
'ചില മനുഷ്യര്‍ ജീവിതത്തില്‍ കണ്ടുമുട്ടേണ്ടതുണ്ട്, അവര്‍ കണ്ടുമുട്ടുകതന്നെ ചെയ്യും' എന്നു പറഞ്ഞത് അഗാധസൗന്ദര്യമുള്ള കഥകളെഴുതിയ ഉറൂബാണ്. 'There is a meaning in each line and curve' എന്നു പറഞ്ഞത് കൊല്‍ക്കത്തയില്‍ വിപ്ലവകാരിയായി ജീവിച്ച് പോണ്ടിച്ചേരിയില്‍ മഹായോഗിയായി പുനര്‍ജ്ജനിച്ച അരബിന്ദഘോഷാണ്. ഇവര്‍ രണ്ടുപേര്‍ പറഞ്ഞതും ശരിയാണ്. അല്ലങ്കില്‍ സുധാ കുല്‍ക്കര്‍ണി എന്ന സുന്ദരി പുണെയിലെ കുടുസ്സു ഫ്‌ളാറ്റ് മുറിയില്‍വെച്ച് നഗാവര രാമറാവു നാരായണമൂര്‍ത്തി എന്ന കട്ടിക്കണ്ണട വെച്ച, കുറിയ കന്നഡിഗനെ കണ്ടുമുട്ടില്ലായിരുന്നു. ടാറ്റ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനി (ടെല്‍ക്കോ)യിലെ ആദ്യ വനിതാ എന്‍ജിനീയറായ സുധാ കുല്‍ക്കര്‍ണിയെ സുഹൃത്തായ പ്രസന്നയാണ് നാരായണമൂര്‍ത്തിയുടെ ഫ്‌ളാറ്റിലേക്കു ക്ഷണിച്ചത്. പ്രസന്നയും നാരായണമൂര്‍ത്തിയും തൊട്ടടുത്ത ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരായിരുന്നു.
പുസ്തകവായനയും സിനിമ കാണലുമായിരുന്നു സുധയുടെ പ്രിയപ്പെട്ട ഒഴിവുകാലവിനോദങ്ങള്‍. പ്രസന്നയും നന്നായി വായിക്കുമായിരുന്നു. പ്രസന്നയുടെ കൈയില്‍ക്കാണുന്ന പുസ്തകങ്ങള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു. ആ പുസ്തകങ്ങളില്‍ അവ വാങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ എഴുതിയിരുന്നു: പാരീസ്, റോം, മ്യൂണിക്, ഇസ്താംബുള്‍, കാബൂള്‍... അന്തംവിട്ട വായനക്കാരനായ തന്റെ സുഹൃത്തിന്റേതാണ് ആ പുസ്തകങ്ങളെല്ലാം എന്നു പ്രസന്ന പറഞ്ഞു. അയാളെക്കണ്ട് പരിചയപ്പെടാന്‍ പ്രസന്ന സുധയെ ഫ്‌ളാറ്റിലേക്കു ക്ഷണിച്ചു.
പുരുഷന്മാര്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് സുധ മടിച്ചുമടിച്ചാണ് ചെന്നത്. ധാരാളം സിനിമ കാണുന്നയാളായതുകൊണ്ടാവാം താന്‍ കാണാന്‍പോവുന്ന ഉലകം ചുറ്റും പുസ്തകവായനക്കാരന്റെ രൂപം സുധ മനസ്സില്‍ വെറുതേ വരച്ചു. രാജേഷ് ഖന്നയുടെ ഛായയായിരുന്നു അയാള്‍ക്ക്. അയാള്‍ ലെതര്‍ ജാക്കറ്റ് ധരിച്ച് സുന്ദരനായിരുന്നു. എന്നാല്‍ പുസ്തകങ്ങള്‍കൊണ്ട് ചുമരുകള്‍ പൊതിഞ്ഞ ആ മുറിയില്‍ സുധ കണ്ടത് മെലിഞ്ഞ്, ഉയരം കുറഞ്ഞ്, കട്ടിക്കണ്ണട ധരിച്ച്, നെറ്റിയില്‍ പാതിമാഞ്ഞ മുറിപ്പാടുള്ള ഒരാളെയാണ്. ലെതര്‍ ജാക്കറ്റിനു പകരം അയാള്‍ സാധാരണ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.
ശാന്തനും ലജ്ജാലുവുമായിരുന്ന ആ മനുഷ്യന്‍ അധികം സംസാരിച്ചിരുന്നില്ല. സംസാരം എപ്പോഴോ പുസ്തകങ്ങളിലേക്ക് വഴിമാറിയപ്പോള്‍ അയാള്‍ ഊര്‍ജ്ജസ്വലനായി. അയാള്‍ക്ക് പ്രിയപ്പെട്ട കന്നട എഴുത്തുകാര്‍ സുധയ്ക്കും പ്രിയപ്പെട്ടവരായിരുന്നു: കുവംപു, ശിവരാമകാരന്ത്, ത്രിവേണി, എസ്.എല്‍. ഭൈരപ്പ... താനിതുവരെ കേട്ടിട്ടുപോലുമില്ലാത്ത പുസ്തകങ്ങളുടെ നിര അയാളുടെ ഷെല്‍ഫില്‍ സുധ കണ്ടു: The Little Cabbages,The Prophet Motive,The Land of the Rising Yen, How to Scrape Skies, Shakespeare and Myself... ഒരു ബാഗ് നിറയെ പുസ്തകങ്ങളുമായാണ് സുധ അയാളുടെ മുറിയില്‍നിന്ന് മടങ്ങിയത്. പോരുമ്പോള്‍ സുധ അയാളെ ഡിന്നറിനു ക്ഷണിച്ചു. അദ്ഭുതം, അയാള്‍ സമ്മതിച്ചു. തീരേ ചെലവു കുറഞ്ഞ പുണെ കോഫിഹൗസില്‍ച്ചെന്ന് അന്നവര്‍ അത്താഴം കഴിച്ചു. അപ്പോഴും അവര്‍ക്കിടയിലെ സംസാരവിഷയം പുസ്തകങ്ങള്‍തന്നെയായിരുന്നു...
(വിവാഹിതരായതിനു ശേഷം നാരായണമൂര്‍ത്തി സുധയോടു പറഞ്ഞു: നീ വന്ന് എന്റെ ഫ്‌ളാറ്റില്‍ പ്രകാശം നിറച്ചു. ഞാന്‍ ലോകമാകെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്രമേല്‍ ജീവിതോന്മുഖയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടേയില്ല. നീ പോയിട്ടും നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നില്‍നിന്നും ഒഴിഞ്ഞില്ല.)
ജന്മംകൊണ്ടും ജീവിതംകൊണ്ടും കന്നഡിഗകരെങ്കിലും ജീവിതപശ്ചാത്തലത്തില്‍ സുധയും നാരായണമൂര്‍ത്തിയും തീര്‍ത്തും വ്യത്യസ്തരായിരുന്നു. സുധയുടെ അച്ഛന്‍ ഡോ. ആര്‍.എച്ച്. കുല്‍ക്കര്‍ണി സംസ്‌കൃതചിത്തനും സാധാരണ മനുഷ്യരോട് ദീനാനുകമ്പയുള്ളയാളുമായിരുന്നു. അമ്മ വിമല സ്‌കൂള്‍ടീച്ചറായിരുന്നു. ഒരു മധ്യവര്‍ഗ്ഗ ഇന്ത്യന്‍ കുടുംബത്തിലുണ്ടാവുന്ന എല്ലാ മനോഹാരിതകളും സുധയുടെ കുടുംബത്തിലുമുണ്ടായിരുന്നു. അമ്മൂമ്മയുടെയും മുത്തച്ഛന്റെയും വാത്സല്യത്തിലായിരുന്നു സുധ വളര്‍ന്നത്. അവരുടെ വീടിനു മുന്നില്‍ അരിമില്ലുകളായിരുന്നു. അവിടെനിന്ന് അവര്‍ നല്ല വെളുത്ത അരിയും അല്‍പ്പം ഗുണം കുറഞ്ഞ ചുവന്ന അരിയും വാങ്ങും.

ചുവന്ന അരി വീട്ടാവശ്യത്തിനെടുത്ത് നല്ല അരി ഭിക്ഷക്കാര്‍ക്കു നല്‍കുന്ന അമ്മൂമ്മയെ സുധ നിത്യവും കാണാറുണ്ടായിരുന്നു. കുട്ടിക്കാലത്തേ എന്തിനേയും ചോദ്യംചെയ്തു ശീലിച്ച സുധ ഇതും അമ്മൂമ്മയോടു ചോദിച്ചു. അപ്പോള്‍ അവര്‍ മറുപടി പറഞ്ഞു: ''മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ എപ്പോഴും നല്ലത് കൊടുക്കുക. ദൈവം ക്ഷേത്രത്തിലോ പള്ളിയിലോ ചര്‍ച്ചുകളിലോ അല്ല, മനുഷ്യരിലാണ്. മനുഷ്യരെ സേവിക്കുമ്പോള്‍ നീ ദൈവത്തെ സ്‌നേഹിക്കുന്നു.''
മറ്റൊരിക്കല്‍ മുത്തശ്ശി സുധയോടു പറഞ്ഞു: ''ഒരു സ്ത്രീക്ക് പുരുഷന്റെ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ പുരുഷന് ഒരിക്കലും സ്ത്രീയുടെ ജോലി ചെയ്യാന്‍ സാധിക്കില്ല.''
മൈസൂര്‍ ജില്ലയിലെ ഷിഗ്ഗോണില്‍നിന്ന് സുധയുടെ കുടുംബം ഹുബ്ലിയിലേക്ക് താമസം മാറിയപ്പോള്‍, സഹോദരങ്ങളായ ശ്രീനിവാസും ജയശ്രീയും ഇംഗ്ലീഷ് മീഡിയത്തിലും സഹോദരി സുനന്ദയും സുധയും കന്നഡ മീഡിയത്തിലും ചേര്‍ന്ന് പഠനം തുടര്‍ന്നു.
നാരായണമൂര്‍ത്തിയുടെ പിതാവ് രാമറാവു സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് അദ്ദേഹം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇന്‍സ്‌പെക്ടറായി. ദാരിദ്ര്യം കാരണം കുട്ടിക്കാലത്ത് ഒരുപാട് നിരാശതകള്‍ അനുഭവിച്ചയാളായിരുന്നു രാമറാവു. ഇംഗ്ലണ്ടില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടും കടല്‍ കടക്കരുത് എന്ന ആചാരം അമ്മ മുറുകെപ്പിടിച്ചതു കാരണം രാമറാവുവിന് പോകാന്‍ സാധിച്ചില്ല. ലണ്ടന്‍ നഗരത്തിന്റെ ഭൂപടം വരച്ച് പ്രധാന സ്ഥലങ്ങളും പാര്‍ലമെന്റ് ഹൗസും ഇംപീരിയല്‍ കോളേജുമെല്ലാം അച്ഛന്‍ കുട്ടികള്‍ക്ക് കാണിച്ചുതരാറുള്ളത് നാരായണമൂര്‍ത്തി ഓര്‍ക്കുന്നുണ്ട്. തനിക്കു നഷ്ടപ്പെട്ട ലോകങ്ങള്‍ അങ്ങനെയെങ്കിലും അദ്ദേഹം തിരിച്ചുപിടിച്ചതായിരിക്കണം.
രാമറാവുവിന്റെ ആദ്യ ഭാര്യ മരിച്ചു. രണ്ടാനമ്മയുടെ മേല്‍നോട്ടത്തിലാണ് നാരായണമൂര്‍ത്തിയും സഹോദരങ്ങളും വളര്‍ന്നത്. ഭാര്യയുടെ മരണംകൂടിയായപ്പോള്‍ രാമറാവു ഉള്ളാലെ തകര്‍ന്നു. വീട്ടില്‍ അദ്ദേഹം കൂടുതല്‍ കര്‍ക്കശക്കാരനായി. പെട്ടെന്ന് കോപിക്കും, അതേസമയം കടുത്ത ആദര്‍ശവാദിയുമായിരുന്നു. കുട്ടികള്‍ എത്ര വിജയം നേടിയാലും രാമറാവു 'പോരാ പോരാ' എന്നു മാത്രമേ പറയുകയുള്ളൂ. ഭക്ഷണമേശയ്ക്കു മുന്നിലിരുന്ന് അദ്ദേഹം കുട്ടികളെ തത്ത്വശാസ്ത്രം പഠിപ്പിച്ചു. അവരെ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുപോയി. സോഷ്യലിസത്തെക്കുറിച്ചും നെഹ്രുവിയന്‍ തത്ത്വചിന്തയെക്കുറിച്ചും അവര്‍ക്ക് പറഞ്ഞുകൊടുത്തു. ഷേക്‌സ്പിയറിന്റെയും വേര്‍ഡ്‌സ്‌വര്‍ത്തിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും ലോകം തുറന്നുകൊടുത്തു. അപ്പോഴും വലിയ കുടുംബം പോറ്റാന്‍ അദ്ദേഹം വല്ലാതെ ഞെരുങ്ങി.
ഞായറാഴ്ച ഉച്ചയുറക്കം രാമറാവുവിന് നിര്‍ബ്ബന്ധമായിരുന്നു. അച്ഛനെ ശല്യപ്പെടുത്തരുത് എന്ന് രണ്ടാനമ്മ മക്കളോടു പറയുമായിരുന്നു. ഒരിക്കല്‍, പിന്നെയും കളി തുടര്‍ന്ന മൂര്‍ത്തിയെ, കലിബാധിച്ചവനെപ്പോലെ വന്ന് അച്ഛന്‍ എടുത്തെറിഞ്ഞു. തല ചെന്നടിച്ച് നെറ്റി മുറിഞ്ഞ് ചോരയൊഴുകി. നെറ്റിയിലെ ആ മുറിവ് മൂര്‍ത്തിയുടെ മനസ്സിലും ആഴത്തില്‍ പതിഞ്ഞു. അച്ഛനുമായുള്ള ബന്ധത്തില്‍ പ്രത്യക്ഷമായ മാറ്റംവന്നു. പിന്നീട് മൂര്‍ത്തി പറഞ്ഞു: 'I learnt never be violent with children.'
''എന്റെ സുഹൃത്തുക്കള്‍ ദോശക്കച്ചവടക്കാരന്റെയും പലചരക്കു പീടികക്കാരന്റെയും മക്കളായിരുന്നു. ചെറുതായിരുന്നു ഞങ്ങളുടെ സ്വപ്നങ്ങള്‍. വിലപിടിപ്പുള്ളതായിരുന്നില്ല ആഹ്ലാദങ്ങള്‍. ചെറിയ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ അവരെന്നെ പഠിപ്പിച്ചു,'' കുട്ടിക്കാലത്തെക്കുറിച്ച് നാരായണമൂര്‍ത്തി ഓര്‍ത്തതിങ്ങനെയായിരുന്നു.
പ്രസന്ന സ്ഥലംമാറിപ്പോയതോടെ സുധയും നാരായണമൂര്‍ത്തിയും കൂടുതല്‍ അടുത്തു. പരസ്പരം നിരവധി സാമ്യങ്ങളുണ്ട് എന്നവര്‍ തിരിച്ചറിഞ്ഞു. ചെലവു കുറഞ്ഞ ജീവിതമായിരുന്നു ഇരുവര്‍ക്കും പ്രിയം. പുണെയിലെ അത്തരം ഭക്ഷണശാലകള്‍ അവര്‍ ഒരുമിച്ചു തിരഞ്ഞെടുത്തു. ജോലി കഴിഞ്ഞ് ഇരുവരും അവിടങ്ങളില്‍ സംഗമിച്ചു. വിശേഷദിവസങ്ങളില്‍ മാത്രം ചാങ്ങ് ഷാ എന്ന ചൈനീസ് തീന്‍ഗൃഹത്തില്‍ പോവും. ചില സായാഹ്നങ്ങളില്‍ നടരാജ് തിയേറ്ററില്‍ സിനിമയ്ക്കു പോവും. സുധ താമസിക്കുന്ന മഹിളാനിവാസ് രാത്രി 10ന് അടയ്ക്കുംമുമ്പേ അവര്‍ ഓടിയെത്തും. സുധയെ അവിടെ വിട്ട് മൂര്‍ത്തി ഫ്‌ളാറ്റിലേക്ക് നടക്കും.
പതുക്കപ്പതുക്കെ അവര്‍ കണ്ണിചേരുകയായിരുന്നു. കണ്ടുമുട്ടേണ്ടവര്‍ കണ്ടുമുട്ടുകയായിരുന്നു. കാലം കൈയടക്കമുള്ള ഒരു തിരക്കഥാകൃത്താണ്. രണ്ടാമത്തെ രംഗത്തില്‍ ഒരു കാര്യം കുറിച്ചിട്ടുണ്ടെങ്കില്‍ മറ്റേതൊക്കെയോ രംഗങ്ങളില്‍ അതിന്റെ തുടര്‍ച്ചകളുമുണ്ടാവും. സുധാകുല്‍ക്കര്‍ണിയുടെയും നാരായണമൂര്‍ത്തിയുടെയും തുടര്‍ജീവിതം അദ്ഭുതകരമായ രംഗങ്ങള്‍ നിറഞ്ഞ ഒരു തിരക്കഥപോലെയായിരുന്നു.
പുണെ നഗരത്തിലെ സൗഹൃദകാലത്ത് നാരായണമൂര്‍ത്തിയും സുധാ കുല്‍ക്കര്‍ണ്ണിയും കൂടുതല്‍ അറിഞ്ഞു. പോരാടിയും വെല്ലുവിളികളെ മറികടന്നുമായിരുന്നു രണ്ടുപേരുടെയും വളര്‍ച്ച. പരസ്പരം അറിഞ്ഞിരുന്നില്ലെങ്കിലും രണ്ടു വഴികളിലൂടെ ഒരേ മൂല്യങ്ങളിലേക്കും ജീവിത ലക്ഷ്യങ്ങളിലേക്കുമാണ് തങ്ങള്‍ സഞ്ചരിച്ചിരുന്നത് എന്നവര്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. കൂടുതല്‍ക്കൂടുതല്‍ അടുത്തപ്പോള്‍ സുധയും നാരായണമൂര്‍ത്തിയും അധികമധികം പരസ്പരം അറിഞ്ഞുതുടങ്ങി. അടുപ്പത്തിനപ്പുറം അവരില്‍ പരസ്പരാദരം വളര്‍ന്നു.
ഹുബ്ലിയിലെ ബി.വി.ബി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലായിരുന്നു സുധ ഉപരിപഠനത്തിനു ചേര്‍ന്നത്. അക്കാലത്ത് പെണ്‍കുട്ടികള്‍ പൊതുവേ എന്‍ജിനീയറിങ് പഠനം തിരഞ്ഞെടുക്കാറില്ലായിരുന്നു. അതുകൊണ്ടുതന്ന ബി.വി.ബി. കോളേജിന് അദ്ഭുതമായിരുന്നു സുധയുടെ പ്രവേശനം. പ്രിന്‍സിപ്പല്‍ സുധയുടെ പിതാവിനെ വിളിച്ചുപറഞ്ഞു: ''ആദ്യമായാണ് ഈ കോളേജില്‍ ഒരു പെണ്‍കുട്ടി പ്രവേശനം തേടി വരുന്നത്. സ്ത്രീകള്‍ക്കുള്ള ഒരു ടോയ്‌ലറ്റുപോലുമില്ല ഇവിടെ. ചോരത്തിളപ്പുള്ള യുവാക്കളാണ് ചുറ്റും. അതും താങ്കളുടെ മകള്‍ക്ക് ബുദ്ധിമുട്ടാവും. മറ്റേതെങ്കിലും കോഴ്‌സില്‍ ചേര്‍ന്ന് വേറെയേതെങ്കിലും കോളേജില്‍പ്പോയി പഠനം തുടരുന്നതാവില്ലേ ഉചിതം? മകളോട് ഒന്ന് സംസാരിച്ചുനോക്കിക്കൂടേ?''
പ്രായോഗികബുദ്ധിമുട്ടുകളായിരുന്നു ആ പ്രിന്‍സിപ്പല്‍ ഡോ. കുല്‍ക്കര്‍ണ്ണിക്ക് മുന്നില്‍ അവതരിപ്പിച്ചത്. പക്ഷേ, സുധ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. നൂറ്റയന്‍പതു പേരുള്ള കോഴ്‌സില്‍ ഒരേയൊരു സ്ത്രീയായി അവളിരുന്നു. ചുറ്റുമുള്ള ആണ്‍ശബ്ദങ്ങളിലും അവരുടെ അടക്കിപ്പിടിച്ച പരിഹാസങ്ങളിലും സുധ പതറിയില്ല. മധ്യാഹ്ന ഇടവേളയില്‍ വെയിലിനെയും മഴയെയും വകവെക്കാതെ മുക്കാല്‍ മണിക്കൂര്‍ നടന്ന് അവള്‍ വീട്ടെലത്തി ഭക്ഷണം കഴിച്ചു; വാഷ് റൂം ഉപയോഗിച്ചു. അത്രതന്നെ സമയം തിരിച്ച് കോളേജിലേക്കു നടന്നു. വാശിയുടെ വാള്‍ അവള്‍ സ്വകാര്യമായി ഉറയില്‍ സൂക്ഷിച്ചു.
നൂറ്റനാല്‍പ്പത്തൊന്‍പത് പുരുഷസഹപാഠികളോടും പുഞ്ചിരിച്ചും സൗമ്യമായും പെരുമാറി. വേഷംകെട്ടി കോപ്രായങ്ങള്‍ കാട്ടാതെയും സംഘംചേര്‍ന്ന് മുദ്രാവാക്യം വിളിക്കാതെയും ആത്മബലത്തിലൂന്നിയ നിശ്ചയദാര്‍ഢ്യത്തിലൂടെ സ്ത്രീക്ക് പോരാടാന്‍ സാധിക്കും എന്ന് സുധ തെളിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലും സഹപാഠികളും അധ്യാപകരുമെല്ലാം അതുവരെ അവര്‍ക്കപരിചിതമായ ഒരു സ്ത്രീപ്പോരാട്ടം സുധയിലൂടെ കണ്ട് അമ്പരന്നു.
മൈസൂരില്‍ നാരായണമൂര്‍ത്തിയും പോരാടി വളരുകയായിരുന്നു. നല്ല സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍, 'ശാരദാവിലാസ്' എന്ന സ്വകാര്യ സ്‌കൂളിലായിരുന്നു മൂര്‍ത്തിയെ അച്ഛന്‍ ചേര്‍ത്തത്. സഹപാഠികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂര്‍ത്തിയുടെ ജീവിതചുറ്റുപാടുകള്‍ വളരെ വളരെ പരിതാപകരമായിരുന്നു. നിത്യം ധരിച്ചുവരാന്‍ നല്ല വസ്ത്രങ്ങളില്ലായിരുന്നു. ഒപ്പം മൂര്‍ത്തിയില്‍ കോങ്കണ്ണ് തെളിഞ്ഞുവന്നു. സഹപാഠികള്‍ പരിഹസിക്കാന്‍ തുടങ്ങി. സങ്കടപ്പെട്ട് വീട്ടിലെത്തിയ മൂര്‍ത്തിയോട് അമ്മ പറഞ്ഞു: ''നിന്നെ കളിയാക്കുന്നവര്‍ക്ക് ദുര്‍ബലമായ ചില മേഖലകളുണ്ടാവും. അതില്‍ ശ്രദ്ധയൂന്നുക. പരിശ്രമിക്കുക. അവര്‍ക്ക് നിന്നെ മറികടക്കാനാവില്ല.'' മൂര്‍ത്തി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി.
പ്രധാനാധ്യാപകനായ കെ.വി. നാരായണ്‍ ആയിരുന്നു നാരായണമൂര്‍ത്തിയെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത്. ഒരിക്കല്‍ രസതന്ത്ര ലബോറട്ടറിയില്‍ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി ക്ലാസെടുക്കുകയായിരുന്നു. ഒരു നുള്ള് ഉപ്പെടുത്ത് അദ്ദേഹം പരീക്ഷണങ്ങള്‍ കാണിച്ചുകൊടുക്കുമ്പോള്‍ ഒരു കുട്ടി അല്‍പ്പം പരിഹാസത്തോടെ ചോദിച്ചു: ''ഉപ്പ് കുറച്ചധികം എടുത്തൂടെ സാറേ, എന്തിനാ ഇത്ര പിശുക്ക്?''
പരീക്ഷണം നിര്‍ത്തിവെച്ച് ആ അധ്യാപകന്‍ മറുപടി പറഞ്ഞു:
''കുട്ടീ, ഈ ഉപ്പ് സ്‌കൂളിന്റെ പൊതുമുതലാണ്. അതുകൊണ്ട് ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. വൈകുന്നേരം വീട്ടില്‍ വരൂ, ഞാന്‍ താങ്കള്‍ക്ക് ഒരു ജാര്‍ നിറയെ ഉപ്പ് തരാം. അതെന്റെ സ്വകാര്യസ്വത്താണ്. എനിക്കിഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാം.''
പൊതുമുതല്‍ സൂക്ഷിച്ചും ഉത്തരവാദിത്വത്തോടെയും വേണം ഉപയോഗിക്കാന്‍ എന്ന മഹത്തായ പാഠം ആ രസതന്ത്ര ലാബില്‍വെച്ച് മൂര്‍ത്തി മനസ്സിലാക്കി. ഭാവിയിലെ സംഭവബഹുലമായ ജീവിതത്തിന് അതയാള്‍ക്ക് അത്യാവശ്യമായിരുന്നു.
ഒരുലക്ഷം കുട്ടികളെഴുതിയ സ്‌കൂള്‍ പരീക്ഷയില്‍ മൂര്‍ത്തി നാലാം റാങ്കോടെ ജയിച്ചു. ആഹ്ലാദത്തോടെ, തലയുയര്‍ത്തിപ്പിടിച്ച് അച്ഛനു മുന്നില്‍ച്ചെന്ന് വിജയവാര്‍ത്ത അറിയിച്ചപ്പോള്‍ മറുപടി നിര്‍മ്മമമായ ഒരു മറുചോദ്യമായിരുന്നു:
''ആദ്യ മൂന്ന് റാങ്കുകള്‍ക്കെന്തുപറ്റി?''
നാരായണമൂര്‍ത്തി തകര്‍ന്നുപോയി. അയാള്‍ തല താഴ്ത്തി തിരിച്ചുപോന്നു.
പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ മൂര്‍ത്തി, സുഹൃത്ത് ചന്ദ്രുവിനൊപ്പം ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി. പ്രവേശനം കിട്ടുകയും ചെയ്തു. മദ്രാസിലോ കാണ്‍പൂരിലോ ചേരാനായിരുന്നു മോഹം.
അച്ഛനോട് കാര്യം പറഞ്ഞു: ''പണച്ചെലവുണ്ടാവില്ല, എന്റെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് സഹായിക്കും.''
പക്ഷേ, സ്‌കോളര്‍ഷിപ്പ് തുക വര്‍ഷാവസാനം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. അതുവരെ കാര്യങ്ങള്‍ നടന്നുപോവാന്‍ അച്ഛന്‍തന്നെ കനിയണമായിരുന്നു. നൂറ്റിയെണ്‍പതു രൂപ മാസശമ്പളംകൊണ്ട്, എട്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ആ പിതാവ് പറഞ്ഞു: ''എന്റെ കൈയില്‍ പണമില്ല. നീ മൈസൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍ ചേര്‍ന്നാല്‍ മതി.''
സ്വപ്നം തകര്‍ന്നു. ചന്ദ്രു ഐ.ഐ.ടിയില്‍ ചേരാന്‍ ട്രെയിന്‍ കയറിപ്പോവുന്നത് പ്ലാറ്റ്‌ഫോമില്‍ മൂകനായിനിന്ന് മൂര്‍ത്തി കണ്ടു. ട്രെയിന്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
'എനിക്ക് കരച്ചിലടക്കാനായില്ല. ദുഃഖത്തിന്റെ ദിനമായിരുന്നു എനിക്ക് അത്. ഐ.ഐ.ടി. മദ്രാസിലെ വിദ്യാര്‍ത്ഥിജീവിതത്തെക്കുറിച്ച് വിശദമായി എനിക്ക് കത്തുകളെഴുതണം എന്ന് ഞാന്‍ ചന്ദ്രുവിനോട് പറഞ്ഞിരുന്നു. സ്റ്റേഷനില്‍നിന്നും തീവണ്ടി പോയതോടെ എന്റെ ഐ.ഐ.ടി. സ്വപ്നങ്ങളും പൊലിഞ്ഞുപോയതായി എനിക്ക് മനസ്സിലായി. ചന്ദ്രു വാക്കുപാലിച്ചു. ആഴ്ചയില്‍ ചന്ദ്രുവിന്റെ കത്ത് ലഭിക്കുന്ന ദിവസം എനിക്കേറ്റവും വേദനിപ്പിക്കുന്നതായി. ഹോസ്റ്റല്‍ ജീവിതം, അവന്റെ മുറി, ക്ലാസുകളുടെ വിവരങ്ങള്‍, അധ്യാപകരെയും സഹപാഠികളെയും കുറിച്ചുള്ള വിവരങ്ങള്‍, പഠനരീതികള്‍, കാന്റീനിലെയും ഭക്ഷണത്തിന്റെയും വിശേഷങ്ങള്‍, ആഴ്ചയിലൊരിക്കല്‍ ഓപ്പണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍, ചലിക്കുന്ന പര്‍വതങ്ങള്‍ എന്നറിയപ്പെടുന്ന കാംപസ് ബസ്സുകള്‍, നിലച്ച നദികളായ ഹോസ്റ്റലുകള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരണങ്ങള്‍ ചന്ദ്രുവിന്റെ കത്തുകളിലുണ്ടാവുമായിരുന്നു.
ആ കത്തുകള്‍ വായിച്ചു കഴിയുന്നതോടെ ഞാനാകെ തകര്‍ന്നുപോവുമായിരുന്നു. മനോഹരമായ ഈ അനുഭവങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ കരയും. കാലങ്ങളോളം ഞാനിതാരോടും പങ്കുവെച്ചില്ല,'-നാരായണമൂര്‍ത്തി പില്‍ക്കാലത്ത് സുധയോടു പറഞ്ഞു. ഇന്‍ഫോസിസിനെ പൂര്‍ണമായും യോഗ്യത (Merit)യുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാന്‍ നാരായണമൂര്‍ത്തിയെ പ്രേരിപ്പിച്ചത് യൗവനകാലത്തെ ഈ കയ്‌പേറിയ അനുഭവമായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് വലിയ മാര്‍ക്കോടെയാണ് നാരായണമൂര്‍ത്തി വിജയിച്ചത്. സ്‌കോളര്‍ഷിപ്പായി ലഭിച്ച 900 രൂപ അമ്മയെ ഏല്‍പ്പിച്ചു. അമ്മ അതില്‍നിന്ന് 50 രൂപ തിരിച്ചുകൊടുത്ത് നല്ല വസ്ത്രങ്ങള്‍ വാങ്ങാന്‍ പറഞ്ഞു. കൂട്ടുകാരേയും കൂട്ടി കടയില്‍പ്പോയി മൂര്‍ത്തി ബ്രൗണ്‍ നിറത്തിലുള്ള ടെറിലിന്‍ പാന്റ്‌സും ക്രീം നിറത്തിലുള്ള ബുഷ് ഷര്‍ട്ടും വാങ്ങിവന്നു. മൂത്ത സഹോദരന്‍ വാസുവിന് ഉഡുപ്പിയിലെ പൂര്‍ണ്ണ പ്രജ്‌ന കോളേജില്‍ ലക്ചററായി പ്രവേശനം ലഭിച്ചത് ആ സമയത്താണ്. പോകുമ്പോള്‍ ധരിക്കാന്‍ ജ്യേഷ്ഠന് വസ്ത്രങ്ങളില്ലായിരുന്നു.
അമ്മ ഒരു ജോഡി വസ്ത്രങ്ങള്‍ സംഘടിപ്പിച്ചുകൊടുത്തെങ്കിലും അത് പോരായിരുന്നു. അമ്മ മൂര്‍ത്തിയെ വിളിച്ചു പറഞ്ഞു: ''നീ പുതുതായി വാങ്ങിയ വസ്ത്രങ്ങള്‍ വാസുവിനു കൊടുക്ക്, നിന്നേക്കാള്‍ അവനാണ് ഇപ്പോള്‍ അതിന്റെ അത്യാവശ്യം.''
അന്ന് ആദ്യമായി അമ്മയുടെ ആവശ്യം മൂര്‍ത്തി അനുസരിച്ചില്ല. രാത്രി മകനോട് അമ്മ പറഞ്ഞു: ''നീയും ഞാനും ചേര്‍ന്നല്ലേ ദാനശൂര കര്‍ണ്ണ എന്ന നാടകം കണ്ടത്? അതില്‍നിന്നും നീയൊന്നും പഠിച്ചില്ലേ? സ്വീകരിക്കുന്നതിനെക്കാള്‍ നല്‍കുന്നതിലാണ് ആനന്ദം എന്ന് മനസ്സിലായില്ലേ?''
അമ്മമാരും അവര്‍ പകരുന്ന കഥകളും കുട്ടികളെ മാറ്റിമറിക്കുന്ന, ഒട്ടും ന്യൂജന്‍ അല്ലാത്ത കാലമായിരുന്നു അത്. മൂര്‍ത്തി വസ്ത്രങ്ങള്‍ സഹോദരനു കൊടുത്തു.
പണമില്ലാത്തതുകാരണം മദ്രാസ് ഐ.ഐ.ടിയില്‍ ചേരാന്‍ സാധിക്കാതെപോയതിന്റെ ഖേദം ഐ.ഐ.ടി. കാണ്‍പൂരില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്കു ചേര്‍ന്ന് മൂര്‍ത്തി തീര്‍ത്തു. പ്രതിമാസ സ്‌കോളര്‍ഷിപ്പായ 250 രൂപയില്‍ വലിയൊരു ഭാഗം അദ്ദേഹം, അരിഷ്ടിച്ച് ജീവിക്കുന്ന വീട്ടിലേക്കയയ്ക്കും.
എട്ട് അമേരിക്കന്‍ സര്‍വ്വകലാശാലകളുടെ സംഘാതമായിരുന്ന ഐ.ഐ.ടി. മൂര്‍ത്തിക്കു മുന്നില്‍ വലിയൊരാകാശം തുറന്നിട്ടു. അമേരിക്കയടക്കമുള്ള പുറം രാജ്യങ്ങളില്‍നിന്നും വരുന്ന അധ്യാപകര്‍ ആ ആകാശത്തിലെ നക്ഷത്രങ്ങളായി. അക്കാലത്ത് അവിടെ മൂന്ന് കംപ്യൂട്ടറുകളുണ്ടായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണസമയത്ത്, അടുത്തിരുന്ന അമേരിക്കന്‍ പ്രൊഫസര്‍ മൂര്‍ത്തിയോടു പറഞ്ഞു:
''ലോകത്തെ കംപ്യൂട്ടര്‍ മാറ്റിമറിക്കും.''
അന്നു മുതല്‍ മൂര്‍ത്തി കംപ്യൂട്ടറിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ തുടങ്ങി.
ഹോസ്റ്റലിലെ ഇടവേളകളില്‍ സുഹൃത്തുക്കള്‍ മനസ്സിലെ ഭാവിവധുവിനെക്കുറിച്ച് പറയുമായിരുന്നു. ഹേമമാലിനിയുടെ സൗന്ദര്യമുള്ള ഒരാളായിരുന്നു മിക്കവരുടേയും മനസ്സില്‍. ചിലര്‍ക്ക് ഏതെങ്കിലും സമ്പന്ന പുത്രിയായിരിക്കും. ആ പണംകൊണ്ട് വ്യാപാരം തുടങ്ങാമല്ലോ. എല്ലാം കേട്ടതിനു ശേഷം മൂര്‍ത്തി പറഞ്ഞു: ''എന്റെ ഭാര്യ എന്റെ ഭാഷയായ കന്നഡ സംസാരിക്കുന്നവളായിരിക്കണം. അങ്ങനെയാവുമ്പോള്‍ എനിക്കവളോട് നല്ലരീതിയില്‍ സംവദിക്കാന്‍ സാധിക്കും. അവള്‍ പരമ്പരാഗത കന്നഡവിഭവങ്ങള്‍ പാകം ചെയ്യാന്‍ അറിയുന്നവളായിരിക്കണം.''
ഐ.ഐ.ടി. കഴിഞ്ഞപ്പോഴേക്കും നാരായണമൂര്‍ത്തിയെത്തേടി പല സ്ഥാപനങ്ങളില്‍നിന്നും തൊഴിലവസരങ്ങള്‍ വന്നു: ടെല്‍കോ, ടിസ്‌കോ, എച്ച്.എം.ടി., എയര്‍ ഇന്ത്യ... മൂര്‍ത്തി ഒന്നിനും ചേര്‍ന്നില്ല.
പ്രൊഫസര്‍ ഡോ. രാജാരാമന്‍ ചോദിച്ചു:
''നല്ല ശമ്പളമുണ്ടല്ലോ, എന്തുകൊണ്ട് പോവുന്നില്ല?''
''ഇവയൊന്നും എന്റെ ബുദ്ധിയെ ജ്വലിപ്പിക്കാന്‍ പര്യാപ്തമല്ല, എനിക്കെന്തെങ്കിലും പഠിക്കാനും വളരാനും സഹായിക്കുന്നതുമല്ല,'' ഇതായിരുന്നു മൂര്‍ത്തിയുടെ മറുപടി. വെറുമൊരു ജോലിക്കപ്പുറം എന്തൊക്കെയോ ലക്ഷ്യങ്ങള്‍ തനിക്കുണ്ട് എന്ന് അന്നേ ആ മനസ്സ് മന്ത്രിച്ചിരിക്കണം.
ഐ.ഐ.എം. അഹമ്മദാബാദില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കാന്‍ പ്രൊഫസര്‍ ഡോ. കൃഷ്ണയ്യര്‍ക്കൊപ്പം പോയത് മൂര്‍ത്തിയായിരുന്നു. ചീഫ് സിസ്റ്റം പ്രോഗ്രാമറായി അവിടെ ജോലിക്കു ചേരാന്‍ നിര്‍ദ്ദേശിച്ചതും കൃഷ്ണയ്യര്‍ തന്നെ. 800 രൂപയായിരുന്നു ശമ്പളം. മറ്റു പലയിടങ്ങളിലും ഇതിന്റെ ഇരട്ടി ലഭിക്കുമായിരുന്നു.
ഡോ. രാജാരാമന്‍ മൂര്‍ത്തിയോടു പറഞ്ഞു: ''താങ്കള്‍ക്ക് ഇരുപത്തിമൂന്നു വയസ്സു മാത്രമേ ആയിട്ടുള്ളൂ. ചില സാഹസികതകള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ സാധിക്കുകയും ചെയ്യും. ഞാനാണ് താങ്കളുടെ സ്ഥാനത്തെങ്കില്‍ ശമ്പളത്തെക്കാള്‍ പഠിക്കാനുള്ള അവസരത്തിനായിരിക്കും പ്രാധാന്യം നല്‍കുക.''
മൂര്‍ത്തിയുടെ മനസ്സില്‍ വീട്ടിലെ അവസ്ഥ വിങ്ങിനിന്നിരുന്നു. മൂന്ന് സഹോദരിമാരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. പണം അത്യാവശ്യമാണ്. ഉപദേശം ചോദിച്ച് അച്ഛന് കമ്പിയടിച്ചു. ഒറ്റവരിയില്‍ മറുപടി വന്നു:
'നിന്റെ പ്രൊഫസറെ കേള്‍ക്കുക.'
നാരായണമൂര്‍ത്തി ഐ.ഐ.എം. അഹമ്മദാബാദില്‍ ചേര്‍ന്നു.
നാരായണമൂര്‍ത്തിയുടെ ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതിയും അഹമ്മദാബാദ് ഐ.ഐ.എമ്മിലെ ജോലി തിരഞ്ഞെടുക്കുന്നതിന് പ്രേരകമായിരുന്നു. കുട്ടിക്കാലംമുതലേ നെഹ്രുവിയന്‍ ആശയങ്ങള്‍ മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്നു. സോഷ്യലിസത്തിലാണ് ഇന്ത്യയുടെ ഭാവി എന്ന് നെഹ്രു പറയുന്നു. സോവിയേറ്റ് യൂണിയന്‍ ആ സമയത്ത് ഒരു വലിയ ശക്തിയായിരുന്നു. സ്റ്റീല്‍ പ്ലാന്റുകള്‍ ഉണ്ടാക്കാന്‍ അവര്‍ ഇന്ത്യയെ സഹായിക്കുന്നു. ഇന്ത്യന്‍ ബുദ്ധിജീവികളെല്ലാം ഇടതുമനോഭാവക്കാരായിരുന്നു. സോഷ്യലിസ്റ്റ് ആശയധാരയോട് ചേര്‍ന്ന ശ്രീ 420, ആവാര, നയാ ദാര്‍, ദോ ബീഘ സമീന്‍ എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. രാഷ്ട്രീയംമുതല്‍ സിനിമവരെ, വ്യവസായം മുതല്‍ അക്കാദമിക് മേഖല വരെ ആശയാദര്‍ശധീരന്മാരായി യുവജനത പ്രകാശിക്കുന്നു. നാരായണമൂര്‍ത്തിക്കു മാത്രമായി അതില്‍നിന്നും എങ്ങനെ മാറിനില്‍ക്കാന്‍ സാധിക്കും?
ഐ.ഐ.ടി. കാണ്‍പൂരിലേക്കുള്ള ട്രെയിന്‍യാത്രകള്‍ തന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചതായി നാരായണമൂര്‍ത്തി പിന്നീട് സുധയോടു പറഞ്ഞിട്ടുണ്ട്. മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലെത്തി, അവിടെനിന്നും മദ്രാസിലെത്തി, മദ്രാസില്‍നിന്നും ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെത്തി, അവിടെ നിന്നും കാണ്‍പൂരിലെത്തുന്ന മുപ്പത്തിയാറു മണിക്കൂര്‍ നീണ്ട യാത്ര. മൂര്‍ത്തിക്ക് ഹിന്ദി അറിയില്ലായിരുന്നു. എന്നിട്ടും ഝാന്‍സി-കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിലെ കര്‍ഷകരായ സഹയാത്രികര്‍ പുലര്‍ച്ചെ മൂന്നു മണിക്കുപോലും മൂര്‍ത്തിയോട് സ്‌നേഹത്തോടെ പെരുമാറി. ആ നിരക്ഷര കര്‍ഷകര്‍ക്കറിയാമായിരുന്നു, നാളത്തെ ഇന്ത്യയെ സൃഷ്ടിക്കാനായി കാണ്‍പൂരിലെ കോളേജില്‍ പഠിക്കാന്‍ പോവുന്ന കുട്ടികളാണ് അവര്‍ എന്ന കാര്യം. ഈ രാജ്യത്തോടുള്ള ബഹുമാനം കൂട്ടുന്നതായിരുന്നു മൂര്‍ത്തിക്ക് ഈ അനുഭവം.
ബാംഗ്ലൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരേയൊരു വനിതാ വിദ്യാര്‍ത്ഥിയായി എന്‍ജിനീയറിങ്ങില്‍ ഉപരിപഠനം നടത്തുമ്പോഴും സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെ പിഎച്ച്.ഡി. പഠനമായിരുന്നു സുധയുടെ ലക്ഷ്യം. ടെല്‍കോയില്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട് എന്ന പരസ്യം 1974 ഏപ്രില്‍ മാസത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോട്ടീസ് ബോര്‍ഡില്‍ സുധ കണ്ടു. യോഗ്യതകളും മറ്റു കാര്യങ്ങളും പറഞ്ഞതിനു ശേഷം അവസാന വരിയായി ഒരു വാചകം കൂടി ആ പരസ്യത്തിലുണ്ടായിരുന്നു: സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. ചെറുപ്പത്തിലേ സ്ത്രീയുടെ വ്യക്തിത്വത്തില്‍ അടിയുറച്ചു വിശ്വസിച്ചു വളര്‍ന്ന സുധയ്ക്ക് അത് ആത്മാപമാനമായി തോന്നിയതില്‍ അദ്ഭുതമില്ല. സുധ ടാറ്റയുടെ പരമാധിപനായ ജെ.ആര്‍.ഡി. ടാറ്റയ്ക്ക് എഴുതി. ടാറ്റപോലെ പുരോഗമനോന്മുഖം എന്ന് അവകാശപ്പെടുന്ന ഒരു കമ്പനിക്ക് ചേരുന്നതല്ല ഈ ലിംഗവിവേചനം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ജെ.ആര്‍.ഡി. ടാറ്റ ആ കത്ത് വായിച്ചു. സുധയെ അഭിമുഖത്തിനു ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചു. അവള്‍ ചെന്നു. അവിടെയും സുധ മാത്രമേ സ്ത്രീയായിട്ടുണ്ടായിരുന്നുള്ളൂ. അമ്പരന്ന ആണ്‍മുഖങ്ങള്‍ക്കിടയിലിരുന്ന് സുധ അഭിമുഖത്തെ നേരിട്ടു. ആ ബുദ്ധിയെ അംഗീകരിക്കാതിരിക്കാന്‍ അവര്‍ക്കാവില്ലായിരുന്നു. സുധയ്ക്ക് ടെല്‍ക്കോയില്‍ ജോലി കിട്ടി.
പുണെയില്‍നിന്നുള്ള മടക്കയാത്രയില്‍ സുധ ഹുബ്ലിയിലെ വീട്ടിലെത്തി. മകളുടെ ഏകാംഗപോരാട്ടത്തിലും വിജയത്തിലും അഭിമാനത്തോടെ കൈയടിക്കുന്ന അച്ഛനെയായിരുന്നു അവള്‍ പ്രതീക്ഷിച്ചത്. അമേരിക്കയില്‍നിന്നും വന്ന വലിയ ഒരു കവര്‍ അച്ഛന്റെ കൈയിലുണ്ടായിരുന്നു. സുധയ്ക്ക് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ചേരാനുള്ള ക്ഷണമായിരുന്നു അത്.
''എന്തിനാണ് പഠിക്കാനായി നീ വിദേശത്തേക്ക് പോവുന്നത്?'' ഡോ. കുല്‍ക്കര്‍ണി ചോദിച്ചു.
''എനിക്ക് കഴിയുന്നത്രയും പഠിക്കണം. ലോകത്തിലെ ഏറ്റവും നല്ല എന്‍ജിനീയറിങ് സര്‍വ്വകലാശാലയാണ് മസാച്ചുസെറ്റ്‌സിലേത്. അച്ഛനും എന്നെ പ്രോത്സാഹിപ്പിച്ചതല്ലേ,'' സുധ തിരിച്ചുചോദിച്ചു.
''പിന്നെ നീ എന്തിന് ജെ.ആര്‍.ഡി. ടാറ്റയ്ക്ക് കത്തയച്ചു? ടെല്‍കോയിലെ ജോലി നിനക്കാവശ്യമില്ലെങ്കില്‍ എന്തിന് നീ എല്ലാവരുടേയും സമയം കളഞ്ഞു? ടെല്‍കോയെയും ടാറ്റയെയും സ്ത്രീകളും പുരുഷന്മാരും സമന്മാരാണ് എന്ന് പഠിപ്പിക്കാന്‍ മാത്രമായിരുന്നോ നീ ഈ നാടകമെല്ലാം കളിച്ചത്? നീ പറഞ്ഞത് എന്താണ് എന്നു പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കാനുള്ള ബാധ്യത നിനക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് നീ ടെല്‍കോയിലെ ജോലി സ്വീകരിക്കണം. വെറും മുദ്രാവാക്യം വിളികൊണ്ടു മാത്രം എന്തു കാര്യം?'' ഡോ. കുല്‍ക്കര്‍ണിയുടെ സ്വരം അല്‍പ്പം പരുഷമായിരുന്നു.
അച്ഛന്റെ വാക്കുകള്‍ക്കു മുന്നില്‍ സുധയ്ക്ക് മറുപടിയില്ലായിരുന്നു. അവള്‍ അമേരിക്കയെ മറന്ന് ടെല്‍കോയില്‍ ചേര്‍ന്നു. അവിടെയും സുധ മാത്രമേ സ്ത്രീയായി ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ള ആണ്‍മുഖങ്ങളുടെ അതൃപ്തിപ്രകടനങ്ങളെയും പരിഹാസങ്ങളെയും സുധ ചിരിച്ചുകൊണ്ടു നേരിട്ടു. ഒന്നിനെക്കുറിച്ചും പരാതിപ്പെട്ടില്ല. വ്യക്തിപരമായ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി. ഒടുവില്‍ എല്ലാ പുരുഷാധിപത്യദര്‍പ്പങ്ങളുമടങ്ങി. ഒന്നും രണ്ടുമല്ല, നീണ്ട ഇരുപത്തിനാലു വര്‍ഷങ്ങളാണ് സുധ ടെല്‍കോയില്‍ ജോലി ചെയ്തത്. അപ്പോഴേക്കും സുധാ കുല്‍ക്കര്‍ണി സുധാ മൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.
(ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അത്രമേല്‍ അപൂര്‍ണ്ണം' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Sudha Kulkarni & Narayana Murthy's Love Story
Published: 19 Feb 2025, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented