മോഹൻ ലാൽ എഴുതിയ 'ഉള്ളം തൊട്ട ഉറവ' എന്ന പുസ്തകത്തിന്റെ ആമുഖം

വർഷങ്ങൾക്കു ശേഷമാണ് ഞാൻ പൂനയിൽ പോയത്. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയായ ഹൃദയപൂർവ്വത്തിൽ അഭിനയിക്കാനായിരുന്നു ദീർഘമായ ഇടവേളയ്ക്കുശേഷമുള്ള ഈ യാത്ര.
വടവൃക്ഷങ്ങളും പച്ചപ്പുകളും നിറഞ്ഞ പൂന നഗരം. വൃക്ഷാരാധന ജീവിതത്തിന്റെ ഭാഗമാക്കിയ ജനത. വീട്ടിലെ വൃക്ഷം വെട്ടാൻപോലും പ്രത്യേക അനുമതിവേണം. മഴക്കാലത്ത് ഈ മാമരങ്ങളെല്ലാം നനഞ്ഞുകുതിർന്നുനിൽക്കുന്ന മനോഹരമായ കാഴ്ച മുൻപ് ഒരു തവണ ഞാൻ കണ്ടിട്ടുണ്ട്. കാറ്റടിക്കുമ്പോൾ മരങ്ങൾ കുടയുന്ന തടിച്ച മഴത്തുള്ളികൾ കാറിന്റെ മുകളിൽ ശബ്ദത്തോടെ വീണുടയും. പക്ഷേ, ഇത്തവണ പൂനയിൽ കടുത്ത ചൂടായിരുന്നു.
പൂന എനിക്ക് പ്രിയപ്പെട്ട നഗരമാവുന്നതിന് ഒരു പ്രധാന കാരണമുണ്ട് - ഓഷോ രജനീഷ് ജീവിച്ചതും ഒടുവിൽ ഭൂമിയിലെ സന്ദർശനം മതിയാക്കി തിരിച്ചുപോയതും ഈ നഗരത്തിൽ വെച്ചാണ് (Osho Never Born, Never Died. Only Visited This Planet Earth Between December 11, 1931 to January 19, 1990 എന്നാണ് അദ്ദേഹത്തിന്റെ സമാധിവാക്യം).
ഈ നഗരത്തിലൂടെ പാഞ്ഞുപോവുന്ന കാറ്റിലെവിടെയൊക്കെയോ ഇപ്പോഴും ഓഷോയുടെ മൃദുവായ വാക്കുകളുടെ മർമ്മരമുണ്ട്. കൊടുങ്കാറ്റുപോലെ വീശിയടിച്ച ഓഷോക്കാലം ഓർക്കുന്ന പലരും ഈ നഗരത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളിൽ ഒരുദിവസം മൂന്നുമണിക്കൂർ ഞാൻ സത്യേട്ടനോട് കടംവാങ്ങി. ''എങ്ങോട്ടാണ് ഒരു മുങ്ങൽ?'' സത്യേട്ടൻ ചോദിച്ചു
''ഓഷോാാാാ..'' ഞാൻ സത്യേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
വെയിലിനു വല്ലാതെ ചൂടുപിടിക്കുംമുൻപേ ഞാൻ ഓഷോ കമ്യൂൺ സ്ഥിതിചെയ്യുന്ന കൊറെഗൺ പാർക്കിലേക്കു പോയി. പ്രധാന റോഡിൽനിന്നു തിരിഞ്ഞാൽ ആകാശംമൂടി മരച്ചാർത്തുകളാണ്. വളഞ്ഞുതിരിഞ്ഞു പോവുന്ന ഈ വഴിയിലേക്ക് ഒരുകാലത്ത് ലോകം പ്രവഹിച്ചു. മഞ്ഞപ്പൂക്കൾക്കിടയിലൂടെ മറൂൺ വസ്ത്രധാരികളായ സന്ന്യാസിമാർ നടന്നു. അവർ ഓഷോയ്ക്കു മുന്നിലിരുന്നു. അഗാധമായ മുഴക്കമുള്ള വാക്കുകൾ കേട്ടു. ചിരിച്ചു. ധ്യാനിച്ചു. നൃത്തം ചെയ്തു. മരങ്ങളിൽനിന്ന് വസന്തം കൊഴിഞ്ഞുപോവുന്നതുപോലെ ഒരുദിവസം ആ കാലം കഴിഞ്ഞുപോയി.
മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് കമ്യൂണിന്റെ കവാടത്തിൽ സ്വാമി ദേവേന്ദ്രഭാരതിയും അമൃത് സാധനയും സ്വാമി ജായേഷും കാത്തുനിന്നിരുന്നു. ഓഷോയുടെ കാലത്തേ അവിടെ ഉണ്ടായിരുന്നവരാണവർ. അദ്ദേഹത്തിന്റെ പ്രകാശം അവരിൽ ഇപ്പോഴും ശേഷിക്കുന്നതുപോലെ എനിക്കു തോന്നി.
ദേവേന്ദ്രഭാരതിയും അമൃത് സാധനയും കമ്യൂണിന്റെ വഴികളിലൂടെ എന്നെ നടത്തി. 'ആശ്രമം' എന്ന വാക്ക് അവർ ഉപയോഗിക്കുന്നില്ല. ഓഷോ ഇന്റർനാഷണൽ മെഡിറ്റേഷൻ റിസോർട്ട് എന്നാണ് വിളിക്കുന്നത്. പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു ചെറുവനം തന്നെയാണത്. മുളങ്കൂട്ടങ്ങൾ. ചെറിയ കുളങ്ങൾ. അവയ്ക്കു നടുവിൽ ധ്യാനബുദ്ധന്റെ പല വലിപ്പത്തിലുള്ള മാർബിൾ പ്രതിമകൾ. ചുറ്റുപാടിന്റെ നിറത്തിനോടുചേർന്ന് ശ്യാമശിലയിൽത്തീർത്ത കെട്ടിടങ്ങൾ. ധ്യാനത്തിന്റെ വ്യത്യസ്തമായ കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് താമസിക്കാനുള്ള കുടീരങ്ങൾ. അതിഥിമന്ദിരങ്ങൾ, നീന്തൽക്കുളങ്ങൾ. പശ്ചാത്തലത്തിൽ നിലയ്ക്കാതെ പക്ഷികളുടെ പാട്ടുകൾ... മനുഷ്യന്റെ ശബ്ദം ചുറ്റുപാടിനെ മുറിവേൽപ്പിക്കുന്നേയില്ല.
ഓഷോയുടെ ആ നികുഞ്ജത്തിലൂടെ നടക്കുമ്പോൾ ഓർമ്മയിലൂടെ ഞാൻ ഒരുപാട് പുറകോട്ടു പോയി. ഓഷോ രജനീഷിനെ എന്നിലേക്കു ബന്ധിപ്പിച്ച ആ ചരടിന്റെ അറ്റം എത്രയെത്ര ദൂരെയാണ്! കാലാ കാലങ്ങളിൽ ഏത് അദൃശ്യശക്തിയാണ് ആ ചരടിനെ മുറിയാതെ കാത്തുസൂക്ഷിച്ചത്?
ഒരുപാട് ആലോചിച്ചപ്പോൾ എനിക്ക് ആ ചരടിന്റെ തുമ്പു കിട്ടി. മൂന്നരപ്പതിറ്റാണ്ടു മുൻപാണ്. ഞാൻ സിനിമയിൽ പച്ചപിടിച്ചുവരുന്ന കാലം. എനിക്ക് കഠിനമായ ഒരു നടുവേദന വന്നു. മദ്രാസിലെ വിദഗ്ധനായ ഒരു ഡോക്ടറെക്കണ്ടു. നട്ടെല്ലിനു പറ്റിയ ക്ഷതമാണ് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. നട്ടെല്ലിൽ ഒരു ബോൾട്ടിട്ടാൽ മാറും. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ ഇടത്തിൽത്തൊട്ടാണ് കളി. ഞാനതിന് വിസമ്മതിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:
''ലാൽ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ ആറു മാസം കഴിയുമ്പോഴേക്കും ഇതിലും മോശമായ അവസ്ഥയിൽ ഇവിടെ വരേണ്ടിവരും.''
എന്നിട്ടും ഞാൻ സമ്മതംമൂളിയില്ല. സമ്മതിക്കാൻ എനിക്ക് പേടിയായിരുന്നു. എന്തു തീരുമാനമെടുക്കണം എന്നറിയാതെ ഞാൻ കുഴങ്ങി. ആ സമയത്ത് യാദൃച്ഛികമായി ഞാൻ ദാസേട്ടനെ (യേശുദാസ്) കണ്ടു. എന്റെ അവസ്ഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
''ആയുർവ്വേദം ഒന്ന് നോക്കിക്കൂടേ?'' ദാസേട്ടൻ ചോദിച്ചു.
അന്ന് ആയുർവ്വേദത്തെക്കുറിച്ച് എനിക്കത്ര ധാരണയൊന്നുമുണ്ടായിരുന്നില്ല.
''എവിടെപ്പോവും?'' ഞാൻ ചോദിച്ചു.
''കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽച്ചെല്ലൂ. അവിടെ പി.വി. രാമവാര്യരും കൃഷ്ണകുമാറുമുണ്ട്. ഞാൻ വിളിച്ചുപറയാം.''
ദാസേട്ടന്റെ ശുപാർശയിൽ ഞാൻ അവിടെയെത്തി. രണ്ടു ഘട്ടങ്ങളിലായി നാൽപ്പതു ദിവസത്തിലധികംനീണ്ട അല്പം കഠിനമായ ചികിത്സയായിരുന്നു അത്. ഒന്നും വായിക്കരുത്, കൂടുതലായി നടക്കുകയോ ഇരിക്കുകയോ ചെയ്യരുത്, കഴിയുന്നതും കണ്ണടച്ചു കിടക്കണം. ദിവസവും വാര്യർ സാർ വരും, മാനേജിങ് ഡയറക്ടറായ പി.ആർ. കൃഷ്ണകുമാർജി വരും. അവർ പോയാൽ മുറിയിൽ ഞാൻ തനിച്ചാവും.
തനിച്ചു കിടക്കുമ്പോൾ ഒരുപാട് ആലോചനകൾ മനസ്സിൽ നിറയും അസുഖത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച്, തുടർജീവിതത്തെക്കുറിച്ച്... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നുയർന്നു വന്നുകൊണ്ടേയിരുന്നു. ഒരുദിവസം കൃഷ്ണകുമാർജി ഒരു കാസറ്റുമായിട്ടാണ് വന്നത്. അതെന്റെ കൈയിൽത്തന്നിട്ട് പറഞ്ഞു: ''ലാൽ ഇതൊന്ന് കേട്ടുനോക്കൂ.'' ഏതോ വിഷയത്തെക്കുറിച്ചുള്ള ഓഷോ രജനീഷിന്റെ പ്രഭാഷണമായിരുന്നു അത്. തനിച്ച് ആ പ്രഭാഷണം കേട്ട് കണ്ണടച്ചു കിടന്നപ്പോൾ എന്റെയുള്ളിൽ ഒരു പ്രഭാതം വിടരുന്നതുപോലെ തോന്നി. തുടർന്നുള്ള ദിവസങ്ങളിൽ പല പല വിഷയങ്ങളിലുള്ള ഓഷോ പ്രഭാഷണങ്ങൾ കേട്ടു. മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിത്തുടങ്ങി. ഉള്ളിലെ ആകാശത്തിൽ മറ്റൊരു നിലാവ്, നക്ഷത്രങ്ങൾ... കോയമ്പത്തൂരിലെ ആ ആയുർവ്വേദ ആശുപത്രിയിൽവെച്ച് ഓഷോ എന്നെ വന്നു തൊട്ടു. ആന്തരികമായ ഒരു സൂക്ഷ്മബന്ധം അവിടെ തുടങ്ങുകയായിരുന്നു എന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു. ചികിത്സ കഴിഞ്ഞതോടെ എന്റെ അസുഖം മാറി. ഞാൻ ജീവിതത്തിന്റെയും സിനിമയുടെയും മലവെള്ളപ്പാച്ചിലിലേക്കു പതിച്ചു. പക്ഷേ, എപ്പോഴും ഓഷോ നിഴലുപോലെ എനിക്കൊപ്പമുണ്ടായിരുന്നു. കുറേ പുസ്തകങ്ങൾ വായിച്ചു, അതിലധികം പ്രഭാഷണങ്ങൾ കേട്ടു. പൂനയിൽ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കു ചെന്നപ്പോൾ എന്റെ ആഗ്രഹമറിഞ്ഞ് സംഘാടകരിൽ ചിലർ എന്നെ ഓഷോ കമ്യൂണിൽ കൊണ്ടുപോയി. ഓഷോ അമേരിക്കയിലെ ഒറിഗോണിലായിരുന്നു അപ്പോൾ. വളരെ മങ്ങിയ ഓർമ്മമാത്രമേ ആ സന്ദർശനത്തെക്കുറിച്ച് ഇപ്പോൾ എന്റെ മനസ്സിലുള്ളൂ. അവിടെയുള്ളവരിൽ ആരൊക്കെയോ ആദ്യമായി വരച്ച ചിത്രങ്ങൾ കണ്ടതോർക്കുന്നു. ഏറെ സങ്കീർണ്ണമായ വരകൾ, നിറങ്ങൾ. എല്ലാ മനുഷ്യരിലും എല്ലാ കലകളും ഉൾക്കൊണ്ടിട്ടുണ്ടാവണം. ഏതാണോ കണ്ടെടുത്ത് വികസിപ്പിക്കുന്നത് അത് പ്രകാശിക്കുന്നു. ആശ്രമം എന്ന സ്ഥിരം സങ്കല്പങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായ ഓഷോ കമ്യൂൺ എനിക്കന്ന് വേറിട്ട അനുഭവമായിരുന്നു. കാലം ഏറെ പറന്നുപോയി; എന്റെ ജീവിതം ഏറെ മുന്നോട്ടുപായി.
ഓഷോയുടെ രചനകൾമാത്രം പ്രസിദ്ധീകരിക്കാൻ കോഴിക്കോട്ടുനിന്നും 'സൈലൻസ്' എന്ന ഒരു പുസ്തകശാല തുടങ്ങി. കൊടുങ്ങല്ലൂർ സ്വദേശിയായ ജോസിയായിരുന്നു ഉടമ. ജോസി ഒരുദിവസം കുറേ പുസ്തകങ്ങളും മറൂൺനിറത്തിലുള്ള ഗൗണും ഓഷോ ലോക്കറ്റുള്ള മാലയുമായി ചേർത്തലയിൽ എന്നെ കാണാൻ വന്നു. അതും ഒരു സത്യൻ അന്തിക്കാട് ചിത്രമായിരുന്നു - ഇന്നത്തെ ചിന്താവിഷയം. 12 വോള്യങ്ങളിലുള്ള ധർമ്മപദ വ്യാഖ്യാനം തന്നു, ഓഷോയുടെ ആത്മകഥകളായ Autobiography of a Spiritually Incorrect Mystic, Glimpses of a Golden Childhood എന്നിവ തന്നു, ഭഗവദ്ഗീതാ വ്യാഖ്യാനവും വിജ്ഞാന ഭൈരവതന്ത്രയും തന്നു... ഓഷോയുടെ വാക്കുകൾ എനിക്കു ചുറ്റും ചിത്രശലഭങ്ങളായി.
ഒരു ദിവസം ജോസി ചോദിച്ചു: ''ഓഷോ പുസ്തകങ്ങളുടെ പരസ്യമായി ഞാൻ താങ്കളുടെ ചിത്രം ഉപയോഗിച്ചോട്ടേ?''
ഞാൻ സന്തോഷത്തോടെ സമ്മതിച്ചു, പിരിയാതെ ഓഷോ എനിക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്‌നങ്ങളിലും അതെനിക്ക് ഒരു താങ്ങായി നിന്നു. ധ്യാനത്തിന്റെ അഭയസങ്കേതമായി.
ലക്ഷൻ സുകാമേലി എന്ന ഇറ്റാലിയൻ പൗരൻ ഒരുദിവസം ഏതോ സിനിമയുടെ സെറ്റിൽ എന്നെക്കാണാൻ വന്നു. അദ്ദേഹം ഓഷോയുടെ നേർശിഷ്യൻ (direct disciple) ആയിരുന്നു. ഒറിഗോണിൽ ഫിസിയോ തെറാപ്പിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഓഷോയെക്കുറിച്ച് ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. ഞാൻ ഓഷോ രജനീഷായി അഭിനയിക്കണം എന്ന് ലക്ഷൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എവിടെയോ തുടങ്ങിയ ഒരു യാത്ര ഏതൊക്കെയോ വഴികളിലൂടെ, എങ്ങോട്ടൊക്കെയോ തുടരുന്നു...
സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. മേക്കപ്പ് ടെസ്റ്റും ഓഡിഷൻ ടെസ്റ്റും കഴിഞ്ഞു. ഇംഗ്ലീഷ് വാക്കുകൾ ഓഷോ ഉച്ചരിക്കുന്ന രീതി ശ്രദ്ധിച്ചുപഠിച്ചു, അദ്ദേഹത്തിന്റെ കൈവിരലുകളുടെ സവിശേഷമായ ചലനങ്ങൾ പരിശീലിച്ചു. പക്ഷേ, ആ സിനിമ നടന്നില്ല. ജീവിതംപോലെത്തന്നെയാണ് സിനിമ, അതിനുമൊരു ജാതകമുണ്ട്.
ലക്ഷൻ ഇന്ത്യ വിട്ടുപോയി. പോകുമ്പോൾ അദ്ദേഹം എനിക്ക് അസാധാരണമായ ഒരു സമ്മാനം തന്നു - ഓഷോ ഉപയോഗിച്ചിരുന്ന ഒരു രോമത്തൊപ്പി. അദ്ദേഹത്തിന് ഓഷോ നൽകിയതായിരുന്നു അത്. കുറച്ചു മാസങ്ങൾക്കു മുൻപ് ലക്ഷൻ മരിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി അദ്ദേഹം വിടപറയുന്ന ദൃശ്യം വേദനയോടെ ഞാൻ കണ്ടു... ഒരു ശ്വാസത്തിന്റെ നൂലിഴയിൽ തൂങ്ങിയാടുന്ന മനുഷ്യജീവിതം. ആ രോമത്തൊപ്പിയിൽ തൊടുമ്പോൾ ഓഷോയെ തൊടുന്നതുപോലെ എനിക്കു തോന്നാറുണ്ട്.
എന്റെ ഓർമ്മകൾ മുറിഞ്ഞു. ദേവേന്ദ്രഭാരതിയും അമൃത് സാധനയും ജായേഷും എന്നെ കമ്യൂണിന്റെ എല്ലാ വഴികളിലൂടെയും നടത്തി. കമ്യൂണിൽ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടത്തിനു മുന്നിൽ എന്നെ അവർ നിർത്തി. ഓഷോ താമസിച്ചിരുന്ന മുറി അതിനകത്താണ്. മുറിക്കു മുന്നിൽ ഓഷോയുടെ പ്രിയപ്പെട്ട റോൾസ് റോയ്‌സ് കാറുകളിലൊന്ന് പൊയ്‌പ്പോയ വസന്തകാലത്തിന്റെ ഓർമ്മകളുമായി കിടപ്പുണ്ട്. ഒരു ആത്മീയപുരുഷൻ ആഡംബരത്തിന്റെ പരമാവസ്ഥയായ റോൾസ് റോയ്‌സിൽ (ഒന്നും രണ്ടുമല്ല, 99) സഞ്ചരിക്കുന്നതിൽ വൈരുദ്ധ്യം കണ്ട ലോകത്തിനോട് സ്വതസ്സിദ്ധമായ ശൈലിയിൽ ഓഷോ പറഞ്ഞു: ''കാളവണ്ടിയെക്കാൾ റോൾസ് റോയ്‌സാണ് ധ്യാനിക്കാൻ പറ്റിയ വാഹനം.''
എനിക്കതിനു മുന്നിൽനിന്ന് ഒരു ഫോട്ടോ എടുക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അത് കമ്യൂണിന്റെ നിയമങ്ങൾക്കെതിരായതുകൊണ്ട് നിരാശയോടെ ഞാനത് ഉപേക്ഷിച്ചു.
''ദാ അവിടെയാണ് ഓഷോയുടെ പ്രഭാഷണസ്ഥലം. ദൂരമിത്രയേ ഉള്ളൂവെങ്കിലും നടക്കാൻ അദ്ദേഹത്തിനു മടിയായിരുന്നു. ഈ കാറിൽ അവിടെവരെപ്പോയി ഇതിൽത്തന്നെ മടങ്ങും,'' ചിരിച്ചുകൊണ്ട് തൊട്ടപ്പുറത്തെ തുറസ്സിലേക്ക് വിരൽചൂണ്ടി അമൃത് സാധന പറഞ്ഞു. ''താങ്കൾക്ക് അമൂല്യമായ ഒരു കാഴ്ച ഞങ്ങൾ കരുതിവെച്ചിട്ടുണ്ട്,'' ദേവേന്ദ്രഭാരതി പറഞ്ഞു.
പൊടിപിടിച്ച ഒരു മരഗോവണി കയറ്റി അവരെന്നെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലേക്കു കൊണ്ടുപോയി. അധികമാരും അവിടെ വരാറില്ല എന്ന് ചുറ്റുപാടുകളിൽനിന്നു വ്യക്തം. വാതിൽ തുറന്നപ്പോൾ പഴയകാലത്തെപ്പോലെ കുത്തുകളായുള്ള മൊസൈക്കിട്ട ഒരു മുറി. തിരുവനന്തപുരത്തെ എന്റെ വീടിന്റെ പഴയകാലത്തെ നിലം ഓർമ്മവന്നു.
''ഈ മുറിയിൽവെച്ചാണ് ഓഷോ ഗുരുനാനാക്കിനെക്കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങൾ തുടങ്ങിയത്,'' - അമൃത് സാധന പറഞ്ഞു.
ഇരുട്ടിലാണ്ടുകിടക്കുന്ന പടികളിറങ്ങി ഞങ്ങൾ ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലെത്തി. അവിടെയായിരുന്നു കാത്തുവെച്ച അദ്ഭുതം- ഓഷോയുടെ സ്വകാര്യ ലൈബ്രറി. തിരമാലകൾ പോലെ പുസ്തകങ്ങൾ. അദ്ദേഹം വായിച്ച എൺപത്തയ്യായിരം പുസ്തകങ്ങളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. മതം, തത്ത്വചിന്ത, മനഃശാസ്ത്രം, സാഹിത്യം, കവിത, ചരിത്രം, ആത്മകഥകൾ, ജീവചരിത്രങ്ങൾ തുടങ്ങി മുല്ലാ നസറുദ്ദീൻ കഥകൾവരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
''ഓഷോയെ തീരേ ബഹുമാനമില്ലാതെ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വന്ന എഴുത്തുകാരൻ ഖുഷ്വന്ത് സിങ് ഈ അലമാരകൾക്കുമുന്നിലാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഈ പുസ്തകങ്ങൾ കണ്ട് അദ്ദേഹം മാനസാന്തരപ്പെട്ടു. പിന്നീട് ഓഷോയെപ്പറ്റി പഠിച്ച് ഒട്ടേറെ ലേഖനങ്ങളെഴുതി.'' ദേവേന്ദ്രഭാരതി പറഞ്ഞു.
''അക്കാലത്ത് ഓൺലൈൻ പർച്ചേസിങ്ങൊന്നുമില്ല. ഒരുദിവസം ഓഷോ ചുരുങ്ങിയത് ആറു പുസ്തകങ്ങൾ വായിക്കുമായിരുന്നു. കാലം കഴിയുന്നതിനനുസരിച്ച് വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടിക്കൂടിവന്നു. പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുക വലിയ പ്രയാസമായിരുന്നു,'' അമൃത് സാധന ഓർത്തു.
കടലോളം വായിച്ചുതീർന്നപ്പോൾ ഒരു ദിവസം ഓഷോ പെട്ടെന്ന് വായന നിർത്തി. ഈ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ അറിവിന്റെ സാക്ഷ്യമായി ബാക്കിയായി. വായിച്ച പുസ്തകങ്ങളിൽ പ്രിയപ്പെട്ടവയെപ്പറ്റിയുള്ള ഓഷോയുടെ ഓർമ്മകളായ Books I have Loved എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.
ഓഷോയുടെ കിടപ്പുമുറി തൊട്ടടുത്താണ്. ആ മുറിയിൽനിന്ന് കുറച്ചുദൂരം മാറി അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നു.
''മരിച്ച് രണ്ടുമണിക്കൂറിനകം തന്നെ ദഹിപ്പിക്കണം എന്നദ്ദേഹം പറഞ്ഞിരുന്നു. തന്നെ കാണാനുള്ളവരെല്ലാം ജീവിക്കുന്ന കാലത്ത് വന്നുകണ്ടുകഴിഞ്ഞെന്നും മരിച്ചിട്ട് ആരും കാണാൻ വരേണ്ട എന്നുമായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ആഹ്ലാദത്തോടെയായിരുന്നു ഞങ്ങളദ്ദേഹത്തെ യാത്രയാക്കിയത്. മരണത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ ബോധവാന്മാരാക്കിയിരുന്നു,'' അമൃത് സാധന ആ ദിവസത്തെ ഓർത്തു.
എല്ലാം കണ്ട് ഉച്ചയോടെ ഞാൻ മടങ്ങി. കുറേ പുസ്തകങ്ങൾ അവരെനിക്ക് സമ്മാനമായിത്തന്നു.
രാത്രി ജോലി കഴിഞ്ഞ് ഹോട്ടൽമുറിയിലെത്തി കിടന്നിട്ടും ആ പകലനുഭവത്തിന്റെ മായാവലയത്തിൽനിന്ന് എനിക്ക് രക്ഷപ്പെടാൻ പറ്റിയില്ല. Red String Theory എന്നൊന്നുണ്ട്. അത് ഒരു പൂർവേഷ്യൻ സംസ്‌കാരമാണ്. വ്യക്തികൾ തമ്മിൽ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനതത്ത്വം. സ്ഥല-കാല-സമയ-സാഹചര്യങ്ങൾക്കും അപ്പുറത്താണ് ഈ ബന്ധത്തിന്റെ നൂലിഴകൾ. അഗാധമായ ഈ ബന്ധത്തിന്റെ കാരണങ്ങൾ നമുക്ക് അറിയണമെന്നില്ല. ആലോചിക്കുമ്പോൾ തോന്നുന്നു ഏതൊക്കെയോ അദൃശ്യമായ ചരടുകൾ ഓഷോയെ ഞാനുമായി ഹൃദയപൂർവം ചേർത്തുനിർത്തുന്നുണ്ട്. എന്റെ ഏകാന്തതകളിലും മനോവിഷമങ്ങളിലും ഞാൻ ഈ മനുഷ്യനെയും അദ്ദേഹത്തിന്റെ വാക്കുകളെയും ധ്യാനിക്കുന്നു; അതെന്നെ സാന്ത്വനപ്പെടുത്തുന്നു - ആ വെളിച്ചത്തിൽ ഞാൻ മുന്നോട്ടു നടക്കുന്നു.
ആശ്രമത്തിൽനിന്നു മടങ്ങുമ്പോൾ അമൃത് സാധനയും ദേവേന്ദ്രഭാരതിയും ചോദിച്ചു:
''ഓഷോയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതാമോ?''
എഴുത്ത് എന്റെ തൊഴിലല്ലാത്തതിനാൽ 'നോക്കാം' എന്നു മാത്രം പറഞ്ഞ് ഞാൻ മടങ്ങി.
വ്യത്യസ്തമായ ജീവിതവിഷയങ്ങളെക്കുറിച്ചുള്ള ഓഷോയുടെ ചില കുറിപ്പുകൾ അവർ എനിക്ക് പിന്നീട് അയച്ചുതന്നു. അവ അതീവ രസകരങ്ങളായിരുന്നു. ആ കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി, വേറിട്ട രീതിയിൽ എഴുതിയതാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ. ഓഷോയുടെ നിരീക്ഷണങ്ങൾക്കൊപ്പം എന്റെ അനുഭവങ്ങളും ആലോചനകളും ഇതിൽ കലർന്നിട്ടുണ്ട്.
ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയിലാണ്. പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ഒരുപാട് വായനക്കാർ നല്ല വാക്കുകൾ പറഞ്ഞത് ഞാനോർക്കുന്നു. അവർക്ക് എന്റെ നന്ദി.
ലോകം കണ്ട വലിയ മിസ്റ്റിക്കും ദാർശനികനുമായ ഓഷോയിലേക്കുള്ള ചെറിയ ജാലകം മാത്രമാണ് ഈ പുസ്തകം. ഈ ജാലകത്തിനപ്പുറം അപാരസാഗരമാണ്. അവിടെ നിങ്ങൾക്ക് തിരമാലകളും നിലാവും നക്ഷത്രങ്ങളും കാറ്റും മഴയും മഞ്ഞുമെല്ലാം അറിയാം, അനുഭവിക്കാം. ഓഷോ അറിവിലധികം അനുഭവമാണ്, അനുഭൂതിയാണ്. ആ അനുഭൂതിയിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Published: 24 Sept 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented