ശ്രീനാരായണഗുരുദേവനാൽ വിരചിതമായ ദൈവദശകം എന്ന കൃതിയുടെ നൂറാംവാർഷികം നാം 2015-ൽ ആഘോഷിച്ചു. മഹാത്മാക്കളുടെ ജയന്തി നമ്മൾ ആചരിക്കാറുണ്ട്. പക്ഷേ, ഒരു കൃതിയുടെ വാർഷികം ആചരിക്കുന്നത് വളരെ വിരളമാണ്. എന്നാൽ ലോകമാകമാനം ഈ കൃതിയുടെ വാർഷികം ഉത്സാഹഭരിതമായി സമൂഹം ആചരിച്ചു. ഈ കൃതിക്ക് ജനമനസ്സുകളിലുള്ള സ്വാധീനവും പ്രാധാന്യവുമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. ഈ കൃതിയെ നമുക്ക് അല്പമായി അനുസന്ധാനം ചെയ്യാം.
വൈദികധർമം, ഹിന്ദുധർമം എന്നൊക്കെ പറയപ്പെടുന്ന ഭാരതീയസംസ്‌കൃതി വാസ്തവത്തിൽ സനാതനമാണ്. അതുകൊണ്ടുതന്നെ സനാതനധർമം എന്ന പദമാണ് ഏറ്റവും യുക്തം.
എന്താണ് ധർമം എന്നതിന്റെ വിശദമായ വിചാരത്തിലേക്കൊന്നും കടക്കുന്നില്ലെങ്കിലും ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്തുകോർത്തുനിർത്തുന്ന വ്യവസ്ഥയാണ് ധർമം എന്നു പ്രാഥമികമായി പറയാം. അതിസൂക്ഷ്മമായി നമുക്ക് ചിന്തിക്കാൻ കഴിയുന്നതിൽവെച്ച് ഏറ്റവും സൂക്ഷ്മതമമായ ഒരു അണുകണംമുതൽ-ഒരു ആറ്റംമുതൽ-നമുക്ക് ചിന്തിക്കാവുന്നതിൽവെച്ച് ഏറ്റവും വിപുലമായ പ്രപഞ്ചംവരെ എല്ലാത്തിനെയും ചേർത്തു കോർത്തുനിർത്തുന്ന വ്യവസ്ഥ. ഇവിടെ പ്രപഞ്ചം എന്നു പറയുമ്പോൾ അതിന്റെ മാനമൊന്നും പറയുകവയ്യ. എത്രയോ ബ്രഹ്‌മാണ്ഡങ്ങൾ അടങ്ങുന്നതാണത്.
എത്ര ബ്രഹ്‌മാണ്ഡങ്ങൾ എന്ന് നമുക്കറിയില്ല. പക്ഷേ, ഒന്നറിയാം, അനേകകോടി ഗ്രഹനക്ഷത്രസമൂഹങ്ങൾ ചേർന്നതാണ് ഒരു ബ്രഹ്‌മാണ്ഡം. അങ്ങനെയുള്ള അനേകകോടി ബ്രഹ്‌മാണ്ഡങ്ങൾ ചേർന്നത് ഈ പ്രപഞ്ചം. അനേകകോടി ബ്രഹ്‌മാണ്ഡനായകനെയും അനന്തകോടി ബ്രഹ്‌മാണ്ഡജനനിയെയുമെല്ലാം ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ചൊല്ലുന്ന നമുക്കറിയാം. ഇങ്ങനെ അനന്തകോടി ബ്രഹ്‌മാണ്ഡങ്ങൾ, ഇതെല്ലാമടങ്ങുന്ന ഈ സമ്പൂർണപ്രപഞ്ചംവരെ, ഒരു കണംമുതൽ ഈ പ്രപഞ്ചമഖിലവും നിയതമായ ഒരു വ്യവസ്ഥയാൽ ചേർത്തുകോർത്തുനിർത്തപ്പെടുന്നതാണ്. എന്തിനാലാണോ എല്ലാം ധരിക്കപ്പെടുന്നത് അതാണ് ധർമം. 'യേന ധാര്യതേ തദ് ധർമഃ'- എന്തിനാൽ ധരിക്കപ്പെടുന്നുവോ അത് ധർമം. 'ധാര്യതേ അനേന സർവം ഇതി ധർമഃ'- എല്ലാം എന്തിനാലാണോ ധരിക്കപ്പെടുന്നത് അത് ധർമം. ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്തു കോർത്തു ധരിക്കുന്ന വ്യവസ്ഥ. അങ്ങനെ ഒരു വ്യവസ്ഥയുണ്ടോ? തീർച്ചയായിട്ടുമുണ്ട്. അനേക വിശദീകരണങ്ങളിലൂടെ, എത്രയോ ലക്ഷം ശ്ലോകങ്ങളിലൂടെ ഭഗവാൻ വേദവ്യാസനും വാല്മീകിമഹർഷിയും മറ്റ് എത്രയോ ആചാര്യന്മാരും നമ്മുടെ മുൻപിൽ ധർമത്തിന്റെ വിശദീകരണം വെച്ചു. ഒരു സൂത്രരൂപത്തിൽ എന്താണ് ധർമം എന്നതിന്റെ വ്യാഖ്യാനം യജുർവേദീയമായ ഈശാവാസ്യോപനിഷത്തിൽ നമുക്കു കാണാം. അവിടെ ഋഷി ധർമത്തെ സൂത്രരൂപത്തിൽ പറഞ്ഞുതരും, 'യാഥാതഥ്യതോളർഥാൻ വ്യദധാത്' എന്ന്. ഇത് ധർമത്തിന്റെ സൂത്രമാണ്. എങ്ങനെ വേണമോ അങ്ങനെ സകല അർഥങ്ങളെയും വിഭജിച്ചുധരിച്ചിരിക്കുന്നു എന്നർഥം. ഇതിനെക്കാൾ ചുരുക്കി എന്താണ് ധർമം എന്നു പറയുക വയ്യ. എന്നാൽ വിശദീകരിച്ചു പറയാൻ പറ്റുമോ? അതുമില്ല.
ലക്ഷോപരി ശ്ലോകങ്ങളെക്കൊണ്ട് ധർമത്തെ മഹാഭാരതത്തിലൂടെ വിശദീകരിക്കാൻ ശ്രമിച്ച ഭഗവാൻ വേദവ്യാസൻ അവസാനം പറഞ്ഞു, 'ധർമസ്യ തത്ത്വം നിഹിതം ഗുഹായാം' എന്ന്. അതായത് ധർമതത്ത്വം പറഞ്ഞാൽ തീരില്ല. ധർമത്തിന്റെ രഹസ്യം ഗുഹാഹിതമാണ്. 'ഗുഹാഹിതം' എന്നു പറഞ്ഞാൽ ഗുഹയ്ക്കുള്ളിലാണ്. ഇതു കേട്ട് ആരും ബാഹ്യമായ ഏതെങ്കിലും ഗുഹയ്ക്കുള്ളിൽ ധർമത്തെ തിരയേണ്ടതില്ല. മറിച്ച്, നമ്മുടെ ബുദ്ധിഗുഹയ്ക്കുള്ളിലാണ്. അതാണ് ഗുഹാഹിതം എന്നു പറഞ്ഞത്. വിദ്വദ്ബുദ്ധികളാകുന്ന ഗുഹയ്ക്കുള്ളിലാണിത്. സാമാന്യമായി പറഞ്ഞുതീർക്കാൻ കഴിയില്ല. എന്നാൽ ചുരുക്കിയാൽ ഈ മന്ത്രം മതി. അർഥാൻ- സകല പദാർഥങ്ങളെയും, യാഥാതഥ്യതഃ - വേണ്ടത് വേണ്ടതുപോലെ, വ്യദധാത് - ധരിച്ചുവെച്ചിരിക്കുന്നു. ഒന്നുപോലും അസ്ഥാനത്തില്ല. അണു മുതൽ ബ്രഹ്‌മാണ്ഡംവരെ, അഥവാ സകല ബ്രഹ്‌മാണ്ഡങ്ങളെയും ഒരു വ്യവസ്ഥയാൽ നിയമിച്ചുവെച്ചിരിക്കുന്നു. ഇതിനെ നമ്മൾ ധർമം എന്നു പറയും. വ്യവസ്ഥാപകനെ ഈശ്വരൻ എന്നും പറയും. 'ധർമസ്യ പ്രഭുരച്യുതഃ' എന്നു ശാസ്ത്രം. ഈ പറഞ്ഞ രണ്ടാശയങ്ങളുടെയും സ്പഷ്ടമായ വ്യാഖ്യാനം ഇതേ യജുർവേദീയമായ ബൃഹദാരണ്യകോപനിഷത്തിൽ നമുക്കു കാണാം. 'ഏതസ്യ വാ അക്ഷരസ്യ പ്രശാസനേ ഗാർഗീ സൂര്യാചന്ദ്രമസൗ വിധൃതൗ തിഷ്ഠതഃ' - അല്ലയോ ഗാർഗീ, ഏതസ്യ അക്ഷരസ്യ പ്രശാസനേ- അതായത്, ഈ അക്ഷരത്തിന്റെ, ഒരിക്കലും നശിക്കാത്ത പരമേശ്വരന്റെ അഥവാ സനാതനമായ ധർമത്തിന്റെ, പ്രശാസനേ- നിയന്ത്രണത്തിൻകീഴിൽ- സൂര്യനും ചന്ദ്രനും വിശേഷേണ ധരിക്കപ്പെടുന്നു. എത്ര സുന്ദരമായിട്ടാണ് പറഞ്ഞത്. സൂര്യൻ സൂര്യന്റെ സ്ഥാനത്തും ചന്ദ്രൻ ചന്ദ്രന്റെ സ്ഥാനത്തും നിലനിർത്തപ്പെടുന്നത് ധർമത്താലാണ്. ഇവിടെ സൂര്യൻ, ചന്ദ്രൻ എന്നെല്ലാം പറഞ്ഞത് ഉപലക്ഷണാർഥത്തിലാണ്. എന്തുണ്ടോ അതെല്ലാം, ധരിക്കപ്പെട്ടിരിക്കുന്നു. അതാണ് ധർമം എന്ന് അറിയുക. അപ്പോൾ, ഈ പ്രപഞ്ചവ്യവസ്ഥയാണ് ധർമം എന്നു പറയുമ്പോഴും ധാർമികജീവിതം എന്നു പറയുമ്പോഴുമെല്ലാം എന്താണ് ഉദ്ദേശിക്കുന്നത് എന്നു ചോദ്യം വരാം.
ധർമശബ്ദം വളരെ വികലമായിട്ടാണ് സമൂഹത്തിൽ പ്രചരിക്കപ്പെടുന്നത്. എത്രയോ ആചാര്യന്മാരുടെയും മറ്റും പ്രവർത്തനങ്ങളാൽ ഇന്ന് സമൂഹത്തിൽ സാമാന്യമായ ഒരു ബോധമുണ്ട് എന്നുള്ളത് ശരിയാണ്. എങ്കിൽത്തന്നെയും നമ്മൾ കേരളത്തിനു പുറത്ത് മധ്യ- ഉത്തര ഭാരതത്തിൽ പോയിക്കഴിഞ്ഞാൽ ധർമശബ്ദത്തിന്റെ അർഥമായി മനസ്സിലാക്കുന്നത് 'റിലീജിയൻ' എന്ന് ഇംഗ്ലീഷിൽ പറയുന്നതിനു തുല്യമായ എന്തോ ആണ്. മതം എന്നു മലയാളത്തിലും റിലീജിയൻ എന്ന് ഇംഗ്ലീഷിലും പറയുന്ന ഒരു മതവ്യവസ്ഥ. അതിനു തുല്യമായിട്ടാണ് ധർമശബ്ദത്തെ വിനിയോഗിക്കുന്നത്. കേരളത്തിലാണെങ്കിൽ ധർമം എന്നാൽ എന്തോ കൊടുക്കേണ്ടതാണ് എന്നാണു പലരും മനസ്സിലാക്കിയിട്ടുള്ളത്. ഇന്നത്തെ തലമുറ അതും മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. എന്നാൽ കുറച്ചു മുതിർന്നവരൊക്കെ പറയും, വീട്ടിൽ ധർമക്കാരൻ വന്നിട്ടുണ്ട്, ധർമം കൊടുത്തോളൂ എന്നൊക്കെ. അങ്ങനെ എന്തോ കൊടുക്കേണ്ട ഒന്നാണ് ധർമം എന്നു വിചാരിക്കുന്നു. ഇന്ന് ധർമക്കാരനുമില്ല. അപ്പാർട്ട്‌മെന്റിലും ഫ്‌ളാറ്റുകളിലും എങ്ങനെ ഭിക്ഷക്കാരൻ വരാനാണ്? അതുകൊണ്ട് ഇന്നത്തെ കുട്ടികൾ അതും അറിയുന്നില്ല. എന്നാൽ ഒന്നറിയുക, എന്തു വേണമെങ്കിലും കൊടുക്കാം. പണം കൊടുക്കാം, വസ്ത്രം കൊടുക്കാം, വിദ്യ കൊടുക്കാം, തന്നെത്തന്നെ കൊടുക്കാം. ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത, അതായത് ഒരു കാരണവശാലും കൈവെടിയാൻ പാടില്ലാത്ത എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് ധർമമാണ്.
അപ്പോൾ എന്താണ് ധാർമികജീവിതം എന്നു പറഞ്ഞാൽ? മനസ്സിലാക്കുക, അണുമുതൽ ബ്രഹ്‌മാണ്ഡംവരെ സകലതിനെയും ചേർത്തു
കോർത്തു നിലനിർത്തുന്നതാണു ധർമം. ആ ധർമത്തിനനുസരിച്ച്, അതിനെ അറിഞ്ഞു ജീവിക്കുന്നതാണ് ധാർമികജീവിതം. അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതാണ് ധാർമികജീവിതം. അല്ലാതെ ധാർമികജീവിതം എന്നു പറഞ്ഞാൽ ക്ഷേത്രാദിദർശനമോ സ്‌നാനാദിക്രിയകളോ അല്ല. ഇവ വേണ്ട എന്നു പറഞ്ഞില്ല. പക്ഷേ, അതൊക്കെ അനുഷ്ഠാനത്തിന്റെ ഭാഗം; അത് ഉപാസനയുടെ ഭാഗം; അത് ജീവിതവ്യവസ്ഥയുടെ ഭാഗം. പക്ഷേ, ധാർമികജീവിതം എന്നു പറയുമ്പോൾ ഇതൊന്നുമല്ല. മറിച്ച്, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്തുകോർത്തുനിർത്തുന്ന ധർമവ്യവസ്ഥയെ തിരിച്ചറിഞ്ഞ് അതിനു പൂരകമായിട്ട്, അതിനനുസൃതമായിട്ട് ജീവിക്കുക എന്നതാണ്. അങ്ങനെ ജീവിതക്രമം പാലിക്കുമ്പോൾ ചിന്തിക്കും: 'ഭഗവാനേ, എന്റെ വാക്കുകളെക്കൊണ്ട്, എന്റെ പ്രവൃത്തികളെക്കൊണ്ട്, എന്റെ ചിന്തകളെക്കൊണ്ട് ഈ പ്രപഞ്ചതാളക്രമത്തിന് ഒരു ഭംഗം വരരുതേ.' ഈ സങ്കല്പത്തോടുകൂടി ജീവിക്കുക. അതാണ് ധാർമികജീവിതം.
വ്യക്തി നിലനില്ക്കുന്നതോടൊപ്പം സമാജവും നിലനില്ക്കാൻ, സമാജം നിലനില്ക്കുന്നതോടൊപ്പം ഇതര സമാജങ്ങൾ അടങ്ങുന്ന മൊത്തം സമൂഹവും നിലനില്ക്കാൻ നമ്മൾ എങ്ങനെ ജീവിതത്തെ നയിക്കണം, എന്തൊക്കെ ചെയ്യണം, എന്തെല്ലാം ചെയ്യരുത് - ഈ മൂല്യബോധത്തെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്നതാണ് ധാർമികജീവിതം. അതുകൊണ്ട് ധർമത്തിന്റെ സാരസർവസ്വത്തെ ഭഗവാൻ വേദവ്യാസൻ പറഞ്ഞുതന്നു: 'ശ്രൂയതാം ധർമസർവസ്വം ശ്രുതൈ്വതദവധാര്യതാം, ആത്മനഃ പ്രതികൂലാനി പരേഷാം ന സമാചരേത്' (ധർമത്തിന്റെ സാരസർവസ്വം കേട്ടോളൂ, കേട്ടാൽ മാത്രം പോരാ, ജീവിതത്തിൽ ധരിക്കണം. തനിക്ക് പ്രതികൂലമായത് മറ്റാരോടും ചെയ്യരുതേ) എന്ന്. ഇതുതന്നെയാണ് 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണം' എന്നു ലളിതസുന്ദരമായ മലയാളപദങ്ങളാൽ ശ്രീനാരായണഗുരുദേവനും പറഞ്ഞുതന്നത്. ഇതാണ് ധർമം. ഈ ഒരു സന്ദേശത്തെ അനാദികാലമായിട്ട് വേദത്തിലൂടെ ഋഷീശ്വരന്മാർ നമുക്കു പകർന്നുതന്നു.
വൈദികധർമം സനാതനമാണ്, ഒരിക്കലും നശിക്കാത്തതാണ്. അങ്ങനെ സനാതനമാണെങ്കിലും ഈ ധർമവ്യവസ്ഥയിൽ വൃദ്ധിയും ക്ഷയവും നമുക്കു കാണാൻ സാധിക്കും. ക്ഷയിച്ചുക്ഷയിച്ച് ഇതാ നശിച്ചു എന്നു തോന്നുന്ന അവസ്ഥ വരും. പക്ഷേ, ആ സമയത്ത് എത്രയോ ദിവ്യവിഭൂതികൾ, മഹാത്മാക്കൾ, ശാസ്ത്രസ്വരൂപന്മാർ രംഗപ്രവേശം ചെയ്യും. അവരുടെ ജീവിതത്തിലൂടെ, ഉദ്‌ബോധനങ്ങളിലൂടെ നവ്യമായ കരുത്ത് ഈ ധർമവ്യവസ്ഥയ്ക്ക് നല്കും. വീണ്ടുമത് ഉയർന്നുവരും. അങ്ങനെ ഉയർന്നുയർന്ന് അങ്ങേയറ്റത്തെ മഹത്ത്വത്തിലേക്ക് പ്രാപിക്കുമ്പോൾ കാണാം, പല തരത്തിലുള്ള ഛിദ്രങ്ങൾ ഉടലെടുക്കുന്നതും ക്രമേണ വീണ്ടും ക്ഷയിക്കുന്നതും. ഇങ്ങനെ ക്ഷയവും വൃദ്ധിയും എന്നുള്ളത് ആവർത്തിക്കുന്നു.
എപ്പോഴാണ് സനാതനധർമത്തിന് ക്ഷയം സംഭവിക്കുന്നത്? എപ്പോഴാണോ ശാസ്ത്രതാത്പര്യത്തെ തിരിച്ചറിയുന്നതിൽ സമൂഹം പരാജയപ്പെടുന്നത്, അതിലൂടെ ഒട്ടനവധി അനാചാരങ്ങളും ദുരാചാരങ്ങളും പെരുകുന്നത്, എപ്പോൾ അബദ്ധവിശ്വാസങ്ങളെ കൂടുതൽക്കൂടുതലായി സമൂഹം താലോലിക്കുന്നത്, അപ്പോഴൊക്കെ ഈ ധർമവ്യവസ്ഥ ക്ഷയിച്ചു.
അനാചാരങ്ങളും ദുരാചാരങ്ങളും അബദ്ധവിശ്വാസങ്ങളും പെരുകുന്നതിന്റെയൊക്കെ കാരണം ഒന്നു മാത്രമാണ്; ശരിയായ ശാസ്ത്രബോധമില്ലായ്മ. അപ്പോൾ ഇതിനുള്ള പ്രതിവിധി ആചാരങ്ങൾ ശാസ്ത്രവിധിക്കനുസരിച്ച് അറിഞ്ഞ് ആചരിക്കുക എന്നതാണ്. ആചാരപ്രധാനമാണ് ധർമം. ധർമം പ്രസംഗത്തിലല്ല. അതുകൊണ്ടാണ് 'ആചാരപ്രഭവോ ധർമ' അല്ലെങ്കിൽ 'ആചാരഃ പരമോ ധർമഃ' എന്നൊക്കെ വ്യാസഭഗവാൻ പറഞ്ഞിട്ടുള്ളത്. ആചാരമാണ് മുഖ്യം. അതേസമയം, എന്തെങ്കിലും ഏതെങ്കിലും ആചരിച്ചാൽ അത് ധർമമാവുകയുമില്ല. നമ്മുടെ ആചാരങ്ങൾ ഈ പ്രപഞ്ചവ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കണം. അതു തിരിച്ചറിഞ്ഞ് വേദങ്ങളിലൂടെ ഋഷീശ്വരന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ശാസ്ത്രത്തിനനുസരിച്ചായിരിക്കണം ആചാരം എന്ന് നമുക്കു പറയാം. ഈ രഹസ്യത്തെ തന്റെ ഉപദേശമധ്യേ അർജുനനെ നിമിത്തമാക്കി സർവലോകത്തോടും ഭഗവാൻ പറഞ്ഞു, 'തസ്മാത് ശാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ' എന്ന്. എന്നിട്ടും തൃപ്തിവരാതെ ഭഗവാൻ 'ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കർമ കർത്തുമിഹാർഹസി' എന്ന് പറയുകയാണു ചെയ്യുന്നത്.
തസ്മാത്-അതുകൊണ്ട്, തേ-നിനക്ക്, കാര്യാകാര്യവ്യവസ്ഥിതൗ-കാര്യത്തിന്റെയും അകാര്യത്തിന്റെയും വ്യവസ്ഥിതിയിൽ; അതായത് എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നതിൽ എന്നർഥം. ചെയ്യേണ്ടതാണ് കാര്യം, ചെയ്യരുതാത്തത് അകാര്യം. അപ്പോൾ ചെയ്യേണ്ടത് എന്ത്, ചെയ്യരുതാത്തത് എന്ത് എന്നതിന്റെ വ്യവസ്ഥിതിയിൽ നിനക്ക് ശാസ്ത്രമാവട്ടെ പ്രമാണം. പ്രമാണം എന്നു പറഞ്ഞാൽ യഥാർഥമായ ജ്ഞാനത്തെ നല്കുന്നത്. അത് ശാസ്ത്രമാണ്. അതുകൊണ്ട് ശാസ്ത്രവിധാനത്തെ അറിഞ്ഞിട്ട് ഈ ലോകത്തിൽ കർമം ചെയ്യാൻ നീ ബാധ്യതപ്പെട്ടിരിക്കുന്നു. അപ്പോൾ മനസ്സിലാക്കാം, ധർമത്തിൽ മുഖ്യം ആചാരമാണ്. ആചാരത്തെ നിശ്ചയിക്കുന്നതാവട്ടെ, ശാസ്ത്രമാണ്. ശാസ്ത്രാനുസൃതമായ ആചാരം, ആചാരത്തെ നിശ്ചയിക്കുന്ന ശാസ്ത്രം. ഇതാണു ധർമവ്യവസ്ഥ. എപ്പോഴെപ്പോൾ ശാസ്ത്രാനുസൃതമായ ആചാരം സമൂഹത്തിൽ പുലർന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ ധർമം വൃദ്ധിയെ പ്രാപിച്ചിട്ടുണ്ട്, ധർമവ്യവസ്ഥ വികസിതമായിട്ടുണ്ട്. എപ്പോഴൊക്കെ അതിൽ ഇടിവ് സംഭവിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ധർമവ്യവസ്ഥ ക്ഷയിച്ചിട്ടുണ്ട്. അബദ്ധവിശ്വാസങ്ങളെ താലോലിക്കാനും സ്വയമേവ അനാചാരങ്ങളെയും ദുരാചാരങ്ങളെയും അനുവർത്തിക്കാനും പലരാൽ പല പ്രകാരത്തിൽ ചൂഷണം ചെയ്യപ്പെടാനും ഒക്കെ സന്ദർഭം എപ്പോഴൊക്കെ വന്നുവോ, അപ്പോഴൊക്കെ ധർമം ക്ഷയിച്ചു. അങ്ങനെ ക്ഷയിക്കുമ്പോഴാണ് നേരത്തേ പറഞ്ഞ സനാതനധർമത്തെ സനാതനമാക്കിത്തീർക്കുന്ന മഹത്ത്വം ദർശിക്കാൻ പറ്റുന്നത്. അത് ആചാര്യന്മാരുടെ വരവാണ്, അവരുടെ ഉദ്‌ബോധനങ്ങളാണ്, അവരുടെ ജീവിതത്തിലൂടെ അവർ നല്കുന്ന സന്ദേശങ്ങളാണ്. അങ്ങനെ ശാസ്ത്രസാരം സമൂഹത്തിൽ പ്രചരിതമാവുകയും ധർമവ്യവസ്ഥ വീണ്ടും സുശക്തമാവുകയും ചെയ്യും. ഇത് പല പ്രാവശ്യം നമ്മൾ കണ്ടു. ഒരുപക്ഷേ, പുരാണങ്ങളിൽപ്പോലും കാണാൻ കഴിയുന്നതിലേറെ മഹാപുരുഷന്മാർ ഒന്നിച്ചുവന്ന ഒരു കാലഘട്ടത്തെ ഈ അടുത്ത ഭൂതകാലത്തിൽ നമുക്കു കാണാൻ കഴിയും. അതെ, അത്യധികം അധഃപതനത്തിന്റെ ആഴക്കയത്തിലേക്ക് നിപതിച്ചിരുന്നതിനാലാവാം അതിനെ സമുദ്ധരിക്കുന്നതിന് ഒട്ടനവധി മഹാപുരുഷന്മാർ വന്നുചേർന്നു. പേരെടുത്തു പറയുമ്പോൾ അവരിൽപ്പലരെയും വിട്ടുപോവുക എന്ന അബദ്ധം സംഭവിക്കും. അതുകൊണ്ട് അതിന് ഒരുങ്ങുന്നില്ല. പക്ഷേ, സനാതനധർമത്തിന്റെ ശരിയായ മർമം മനസ്സിലാക്കിച്ച്, ശാസ്ത്രമഹിമയെ സമൂഹത്തിൽ പ്രസരിപ്പിച്ച് സർവ പതനങ്ങളിൽനിന്നും രക്ഷിക്കുന്ന ഒട്ടനവധി മഹാപുരുഷന്മാർ, ദിവ്യവിഭൂതികൾ രംഗപ്രവേശം ചെയ്തു. ഈ കേരളത്തിൽ അങ്ങനെ വന്ന ഋഷിമാരിൽ എന്തുകൊണ്ടും പ്രാതഃസ്മരണീയനാണ് ശ്രീനാരായണഗുരുദേവൻ. ഇങ്ങനെ പറഞ്ഞതുകൊണ്ട് കേരളത്തിലേക്കു മാത്രമാണ് അവിടുത്തെ സന്ദേശം എന്നു പറഞ്ഞിട്ടില്ല. അവിടുത്തെ സന്ദേശം ലോകം മുഴുവനുമാണ്. എല്ലാ കാലത്തും അതു പ്രസക്തമാണ്. എങ്കിൽത്തന്നെയും നേരത്തേ സൂചിപ്പിച്ച മഹാത്മാക്കളുടെ ശ്രേണിയിൽ, ആ ദിവ്യവിഭൂതികളുടെ കൂട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ച് ആർഷസന്ദേശത്തെ ഏറ്റവും ശക്തമായി നമുക്കു തന്ന അചിന്ത്യമഹിമയോടുകൂടിയ ഒരു ദിവ്യവിഭൂതിയായിട്ട് നാം ശ്രീനാരായണഗുരുദേവനെ കാണുകയാണ്. ഗുരുദേവന്റെ ജീവചരിത്രത്തിലേക്കു പ്രവേശിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.

To advertise here,

എങ്കിലും ഒന്നു മാത്രം പറയട്ടെ: തീർത്തും ശാസ്ത്രബോധത്തിൽനിന്ന് അധഃപതിച്ചുപോയതുകൊണ്ടുതന്നെ ഒട്ടനവധി അത്യാചാരങ്ങളും ദുരാചാരങ്ങളും അനാചാരങ്ങളും സമൂഹശരീരത്തെ ഗ്രസിച്ചിരുന്ന ഒരു കാലഘട്ടം, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതിരുന്ന ഒരു കാലഘട്ടം, ഉയർന്നവനും താഴ്ന്നവനും, അവനെക്കാൾ താഴ്ന്നവനും അവനെക്കാൾ താഴ്ന്നവനും എന്ന് പല തട്ടുകളിലായി നമ്മൾ തിരിക്കപ്പെട്ട് തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ- ഈവിധം കഴിഞ്ഞിരുന്ന കാലഘട്ടം. അങ്ങനെ തിയ്യപ്പാട്, പറയപ്പാട്, പുലയപ്പാട് ഒക്കെയായിട്ട്-സ്പർശിക്കരുത്, കാണരുത്, നിഴലുപോലും തൊടരുത്, എന്നല്ല അവർ തൊട്ട വെള്ളംപോലും തൊടരുത് എന്ന അതിനീചമായ വിഭാഗീയതയിൽ ഉച്ചനീചത്വകല്പനകളോടെ നമ്മെ തരംതിരിച്ചിരുന്ന കാലഘട്ടം.
എന്നാൽ ഇതിന് വലിയ ഒരു മറുവശം ഉണ്ടായിരുന്നു. എന്താണ് ആ മറുവശം? നമുക്കറിയാം വിവേകാനന്ദസ്വാമികളെക്കുറിച്ച് എന്തെങ്കിലും ഒരാശയം പ്രസംഗിക്കുന്ന ഏതു സന്ദർഭത്തിലും, വിശേഷിച്ച്, മലയാളികൾ ഉദ്ധരിക്കാറുണ്ട്, വിവേകാനന്ദസ്വാമികൾ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു എന്ന്. പക്ഷേ, എന്തുകൊണ്ട് വിവേകാനന്ദസ്വാമികൾ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു? അത് ഏറെപ്പേർ വ്യാഖ്യാനിക്കാറില്ല. എന്നു മാത്രമല്ല, പലരും പറയാറുണ്ട്, കേരളത്തിലെ അതിഹീനമായ ജാതിവ്യവസ്ഥയെ കണ്ട്, ഉയർന്നവനും താണവനും എന്ന തരംതിരിവു കണ്ട്, കേരളത്തെ വിവേകാനന്ദസ്വാമികൾ ഭ്രാന്താലയമെന്ന് വിളിച്ചു എന്ന്. അങ്ങനെ ജാതീയമായ ഉച്ചനീചത്വം കണ്ടിട്ടാണ് വിവേകാനന്ദസ്വാമികൾ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചതെങ്കിൽ യാതൊരാശങ്കയുമില്ലാതെ പറയട്ടെ, വിവേകാനന്ദസ്വാമികളെ ഞാൻ ബഹുമാനിക്കില്ല. കാരണം, വിവേകാനന്ദസ്വാമികൾ കൽക്കട്ടയിൽനിന്ന് ആകാശമാർഗേണ കേരളത്തിൽ വന്ന ആളല്ല. 1886 ഓഗസ്റ്റ് മാസത്തിൽ ശ്രീരാമകൃഷ്ണദേവൻ ശരീരമുപേക്ഷിച്ചതിനെത്തുടർന്ന് അവിടുന്നു നല്കിയ ഉദ്‌ബോധനങ്ങളെ അനുസന്ധാനം ചെയ്തും മറ്റും ശിഷ്യന്മാർ കഴിഞ്ഞുകൂടി. 1886 ഡിസംബർ 24-ാം തീയതി രാത്രി അവരെല്ലാം സന്ന്യാസവ്രതത്തെ സ്വീകരിച്ചു. സന്ന്യാസനാമങ്ങൾ സ്വീകരിച്ച് അനന്തരം ഭൂരിഭാഗം പേരും പരിവ്രജനത്തിൽ ഏർപ്പെട്ടു; പ്രത്യേകിച്ച് വിവേകാനന്ദസ്വാമികൾ. ആദ്യം 'സ്വാമി വിവിദിഷാനന്ദ' എന്ന പേരിൽ ഭാരതം മുഴുവൻ പരിവ്രജനം ചെയ്തു. പിന്നീട് 'സ്വാമി വിവേകാനന്ദ' എന്ന പേരിലും. ഇങ്ങനെ പേരുകൾ മാറുകയുണ്ടായിട്ടുണ്ട്. ആ പരിവ്രജനകാലത്ത് കുടിലുകളിലും കൊട്ടാരങ്ങളിലും സ്വാമികൾ ഒരുപോലെ അന്തിയുറങ്ങിയിട്ടുണ്ട്. കടലോരങ്ങളിലും മലവാരങ്ങളിലും ഒരുപോലെ കഴിഞ്ഞിട്ടുണ്ട്. ക്ഷേത്രവരാന്തകളിലും തെരുവോരങ്ങളിലും കാട്ടിലും ഒരുപോലെ അന്തിയുറങ്ങിയിട്ടുണ്ട്. അങ്ങനെ സമൂഹത്തിന്റെ ഹൃദയതാളത്തെ സ്പർശിച്ചുകൊണ്ടാണ് സ്വാമിജി പരിവ്രജനം ചെയ്തത്. ആ പരിവ്രജനത്തിന്റെ ഏറക്കുറെ ഒടുവിലത്തെ ഭാഗമെത്തുമ്പോഴത്തേക്കാണ് കേരളത്തിൽ വരുന്നത്. അതും കേരളത്തിൽ മുഴുവൻ സഞ്ചരിച്ചിട്ടില്ല. മദ്രാസ് മെയിലിന് പാലക്കാടുവഴി ഷൊർണൂർ ഇറങ്ങി, ഷൊർണൂരിൽനിന്നു നടന്നും കാളവണ്ടിയിലും കുതിരവണ്ടിയിലും കടത്തുവള്ളത്തിലുമൊക്കെ സഞ്ചരിച്ച് കൊടുങ്ങല്ലൂർ-എറണാകുളം-തിരുവനന്തപുരംവഴി കന്യാകുമാരിയിലേക്കു പോവുകയാണ് ഉണ്ടായത്. അതിനു മുൻപ് ഭാരതത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിട്ടാണ് സ്വാമിജി ഇവിടെ എത്തിച്ചേർന്നത്. അക്കാലത്ത് ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും അതിഹീനമായ ജാതീയത ഉണ്ടായിരുന്നു. സ്പർശിക്കാൻ വയ്യാത്ത, മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാൻ വയ്യാത്ത അതിഹീനമായ ജാതീയത എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ഉണ്ടായിരുന്നു. ഇന്നും ഉത്തരഭാരതത്തിലെ പല ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ഇത് നമുക്കു കാണാൻ കഴിയും, നമുക്ക് ചിന്തിക്കാൻ കഴിയാത്തത്ര ഹീനമായ ജാതീയത നിലനില്ക്കുന്നത്. അതെല്ലാം കണ്ട സ്വാമിജി ആ പ്രദേശത്തെ ഭ്രാന്താലയമെന്നു വിളിക്കാതെ കേരളത്തെ മാത്രം ഭ്രാന്താലയമെന്നു വിളിച്ചാൽ സ്വാമിജി പ്രമാണഭൂതനല്ലാതാവുന്നുണ്ട്. പക്ഷേ, സ്വാമിജി നമുക്ക് പ്രമാണഭൂതനാണ്. അപ്പോൾ സ്വാമിജി കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതിൽ മറ്റെന്തോ കാരണമുണ്ട്. ആ കാരണം എന്ത്? നമുക്കു പരിശോധിക്കാം. സ്വാമിജി കേരളത്തിലേക്ക് വരാൻ ആദ്യം ആലോചിച്ചിരുന്നില്ല എന്ന് മനസ്സിലാക്കണം. മദ്രാസിൽനിന്ന് തിരുനെൽവേലിവഴി കന്യാകുമാരിയിൽ പോകാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ സ്വാമിജിയുടെ പരിവ്രജനത്തിൽ ബാംഗ്ലൂരിൽവെച്ച് ഡോ. പൽപ്പുവെ കണ്ടുമുട്ടുകയും ഡോ. പൽപ്പുവുമായി സുദീർഘമായി കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളെക്കുറിച്ച് ചർച്ച ചെയ്ത് കേരളത്തിൽ നിലനില്ക്കുന്ന അതിഹീനമായ മതംമാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. തൊട്ടുകൂടാത്തവർ, തൊട്ടാൽ അശുദ്ധമാകുന്നവർ- അവരൊക്കെ മനുഷ്യരായി ഒന്ന് അംഗീകരിക്കപ്പെടാൻ, അറിയപ്പെടാൻ മതാന്തരങ്ങളിലേക്ക് കൂട്ടമായി പലായനം ചെയ്യപ്പെടുന്ന കാഴ്ചകൾ. പറമ്പിൽപ്പോലും കയറാൻ വയ്യാത്തവൻ, നിഴലു തൊട്ടാൽപ്പോലും അശുദ്ധിയെ നല്കുന്നവൻ- അവൻ ചേലാകർമം ചെയ്തു മതംമാറിയാൽ മാപ്പിളയാകുന്നു. അവന് ഇല്ലത്ത് കാര്യസ്ഥസ്ഥാനം കിട്ടുന്നു. പിന്നീട് ഒരു അശുദ്ധിയുമില്ല. അവൻതന്നെ ഇത്തിരിവെള്ളം തളിക്കപ്പെട്ട് ക്രിസ്ത്യാനിയായിക്കഴിഞ്ഞാൽ അവൻ ചേട്ടനാകുന്നു, ബഹുമാന്യനാകുന്നു. എന്നല്ല, താണ ജാതിക്കാർ തൊട്ട് അശുദ്ധമാക്കിയ വസ്തുക്കളെ ശുദ്ധമാക്കാൻ ഈ ക്രിസ്ത്യാനി ഒന്നു തൊട്ടാൽ മതി.
തൈലാദിലേഹ്യങ്ങളശുദ്ധമായാൽ
പൗലോസിനെക്കൊണ്ട് തൊടീച്ചിടേണം എന്ന് അന്നു നാട്ടിൽ ചൊല്ലുണ്ടായിരുന്നു. ഇങ്ങനെ അതിഹീനമായ ഈ ആചാരക്രമത്തെക്കൊണ്ട് കൂട്ടംകൂട്ടമായി സമൂഹം മതാന്തരങ്ങളിലേക്കു ചേക്കേറിക്കൊണ്ടിരുന്ന കാഴ്ച സ്വാമിജി കണ്ടു. തെക്കൻകേരളത്തിൽ ക്രിസ്ത്യൻമതം ഹിന്ദുവിന്റെ ഈ അനാചാരത്തെ അല്ലെങ്കിൽ ദുരാചാരത്തെ ആലംബമാക്കി വ്യാപിക്കുന്നത് സ്വാമിജി കണ്ടു. ഇതുപോലെ വടക്കൻകേരളത്തിൽ ഇതേ ജാതീയത ഹേതുവായിട്ടുതന്നെയാണ് വലിയ മതപരിവർത്തനം സംഭവിച്ചത്. ഇതു കണ്ടിട്ടാണ് സ്വാമിജി പറഞ്ഞത്, ഭ്രാന്താലയം കാണാൻ തിരുവിതാംകൂറിലേക്കും മലബാറിലേക്കും പോകൂ എന്ന്. ഇന്നത്തെ സാഹചര്യത്തിൽ കേരളം എന്നു പറയാം. ഡോ. പൽപ്പുവുമായി നടന്ന ചർച്ചയിൽ സ്വാമിജി ഒരു നിർദേശം വെച്ചിരുന്നു. ഭാരതത്തിൽ ഏതൊരു നവോത്ഥാനം സംഭവിക്കണമെങ്കിലും, സാമാജികമായി ഏതൊരു ഉയർച്ചയെ ഉണ്ടാക്കിയെടുക്കണമെങ്കിലും, ഒരു ആധ്യാത്മികാചാര്യന്റെ നേതൃത്വത്തിലായിരിക്കണം അത് എന്ന്.
ഭാരതത്തിന്റെ ഹൃദയം ആധ്യാത്മികതയാണ്. അതിനെ മുൻനിർത്തി പ്രവർത്തിച്ചാൽ മാത്രമേ ഏതു തരത്തിലുള്ള ഉയർച്ചയും ഭാരതത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് ആരും എതിർക്കുമെന്നു തോന്നുന്നില്ല. ഇന്ന് രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജനപ്രസ്ഥാനങ്ങളുമൊക്കെ ആധ്യാത്മികാചാര്യന്മാരുടെ ചിത്രങ്ങൾ വെക്കാൻ മത്സരിക്കുന്ന കാഴ്ച കാണുന്നു. കാരണം, അവർ യാഥാർഥ്യം മനസ്സിലാക്കിവരികയാണ്. ഭാരതത്തിൽ എന്തു പരിവർത്തനം ഉണ്ടാക്കണമെങ്കിലും ആധ്യാത്മികതയിൽ ഊന്നിയതോ ആധ്യാത്മികതയെ പ്രദർശിപ്പിച്ചുകൊണ്ടുള്ളതോ ആയിരിക്കണമെന്ന് വിവേകാനന്ദസ്വാമികൾ അന്നേ പറഞ്ഞു.
അതിസൂക്ഷ്മമായ വേദാന്തസാധനകളിലൂടെ, അതിതീവ്രമായ തപശ്ചര്യകളിലൂടെ, ഇതരവിപരീതങ്ങളായ ലോകകാര്യങ്ങളിലൊന്നും ഇടപെടാതെ ശ്രീനാരായണഗുരുദേവൻ കഴിഞ്ഞിരുന്ന കാലം. ശ്രീനാരായണഗുരുദേവൻ അതിഘോരമായ തപസ്സിനുശേഷം തീർത്തും ഒരുതരം അന്തർമുഖവൃത്തിയിൽത്തന്നെ കഴിഞ്ഞുകൊണ്ടിരുന്ന കാലം. അക്കാലത്താണ്, കേരളത്തിന്റെ എന്നല്ല മൊത്തം നമ്മുടെ ധർമവ്യവസ്ഥയുടെതന്നെ സമുദ്ധാരണത്തിനു കാരണമാകുംവിധം അരുവിപ്പുറംപ്രതിഷ്ഠ നടത്തുകയും ആ പ്രതിഷ്ഠ ഏറെ പ്രചരിതമാവുകയും ചെയ്ത കാലഘട്ടത്തിലാണ്, ഡോ. പൽപ്പു ഗുരുദേവനുമായി നിരന്തരസമ്പർക്കത്തിലേർപ്പെടുകയും സമുദായത്തിന്റെ സമുന്നതിക്കുവേണ്ടി അവിടുന്ന് പ്രവർത്തിക്കണമെന്ന് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിക്കുകയും ചെയ്തതെന്നു നാം മറക്കരുത്. എന്നാൽ കേവലം പൽപ്പുവിന്റെ അപേക്ഷ മാനിച്ചാണ് ഗുരുദേവൻ സാമാജികപ്രവർത്തനത്തിനു വന്നത് എന്നു പറഞ്ഞാൽ അത് വിഡ്ഢിത്തമായിരിക്കും. അതേസമയം, ആ മഹാത്മാവിന്റെ സാമാജികപ്രവർത്തനത്തിന് ഡോ. പൽപ്പുവിന്റെ അപേക്ഷ നിമിത്തമായി എന്നു കാണുവാനും സാധിക്കും. പിന്നീട് സംഭവിച്ചതു നമുക്കറിയാം. അരുവിപ്പുറംപ്രതിഷ്ഠയെത്തുടർന്ന് ഒന്നൊന്നായി ക്ഷേത്രപ്രതിഷ്ഠകൾ. കേരളത്തിൽത്തന്നെ മുപ്പതിലേറെ ക്ഷേത്രപ്രതിഷ്ഠകൾ! അന്തരംഗശിഷ്യന്മാരായി വന്നുചേർന്നവർക്കുള്ള ശാസ്ത്രപ്രബോധനങ്ങൾ! ഈ സമാജത്തെ അന്ധകാരത്തിൽനിന്നുയർത്തി ധർമത്തിന്റെ പ്രബോധനങ്ങളും വേദാന്തസന്ദേശങ്ങളും നല്കുന്നതിനു പര്യാപ്തമായ അനേകം കൃതികൾ! ആ കൃതികളാകട്ടെ, വേദാന്തപ്രകരണങ്ങളും വേദാന്തശാസ്ത്രങ്ങളും പ്രത്യേകിച്ച് അതിനിഗൂഢങ്ങളായ വേദാന്തപ്രക്രിയകളെ വിശദീകരിക്കുന്ന കൃതികളും! അതിൽ ആദ്യം പറയേണ്ടുന്നത് അദ്വൈതദീപികയാണ്. അതുപോലെ ആത്മോപദേശശതകത്തിലൂടെ ഒന്നാന്തരം വേദാന്തശാസ്ത്രം അതിന്റെ ആചരണതലത്തെക്കൂടി കാണിച്ച് ഗുരുദേവൻ നമുക്ക് തന്നു. നിസ്സംശയം പറയാം, മലയാളത്തിലെ ഒരു ഉപനിഷത്തുതന്നെയാണ് ആത്മോപദേശശതകം. അനുഷ്ഠാനത്തിലൂടെ, വിചാരത്തിലൂടെ ക്രമികമായി അനുഭൂതിതലത്തിൽ വിരാജിക്കുന്ന ഒരു സർവജ്ഞന്റെ ഭാവം ദർശനമാലയിലൂടെ കാട്ടിത്തന്നു. ഇങ്ങനെ നോക്കിക്കഴിഞ്ഞാൽ വേദാന്തശാസ്ത്രത്തിൽ അദ്വിതീയമായ പ്രവർത്തനം അവിടുന്ന് കൃതികളിലൂടെ നമുക്കു സമ്മാനിച്ചു. ഒരു സാമാന്യവ്യക്തിയെ സംബന്ധിച്ച് വേദാന്തത്തിന്റെ നിഗൂഢതലങ്ങളിലേക്ക് നേരെയങ്ങു പ്രവേശിക്കുക അസാധ്യമാണ്. അതിന് പരിശുദ്ധമായ ഭക്തിഭാവം ഉള്ളിലുണ്ടാവണം; ഉപാസനയിലൂടെ ഉയരണം. ശുദ്ധമായ ഭക്തിയുടെ സംവർധനവിനും ഉപാസനയിലൂടെ ശരിയായ ദിശാബോധം നല്കുന്നതിനും എത്രയെത്ര സ്‌തോത്രകൃതികൾ അവിടുന്ന് രചിച്ചു! ഒട്ടനവധി കൃതികളിലൂടെ ധർമത്തിന്റെ മർമം അവിടുന്ന് ബോധിപ്പിച്ചു. ഒറ്റശ്ലോകമുള്ള ധർമം എന്ന കൃതിമുതൽ അനേകശതം ശ്ലോകങ്ങളിൽ വിഭക്തമായ, പിന്നീട് ശ്രീനാരായണധർമം എന്ന് നാമകരണം ചെയ്യപ്പെട്ട സ്മൃതിഗ്രന്ഥംവരെ ശ്രീനാരായണഗുരുദേവൻ നല്കുകയുണ്ടായി.
അനുബന്ധമായി ഒട്ടനവധി വിദ്യാലയങ്ങൾ, സേവാപ്രവർത്തനങ്ങൾ, ആശ്രമങ്ങൾ, അവ കേന്ദ്രീകരിച്ച് ധർമപ്രചാരണപ്രവർത്തനങ്ങൾ! ഇങ്ങനെ എന്തെന്തെല്ലാം നല്കപ്പെട്ടു! ഇവയെല്ലാം വലിയ ഒരു പരിവർത്തനത്തെ ഉണ്ടാക്കിത്തീർത്തു. ക്ഷേത്രപ്രതിഷ്ഠയുടെ ആദ്യ കാലഘട്ടങ്ങളിൽ അല്പം പരിഹസിച്ചുകൊണ്ട് ഗുരുദേവനോട് ചിലർ ചോദിച്ചിരുന്നു, നാണു അല്ലേ എന്ന്. ഗുരുദേവന്റെ ഓമനപ്പേര് നാണു എന്നായിരുന്നു. ഉടനെ മറുപടി പറഞ്ഞു, 'അതെ, ന അണു' എന്ന്. അതായത് കേവലം അണു അല്ല എന്ന് മനസ്സിലാക്കിക്കൊള്ളൂ എന്ന്. ആ മഹിമ എത്രമാത്രം സമൂഹത്തെ ഉയർത്തുന്നതായിരുന്നു എന്നു നമ്മൾ ഇന്നും കാണുന്നു. ആ മഹിമയെ എത്രകണ്ട് നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നറിയില്ല. പക്ഷേ ഒന്നറിയാം, ജീവിച്ചിരിക്കെത്തന്നെ വളരെയധികം പൂജിക്കപ്പെട്ടു. അത് മഹിമ ഉൾക്കൊണ്ടിട്ടാണോ എന്നറിയില്ല. സ്വന്തം പ്രതിമതന്നെ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ കണ്ടപ്പോൾ (അത് ഇറ്റലിയിൽ ഉണ്ടാക്കി സിലോൺവഴി കൊണ്ടുവന്ന പ്രതിമയായിരുന്നു) ഗുരുദേവൻ പറഞ്ഞു: 'നന്നായിരിക്കുന്നു. ഇതിന് വെള്ളവും ഭക്ഷണവും ഒന്നും വേണ്ട. തനിയേ ജീവിച്ചോളും' എന്ന്. ആ കാലത്തുതന്നെ ഗുരുദേവനെ സമൂഹം ഉപാസിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗുരുദേവനെ ഉപാസിക്കുന്നതിന്റെ അളവു നോക്കിക്കഴിഞ്ഞാൽ ഇന്നു വളരെ വർധിച്ചിട്ടുണ്ട്. വളരെയധികം ആരാധിക്കപ്പെടുന്നുണ്ട്, ആദരിക്കപ്പെടുന്നുണ്ട്. എന്നാൽ, പലപ്പോഴും ഗുരുദേവകൃതികളുടെ ആഴം, തദ്വാരാ അവിടുത്തെ ഹൃദയം വിരാജിച്ചിരുന്ന പരമമായ തലം വേണ്ടതുപോലെ നമ്മൾ ഉൾക്കൊണ്ടിട്ടുണ്ടോ, ഉൾക്കൊള്ളുന്നുണ്ടോ എന്നത് വളരെ സന്ദേഹമുള്ള ഒരു വിഷയമാണ്. ഇതു പറയാൻ കാരണം, ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള സുദീർഘങ്ങളായ പല പ്രസംഗങ്ങളും കേട്ടാൽ നമുക്കു തോന്നിപ്പോവുക സദാ ഗുരുദേവൻ മൗനത്തിൽ കഴിയുന്നതിനിടയ്ക്ക് ഉണർന്നു ചില വാചകങ്ങൾ മാത്രം പറയുകയായിരുന്നോ എന്നാണ്. 'വിദ്യകൊണ്ട് പ്രബുദ്ധരാവുക', 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്', 'ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്', 'മദ്യം കഴിക്കരുത്, അത് വിഷമാണ്', 'കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത്' ഇങ്ങനെ ഒരു പത്തിരുപതു വാചകങ്ങൾ മാത്രം പറഞ്ഞ ആളാണ് ശ്രീനാരായണഗുരുദേവൻ എന്നു തോന്നും. ഇനി മറ്റൊരു ഭാഗത്തു നോക്കിയാൽ ഒരു സമുദായത്തിന്റെ ആളായിട്ട് ഗുരുദേവനെ പരിമിതപ്പെടുത്തുന്ന ആഭാസവും കാണുന്നു. ഇത് ഗുരുദേവനെ സംബന്ധിച്ചു മാത്രമല്ല. ഈയൊരു ഭാവം ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്ന കേരളീയസമൂഹം ചട്ടമ്പിസ്വാമികളെ നായർസ്വാമിയും ശ്രീനാരായണഗുരുദേവനെ ഈഴവസ്വാമിയും ആക്കിയതിൽ എന്തേ അദ്ഭുതപ്പെടാനുള്ളൂ! ചട്ടമ്പിസ്വാമികൾ നായരുടെ മാത്രം സമുദ്ധാരണത്തിനോ ശ്രീനാരായണഗുരുദേവൻ ഈഴവരുടെ മാത്രം സമുദ്ധാരണത്തിനോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ചിന്തിക്കുക. മറിച്ച്, അവരെല്ലാം അദ്വൈതപ്രതിഷ്ഠിതരായിരുന്നു, പരമമായ തത്ത്വബോധത്തിൽ സ്വയം വിരാജിച്ചവരായിരുന്നു, ആത്മാരാമന്മാരായിരുന്നു. അതിനാൽ, ഗുരുദേവനെ നമ്മൾ അറിയേണ്ടത് ഗുരുദേവകൃതികളിലൂടെയാണ് എന്നു ശ്രദ്ധിക്കുക.
അവിടുന്ന് എന്തു പറഞ്ഞു എന്നതു മുഖ്യമാണ്. അവിടുത്തെ ആഴം അളന്നറിയാൻ നമുക്കു കഴിയില്ല. ഒരു മഹാപുരുഷന്റെ പാരമാർഥികബോധത്തിന്റെ ആഴം അളന്ന് അറിയാൻ ആർക്കും കഴിയില്ല. അസാധ്യമാണ് അത്. പക്ഷേ, അവിടുന്ന് ലോകത്തോട് എന്തുപദേശിച്ചു എന്ന് അവിടുത്തെ കൃതികളിലൂടെ പഠിക്കാം. അനുബന്ധമായിപ്പറയട്ടെ, അത് അവിടുത്തെ കൃതികളിലൂടെ പഠിക്കാം. ഇതിനനുബന്ധമായി പറയട്ടെ, ദാർശനികമായി ശ്രീശങ്കരൻ പറഞ്ഞതേ നമുക്കും പറയാനുള്ളൂ എന്ന് ഗുരുദേവൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് പലപ്പോഴും ശ്രീനാരായണഗുരുദേവനെ പുകഴ്ത്താൻ ശങ്കരാചാര്യരെ ഇകഴ്ത്തണമെന്നായിരിക്കുന്നു. ഇത് എന്തൊരപരാധം! ആചാര്യസ്വാമികളെ ഒന്ന് ഇകഴ്ത്തിയാലേ ഗുരുദേവനെ പുകഴ്ത്താൻ കഴിയൂ എന്ന് എങ്ങനെയോ പ്രചരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സമൂഹത്തിൽ നമുക്ക് ഒന്നേ പറയാനുള്ളൂ- ഗുരുദേവന്റെ കൃതികൾ നല്ലപോലെ പഠിക്കുക, എല്ലാ കൃതികളും ഒരുപോലെ അഗാധങ്ങളാണ്. ചിലതിന്റെ പദാവലികൾ സുന്ദരങ്ങളും ലളിതങ്ങളുമാണ്. എന്നാൽ അവയിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ ആഴം അചിന്ത്യമാണ് എന്നു കാണാം. അത് കേവലം ഗുരുദേവകൃതികളുടെ മാത്രം വിശേഷമല്ല; അനുഭൂതിസമ്പന്നന്മാരായ എല്ലാ മഹാപുരുഷന്മാരുടെയും വാക്കുകൾ അഗാധ അർഥതലങ്ങളോടുകൂടിയതായിരിക്കും. ചട്ടമ്പിസ്വാമികളുടെ കൃതികൾ പഠിച്ചാലും, ഇനി ഏതൊരു മഹാപുരുഷന്റെ കൃതികൾ പഠിച്ചാലും ഇതു സമാനമാണ്. ഏതായാലും ശ്രീനാരായണഗുരുദേവകൃതികളുടെ കൂട്ടത്തിൽ ഏറ്റവുമധികം സമൂഹത്തിൽ പ്രചരിച്ചതാണ് ദൈവദശകം. ഇത് കൊച്ചുകുട്ടികൾക്കുപോലും ചൊല്ലുവാൻ കഴിയുന്ന രീതിയിലാണ് ഗുരുദേവൻ രചിച്ചിട്ടുള്ളത് എന്നതാണ് അതിന് ഒരു കാരണം. എന്നു മാത്രമല്ല, ഈ കൃതി കുട്ടികൾക്കു ചൊല്ലാൻവേണ്ടിത്തന്നെയായിരുന്നു ഗുരുദേവൻ രചിച്ചത്. എന്നാൽ നല്ലപോലെ അനുസന്ധാനം ചെയ്യാമെങ്കിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും, ഇത് അത്യഗാധമായ വേദാന്തപ്രകരണമാണ് എന്ന്. നമുക്കു ക്രമമായി ചിന്തിക്കാം.
ദൈവദശകമാണു നാം ചിന്തിക്കാനിരിക്കുന്നത്. ഇത് ദശകമാണ്. ദശകം എന്നു പറഞ്ഞാൽ ദശം; അതായത് പത്തു ചേർന്നത്, പത്തുള്ളത്. പത്തു ശ്ലോകങ്ങൾ ചേർന്നതുകൊണ്ട് ഈ കൃതിയുടെ പേര് ദശകം എന്നാണ്. ഈ കൃതിയുടെ വിഷയം ദൈവമാണ്. ദൈവത്തെ സംബന്ധിക്കുന്നതായതുകൊണ്ട് ദൈവദശകം. ദൈവമേ എന്നു വിളിച്ചുകൊണ്ടുതന്നെയാണ് തുടങ്ങുന്നത്. എല്ലാ ശ്ലോകങ്ങളും ദൈവത്തെ സംബന്ധിക്കുന്നതാണ്. ദൈവമേ എന്നു വിളിച്ച് ആരംഭിക്കുന്നതുകൊണ്ടും പത്തു ശ്ലോകം ചേർന്നതുകൊണ്ടും പേര് ദൈവദശകം. ദൈവസംബന്ധിയായ പത്തു ശ്ലോകങ്ങൾ ഉള്ളതുകൊണ്ടും ദൈവദശകം എന്നു പറയാം.