ഇന്‍ഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുര്‍ഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂര്‍ത്തിയേയും സുധാ മൂര്‍ത്തിയേയും കുറിച്ച് വിവരിക്കുന്നുണ്ട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അത്രമേല്‍ അപൂര്‍ണ്ണം' എന്ന പുസ്തകത്തില്‍. ഒരു ഭാഗം വായിക്കാം...

To advertise here,

പുറംരാജ്യങ്ങളിലെ ഏതെങ്കിലും മികച്ച സര്‍വകലാശാലയില്‍നിന്നും ഗവേഷണബിരുദം നേടുക എന്നത് നാരായണമൂര്‍ത്തിയുടെ മനസ്സിലെ രഹസ്യ സ്വപ്നമായിരുന്നു. എന്നാല്‍ ആ സ്വപ്നത്തിനപ്പുറംനിന്ന് യാഥാര്‍ഥ്യങ്ങള്‍ അയാളെ തുറിച്ചുനോക്കി. പെണ്‍മക്കളുടെ വിവാഹം എങ്ങനെ നടത്തും എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട് വിഷമിക്കുന്ന അച്ഛന്‍, വീട്ടില്‍ നിത്യദാരിദ്ര്യം. എന്നിട്ടും ആ യുവാവ് വെറുതേ സ്വപ്നം കണ്ടു; അതിന് ചെലവൊന്നുമില്ലല്ലോ.

എന്നാല്‍ നാരായണമൂര്‍ത്തിക്കുള്ള വിധിയുടെ വിളി വന്നത് അങ്ങ് ദൂരെ ഫ്രാന്‍സില്‍നിന്നായിരുന്നു. പാരീസിലെ ചാള്‍സ് ഡിഗോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ ഓപ്പറേറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള പതിനെട്ടംഗ സംഘത്തില്‍ മൂര്‍ത്തിക്കും ഇടംകിട്ടി. യുദ്ധാനന്തര ഫ്രാന്‍സ്, കലയും വിപ്ലവവും സംസ്‌കാരവും ഇരമ്പിമറിയുന്ന പാരീസ്. തീര്‍ച്ചയായും സാമ്പത്തികവും മെച്ചപ്പെടും. നാരായണമൂര്‍ത്തി അതു തിരഞ്ഞെടുത്തു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴിയായിരുന്നു യാത്ര. അവിടെവെച്ചാണ് മൂര്‍ത്തി ആദ്യമായി സെന്‍സറിന്റെ സഹായത്താല്‍ അടയുകയും തുറക്കുകയും ചെയ്യുന്ന വാതില്‍ കണ്ടത്. അവ അറബിക്കഥകളെ ഓര്‍മ്മിപ്പിച്ചു. തുറക്കുകയും അടയുകയും ചെയ്യുന്ന അവയിലൂടെ പ്രവഹിക്കുന്ന മനുഷ്യര്‍; അപരിചിത മുഖങ്ങളുടെ കടല്‍. ഫ്രഞ്ച് ഭാഷയോ അവിടത്തെ പണത്തിന്റെ കണക്കോ അറിയാതെ ജോലിയില്‍ പ്രവേശിച്ച നാരായണമൂര്‍ത്തിക്ക് എത്ര രൂപ ശമ്പളമായി ആവശ്യപ്പെടണം എന്ന കാര്യംപോലും അറിയില്ലായിരുന്നു. അഞ്ഞൂറ് ഫ്രാങ്കായിരുന്നു അദ്ദേഹം ആവശ്യപ്പെട്ട തുക. ആ പണം അവിടത്തെ താമസത്തിനും വട്ടച്ചെലവിനുപോലും തികയില്ലായിരുന്നു. കിട്ടുന്നതിന്റെ വലിയൊരു ഭാഗം മൂര്‍ത്തി വീട്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും; അച്ഛന് അല്‍പ്പമെങ്കിലും മനസ്സമാധാനവും ഉറക്കവും ലഭിക്കട്ടെ.

മാസാവസാനമാവുമ്പോഴേക്കും ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്ത അവസ്ഥയിലേക്കെത്തും. വെന്‍ഡിങ് മെഷീനില്‍നിന്നും ലഭിക്കുന്ന ചോക്ലേറ്റും പൈപ്പിലെ വെള്ളവും കുടിച്ച് മൂര്‍ത്തി വിശപ്പടക്കും. പ്രസിദ്ധമായ സോര്‍ബോണ്‍ സര്‍വകലാശാലയുടെ അടുത്തായിരുന്നു മൂര്‍ത്തി താമസിച്ചിരുന്നത്. അറിവിന്റെ പ്രകാശം അവിടത്തെ ആകാശം മുഴുവന്‍ പരന്നിരുന്നു. ഭാഷയറിയാതെ പാരീസിലെ ജീവിതം ദുഷ്‌കരമാണ് എന്നു മനസ്സിലായപ്പോള്‍ മൂര്‍ത്തി ഫ്രഞ്ച് പഠിച്ചുതുടങ്ങി. ഉറക്കം തീരെക്കുറച്ച് മിച്ചംപിടിച്ച സമയമുപയോഗിച്ചായിരുന്നു പഠനം. ''രാത്രി ഭക്ഷണത്തിന് ഞാന്‍ എന്നും ഒരേ ഹോട്ടലില്‍ പോയി. എല്ലാ ദിവസവും ഓംലെറ്റ്തന്നെ കഴിച്ചു. കാരണം, മറ്റൊരു ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ എനിക്കറിയില്ലായിരുന്നു,'' പിന്നീട് അദ്ദേഹം സുധയോടു പറഞ്ഞു.

ഇന്ത്യയ്ക്കു പുറത്ത് മറ്റൊരു ലോകത്തെ കണ്ടെത്തുകയായിരുന്നു മൂര്‍ത്തി. മുതലാളിത്തരാജ്യമായ ഫ്രാന്‍സില്‍ ജീവിതം കൂടുതല്‍ സമ്പന്നമാണ്. ആരോഗ്യമുള്ളവരാണ് മനുഷ്യര്‍. വൃത്തിയുള്ളതാണ് ചുറ്റുപാടുകള്‍. താന്‍ വിശ്വസിച്ചിരുന്ന നെഹ്രുവിയന്‍ ഇടതുചിന്തയെക്കുറിച്ച് മൂര്‍ത്തിക്ക് സംശയം തോന്നിത്തുടങ്ങി. പാരീസിലെ കഫേകളിലായിരുന്നു ഫ്രഞ്ച് കലയും ചിന്തയും പുഷ്പിച്ചിരുന്നത്. അത്തരം കഫേകളില്‍ മൂര്‍ത്തിയും കയറിയിറങ്ങിത്തുടങ്ങി. അവിടെവെച്ച് അദ്ദേഹം ജീന്‍ പോള്‍ സാര്‍ത്രിനേയും സിമോണ്‍ ദ ബുവേയേയും കണ്ടു. അവര്‍ക്കു ചുറ്റും ബൗദ്ധികതയുടെ ജ്വലനം പരന്നിരിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ടു. ജോര്‍ജ് മെര്‍ക്കായിസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളെക്കണ്ട് സംസാരിച്ചു. 1959-68 കാലത്തെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലൂടെയാണ് ഫ്രാന്‍സ് വളര്‍ന്നത് എന്ന് മൂര്‍ത്തി മനസ്സിലാക്കി. ഫാഷനും സുഗന്ധദ്രവ്യങ്ങളും പാരീസിന്റെ പെരുമ ലോകമെങ്ങുമെത്തിച്ചു. നാരായണമൂര്‍ത്തിയില്‍ അതുവരെ മനസ്സിലാക്കിവെച്ചതിലപ്പുറമുള്ള തിരിച്ചറിവുകള്‍ നിറയുകയായിരുന്നു.

ഒഴിവുദിനങ്ങള്‍ മൂര്‍ത്തി യാത്രകള്‍ക്കായിരുന്നു നീക്കിവെച്ചത്. അതിര്‍ത്തികള്‍ കടന്ന് ദൂരങ്ങളിലേക്ക് അദ്ദേഹം പോയിവന്നു: ജര്‍മനി, ഹോളണ്ട്, ബ്രസീല്‍, ബ്രിട്ടന്‍... എല്ലായിടത്തും നാരായണമൂര്‍ത്തി കണ്ടത് വളര്‍ച്ച, സ്വാതന്ത്ര്യം, ത്രസിക്കുന്ന സമ്പദ്രംഗം എന്നിവയായിരുന്നു. പില്‍ക്കാലത്ത് മൂര്‍ത്തി സുധയോടു പറഞ്ഞു: ''ഇന്ത്യയുടെ ദരിദ്രാവസ്ഥ എങ്ങനെ പരിഹരിക്കാം എന്നാലോചിച്ച് ഞാന്‍ തലപുകച്ചിരുന്നു. നല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നല്ല വേതനം നല്‍കുന്നതിലൂടെ മാത്രമേ ഇതിനു സാധിക്കൂ എന്നെനിക്ക് ബോധ്യമായി. സംരഭകര്‍ക്കു മാത്രമേ ഈ വിപ്ലവവും നടത്താന്‍ പറ്റുമായിരുന്നുള്ളൂ. ആശയങ്ങളെ അവര്‍ക്ക് തൊഴിലവസരങ്ങളാക്കാം. തൊഴിലവസരങ്ങളുണ്ടാക്കല്‍ സര്‍ക്കാരിന്റെ ജോലിയല്ല. പിരിക്കുന്ന കരമുപയോഗിച്ച് ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പ്രതിരോധം, നയതന്ത്രം എന്നിവ നല്ലരീതിയില്‍ നടപ്പാക്കലാണ് സര്‍ക്കാരിന്റെ ചുമതല. ഇതു മനസ്സിലാക്കി സര്‍ക്കാരുകള്‍ സംരംഭകരെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കണം.'' ലോകസഞ്ചാരവും സൂക്ഷ്മനിരീക്ഷണവും മൂര്‍ത്തിയില്‍ പകര്‍ന്നതായിരുന്നു ഈ വെളിച്ചം.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തിലെ പദ്ധതി കഴിഞ്ഞിട്ടും അവിടെത്തന്നെ തുടരാന്‍ പ്രോജക്ട് മേധാവി മൂര്‍ത്തിയെ നിര്‍ബന്ധിച്ചു. ശമ്പളം കൂട്ടിനല്‍കാം എന്നു പറഞ്ഞ് മോഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ നാരായണമൂര്‍ത്തിയെ നാട് വിളിച്ചുകൊണ്ടേയിരുന്നു. ഒരു സംരംഭകനാവണം എന്ന മോഹം അതിനകംതന്നെ അദ്ദേഹത്തില്‍ അങ്കുരിച്ചിരുന്നു.

ഇരുമ്പുമറയില്‍പ്പെട്ട കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഫ്രാന്‍സില്‍നിന്നും തിരിച്ചുപോരുന്നതിനു മുമ്പ് സന്ദര്‍ശിക്കണം എന്ന് മൂര്‍ത്തി തീരുമാനിച്ചിരുന്നു. യാത്രാവശ്യത്തിനു മാത്രമുള്ള ഒരു ചെറിയ തുക കൈയില്‍ വെച്ച് ബാക്കിയെല്ലാം അദ്ദേഹം വീട്ടിലേക്ക് അയച്ചുകൊടുത്തു. 'മൂന്നാംലോകത്തിന്റെ സഹോദരന്മാരെ'ക്കാണാന്‍ കിട്ടുന്ന വാഹനത്തില്‍ക്കയറി തോന്നുന്നിടത്ത് ഉറങ്ങിയുള്ള ഒരു അലസയാത്രികനായി മൂര്‍ത്തി ഇറങ്ങി. ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, പോളണ്ട്, ചെക്കോസ്ലൊവാക്യ, റഷ്യ, ഹംഗറി, തുര്‍ക്കി, യുഗോസ്ലാവ്യ, ഇറാഖ്, ഇസ്രയേല്‍, ഇറാന്‍, അഫ്ഗാനിസ്താന്‍... ഇങ്ങനെ നീണ്ടതായിരുന്നു ആ യാത്ര.

കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഹിച്ച് ഹൈക്കിങ് അനുവദിച്ചിരുന്നില്ല. അവര്‍ക്ക് എല്ലാവരേയും സംശയമായിരുന്നു. ദാരിദ്ര്യം കാരണം ട്രക്ക് ഡ്രൈവര്‍മാര്‍വരെ കൈക്കൂലി വാങ്ങുമായിരുന്നു. യുഗോസ്ലാവിയ-ബള്‍ഗേറിയ അതിര്‍ത്തിയിലെ നിസില്‍ എന്ന റെയില്‍വേസ്റ്റേഷനില്‍ ആ നാട്ടിലെ കറന്‍സി കൈയിലില്ലാതെ മൂര്‍ത്തി ഇരുന്നു. ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയിലേക്കായിരുന്നു അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. വിശന്നും പൈപ്പുവെള്ളം കുടിച്ചും മൂര്‍ത്തി ഇരുന്നു. പിറ്റേന്ന് പകലും അങ്ങനെതന്നെ കടന്നുപോയി. ഒടുവില്‍, രാത്രി പുറപ്പെടുന്ന സോഫിയ എക്‌സ്പ്രസ്സില്‍ മൂര്‍ത്തി കയറിക്കൂടി. അതില്‍വെച്ച് ഒരു യുവതിയെ അദ്ദേഹം പരിചയപ്പെട്ടു. അവള്‍ ബള്‍ഗേറിയന്‍ പൗരയായിരുന്നു. കീവ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം നടത്താന്‍ എത്തിയതായിരുന്നു. 

കിഴക്കന്‍ ജര്‍മനിയില്‍നിന്നും ഇതേ കോഴ്‌സ് പഠിക്കാനായി എത്തിയ യുവാവുമായി അവിടെവെച്ച് അവള്‍ പ്രണയത്തിലായി. അവര്‍ സ്വന്തം സര്‍ക്കാരുകളോട് വിവാഹിതരാവാനുള്ള സമ്മതം തേടി. കിഴക്കന്‍ ജര്‍മനിയിലേക്ക് കുടിയേറാന്‍ അവള്‍ സ്വന്തം സര്‍ക്കാരിനോട് അനുവാദം ചോദിച്ചു. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ പഠിച്ചതുകൊണ്ട് അഞ്ചുവര്‍ഷം സ്വന്തം രാജ്യത്ത് ജോലി ചെയ്തതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങളിലേക്കു പോകാന്‍ സാധിക്കൂ എന്ന് മറുപടി കിട്ടി. കാമുകന്റെ കാര്യത്തില്‍ അയാളുടെ മാതൃരാജ്യമായ കിഴക്കന്‍ ജര്‍മനിയും അതേ നിലപാടെടുത്തു. ഇതു കാരണം അവള്‍ ആറുമാസത്തിലൊരിക്കല്‍ കമ്യൂണിസ്റ്റ് ഇടനാഴിയായ ബള്‍ഗേറിയ, യുഗോസ്ലാവ്യ, ഹംഗറി, ചെക്കോസ്ലൊവാക്യവഴി കിഴക്കന്‍ ബെര്‍ലിനില്‍ച്ചെന്ന് കാമുകനെക്കണ്ട് മടങ്ങുന്നു. പാതി കരഞ്ഞുകൊണ്ടായിരുന്നു അവള്‍ തന്റെ കഥ മൂര്‍ത്തിയോടു പറഞ്ഞത്. അവള്‍ക്ക് തൊട്ടടുത്തിരുന്നയാളെ മൂര്‍ത്തി ശ്രദ്ധിച്ചിരുന്നില്ല. അയാള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ കുറച്ച് പോലീസ് ഓഫീസര്‍മാര്‍ കംപാര്‍ട്ട്‌മെന്റിലേക്കു കയറിവന്ന് ആ യുവതിയെ തൂക്കിയെടുത്തു കൊണ്ടുപോയി. മൂര്‍ത്തിയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി, എട്ടടി മാത്രം നീളമുള്ള ജയില്‍മുറിയിലിട്ടു പൂട്ടി. പാസ്‌പോര്‍ട്ടടക്കം എല്ലാം പിടിച്ചെടുത്തു. തണുത്ത തറ, ടോയ്‌ലെറ്റായി വെറുമൊരു തുള, ശൈത്യകാലം. ഭക്ഷണമില്ല, വെളിച്ചമില്ല. കംപാര്‍ട്ട്‌മെന്റില്‍ തൊട്ടടുത്തിരുന്നയാള്‍ സര്‍ക്കാര്‍ ഏജന്റായിരുന്നു എന്ന കാര്യം അപ്പോള്‍ മാത്രമാണ് മൂര്‍ത്തിക്കു മനസ്സിലായത്.

സാഹിത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

''എന്റെ എല്ലാ പ്രതീക്ഷകളുമണഞ്ഞു. നിസ് എന്ന ഈ കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ തണുത്തുവിറച്ച് മരിക്കും എന്ന് ഞാന്‍ തീര്‍ച്ചയാക്കി,'' മൂര്‍ത്തി സുധയോട് പറഞ്ഞു.
പിറ്റേന്ന് പോലീസുകാര്‍ അദ്ദേഹത്തെ വീണ്ടും പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി, ഒരു ചരക്കുവണ്ടിയില്‍ കയറ്റിവിട്ടു. ഇന്ത്യയുമായി സൗഹൃദബന്ധമുള്ള തുര്‍ക്കിയില്‍വെച്ചു മാത്രമേ പാസ്‌പോര്‍ട്ട് തിരിച്ചുകൊടുക്കൂ എന്നു പറഞ്ഞാണ് മൂര്‍ത്തിയെ അവര്‍ ആ ചരക്കുവണ്ടിയില്‍ തള്ളിക്കയറ്റിയത്.

പ്രായോഗിക കമ്യൂണിസ്റ്റ് സര്‍വാധിപിത്യത്തിന്റെ ദുഷ്ടവശങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ആ അനുഭവവും ചരക്കുവണ്ടിയാത്രയും നാരായണമൂര്‍ത്തിയെ പ്രേരിപ്പിച്ചു. ഇത്രയും കാലം താന്‍ മുറുകെപ്പിടിച്ച തത്ത്വശാസ്ത്രങ്ങളോടും അതിന്റെ പ്രായോഗിക വശങ്ങളോടുമുള്ള അരിശം ഇസ്താംബുളിലെത്തിയിട്ടും മൂര്‍ത്തിയില്‍നിന്നും വിട്ടുപോയില്ല. തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം സുധയോട് പറഞ്ഞു: ''അതിനു ശേഷം ഞാന്‍ സംശയാലുവായ ഒരു ഇടതുപക്ഷക്കാരനായി. എങ്കിലും, സോഷ്യലിസ്റ്റായി തുടരുന്നതില്‍നിന്നും അതെന്നെ പിറകോട്ടു വലിച്ചില്ല. എന്റേതായ ഒരു കാപ്പിറ്റലിസ്റ്റ് സിദ്ധാന്തം സൃഷ്ടിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. ഞാനതിനു compassionate capitalism എന്ന് പേരിട്ടു.''
അഫ്ഗാനിസ്താന്‍ വഴി ഇന്ത്യയിലേക്കുള്ള യാത്രയില്‍ മൂര്‍ത്തി സംഭരിച്ച പുസ്തകങ്ങളാണ് പിന്നീട് പുണെയില്‍വെച്ച് സുധ കണ്ടമ്പരന്നത്.

1974-ല്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും നാരായണമൂര്‍ത്തിയിലായി. വിദേശത്തുനിന്നും തിരിച്ചുവന്ന ഒരു കംപ്യൂട്ടര്‍വിദഗ്ധന് ഇന്ത്യയിലെ തൊഴില്‍ച്ചന്തയില്‍ അക്കാലത്ത് നല്ല വിലയുണ്ടായിരുന്നു. പ്രൊഫ. കൃഷ്ണയ്യ അഹമ്മദാബാദ് ഐ.ഐ.എം. വിട്ട് സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു തിങ്ക് ടാങ്ക് സ്ഥാപനം തുടങ്ങിയിരുന്നു. അദ്ദേഹം മൂര്‍ത്തിയെ ക്ഷണിച്ചു; 1800 രൂപ ശമ്പളം. ആരംഭിക്കുന്ന ഒരു സ്ഥാപനത്തില്‍നിന്നും അത്രയും ശമ്പളം വാങ്ങുന്നത് ശരിയല്ല എന്ന് മൂര്‍ത്തിയുടെ മനസ്സു പറഞ്ഞു. അതേസമയം തനിക്ക് വലിയൊരു കുടുംബം പുലര്‍ത്തുകയും വേണം. 

ശമ്പളമായി 900 രൂപ മാത്രം മതി എന്ന് അദ്ദേഹം പ്രൊഫ. കൃഷ്ണയ്യയോടു പറഞ്ഞു. ഒ.എന്‍.ജി.സി. പോലുള്ള നിരവധി പൊതുമേഖലാസംരംഭങ്ങളുമായി ഇക്കാലത്ത് മൂര്‍ത്തി ബന്ധപ്പെട്ടു. അവയെ മെച്ചപ്പെടുത്താന്‍ അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടുകളെല്ലാം പക്ഷേ, ഷെല്‍ഫില്‍ പൊടിപിടിച്ചിരിക്കുകയേ ഉണ്ടായുള്ളൂ. ഇത് മൂര്‍ത്തിയെ വല്ലാതെ നിരാശപ്പെടുത്തി. ലോകം കണ്ടുവന്ന്, സ്വന്തം രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് സ്വപ്നങ്ങളും കാഴ്ചപ്പാടുകളുമായി ജീവിക്കുന്ന ആ യുവാവ് തന്റെ യത്‌നം ഹോമിക്കപ്പെടുന്നതില്‍ സങ്കടപ്പെട്ടു. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന മോഹം അദ്ദേഹത്തില്‍ തിടംവെച്ചുകൊണ്ടിരുന്നു.

കൃഷ്ണയ്യ മൂര്‍ത്തിയോടു പറഞ്ഞു: ''നമ്മള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നോ ഇല്ലയോ എന്ന കാര്യമൊന്നും എന്റെ വിഷയമല്ല. ഇക്കാര്യമൊക്കെ ഞാന്‍ ഏറെ അനുഭവിച്ചതാണ്. പക്ഷേ, താങ്കളുടെ അവസ്ഥ എനിക്കു മനസ്സിലാവും. എന്നെക്കാള്‍ ഏറെ ചെറുപ്പമാണ് താങ്കള്‍. താങ്കള്‍ പെട്ടെന്ന് ഫലം പ്രതീക്ഷിക്കുന്നു.''

ഒടുവില്‍ കൃഷ്ണയ്യയുടെ ആശീര്‍വ്വാദത്തോടെതന്നെ നാരായണമൂര്‍ത്തി സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും രാജിവെച്ചു. അന്ന് സുധയുടെ 26-ാം പിറന്നാളായിരുന്നു; പിറ്റേന്ന് മൂര്‍ത്തിയുടെ 29-ാം പിറന്നാളും.

ജോലിയില്ല, വരുമാനമില്ല, സമ്പാദ്യമില്ല; വലിയൊരു കുടുംബത്തിന്റെ ഏക ആശ്രയമാണ്. എടുത്താല്‍ പൊന്താത്തത്ര സ്വപ്നങ്ങളും ആശയങ്ങളും മനസ്സിലും ശിരസ്സിലുമുണ്ടുതാനും. ഇതായിരുന്നു അപ്പോള്‍ നാരായണമൂര്‍ത്തിയുടെ അവസ്ഥ.
''പദ്ധതികള്‍ നടന്നില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? അവിവാഹിതരായ മൂന്നു സഹോദരിമാര്‍ നിങ്ങള്‍ക്കുണ്ട്; അമ്മമ്മയും മുത്തശ്ശിയും താങ്കളെയാണ് ആശ്രയിക്കുന്നത്. ഞാനാണ് നിങ്ങളുടെ സ്ഥാനത്തെങ്കില്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു,'' സുധ പറഞ്ഞു.

നാരായണമൂര്‍ത്തി അതു കേട്ട് തല കുനിച്ച് ഇരുന്നു.
അതു കണ്ടപ്പോള്‍ മൂര്‍ത്തിയുടെ കൈ പിടിച്ച് സുധ പറഞ്ഞു:
''സാധിക്കുംവിധത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഞാനിവിടെയുണ്ട്.''
അന്നു രാത്രി പുണെയിലെ ചുങ് ഫാ ചൈനീസ് റെസ്റ്റോറന്റില്‍ പോയി അവര്‍ സ്വന്തം പിറന്നാളുകള്‍ ആഘോഷിച്ചു. ഭക്ഷണത്തിന്റെ ബില്‍ സുധ നല്‍കി. മൂര്‍ത്തിയുടെ കൈയില്‍, കൊടുക്കാന്‍ ഒന്നുമില്ലായിരുന്നു!

എവിടെ തുടങ്ങണം? എന്ത് തുടങ്ങണം? സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും രാജിവെച്ചിറങ്ങിയ നാരായണമൂര്‍ത്തിക്കു മുന്നില്‍ ചോദ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്വയം സംരംഭകനാകാനുള്ള ആഗ്രഹം ഉള്ളില്‍ തീക്കുണ്ഡംപോലെ ആളിയുയരുന്നു. വെറുമൊരു സംരംഭകനായി, ഏതു വിധേനയും ലാഭമുണ്ടാക്കി സുഖമായി ജീവിക്കുകയായിരുന്നില്ല മൂര്‍ത്തിയുടെ ലക്ഷ്യം. തന്റെ സംരംഭകത്വം രാജ്യത്തിന്റെ പുരോഗതിക്ക് ചെറിയ രീതിയിലെങ്കിലും സഹായകമാവണം. ഇന്ത്യയെ മെച്ചപ്പെടുത്തണം. ആഗ്രഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; മുന്നില്‍ വഴികളൊന്നും തെളിഞ്ഞിരുന്നില്ല.

'കംപ്യൂട്ടര്‍ വത്കരണത്തിന്റെ അമ്പരപ്പിക്കുന്ന ഫലങ്ങള്‍ യൂറോപ്പില്‍വെച്ച് നേരിട്ട് കണ്ടറിഞ്ഞയാളാണ് ഞാന്‍. സര്‍ക്കാരുകള്‍ മാത്രമല്ല, ബാങ്കുകളും വ്യവസായ സംരംഭകരും കംപ്യൂട്ടര്‍വത്കരണം നടത്തിക്കൊണ്ടേയിരിക്കുന്നു. മിനി കംപ്യൂട്ടര്‍, കംപ്യൂട്ടറിനെ ജനകീയമാക്കിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന്‍, ഐ.ബി.എം., ഡാറ്റാ ജനറല്‍ എന്നീ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളിലൂടെ വ്യവസായരംഗത്തെ മാറ്റിമറിക്കുകയായിരുന്നു. സമീപകാലങ്ങളില്‍ത്തന്നെ ഇന്ത്യയിലും ഇത് സംഭവിച്ചേ തീരൂ-അത് സംഭവിക്കുമ്പോള്‍ മുന്‍നിരയില്‍ എന്റെ കമ്പനിയുണ്ടാവണം,' തന്റെ ആഗ്രഹം മൂര്‍ത്തി സുധയോടു പറഞ്ഞു.

സോഫ്‌ട്രോണിക്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം മൂര്‍ത്തി ആരംഭിച്ചു. പേരില്‍ ചന്തമുണ്ടായിരുന്നെങ്കിലും സ്ഥാപനത്തിന് ഓഫീസുണ്ടായിരുന്നില്ല. സ്വന്തം വീടുതന്നെ മൂര്‍ത്തി ഓഫീസാക്കി, ഓഫീസുപോലുമില്ലാത്ത ഒരു കമ്പനിയുമായി സഹകരിക്കുന്നതില്‍ മിക്ക ഇടപാടുകാരും വിമുഖരായിരുന്നു. ജോലിക്ക് ആളെക്കിട്ടാനും മൂര്‍ത്തി ബുദ്ധിമുട്ടി. തൊട്ടപ്പുറത്ത് കിടപ്പുമുറിയുള്ള ഒരു വീടാണ് ഓഫീസ് എന്നു പറയാന്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു.

കംപ്യൂട്ടറുകള്‍ തൊഴില്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങളാണ് എന്നു കരുതി സര്‍ക്കാര്‍ അതിന്റെ ഇറക്കുമതി നിരോധിച്ച കാലമായിരുന്നു. കുരുങ്ങിക്കിടക്കുന്ന ചുവപ്പുനാടയുടെ പ്രശ്‌നം അതിലുമധികം. തന്റെ സിസ്റ്റത്തെ വികസിപ്പിക്കുന്നതിനായി മൂര്‍ത്തിക്ക് മുംബൈയിലെ ഡാറ്റാ സെന്ററുകളില്‍ പോവേണ്ടിവന്നു. ഇന്റര്‍നാഷണല്‍ കംപ്യൂട്ടേഴ്‌സ് ലിമിറ്റഡിന്റെ ഡാറ്റാ സെന്റര്‍ മുംബൈയിലായിരുന്നു. രാത്രി പുണെയില്‍നിന്നും ബസ് കയറി മൂര്‍ത്തി അവിടെയെത്തും. പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളില്‍ അവിടെ കംപ്യൂട്ടറുകള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു. ഒരു മെഷീനില്‍ മൂര്‍ത്തിക്ക് പതിനഞ്ചു മിനിറ്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ആ സമയം അദ്ദേഹം തന്റെ കോഡുകള്‍ ശേഖരിക്കും. ആ സമയത്ത് എന്തെങ്കിലും തെറ്റുപറ്റിയാല്‍ അടുത്ത ദിവസം രാത്രി അനുവദിക്കപ്പെടുന്ന പതിനഞ്ചു മിനിറ്റുവരെ കാക്കണമായിരുന്നു.

പതിനഞ്ചു മിനിറ്റ് മാത്രം കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ മുംബൈയില്‍നിന്നും പുണെയിലേക്കുള്ള ആ പാതിരായാത്ര കടുത്തതായിരുന്നു. പതിനഞ്ചു മിനിറ്റുവെച്ച് ഒരു മണിക്കൂറുപയോഗിക്കാന്‍ 550 രൂപ കൊടുക്കണം. അതിന് പുറമേയാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര. ജീവിതം ദുഷ്‌കരമായി മുന്നോട്ടുപോകവേ ഒരു ദിവസം വൈകുന്നേരം കണ്ടപ്പോള്‍ നാരായണമൂര്‍ത്തി സുധയോടു പറഞ്ഞു:
''നമുക്ക് പിരിയാം-I think we should break up.''
''എന്തിന്?'' ഞെട്ടിക്കൊണ്ട് സുധ ചോദിച്ചു.
''എന്റെ സംരംഭം തകരുകയാണ്. നീയൊരു സുന്ദരിയായ സ്ത്രീയാണ്. തിളങ്ങുന്ന ഭാവി നിന്റെ മുന്നിലുണ്ട്. എന്റെയീ ജീവിതത്തിലേക്ക് നിന്നെ വലിച്ചിഴയ്ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. പണമില്ലെങ്കിലും ഞാന്‍ സന്തോഷവാനാണ്. അത്തരം സാഹചര്യത്തിലാണ് ഞാന്‍ വളര്‍ന്നത്. നിന്റെ ജീവിതം നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ല,'' മൂര്‍ത്തി പറഞ്ഞു
സുധ തകര്‍ന്നുപോയി. മാതാപിതാക്കളുടെ മുന്നില്‍ മൂര്‍ത്തിയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു വെള്ളിടി വീഴുന്നതുപോലുള്ള ഈ വാക്കുകള്‍.

''പണത്തിനു പിറകേ മോഹിച്ചുപോകുന്ന ഒരാളാണ് ഞാനെന്ന് നിങ്ങള്‍ കരുതിയോ?'' നനഞ്ഞ കണ്ണുകളോടെ സുധ ചോദിച്ചു.
മൂര്‍ത്തി സുധയുടെ വാക്കുകളെല്ലാം കേട്ടെങ്കിലും ബന്ധം വേര്‍പെടുത്തി. സായാഹ്നസവാരികള്‍ അദ്ദേഹം തന്റെ സോഷ്യലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാക്കി. അപ്പോഴും മൂര്‍ത്തി സന്ദേഹിയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ മാര്‍ക്‌സും ഗാന്ധിയും മഹാഭാരതത്തിലെ കര്‍ണ്ണനും അവരുടെ ജീവിതാശയങ്ങളും കെട്ടുപിണഞ്ഞുകിടന്നു. അതില്‍നിന്നാണ് 'Compassionate Capitalsim' എന്ന നവീനമായ ആശയം മൂര്‍ത്തി കരുപ്പിടിപ്പിച്ചെടുക്കുന്നത്.

പിരിഞ്ഞിരിക്കുമ്പോഴും സുധ നാരായണമൂര്‍ത്തിയെ ഓര്‍ത്തുകൊണ്ടേയിരുന്നു. അവര്‍ അദ്ദേഹത്തിനു വേണ്ടി സ്വറ്ററുകള്‍ തുന്നി. കാരണം, വഴിയോരത്ത് ആരെങ്കിലും തണുത്തിരിക്കുന്നതു കണ്ടാല്‍ സ്വന്തം ഉടുപ്പൂരി നല്‍കുക മൂര്‍ത്തിയുടെ ശീലവും പതിവുമായിരുന്നു. രണ്ടുപേരുടെയും സുഹൃത്തായ വിനയ് വഴി സുധ സ്വറ്ററുകള്‍ കൊടുത്തയയ്ക്കും. അവ കാണുമ്പോള്‍, ധരിക്കുമ്പോള്‍ നീറുന്ന വേദനയായി സുധ നാരായണമൂര്‍ത്തിയില്‍ പടരും. ഇരുട്ടില്‍ നടക്കാന്‍ വെളിച്ചമായി തനിക്ക് സുധ എന്ന നക്ഷത്രം മാത്രമേയുള്ളൂ എന്ന് മൂര്‍ത്തിക്കു മനസ്സിലായി. അത് അങ്ങനെത്തന്നെയാണ് എന്ന് സുധ പല തരത്തില്‍ തെളിയിക്കുകയും ചെയ്തു. മൂര്‍ത്തിയുടെ ഒഴിഞ്ഞ കീശയില്‍ എപ്പോഴും സുധ പണം നിക്ഷേപിച്ചു. തല താഴ്ത്തിക്കൊണ്ട് മൂര്‍ത്തി പറയും: ''എഴുതിവെച്ചോളൂ. ഒരുനാള്‍ എല്ലാം ഞാന്‍ തിരിച്ചുതരും.'' 

വളരെക്കുറച്ചു വസ്ത്രങ്ങള്‍ മാത്രമുണ്ടായിരുന്ന മൂര്‍ത്തിക്കുവേണ്ടി സുധ ഷര്‍ട്ടുകള്‍ തുന്നിവാങ്ങി. അതിട്ട് അദ്ദേഹം യോഗങ്ങളില്‍ പോവാന്‍ ആഗ്രഹിച്ചു. വൈകുന്നേരങ്ങളില്‍ സുധ ക്ഷമയുള്ള ഒരു കേള്‍വിക്കാരിയായി മൂര്‍ത്തിക്കൊപ്പം നടന്നു. അയാള്‍ക്ക് അത്രയ്ക്ക് പറയാനുണ്ടായിരുന്നു. എല്ലാ രാത്രികളിലേയും ഭക്ഷണം സുധയുടെ വകയായി. ആത്മാഭിമാനിയെങ്കിലും സാമ്പത്തികമായ തന്റെ നിവൃത്തികേടുകൊണ്ട് മൂര്‍ത്തി അതിനു വഴങ്ങി. തന്റെ കുടുംബത്തിനോട് സ്വന്തം അവസ്ഥകളൊന്നും മൂര്‍ത്തി പറയാറില്ലായിരുന്നു. തീവ്രമായ ഉത്കര്‍ഷേച്ഛയുള്ള നാരായണമൂര്‍ത്തി എന്ന യുവാവിന് സുധ ആശ്വാസത്തിന്റെ ആകാശമായി.

സുധ ഹുബ്ലിയിലേക്കു പോവുമ്പോള്‍ നാരായണമൂര്‍ത്തിയും റെയില്‍വേ സ്റ്റേഷന്‍വരെ പോവും. ടിക്കറ്റെടുക്കാതെപോലും സുധയുടെ കംപാര്‍ട്ട്‌മെന്റില്‍ കയറി ഇരിക്കും. ഒരു തവണ ടിക്കറ്റ് പരിശോധകന്‍ മൂര്‍ത്തിയെ ഇറക്കിവിട്ടു. ചിലപ്പോള്‍ ഹുബ്ലിയിലേക്കുള്ള പതിനൊന്നു മണിക്കൂര്‍ യാത്രയില്‍ മൂര്‍ത്തിയും സുധയ്‌ക്കൊപ്പം ചേരും. ഹുബ്ലി സ്റ്റേഷനടുത്തായിരുന്നു സുധയുടെ വീട്. സുധ വീട്ടിലേക്കു പോയാല്‍ മൂര്‍ത്തി സ്റ്റേഷനില്‍ത്തന്നെയിരിക്കും-നാലു മണിക്കൂര്‍ കഴിഞ്ഞുള്ള വണ്ടിയില്‍ പുണെയിലേക്ക് തിരിച്ചുപോവാന്‍!

സുധയുടെ സുഹൃത്തുക്കളിലെല്ലാവരും മൂര്‍ത്തിയുമായുള്ള ഈ ബന്ധത്തിന് എതിരായിരുന്നു. അവരുടെ കണ്ണില്‍ നാരായണമൂര്‍ത്തി ഒരു പ്രാകൃതനായിരുന്നു. സുധയെപ്പോലുള്ള ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും ചേരുന്ന ഒരാളായിരുന്നില്ല.
'അലഞ്ഞുതിരിയുന്ന ഇത്തരത്തിലൊരാളെ എന്തിനാണ് നിനക്ക്? ആരെ വേണമെങ്കിലും നിനക്ക് കിട്ടില്ലേ?' സുഹൃത്തുക്കള്‍ ചോദിക്കുമായിരുന്നു. നിറഞ്ഞ ഒരു ചിരിയായിരുന്നു അതിനുള്ള സുധയുടെ മറുപടി.

സുധയുടെ സുഹൃത്തായ സുരേഖ ഒരു തവണ പുണെ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുന്ന നാരായണമൂര്‍ത്തിയെ കണ്ട് അമ്പരന്നു. അമ്മയെ കാണാന്‍ നാട്ടിലേക്കു പോകുകയായിരുന്ന മൂര്‍ത്തി ട്രെയിന്‍ വൈകിയതു കാരണം നിലത്തുവിരിച്ചു കിടന്നതായിരുന്നു.

മക്കളെയും റെയില്‍വേ സ്റ്റേഷനിലുറങ്ങാന്‍ പഠിപ്പിക്കേണ്ടിവരും എന്നു പറഞ്ഞ് സുഹൃത്തുക്കള്‍ സുധയെ കളിയാക്കും. അതിനും സുധയുടെ മറുപടി ചിരി മാത്രമായിരുന്നു. പതുക്കപ്പതുക്കെ സോഫ്‌ട്രോണിക്‌സ് പൂര്‍ണ്ണമായും തകര്‍ന്നു.
''നിങ്ങളുടെ യഥാര്‍ത്ഥ വിപണി അന്താരാഷ്ട്ര തലത്തിലാണ്. നിങ്ങള്‍ ഒരു സോഫ്‌റ്റ്വെയര്‍ കയറ്റുമതിക്കമ്പനിയില്‍ ജോലിക്കു ചേരണം. അനുകൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ വീണ്ടും കമ്പനി തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്യാം,'' സുധ മൂര്‍ത്തിയോടു പറഞ്ഞു.

വീണ്ടും നാരായണമൂര്‍ത്തി തൊഴില്‍രഹിതനായി: തൊഴിലന്വേഷണം തുടങ്ങി. മാസങ്ങള്‍ നീണ്ടു അന്വേഷണം. യോജിച്ചതൊന്നും ലഭിച്ചില്ല. സാമ്പത്തികമായും മാനസികമായും മൂര്‍ത്തിക്ക് ഏറെ കഷ്ടതരമായിരുന്നു ഈ മാസങ്ങള്‍. വീട്ടിലേക്കു പണമയയ്ക്കാന്‍ സാധിക്കുന്നില്ല. അഭിമുഖത്തിന് പോവാനുള്ള വസ്ത്രം, സൈക്കിളിനുള്ള വാടക, രാത്രിഭക്ഷണം തുടങ്ങി മൂര്‍ത്തിയുടെ ചെലവുകളെല്ലാം സുധ വഹിച്ചിരുന്നു. ഓരോ തവണയും മൂര്‍ത്തി പറയും: 'എഴുതിവെച്ചോളൂ, ഒരിക്കല്‍ എല്ലാം ഞാന്‍ തിരിച്ചുതരും.'

ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് സുധയെ മഹിളാനിവാസില്‍ വിടാന്‍ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു. കുറേനേരം മിണ്ടാതിരുന്നതിനു ശേഷം നാരായണമൂര്‍ത്തി സുധയോട് പറഞ്ഞു:
''ഞാനൊരു ഹീറോയല്ല-കോങ്കണ്ണും കട്ടിക്കണ്ണടയുമുള്ള തൊഴില്‍രഹിതനായ ഒരു കുറിയ മനുഷ്യന്‍ മാത്രം. നീയോ പ്രസരിപ്പുള്ള സുന്ദരി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ആ സ്‌നേഹം ഈ ചോദ്യം ചോദിക്കാന്‍ എനിക്ക് ധൈര്യം നല്‍കുന്നു, നിയെന്നെ വിവാഹം കഴിക്കുമോ?''
ലോകത്ത് ആദ്യമായിട്ടായിരിക്കും ഓട്ടോറിക്ഷയില്‍ വെച്ച് ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.
കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം സുധ പറഞ്ഞു:
''തീര്‍ച്ചയായും.''
''ഇതിലധികം ഞാനിതുവരെ ജീവിതത്തില്‍ സന്തോഷിച്ചിട്ടില്ല,'' നാരായണമൂര്‍ത്തി പറഞ്ഞു.

placeholder
നാരായണ മൂര്‍ത്തിയും സുധാമൂര്‍ത്തിയും | Photo: AP

സുധ കാര്യങ്ങളെല്ലാം വീട്ടില്‍ വിശദമായി പറഞ്ഞു.
''അയാളോട് വരാന്‍ പറയൂ, ഞങ്ങള്‍ക്ക് അയാളെയൊന്ന് കാണാമല്ലോ,'' സുധയുടെ അച്ഛന്‍ ഡോ. കുല്‍ക്കര്‍ണി പറഞ്ഞു.
കമ്യൂണിസത്തിന്റെ നിറമായ ചുകന്ന ഷര്‍ട്ടിട്ട്, ഒരു സൈക്കിളിലാണ് നാരായണമൂര്‍ത്തി സുധയെ പെണ്ണുകാണാന്‍ പോയത്. ട്രാഫിക്കില്‍ കുരുങ്ങി അല്‍പ്പം വൈകിയാണ് മൂര്‍ത്തി അവിടെയെത്തിയത്.

ആദ്യസംസാരത്തില്‍ത്തന്നെ നാരായണമൂര്‍ത്തിയുടെ അറിവില്‍ ഡോ. കുല്‍ക്കര്‍ണിക്ക് വലിയ മതിപ്പായി. തന്റെ മേഖലയായ വൈദ്യത്തെക്കുറിച്ചുവരെ ഈ ചെറുപ്പക്കാരന് ധാരാളമറിയാം. മുന്നിലിരിക്കുന്നയാള്‍ വിദ്യാസമ്പന്നനും അറിവുള്ളയാളുമാണ്. എന്നാല്‍ ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം മകളെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് അത് മതിയായിരുന്നില്ല യോഗ്യതയായി.

''എന്താണ് താങ്കളുടെ ജീവിതലക്ഷ്യം?'' ഡോ. കുല്‍ക്കര്‍ണി ചോദിച്ചു.
''അക്കാര്യത്തില്‍ എനിക്കൊരു തീരുമാനമായിട്ടില്ല,'' മൂര്‍ത്തി പറഞ്ഞു. ഡോ. കുല്‍ക്കര്‍ണിയുടെ കണ്‍പുരികങ്ങള്‍ ഉയര്‍ന്നു, നെറ്റി ചുളിഞ്ഞു.
''ചിലപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കി ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമായിരിക്കാം,'' മൂര്‍ത്തി തുടര്‍ന്നു.
''അത് താങ്കളുടെ മോഹം. ശരി. നിങ്ങള്‍ എങ്ങനെ കുടുംബം പുലര്‍ത്തും?'' കുല്‍ക്കര്‍ണിയുടെ സ്വരം അല്‍പ്പം കര്‍ക്കശമായിരുന്നു.
''ഞാനതിനു പകരം ഒരു അനാഥാലയം തുടങ്ങും,' പെട്ടെന്നു വന്നു മൂര്‍ത്തിയുടെ മറുപടി.
ഇതു കേട്ട് ഡോ. കുല്‍ക്കര്‍ണി മുറിയില്‍നിന്നും എഴുന്നേറ്റു പോയി. മൂര്‍ത്തി പോയതിനു ശേഷം കുല്‍ക്കര്‍ണി സുധയോടു ചോദിച്ചു:
''അനാഥാലയം തുടങ്ങുമെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുമെന്നൊക്കെയാണ് അയാള്‍ പറയുന്നത്. ഇത്തരത്തില്‍ എങ്ങനെയാണ് അയാള്‍ കുടുംബം പോറ്റുക?''

സാഹിത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

''കാക്കാ, എനിക്കും കുടുംബം പുലര്‍ത്താന്‍ സഹായിക്കാന്‍ സാധിക്കും,'' ദൃഢസ്വരത്തിലാണ് സുധ ഇതു പറഞ്ഞത്.
''നീ കുല്‍ക്കര്‍ണി കുടുംബത്തില്‍നിന്നും വരുന്നവളാണ്. നമ്മള്‍ പരമ്പരാഗതമായി കണക്കെഴുത്തുകാരാണ്. കണക്കുകള്‍ കണിശമാവണം എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. നീയീ കൊടുത്ത പണമെല്ലാം എന്നെങ്കിലും അയാള്‍ക്ക് വീട്ടാന്‍ സാധിക്കും എന്ന് നിനക്കു തോന്നുന്നുണ്ടോ?'' അടുത്ത ദിവസം കുല്‍ക്കര്‍ണി മകളോടു ചോദിച്ചു. ഡോ. കുല്‍ക്കര്‍ണിയുടെ നിരാസം നാരായണമൂര്‍ത്തിയെ വല്ലാതെ തളര്‍ത്തി. സുധ പക്ഷേ, മൂര്‍ത്തിക്കൊപ്പം നിന്നു. വേഗം പോയി ഒരു ജോലി സമ്പാദിക്കാന്‍ അവള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു.

മുംബൈ ഐ.ഐ.ടിയില്‍നിന്നുമുള്ള അശോക് പട്ടാനിയും സഹോദരന്മാരും കൂടി പട്ടാനി കംപ്യൂട്ടര്‍ സിസ്റ്റം തുടങ്ങാനൊരുങ്ങുന്ന കാലമായിരുന്നു അത്. അവര്‍ക്ക് സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റിനു പരിചയസമ്പന്നനായ ഒരു ജനറല്‍ മാനേജരെ ആവശ്യമുണ്ടായിരുന്നു. അഭിമുഖത്തിനൊടുവില്‍ മൂര്‍ത്തി അവരോടു പറഞ്ഞു:
''ഒരു കാര്യം ഞാന്‍ നിങ്ങളോടു തുറന്നുപറയുന്നു, സ്വന്തമായി ഒരു കമ്പനി ആരംഭിക്കുക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ ആദ്യ സംരംഭമായ സോഫ്‌ട്രോണിക്‌സ് ആറു മാസത്തിനുള്ളില്‍ തകര്‍ന്നു. സംരഭകനാവാന്‍ വീണ്ടും ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുംമുമ്പ് നിങ്ങള്‍ ഇതറിയണം.''

placeholder
സുധാമൂര്‍ത്തിയും നാരായണ മൂര്‍ത്തിയും | Photo: PTI, AP

മൂര്‍ത്തിയുടെ തുറന്ന മനസ്സ് അവര്‍ക്കിഷ്ടപ്പെട്ടു. അവര്‍ മൂര്‍ത്തിയെ നിയമിച്ചു. 4800 രൂപയായിരുന്നു ശമ്പളം (ഇന്നത്തെ 1,30000 രൂപ). സുധയുടെ പിതാവിന് അല്‍പ്പം സമാധാനമായി. കമ്പനി മൂര്‍ത്തിയെ ഡി.ജിയുടെ മിനി കംപ്യൂട്ടര്‍ പരിശീലനത്തിനായി അമേരിക്കയിലേക്കയയ്ക്കാന്‍ തീരുമാനിച്ചു.

''നമുക്ക് അതിനുമുമ്പ് വിവാഹം കഴിക്കണം,'' മൂര്‍ത്തി പറഞ്ഞു
നാരായണമൂര്‍ത്തിയുടെ കുടുംബം തുംഗഭദ്ര നദിയുടെ തെക്കുഭാഗത്തുള്ളവരായിരുന്നു. സുധയുടേത് വടക്കന്‍ വശത്തും. സുധയുടേത് ഒരു വലിയ കുടുംബമായിരുന്നു. രണ്ടു കുടുംബങ്ങളുടെയും സംസ്‌കാരം ഏറെ വ്യത്യസ്തവുമായിരുന്നു.
''ഞാന്‍ നിങ്ങളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല. പക്ഷേ, ഇയാളെയല്ലാതെ ആരെയും ഞാന്‍ വിവാഹം കഴിക്കുകയുമില്ല,'' സുധ കുടുംബത്തെ അറിയിച്ചു.

കുറച്ചു മാസങ്ങള്‍ മറുപടിയൊന്നും ലഭിച്ചില്ല. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഡോ. കുല്‍ക്കര്‍ണി സമ്മതിച്ചു. മൂര്‍ത്തിയുടെ വിധവയായ അമ്മ അന്ന് ബാംഗ്ലൂരിലായിരുന്നു താമസം. വിവാഹം ബാംഗ്ലൂരില്‍വെച്ചുതന്നെ നടത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം. പുഴയ്ക്കപ്പുറം പോയി വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു താത്പര്യമില്ല. തന്റെ കഷ്ടകാലങ്ങളിലെല്ലാം ഒപ്പം നിന്നയാളാണ് അമ്മ. അമ്മ താമസിക്കുന്ന ജയനഗറിലെ വീട്ടില്‍വെച്ച് കല്യാണം നടത്താനായിരുന്നു ആഗ്രഹം. ഇത്രയും ചെറിയ സ്ഥലത്ത് എങ്ങനെ ആളുകളെ ഊട്ടുമെന്ന് സംശയമുണ്ടായിരുന്നു. തനിക്കാകെ ഇരുപതു പേരെ മാത്രമേ വിളിക്കാനുള്ളൂ എന്ന് മൂര്‍ത്തി അമ്മയോടു പറഞ്ഞു. വിവാഹം ലളിതമായിരിക്കണം എന്ന കാര്യത്തില്‍ സുധയും വീട്ടില്‍ നിര്‍ബന്ധംപിടിച്ചു. എഴുപത്തിയഞ്ചു പേരുള്ള കുല്‍ക്കര്‍ണി കുടുംബത്തിലെ എല്ലാവര്‍ക്കും കല്യാണത്തില്‍ പങ്കെടുക്കണം എന്ന് വാശിപിടിച്ചു. 

ആഭരണപ്രദര്‍ശനം പാടില്ല എന്ന് മൂര്‍ത്തിയും സുധയുംകൂടി തീരുമാനിച്ചതും സുധയുടെ കുടുംബത്തിന് ഇഷ്ടമായില്ല. വിവാഹത്തിനും റിസപ്ഷനും കൂടി 800 രൂപ വേണ്ടിവരുമായിരുന്നു. അത് രണ്ടുപേരും തുല്യമായി പങ്കിടാന്‍ തീരുമാനിച്ചു. സോഫ്‌ട്രോണിക്‌സിന്റെ ലെറ്റര്‍ ഹെഡില്‍ ഒറ്റവരിയിലുള്ളതായിരുന്നു വിവാഹക്ഷണം. അത് വെറുമൊരു information card മാത്രമായിരുന്നു എന്ന് സുധയുടെ സുഹൃത്തുക്കള്‍ പരിഹസിച്ചു. പുരോഹിതനെ കണ്ട് ചടങ്ങ് നേരത്തേ തീര്‍ക്കണം എന്ന് സുധ നിര്‍ബന്ധംപിടിച്ചു. മംഗളസൂത്രം വേണ്ട. ശ്ലോകങ്ങള്‍ ചൊല്ലുമ്പോള്‍ തനിക്ക് യോജിപ്പില്ലാത്തതും പുരുഷാധിപത്യപ്രവണതയുള്ളതുമായവ ഒഴിവാക്കിച്ചൊല്ലാന്‍ സമ്മതിക്കണം-എല്ലാം എല്ലാവരും സമ്മതിച്ചു.

ഇത് മൂര്‍ത്തിയുടെ അമ്മയെ അസ്വസ്ഥയാക്കി. ചടങ്ങിന് ധരിച്ചില്ലെങ്കിലും പുണെയില്‍ച്ചെന്നാല്‍ മംഗളസൂത്രം ധരിക്കണം എന്നവര്‍ നിര്‍ബന്ധിച്ചു. (വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഫോസിസ് ഫൗണ്ടേഷനു വേണ്ടി ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുധ പിന്നീട് അത് ധരിച്ചത്! അതും അവര്‍ക്കു വേണ്ടി മാത്രം!) മൂര്‍ത്തിക്ക് വിവാഹവേഷവുമില്ലായിരുന്നു. അതും സുധ വാങ്ങിച്ചുനല്‍കി.

അങ്ങനെ, 1978 ഫെബ്രുവരി 10-ന്റെ ഇളംതണുപ്പുള്ള പ്രഭാതത്തില്‍ മൂര്‍ത്തിയുടെ അമ്മയുടെ ചെറിയ വീട്ടില്‍വെച്ച് ആ വിവാഹം നടന്നു. സാക്ഷികളായി വിരലിലെണ്ണാവുന്നവര്‍ മാത്രം. 10-15-ന് ആരംഭിച്ച്, 10.45-ന് അവസാനിച്ചു. പുഴയുടെ അപ്പുറവുമിപ്പുറമുള്ള മുപ്പത്തിരണ്ടുകാരനായ നാരായണമൂര്‍ത്തിയും ഇരുപത്തിയെട്ടുകാരിയായ സുധ കുല്‍ക്കര്‍ണിയും വിവാഹിതരായി. സുധ ഹുബ്ലിയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍വെച്ച് റിസപ്ഷനും നടത്തി, സുധാ കുല്‍ക്കര്‍ണി സുധാ മൂര്‍ത്തിയായി.

മൂര്‍ത്തിക്കായി സുധ ഒരു വിവാഹസമ്മാനം കാത്തുവെച്ചിരുന്നു. അതുവരെ മൂര്‍ത്തിക്ക് കൊടുത്ത പണത്തിന്റെ കണക്കെഴുതിയ നോട്ടുപുസ്തകമായിരുന്നു അത്. 4200 രൂപ അതുവരെയായി മൂര്‍ത്തിക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അവളത് ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ചീന്തിക്കളഞ്ഞു. നാരായണമൂര്‍ത്തി നിസ്സംഗനായി അത് കണ്ടുനിന്നു.