അവളെ ഞാൻ ശരിക്കും സ്‌നേഹിക്കുന്നുണ്ടോ? ഞങ്ങൾ തമ്മിലുള്ള ബന്ധം ശരിയായ രീതിയിലാണോ മുന്നോട്ടുപോകുന്നത്? നിരന്തരം പ്രണയബന്ധത്തെക്കുറിച്ചുള്ള അസ്വസ്ഥകളിലാണോ? ഒരുപക്ഷെ അതിന് കാരണം റിലേഷൻഷിപ്പ് ഒസിഡി ആയിരിക്കാം. പ്രണയബന്ധത്തിലോ ദാമ്പത്യത്തിലോ ആയിരിക്കുമ്പോൾ പങ്കാളിയെ പൂർണ്ണമായി സ്‌നേഹിക്കുന്നുണ്ടോ അല്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യനായ പങ്കാളി തന്നെയയാണോ ഇത് എന്നൊക്കെയുള്ള ചിന്തകൾ സാധാരണമാണ്. എന്നാൽ, ഇത്തരം സംശയങ്ങളും ഉത്കണ്ഠകളും വ്യക്തിയുടെ നിയന്ത്രണത്തിലല്ലാതെ നിരന്തരമായി മനസ്സിനെ വേട്ടയാടുകയും ദിനചര്യകളെയും സമാധാനത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് റിലേഷൻഷിപ്പ് ഒബ്സസീവ് കമ്പൾസീവ് ഡിസോർഡർ.

To advertise here,

എന്താണ് റിലേഷൻഷിപ്പ് ഒ.സി.ഡി

സാധാരണയായി വൃത്തിയും ക്രമവും ഉറപ്പുവരുത്തുന്ന ഒ.സി.ഡി അവസ്ഥ പോലെ തന്നെ, വ്യക്തിയുടെ പ്രണയബന്ധങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒബ്സസീവ് അസ്വസ്ഥതകളാണ് ആർഒസിഡി. ഇതിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട്. നേരത്തേ പറഞ്ഞ പോലെ ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ചിന്തകൾ. എല്ലായ്‌പ്പോഴും പ്രണയം ശരിയായ ദിശയിലാണോ എന്ന സംശയം. രണ്ടാമത്തേത്, പങ്കാളിയുടെ സവിശേഷതകളെ കേന്ദ്രീകരിച്ചുള്ള ചിന്തകളാണ്. അതായത് പങ്കാളിയുടെ രൂപം, ചിന്താഗതി, പെരുമാറ്റം അല്ലെങ്കിൽ ബുദ്ധിശക്തി എന്നിവയിലെ പോരായ്മകളെക്കുറിച്ച് അമിതമായി ചിന്തിച്ച് ആകുലപ്പെടുക.

ആർഒസിഡി ആണോയെന്ന് എങ്ങനെ തിരിച്ചറിയാം?

സ്വന്തം വികാരങ്ങളെ വീണ്ടും വീണ്ടും പരിശോധിച്ചാൽ സംഗതി തിരിച്ചറിയാനാകും. പങ്കാളിയെ കാണുമ്പോൾ സന്തോഷം തോന്നുണ്ടോ, ലൈംഗിക ആകർഷണം തോന്നുന്നുണ്ടോ എന്ന് വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ടോ, മറ്റു ദമ്പതികളുടെ ബന്ധങ്ങളുമായോ പഴയ പ്രണയങ്ങളുമായോ സ്വന്തം പങ്കാളിയെ സദാസമയം താരതമ്യം ചെയ്യുന്നുണ്ടോ, തങ്ങളുടെ ബന്ധം മികച്ചതാണെന്ന് പങ്കാളിയിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അടിക്കടി ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ടോ എന്നെല്ലാം തിരിച്ചറിയുക. ഇതെല്ലാം ആർഒസിഡിയുടെ ലക്ഷണങ്ങളാണ്.

ഒന്നു ശ്രമിച്ചാൽ ചിലപ്പോൾ മറികടക്കാനാവും

മനസ്സിലെ ഭയങ്ങളെയും സംശയങ്ങളെയും ബലമായി ചെറുക്കാൻ ശ്രമിക്കരുത്. 'എനിക്ക് ഇപ്പോൾ ഇത്തരം ഒരു ചിന്ത വന്നു' എന്ന് സ്വയം അംഗീകരിക്കുകയും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മുന്നോട്ട് പോകുകയും ചെയ്തു നോക്കൂ. അതുപോലെ വികാരങ്ങളെ വീണ്ടും വീണ്ടും അപഗ്രഥിക്കുന്നതും പങ്കാളിയുടെ പോരായ്മകൾ തിരയുന്നതും നിർത്താം. പെർഫെക്റ്റ് ആയ ഒരു പങ്കാളിയോ പ്രണയബന്ധമോ ലോകത്തില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കുകയാണ് അടുത്തപടി. വേണമെങ്കിൽ ചിന്തകളെ പുനഃക്രമീകരിക്കാൻ സഹായിക്കുന്ന ഇ.ആർ.പി പോലെയുള്ള തെറാപ്പികൾ വിദഗ്ദ്ധ മാനസികാരോഗ്യ മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സ്വീകരിക്കാവുന്നതാണ്.