ആർ.കെ ബിജുരാജ് എഴുതിയ 'പുന്നപ്ര വയലാർ: ചരിത്ര രേഖകൾ ' എന്ന പുസ്തകത്തിൽ നിന്നും സർ സി പിയെക്കുറിച്ചുള്ള ഒരു ഭാഗം.

‘വൈസ് ചാൻസലറായി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂർ സർവ്വകലാശാലയ്ക്ക് (പിന്നീട് കേരള സർവ്വകലാശാല) നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സർവ്വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദം ഡോക്ടർ ഓഫ് ലോസ് (എൽ.എൽ.ഡി) 1939 നവംബർ 11-ന് സ്വയം ഏറ്റുവാങ്ങി. അങ്ങനെ ഒരു സർവ്വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ ആദ്യ വൈസ് ചാൻസലറായി സി.പി.! ഇത്തരം നൂറുകണക്കിന് അൽപ്പത്തങ്ങളിലും ധാർഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിർമ്മിക്കപ്പെട്ടത്.’
ജീവിതത്തിന്റെ തുടക്കം മുതലേ ചെതുപട് പട്ടാഭിരാമൻ രാമസ്വാമി അയ്യർ എന്ന സർ സി.പി. രാമസ്വാമി അയ്യർ ഭാഗ്യാന്വേഷിയായിരുന്നു. സാഹചര്യങ്ങളെ തനിക്കനുകൂലമാക്കുന്നതിൽ എന്നും വിരുതും ചടുലതയും പുലർത്തിയയാൾ. കൈമുതലായുള്ളത് അസാമാന്യ പ്രതിഭയും നേതൃപാടവവും.
1879 നവംബർ 13-ന് മദ്രാസ് പ്രസിഡൻസിക്ക് കീഴിലെ വാൻഡിവാഷിലാണ് രാമസ്വാമി അയ്യരുടെ ജനനം; അതി സമ്പന്നമായ ബ്രാഹ്മണ കുടുംബത്തിൽ. സി.പി. പട്ടാഭിരാമൻ എന്ന സിറ്റി സിവിൽ ജഡ്ജിയുടെയും സീതാലക്ഷ്മി അമ്മാളിന്റെയും മകൻ. വെസ്ലി കോളേജ് ഹൈസ്കൂൾ, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എയ്ക്ക് ഡബിൾ ഒന്നാം റാങ്കും സ്വർണ്ണ മെഡലും ലഭിച്ചപ്പോൾ പ്രസിഡൻസി കോളേജ് അധ്യാപകപദവി വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ, അച്ഛന്റെ നിർദ്ദേശപ്രകാരം അത് നിരസിച്ച് മദ്രാസ് ലോ കോളേജിൽ ചേർന്നു. 1901-ൽ നിയമബിരുദം നേടി. വി. കൃഷ്ണസ്വാമി അയ്യരുടെ ചേംബറിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയെങ്കിലും മാസങ്ങൾക്കുള്ളിൽ അത് വിട്ടു. സ്വതന്ത്രമായ പ്രാക്ടീസിങ്. ഇക്കാലത്ത് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ആദ്യം ആനി ബസന്റിന്റെ ഹോംറൂൾ ലീഗിൽ. സംഘടനയുടെ വൈസ് പ്രസിഡന്റ്. ആനി ബസന്റിന്റെ ന്യൂ ഇന്ത്യ പത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ഹോംറൂൾ ലീഗിൽ ഒരേ കാലത്ത് ജവഹർലാൽ നെഹ്റുവും സർ സി.പിയും ജോയിന്റ് സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നു.
പിന്നീട് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിലും എത്തി. 1917-ൽ, 37-ാം വയസ്സിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ സെക്രട്ടറിയായി. 1917 ഏപ്രിൽ 23, 24 തീയതികളിൽ കോൺഗ്രസ്സിന്റെ രണ്ടാം മലബാർ ജില്ലാ സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തത് സി.പിയാണ്. എന്നാൽ, കൂടുതൽ അവസരം കോൺഗ്രസ്സിന് പുറത്താണ് എന്ന് കണ്ടിട്ടാവണം കോൺഗ്രസ് വിട്ടു. സ്വദേശി, നിസ്സഹകരണപ്രസ്ഥാനങ്ങളോടുള്ള എതിർപ്പാണ് കാരണമായി പറഞ്ഞത്. അതോടെ കരിയർ മാറി. 1920-ൽ മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറലായി നാമനിർദ്ദേശം. മൂന്നുവർഷം അതേ പദവിയിൽ. 1923 മുതൽ 1928 വരെ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ ലോ അംഗം. പിന്നീട് 1931 മുതൽ 1936 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടിവിൽ ലോ അംഗം. ബഹുമതികളും അംഗീകാരങ്ങളും ഒന്നൊന്നായി പിറകെ വന്നു. 1926-ൽ സി.പിക്ക് Knight Commander of the Indian Empire (KCIE) എന്ന അംഗീകാരം ലഭിച്ചു. 1926-'27 കാലത്ത് ജനീവയിൽ ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യൻ പ്രതിനിധി. 1932-ൽ ലണ്ടനിലെ മൂന്നാം വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു. 1933-ൽ ലോക സാമ്പത്തിക കോൺഫറൻസിലെ ഏക ഇന്ത്യൻ പ്രതിനിധി. അതേ വർഷം കശ്മീരിനായി ഭരണഘടന എഴുതിത്തയ്യാറാക്കി.
ഇവിടെയൊന്നും നിർത്താൻ സർ സി.പി. നിശ്ചയിച്ചിരുന്നില്ല. അധികാരമോഹികളായ അനേകം പേർ സ്വപ്നം കണ്ട, മോഹിപ്പിക്കുന്ന പദവി സി.പിയും മനസ്സിൽ ഉറപ്പിച്ചുതിരുവിതാംകൂർ രാജ്യത്തെ ദിവാൻ പദവി.
1936 നവംബർ ആറിന്, 19 വയസ്സാകുന്നതിന് രണ്ടുമാസം മുമ്പേ, ചിത്തിര തിരുനാൾ രാമവർമ്മ തിരുവിതാംകൂറിന്റെ മഹാരാജാവായി സ്ഥാനാരോഹണം ചെയ്തു. തിരുവിതാംകൂറിന്റെ 12-ാമത്തെ ഭരണാധികാരിയായിരുന്നു 'പയ്യൻ'
'നാണംകുണുങ്ങിയും ലജ്ജാലുവും കാര്യപ്രാപ്തിയില്ലാത്ത'യാളുമെന്ന് ബ്രിട്ടീഷ് എഴുത്തുകുത്തുകളിൽ പരാമർശമുള്ള ചിത്തിര തിരുനാൾ അധികാരത്തിലേറുമ്പോൾ മറ്റൊന്നുകൂടി സംഭവിച്ചു. 'ദുസ്സ്വാധീനത്തിൽ' മകൻ വരുമെന്ന് കണ്ട് നീക്കിനിർത്തിയിരുന്ന അമ്മയെ (ഇളയ റാണിയെ) ഒപ്പം താമസിപ്പിക്കാൻ വൈസ്രോയി അനുവദിച്ചു.
1931 നവംബറിൽ അധികാരമേറ്റയുടനെ സർ സി.പിയുടെ അധികാരമേൽക്കലിനെക്കുറിച്ച് ഔപചാരിക പ്രഖ്യാപനവും നടന്നു. ഭരണകാര്യങ്ങളിൽ ചിത്തിരതിരുനാളിന് മുൻപരിചയമില്ലാത്തതിനാൽ നിയമഭരണഘടനാ ഉപദേഷ്ടാവായി സി.പിയെ നിയമിച്ചു. ആ തീരുമാനം വൈസ്രോയിയുടേതായിരുന്നു. അധികാരമേറ്റതോടെ രാജാവിനും രാജമാതാവിനും സി.പി. തന്നെയായി നിയമോപദേഷ്ടാവ്. എന്നാൽ, 'ഉപദേഷ്ടാവാ'യല്ല സൂപ്പർ ദിവാനായിട്ടായിരുന്നു സി.പി. തിരുവിതാംകൂർ വാണത്.
നിയമഭരണഘടനാ ഉപദേഷ്ടാവാകുന്നതിന് മുമ്പും തിരുവിതാംകൂർ കൊട്ടാരവുമായി സർ സി.പിക്ക് ബന്ധമുണ്ടായിരുന്നു. പലതവണ തിരുവിതാംകൂറിൽ വരുകയും ചെയ്തിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മദ്രാസിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ പാട്രിയറ്റിന്റെ പത്രാധിപർ സി. കരുണാകര മേനോനെതിരെ നൽകിയ 10,000 രൂപ മാനനഷ്ടക്കേസിൽ പ്രതിഭാഗത്തിനായി ഹാജരായത് സി.പിയാണ്. അന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് എതിരെ ചില രേഖകൾ കൊട്ടാരം എത്തിച്ചുകൊടുത്തു. മദ്രാസ് ഹൈക്കോടതിയിൽ തിരുവിതാംകൂർ സർക്കാരിന് വേണ്ടിയും സി.പി. ഹാജരായിരുന്നു. പ്രസിദ്ധമായ വാഞ്ചിക്കേസിലായിരുന്നു അത്. 1911 ജൂൺ 17-ന് യുവ വിപ്ലവകാരി വാഞ്ചി എന്ന വാഞ്ചിനാഥ അയ്യർ തിരുനെൽവേലി ജില്ലാ കലക്ടറും ബ്രിട്ടീഷുകാരനുമായ റോബർട്ട് ആഷെയെ വെടിവെച്ചുകൊന്ന കേസിലായിരുന്നു അത്. മദ്രാസിലേക്കുള്ള യാത്രയിൽ, മണിയച്ചി സ്റ്റേഷനിൽ െട്രയിൻ നിർത്തിയിട്ടിരിക്കുമ്പോഴാണ് വയസ്സുകാരനും സർക്കാർ ഉദ്യോഗസ്ഥനുമായ കലക്ടറെ വാഞ്ചി തൊട്ടടുത്തുനിന്ന് വെടിവെച്ചുകൊന്നത്. കൊലപാതകത്തിനു ശേഷം വാഞ്ചി ആത്മഹത്യ ചെയ്തു. എന്നാൽ, വാഞ്ചിയുടെ കൂട്ടാളികൾ പിടിയിലായി. അവരുടെ വിചാരണയുമായി ബന്ധപ്പെട്ട കേസിൽ 'കൊട്ടാരത്തിന്റെ ദൗത്യവുമായി' ഹാജരായ സി.പിയുടെ മികവിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് മതിപ്പു തോന്നി. മഹാരാജാവുമായും കൊട്ടാരവുമായും അന്നേ അടുത്ത ബന്ധം സർ സി.പി. പുലർത്തിയിരുന്നു. ശ്രീമൂലം തിരുനാൾ പല വിഷയങ്ങളിലും സി.പിയുടെ ഉപദേശം തേടി. തിരുവിതാംകൂറിൽ സ്വകാര്യ വ്യക്തികൾക്കുവേണ്ടിയും സഭാതർക്കത്തിൽ പാത്രിയാർക്കീസ് കക്ഷിക്കുവേണ്ടിയും കോടതിയിൽ സി.പി. ഹാജരായിട്ടുണ്ട്. ഇതുവഴിയെല്ലാം തിരുവിതാംകൂറിനെപ്പറ്റിയും കൊട്ടാരത്തെപ്പറ്റിയും വ്യക്തമായ ധാരണ അദ്ദേഹം ആർജിച്ചു.
നിയമഭരണഘടനാ ഉപദേഷ്ടാവായി പ്രവർത്തിച്ച നാളുകളിൽ സി.പി. തനിക്ക് പരിചയമുള്ള, തനിക്ക് വിശ്വസ്തരെന്നു തോന്നിയ ആസ്റ്റിനെയും (1932-'34) സർ മുഹമ്മദ് ഹബീബുള്ളയെയും (1934-1936) ദിവാനാക്കി. തനിക്ക് വിശ്വസ്തനല്ലെന്ന് തോന്നിയ, റീജന്റ് ഭരണകാലത്തെ ദിവാൻ വി.എസ്. സുബ്രഹ്മണ്യ അയ്യരെ കെട്ടുകെട്ടിച്ചു. ദിവാൻമാരേക്കാൾ വേതനം കൈപ്പറ്റിയതും സി.പിയായിരുന്നു. ആസ്റ്റിന്‍ 3000 രൂപയും ഹബീബുള്ളയ്ക്ക് 4000 രൂപയും വേതനവും ആനുകൂല്യങ്ങളുമായി കിട്ടിയപ്പോൾ ഉപദേഷ്ടാവിന് കൊട്ടാരത്തിൽനിന്നുള്ള വരുമാനം 6000 രൂപ. അതായത് മറ്റ് അലവൻസുകൾ കൂടാതെ. 72,000 രൂപയായിരുന്നു സർ സി.പിക്ക് വാർഷിക വേതനം. ഈ തുകയുടെ ഭീമാകാരമായ വലുപ്പം ആറു പതിറ്റാണ്ടിനുശേഷം ഐക്യകേരളത്തിൽ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വേതനം എന്തായിരുന്നുവെന്ന് അറിഞ്ഞാൽ മനസ്സിലാകും. 4435-170-5285 ആണ് 1989-ലെ ഏറ്റവും ഉയർന്ന വേതനം. സി.പി. വെള്ളയമ്പലം കൊട്ടാരത്തിൽ കഴിഞ്ഞപ്പോൾ ദിവാൻമാർ പുറത്ത് 'ഭക്തിവിലാസ'ത്തിലായിരുന്നു താമസം. ഈ ഘട്ടത്തിൽതന്നെ ഭരണത്തിലും ഭരണയന്ത്രത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും തന്റെ വിശ്വസ്തരെ നിയമിച്ച് സി.പി. ഭരണനിയന്ത്രണം എല്ലാ തരത്തിലും കരസ്ഥമാക്കി.
സർ സി.പിയും ബാലരാമവർമ്മയും തമ്മിലുണ്ടായിരുന്നത് സവിശേഷമായ ബന്ധമായിരുന്നു. നിർവ്വചിക്കാനാവാത്ത ഇഴയടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. അതൊരിക്കലും ദിവാനും രാജാവും തമ്മിലുള്ള അധികാര വിഭജനത്തിന്റെ കൃത്യമായ അതിർവരമ്പുകളിലല്ലായിരുന്നു. സി.പിയുടെ ചൊൽപ്പടിക്കാരനായിരുന്നു രാജാവ്. അദ്ദേഹം പറയുന്ന 'തീട്ടൂരങ്ങളിൽ' 'തൃക്കൈ വിളയാട്ടം' മാത്രമാണ് രാജാവിന് നടത്താനുണ്ടായിരുന്നത്.
1936 ഒക്ടോബർ എട്ടിന് (1112 കന്നി 23-ന്) സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ടു. അന്നുതന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ദിവാനായി ചുമതലയേറ്റെടുത്തതോടെ യഥാർത്ഥത്തിൽ സി.പി. തികഞ്ഞ സർവ്വാധിപതിയായി. ഇക്കാലത്തും അതിനുമുമ്പും അതിനുശേഷവും ബഹുമതികൾ ഒന്നൊന്നായി സി.പി. സ്വന്തമാക്കി. ബ്രിട്ടീഷ് രാജാവ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷമായി 1935 മേയിൽ ജൂബിലി മെഡലുകൾ മഹാരാജാവ് പ്രഖ്യാപിച്ചപ്പോൾ അതിൽ സി.പിയുടെ പേരുണ്ടായിരുന്നു. ഖാൻ ബഹദൂർ സർ മുഹമ്മദ് ഹബീബുള്ള സാഹിബ് ബഹദൂറായിരുന്നു മെഡൽപ്പട്ടികയിലെ ആദ്യ പേരുകാരൻ. രണ്ടാമത്തെയാൾ സർ സി.പി. രാമസ്വാമി അയ്യർ. 1936 നവംബർ 11-ന് മഹാരാജാവിന്റെ ജന്മദിനം പ്രമാണിച്ചു ചേർന്ന ദർബാറിൽ വെച്ച് 'തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, കെ.സി.ഐക്ക് 'സചിവോത്തമഃ' എന്ന ബിരുദം സമ്മാനിക്കപ്പെട്ടു. 1941-ൽ Knight Commander of the Star of India (KCSI) എന്ന അംഗീകാരവും സി.പി. നേടി. രാജാവും വെറുതെയിരിക്കുകയായിരുന്നില്ല. പദവികളും അംഗീകാരങ്ങളും നേടി 'പേര്' വലുതാക്കിക്കൊണ്ടിരുന്നു. 'ബാല' എന്ന് കൂട്ടിച്ചേർത്ത് 1936 നവംബർ 24-ന് തന്റെ പേര് ശ്രീചിത്തിരതിരുനാൾ ബാലരാമ വർമ്മ എന്നാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ ചില അംഗീകാരങ്ങൾ കൂടി ലഭിച്ചപ്പോൾ പേരിന് വലുപ്പം പിന്നെയും കൂടി. 1946 ഡിസംബർ ആകുമ്പോൾ തിരുവിതാംകൂർ മഹാരാജാവിന്റെ ഔദ്യോഗിക പേര് ഇങ്ങനെയാണ്: 'കർണൽ ശ്രീപത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേസുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്, നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി മോസ്റ്റ് എക്സാൾട്ടഡ് ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ, നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി മോസ്റ്റ് എമിനന്റെ് ഓർഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ, ഡി. ലിറ്റ്.
1938 മേയിൽ അഞ്ചുവർഷത്തേക്ക് ദിവാൻ തന്റെ കാലാവധി നീട്ടിയെടുത്തു. ഉത്തരവാദിത്തപ്രക്ഷോഭം ശക്തമായ കാലത്താണ് ഈ കാലാവധി നീട്ടിവാങ്ങൽ. രാജ്യത്ത് രാഷ്ട്രീയപ്രക്ഷോഭങ്ങൾ ശക്തമായ കാലത്ത് ബ്രിട്ടീഷ് റെസിഡന്റ് സി.പിയെ ദിവാൻ പദത്തിൽനിന്ന് പിരിച്ചുവിടാൻ മഹാരാജാവിനെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ്രോയിക്ക് എഴുതി. ഇതിനെ സി.പി. മറികടന്നത് ദിവാനെ നീക്കംചെയ്താൽ താനും സ്ഥാനത്യാഗം ചെയ്യുമെന്ന് രാജാവിനെക്കൊണ്ട് പറയിച്ചാണ്. ഇതാണ് സി.പിയും രാജാവും തമ്മിൽ നിലനിന്നിരുന്ന ബന്ധം. സർ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ടിപൂർത്തി 1115 തുലാം 24ന് (1939 നവംബർ 9) തിരുവിതാംകൂറിലെമ്പാടും ഔദ്യോഗികമായി ആഘോഷപൂർവം ആചരിക്കാൻ രാജാവുതന്നെ നിർദ്ദേശം നൽകി. പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, മതസ്ഥാപനങ്ങളിൽ പ്രാർഥന, പാവപ്പെട്ടവർക്ക് അന്നദാനം എന്നിവ നടന്നു. ആഘോഷത്തിന്റെ ഭാഗമായി ജനങ്ങളുടെ സംഭാവനകൊണ്ട് തിരുവനന്തപുരത്ത് ഇംഗ്ലീഷ് ഹൈസ്കൂളും സത്രവും പണികഴിപ്പിച്ചു. കോട്ടയം, നാഗർകോവിൽ, മാർത്താണ്ഡം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പബ്ലിക് പാർക്കുകൾ ഉയർന്നു. ആശുപത്രികളിൽ പുതിയ പ്രസവവാർഡുകൾ, ചില പട്ടണകേന്ദ്രങ്ങളിൽ ടൗൺഹാളുകൾ, വായനശാലകളുടെ സ്ഥാപനം എന്നിവ ഒപ്പമുണ്ടായി.
തിരുവിതാംകൂർ സർവ്വകലാശാലയുടെ സ്ഥാപനം ശ്രദ്ധിച്ചാൽ തിരുവിതാംകൂറിൽ നിലനിന്ന അധികാര സമവാക്യം കൃത്യമായി മനസ്സിലാകും. സി.പിയുടെ മുൻകൈയിൽ സർവ്വകലാശാല തുടങ്ങിയപ്പോൾ അതിന്റെ ചാൻസലറായി രാജാവിനെയും േപ്രാചാൻസലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാൻസലറായി സി.പി. സ്വയം അവരോധിച്ചു. ഇതാണ് 1931 മുതൽ തിരുവിതാംകൂറിന്റെ അന്ത്യംവരെ മൊത്തത്തിൽ തുടർന്ന ശാക്തിക അച്ചുതണ്ട്. വൈസ് ചാൻസലറായി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂർ സർവ്വകലാശാലയ്ക്ക് (പിന്നീട് കേരള സർവ്വകലാശാല) നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സർവ്വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദം ഡോക്ടർ ഓഫ് ലോസ് (എൽ.എൽ.ഡി) 1939 നവംബർ 11-ന് സ്വയം ഏറ്റുവാങ്ങി. അങ്ങനെ ഒരു സർവ്വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ ആദ്യ വൈസ് ചാൻസലറായി സി.പി! ഇത്തരം നൂറുകണക്കിന് അൽപ്പത്തങ്ങളിലും ധാർഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിർമ്മിക്കപ്പെട്ടത്. സി.പിക്കുമേൽ പിന്നീട് ചാർത്തപ്പെട്ട പല വിശേഷണങ്ങൾക്കും വാസ്തവത്തിൽ യാഥാർത്ഥ്യവുമായി വലിയ ബന്ധമില്ല. തിരുവനന്തപുരം പട്ടണത്തിൽ തമ്പാനൂരിലെ സി.പി. സത്രത്തിന് മുന്നിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ദിവാൻതന്നെ സ്വന്തം പ്രതിമ ഉയർത്തിനിർത്തി. 1939 ഒക്ടോബറിൽ നിയമസഭാ മന്ദിരത്തിലും സ്വന്തം പ്രതിമ സർ സി.പി. തന്നെ സ്ഥാപിച്ചു. ഇങ്ങനെ വ്യാജമായി നിർമ്മിക്കപ്പെട്ട 'ആധികാരികത'യോടെ സർ സി.പി. തുടക്കം മുതലേ നായകനായി ചരിത്രത്തിനുമേൽ സ്വയം അവരോധിച്ചു.
Content Highlights: Sir C.P. Ramaswamy Iyer's early career, legal achievements, and national political involvement., His appointment as the legal-constitutional advisor and later the Dewan of Travancore., The unique power dynamic between Dewan C.P. and King Chithira Thirunal Balarama Varma., His administration, titles, and creation of the Travancore University.
Published: 12 Nov 2026, 01:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented