ദാമ്പത്യബന്ധം വേർപിരിഞ്ഞതിന് ശേഷം പൂർവ പങ്കാളിയുടെ ചിത്രങ്ങളോ ഓർമകളോ സൂക്ഷിക്കുന്നത് ശരിയോ തെറ്റോ? വൈകാരികമായ, പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം നൽകുന്നതാണ് അടുത്തിടെ പുറത്തുവന്ന സർവേ ഫലങ്ങൾ. വിവാഹമോചനം നേടിയ ഏഴിൽ പത്തുപേരും അതായത് ഏകദേശം 70% പേരും തങ്ങളുടെ പഴയ വിവാഹ ചിത്രങ്ങൾ സൂക്ഷിച്ചുവെക്കുന്നുണ്ടെന്നാണ് പറയുന്നത്.

To advertise here,

വിവാഹബന്ധം വേർപിരിഞ്ഞ ശേഷവും ഭൂരിഭാഗം ആളുകളും പഴയ വിവാഹചിത്രങ്ങൾ സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ബന്ധം അവസാനിച്ചെങ്കിലും, അതൊരു വ്യക്തിയുടെ ജീവിതയാത്രയിലെ സുപ്രധാനമായ ഒരു കാലഘട്ടമായിരുന്നു എന്ന തിരിച്ചറിവാണ് ഇതിന് പ്രധാന കാരണം. പഴയ ചിത്രങ്ങൾ സൂക്ഷിക്കുന്നത് മുൻ പങ്കാളിയോട് ഇപ്പോഴും അനുരാഗം ഉള്ളതുകൊണ്ട് ആകണമെന്നില്ല. മറിച്ച്,

ആ സമയത്തെ സന്തോഷ നിമിഷങ്ങളെയും വ്യക്തിപരമായ വളർച്ചയെയും അടയാളപ്പെടുത്താൻ കൂടിയാകണം. കുട്ടികളുള്ള കുടുംബങ്ങളാണെങ്കിൽ, കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പഴയ നിമിഷങ്ങൾ കാണാനുള്ള അവസരം നൽകുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. സ്വന്തം ജീവിതകഥയിൽ നിന്ന് ഒരു അധ്യായത്തെ പൂർണ്ണമായി വെട്ടിമാറ്റാനുള്ള വിമുഖതയും ഈ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിന് പിന്നിലുള്ള കാരണങ്ങളാണ്.

സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്താലും ഫോണിലോ ആൽബത്തിലോ സൂക്ഷിക്കുന്ന പ്രവണതയ്ക്ക് പിന്നിലും ചില കാരണങ്ങളുണ്ട്. ഡിജിറ്റൽ ലോകത്തെ ലോകത്തിന് കാണാനുള്ള ഷോകേസ് പോലെയും സ്വന്തം ഗാലറിയെ സ്വകാര്യ ഓർമപ്പുസ്തകമായുമാണ് ആളുകൾ കാണുന്നത്. ബന്ധം വേർപിരിയുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുന്നത് പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമാണ്. എന്നാൽ വ്യക്തിഗത ആൽബങ്ങളിലോ ഡിജിറ്റൽ ഫോൾഡറുകളിലോ ചിത്രങ്ങൾ സൂക്ഷിക്കുന്നത് ഭൂതകാലത്തെ പൂർണ്ണമായി നിഷേധിക്കാതെ അതിനെ ഉൾക്കൊള്ളാൻ വ്യക്തികളെ സഹായിക്കുന്നു.

പൂർവ്വ പങ്കാളിയുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നത് പുതിയ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദിച്ചാൽ ബാധിക്കാം. പുതിയ പങ്കാളിയുമായി വ്യക്തമായ ആശയവിനിമയം നടത്തിയില്ലെങ്കിൽ ഇത് വലിയ അവിശ്വാസത്തിനും തർക്കങ്ങൾക്കും വഴിവെച്ചേക്കാം.പുതിയ പങ്കാളിയിൽ നിന്ന് ഇത്തരം ചിത്രങ്ങൾ ഒളിച്ചുവെക്കാൻ ശ്രമിക്കുമ്പോൾ സംശയങ്ങൾ ഉടലെടുക്കും. പഴയ ബന്ധത്തിൽ നിന്ന് വ്യക്തി പൂർണ്ണമായി മോചിതനായിട്ടില്ലെന്ന തോന്നൽ പുതിയ പങ്കാളിക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. ചിത്രങ്ങൾ എവിടെ, എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ ബന്ധത്തിലെ സമാധാനം. കിടപ്പുമുറിയിലോ വീടിന്റെ പ്രധാന സ്ഥലങ്ങളിലോ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് പുതിയ ബന്ധത്തെ മുറിവേൽപ്പിക്കും; എന്നാൽ സ്വകാര്യ ഫയലുകളിൽ സൂക്ഷിക്കുന്നത് ഒരു പരിധി വരെ പ്രശ്‌നങ്ങൾക്ക് കാരണമാകില്ല.

പഴയ ഓർമ്മകൾ സൂക്ഷിക്കുന്നത് പക്ഷെ മാനസികാരോഗ്യത്തിന് നല്ലതാണോയെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ. അത് വ്യക്തികളെ അടിസ്ഥാനമാക്കിയിരിക്കും. മാനസികാരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇതിന് രണ്ട് വശങ്ങളുണ്ട്. വേർപിരിയലിന്റെ വേദനയിൽ നിന്ന് മുക്തരായി, പഴയ സംഭവങ്ങളെ വെറുപ്പില്ലാതെ ഒരു അനുഭവമായി മാത്രം കാണാൻ സാധിക്കുന്നത് മാനസിക വളർച്ചയുടെ ലക്ഷണമാണ്. പഴയ ചിത്രങ്ങൾ കണ്ട് വീണ്ടും വിഷാദത്തിലാകുകയോ, ഭൂതകാലത്തിൽ തന്നെ ജീവിക്കുകയോ ചെയ്യുന്ന അവസ്ഥയാണെങ്കിൽ അവ നീക്കംചെയ്യുന്നതാണ് മനഃശാന്തിക്ക് നല്ലത്.

വേർപിരിയലിനു ശേഷമുള്ള ജീവിതത്തിൽ സമാധാനം നിലനിർത്താൻ ചില കാര്യങ്ങളിൽ വ്യക്തമായ അതിരുകൾ വേണം. കുട്ടികളുടെ കാര്യം അല്ലെങ്കിൽ അവശ്യ സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കല്ലാതെ ആവശ്യമില്ലാത്ത സന്ദേശങ്ങളും ഫോൺ വിളികളും ഒഴിവാക്കുക. മുൻ പങ്കാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടർച്ചയായി നിരീക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കുക.

പഴയ ചിത്രങ്ങളും സമ്മാനങ്ങളും മനസ്സമാധാനത്തെ ബാധിക്കുന്നുണ്ടെങ്കിൽ അവ കണ്ണിൽപ്പെടാത്ത രീതിയിൽ സുരക്ഷിതമായി മാറ്റി വെക്കുകയോ ഡിജിറ്റൽ ഫോൾഡറുകളിലേക്ക് മാറ്റുകയോ ചെയ്യുക.

നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും പഴയ ഓർമകൾ സൂക്ഷിക്കുന്നതിനെക്കുറിച്ചും പുതിയ പങ്കാളിയോട് തുറന്നു സംസാരിക്കുക.

പഴയ ബന്ധത്തിന്റെ ഓർമകൾ സൂക്ഷിക്കുന്നതും മായ്ച്ചുകളയുന്നതും വ്യക്തിഗതമായ തീരുമാനങ്ങളാണ്. എന്നാൽ ആ ഓർമകൾ വർത്തമാനകാല ജീവിതത്തിന്റെ സന്തോഷത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനം.