'കലയും കമലയുമെപ്പോലേ തവ
കലയ മാമപി നീയപ്പോലേ.
കുലയുവതികള്‍ മൗലിമാലേ! '

To advertise here,

(ഉണ്ണായിവാര്യര്‍)

മയന്തിയെപ്പോലെ മലയാളി നെഞ്ചിലേറ്റിയ ഒരു പുരാണകന്യക അപൂര്‍വ്വമാണ്. മഹാഭാരതം വനപര്‍വ്വത്തിലെ നളോപ്യാഖ്യാനത്തില്‍ ബൃഹദശ്വമഹര്‍ഷിയുടെ യുധിഷ്ഠരോപദേശത്തിലാണ് നളനെയും ദമയന്തിയെയും നമ്മളാദ്യം പരിചയിക്കുന്നതെങ്കിലും, സംസ്‌കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ശ്രീഹര്‍ഷന്റെ നൈഷധീയചരിതം മഹാകാവ്യത്തെ അധികരിച്ച്  ഉണ്ണായിവാര്യര്‍ എഴുതിയ നളചരിതം ആട്ടക്കഥയിലൂടെയും രാജാരവിവര്‍മ്മയുടെ ഹംസദമയന്തി ചിത്രത്തിലൂടെയും മലയാളി ദമയന്തിയെ കണ്ടറിഞ്ഞു. മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലൂടെ നമ്മള്‍ പരിചയിച്ച ദമയന്തിയുടെ വാങ്മയ ചിത്രത്തിന് കൂടുതല്‍ മിഴിവേകുകയാണ് ഇവ ചെയ്തത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഭാഷയും സാഹിത്യവും ജീവിതസാഹചര്യങ്ങളും മാറിക്കഴിഞ്ഞിട്ടും പാഠാന്തരവായനകളുടെ ബൗദ്ധികപശ്ചാത്തലം വായനയെയും എഴുത്തിനെയും സ്വാധീനിച്ചിട്ടും ഒരു മാറ്റമില്ലാതെ നമ്മള്‍ ആസ്വദിച്ചിരുന്ന നളചരിതത്തെ പുതിയൊരു വായനയിലേക്ക് കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യത്തെ ഏറ്റെടുത്തിരിക്കുകയാണ് ഒ. എസ്. പ്രിയദര്‍ശനന്‍. ഒരു സര്‍ഗാത്മക പ്രതിഭയുടെ സ്വാതന്ത്ര്യം ഏറ്റെടുത്തുകൊണ്ട്  മൂലകഥയില്‍ പരിവര്‍ത്തനം വരുത്തുക എന്ന വലിയ സാഹസത്തിന് അദ്ദേഹം മുതിര്‍ന്നിട്ടില്ല. മഹാഭാരതത്തിലും  അനുബന്ധ രചനകളിലും പതിവ്രതാരത്‌നമായി പരാമര്‍ശിക്കപ്പെടുകയും സുന്ദരികളില്‍ സുന്ദരിയായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന ദമയന്തിയെ തന്നെയാണ് നമ്മള്‍ അഖേദയിലും കാണുന്നത്. നളനോടുള്ള ഉത്കടാഭിലാഷവും, നളനെന്ന പതിയിലുള്ള അഭിമാനവും, തന്നെ ഉപേക്ഷിച്ചുപോയ നളനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമവും അതുപോലെ തന്നെയാണ് അഖേദയിലുമുള്ളത്. പക്ഷേ അഖേദ എന്ന നോവലിലൂടെ നളചരിത്രത്തിന്റെ ദമയന്തി പരീപ്രേക്ഷ്യമാണ് നമ്മള്‍ വായിക്കുന്നത്.

ദമയന്തി എന്ന എന്ന മകളെയും ഭാര്യയെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അസാധാരണ പടുവായ ദമയന്തി എന്ന അമ്മയെ അതോടൊപ്പം തന്നെ പ്രജാവത്സലയായ ഒരു രാജ്ഞിയെ, സര്‍വ്വോപരി ഗ്രന്ഥങ്ങളില്‍ നിന്നും അറിവ് നേടുന്ന ഒരു വിജ്ഞാന കുതുകിയെ നമ്മളാദ്യം കാണുന്നത് അഖേദയിലാണ്. 'താരുണ്യം വന്നണഞ്ഞിട്ടും കുമാരിയില്‍ നിന്ന് വിട്ടുമാറാത്ത ബാലചപലതകള്‍ കേമം തന്നെ' എന്ന് പ്രണയിനിയായ ദമയന്തിയെ ഹംസം പരിഹസിക്കുന്നുണ്ട്. പക്ഷേ അതേ പ്രണയിനിയായിരിക്കുമ്പോള്‍ തന്നെയാണ് അവള്‍ വിദര്‍ഭയുടെ രാജസദസ്സിലിരുന്നുകൊണ്ട് പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ഭൈമിരാജകുമാരിയാകുന്നതും. 'ചൂതുപടത്തില്‍ എറിയുന്നത് മരപ്പകിടയാണെങ്കിലും എപ്പോഴും അവിടെ വീണുടയുന്നത് സ്ത്രീകളുടെ ജീവിതമാണ്. ചൂതാട്ട ഇടങ്ങളിലെ പണച്ചൂതുകള്‍ അവസാനിപ്പിക്കണം എന്നാണ് എന്റെ പക്ഷം.' എന്ന് തീര്‍പ്പുകല്‍പ്പിക്കുന്ന രാജകുമാരിയില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. സ്ത്രീ എന്ന നിലയിലുള്ള സ്വന്തം ജീവിതത്തെപ്പറ്റി പറയുന്നിടത്ത് അത് അവസാനിക്കുകയും ചെയ്യുന്നു.

നോവലിന്റെ പ്രമേയത്തെ പറ്റിയല്ല അത് പരിചരിക്കുന്നതില്‍ ഒ.എസ് പ്രിയദര്‍ശനന്‍ കൈകൊണ്ടിരിക്കുന്ന മികവുകളെക്കുറിച്ചാണ് പറയേണ്ടിയിരിക്കുന്നത്. കാളിദാസപ്രഭൃതികളുടെ മഹാകാവ്യങ്ങളെ പോലെ ആദിമധ്യാന്തം നാടകീയത പിന്തുടരാനാകുന്നു എന്നത് അഖേദയുടെ വിജയമാണ്. വരാനിരിക്കുന്ന വേനല്‍ക്കെടുതികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന രാജസദസ്സില്‍ തുടങ്ങി വേനലിന്റെ തീക്ഷ്ണത അനുഭവിക്കുന്ന വിദര്‍ഭയില്‍ നോവല്‍ അവസാനിക്കുന്നു. ആദ്യ അധ്യായത്തില്‍ ചൂതാട്ടത്തിന്റെ വേദന അനുഭവിക്കുന്ന ഒരു കുടുംബിനിയുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന രാജകുമാരി ഒടുവില്‍ അതിന്റെ ഇരയായി മാറുന്നു. പ്രണയ ലോലുപയായ ദമയന്തിയുടെ ചാപല്യങ്ങളെ മൂലത്തിലുള്ളതുപോലെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മൂലകഥയിലെ ഇന്ദ്രന്‍, അഗ്‌നി, വരുണന്‍, യമന്‍, കലിദ്വാപരന്മാര്‍ എന്നിവരുടെ ഇടപെടലുകളെ അഖേദ തിരസ്‌കരിച്ചിരിക്കുന്നു.

അശ്വം,അക്ഷം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് നോവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗമായ അക്ഷത്തിലാണ് ദമയന്തി അവളുടെ ഉയരങ്ങളില്‍ എത്തുന്നത്. ധിഷണാശാലിയായ ഒരമ്മയില്‍ നിന്ന് രണ്ടാം ഭാഗം ആരംഭിക്കുന്നു. സദ്ചിന്തകളിലൂടെ, രാജധര്‍മ്മമനുസരിച്ച് മക്കളെ വളര്‍ത്തുന്ന അമ്മയായി, മികച്ച തേരാളിയായി, നിഷധവാസികളെ നേരില്‍കണ്ട് അവരുടെ ദുരിതങ്ങള്‍ കേട്ടറിയുന്ന രാജ്ഞിയായി, പതിയെ  നയചാതുര്യത്തോടെ ഉപദേശിക്കുന്ന ഭാര്യയായി, പരാജിതനായ ഭര്‍ത്താവിനെ സംരക്ഷിക്കുന്ന പതിവ്രതയായി, നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന അഭയാര്‍ത്ഥിയായി, ഭര്‍ത്താവിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന ബുദ്ധിമതിയായിയെല്ലാം ദമയന്തി പകര്‍ന്നാടുന്നത് അക്ഷം എന്ന ഭാഗത്താണ്.

ഭാഷാഭാരതത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്‍, '
നീ വിട്ട മട്ടില്‍  നില്‍പ്പൂ നിന്നെ താന്‍ കാത്തുകൊണ്ടവള്‍
വെന്തു രാപകലാബ്ബാല വസ്ത്രാര്‍ദ്ധം ചുറ്റിയങ്ങനെ.' എന്ന് പരാമര്‍ശിക്കുന്നുണ്ടല്ലോ. ആ ദൈന്യത അതുപോലെയോ, അതിനേക്കാളധികമോ ആയി നമ്മെ ബോധ്യപ്പെടുത്തുന്നു എന്നിടത്താണ് നോവലിസ്റ്റിന്റെ ആഖ്യാനചാതുരി അമ്പരപ്പിക്കുന്നത്. കാട്ടാളനില്‍ നിന്നും രക്ഷപ്പെടുന്നതും കച്ചവടക്കാരാല്‍ പരിത്യജിക്കപ്പെടുന്നതും ചേദിരാജ്യത്ത് സൈരന്ധ്രിയായി കഴിയുന്നതും മൂലത്തിലേതുപോലെ തന്നെ. പക്ഷേ ഈ ഭാഗത്തെ ശക്തമാക്കുന്നത് ഒരു കാഴ്ചപ്പാടാണ്. ദമയന്തിയുടെ ചിന്തകളില്‍ പെണ്ണെന്ന കരുത്ത് നിറയുന്നു. 'ഒരു പെണ്ണെന്നുള്ള കരുത്ത്, ഒരു പെണ്ണില്‍ മാത്രം നിറയുന്ന ചേതന.' ആ ഊര്‍ജ്ജത്തെ തിരിച്ചറിഞ്ഞ നായികയാണ് ദമയന്തി. ആ ഊര്‍ജ്ജം മാത്രമാണ് അവളെ മഹാരാജാവിനെ വിലക്കുന്നതിലും അവനെ ആരണ്യത്തിലേക്ക് നടത്താനും പ്രേരിപ്പിച്ചത് എന്ന് തിരിച്ചറിയുന്നു.

അഖേദയിലെ ദമയന്തിയിലൂടെ മറ്റൊരു നളനെക്കൂടി നമ്മള്‍ കാണുന്നു. നളനോട് ധൈര്യപൂര്‍വ്വം രാജകാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന തന്നെക്കുറിച്ച് ഓര്‍ക്കുന്ന വേളയില്‍ അവള്‍ തന്നെ പറയുന്നു. എന്റെ പ്രാര്‍ത്ഥനകളോ നയചാതുര്യമോ ഒന്നുമല്ല തന്റെ കരുത്തെന്നും, പ്രാണവല്ലഭന് തന്നോടുള്ള സ്‌നേഹവും വിശ്വാസവും പിന്നെ പതിരില്ലാത്ത ആദരവുമാണെന്ന് അവള്‍ മനസ്സിലാക്കുന്നു. ഭാര്യയോട് ആദരവുള്ള നളനെ അതുപോലെതന്നെ ശാലിഹോത്ര സംഹിതയ്ക്ക് പ്രൗഢവ്യഖ്യാനം രചിച്ച വിദ്വാനെയും നമ്മള്‍ കാണുന്നു. കലിബാധയും കാലക്കേടും തന്നെയാണ് ദമയന്തിയെ  അഖേദയിലും പിന്തുടരുന്നതെങ്കിലും, ദമയന്തി തോറ്റാലും തന്നിലെ പെണ്ണ് തോല്‍ക്കാന്‍ പാടില്ല എന്ന സ്വന്തം മനഃസാക്ഷിക്ക് ഉറപ്പു കൊടുക്കുന്ന ഒരു ദമയന്തിപകര്‍പ്പ് ആണുള്ളത്.

അര്‍ദ്ധവസ്ത്രവുമായി കാനനത്തിലലഞ്ഞ ഭൈമിയല്ല, അവസാനം നളനോട് ചോദ്യം ചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ദമയന്തി. പെണ്ണായത് കൊണ്ട് എന്ന് ആവര്‍ത്തിക്കുന്ന, പെണ്‍കരുത്തറിഞ്ഞ ഭൈമിയാണവള്‍. ഒരു നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയെന്ന് ചിട്ടപ്പെടുത്തുന്നതിലാണ് നോവലിസ്റ്റിന്റെ മികവ് .ഇതിനേക്കാള്‍ മനോഹരമായി തുടങ്ങാനോ അവസാനിപ്പിക്കാനോ സാധ്യമല്ലാത്ത രീതിയിലാണ് അഖേദ എഴുതിയിരിക്കുന്നത്. ചിരപരിചിതമായ ഒരു പ്രമേയത്തെ ഭദ്രമായി കൈകാര്യം ചെയ്യുന്ന കലയുടെ സൂക്ഷ്മതയാണ് അഖേദയുടെ വ്യതിരിക്തത. നളന്റെ തിരസ്‌കാരം ദമയന്തി എങ്ങനെയെല്ലാമാണ് അനുഭവിച്ചത് എന്നു മനസ്സിലാക്കാന്‍ ഈ നോവല്‍ നമ്മെ സഹായിക്കുന്നു. വേനലും വര്‍ഷവും പ്രളയവും ദുരിതവും വസന്തവും വായനയിലൂടെ നമ്മള്‍ അനുഭവിക്കുന്നു. എഴുത്ത് എങ്ങനെ കാഴ്ചയായി മാറുന്നു എന്ന് ചോദിച്ചാല്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന ഒരു നോവലാണ് അഖേദ.