. 

ഗിറ്റാർ വായനയുമായി കഴിഞ്ഞുകൂടിയിരുന്ന പഞ്ചാബിപ്പയ്യനെ സിനിമയിൽ ഗായകനായി അവതരിപ്പിച്ചത് മദൻമോഹനാണ് - 1964 ൽ പുറത്തുവന്ന "ഹഖീഖ"ത്തിലൂടെ. ദൽഹി ആകാശവാണിയിൽ കാഷ്വൽ ആർട്ടിസ്റ്റാണ് അന്ന് ഭൂപീന്ദർ. "എ ഐ ആറിലെ സംഗീത സംവിധായകൻ സതീഷ് ഭാട്ടിയ ആണ് എന്റെയുള്ളിലൊരു ഭേദപ്പെട്ട പാട്ടുകാരനുണ്ടെന്ന് എന്നെ ആദ്യമായി ബോധ്യപ്പെടുത്തിയത്." - മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "പാട്ടെഴുത്ത്" എന്ന പംക്തിക്ക് വേണ്ടി വിളിച്ചു സംസാരിച്ചപ്പോൾ ഭൂപീന്ദർ പറഞ്ഞു. "ഡൽഹിയിലെ സതീഷ് ജിയുടെ വീട്ടിൽ വെച്ചായിരുന്നു മദൻമോഹനുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. സതീഷ്‌ജിയുടെ ഈണത്തിൽ ഞാൻ റെക്കോർഡ് ചെയ്ത ബഹദൂർ ഷാ സഫറിന്റെ ലഗ്താ നഹീ ഹേ ദിൽ മേരാ എന്ന ഗസൽ അന്ന് അവിടെ വെച്ച് പാടിക്കേൾപ്പിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കണം. ബോംബെയിൽ വരുമ്പോൾ തന്നെ വന്നു കാണണം എന്ന് പറഞ്ഞുകൊണ്ടാണ് മദൻജി യാത്രയായത്. സ്വപ്നമോ യാഥാർഥ്യമോ എന്ന് നിശ്ചയിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ."

അധികം വൈകാതെ റെക്കോർഡിംഗിന് മുംബൈയിൽ ചെല്ലാൻ മദൻമോഹന്റെ കമ്പിസന്ദേശം വരുന്നു. "കയ്യിൽ ആവശ്യത്തിന് പണമില്ലാത്തതുകൊണ്ട് യാത്ര ഉപേക്ഷിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ ചേച്ചി സമ്മതിച്ചില്ല. മദൻമോഹനെ പോലൊരാളുടെ ക്ഷണം നിരസിക്കുന്നത് കുറ്റകൃത്യമാണെന്നായിരുന്നു അവരുടെ കാഴ്ച്ചപ്പാട്. ഒടുവിൽ ചേച്ചി സംഘടിപ്പിച്ചുതന്ന പണവുമായി ഞാൻ മുംബൈയിൽ ചെന്നിറങ്ങുന്നു." മദൻജിയുടെ പെദ്ദാർ റോഡിലെ വസതിയിലായിരുന്നു പാട്ടിന്റെ റിഹേഴ്‌സൽ. ഏതാനും വരികളേ അദ്ദേഹം എന്നെ പഠിപ്പിച്ചുള്ളൂ. ചെറിയൊരു പാട്ട് എന്നാണ് ഞാൻ കരുതിയത്. ചിലപ്പോൾ ഗാനസന്ദർഭം അത്രയേ ആവശ്യപ്പെടുന്നുണ്ടാകൂ."

എന്നാൽ പിറ്റേന്ന് സ്റ്റുഡിയോയിൽ ചെന്നപ്പോൾ ഞെട്ടിപ്പോയി ഭൂപീന്ദർ. മൈക്കിന് മുന്നിൽ മഹാരഥന്മാരുടെ ഒരു നിര: മുഹമ്മദ് റഫി, തലത്ത് മഹ്‌മൂദ്‌, മന്നാഡേ. ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച ഇതിഹാസങ്ങൾ. അവർക്കൊപ്പമാണ് പാടേണ്ടത് എന്നറിഞ്ഞപ്പോൾ അത്ഭുതവും ആഹ്ളാദവും അമ്പരപ്പും ഒരുമിച്ചാണ് വന്നതെന്ന് ഭൂപീന്ദർ. "സിംഗിൾ ട്രാക്കേയുള്ളൂ അന്ന്; ഗായകർക്ക് രണ്ടു മൈക്കും. തലത്ത് സാബിനും മന്നാദായ്ക്കും കൂടി ഒന്ന്. റഫി സാബിനും എനിക്കും മറ്റൊന്ന്. താരതമ്യേന ഉയരം കുറവായതിനാൽ മൈക്കുമായുള്ള സാമീപ്യം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ഒരു മരപ്പെട്ടിയുടെ പുറത്തു കയറിനിന്നാണ് റഫി സാബ് പാടിയത്. ഉയരക്കൂടുതൽ എനിക്ക് വിനയായി തോന്നിയ ഘട്ടം. ജാള്യം തോന്നി. റഫി സാബാണ് എന്നെ സമാധാനിപ്പിച്ചത്. കൊച്ചുകൊച്ചു തമാശകളൊക്കെ പറഞ്ഞ് എന്നെ ഒരു സുഹൃത്തിന്റെ തലത്തിലേക്ക് ഉയർത്തി അദ്ദേഹം. എത്ര വലിയ മനുഷ്യനാണ് റഫി സാബ് എന്ന് തിരിച്ചറിയുകയായിരുന്നു ഞാൻ.." ഇന്ത്യൻ സിനിമയിൽ കേട്ട ഏറ്റവും മികച്ച സംഘഗാനങ്ങളിലൊന്നിന്റെ പിറവിയിലാണ് അന്ന് ഭൂപീന്ദർ പങ്കാളിയായത്: "ഹോകെ മജ്‌ബൂർ മുജേ ഉസ്‌നേ ഭുലായാ ഹോഗാ." സ്വന്തം വരികൾക്കൊത്ത് ചുണ്ടനക്കിക്കൊണ്ട് ആ സിനിമയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെടാനും ഭാഗ്യമുണ്ടായി ഭുപീന്ദറിന്.

എല്ലാ മത്സരങ്ങൾക്കും അപ്പുറത്ത് സിനിമാസംഗീത ലോകത്ത് സ്നേഹസുരഭിലമായ ഒരു കുടുംബാന്തരീക്ഷം നിലനിന്നിരുന്ന കാലമായിരുന്നു അതെന്ന് ഭൂപീന്ദർ. നല്ലൊരു പാട്ട് കേട്ടാൽ ഗായകനെ, അയാൾ എത്ര തന്നെ പുതിയ ആളാണെങ്കിലും, മനം തുറന്ന് അഭിനന്ദിക്കാൻ മടിക്കാറില്ലായിരുന്നു റഫി സാഹിബും മന്നാദായുമൊക്കെ. ഉച്ചനീചത്വങ്ങൾ കുറവായിരുന്നു. "ദിൽ ഡൂംഡ്ത്താ ഹേ" പുറത്തുവന്ന ശേഷം ആദ്യം ലഭിച്ച കോളുകളിലൊന്ന് ഡർബനിൽ നിന്നായിരുന്നു. "ഫോൺ വിളിച്ചയാൾ അഭിനന്ദനമറിയിച്ച ശേഷം പേര് പറഞ്ഞപ്പോൾ അന്തം വിട്ടുപോയി: കിഷോർ കുമാർ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ആ സമയത്ത് കിഷോർദാ. ശരിക്കും കണ്ണ് നിറഞ്ഞുപോയി." 

placeholder
ഭൂപീന്ദർ സിംഗ്. Photo: Sujit Jaiswal | AFP

പിന്നണിഗായകനായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടെങ്കിലും ഭുപീന്ദറിന്റെ ഉപജീവനമാർഗ്ഗം അപ്പോഴും ഗിറ്റാർ വായന തന്നെ. ഇടക്ക് പാട്ടുകളും പാടുമെന്ന് മാത്രം. ക്ലാസ്സിക് ഗാനങ്ങളുൾപ്പെടെ എത്രയോ പാട്ടുകളുടെ പിന്നണിയിൽ ഗിറ്റാർ മീട്ടി. ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ), ചുരാലിയാ (യാദോം കി ബാരാത്ത്), മെഹ്ബൂബ മെഹ്ബൂബ (ഷോലെ), ചൽത്തേ ചൽത്തേ (പാക്കിസ), തും ജോ മിൽ ഗയേ (ഹസ്തേ സഖം)... ഇക്കൂട്ടത്തിൽ ഏറ്റവും ആത്മസംതൃപ്തി നൽകിയത് പാക്കിസയിലെ പാട്ടിന്റെ പിന്നണിയിൽ വായിച്ചതാണെന്ന് പറഞ്ഞിട്ടുണ്ട് ഭൂപീന്ദർ. പീരിയഡ് സിനിമയാണ്. ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾക്ക് ക്ലാസ്സിക് പരിവേഷം വേണം. ഗിറ്റാറിന്റെ സാന്നിധ്യം അരോചകമാകുമോ എന്നായിരുന്നു എന്റെ ഭയം. ഒരു പരീക്ഷണം നടത്തിനോക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. "12 തന്ത്രികളുള്ള ഗിറ്റാറാണ് പാക്കിസയുടെ പ്രമേയ സംഗീതത്തിന് ഞാൻ ഉപയോഗിച്ചത്." - ഭുപിയുടെ വാക്കുകൾ. "പലരും അതുകേട്ട് സരോദ് ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. അതൊരു വലിയ അംഗീകാരമായി തോന്നി എനിക്ക്."

ഏകാകിയുടെ മനോവ്യഥകൾ ഇത്ര വികാരനിർഭരമായി ആലാപനത്തിൽ ആവിഷ്കരിച്ച പിന്നണിഗായകർ അപൂർവം. പാടിയ ഓരോ പാട്ടിലുമുണ്ട് നേർത്ത വിഷാദം കലർന്ന പ്രണയഭാവം. ഏക് അകേല ഇസ് ശഹർ മേ, ദോ ദിവാനെ ശഹർ മേ (ഘരോന്ദ - ജയദേവ്), ബീത്തി നാ ബിദായി രെയ്‌നാ (പരിചയ് - ആർ ഡി ബർമ്മൻ), നാം ഗും ജായേഗാ (കിനാരാ- ആർ ഡി), കിസി നസർ കോ തേരാ (ഐത് ബാർ - ബപ്പി ലാഹിരി) , കരോഗെ യാദ് (ബാസാർ - ഖയ്യാം), സിന്ദഗി സിന്ദഗി മേരെ ഘർ ആനാ (ദൂരിയാ - ജയദേവ്)..... ലക്ഷ്മികാന്ത് പ്യാരേലാൽമാരും അമിതാഭ് ബച്ചനും മൻമോഹൻ ദേശായിയും കിഷോർ കുമാറുമെല്ലാം ചേർന്ന് കയ്യടക്കിയ എഴുപതുകളിൽ ഭുപീന്ദറിന്റെ ആർദ്രതയാർന്ന നാദത്തിനും ഉണ്ടായിരുന്നു അടിയുറച്ച ആരാധകർ. 

2012 ലാണ് ഭുപീന്ദറുമായി സംസാരിച്ചത്. പത്തു വർഷം കഴിഞ്ഞു അദ്ദേഹം ഓർമ്മയായി. " മൗസം റിലീസാകും മുൻപ് തന്നെ റേഡിയോയിൽ ദിൽ ഡൂംഡ്ത്താ ഹേ വന്നു തുടങ്ങിയിരുന്നു. പതുക്കെ പതുക്കെ ആ ഗാനം അന്നത്തെ യുവതലമുറ ഏറ്റെടുത്തു. ഏറ്റവും വലിയ ദുഃഖം ആ സന്തോഷം പങ്കിടാൻ മദൻജി ഉണ്ടായില്ല എന്നതാണ്. പടം റിലീസാകുന്നതിന് മാസങ്ങൾ മുൻപേ യാത്രയായിരുന്നു അദ്ദേഹം." ഭുപിയുടെ ശബ്ദത്തിലെ നേർത്ത വേദന ഇന്നുമുണ്ട് ഓർമ്മയിൽ.