മുന്‍പൊക്കെ പരിശീലന പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവരോട് അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ വിവിധ ജോലികളില്‍ എത്തിപ്പെടാനുള്ള ആഗ്രഹമാണ് ഓരോരുത്തരും പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതേ ചോദ്യം ചോദിക്കുമ്പോള്‍ സ്വന്തമായി ബിസിനസ് ചെയ്യണം, പണക്കാരനാവണം, ലോകം ചുറ്റണം, തുടങ്ങിയ വ്യത്യസ്തങ്ങളായ മറുപടികളാണ് കൂടുതലും ലഭിക്കുന്നത്.

To advertise here,

അപ്പോള്‍ ചോദ്യം ഇതാണ്;നന്നായി ജീവിക്കാനും ലക്ഷ്യങ്ങള്‍ നേടാനും ഒരു ജോലി കണ്ടെത്തണോ? അതോ ബിസിനസ് ചെയ്യണോ? 

യഥാര്‍ഥത്തില്‍ ഇതൊരു വലിയ ചോദ്യമാണ്, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ജോലിയും സ്വന്തം ബിസിനസ്സ് ആരംഭിക്കലും തമ്മിലുള്ള തിരഞ്ഞെടുപ്പ്.ഒരാളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, റിസ്‌ക്കെടുക്കാനുള്ള കഴിവ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും ഈ തീരുമാനം.ചിലര്‍ക്ക് സ്ഥിരതയുള്ള ഒരു ജോലിയില്‍ സംതൃപ്തിയും സുരക്ഷിതത്വവും കണ്ടെത്താനാവുമെങ്കില്‍ മറ്റു ചിലര്‍ കഴിവുകള്‍ക്കനുസരിച്ച് 'കരിയര്‍ജംഗിള്‍ജിം' ചെയ്ത്  പുതിയ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കും.ചിലര്‍ സ്വയം തൊഴില്‍, 'ഗിഗ് വര്‍ക്ക്', ഫ്രീലാന്‍സ് ജോലികള്‍ എന്നിവയിലൂടെ സ്വന്തം പ്രയത്‌നവും കഴിവുകളും വരുമാനമാക്കുമ്പോള്‍ മറ്റു ചിലര്‍ സംരംഭകത്വത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവും.

നിങ്ങള്‍ പുതുതായി ഒരു കോഴ്‌സ് കഴിഞ്ഞിറങ്ങിയ ബിരുദധാരിയാണെങ്കിലും, പരിചയസമ്പന്നനായ പ്രൊഫഷണലാണെങ്കിലും, ഒരു സംരംഭം തുടങ്ങുകയാണെങ്കിലും, അതുമല്ലെങ്കില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നയാളാണെങ്കിലും ഒരു പുതിയ വഴി തിരഞ്ഞെടുക്കുമ്പോള്‍ അത് വ്യക്തമായ ആസൂത്രണത്തോടെയാവേണ്ടതുണ്ട്

ജോലി

നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിക്കുകയും നിങ്ങളുടെ പ്രകടനം വിലയിരുത്തുകയും അതനുസരിച്ചു ശമ്പളം നിശ്ചയിക്കുകയും, ചെയ്യുന്ന ഒരാള്‍ എപ്പോഴും നിങ്ങള്‍ക്ക് മുകളില്‍ ഉണ്ട് എന്നതാണ് ഒരു ജോലിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.നിങ്ങളുടെ വിദ്യാഭ്യാസവും കഴിവുകളുമനുസരിച്ചു അവര്‍ നല്‍കുന്ന പണത്തിനു പകരമായി 
നിങ്ങള്‍ ചെയ്യുന്ന ഒരു മുഴുവന്‍സമയ, അല്ലെങ്കില്‍ ഭാഗികമായ തൊഴിലാണ് ജോലി എന്നത്.ഒരു സ്ഥിര വരുമാനം ലഭിക്കുന്നതിലും സുരക്ഷയിലും കൂടുതല്‍ വിശ്വസനീയമായ മാര്‍ഗമാണ് ഒരു ജോലി നേടുക എന്നത്.

 ബിസിനസ്സ്

ഒരു പൊതു ലക്ഷ്യം നേടുന്നതിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നോ, രണ്ടോ, അതിലധികമോ ആളുകളുടെ കൂട്ടായ്മയാണ് ഒരു ബിസിനസ് സംരംഭം എന്നത്. മറ്റുള്ളവര്‍ തടസ്സങ്ങള്‍ കാണുന്നിടത്ത് അവസരങ്ങള്‍ കാണാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകാനുമുള്ള കഴിവും ഒരു സംരംഭക മനോഭാവവും ഇതിന് ആവശ്യമാണ്.നിങ്ങള്‍ ഒരു ബിസിനസ്സ് സംരംഭത്തിന്റെ ഉടമയാകുമ്പോള്‍ ഒരു ജോലിയേക്കാള്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങളുടെ ചുമലിലേക്ക് വരും. കാരണം നിങ്ങളുടെ ബിസിനസിന്റെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്, ഉത്തരവാദിത്തങ്ങള്‍ ജീവനക്കാര്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ പോലും നിങ്ങളാണ് അതിന്റെ മേലധികാരി.

മുന്‍പുള്ളതിനേക്കാള്‍  ഇന്നത്തെ സമൂഹത്തില്‍, ജോലികളെ അപേക്ഷിച്ച് സംരംഭകത്വത്തില്‍ വലിയ വര്‍ധനവാണ് കണ്ട് വരുന്നത്. ബിസിനസ് പഠിക്കാന്‍ ഒരുപാട് പ്ലാറ്റ് ഫോമുകള്‍ ഇന്നുണ്ട്, സ്റ്റാര്‍ട്ട് അപ് ഇന്ത്യ പോലുള്ള സംവിധാനങ്ങള്‍ വഴി സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ പോലുമുണ്ട്.
അതേപോലെ ഗിഗ് ഇക്കോണമി യുടെ വളര്‍ച്ച ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയില്‍ സ്വന്തം കഴിവുകൾ  വില്‍ക്കാനും അത് വലിയ ബിസിനസിലേക്കുള്ള ചവിട്ടുപടിയാക്കാനും പ്രചോദനമാവുന്നുമുണ്ട്.

 കുറച്ചു കാലം ജോലി പിന്നെ ബിസിനസ് 

ഒരു നല്ല ജോലി ചെയ്യുന്നത് ഒരാളുടെ വളര്‍ച്ചയ്ക്കും, നെറ്റ്‌വര്‍ക്കിങ്ങിനും വിവിധ മേഖലകളെക്കുറിച്ചുള്ള അറിവുണ്ടാക്കുന്നതിനും അവസരങ്ങള്‍ നല്‍കും. ഈ ജോലിയില്‍ നിന്ന് പഠിച്ച അനുഭവങ്ങള്‍ ഒരു സംരംഭം തുടങ്ങാന്‍ മുതല്‍ക്കൂട്ടാവും.ഒരു ജോലി ചെയ്ത് അത് വിട്ട് ബിസിനസിലേക്ക് കടക്കുക എന്നത് പൊതുവേ വളര്‍ച്ചയായാണ് സൂചിപ്പിക്കുന്നത്, എന്നാല്‍ ഒരു ബിസിനസ് ചെയ്ത് പിന്നീട് അത് വിവിധ കാരണങ്ങളാല്‍ ഉപേക്ഷിച്ച് ജോലിയിലേക്ക് വരുമ്പോള്‍ അതൊരാളുടെ തകര്‍ച്ചയായിട്ടാണ് വിലയിരുത്തുന്നത്.

ജോലിയും ബിസിനസ്സും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?ഏതാണ് മികച്ചത്? ഗുണങ്ങള്‍ എന്തെല്ലാം? പ്രശ്‌നങ്ങള്‍ എന്തൊക്കെ? നമുക്ക് നോക്കാം.

 ജോലിയുടെ ഗുണങ്ങള്‍ 

  • സ്ഥിരത : 

ഒരു ജോലിയുടെ പ്രധാന ഗുണങ്ങളിലൊന്ന് അത് നല്‍കുന്ന സ്ഥിരതയാണ്. ഒരു പതിവ് ശമ്പളം ലഭിക്കുന്നത്  ജീവിക്കാനുള്ള ഒരു സാമ്പത്തികാവസ്ഥ ഉറപ്പ് വരുത്തുന്നു, അത് ഒരു ബഡ്​ജറ്റ് സെറ്റ് ചെയ്യുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാവുന്നു .സ്ഥിരമായ ഒരു വരുമാനം ഉണ്ടാവുക എന്നത് അതിഷ്ടപ്പെടുന്നവര്‍ക്ക് മനസ്സമാധാനം പ്രധാനം ചെയ്യുന്നു .

  •  ആനുകൂല്യങ്ങള്‍: 

നല്ല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍, ലീവുകള്‍, ഇന്‍സെന്റീവുകള്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ (പ്രൊമോഷന്‍ ) തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാരണമാവുന്നു. ഇത് ജീവിത നിലവാരവും സാമ്പത്തിക സുരക്ഷയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

  • വര്‍ക്ക് ലൈഫ് ബാലന്‍സ് : 

ജോലികള്‍ക്ക് പലപ്പോഴും ഒരു നിശ്ചിത പ്രവൃത്തി സമയമുഉള്ളതുകൊണ്ട് തന്നെ ആ സമയത്തിന് ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ക്കും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നു.

  •  കുറഞ്ഞ സാമ്പത്തിക അപകടസാധ്യത: 

ഒരു ജോലിക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ സാമ്പത്തിക അപകടസാധ്യതയാണ് പൊതുവേ ഉള്ളത്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടാതെ ജോലി ചെയ്യാനും ഓരോ മാസവും നിശ്ചിത വരുമാനം ലഭിക്കുകയും ചെയ്യുന്നു.

 ബിസിനസിന്റെ ഗുണങ്ങള്‍ 

  •  പരിധിയില്ലാത്ത വരുമാന സാധ്യത: 

ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന്റെ ഏറ്റവും ആകര്‍ഷണീയമായ കാര്യങ്ങളിലൊന്ന് പരിധിയില്ലാത്ത വരുമാന സാധ്യതയാണ്. ബിസിനസിന്റെ വളര്‍ച്ചാസാധ്യതയും വരുമാന സാധ്യതയും ജോലിയെ അപേക്ഷിച്ച് വളരെ വലുതാണ്. ഒരു ബിസിനസ്സ് ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്ക് എത്ര പണം ഉണ്ടാക്കാം, എത്ര വേഗത്തില്‍ ഉണ്ടാക്കാം എന്നതിന് നിയന്ത്രണങ്ങളില്ല.

  • സ്വാതന്ത്ര്യം : 

ഒരു ബിസിനസ്സ് ഉടമയ്ക്ക് അവനവന്‍ തന്നെയാണ് ബോസ്, അതുകൊണ്ടുതന്നെ സ്വന്തം കാഴ്ചപ്പാടും മൂല്യങ്ങളും അനുസരിച്ച് ബിസിനസ്സിനെ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്.
ബിസിനസ് ഉടമയുടെ ലക്ഷ്യങ്ങളോട് യോജിച്ച തീരുമാനങ്ങള്‍ എടുക്കാനും നിയന്ത്രണങ്ങള്‍ ഇല്ലാതെ പുതുമകള്‍ കൊണ്ടുവരാനും കഴിയും.

  • ഫ്ളക്സിബിലിറ്റി (വഴക്കം) 

ഒരു ബിസിനസ്സ് നടത്തുന്നത് ഒരാള്‍ക്ക് കൂടുതല്‍ flexibility നല്‍കുന്നു, സ്വന്തം ഷെഡ്യൂള്‍ തീരുമാനിക്കാനും, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സമയക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും അത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുമാവും. അതുവഴി സ്വന്തത്തിന് വേണ്ടിയും ചുറ്റുമുള്ളവര്‍ക്ക് വേണ്ടിയും സമയം സ്വയം ക്രമീകരിക്കാനും ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനുമാവും.

 ജോലിയുടെ ദോഷങ്ങള്‍

  •  പരിമിതമായ വരുമാന വളര്‍ച്ച: 

ജോലികള്‍ സ്ഥിരത നല്‍കുന്നുണ്ടെങ്കിലും, സംരംഭകത്വവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ വരുമാന വളര്‍ച്ചയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. ശമ്പള വര്‍ധനവ് പൊതുവെ ക്രമാനുഗതമാണ്, ചില ജോലികളില്‍ ഒരിക്കലും നിശ്ചിത പരിധിക്ക് മുകളിലേക്കു ശമ്പളം ലഭിക്കാനുള്ള സാധ്യതയുമില്ല.

  • തീരുമാനമെടുക്കാനുള്ള പരിമിതി : 

ഒരു ജോലിയില്‍, തീരുമാനമെടുക്കാനും സ്ഥാപനത്തിന്റെ ദിശ നിര്‍ണയിക്കുന്നതിലുമെല്ലാം പരിമിതമായ നിയന്ത്രണം മാത്രമേ ഒരു ജോലിക്കാരനുള്ളൂ. നിങ്ങളുടെ മേലധികാരി നിശ്ചയിക്കുന്ന തീരുമാനങ്ങള്‍ പാലിക്കണം എന്നത് പലപ്പോഴും നിരാശക്ക് കാരണമാകുന്നു.

  •  ഫ്‌ളക്‌സിബിലിറ്റി ഇല്ലായ്മ : 

ജോലികള്‍ പലപ്പോഴും സ്ഥിരമായ ഷെഡ്യൂളിലാണ് ചെയ്യേണ്ടത്.
അതുകൊണ്ടുതന്നെ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഇല്ലാതിരിക്കുന്നു, ഇത്തരം കാര്യങ്ങള്‍
സംരംഭകത്വ മോഹങ്ങളുള്ള വ്യക്തികള്‍ക്ക് വെല്ലുവിളിയാകാം.

 ബിസിനസിന്റെ ദോഷങ്ങള്‍ 

  •  സാമ്പത്തിക അപകടസാധ്യത: 

ഒരു ബിസിനസ്സ് ആരംഭിക്കുന്നതും നടത്തുന്നതും കാര്യമായ സാമ്പത്തിക അപകടസാധ്യതകൂടെ ഉള്‍പ്പെടുന്നതാണ്.ധാരാളം സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് സംരംഭങ്ങളും തുടങ്ങി പരാജയപ്പെടുന്ന അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് , സംരംഭകര്‍ പലപ്പോഴും അവരുടെ കയ്യിലുള്ള കരുതല്‍ നിക്ഷേപം മുഴുവനായും നിക്ഷേപിക്കുകയോ, അവരുടെ സംരംഭങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കടം വാങ്ങുകയോ, ലോണെടുക്കുകയോ, നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നു, ബിസിനസ് ഉദ്ദേശിച്ച രീതിയില്‍ വിജയിക്കുന്നില്ലെങ്കില്‍ അത് വലിയ രീതിയിലുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് കാരണമാകുന്നു. പിന്നീട് പുതിയ ഒരു ബിസിനസ് ആരംഭിക്കുന്നതോ ഒരു ജോലി കണ്ടെത്തുന്നതോ ദുഷ്‌കരമായിരിക്കും.

  • നീണ്ട സമയവും സമ്മര്‍ദവും

ലാഭകരമായ ഒരു കമ്പനി കെട്ടിപ്പടുക്കാനും അനുയോജ്യമായ ജീവനക്കാരെ കണ്ടെത്താനും ശരിയായ ടീം രൂപീകരിക്കാനും വര്‍ഷങ്ങള്‍ എടുക്കും.
ബിസിനസ്സ് ഉടമകള്‍ പലപ്പോഴും കൂടുതല്‍ സമയം ജോലി ചെയ്യുകയും ജീവനക്കാരെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യേണ്ടി വരുന്നു. ബിസിനസിന്റെ വിജയവും നിലനില്‍പ്പും സസ്ഥിരതയുമെല്ലാം ഉറപ്പ് വരുത്താന്‍ സമയമെടുക്കും.

  • അനിശ്ചിത വരുമാനം

ഒരു ജോലിയില്‍ നിന്ന് പതിവ് ശമ്പളം ലഭിക്കുന്നത് പോലെയല്ല ബിസിനസ്സില്‍ സംഭവിക്കുന്നത്
ബിസിനസ്സ് വരുമാനം, പ്രത്യേകിച്ച് ആദ്യ ഘട്ടങ്ങളില്‍, അസ്ഥിരമായിരിക്കും.ഒരു ബിസിനസ്സ് ഉടമയുടെ ജീവിതം കൂടുതല്‍ തിരക്കുള്ളതും അനിശ്ചിതത്വം നിറഞ്ഞതുമാണ്, കൂടെ ഒരുപാട് സമ്മര്‍ദവും അനുഭവിക്കേണ്ടതുണ്ട്.

  •  ഉത്തരവാദിത്തം

ഒരു ജോലിയിലിരിക്കുമ്പോള്‍ തനിക്ക് ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മാത്രം ഏറ്റെടുത്താല്‍ മതിയാകും. എന്നാല്‍ ഒരു ബിസിനസ്സില്‍ 
ഏതൊരാളേക്കാളും കൂടുതല്‍ ഉത്തരവാദിത്തം ഉടമക്കുണ്ട്, അവര്‍ ഉപഭോക്താക്കളെയും, ജീവനക്കാരെയും, ചെലവുകളെയും, മറ്റ് നിരവധി കാര്യങ്ങളെയും നിയന്ത്രിക്കേണ്ടതുണ്ട്.ജോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിസിനസിന് കൂടുതല്‍ ഉത്തരവാദിത്വം ആവശ്യമാണ്. ബിസിനസ് ചെയ്യുന്ന ഒരാള്‍ക്ക് ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ സാധിക്കില്ല,അതുപോലത്തന്നെ ബിസിനസ് ആരംഭിച്ച് അടുത്ത ദിവസം മുതല്‍ തന്നെ ലാഭം വേണമെന്ന് കരുതാനുമാവില്ല, ലാഭം ലഭിക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം, അത്രയും കാലം ജീവിക്കാനും ബാദ്ധ്യതകള്‍ നിറവേറ്റാനുമുള്ള പണം കൈവശമുണ്ടെങ്കിലോ കണ്ടെത്താനോ കഴിയുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ബിസിനസ് തിരഞ്ഞെടുക്കാം.

നിങ്ങള്‍ക്ക് നിലവില്‍ സമ്പാദ്യമോ വരുമാന സാധ്യതകളോ നിക്ഷേപമോ കണ്ടെത്താനോ, ജീവിതം മുന്നോട്ട് കൊണ്ടു പോകാനോ കഴിയുന്നില്ലെങ്കില്‍ ഒരു ജോലിയായിരിക്കാം നല്ലത്.
എന്നാല്‍ ബിസിനസ് തന്നെ ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ ജോലിയിലൂടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ചോ ബിസിനസ് ആശയങ്ങള്‍ കണ്ടെത്തി, അത് അവതരിപ്പിച്ചു ഇന്‍വെസ്റ്ററെ കണ്ടെത്താന്‍ കഴിയുന്ന മുറക്കോ ബിസിനസ് ആരംഭിക്കാം.

എന്നാല്‍ ഈ രണ്ടു സാഹചര്യങ്ങളിലും ഉള്‍പ്പെടാതെ ഒരു ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാനോ ഒരു സംരംഭം തുടങ്ങാനോ കഴിയാത്തവര്‍ക്ക് സ്വയം തൊഴില്‍ ചെയ്‌തോ സ്വന്തം കഴിവുകള്‍ കണ്ടെത്തി അതിലൂടെ വരുമാനമുണ്ടാക്കുന്ന ഗിഗ് വര്‍ക്ക്,ഫ്രീലാന്‍സ് വര്‍ക്ക്, സ്വയം തൊഴില്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.ഓരോ മനുഷ്യനും ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നുണ്ട്, അതിന് ഓരോരുത്തരും വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നു, ഓരോ മേഖലയ്ക്കും അതിന്റേതായ നേട്ടങ്ങളും വെല്ലുവിളികളും ഉണ്ടെങ്കിലും, വിജയത്തിന്റെ സൂത്രവാക്യം എല്ലായ്‌പ്പോഴും ഒന്നുതന്നെയാണ്  കഠിനാധ്വാനം, സമര്‍പ്പണം, ധൈര്യം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും.

ശരിയായ ലക്ഷ്യം തിരഞ്ഞെടുക്കുകയും അതിനായി വിട്ടുവീഴ്ചയില്ലാതെ പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് വിജയത്തിന്റെ ആദ്യപടി. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തടസ്സങ്ങളും പരാജയങ്ങളും നേരിടേണ്ടിവരും. എന്നാല്‍ ഓരോ വീഴ്ചയില്‍ നിന്നും പഠിക്കാനും കൂടുതല്‍ ഉത്സാഹത്തോടെ മുന്നോട്ട് പോകാനുമുള്ള ധൈര്യം വിജയികളെ വേറിട്ടു നിര്‍ത്തുന്നു. ഓര്‍ക്കുക, വിജയം ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു യാത്രയാണ്. ഓരോ ഘട്ടത്തിലും പഠിക്കാനും വളരാനും തയ്യാറായാല്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താനും  കഴിയും.