മോഹൻലാൽ ഓഷോയെക്കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹരമായ ഉള്ളം തൊട്ട ഉറവയെപ്പറ്റി പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ ശ്രീകാന്ത് കോട്ടക്കൽ എഴുതുന്നു..
 

To advertise here,

2006-ൽ, തൊടുപുഴയിൽവെച്ച്, രസതന്ത്രം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് മോഹൻലാൽ ഓഷോ രജനീഷിനെക്കുറിച്ച് ആദ്യമായി എന്നോട് സംസാരിക്കുന്നത്. സ്വാമി രാമയുടെ പ്രശസ്തമായ LIVING WITH HIMALAYAN MASTERS എന്ന പുസ്തകത്തെക്കുറിച്ചുള്ള സംസാരത്തെത്തുടർന്നാണ് ലാൽ ഓഷോയിലേക്ക് വഴുതിയത്.
ഓഷോയുടെ പുസ്തകങ്ങൾ വായിക്കുന്നതിനെക്കുറിച്ചും പ്രഭാഷണങ്ങൾ കേൾക്കുന്നതിനെക്കുറിച്ചും ഒരുതവണ പുണെയിലെ ഓഷോ കമ്യൂണിൽ പോയതിനെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചു. ആകാശത്ത് പാടുകളൊന്നും വീഴ്ത്താതെ പറന്നുപോവുന്ന പക്ഷികളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു...

പിന്നീട്, കഴിഞ്ഞ പത്തൊൻപതു വർഷങ്ങൾക്കിടെ എത്രയോ അവസരങ്ങളിൽ ഏതൊക്കെയോ ഇടങ്ങളിലിരുന്ന് ഞങ്ങൾ ഓഷോയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വായിച്ച പുസ്തകങ്ങളെക്കുറിച്ച്, രജനീഷിനു മാത്രം സാധിക്കുന്ന ഉൾക്കാഴ്ചകളെക്കുറിച്ച്, അദ്ദേഹത്തിന്റെ റെബലിയസ് ആയ ജീവിതത്തെക്കുറിച്ച്, ഫലിതബോധത്തെക്കുറിച്ച്, മുഖംനോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളെക്കുറിച്ച്, ഗൗതമബുദ്ധന്റെ ധർമ്മപദയ്ക്ക് അദ്ദേഹം നൽകിയ ബൃഹദ് വ്യാഖ്യാനത്തെക്കുറിച്ച്, ഭഗവദ്ഗീതാ വ്യാഖ്യാനത്തെക്കുറിച്ച്, വിജ്ഞാൻ ഭൈരവതന്ത്രയെക്കുറിച്ച്, സെൻബുദ്ധിസത്തെയും താവോയിസത്തെയും കുറിച്ച്... ഒന്നിനുംവേണ്ടിയല്ലാത്ത സല്ലാപങ്ങൾ.

ഇറ്റാലിയനായ ലക്ഷൻ സുകാമേലി എന്ന ഓഷോ ശിഷ്യൻ, എഴുതിത്തയ്യാറാക്കിയ തിരക്കഥയുമായി ഓഷോയെക്കുറിച്ചുള്ള സിനിമയെടുക്കാൻ മോഹൻലാലിനടുത്ത് എത്തിയത് കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. ലാൽ ഓഷോയായി അഭിനയിക്കണം എന്നായിരുന്നു ലക്ഷന്റെ ആഗ്രഹം. 'ഇതൊരു നിയോഗമായിരിക്കാം' എന്നു പറഞ്ഞ് ലാൽ അന്ന് ഏറെ ആഹ്ലാദിച്ചു. തിരക്കഥ എനിക്ക് വായിക്കാൻ തന്നു. ആദ്യ കുറേ ഭാഗങ്ങൾ വായിച്ചതോർക്കുന്നു. സാദ്ധ്യതയുള്ള എഴുത്തായിരുന്നു അത്. ആ സിനിമയ്ക്കുവേണ്ടി മോഹൻലാൽ മേക്കപ്പ് ടെസ്റ്റും ഒഡിഷൻ ടെസ്റ്റും നടത്തി. ഓഷോയുടെ നീണ്ട് മൃദുലമായ വിരലുകളുടെ ചലനങ്ങൾ വീഡിയോ നോക്കിപ്പഠിച്ചു. ഓഷോ ഇംഗ്ലീഷ് വാക്കുകൾ ഉച്ചരിക്കുന്ന രീതിയിലെ പ്രത്യേകതകൾ മനസ്സിലാക്കി. അദ്ദേഹം നടക്കുന്ന രീതി പരിശീലിച്ചു...

പക്ഷേ, സിനിമയ്ക്കുമാത്രം മനസ്സിലാവുന്ന ഏതൊക്കെയോ കാരണങ്ങൾകൊണ്ട് ആ പ്രോജക്ട് നടന്നില്ല. ഓഷോ ഉപയോഗിച്ചിരുന്ന ഒരു രോമത്തൊപ്പി ലാലിന് സമ്മാനിച്ച് ലക്ഷൻ ഇറ്റലിയിലേക്കു മടങ്ങി. കുറച്ചു മാസങ്ങൾക്കുമുമ്പ് ലക്ഷൻ മരിച്ചു.

''അതും ഒരു നിയോഗമാവാം,'' ലക്ഷന്റെ മരണവാർത്ത കേട്ട് മോഹൻലാൽ പറഞ്ഞു.

രണ്ടുമാസങ്ങൾക്കുമുമ്പ്, സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പുണെയിൽ എത്തിയ മോഹൻലാൽ കോറിഗോൺ പാർക്കിലെ ഓഷോ കമ്യൂൺ സന്ദർശിക്കുകയാണ് ആദ്യം ചെയ്തത്. കമ്യൂൺ കണ്ട് തിരിച്ചുവന്ന രാത്രി സംസാരിച്ചപ്പോൾ ലാൽ പറഞ്ഞു:

''നിങ്ങൾ വന്നാൽ അപൂർവ്വമായ ഒരു കാഴ്ച കാണാനുള്ള അവസരമുണ്ടാക്കിത്തരാം. നിങ്ങൾക്കെന്തായാലും ഇഷ്ടപ്പെടും. അധികമാരും കാണാത്തതാണ്.''

മോഹൻലാലിന്റെ മോഹിപ്പിക്കുന്ന വാക്കുകളുടെ ചിറകിലേറി ഞാനും, സുഹൃത്തും മാതൃഭൂമി ബുക്സിന്റെ മാനേജരുമായ നൗഷാദും പുണെയിലെത്തി. കോറിഗോൺ പാർക്കിലെ ഓഷോ കമ്യൂണിൽ, മോഹൻലാലിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കപ്പെട്ടു. സ്വാമി ദേവേന്ദ്രഭാരതിയും മാ അമൃത്സാധനയും ഞങ്ങൾക്ക് കമ്യൂൺ മുഴുവൻ കാണിച്ചുതന്നു. മോഹൻലാൽ ഞങ്ങൾക്കായി കാത്തുവെച്ച വിസ്മയം എന്തായിരിക്കാം എന്നതിനെക്കുറിച്ച് ഒരു പിടിയുമില്ലായിരുന്നു.

കമ്യൂണിലെ ഏറ്റവും പഴയ കെട്ടിടത്തിലായിരുന്നു ആ കാഴ്ച ഞങ്ങളെ കാത്തിരുന്നിരുന്നത്. അതിന്റെ താഴേ നിലയിൽ, ഓഷോയുടെ കിടപ്പുമുറിയോടു ചേർന്ന് ആ അദ്ഭുതം തിരമാലകൾപോലെ ഞൊറിഞ്ഞുഞൊറിഞ്ഞ് നീണ്ടുകിടന്നു. ഓഷോയുടെ സ്വകാര്യ ലൈബ്രറി. എൺപത്തിഅയ്യായിരം പുസ്തകങ്ങൾ, ചില്ലലമാരകൾക്കകത്തിരുന്ന് ഞങ്ങളെ നോക്കി മന്ദഹസിച്ചു! എല്ലാം ഓഷോ വായിച്ചവ. പുസ്തകങ്ങൾ പാകി നിർമ്മിച്ച ഒരു വൻമതിൽപോലെ തോന്നിച്ചു അത്. സാഹിത്യം, മതം, ദർശനം, മനഃശാസ്ത്രം, ഫലിതം, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം തുടങ്ങി മനുഷ്യവിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലുംപെട്ട പുസ്തകങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകമെങ്കിലുമുണ്ടോ എന്ന് ഞാൻ പരതിനോക്കി. ഒറ്റപ്പുസ്തകം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ. സാമാന്യം നന്നായി പുസ്തകം വായിക്കുന്നയാളാണ് എന്ന എന്റെ സ്വകാര്യാഹങ്കാരം വെയിൽച്ചൂടിൽ വെള്ളത്തുള്ളിയെന്നപോലെ ആ ലൈബ്രറിക്കുമുന്നിൽവെച്ച് ആവിയായിപ്പോയി.

അതിനുവേണ്ടിക്കൂടിയായിരിക്കുമോ മോഹൻലാൽ ആ പുസ്തകവനത്തിലേക്ക് ഞങ്ങളെ കയറ്റിവിട്ടത്? എന്റെ സംസാരങ്ങളിൽ എപ്പോഴെങ്കിലും അത്തരത്തിലുള്ള അഹങ്കാരത്തിന്റെ താപം അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കുമോ? അഹങ്കാരവും കൂർക്കംവലിയും മറ്റുള്ളവർക്കുമാത്രം മനസ്സിലാക്കാൻ കഴിയുന്ന രോഗങ്ങളാണല്ലോ. എനിക്ക് ലാൽ തന്ന കുസൃതികലർന്ന ശിക്ഷയായിരിക്കാം അത്. മഹാപ്രതിഭകളുടെ മനോഗതങ്ങൾ ആർക്ക് മനസ്സിലാക്കാൻ സാധിക്കും!

 

തുടർന്ന് പുണെയിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ടുദിവസവും മോഹൻലാൽ കൂടുതലും സംസാരിച്ചിരുന്നത് രജനീഷിനെക്കുറിച്ചായിരുന്നു. ഒരു മനുഷ്യൻ സവിശേഷമായ ഏതെങ്കിലും ദർശനത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന് ബാഹ്യലോകത്തിന് അറിയാൻ സാധിക്കാത്ത നിരവധി കാരണങ്ങളുണ്ടായിരിക്കാം. യേശുദാസ് ജിദ്ദു കൃഷ്ണമൂർത്തിയുടെ ദർശനങ്ങളിൽ ആകൃഷ്ടനാണ്; ഇളയരാജയും രജനീകാന്തും രമണമഹർഷിയെ പിന്തുടരുന്നവരാണ്; സുനിൽ ഗാവസ്‌കർ പുട്ടപർത്തിയിൽ സായിബാബയുടെ ആരാധകനായിരുന്നു. ഹിന്ദി നടൻ വിനോദ് ഖന്ന ഓഷോ രജനീഷിന്റെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യരിലൊരാളായിരുന്നു.

ഗുരുവായൂർ, ശബരിമല, മൂകാംബിക, ഷിർദ്ദി എന്നിവിടങ്ങളിൽ കൂടക്കൂടെ ദർശനം നടത്തുന്നയാളാണ് മോഹൻലാൽ. മാതാ അമൃതാനന്ദമയി അദ്ദേഹത്തിന്റെ ആരാധ്യ മാതൃബിംബമാണ്. പുട്ടപർത്തിയിലും ഷിർദ്ദിയിലും ഷിർദ്ദിക്കപ്പുറത്തെ ശനി ശിംഗനാപ്പൂരിലും ശ്രാവണ ബലഗോളയുടെ ഉയരങ്ങളിലും മോഹൻലാൽ പോയത് മലയാളി കണ്ടിട്ടുണ്ട്. കൈലാസയാത്രയ്‌ക്കൊരുങ്ങി അത് മുടങ്ങിയതും കണ്ടിട്ടുണ്ട്.

ഇവയിൽനിന്നെങ്ങനെയാണ് മോഹൻലാലിന്റെ ഓഷോ പ്രണയം വ്യത്യസ്തമാവുന്നത്? മറ്റുള്ളതെല്ലാം അദ്ദേഹത്തിന്റെ ഭക്തിയുടെ പുഷ്പിക്കലാണെങ്കിൽ ഓഷോയോടുള്ളത് തീർത്തും ദാർശനികമായ തലചായ്ക്കലാണ്. ഇഹപരത്തിലെ യാതൊരു ആഗ്രഹങ്ങളുടെ പൂർത്തീകരണവും ഓഷോ ദർശനങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. ധ്യാനമഗ്നമായ ഇന്നിന്റെ പൂർണ്ണമായ വിടരലാണ് ഓഷോയുടെ ദർശനത്തിന്റെ സത്ത. അതിൽ ബൗദ്ധികതയുണ്ട്, മിസ്റ്റിസിസത്തിന്റെ സുഗന്ധമുണ്ട്, ഫലിതത്തിന്റെ ലാഘവത്വമുണ്ട്, മനഃശാസ്ത്രത്തിന്റെ തലങ്ങളുണ്ട്, ശുദ്ധമായ ധ്യാനം പങ്കിടുന്ന ആന്തരിക ഏകാന്തതയുണ്ട്. ഇവയെല്ലാം ഏതെല്ലാമോ വിധങ്ങളിൽ മോഹൻലാലിന്റെ ആന്തരികജീവിതത്തെ സ്പർശിച്ചിട്ടുണ്ടാവണം.

ലോകത്തെ ഏറ്റവും അഗാധമായ വിഷയങ്ങളെക്കുറിച്ച് ഏറ്റവും ലളിതമായി സംസാരിച്ച മാസ്റ്ററാണ് ഓഷോ രജനീഷ്. അടിതെളിഞ്ഞ ഒരു അരുവിപോലെ ഓഷോയുടെ ഭാഷണങ്ങൾ ഒഴുകുന്നു. ഓരോ മനുഷ്യന്റെയും വ്യത്യസ്തമായ ജീവിതസമസ്യകളുടെ അടിസ്ഥാനകാരണങ്ങളെ ഓഷോ ദർശനങ്ങൾ ചെന്നുതൊടുന്നു. അവയ്ക്കൊന്നിനും മരുന്ന് അദ്ദേഹം നിർദ്ദേശിക്കുന്നില്ല; അവയുടെ കാരണം കാണിച്ചുതരികമാത്രം ചെയ്യുന്നു.

ഓഷോ സംസാരിച്ചതും അധികം പ്രകാശിതമല്ലാത്തതുമായ പതിനാറു വിഷയങ്ങളെക്കുറിച്ചാണ് മോഹൻലാൽ ഇവിടെ എഴുതുന്നത്. ഇതിൽ ഏകാന്തതയും ഒറ്റപ്പെടലുമുണ്ട്; ഭയവും മരണവുമുണ്ട്; ഭക്ഷണവും പേരന്റിങ്ങുമുണ്ട്; ചിരിയുണ്ട്, ബന്ധങ്ങളുണ്ട്; ഖലീൽ ജിബ്രാനും ബുദ്ധനുമുണ്ട്... ഈ കുറിപ്പുകളിൽ മോഹൻലാൽ എന്ന വ്യക്തിയുടെയും നടന്റെയും വൈയക്തിക അനുഭവങ്ങളും ആലോചനകളും നിരീക്ഷണങ്ങളും ഓഷോയുടെ ദർശനങ്ങളുമായി ഇടകലരുന്നു. തന്നിലൂടെ ഓഷോയെയും ഓഷോയിലൂടെ തന്നെയും കണ്ടെത്താനുള്ള അസാധാരണമായ ഒരു അന്വേഷണയാത്രകൂടിയാണ് ഈ കുറിപ്പുകൾ. ഇവ നമ്മുടെ കാലത്തെ ഒരു മഹാനടൻ നമുക്കായി വെളിപ്പെടുത്തുന്ന ആത്മഭാഷണങ്ങൾകൂടിയാണ്.

മോഹൻലാൽ തന്നിലൂടെ ഓഷോയെക്കുറിച്ചെഴുതുമ്പോൾ പുഴയിൽ മഴവില്ല് തെളിയുന്നതുപോലുള്ള മോഹനദൃശ്യമാകുന്നു അത്