
വാട്സാപ്പിലോ ഇൻസ്റ്റഗ്രാമിലോ കൂട്ടുകാരുമായി ഒരു തമാശ പങ്കുവെക്കുമ്പോൾ നിങ്ങൾ ഏത് ഇമോജിയാണ് തിരിച്ചയക്കാറുള്ളത്? കണ്ണിൽനിന്ന് വെള്ളം വരുന്ന ആ പഴയ ചിരി ഇമോജിയാണോ (😂)? എങ്കിൽ പുതിയ തലമുറയ്ക്ക് മുന്നിൽ നിങ്ങൾ അല്പം 'പഴഞ്ചൻ' ആയി മാറിയിട്ടുണ്ടാകാം! കാരണം, നമ്മുടെ സ്മാർട്ട്ഫോൺ സ്ക്രീനുകളിലെ വികാരങ്ങളുടെയും ചിരിയുടെയും ഭാഷ പാടേ മാറിയിരിക്കുന്നു.
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിലെ ഇമോജി ട്രെൻഡുകളെക്കുറിച്ചുള്ള ഈ വിവരങ്ങൾ പുറത്തുവിട്ടത് ഗൂഗിളാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലെ 'ജി-ബോർഡ്' (Gboard) കീബോർഡിൽനിന്നാണ് ഈ കണക്കുകൾ ശേഖരിച്ചത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ, ആഗോളതലത്തിൽ ടൈപ്പ് ചെയ്യപ്പെട്ട 66.5 കോടി ഇമോജികളാണ് ഇതിനായി പരിശോധിച്ചത്.
ഗൂഗിളിന്റെ 2025ലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇമോജിയായി മാറിയിരിക്കുന്നത് 'ഉച്ചത്തിൽ കരയുന്ന മുഖമാണ്' (😭). ദീർഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചിരി ഇമോജികളെയും (😂, 🤣) പിന്തള്ളിയാണ് ഈ കണ്ണീർ ഇമോജി ഒന്നാമതെത്തിയത്.
സങ്കടം പ്രകടിപ്പിക്കാനുള്ള ഒരു ചിഹ്നം പൊട്ടിച്ചിരിക്ക് പകരമായി ഉപയോഗിക്കുന്നതിലാണ് ഇതിന്റെ കൗതുകം. 'ജെൻ സി'ക്കും 'ജെൻ ആൽഫ'യ്ക്കും 😭 എന്നാൽ കേവലം ദുഃഖമല്ല; 'ചിരിച്ച് ചിരിച്ച് കരഞ്ഞുപോയി' എന്നോ, അമ്പരപ്പുകൊണ്ടും നാണക്കേടുകൊണ്ടും വാക്കുകൾ കിട്ടാതെ പോകുന്ന അവസ്ഥയോ ഒക്കെയാണ്. സാധാരണ ചിരി ഇമോജികൾ അമിതമായി ഉപയോഗിച്ച് ഔട്ട് ഓഫ് ഫാഷൻ ആയെന്ന് തോന്നിയ കൗമാരക്കാരാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്.
ഇമോജികളുടെ ലോകത്തെ ഈ തലമുറ വ്യത്യാസം ഇവിടെയും തീരുന്നില്ല.
ഒരു കാര്യത്തിന് സമ്മതം അറിയിക്കാൻ നമ്മൾ സ്ഥിരമായി അയക്കുന്ന 'തമ്പ്സ് അപ്പ്' (👍) പല ചെറുപ്പക്കാർക്കും ഇന്ന് അമ്മാവൻ വൈബിന്‍റെ അടയാളമാണ് (Boomer Emoji). അതിനുപകരം കൈകൂപ്പുന്ന ചിഹ്നമോ (🙏) അല്ലെങ്കിൽ 'ഫയറോ' (🔥) ആണ് അവരുടെ പ്രിയപ്പെട്ടവ. ഹൃദയം തകർന്നത് കാണിക്കാൻ 💔എന്നതിന് പകരം വാടിയ റോസാപ്പൂവ് (🥀) തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. 'ഞാൻ ആകെ വാടിത്തളർന്നു' എന്ന ഭാവമാണ് ഇതിലൂടെ നൽകുന്നത്.
ഇമോജികൾ എല്ലാവരും ഉപയോഗിക്കുന്ന പൊതുഭാഷയായി മാറിയതോടെ, അതിനപ്പുറം സ്വന്തം സുഹൃദ്‌വലയത്തിന് മാത്രം മനസ്സിലാകുന്ന മീമുകളും കസ്റ്റം സ്റ്റിക്കറുകളുമാണ് പുതിയ തലമുറ കൂടുതലായി ഉപയോഗിക്കുന്നത്.
നേരിട്ടുള്ള സംഭാഷണത്തിൽ വാക്കുകൾക്കൊപ്പം നമ്മുടെ മുഖഭാവങ്ങളും ചേരുന്നതുപോലെയാണ് ചാറ്റുകളിൽ ഇമോജികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, അടുത്ത തവണ ഒരു തമാശയ്ക്ക് മറുപടി നൽകുമ്പോൾ ഏത് ഇമോജിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ഒന്നുകൂടി ശ്രദ്ധിക്കുക; നിങ്ങളുടെ ഡിജിറ്റൽ സംസ്കാരവും പ്രായവും അതിൽ തെളിഞ്ഞു കാണാം.
Content Highlights: Google's Gboard data reveals a shift in digital communication, with the "loudly crying face" (😭) replacing the classic laughing emoji (😂) as the world's most popular emoji among Gen Z and younger users.
Published: 20 Aug 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented