ന്യൂഡൽഹി: ആരോടും അധികം പറയാത്തൊരു തീരാനോവ് തുറന്നെഴുതി സോണിയാ ഗാന്ധി. ജനിച്ച് മണിക്കൂറുകൾക്കകം നഷ്ടപ്പെട്ട ആദ്യ കൺമണിയുടെ വിയോഗത്തെക്കുറിച്ചുള്ള ഓർമ്മകളാണ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ പങ്കുവെക്കുന്നത്.

To advertise here,

രാഹുലിന്റെ ജനനത്തിന് ഒരു വർഷംമുൻപ്‌, 1969-ൽ ആയിരുന്നു അത്. സോണിയ ഗർഭിണിയായതറിഞ്ഞ് ഇന്ദിരാഗാന്ധി, വാത്സല്യത്തോടെ ആശ്ലേഷിച്ചു. ‘ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു’ എന്നുപറഞ്ഞു.

പ്രസവത്തീയതിക്കു രണ്ടുമാസം മുൻപ്, ജനുവരി 18-ന് സോണിയ ആൺകുഞ്ഞിന് ജന്മം നൽകി. ‘ഇൻകുബേറ്ററിലേക്ക് മാറ്റുമ്പോൾ അവന്റെ ആദ്യത്തെ കരച്ചിൽ ഞാൻ കേട്ടു. രാജീവ് എന്നെ അവനെ കാണിക്കാൻ കൊണ്ടുപോയി. ഇടതൂർന്ന കറുത്ത മുടിയും നീണ്ടു മെലിഞ്ഞ വിരലുകളുമുള്ള, പൂർണ വളർച്ചയെത്തിയതുപോലൊരു കുഞ്ഞ്. ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. കുഞ്ഞിന്റെ നില അതിഗുരുതരമാണെന്ന് ഡോക്ടർമാർ നേരത്തേ അറിയിച്ചിരുന്നെങ്കിലും പിറ്റേന്ന് രാവിലെ മരണവാർത്തയറിഞ്ഞതോടെ ഞങ്ങൾ തകർന്നുപോയി. രാജീവ് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു’ -സോണിയ എഴുതുന്നു. വിവരമറിഞ്ഞ് ഔദ്യോഗിക പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് കണ്ണീരോടെ ഇന്ദിരാഗാന്ധി എത്തിയതും അവർ ഓർക്കുന്നു.

‘നവജാതശിശുക്കളുടെ മൃതദേഹം പുഴയിലൊഴുക്കുന്നതായിരുന്നു രീതി. എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഡൽഹിയിലെ ഓഖ്‌ല ബാരേജിനടുത്ത് പുഴയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട ഭയാനകമായ ഓർമ്മയായിരുന്നു കാരണം. കുഞ്ഞിന്റെ ശരീരം പുഴയിലെറിയാൻ സമ്മതിക്കില്ലെന്ന് തീർത്തുപറഞ്ഞു. ഒടുവിൽ ഫിറോസ് ഗാന്ധിയുടെ മെഹ്‌റോളിയിലുള്ള ഫാമിൽ, ഒരു പിങ്ക് ബോഗൺവില്ലയുടെ തണലിൽ, രാജീവും സഞ്ജയ് ഗാന്ധിയും ചേർന്ന് ആ പിഞ്ചോമനയെ അടക്കം ചെയ്തു’- സോണിയ എഴുതുന്നു.