മോബിന് മോഹന്റെ അമര്ഷനഗരം എന്ന കഥാസമാഹാരം കെ. ജയചന്ദ്രന്റെ വായനയില്.

ആകാശത്ത് പായുന്ന ആൺമിന്നലുകൾ
ഇടുക്കിയിലെ മനുഷ്യപ്രകൃതത്തിനും അവിടുത്തെ ഭൗമപ്രകൃതത്തിന്റെ സ്വാധീനമുണ്ട്. ഒരു ഇടുക്കിക്കാരന് ജീവിതത്തെ നേരിയ രീതിയിൽ കാണാൻ പറ്റില്ല. ജീവിതം കൂടുതൽ സങ്കീർണ്ണമാണ് എന്ന് തിരിച്ചറിയാനുള്ള സവിശേഷപ്രേരണ ഇടുക്കിപൗരത്വത്തിന്റെ ഭാഗമാണ്. ആ നിലയ്ക്കാണ് മോബിൻ മോഹൻ കഥ എന്ന സർഗ്ഗമാധ്യമത്തെയും ഈ ലോകജീവിതത്തെ തന്നെയും ആവിഷ്കരിക്കുന്നത്.
മോബിൻ മോഹന്റെ അമർഷനഗരം എന്ന കഥാസമാഹാരത്തിന്റെ അവതാരികയിൽ പ്രശസ്ത നിരൂപകൻ ഡോ. ഇ.പി. രാജഗോപാലൻ എഴുതിയിരിക്കുന്ന ഈ വാചകങ്ങൾ സമാഹാരത്തിലെ കഥകളെ സംബന്ധിച്ച് കൃത്യമായ സൂചന നൽകുന്നുണ്ട്. അത് എഴുത്തുകാരൻ രൂപപ്പെട്ടതിൽ കാലം എന്നപോലെ അവന്റെ ദേശവും വഹിച്ചിട്ടുള്ള പങ്കിനെ എടുത്തു കാണിക്കുന്നുണ്ട്. വളരെ റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങളും ജീവിതസാഹചര്യങ്ങളുമാണ് കഥയിലേക്കു കടന്നു വരുന്നത്. ഇടുക്കിയിലെ പ്രകൃതിയും കാലാവസ്ഥയുടെ കുടമാറ്റങ്ങളും കണ്ടുവളർന്ന എഴുത്തുകാരൻ ഫാന്റസിയുടെ സാധ്യതകളേക്കൂടി ഉപയോഗിച്ച് ജീവിതത്തെ കഥകളാക്കുന്ന കാഴ്ചയാണ് മിക്കവാറും എല്ലാ കഥകളിലും കാണാൻ കഴിയുക. കഥകളുടെ ഭൂമിക മലയിറങ്ങി 'അമർഷ നഗരങ്ങളിൽ' എത്തുമ്പോഴും കഥയെഴുത്തിലെ കയ്യടക്കം പാലിച്ചു പോകുവാൻ കഴിയുന്നുണ്ട് എന്നത് എടുത്തുപറയാവുന്നതാണ്.
ജീവിതം തേടി അലയുന്നവർ ഹൈറേഞ്ച് കുടിയേറ്റങ്ങളുടെ നാടാണ്. സമതലങ്ങളിൽ നിന്നുള്ള മലയാളി കുടിയേറ്റം പോലെ തന്നെ തമിഴ്നാട്ടിൽ നിന്നും തോട്ടം മേഖലയിലെ തൊഴിലന്വേഷിച്ചെത്തിയവരുടെ കുടിയേറ്റവും പ്രധാനപ്പെട്ടതാണ്. കാലാവസ്ഥയോടും പകർച്ചവ്യാധികളോടും പടവെട്ടി തോറ്റവർ ഏറെയാണ്. തോറ്റ് തിരിച്ച് മലയിറങ്ങിയവരും കൂടുതൽ നല്ല ജീവിതം തേടി 'മലബാറിന് ' പോയവരുമുണ്ട്. ഇവിടെ ജീവിതമന്വേഷിച്ച് എത്തിയ കഥയുള്ള കഥാപാത്രങ്ങൾ പല കഥകളുടെയും നട്ടെല്ലാണ്. കേരളത്തിലേക്ക് ഇപ്പോൾ ധാരാളമായി നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വരവും പോക്കും 'ബൈസൺവാലി' എന്ന കഥയിൽ കാണുവാൻ കഴിയും. ബൈസൺവാലി എന്ന പേരുകൊണ്ടുതന്നെ ഒരു നാടിന്റെ പ്രകൃതിയും കാലാവസ്ഥയും അടയാളപ്പെടുത്തുവാൻ കഴിയുന്നുണ്ട്. വേട്ടയാടി തിന്നും 'അത്ഭുതറാക്ക്' കുടിച്ചും മദിച്ചു ജീവിക്കുന്ന ആൺമിന്നലുകളുടെ ലോകത്തേക്കെത്തുന്ന മുന്നയുടെയും കാന്തിയുടെയും കൂടി കഥയാണ് ബൈസൺവാലി.
കട്ടപ്പനയിൽ നിന്നും വേലായുധംപെട്ടിയിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സ്ഥലം വാങ്ങാൻ പോകുന്ന ആണുങ്ങളും (കഥ- വേലായുധംപെട്ടി) കുറച്ചു കൂടി നല്ല ജീവിതം അന്വേഷിച്ചു പോകുന്നവരാണ്. 'എന്റെ മക്കൾക്ക് ശ്വാസം മുട്ടാതെയാന്ന് തൂറണം' ആനയും കരടിയും കാട്ടുപോത്തും നിറഞ്ഞ, കോടമഞ്ഞും മഴയും കാഴ്ച മറയ്ക്കുന്ന, പകർച്ചവ്യാധികളും പട്ടിണിയും അരങ്ങുവാഴുന്ന മലനാട്ടിലേക്കു കുടിയേറാനുള്ള രാഘവൻ എന്ന മധ്യവയസ്കന്റെ ന്യായമാണിത്. (കഥ - ബേബിയാശാന്റെ മകൾ) ഏതെല്ലാം സാഹചര്യങ്ങളിൽ നിന്നാണ് മനുഷ്യൻ ഹൈറേഞ്ചിലേക്ക് കുടിയേറിയത് എന്നതിന്റെ സൂചന ഈ വാക്കുകൾ നൽകുന്നുണ്ട്.
മലയിറങ്ങിപ്പോയ കഥകൾ
അമർഷനഗരം ഇടുക്കിക്കഥകളുടെ സമാഹാരമല്ല. 'അമർഷനഗരം' എന്ന കഥതന്നെ നാട്ടിൻപുറത്തെ എല്ലാ പച്ചപ്പുകളും ഉപേക്ഷിച്ച് നഗരത്തിൽ ചേക്കേറുന്നവരുടെ കഥയാണ്. ഇതും മെച്ചപ്പെട്ട ജീവിതം തേടിയുള്ള കുതറലാണ്. പുതിയ, പിന്നെയും പുതിയ കച്ചവട സംരംഭങ്ങളിലേക്കുള്ള യാത്ര. കാലത്തിനു യോജിക്കാത്ത മെഴുകുതിരി കമ്പനിയിൽ തുടങ്ങി 'റിലാക്സ്' എന്ന ഏറ്റവും പുതിയ കാലത്തിന്റെ കച്ചവടത്തിലേക്ക് എത്തുന്ന കഥാനായകന്റെ ജീവിതമാണ് ഈ കഥ പറയുന്നത്. ഓരോ മനുഷ്യനും സ്വയം പുകയുന്ന ഒരു അഗ്നിപർവ്വതമാകുമ്പോൾ, ആ സാധ്യതയെ വിറ്റ് കാശാക്കുന്ന പുത്തൻ വിപണന തന്ത്രവും അതിന്റെ പരിണാമവും കഥയെ ഗൗരവപ്പെടുത്തുന്നുണ്ട്.
പപ്പയുടെ ഗന്ധം (ഉപയോഗിച്ചിരുന്ന പെർഫ്യൂം) തേടി മമ്മയുടെ ആഗ്രഹപ്രകാരം മഹാനഗരങ്ങളിലും നഗരപ്രാന്തങ്ങളിലും അലയുന്ന ചെറുപ്പക്കാരനെ 'ഗന്ധം തേടുന്നവർ' എന്ന കഥയിൽ കാണാം. 'മിഷൻ ഗ്രീൻ പ്ലാനറ്റ്', 'റിപ്പബ്ലിക് ഓഫ് ക്രോകോലാന്റ്' എന്നീ കഥകൾ മറ്റു കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നവയാണ്. ആദ്യം സൂചിപ്പിച്ച ഫാന്റസി എലമെന്റ് ഈ കഥകളിൽ കൂടുതലായുണ്ട്. വളരെ ഗൗരവമുള്ളതും ആധുനികവുമായ വിഷയങ്ങളെ കഥയിലേക്കു കൊണ്ടുവരുന്നതിനായി ചില രൂപകങ്ങളെ സാമർത്ഥ്യത്തോടെ ഈ കഥകളിൽ ഉപയോഗിച്ചിരിക്കുന്നു. നർമ്മത്തിന്റെ കൂട്ടുപിടിച്ച് ശക്തമായ സാമൂഹ്യ വിമർശനം നടത്തുന്നുണ്ട് ഈ കഥകളിൽ. 'ശിമയോൻ റമ്പാൻ വിരചിതം ലക്ഷണതന്ത്രസംഹിത' എന്ന കഥയിലെ വിഷക്കല്ലുകളെ ഉരുക്കിക്കളയുവാൻ തക്ക ശക്തിയുള്ള മനുഷ്യവിഷം കരുത്തുറ്റ ഒരു പ്രതീകമാണ്.
'ഏക്താര' ഈ സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥയാണ്. പള്ളിയും പരിസരവും ബാവുൽ സംഗീതവുമെല്ലാം ചേർത്തുണ്ടാക്കിയിരിക്കുന്ന കഥാന്തരീക്ഷം ഏറെ ഹൃദ്യമാണ്. സെബാനച്ചൻ എന്ന കഥാപാത്രം നമുക്കറിയാവുന്ന ആരെയെങ്കിലുമൊക്കെ ഓർമിപ്പിക്കും എന്നത് തീർച്ചയാണ്.
കഥയിലെ ഞാനും മണിയാശാനും മറ്റുള്ളവരും
മോബിൻ മോഹന്റെ മിക്ക കഥകളിലും ധാരാളം കഥാപാത്രങ്ങളുണ്ട്. പല കഥകളിലും കഥാകാരൻ തന്നെ ഒരു കഥാപാത്രമായി വരുന്ന രീതിയുണ്ട്. ഇത് ഏറെ ആകർഷകവും വായനക്കാരെ കഥ അനുഭവിപ്പിക്കുന്നതിന് പര്യാപ്തവുമാണ്. കഥാപാത്രസൃഷ്ടിയിലെ വൈവിധ്യം അദ്ഭുതപ്പെടുത്തുന്നുണ്ട്. 'മുഴയൻ' എന്ന കഥയിലെ മുഴയൻ സഹതപിക്കപ്പെടുന്ന ഒരു കഥാപാത്രമാണ്. 'ബൈസൺവാലി'യിലെ മുന്നേയും കാന്തിയും, 'ഏക്താര'യിലെ സെബാനച്ചൻ 'കണ്ടവനെകുത്തി'യിലെ ബാലചന്ദ്രനും കാതറിനും... എന്നിങ്ങനെ കഥയും കാമ്പുമുള്ള നിരവധി കഥാപാത്രങ്ങളെ വായനയിൽ കണ്ടുമുട്ടും.
മണിയാശാനും ജേക്കബ്ബാശാനും ബേബിയാശാനുമൊക്കെ ഇടുക്കിയിലെ ജനങ്ങളുടെ മനസ്സിൽ ആശാന്മാരായത് പ്രതിസന്ധികളിൽ മുന്നിൽ നിന്ന് സഹായിച്ചതു കൊണ്ടാണെന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. രണ്ടു കഥകളിലെങ്കിലും മണിയാശാന്റെ സാന്നിധ്യമുണ്ട്. 'ബൈസൺവാലി' എന്ന കഥയിൽ വീട്ടുമുറ്റത്തെ മാവിൽ തൂക്കിയ കണ്ണാടിയിൽ നോക്കി ഷേവ് ചെയ്യുന്ന, കൈലിയും ബനിയനും ധരിച്ച, ഇരുണ്ട നിറമുള്ളയാൾ മണിയാശാനല്ലാതെ വേറേയാരാണ്? ഇപ്രകാരം നാം അറിയുന്നതും എഴുത്തുകാരന്റെ ഭാവനയിൽ പിറന്നതുമായ നിരവധി കഥാപാത്രങ്ങൾ! കഥാപാത്രസമ്പന്നം എന്നു തന്നെ പറയാം.
ഹൈറേഞ്ചിൽ വളർന്ന കഥാകാരന്റെ ഭാഷാപ്രയോഗത്തിലെ ശക്തി കൂടുതൽ പ്രകടമാകുന്നത് ഹൈറേഞ്ച് ഭൂമികയാകുന്ന കഥകളിലാണ് എന്നതിൽ അതിശയോക്തിക്ക് വകയില്ല. പല കഥകളിലും തമിഴും മലയാളവും കലർന്ന ഭാഷ കടന്നുവരുന്നുണ്ട്. ഭാഷ കൊണ്ട് തണുപ്പുള്ള ഒരു പ്രകൃതിയെ കഥകളിൽ അനുഭവിപ്പിക്കുന്നുണ്ട് മോബിൻ. ലളിതമായ ഭാഷയിൽ എഴുതിയ പതിമൂന്നു കഥകളാണ് സമാഹാരത്തിലുള്ളത്.
കഥകളിലെ പുരുഷന്മാർ കഥയെയും കഥകളിലെ ജീവിതത്തെയും നയിക്കുന്നവരാണ്. തീരുമാനങ്ങൾ അവരുടേതാണ്. അവരാണ് യാത്രകൾ ചെയ്യുന്നത്. മഞ്ഞും മലകളും നിറഞ്ഞ പ്രകൃതിയും അവർക്ക് അനുകൂലമാണ്. ചിലരെങ്കിലും അദ്ഭുതക്കൂട്ടുള്ള ചാരായമടിച്ച് പ്രതിസന്ധികൾക്കിടയിലും ജീവിതം ആഘോഷമാക്കിയവരാണ്. ആകാശത്തുകൂടെ പായുന്ന ആൺ മിന്നലുകളാണ്. ആ മിന്നലുകൾ ചിലപ്പോഴെങ്കിലും സ്ത്രീ ജീവിതങ്ങൾക്കുമേൽ വെള്ളിടിയായി വെട്ടുന്നുമുണ്ട്.
Published: 31 Aug 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented