കേരളത്തിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കുന്ന പുന്നപ്ര-വയലാര്‍ ആധികാരിക ചരിത്രം പറയുകയാണ് ആര്‍.കെ ബിജുരാജ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുന്നപ്ര-വയലാര്‍ ചരിത്രരേഖകള്‍ എന്ന പുസ്തകത്തില്‍ നിന്നും പുന്നപ്ര തൊഴിലാളി രക്തസാക്ഷിത്വത്തിന്റെ നേര്‍വിവരണം വായിക്കാം. 

To advertise here,

പുന്നപ്ര-വയലാറിനു ശേഷം എന്തു സംഭവിച്ചു എന്നാണ് ഇനി അന്വേഷിക്കേണ്ടത്. പക്ഷേ, അതിനുമുമ്പ് അടിച്ചമര്‍ത്തല്‍ നടക്കുമ്പോഴും അതിനുശേഷവും ഇന്നുവരെ 'പുന്നപ്ര-വയലാറിന്' നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെക്കൂടി പരിശോധിക്കേണ്ടതുണ്ട്. സര്‍ സി.പിയെപ്പോലെതന്നെ സ്റ്റേറ്റ് കോണ്‍ഗ്രസ്സും പിന്നീട് കോണ്‍ഗ്രസ്സുകാരും ആര്‍.എസ്.പിക്കാരും ചരിത്രമെഴുത്തുകാരും നിരവധി അധിക്ഷേപങ്ങള്‍ 'വിമര്‍ശന'മെന്ന പേരില്‍ ഉന്നയിച്ചിട്ടുണ്ട്. അതിപ്പോഴും ശരിയാണെന്ന് കരുതുന്നവരും ഉണ്ട്.

'പതിമൂന്നര സെന്റ്' സമരം

 തൊഴിലാളിവര്‍ഗ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പതിമൂന്നര സെന്റ് ഭൂമിക്കുവേണ്ടിയുള്ള സമരമെന്ന് അധിക്ഷേപിച്ചത് സര്‍ സി.പിയാണ്. പത്രസമ്മേളനങ്ങളിലും ഔദ്യോഗിക രേഖകളിലുമെല്ലാം അത് ആവര്‍ത്തിക്കപ്പെട്ടു. 1948 മാര്‍ച്ച് 26ന് പൊലീസ് ഐ.ജി തിരുവനന്തപുരത്തേക്ക് ഹുസൂര്‍ സെക്രട്ടേറിയറ്റ് രജിസ്ട്രാര്‍ക്ക് അയച്ച കുറിപ്പില്‍ 13 സെന്റ് ഭൂമി ആവശ്യമായിരുന്നുവെന്നു പറയുന്നുണ്ട്. 'പതിമൂന്നര സെന്റ്' ലഹള എന്നായിരുന്നു കോണ്‍ഗ്രസ്സുകാരുടെ പരിഹാസം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറി കെ.പി. നീലകണ്ഠപിള്ള പുത്തരിക്കണ്ടം മൈതാനത്ത് സമാനമായ അധിക്ഷേപ പ്രസംഗം നടത്തിയതായി കെ.സി. ജോര്‍ജ് സൂചിപ്പിക്കുന്നുണ്ട്' 'ചുറ്റുപാടും കൈചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ആ വമ്പിച്ച സദസ്സിനോട് ചോദിക്കുകയാണ്, 'നിങ്ങള്‍ ഈ നില്‍ക്കുന്ന വലിയ കെട്ടിടങ്ങള്‍ കാണുന്നില്ലേ? അതെല്ലാം തല്ലിപ്പൊളിച്ച് ഓരോ ചെറിയ വീടുകള്‍ മാത്രം കെട്ടിക്കൊടുക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ, അതാണ് കമ്യൂണിസം. ആ കമ്യൂണിസം നിങ്ങള്‍ക്ക് വേണമോ' (1998: 249)

തിരുവിതാംകൂറിലെ ഓരോരുത്തര്‍ക്കും 13.5 സെന്റ് ഭൂമി കിട്ടാന്‍ വേണ്ടി നടത്തിയതാണ് 'പുന്നപ്ര-വയലാര്‍' എന്നാണ് ആക്ഷേപത്തിന്റെ ചുരുക്കം. തിരുവിതാംകൂറിലെ ആകെ വിസ്തൃതിയെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാല്‍ 13.5 സെന്റ് എന്ന് ഉത്തരമാകും. എല്ലാവര്‍ക്കും ഭൂമി എന്ന ആവശ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയിരുന്നെങ്കിലും 13.5 സെന്റ് എന്ന മുദ്രാവാക്യം ഒരു ഘട്ടത്തിലും ഉയര്‍ത്തിയിരുന്നില്ല. കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്കാലത്തെ മുദ്രാവാക്യം. പണിമുടക്കിന് അടിസ്ഥാനമായി ഉന്നയിച്ച മുദ്രാവാക്യങ്ങളിലും അത്തരം വാദമില്ല. 'യുദ്ധത്തിന് മുമ്പുള്ള പാട്ടം, വാരം സമ്പ്രദായം ഇല്ലായ്മ ചെയ്യുക, ഭൂവസ്തുവകകള്‍ക്കുമേല്‍ സ്ഥായിയായ അവകാശം അനുവദിക്കുക, നിയമ നിര്‍മ്മാണത്തിലൂടെയുള്ള കുടിയൊഴിപ്പിക്കല്‍ നിരോധിക്കുക, യുദ്ധകാലത്ത് കരിഞ്ചന്തയിലൂടെ ഉണ്ടാക്കിയ എല്ലാ അന്യായ സമ്പത്തുകളും പിടിച്ചെടുക്കുക, നീക്കിവച്ച ഭൂമികള്‍ രജിസ്റ്റര്‍ ചെയ്യുകയും കൃഷിക്കാരെ സഹായിക്കുകയും ചെയ്യുക എന്നിവയാണ് ഭൂമിയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെടുന്ന മുദ്രാവാക്യങ്ങള്‍.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഓഹരി അവകാശം എന്നത് ഒരിക്കലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുദ്രാവാക്യമല്ല. ഒരു രാജ്യത്തിന്റെ മൊത്തം വിസ്തൃതിയെ അവിടത്തെ ജനസംഖ്യകൊണ്ട് ഹരിച്ച് ഭൂമി ആവശ്യപ്പെടുന്ന ഒരു മുദ്രാവാക്യം തിരുവിതാംകൂറില്‍ എന്നല്ല, ഒരിടത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉന്നയിച്ചിട്ടില്ല. അപ്പോള്‍ ജനസംഖ്യ കുറയുകയും കൂടുകയും ചെയ്യുമ്പോള്‍ എന്തു ചെയ്യും? വീണ്ടും ഭൂമി വിഭജനം നടത്തുമോ? അതൊരു അപ്രായോഗികമായ മുദ്രാവാക്യമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കൃഷിഭൂമിയുടെ മേല്‍ അവകാശം ചോദിക്കുന്നതും ജന്മിത്തവും ഭൂപ്രഭുത്വവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും തൊഴിലാളിവര്‍ഗ്ഗം എന്നും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ്. അതും 'ജനസംഖ്യ അടിസ്ഥാനത്തിലുള്ള ഓഹരി ചോദിക്കലും' രണ്ടാണ്.

 13.5 സെന്റ് സമരം എന്ന് അധിക്ഷേപിക്കുന്നതിലൂടെ പല കാര്യങ്ങളാണ് ദിവാന്‍ ഉദ്ദേശിച്ചത്. ഭൂമിയുള്ളവരും ഇല്ലാത്തവരും തമ്മില്‍ അവിശ്വാസവും സംഘര്‍ഷവും വളര്‍ത്തുക. 13.5 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവരില്‍ ഭയമുണര്‍ത്തുക. ഭൂഉടമ വര്‍ഗ്ഗങ്ങളെ മൊത്തമായി സമരത്തിന് എതിരാക്കുക. അതെന്തായാലും പുന്നപ്ര-വയലാര്‍ സമരത്തില്‍ 13.5 സെന്റ് എന്ന ആവശ്യം തൊഴിലാളിവര്‍ഗ്ഗ സംഘടനകളോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. തൊഴിലാളികളും കര്‍ഷകരും ജന്മിത്തത്തെ ആക്രമിച്ചെങ്കിലും ഭൂമി പിടിച്ചെടുക്കാന്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ തുനിഞ്ഞിട്ടുമില്ല.

 വഞ്ചനയും ഒളിച്ചോട്ടവും: കമ്യൂണിസ്റ്റ് നേതൃത്വം തൊഴിലാളികളെ പട്ടാളത്തിനു മുമ്പിലേക്ക് വലിച്ചെറിഞ്ഞു വഞ്ചിച്ച്, ഒളിച്ചോടി എന്നതായിരുന്നു എക്കാലത്തും മുഴങ്ങിയ ആരോപണം. വാസ്തവവുമായി ഇതിനു വലിയ ബന്ധമില്ല. പുന്നപ്ര-വയലാറിന് മുമ്പേ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു. മാത്രവുമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.ടി. പുന്നൂസ്, ആര്‍. സുഗതന്‍, സൈമണാശാന്‍ തുടങ്ങിയ ധീരരായ ജനകീയനേതാക്കളില്‍ പലരെയും പുന്നപ്ര-വയലാറിന്റെ മുന്നൊരുക്കം തടയാന്‍ സി.പി. തടവറയില്‍ അടച്ചിരുന്നു.

സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ യഥാര്‍ത്ഥ നേതൃത്വം കെ.സി. ജോര്‍ജ്, കെ.വി. പത്രോസ്, സി.കെ. കുമാരപ്പണിക്കര്‍, കെ.കെ. കുഞ്ഞന്‍, സി.ജി. സദാശിവന്‍, പി.ജി. പത്മനാഭന്‍ എന്നിവരടങ്ങിയ ആറംഗ ആക്ഷന്‍ കമ്മിറ്റിക്കായിരുന്നു. സമരത്തെപ്പറ്റി ഏതൊരു നിര്‍ണ്ണായക തീരുമാനവുമെടുക്കേണ്ട ഈ ആറംഗ കമ്മിറ്റിയിലെ എല്ലാവരും വിവിധ കേസുകളില്‍പെട്ട് അക്കാലത്ത് ഒളിവിലാണ് പ്രവര്‍ത്തിച്ചത്. ചിലരുടെ പേരില്‍ കൊലപാതകക്കുറ്റമാണ് ചുമത്തിയിരുന്നത്. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നാലുകെട്ടുങ്കല്‍ രാമനെ വധിച്ച കേസില്‍ പ്രതിയായതിനാലാണ് സി.കെ. കുമാരപ്പണിക്കര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്നും നയിക്കേണ്ടതുകൊണ്ട് ഇവര്‍ പരസ്യമായി രംഗത്തു വരുന്നത് ഗുണകരമായിരുന്നില്ല.

തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെയും സമരാഹ്വാനം ചെയ്ത എ.ടി.ടി.യു.സിയുടെയും പ്രസിഡന്റായിരുന്ന ടി.വി. തോമസും വൈസ് പ്രസിഡന്റായ പി.കെ. പത്മനാഭനും പരസ്യമായിത്തന്നെ ആലപ്പുഴയില്‍ നിലകൊണ്ടു. അവര്‍ ഒളിവില്‍ പോയിരുന്നില്ല. പുന്നപ്ര പൊലീസ് ക്യാമ്പാക്രമണത്തില്‍ പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ നേതാവായ ടി.സി. പത്മനാഭന്‍ വെടിയേറ്റു മരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നേതൃത്വം ഓടിയൊളിച്ചു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മഹത്തായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ആരെങ്കിലും വഞ്ചിച്ചുവെങ്കില്‍ അത് സ്റ്റേറ്റ് കോണ്‍ഗ്രസ്സും സര്‍ സി.പിയുടെ പട്ടാളം വരുന്നത് തടയാനായി നീണ്ടകരപ്പാലം പൊളിക്കാമെന്നേറ്റ് പോയി പിന്നീട് വഞ്ചിക്കപ്പെട്ട വേണാട് എന്ന പുസ്തകവുമായി പൊങ്ങിയ എന്‍. ശ്രീകണ്ഠന്‍ നായരെപ്പോലുള്ളവരുമാണ്. നിര്‍ണ്ണായക ഘട്ടത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൊല്ലത്തെ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി കൈകോര്‍ത്തിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല ചരിത്രം. യഥാര്‍ത്ഥ വഞ്ചന നടക്കുന്നത് വളരെ കാലത്തിനുശേഷമാണ്. ആത്മത്യാഗം ചെയ്തവരുടെ സ്വപ്നങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അകന്നുപോകുകയും വിപ്ലവപാത കൈയൊഴിയുകയും ചെയ്തപ്പോഴാണ് അത്. സ്വപ്നങ്ങള്‍ അങ്ങനെതന്നെ അവശേഷിക്കുന്നുവെന്ന് പുന്നപ്ര-വയലാര്‍ പോരാളികളില്‍ പലരും ഈ ഗ്രന്ഥകര്‍ത്താവിനോട് പറഞ്ഞിട്ടുണ്ട്.

 തോക്കില്‍നിന്ന് മുതിര 

പട്ടാളം വെടിവയ്ക്കില്ലെന്ന് വിശ്വസിപ്പിച്ച് തൊഴിലാളികളെ കമ്യൂണിസ്റ്റ് നേതൃത്വം ഇളക്കിവിട്ട് 'ബലികൊടുത്ത്' വഞ്ചിക്കുകയായിരുന്നെന്ന ആക്ഷേപം എ. ശ്രീധരമേനോനെപ്പോലുള്ളവര്‍ പിന്നീട് ഉയര്‍ത്തി. സമരത്തിനു ശേഷം കോണ്‍ഗ്രസ്സുകാര്‍ ഈ ആക്ഷേപത്തിന്റെ വക്താക്കളായി. തോക്കില്‍ ഉണ്ടയല്ല, മുതിരയും ഇട്ടാവുമാണുള്ളത് എന്ന് പറഞ്ഞു പറ്റിച്ചു എന്നാണ് ആരോപണം.

തോക്കില്‍ നിന്നുള്ള വെടിയേറ്റാല്‍ മരിക്കുമെന്നറിയാത്തത്ര 'നിഷ്‌കളങ്ക'രായിരുന്നു ആലപ്പുഴയിലെ തൊഴിലാളികള്‍ എന്നു പറയുന്നതു തന്നെ തീര്‍ത്തും അസംബന്ധമാണ്. കാരണം മുമ്പ് തോക്ക് കാണാത്തവരും വെടിയേല്‍ക്കാത്തവരുമായിരുന്നു ആലപ്പുഴയിലെ തൊഴിലാളികള്‍ എങ്കില്‍ ഈ ആക്ഷേപത്തില്‍ കുറച്ചൊക്കെ ശരിയുണ്ടെന്ന് പറയാമായിരുന്നു. എന്നാല്‍ അതായിരുന്നില്ല അവസ്ഥ. ആലപ്പുഴയിലെ തൊഴിലാളികള്‍ തോക്ക് കണ്ടിട്ടുണ്ട്. അവര്‍ മുമ്പ് വെടിയേറ്റ് രക്തസാക്ഷികളായിട്ടുണ്ട്. 1114 തുലാം 7ന് സ്റ്റേറ്റ് കോണ്‍ഗ്രസ് കൂടി പങ്കാളിയായ പൊതുപണിമുടക്കുകാലത്ത് (1938 ഒക്ടോബറില്‍) തൊഴിലാളികള്‍ വാരിക്കുന്തം ഏന്തിയിരുന്നു. അന്ന് ശവക്കോട്ട പാലത്തിനുസമീപം, കയര്‍ഫാക്ടറി യൂണിയനോഫീസിനു മുന്നില്‍ വെടിവെപ്പു നടന്നു. ആ പണിമുടക്കില്‍ അഞ്ചു തൊഴിലാളികളാണ് രക്തസാക്ഷികളായത്. ഇത് ആരും അറിയാതെ പോയ സംഭവമല്ല. സി.പിയുടെ സേന ജനങ്ങള്‍ക്കുനേരെ വെടിവച്ചതിലും രണ്ടുപേര്‍ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ച് തിരുവിതാംകൂറില്‍ മൊത്തത്തില്‍ പ്രകടനവും യോഗങ്ങളും നടന്നിരുന്നു. ഈ സമരങ്ങളില്‍കൂടി കടന്നുവന്ന തൊഴിലാളിവര്‍ഗ്ഗം തോക്കില്‍ നിന്ന് മുതിര വരുമെന്ന് കരുതി മുന്നേറിയെന്നു പറയുന്നതുതന്നെ ഭോഷത്തമാണ്.

വര്‍ഷങ്ങളോളം ഈ ഗ്രന്ഥകര്‍ത്താവ് ആലപ്പുഴയിലും മറ്റും സഞ്ചരിച്ച് നിരവധി പുന്നപ്ര-വയലാര്‍ സേനാനികളോട് സംസാരിച്ചിരുന്നു. അവരാരും തങ്ങളെ നേതൃത്വം പറ്റിക്കുകയായിരുന്നെന്ന് പറഞ്ഞില്ല. വാസ്തവത്തില്‍ വെടിവയ്ക്കുമെന്നു തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍, മറ്റേതൊരു സമരമുഖത്തേയുംപോലെ അനാവശ്യമായ ഭീതി അണികളില്‍ വിതയ്ക്കാന്‍ നേതൃത്വം ശ്രമിച്ചിരുന്നില്ല. പൊലീസ് വെടിവയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാരിക്കുന്തവുമായി മുട്ടിലിഴഞ്ഞ് മുന്നേറി പൊലീസിനെ ആക്രമിക്കാനായിരുന്നു നിര്‍ദ്ദേശം. അതനുസരിച്ചാണ് പരിശീലനവും നല്‍കിയത്. 2500 പേര്‍ക്ക് ക്യാമ്പുകളില്‍ പരിശീലനം നല്‍കിയിരുന്നു. മുതിരയാണ് വരുന്നതെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ല.

ആക്ഷേപം ഉന്നയിച്ചവരോ പിന്നീട് ചരിത്രമെഴുതിയവരോ ആരും അക്കാലത്ത് പൊലീസിന്റെ കയ്യിലുള്ള തോക്കിന്റെ പ്രത്യേകത അന്വേഷിച്ചിട്ടില്ല. 303 റൈഫിള്‍ തോക്ക് ഏന്തി നില്‍ക്കുന്ന പൊലീസുകാര്‍ക്ക് അത് നേരെ മുന്നിലേക്കേ വെടിവെക്കാനാവൂ. വെടിയുണ്ടകള്‍ തറനിരപ്പില്‍നിന്ന് 18 ഇഞ്ച് ഉയര്‍ന്നേ പോകൂ. മാത്രമല്ല അഞ്ചു റൗണ്ട് വരെ വെടിവെക്കാവുന്ന തോക്കിന് തിരകള്‍ സമയമെടുത്ത് മാറ്റിയിടുകയും വേണം. ദൂരെയുള്ള ലക്ഷ്യത്തിന് ഫല പ്രദമായ തോക്കില്‍ നിശ്ചിത ദൂരത്തിനുള്ളില്‍ കിടക്കുന്നവര്‍ക്ക് വെടിയേല്‍ക്കാനുള്ള സാധ്യത കുറവുമാണ്. വെടിവെപ്പ് സമയത്ത് നില്‍ക്കുന്നതിനേക്കാള്‍ ഇഴഞ്ഞുമുന്നേറുന്നതായിരുന്നു വെടിയേല്‍ക്കുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. അതിനാല്‍ത്തന്നെ പൊലീസിനെ കീഴ്പ്പെടുത്താന്‍ വാരിക്കുന്തവും ഇഴഞ്ഞുമുന്നേറ്റവും കുറെയൊക്കെ ഫലപ്രദമായിരുന്നു. എന്നാല്‍, ഈ നീക്കം പിഴച്ചത് വയലാറിലാണ്. കാരണം അവിടെ അപ്രതീക്ഷിതമായി പട്ടാളം പ്രയോഗിച്ചത് യന്ത്രത്തോക്കാണ്.

 വിപ്ലവം ഒരു പ്രണയ കുടിപ്പക 

പുന്നപ്ര-വയലാറിനെ അവമതിക്കാന്‍, മുഴുവന്‍ സംഭവവും പണിമുടക്കവും ഉണ്ടായത് ഒരു പ്രണയകഥയില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കുന്ന നീക്കവും നടന്നു. മലയാള മനോരമയുടെ ലേഖകന്‍ രവിവര്‍മ്മ തമ്പുരാന്‍ മനോരമയില്‍ എഴുതിയ പരമ്പരയിലും പിന്നീട് പുസ്തകരൂപമാക്കിയ 'പുന്നപ്ര-വയലാര്‍: ചില അപ്രിയസത്യങ്ങള്‍' എന്ന പുസ്തകത്തിലും പ്രണയഭംഗ കുടിപ്പകയാണ് 'പുന്നപ്ര-വയലാറി'ന് കാരണമെന്ന് പറഞ്ഞുവെക്കുന്നു. അത് പിന്നീട് ജോസി അരശര്‍കടവില്‍ പോലുള്ളവര്‍ തങ്ങളുടെ പുസ്തകത്തിലും ആവര്‍ത്തിച്ചു. കന്നി 31ന് പുന്നപ്രയില്‍ ജന്മിമാരുടെ വീടുകള്‍ തൊഴിലാളികള്‍ ആക്രമിച്ചത് ഒരു കുടിപ്പകയില്‍ നിന്നാണെന്നാണ് വാദം. കെ.എസ്. ബെന്‍ എന്ന തൊഴിലാളി നേതാവിന്റെ പെങ്ങള്‍ക്ക് ജന്മികുടുംബത്തിലൊരാളുമായി ഉണ്ടായിരുന്ന പ്രണയത്തിന്റെ തകര്‍ച്ചയാണ് ജന്മിമാരെ ആക്രമിച്ചതിനു പിന്നിലെന്ന് അദ്ദേഹം കണ്ടെത്തുന്നു. 'പൊള്ളേല്‍ കുടുംബത്തിലെ യുവാവായ എ.പി. അന്തപ്പന്‍ മത്സ്യക്കച്ചവടത്തില്‍ ഏണിപ്പടികള്‍ കയറുന്ന കാലം. ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സു കാണും അയാള്‍ക്ക്. കറുകപ്പറമ്പില്‍ സില്‍വ വൈദ്യരുടെ മകള്‍ (കെ.എസ്. ബെന്നിന്റെ സഹോദരി) കൊച്ചുത്രേസ്യക്ക് ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുകാണും. വെളുത്തു സുന്ദരിയായ കൊച്ചുത്രേസ്യയും അന്തപ്പനും പ്രണയത്തിലാവുന്നു. പുന്നപ്ര പള്ളിയിലെ കുര്‍ബാനയ്ക്ക് ഇരുവരും ഒത്തുകൂടുമായിരുന്നു. പള്ളി പിരിഞ്ഞാല്‍ മടക്കം ഒരുമിച്ച്. ഈ പദയാത്രകളില്‍ പൂത്തുലഞ്ഞേപ്രമം നാട്ടില്‍ പാട്ടായപ്പോള്‍...' (രവിവര്‍മ്മ തമ്പുരാന്‍ 1998:92). നേരില്‍ കണ്ടതുപോലെയുള്ള ഇത്തരം പൈങ്കിളി വര്‍ണനകളില്‍ അവമതിക്കാനാവാത്ത ചരിത്രമാണ് പുന്നപ്രയ്ക്കുള്ളത്. പ്രണയവും പ്രണയഭംഗവുമൊക്കെ ശരിയായിരിക്കാം. തെറ്റാവാം. ഇപ്പോള്‍ അതന്വേഷിക്കുന്നത് അശ്ലീലമാണ്. ഇതൊന്നുമല്ല സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിശയെ നിര്‍ണ്ണയിച്ചത്. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ജന്മി-നാടുവാഴിത്ത മര്‍ദ്ദനം അത്രയേറെ രൂക്ഷമായിരുന്നു. ക്ഷമയുടെ അവസാന പടിയില്‍നിന്നാണ് തൊഴിലാളികള്‍ തിരിച്ചടിയിലേക്ക് കയറിച്ചെല്ലുന്നത്. മറ്റൊരു വഴിയും അവിടെ ശേഷിച്ചിരുന്നില്ല. കന്നി 31 കടന്നാക്രമണമല്ല മൊത്തത്തിലുള്ള സായുധസമരത്തെ ചലിപ്പിക്കുന്നത്. കന്നി 27ന് സായുധസമരം തുടങ്ങാന്‍ അനുമതി തേടി കെ.സി. ജോര്‍ജ് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയെ കാണാന്‍ ബോംബെയിലെത്തിയിരുന്നുവെന്ന് നമ്മള്‍ മുന്‍ അധ്യായത്തില്‍ കണ്ടതാണ്. പണിമുടക്ക് തീരുമാനംപോലും വളരെ മുന്നേ എടുത്തതാണ് എന്നും നമ്മള്‍ കണ്ടു. കന്നി 31 തീവെപ്പിന്റെ സാഹചര്യവും നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. കന്നി 31 തീവെപ്പില്‍നിന്നാണ് നേരത്തേ നിശ്ചയിച്ച സായുധസമരം തുടങ്ങുന്നത് എന്നു പറയുന്നതുതന്നെ വിവരക്കേടാണ്. മാത്രമല്ല, പൊള്ളേല്‍ കുടുംബം തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ച് നിസ്സാര ലക്ഷ്യങ്ങളാണ്. ദിവാനും രാജാവിനുമെതിരെ നടത്താന്‍ പോകുന്ന വലിയ മുന്നേറ്റത്തിനു മുന്നില്‍ ചെറിയ ഉന്നങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ ചരിത്രധാരണയൊന്നും വേണ്ടതില്ല. കന്നി 31 സംഭവം തിരുവിതാംകൂറില്‍ മൊത്തം നടക്കുന്ന ഒരു വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ബാധിക്കാന്‍ പോകുന്ന ഒന്നായിരുന്നുമില്ല. കെ.എസ്. ബെന്‍ അക്കാലത്ത് പുന്നപ്രയ്ക്ക് അപ്പുറത്ത് തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ചലിപ്പിക്കാന്‍ കഴിയുന്ന നേതാവുമായിരുന്നില്ല. ജന്മി-നാടുവാഴിത്ത മര്‍ദ്ദനത്തിനും രാജവാഴ്ചയ്ക്കുമെതിരെ നടന്ന അനിവാര്യമായ, സത്യസന്ധമായ സമരമാണ് പുന്നപ്ര-വയലാര്‍. അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ സമരമാണ് അത്. അതല്ലാതെ മറ്റൊരു വഴി തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിനു മുന്നില്‍ ഉണ്ടായിരുന്നില്ല.

 അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ സമരം 

'നാഗര്‍കോവില്‍ മുതല്‍ അരൂക്കുറ്റി വരെ വ്യാപിച്ചുകിടക്കുന്ന തിരുവിതാംകൂറിലെ ദിവാനെയും രാജാവിനെയും ഉന്മൂലനം ചെയ്യാന്‍ അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ആയുധമെടുക്കുന്നതിലെ പ്രസക്തി' ചോദ്യം ചെയ്യുന്നവര്‍ രവിവര്‍മ്മ തമ്പുരാനെപ്പോലെ (1998: 116) കുറച്ചധികമുണ്ട്.

തിരുവിതാംകൂറിലാകെയാണ് പണിമുടക്കം പ്രഖ്യാപിച്ചതും വിജയകരമായി നടന്നതും. എന്നാല്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളുണ്ടായിരുന്നത്. അവരാകട്ടെ കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ രാഷ്ട്രീയമായി സംഘടിതരുമായിരുന്നു. മാത്രമല്ല ഇവിടെ സവര്‍ണജന്മിത്ത ചൂഷണം വളരെയേറെ മൂര്‍ച്ഛിച്ചുമിരുന്നു. ഇക്കാരണത്താലാണ് ഇവിടെ സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ പണിമുടക്കം ഇവിടെ മാത്രമല്ല നടന്നത്. തിരുവിതാംകൂറിലാകെയാണ്. അക്കാലത്ത് ആലുവയില്‍ ഫാക്ടറികള്‍ സ്ഥാപിക്കപ്പെടുന്നതേയുണ്ടായിരുന്നുള്ളൂ. തൊഴിലാളി സംഘടനകള്‍ ഇവിടെ ദുര്‍ബലമായിരുന്നു. എന്നിട്ടും വ്യവസായ തൊഴിലാളികള്‍ ഉള്‍െപ്പടെയുള്ളവര്‍ ആലുവയില്‍ പണിമുടക്കം വിജയകരമായി നടത്തി. പക്ഷേ ഇവിടെ സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്താവുന്ന അവസ്ഥയായിരുന്നില്ല ഉണ്ടായിരുന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൊല്ലത്തെ സോഷ്യലിസ്റ്റുകളും ഒന്നിച്ച് തിരുവിതാംകൂറിലാകെ നടത്താന്‍ നിശ്ചയിച്ച പോരാട്ടം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് നമ്മള്‍ നേരത്തേ ചര്‍ച്ച ചെയ്തതാണ് 

 എസ്.എന്‍.ഡി.പിയും ശങ്കറിന്റെ ഒത്തുതീര്‍പ്പ് ദൗത്യവും

 പുന്നപ്ര-വയലാറിലെ കൂട്ടക്കൊല ഒഴിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും എസ്.എന്‍.ഡി.പിയും ശ്രമിച്ചുവെന്നും അതിന്റെ ഭാഗമായ ആര്‍. ശങ്കറിന്റെ ദൗത്യത്തെ കമ്യൂണിസ്റ്റുകാര്‍ തള്ളിക്കളഞ്ഞുവെന്നുമാണ് മറ്റൊരു ആക്ഷേപം. 'കര്‍ഷകത്തൊഴിലാളിവര്‍ഗ്ഗത്തിന്റെ ന്യായമായ അവശതകള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് സര്‍ സി.പി. രാമസ്വാമി അയ്യര്‍ ചില നീക്കങ്ങള്‍ നടത്തി. തൊഴിലാളി നേതാക്കളുമായി ബന്ധം സ്ഥാപിച്ച് അവരുടെ ന്യായമായ എല്ലാ അവകാശങ്ങളും അംഗീകരിച്ചുകൊടുക്കാന്‍ ദിവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി' എന്ന് എഴുതുന്ന ശ്രീധരമേനോന്‍ ആര്‍. ശങ്കറിന്റെ ദൗത്യത്തെ മഹത്വവത്കരിക്കുന്നുണ്ട്.

തൊഴിലാളി നേതാക്കളെ ചാക്കിട്ടുപിടിച്ച് വശത്താക്കി തന്റെ സ്ഥാനമാനങ്ങള്‍ സുരക്ഷിതമാക്കാനാണ് സി.പി. യഥാര്‍ത്ഥത്തില്‍ ശ്രമിച്ചത്. അതിനു വേണമെങ്കില്‍ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായിരുന്നു എന്നുമാത്രം. രാജ-ദിവാന്‍-ജന്മിവാഴ്ച അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ ആവശ്യമുന്നയിച്ചവര്‍ ഒത്തുതീര്‍പ്പിനു തയ്യാറാകുമോ എന്നത് മറ്റൊരു കാര്യം. പക്ഷേ, ആര്‍. ശങ്കറിന്റെ ദൗത്യം വളരെ പ്രസക്തമാണ്. അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ സ്വാഗതം ചെയ്ത തിരുവിതാംകൂറിലെ ആദ്യ വ്യക്തിയാണ് ആര്‍. ശങ്കര്‍. ഒരുപക്ഷേ പരസ്യമായി അതിനെ സ്വാഗതം ചെയ്ത ഏകയാളും ശങ്കറാണ്. ശങ്കറിനെ സി.പിയുടെ പിണിയാളായിട്ടാണ് തൊഴിലാളികള്‍ വീക്ഷിച്ചിരുന്നത്. ആ ഒറ്റക്കാരണത്താല്‍ത്തന്നെയാണ് 'ദൗത്യം' പൊളിഞ്ഞത്. ആര്‍. ശങ്കര്‍ സമാധാന ദൗത്യത്തിനല്ല, സി.പിക്ക് വഴിപ്പെടണമെന്നും അല്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും പറയാനാണ് വന്നത്. തൊഴിലാളി നേതാക്കളെ പ്രലോഭിപ്പിച്ചും ചാക്കിട്ടുപിടിച്ചും സി.പിക്കൊപ്പമാക്കാനാണ് ശങ്കര്‍ ദൗത്യത്തിനുവരുന്നത്. ആ ദൗത്യം കുറേയൊക്കെ നന്നായി ശങ്കര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ജന്മിമാരുടെ മര്‍ദ്ദനം ശക്തമായിരുന്ന കടക്കരപ്പള്ളി സന്ദര്‍ശിക്കണമെന്ന് തൊഴിലാളികളും നേതാക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കാതെ മടങ്ങിയ ആളാണ് ശങ്കര്‍. പിന്നീട് ശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ കമ്മീഷന്റെ പ്രസ്താവന വയലാറിലെ വെടിവെപ്പിനുശേഷം രണ്ടാം ദിവസം തിരുവിതാംകൂറില്‍ ആയിരക്കണക്കിന് കോപ്പികളായി അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടു (അനുബന്ധം 3:10 കാണുക). ശങ്കര്‍ ആരെയാണ് സേവിച്ചതെന്ന് വ്യക്തം. ഉയിര്‍ത്തെഴുന്നേല്‍പ്പു കാലത്ത് ശങ്കര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു. സി.പിക്കൊപ്പമായിരുന്നു എസ്.എന്‍.ഡി.പിയും. ഈഴവര്‍ നല്ലതോതില്‍ തങ്ങളെ വിട്ട് ഇടതുപക്ഷത്തേക്ക് പോയതിലായിരുന്നു അവര്‍ക്ക് വിഷമം. ഭരണകൂടവുമായി ഒത്തുചേര്‍ന്ന് നേട്ടങ്ങള്‍ സ്വന്തമാക്കണമെന്ന് ആദ്യം നിര്‍ദ്ദേശം എസ്.എന്‍.ഡി.പിക്കു നല്‍കിയ നേതാവാണ് ശങ്കര്‍. ' ഈ സമരത്തിലുണ്ടായിരുന്ന രണ്ടാംകിട നേതാക്കന്‍മാരില്‍ പലരും എസ്.എന്‍.ഡി.പി. യോഗത്തിലെ എന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ്. ന്യായവാദം ചെയ്ത് അവരെ ഈ നിരര്‍ഥകമായ യത്നത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് കരുതി ഞാനവരെ സമീപിച്ചു', ശങ്കര്‍തന്നെ പറഞ്ഞതാണിത്.

തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പിന്നീട് ശങ്കറിനെ കൃത്യമായി വിലയിരുത്തി: 'എസ്.എന്‍.ഡി.പി. യോഗത്തിന്റെ ചരിത്രത്തില്‍ ഇത്ര വഞ്ചകനും ചതിയനും ജനദ്രോഹിയുമായ ഒരു നേതാവ് അതിനുമുമ്പുണ്ടായിട്ടില്ല'... 'മി. ശങ്കര്‍ നിന്ദ്യനായ ഒരു ചാരന്റെ പണിയാണ് ചെയ്തത്. ബന്ധു ഭാവത്തില്‍ തൊഴിലാളികളുടെയും അവരുടെ നേതാക്കന്‍മാരുടെയും കൂടെച്ചേര്‍ന്നു. സി.ഐ.ഡിയെപ്പോലെ റിപ്പോര്‍ട്ട് ശേഖരിക്കുകയും അത് സര്‍ സി.പി.ക്ക് കൊടുക്കുകയും ചെയ്തു.'

ഇടക്കാല സര്‍ക്കാറും സമരപ്രഖ്യാപനവും

 1946 സെപ്റ്റംബര്‍ 2ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടിരുന്നു. അതിനുശേഷമാണ് 'പുന്നപ്ര-വയലാര്‍ കൂട്ടക്കൊല' നടക്കുന്നത് എന്നും അതുകൊണ്ട് അത് സ്വാതന്ത്ര്യസമരമല്ലെന്നുമുള്ള വാദം ശക്തമായി ഉയര്‍ന്നു. എ.പി. ഉദയഭാനുവിനെപ്പോലുള്ളവര്‍ അവസാനം വരെ ആ വാദത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, ശ്രീധരമേനോന്‍ ഇക്കാര്യത്തില്‍ കുറച്ച് ഔദാര്യം അനുവദിച്ചുതരാന്‍ തയ്യാറാണ്. 1947 ആഗസ്റ്റ് 15-നു മുമ്പായതുകൊണ്ട് സ്വാതന്ത്ര്യ സമരമായി പരിഗണിക്കുന്നതില്‍ തെറ്റില്ലത്രേ. അദ്ദേഹം ഒന്നുകൂടി പറഞ്ഞുവെക്കുന്നു: 'ഇടക്കാല ഗവണ്‍മെന്റിനെ നിഷ്‌കാസനം ചെയ്യാനുള്ള സമരങ്ങളിലൊന്നാണ് പുന്നപ്ര-വയലാറും' നെഹ്റുവിന്റെ ഇടക്കാല സര്‍ക്കാറിനെക്കുറിച്ച് ചരിത്രപരമായി നോക്കിയാല്‍ അതിയായി കൊട്ടിഗ്ഘോഷിക്കാന്‍ അധികമൊന്നുമില്ല. പുന്നപ്ര-വയലാര്‍ നടക്കുന്ന സമയത്തെ ഇടക്കാല സര്‍ക്കാര്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്കുള്ള പരിശീലനക്കളരി അല്ലെങ്കില്‍ ബ്രിട്ടന് കീഴ്പ്പെട്ടിരുന്ന പാവ സര്‍ക്കാര്‍ എന്നതിനപ്പുറം ഒന്നുമായിരുന്നില്ല അത്. രാജ്യത്തെ പ്രബല ശക്തിയായ മുസ്ലിം ലീഗ് ആദ്യം ഇടക്കാല സര്‍ക്കാറില്‍ ചേര്‍ന്നിരുന്നില്ല. അവര്‍ തീരുമാനം മാറ്റുന്നത് 1946 ഒക്ടോബറിലാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം നാട്ടുരാജ്യങ്ങളുടെ അവകാശവും സംരക്ഷിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. നാട്ടുരാജ്യങ്ങളുമായി 1795-ലും 1805-ലും ഉണ്ടാക്കിയ ഉടമ്പടികള്‍ പാലിക്കുമെന്നു പറഞ്ഞാല്‍ അതിനര്‍ഥം നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം തോന്നിയാല്‍ മാത്രമേ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനാവൂ എന്നതാണ്. ഇന്ത്യയില്‍ 580 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു എന്ന വസ്തുത അറിയുമ്പോള്‍ ഇടക്കാല സര്‍ക്കാറിന്റെ അധികാരം എന്തായിരുന്നുവെന്ന് മനസ്സിലാക്കാം. അങ്ങനെ നോക്കുമ്പോള്‍ നാട്ടുരാജ്യങ്ങളിലെ ഉത്തരവാദ പ്രക്ഷോഭം എങ്ങനെ ഇടക്കാല സര്‍ക്കാറിന് എതിരാകും എന്ന ശ്രീധരമേനോന്റെ വാദത്തിനു വിരുദ്ധമായി ഇടക്കാല സര്‍ക്കാറിന് സഹായമായ ഒന്നായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നുവരുന്നു.

തീയതികളുടെ കേവലതയ്ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകളെ കാണേണ്ടതുണ്ട്. 1946 സെപ്റ്റംബര്‍ 2നു ശേഷമല്ല പുന്നപ്ര-വയലാര്‍ ആരംഭിക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദ ഭരണം അനുവദിച്ചുകിട്ടാന്‍ സമരം തുടങ്ങിയത് 1938-ലെ ഉത്തരവാദ പ്രക്ഷോഭണത്തിലാണ്. അതായത് ഇടക്കാല സര്‍ക്കാര്‍ വരുന്നതിനും എട്ടു വര്‍ഷം മുമ്പ്. ആ പ്രക്ഷോഭണത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചെന്നുമാത്രം. സാങ്കേതികമായി നോക്കിയാല്‍ 46 ഒക്ടോബറില്‍ ആരംഭിച്ച സമരമായിരിക്കാം പുന്നപ്ര-വയലാര്‍. എന്നാല്‍, വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് തൊഴിലാളികള്‍ ഒക്ടോബര്‍ സമരത്തില്‍ എത്തുന്നത് (രണ്ട്, മൂന്ന് അധ്യായങ്ങള്‍ കാണുക).
'പുന്നപ്ര-വയലാര്‍' സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നോ എന്നതാണ് നിര്‍ണ്ണായകമായ അടുത്ത ചോദ്യം. അതെ. എന്നാല്‍ 'പുന്നപ്ര-വയലാര്‍' 1947 ആഗസ്റ്റ് 15ന് അവസാനിക്കുന്ന സ്വാതന്ത്ര്യ സമരമായിരുന്നില്ല. കേവലമായ സ്വാതന്ത്ര്യമായിരുന്നില്ല തൊഴിലാളികളുടെ ലക്ഷ്യം. ആഗസ്റ്റ് 15നെയും മറികടന്ന് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലേക്ക് നീങ്ങുന്ന വിപ്ലവപദ്ധതിയായിരുന്നു തിരുവിതാംകൂറിലെ തൊഴിലാളി മുന്നേറ്റം. കലാപത്തില്‍ പങ്കെടുത്തവരുടെ സ്വപ്നം ത്രിവര്‍ണ്ണ ഇന്ത്യയല്ല, ചുവന്ന ഇന്ത്യയായിരുന്നൂ. അതിനാല്‍ത്തന്നെ പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരം മാത്രമല്ല അതിനപ്പുറം കടന്ന് മുന്നേറുന്ന തൊഴിലാളിവര്‍ഗ്ഗ പദ്ധതിയായിരുന്നു. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരമാണോ അല്ലയോ എന്ന വിവാദം ഇന്ന് ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യസമരമായി പുന്നപ്ര-വയലാറിനെ അംഗീകരിച്ചതോടെ ആ ചര്‍ച്ചയ്ക്കുതന്നെ പ്രസക്തിയില്ല.

 സ്വതന്ത്ര തിരുവിതാംകൂറും ഭാഷാടിസ്ഥാന ദേശീയതകളും

 കമ്യൂണിസ്റ്റ് പാര്‍ട്ടി 'ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രസ്വഭാവമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്ക് (കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദൃഷ്ടിയില്‍ ഇത്തരം പതിനേഴ് ജനവര്‍ഗ്ഗങ്ങളുണ്ട്) ഇന്ത്യന്‍ യൂണിയനില്‍നിന്ന് വിഘടിച്ചു പോകാനുള്ള സ്വതന്ത്രമായ സ്വയംഭരണം അനുവദിച്ചുകൊടുക്കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. 'സ്വതന്ത്ര തിരുവിതാംകൂറിനോടുള്ള' എതിര്‍പ്പ് ഇത്തരം നിലപാടുകളുമായി പൊരുത്തപ്പെട്ടുപോകുന്ന ഒന്നായിരുന്നില്ല...' എന്ന് എ. ശ്രീധരമേനോന്‍ തന്റെ പുസ്തകത്തിലടക്കം ഉന്നയിക്കുന്ന വിമര്‍ശനമാണ്.

സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും 'ഭാഷാടിസ്ഥാന ദേശീയതകളുടെ സ്വയം നിര്‍ണ്ണയാവകാശവും' ഒന്നല്ല. സോവിയറ്റ് യൂണിയനില്‍ വി.ഐ. ലെനിന്‍ നടപ്പാക്കിയ ദേശീയതകളുടെ സ്വയംഭരണം എന്ന നിലപാടിനെ വിപ്ലവകമ്യൂണിസ്റ്റുകള്‍ ഉന്നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ അവിഭക്ത സി.പി.ഐ. അമ്പതുകളുടെ അവസാനം വരെ ഇത് ഉന്നയിച്ചിരുന്നു. ഭാഷയാണ് ദേശീയതകളുടെ മുഖ്യ അടിസ്ഥാനം. ഒരേ ഭാഷ സംസാരിക്കുന്ന അല്ലെങ്കില്‍ ഒരേ സംസ്‌കാരത്തനിമയുള്ള ജനതകള്‍ക്ക് സ്വയംഭരണാവകാശം (ഉദാ: തമിഴ്, മണിപ്പൂരി) കൊടുത്ത് സോവിയറ്റ് യൂണിയന്‍ മാതൃകയില്‍ ഇന്ത്യയെ പുനഃസംഘടിപ്പിക്കണമെന്നാണ് അന്ന് കമ്യൂണിസ്റ്റുകള്‍ വാദിച്ചത്. സ്വയം നിര്‍ണ്ണയാവകാശമെന്ന് ജനതയുടെ വേറിട്ടുപോകാനുള്ള അവകാശവും കൂടി ഉറപ്പിക്കുന്നതാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദംകൊണ്ട് അര്‍ത്ഥമാക്കിയത് മലയാളി ദേശീയതയില്‍നിന്ന് (തിരുവിതാംകൂറിന് തനിച്ചൊരു ദേശീയതയില്ല. മലബാറിലും കൊച്ചിയിലും അതേ ദേശീയതയാണ് നിലനില്‍ക്കുന്നത്. മാത്രമല്ല തെക്കന്‍ തിരുവിതാംകൂറില്‍ തമിഴാണ് ഭാഷ) രാജവാഴ്ചയുടെ താല്‍പര്യത്തിനനുസരിച്ച് നാട്ടുരാജ്യത്തെ മുറിച്ചുമാറ്റുക എന്നതാണ്. ഇക്കാരണത്താലാണ് അത് എതിര്‍ക്കപ്പെട്ടതും.

പുന്നപ്ര-വയലാര്‍ സമരം നടക്കുമ്പോള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിരുന്നില്ലെന്നും അതിനാല്‍ പിന്നീട് ചരിത്രകാരന്‍മാരും കമ്യൂണിസ്റ്റുകാരും പറയുന്നതുപോലെ സ്വതന്ത്ര തിരുവിതാംകൂറിനെതിരെയുള്ള പോരാട്ടമായിരുന്നില്ലെന്നും വൈരുധ്യം നിറഞ്ഞ ആരോപണം ശ്രീധരമേനോന്‍ ഉന്നയിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പുന്നപ്ര-വയലാര്‍ നടക്കുന്നതിന് ഒമ്പതുമാസം മുമ്പ് 1946 ജനുവരി 16ന് സി.പി. രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡലും ദിവാന്‍ഭരണവും പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ മഹാരാജാവിന്റെ അധികാരവും പദവിയും മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത എക്സിക്യൂട്ടീവ് ആണെന്ന് തറപ്പിച്ചു പറയുന്നുണ്ട്. അന്ന് ദിവാന്‍ 1795-ലെയും 1805-ലെയും ബ്രിട്ടനുമായി തിരുവിതാംകൂര്‍ നടത്തിയ ഉടമ്പടിയെപ്പറ്റിയും പറഞ്ഞിരുന്നു. ബ്രിട്ടന്‍ ഇന്ത്യവിട്ടുപോകുന്ന നിമിഷം മുതല്‍ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രമായി നിലകൊള്ളുമെന്ന് ക്രിപ്സ് മിഷനുശേഷം രാജ്യം മുഴുവന്‍ പ്രചരിച്ചിരുന്നു. 1947 ആഗസ്റ്റ് 15 കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നിലനില്‍ക്കുമെന്ന് സി.പി. വളരെ മുമ്പേ പറഞ്ഞതായി ശ്രീധരമേനോനും സമ്മതിക്കുന്നുണ്ട്. 1946 ജൂണ്‍ 11 ാം തീയതി ദിവാന്റെ ഔദ്യോഗിക വസതിയായ 'ഭക്തിവിലാസത്തില്‍' നടത്തിയ ഒരു പത്രസമ്മേളനത്തില്‍, ഇന്ത്യ സ്വതന്ത്രയാകുന്ന ആഗസ്റ്റ് 15 മുതല്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായിത്തീരുമെന്നു സര്‍ സി.പി. അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 2ന് ഡല്‍ഹിയില്‍ വെച്ച് മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ ഇക്കാര്യം താന്‍ അറിയിച്ചിട്ടുള്ളതായും ദിവാന്‍ വ്യക്തമാക്കി' (ശ്രീധരമേനോന്‍ 1999: 17).

ഈ വാദഗതികളുടെയെല്ലാം അര്‍ത്ഥം സി.പി. സ്വതന്ത്രതിരുവിതാംകൂറിനുവേണ്ടി മുമ്പേ വാദിച്ചിരുന്നു എന്നതാണ്. ഇത് തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളും മനസ്സിലാക്കിയില്ലെന്നു പറയുന്നത് മണ്ടത്തരമാകും. (സ്വതന്ത്ര തിരുവിതാംകൂറിനെപ്പറ്റി അടുത്ത അധ്യായത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്). 1946 ജൂണ്‍ 13, 14 തീയതികളില്‍ നടത്തിയ പ്രാര്‍ഥനായോഗത്തില്‍ ഗാന്ധിജി സി.പി. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ നിരോധിച്ചതിനെപ്പറ്റിയും തിരുവിതാംകൂര്‍ സ്വതന്ത്രരാഷ്ട്രമായി നില്‍ക്കുമെന്ന് പറയുന്നതിലും ആകുലപ്പെടുന്നുണ്ട്.