ടിഫിനും തയ്യാറാക്കി കുട്ടികളെ സ്‌കൂളിലയക്കണം, മാതാപിതാക്കളെ കാണിക്കാനുള്ള ഡോക്ടറുടെ അപ്പോയ്്‌മെന്റ് എടുക്കണം, അവർക്ക് കഴിക്കാനുള്ള മരുന്നുകൾ കൃത്യസമയം ഓർത്തെടുത്ത് നൽകണം, അതിനിടയിൽ മാനേജരുടെ മെയിലിന് റിപ്ലൈ അയയ്ക്കണം, തൊഴിലിടത്തിലെ ടാർഗെറ്റ് തികയ്ക്കണം. എല്ലാവർക്കും എല്ലായിടത്തും നിങ്ങളെ വേണം. പക്ഷെ നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആരുമില്ല..പക്ഷെ പിടിഎ മീറ്റിങ്ങും ഡോക്ടറെ കാണാനുള്ള യാത്രയും മരുന്നുകളും ബില്ലുകളും കുക്കിങ്ങുമായി നിങ്ങളുടെ ടുഡു ലിസ്റ്റ് ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വാർധക്യത്തിലെത്തിയ മാതാപിതാക്കളുടെ പരിചരണം, വളർന്നുവരുന്ന മക്കളുടെ വിദ്യാഭ്യാസ സാമ്പത്തിക ആവശ്യങ്ങൾ, അടച്ചുതീരാത്ത ഇഎംഐകൾ.. ഇതെല്ലാം ഒരേസമയം ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വരുന്നവരുടെ തലമുറയാണ് സാൻഡ്‌വിച്ച് ജനറേഷൻ.

To advertise here,

അതിൽതന്നെ ഭാരം കൂടുതൽ പേറേണ്ടിവരുന്നത് സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സമയവും അധ്വാനവും മാതാപിതാക്കളുടെയും കുട്ടികളുടെയും പരിചരണത്തിനായി ചെലവഴിക്കുന്നത് സ്ത്രീകളാണ്. ഇത് അവരുടെ തൊഴിൽ മേഖലയിലെ മുന്നേറ്റത്തെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു സ്ത്രീ വീട്ടുകാര്യങ്ങൾ നോക്കുന്നതിനായി 140 മിനിറ്റ് ഒരു ദിവസം ചെലവഴിക്കുമ്പോൾ പുരുഷന്മാർ ചെലവഴിക്കുന്നത് 74 മിനിറ്റാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങൾ, മാനസിക സമ്മർദ്ദം, സ്വന്തം വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിന്റെ അഭാവം തുടങ്ങി എല്ലാവശത്തുനിന്നും ഒരുപോലെ സമ്മർദം നേരിടുന്ന ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും സങ്കീർണമായി മാറിക്കൊണ്ടിരിക്കുകയാണ്.

1981-ൽ സാമൂഹിക പ്രവർത്തകയായ ഡൊറോത്തി മില്ലറാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. തുടർന്ന് കരോൾ അബാഡി എന്ന വിദഗ്ധ മധ്യവയസ്‌കരായ സ്ത്രീകൾ നേരിടുന്ന കെയർഗിവർ സമ്മർദങ്ങൾ ചൂണ്ടിക്കാട്ടി ഈ ആശയത്തെ കൂടുതൽ ജനകീയമാക്കി. സാമൂഹിക ശാസ്ത്രജ്ഞരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും വിശകലനമനുസരിച്ച് സാൻഡ്വിച്ച് ജനറേഷനെ പ്രധാനമായും മൂന്നായി തരംതിരിക്കാം.

  • ട്രഡീഷണൽ സാൻഡ്വിച്ച് : നാൽപതുകൾക്കും അമ്പതുകൾക്കുമിടയിൽ പ്രായമുള്ളവർ. ഇവർ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിനൊപ്പം തന്നെ വളർന്നുവരുന്ന മക്കളുടെ ചെലവുകളും വഹിക്കുന്നു.
  • ക്ലബ്ബ് സാൻഡ്വിച്ച് : അമ്പതുകൾക്കും അറുപതുകൾക്കുമിടയിൽ പ്രായമുള്ളവരാണ് ഇവർ. സ്വന്തം മാതാപിതാക്കൾ, മുതിർന്ന മക്കൾ, കൊച്ചുമക്കൾ എന്നിവരെ ഒരേസമയം പരിചരിക്കുകയോ സാമ്പത്തികമായി പിന്തുണയ്ക്കുകയോ ചെയ്യുന്നു. 30-കളിലും 40-കളിലും പ്രായമുള്ളവരും ഇതിൽ ഉൾപ്പെടാം; ഇവർ പ്രായമായ മാതാപിതാക്കൾക്കും ചെറിയ മക്കൾക്കും പുറമെ മുത്തശ്ശിമുത്തശ്ശന്മാരുടെയും ചുമതല വഹിക്കേണ്ടി വരുന്നു.
  • ഓപ്പൺ ഫേസ്ഡ് സാൻഡ്വിച്ച്: ഔദ്യോഗികമായി കുട്ടികളില്ലാത്തവരോ മക്കൾ മുതിർന്ന് സ്വന്തം കാലിൽ നിൽക്കുന്നവരോ ആണെങ്കിലും, മാതാപിതാക്കളുടെയോ മറ്റ് മുതിർന്ന ബന്ധുക്കളുടെയോ പരിചരണ ചുമതല പൂർണ്ണമായി ഏറ്റെടുക്കേണ്ടി വരുന്നവരാണ് ഇവർ.

ഇന്ത്യയിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സാൻഡ്വിച്ച് ജനറേഷന്റെ ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്. ആയുർദൈർഘ്യം ഉയർന്നതും വൈദ്യശാസ്ത്ര ചെലവുകൾ വർദ്ധിച്ചതും മാതാപിതാക്കളുടെ വാർധക്യകാല പരിചരണം ചെലവേറിയതാക്കി. മറുഭാഗത്ത് ഉന്നതവിദ്യാഭ്യാസ ചെലവുകൾ കുത്തനെ ഉയർന്നത് മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള ചെലവുകളും വർധിപ്പിച്ചു. ഇന്ത്യയിൽ സാൻഡ്വിച്ച് ജനറേഷൻ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇതാണ്. പണപ്പെരുപ്പം കാരണം സ്‌കൂൾ, കോളേജ് വിദ്യാഭ്യാസ ചെലവുകൾ ഉയർന്ന നിരക്കിലാണ് വർധിക്കുന്നത്.

ഇന്ത്യയിൽ മെഡിക്കൽ ഇൻഫ്‌ളേഷൻ അതായത് ചികിത്സാമേഖലയിലെ പണപ്പെരുപ്പം 10-12% വരെയാണ്. കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത പക്ഷം മാതാപിതാക്കളുടെ ചികിത്സ സമ്പാദ്യം ഇല്ലാതാക്കുന്നു. മാതാപിതാക്കളുടെയും മക്കളുടെയും ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതിലൂടെ വിരമിക്കൽ കാലത്തിനുശേഷം ജീവിക്കുന്നതിനായി സമ്പാദ്യങ്ങൾ മാറ്റി വെക്കാൻ സാധിക്കാതെ വരുന്നു.

സാൻഡ്‌വിച്ച് ജനറേഷൻ കടുത്ത മാനസിക-ശാരീരിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഒരേസമയം പല ജോലികൾ ചെയ്യേണ്ടി വരുന്നതുകൊണ്ട് വിട്ടുമാറാത്ത ക്ഷീണം, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടുന്നു. പരിചരണ ചുമതലകൾ കാരണം പലർക്കും പൂർണ്ണസമയ ജോലി ഉപേക്ഷിക്കേണ്ടി വരികയോ, പാർട്ട് ടൈം ജോലികളിലേക്ക് മാറേണ്ടി വരികയോ ചെയ്യുന്നു. ഇത് വ്യക്തിഗത വരുമാനത്തെയും ഭാവി പെൻഷൻ ആനുകൂല്യങ്ങളെയും ഇല്ലാതാക്കുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി കൈയ്യിലുള്ള സമ്പാദ്യം ചെലവഴിക്കേണ്ടി വരുന്നത് ദീർഘകാല സാമ്പത്തിക പദ്ധതികളെ തകർക്കുന്നു.

സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ സാൻഡ്‌വിച്ച് ജനറേഷന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ. വിമാനത്തിലെ അടിയന്തിര സാഹചര്യങ്ങളിൽ ആദ്യം ഓക്‌സിജൻ മാസ്‌ക് സ്വയം ധരിക്കുക എന്നുപറയുന്നതുപോലെ സ്വന്തം റിട്ടയർമെന്റ് ഫണ്ടിന് മുൻഗണന നൽകണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലോണുകൾ ലഭ്യമാണെങ്കിലും വിരമിക്കൽ ജീവിതത്തിന് ലോണുകൾ ലഭിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. മാതാപിതാക്കൾക്കും കുടുംബത്തിനും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ മുൻകൂട്ടി എടുക്കുക. ഇത് അടിയന്തിര മെഡിക്കൽ ചെലവുകൾ താളംതെറ്റിക്കുന്നത് തടയും.

മാതാപിതാക്കളോടും മക്കളോടും സാമ്പത്തിക അതിരുകളെക്കുറിച്ച് തുറന്നു സംസാരിക്കുക. മക്കളെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാൻ പ്രോത്സാഹിപ്പിക്കുകയും ഭാഗികമായി സ്വന്തം ചെലവുകൾ കണ്ടെത്താൻ പഠിപ്പിക്കുകയും ചെയ്യുക. കുറഞ്ഞത് 6 മാസത്തെ കുടുംബ ചെലവുകൾക്ക് ആവശ്യമായ തുക ലിക്വിഡ് ഫണ്ടുകളിലോ സേവിങ്‌സ് അക്കൗണ്ടുകളിലോ അടിയന്തിര ആവശ്യങ്ങൾക്കായി മാറ്റി വെക്കുക. കുടുംബാംഗങ്ങൾക്കിടയിൽ പരിചരണ ചുമതലകൾ വീതിച്ചു നൽകുക. പ്രൊഫഷണൽ ഹോം കെയർ സേവനങ്ങളോ കൗൺസിലിങ്ങോ ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തുക.