വിവരണാത്മക പരീക്ഷയായ സിവിൽ സർവീസ് മെയിൻസിൽ ഉത്തരമെഴുതുന്നതിലുള്ള (Answer Writing) നൈപുണ്യമാണ് ജയപരാജയം നിർണയിക്കുന്ന 'Game changer.' ഉദ്യോഗാർഥിയുടെ വിശകലനപരവും വിമർശനാത്മകവുമായ കഴിവുകൾ പരിശോധിക്കുന്ന വ്യത്യസ്ത തരത്തിലുള്ള 20 ഓളം ചോദ്യങ്ങൾ ആയിരിക്കും ഓരോ പേപ്പറിലും ഉള്ളത്.

To advertise here,

"Credit would be given for effective and exact expression " എന്നാണ് സിവിൽ സർവീസ് പരീക്ഷ വിജ്ഞാപനത്തിൽ യുപിഎസ്‌സി സൂചിപ്പിക്കുന്നത്. ഉത്തരമെഴുത്ത് ഒരു ആശയവിനിമയ ഉപാധിയാണ്. "The three C's- Clear, Concise, and Clarity are the essential keys to effective communication" എന്നതാണ് കമ്മ്യൂണിക്കേഷൻ സ്കില്ലിന്റെ അടിസ്ഥാനതത്വം. മെയിൻസ് പരീക്ഷയിലും ഈ തത്വങ്ങൾ അതിപ്രധാനമാണ്. ഉത്തരങ്ങൾ സംക്ഷിപ്ത രൂപത്തിൽ വ്യക്തമായും സ്പഷ്ടമായും എഴുതണം. ചോദ്യം എന്തെന്ന് കൃത്യമായി അപഗ്രഥിച്ച്, ആവശ്യമായവ മാത്രം എഴുതാൻ ശ്രദ്ധിക്കണം, അല്ലാതെ പ്രസ്തുത വിഷയത്തിൽ  പഠിതാവിന് 'എന്തെല്ലാം അറിയാം' എന്നതല്ല കുറിക്കേണ്ടത്. 

സൈദ്ധാന്തിക ഉത്തരങ്ങൾ എഴുതിയാൽ മികച്ച മാർക്ക് ലഭിക്കുമോ?

പണ്ഡിതോചിതമായ, സൈദ്ധാന്തിക ഉത്തരങ്ങൾ എഴുതിയാൽ മികച്ച മാർക്ക് ലഭിക്കുമോ എന്നത് പല ഉദ്യോഗാർഥികളുടെയും സംശയമാണ്. പത്താം ക്ലാസുകാരന് പോലും മനസ്സിലാകുന്ന ലളിത ഉത്തരങ്ങളാണ് മികവേറിയവ എന്നാണ് മുൻവർഷ ജേതാക്കളുടെ പക്ഷം. 'General Studies' എന്നാണല്ലോ പേപ്പറുകളുടെ പേര് തന്നെ. ആയതിനാൽ ആഴത്തിലുള്ള ഉത്തരങ്ങൾക്ക് പകരം ബഹുമുഖ മാനമുള്ള  വിശാലാർഥത്തിലുള്ള ഉത്തരങ്ങളാണ് ആവശ്യം.

"ആദ്യ നാല് ശ്രമങ്ങളിലും എനിക്ക് പറ്റിയ അബദ്ധം എന്തെന്നാൽ, ആഴത്തിൽ പഠിക്കാനായി വിവിധ മെറ്റീരിയലുകൾ ഞാൻ പഠിച്ചു. പക്ഷേ, പരീക്ഷാസമയത്ത് അവയെല്ലാം സമന്വയിപ്പിച്ച് ഓർത്തെടുക്കൽ നമുക്ക് പ്രയാസമാണ്. ഗഹനമായ ഉത്തരങ്ങളേക്കാൾ വൈവിധ്യമുള്ള ഉത്തരങ്ങൾക്കാണ് മാർക്ക് ലഭിക്കുക. ഈ തിരിച്ചറിവ് നേടാൻ നീണ്ട നാലു വർഷമാണ് എനിക്ക് വില കൊടുക്കേണ്ടി വന്നത്. അഞ്ചാം ശ്രമത്തിൽ ഈയൊരു ചെറിയ മാറ്റമാണ് എന്നെ ഒന്നാം റാങ്കുകാരനാക്കിയത്- 2017ൽ തന്റെ, അഞ്ചാമത്തെ ശ്രമത്തിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയ അനുദീപ്  ദുരിഷെട്ടിയുടെ വാക്കുകൾ. 

FOMO ഭൂതമാണ് (fear of missing Out)  പല ഉദ്യോഗാർഥികളെയും കുഴിയിൽ ചാടിക്കുന്നത്. അനവധി മെറ്റീരിയലുകൾ വായിക്കാതെ കാമ്പുള്ള ഉള്ളടക്കങ്ങൾ നേടാനാകുമോ എന്ന ഭീതി. പരമാവധി ഉള്ളടക്കം തേടി അനേകം പുസ്തകങ്ങൾ പരതാതെ,സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മാർക്ക് നേടാൻ ഉതകുന്ന രീതിയിൽ  ഇതിനകം പഠിച്ചവ ക്രമീകരിക്കുകയാണ് വേണ്ടത്. ഇതിനായി സ്വന്തമായി തയ്യാറാക്കിയ നോട്ടുകൾ അവലംബിക്കാം.

ഓണസദ്യയും ആൻസർ റൈറ്റിങ്ങും

ഓണസദ്യ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?. ഒരു സദ്യയിൽ ഓരോ വിഭവങ്ങളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. പായസത്തിന്റെ മധുരവും പുളിശ്ശേരിയുടെ പുളിയും അച്ചാറിന്റെ എരിവും എല്ലാം കൂടിച്ചേർന്നതാണ് രുചികരമായ സദ്യ. മെയിൻ പരീക്ഷയിലെ ഉത്തരങ്ങളും എല്ലാ ചേരുവകളും കൂടിച്ചേർന്ന സദ്യ പോലെ ആയിരിക്കണം. പ്രധാന ഘടകങ്ങളുടെ ശ്രദ്ധാപൂർവമായ മിശ്രണം ആവശ്യം. മികച്ച ഘടനയിൽ എഴുതുന്ന ഉത്തരങ്ങൾ വേറിട്ട് നിൽക്കും. നല്ല ഉത്തരം എങ്ങനെയാകണമെന്നും, പ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

1.Introduction 
കൃത്യമായ ആമുഖത്തോടെയാകണം ഉത്തരങ്ങൾ ആരംഭിക്കേണ്ടത്. ചോദ്യത്തിന്റെ 'Demand' നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് Introductionലൂടെ ബോധ്യപ്പെടുത്താം. പരക്കെ ഉപയോഗിക്കുന്ന നാല് Introduction  രീതികൾ താഴെ 

(i)fact/data:
ചോദ്യത്തിൽ ഉന്നയിച്ച കാര്യവുമായി ബന്ധപ്പെട്ടിട്ടുള്ള വസ്തുതാപരമായ ഡാറ്റയോ വിവരങ്ങളോ നൽകാം.
ഉദാഹരണം- Discuss recent measures initiated in disaster management by the Government of India departing from the earlier reactive approach. (UPSC 2020)
'ദുരന്തങ്ങൾ മൂലം 50 ലക്ഷം ജനങ്ങൾ കുടിയേറിപാർത്തു' എന്ന  state of india  environment Report  2019 എന്ന ഡാറ്റ ചേർക്കാം.

(ii).Definition : 
ചോദ്യത്തിലെ പ്രധാന പദം നിർവചിക്കാം.
Example-Women empowerment in India needs gender budgeting. What are the requirements and status of gender budgeting in the Indian context? (UPSC 2016)
ഇവിടെ 'gender budgeting' എന്ന പദം നിർവചിച്ചു കൊണ്ട് ആരംഭിക്കാം.

(iii) current affairs: 
മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്ന വർത്തമാനകാല സംഭവവികാസങ്ങൾ കുറിക്കാം. 
Example-Discuss whether formation of new states in recent times is beneficial or not for the economy of India. (UPSC 2018)
പുതിയ സംസ്ഥാനങ്ങൾക്കായുള്ള മുറവിളികൾ എഴുതാം.

(IV) Historical Relevance/Background Of Event
ചരിത്ര വിഷയങ്ങളിൽ ചോദ്യത്തിൽ പരാമർശിച്ച പ്രത്യേക സംഭവവികാസത്തിന്റെ പ്രസക്തിയോ   ചരിത്രപശ്ചാത്തലമോ എഴുതാം.
Example-The Great Uprising of 1857 owes its failure as much to ideological issues as to logistical issues. Analyse.
1857 പ്രക്ഷോഭത്തിന്റെ പ്രസക്തി, ചരിത്രപശ്ചാത്തലം എന്നിവ ചേർക്കാം. 

മുകളിലെ നാല് മാർഗങ്ങൾ മാത്രമല്ല 'Introduction' എഴുതാനുള്ള രീതികൾ. അവ ഉദാഹരണങ്ങൾ മാത്രമാണ്. പുതുമയാർന്ന, ആകർഷണീയമായ Introduction പരീക്ഷിക്കാം. പദപരിധിയുടെ 20% ൽ കവിയാതിരിക്കലാണ് അഭികാമ്യം.

2. Body
ഉത്തരത്തിന്റെ പ്രധാന ഭാഗമാണിത്. ചോദ്യത്തിന്റെ ഡിമാൻഡ് അനുസരിച്ച്, ഉത്തരം പല ഭാഗങ്ങളായി വിഭജിച്ച്, ഉപശീർഷകങ്ങൾക് കീഴിൽ ഓരോ വിഷയവും കുറിക്കാം.

  • പരമാവധി മാർക്ക് ലഭിക്കാവുന്ന ഭാഗമാണിത്.
  • Bullet Point/Paragraph ഏത് രീതിയും സ്വീകരിക്കാം.
  • ഉത്തരത്തിന്റെ പോസിറ്റീവ് & നെഗറ്റീവ് വശങ്ങൾ പരിശോധിക്കുക.
  • പട്ടികകൾ, പ്രയോഗങ്ങൾ, ഗ്രാഫുകൾ എന്നിവയെല്ലാം ചേർക്കാം.

3. Conclusion
സമതുലിതമായ നിഗമനങ്ങൾ ഈ ഭാഗത്ത് ചേർക്കാം. പ്രശ്ന പരിഹാരമാർഗങ്ങളോ, അഭിപ്രായങ്ങളോ പങ്കുവെയ്ക്കുകയും ആകാം. ഏകപക്ഷീയ വീക്ഷണങ്ങളും സമീപനവും ഒഴിവാക്കണം.

APJ അബ്ദുൽ കലാമിനെ നോക്കൂ, മാതൃകയുണ്ട്

കഠിനമായ തയ്യാറെടുപ്പ് നടത്തിയ 3000 ത്തോളം ഉദ്യോഗാർഥികൾ ആയിരിക്കും മെയിൻസ്  എഴുതുന്നത്.എല്ലാവരുടെ ഉത്തരങ്ങളിലും ആവശ്യമായ ഉള്ളടക്കം അടങ്ങിയിരിക്കും. എങ്കിലും ഒഴുക്കോടെയും അവതരണ മികവോടെയും എഴുതേണ്ടത് അതിപ്രധാനമാണ്. ഇത്തരം ഉത്തരങ്ങളാണ്  കൂടുതൽ മാർക്ക് നേടാൻ സഹായിക്കുക.

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രസംഗങ്ങളുടെ ഒഴുക്കും അവതരണ വൈദഗ്ധ്യവും ഉത്തര രചനയ്ക്ക് ഉത്തമ മാതൃകയാണ്. സങ്കീർണമായ വിഷയങ്ങൾ ലാളിത്യത്തോടെയും, വ്യക്തതയോടെയും അദ്ദേഹം വിശദീകരിക്കും. യുക്തിസഹമായ ഒഴുക്കോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. കൃത്യമായ ഉദാഹരണങ്ങൾ, സാമ്യതകളുടെ ഉപയോഗം, പരിഹാരാധിഷ്ഠിത മനോഭാവം, പ്രചോദനാത്മകമായ കാഴ്ചപ്പാട് എന്നീ ഗുണങ്ങളെല്ലാം മികച്ച ഉത്തരങ്ങൾ ചിട്ടപ്പെടുത്താൻ ഉപകാരപ്രദമാണ്. ഡോ. കലാമിന്റെ സമീപനം സ്വീകരിക്കുന്നത്, ഘടനാപരമായും ആശയപരമായും  മികച്ച ഉത്തരങ്ങളാണ് രചിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.