ബാബുക്കയില്ലാതെ ജാനകിയില്ല; ജാനകിയില്ലാതെ ബാബുക്കയും. സമാനതകളില്ലാത്ത ആ പാരസ്പര്യത്തില്‍ നിന്നുയിര്‍കൊണ്ടതാണ് മലയാളത്തിലെ ഭാവഗീതങ്ങള്‍ പലതും.

ബാബുരാജ്, എസ്.ജാനകി
ആദ്യം ആ പാട്ട് കേട്ടത് ബാബുരാജിന്റെ ശബ്ദത്തിലാണ്; ഹാര്‍മോണിയത്തിന്റെയും തബലയുടേയും മാത്രം അകമ്പടിയോടെ : 'തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ...'
പാടുകയായിരുന്നില്ല ബാബുരാജ്; യൂസഫലി കേച്ചേരിയുടെ വരികളില്‍ സ്വയം മറന്ന് അലിഞ്ഞൊഴുകുകയായിരുന്നു. കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരി രാജഗോപാല്‍ എന്ന രാജുമ്മാമയുടെ നാഷണല്‍ പാനസോണിക് കാസറ്റ് പ്ലെയറില്‍ നിന്നൊഴുകിയെത്തിയ ആ ഗാനം എത്രകണ്ട് മനസ്സിനെ വശീകരിച്ചു എന്ന് വിവരിക്കുക അസാധ്യം. പാട്ടിന്റെ ഒറിജിനല്‍ തേടിപ്പോകാന്‍ പ്രേരണയായതും എണ്‍പതുകളുടെ തുടക്കത്തിലെ ആ ആദ്യ കേള്‍വി തന്നെ. അതേ ഗാനം എസ് ജാനകിയുടെ ശബ്ദത്തില്‍ കേട്ടപ്പോള്‍ ഇതിലും ആര്‍ദ്രമായി ബാബുരാജിന്റെ ഈണം ആത്മാവിലേക്കാവാഹിക്കാന്‍ മറ്റാര്‍ക്ക് കഴിയും എന്ന് തോന്നി.
ശരിക്കും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.' ബാബുക്കയില്ലാതെ ജാനകിയില്ല; ജാനകിയില്ലാതെ ബാബുക്കയും. സമാനതകളില്ലാത്ത ആ പാരസ്പര്യത്തില്‍ നിന്നുയിര്‍കൊണ്ടതാണ് മലയാളത്തിലെ ഭാവഗീതങ്ങള്‍ പലതും.
എന്നാല്‍ അതിലും തീവ്രമായി, ഒരഗ്‌നിജ്വാല കണക്കെ ആ പാട്ട് വന്നു മനസ്സിനെ തൊട്ടതും പൊള്ളിച്ചതും പിന്നെയും കുറേക്കാലം കൂടി കഴിഞ്ഞാണ്. കോഴിക്കോട്ട് നിന്ന് എടരിക്കോട്ടെ വീട്ടിലേക്ക് പോകാന്‍ പാളയം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ കയറിയിരുന്നപ്പോള്‍ ഏതോ പുരാതന ശിലായുഗത്തില്‍ നിന്നെന്നോണം അന്തരീക്ഷത്തില്‍ വന്നു നിറയുകയായിരുന്നു ആ വരികള്‍. എല്ലാ ശബ്ദകോലാഹലങ്ങളും ഒരു മാത്ര നിലച്ച പോലെ. പാട്ടിനു പുറകെ സഞ്ചരിച്ച കണ്ണുകള്‍ ചെന്നെത്തിയത് കാഴ്ച്ച പരിമിതിയുള്ള ഒരു പെണ്‍കുട്ടിയില്‍. എണ്ണമയമില്ലാത്ത മുടിക്കും മുഷിഞ്ഞ വേഷത്തിനുമൊന്നും മങ്ങലേല്‍പ്പിക്കാനാകാത്ത എന്തോ ഒരു തേജസ്സുണ്ടായിരുന്നു അവളുടെ മുഖത്ത്. പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഉറക്കെ പാടുകയാണ് ആ കുട്ടി: 'തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ...'
ചുറ്റും പാര്‍ക്ക് ചെയ്ത ബസ്സുകളിലെ യാത്രക്കാരാണ് പ്രധാന ശ്രോതാക്കള്‍. ചിലരുടെ മുഖത്ത് അത്ഭുതം. ചിലരുടെ മുഖത്ത് അവജ്ഞ. ചിലര്‍ ശ്രദ്ധിക്കുന്നു പോലുമില്ല. പാടുന്ന കുട്ടിയുടെ അരികത്തിരുന്ന് നല്ല പ്രായമുള്ള ഒരാള്‍ പെട്ടി വായിക്കുന്നു. അച്ഛനായിരിക്കാം. മുന്നില്‍ നിവര്‍ത്തിയിട്ട തൂവാലയില്‍ ഏതാനും നാണയത്തുട്ടുകള്‍.
പാട്ടിന്റെ വരികളിലൂടെ അങ്ങനെ ഒഴുകിപ്പോകുകയാണ് ഗായിക. മുന്നിലെ ഇരുളടഞ്ഞ ശൂന്യതയില്‍ എന്തായിരിക്കും അവള്‍ തേടുന്നുണ്ടാകുക? വിഷാദമൂകമായ ആ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തെന്ത് വികാരങ്ങളാകും ആ മനസ്സിനെ വലയം ചെയ്യുന്നുണ്ടാകുക? 'ശോകത്തിന്‍ സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ' എന്ന് ഉച്ചസ്ഥായിയില്‍ പാടുമ്പോള്‍ പാട്ടിന്റെ വരികളും പാട്ടുകാരിയും ഹൃദയം കൊണ്ട് ഒന്നായപോലെ.. പ്രതീക്ഷയുടെ അവസാന നാളവും എരിഞ്ഞടങ്ങിയിരിക്കുന്നു. അതിലും വിഷാദഭരിതമായിരുന്നു അടുത്ത വരികള്‍: 'ആശ തന്‍ മാണിക്യകൊട്ടാരമൊക്കെയും ആഴക്ക് ചാമ്പലായ് തീര്‍ന്നു, കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ കനകവിളക്കും പൊലിഞ്ഞു..'
ശബ്ദത്തില്‍ ഒരു ഗദ്ഗദം ഒളിച്ചുവച്ചാണ് ആ കുട്ടി പാടുന്നതെന്ന് തോന്നി. ഏത് നിമിഷവും കരച്ചിലായി പൊട്ടിയൊഴുകിയേക്കാവുന്ന തേങ്ങല്‍.
പാട്ട് പാടിക്കഴിഞ്ഞ് നിമിഷങ്ങളോളം നിശ്ശബ്ദയായിരുന്നു അവള്‍. വരികളുടെയും ഈണത്തിന്റെയും തീവ്ര വിഷാദഭാവത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാവണം. ഞങ്ങളുടെ ബസ് പുറപ്പെട്ടിരുന്നു അപ്പോഴേക്കും. യാത്രയാകും മുന്‍പ് ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി. മറ്റൊരു പാട്ട് പാടാനുള്ള ഒരുക്കത്തിലാണ് അവള്‍. ഹാര്‍മോണിയത്തിന്റെ കട്ടകളിലേക്ക് തിരിച്ചുപോകുന്നു അച്ഛന്റെ വിരലുകള്‍.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകാന്‍ കൂട്ടാക്കാത്ത രൂപവും ശബ്ദവും. ഹൃദയസ്പര്‍ശിയായ ആ അനുഭവം ഒരിക്കല്‍ പങ്കുവച്ചപ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിശ്ശബ്ദനായി അത് കേട്ടുനിന്നു യൂസഫലി സാര്‍. ചെന്നൈയിലെ ഏതോ ഹോട്ടല്‍ മുറിയിലിരുന്ന് ബാബുരാജ് ആ വരികള്‍ ആദ്യമായി സ്വരപ്പെടുത്തി പാടിക്കേള്‍പ്പിച്ച നിമിഷങ്ങളാവണം അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍.
'ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു മുറിയില്‍.' -- കവി പറഞ്ഞു. 'കട്ടിലിലും കസേരയിലും തറയിലും ഒക്കെയായി കൂടിയിരുന്നു അവര്‍. ഇടയ്ക്കിടെ വാഹ് വാഹ് വിളികള്‍ മുഴക്കി. മധുചഷകങ്ങള്‍ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തു. പക്ഷെ വരികള്‍ എഴുതിയ കടലാസ് ഹാര്‍മോണിയത്തിന്മേല്‍ വെച്ച് ബാബു പാടിത്തുടങ്ങിയപ്പോള്‍ അന്തരീക്ഷമാകെ മാറി. എല്ലാ ബഹളവും സ്വിച്ചിട്ട പോലെ നിലച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. ആ നിശബ്ദതയിലേക്ക് ബാബുവിന്റെ ഭാവദീപ്തമായ നാദം ഒഴുകിവന്നു: 'തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ... ''
ചരണത്തിലെ 'ശോകത്തിന്‍ സാഗരതീരത്തില്‍ ഏകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ'' എന്ന ഭാഗമെത്തിയപ്പോള്‍ കേള്‍വിക്കാരില്‍ ആരോ വിതുമ്പി. ഒന്നും അറിയുന്നുണ്ടായിരുന്നില്ല ബാബു. കണ്ണുകള്‍ അടച്ച് അദ്ദേഹം പാടിക്കൊണ്ടേയിരുന്നു.. 'ഇന്നും ആ പാട്ടിനെ കുറിച്ചോര്‍ക്കുമ്പോള്‍ എസ് ജാനകിയുടെ ശബ്ദമല്ല, ബാബുവിന്റെ ആലാപനമാണ് മനസ്സില്‍ വന്നു നിറയുക: ഇടതുകൈയില്‍ എരിയുന്ന സിഗരറ്റുമായിരുന്നു വലതുകൈ കൊണ്ട് പെട്ടി വായിച്ചു പാടുന്ന ബാബു. 'ഇപ്പോള്‍ നിങ്ങള്‍ പറയുമ്പോള്‍ ആ അന്ധയായ പെണ്‍കുട്ടിയുടെ ശബ്ദവും ഞാന്‍ കേള്‍ക്കുന്നു. എനിക്ക് സങ്കല്‍പിക്കാനാകും അവളുടെ പാട്ടിലെ വേദന...'
അതേ വേദനയുടെ ആഴം ആലാപനത്തിലൂടെ അനുഭവിപ്പിച്ചിട്ടുണ്ട് പിന്നീടൊരിക്കല്‍ ഷഹബാസ് അമന്‍; രണ്ടു പതിറ്റാണ്ടു മുന്‍പ് എന്റെ ആദ്യ പുസ്തകമായ സോജാ രാജകുമാരിയുടെ പ്രകാശനച്ചടങ്ങിന് ശേഷം നടന്ന മെഹ്ഫിലില്‍. ഓരോ തവണയും പല്ലവിയിലേക്ക് തിരികെ സഞ്ചരിക്കുമ്പോള്‍ നിര്‍വചിക്കാനാവാത്ത ഏതോ ശൂന്യത മുന്നിലിരിക്കുന്ന സദസ്സിനെ അനുഭവപ്പെടുത്തുന്നുണ്ടായിരുന്നു ഗായകന്‍.
എങ്ങോ പോയി മറഞ്ഞ ഒരു സംഗീതയുഗത്തിന്റെ ഇന്ദ്രജാലം വീണ്ടും വീണ്ടും നാം തൊട്ടറിയുന്നു ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍. ആലാപനത്തിന്റെ അനന്തസീമകളിലേക്ക് പറന്നുയരാനുള്ള സ്വാതന്ത്ര്യം ജാനകിക്ക് മതിവരുവോളം അനുവദിച്ചയാളാണ് ബാബുരാജ്. ആ സ്വാതന്ത്ര്യം എത്ര ഔചിത്യപൂര്‍ണമായാണ് ജാനകി പ്രയോജനപ്പെടുത്തിയത് എന്നറിയാന്‍ പാട്ടില്‍ പല്ലവിയുടെ ആവര്‍ത്തനം ശ്രദ്ധിച്ചാല്‍ മതി. ആദ്യത്തെ തേടുന്നതാരെ അല്ല രണ്ടാമത്തേത്. മൂന്നാമത്തേത് അതിലും വ്യത്യസ്തമായ ശ്രവ്യാനുഭവം.
ഒടുവില്‍ പാടിനിര്‍ത്തുമ്പോഴോ? ഇത്ര വേഗം അവസാനിക്കേണ്ടായിരുന്നു ആ തേടല്‍ എന്ന് തോന്നും നമുക്ക്. അനുപമമായ മനോധര്‍മ്മപ്രകടനത്തിന് ഒരു കൂപ്പുകൈ.
ഇരമ്പുന്ന ആള്‍ക്കൂട്ടത്തിലൊരാളായി പാളയത്തും മിഠായിത്തെരുവിലും മാവൂര്‍ റോഡിലുമെല്ലാം അലഞ്ഞുനടക്കവേ കുറച്ചു നാള്‍ മുന്‍പ് വീണ്ടും ആ ശബ്ദം ഓര്‍മ്മയില്‍ വന്നുനിറഞ്ഞു. മുന്നിലെ ശൂന്യതയിലേക്ക് നോക്കി അവള്‍ പാടിക്കൊണ്ടേയിരിക്കുന്നുണ്ടാവണം: 'തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ...'
ചുറ്റും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴുന്നു. കാലം ഘനീഭൂതമാകുന്നു. വെറുതെ ഓര്‍ത്തു: എങ്ങുപോയി മറഞ്ഞിരിക്കും ആ ഗായിക? ശോകത്തിന്‍ സാഗരതീരത്തു നിന്ന് മോചനം ലഭിച്ചിരിക്കുമോ അവള്‍ക്ക്...
Content Highlights: A deep dive into the soul-stirring rendition of `Theduunthare Ee Shoonyathayil` by Baburaj and S Janaki, exploring its impact and unforgettable melodies.
Published: 27 Sept 2025, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented