ഇന്ന് അനശ്വരനടൻ സത്യന്റെ ജന്മദിനം. സത്യന്റെ ജീവിതം പ്രമേയമാക്കി രാജീവ് ശിവശങ്കരൻ എഴുതിയ 'സത്യം' എന്ന നോവലിലെ ഒരു ഭാഗം

1970, മാർച്ച്, ആലപ്പുഴ
‘സത്യൻമാസ്റ്ററിന്റെ വലിയൊരു ആരാധിക രണ്ടുദിവസമായി ഇവിടെ പട്ടിണി കിടക്കുന്നു.’
ഉദയായിൽ ചെന്നുകയറിയപാടേ ശാരംഗപാണി ഓടിയെത്തി.
‘പട്ടിണി കിടക്കുന്നെന്നോ? അതെന്തിന്?’ സത്യൻ അമ്പരന്നു.
‘അതൊരു കഥയാണ്. സിനിമാക്കഥയെ വെല്ലുന്ന സംഭവം.’
‘എന്നിട്ട് ആളെവിടെ?’
‘ഭക്ഷണം കഴിക്കാൻ ആളെകൂട്ടി അയച്ചു. ഇപ്പോ വരും. ഇങ്ങനൊരു ആരാധികയെ ഞാനിതുവരെ കണ്ടിട്ടില്ല.’
ശാരംഗപാണി സ്റ്റുഡിയോയിൽ സത്യനുവേണ്ടിയുള്ള മുറി തുറന്നു. തുടച്ചുമിനുക്കിയ നിലം. വെടിപ്പുള്ള തിരശ്ശീലകളും പുതപ്പുകളും. കപിലൻ പെട്ടിയും ബാഗും കൊണ്ടുവെച്ച് വാതിൽ ചാരി മടങ്ങി.
‘ഒരിക്കൽ പാതിരപ്പള്ളിയിലെ എന്റെ വീട്ടിലേക്കു കത്തുമായി മാസ്റ്റർ ഒരു പെണ്ണിനെ പറഞ്ഞുവിട്ടതോർക്കുന്നുണ്ടോ?’ ശാരംഗപാണി ചോദിച്ചു.
‘അങ്ങനെ ചോദിച്ചാൽ... ഞാൻ കുറെപ്പേരെ തന്റെയരികിലേക്ക് അയച്ചിട്ടില്ലേ? ‘’
സത്യൻ കണ്ണുവിടർത്തി.
‘അതുശരിയാ. ഇത് കഴിഞ്ഞവർഷം അച്ഛനോടൊപ്പം എന്നെ വന്നുകണ്ട പെൺകൊച്ചാ. ഞാൻ നമ്മടെ പുതിയ പടത്തിൽ ഒരു വേഷമൊപ്പിച്ചുകൊടുത്തു. രണ്ടുദിവസം മുമ്പായിരുന്നു ഷൂട്ട്.’
ഉദയായിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ആ ആരാധികയുടെ കഥ ശാരംഗപാണി ആവേശത്തോടെ വിവരിച്ചു.
തോപ്പിൽഭാസി സംവിധാനം ചെയ്യുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയിലെ ‘കൊതുമ്പുവള്ളം തുഴഞ്ഞുവരും’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ രംഗത്തിൽ പ്രേംനസീറിനും ജയഭാരതിക്കുമൊപ്പമാണ് അവൾക്കും വേഷം കൊടുത്തത്. ഗാനചിത്രീകരണം കഴിഞ്ഞ് പ്രതിഫലം നൽകിയിട്ടും അവൾ പോകാൻ മടിച്ചു. രണ്ടുദിവസം കഴിഞ്ഞ് സത്യൻമാസ്റ്റർ എത്തുമെന്ന് ആരോ പറഞ്ഞ് അവളറിഞ്ഞിരുന്നു. പ്രിയനടനെ കണ്ടിട്ടേ പോകൂ എന്നു വാശി. ഉദയായിൽ ആരെയും രാത്രി തങ്ങാൻ അനുവദിക്കില്ലെന്നും എത്രയുംവേഗം പൊയ്‌ക്കൊള്ളണമെന്നും ഭീഷണിപ്പെടുത്തി ശാരംഗപാണി മടങ്ങി.
‘എന്നിട്ട് അവൾ പോയില്ലേ?’
ആകാംക്ഷയുടെ ചൂണ്ട സത്യനെ കഥയിലേക്കു പിടിച്ചുവലിച്ചു.
‘പോയെന്നാണു വിചാരിച്ചത്. പക്ഷേ, ഇന്നുരാവിലെ ചമയമുറി തുറന്നപ്പോൾ ആൾ അകത്തുണ്ട്. രണ്ടുദിവസമായി സ്റ്റുഡിയോയ്ക്കുള്ളിൽ ഒളിച്ചിരിക്കയായിരുന്നത്രേ. ഇത്രയുംപേരെ കബളിപ്പിച്ച് എങ്ങനെ അവൾക്കതുകഴിഞ്ഞു എന്നത് അദ്ഭുതം തന്നെ.’
‘മിടുക്കിയാണല്ലോ. എന്താ അവടെ പേര്?’
‘ദാ വരുന്നു. നേരിട്ടു ചോദിച്ചോ?’
ശാരംഗപാണി പുറത്തേക്കു വിരൽചൂണ്ടി.
വട്ടമുഖമുള്ള വെളുത്തുനീണ്ടൊരു പെൺകുട്ടി. മുതിർന്നവളാകാൻ വേണ്ടി വലിച്ചുചുറ്റിയുടുത്തപോലെ ദാവണി. കണ്ണുകളിൽ തുളുമ്പുന്ന കുട്ടിത്തവും കുസൃതിയും.
‘എന്താ മോടെ പേര്?’
‘സുജാത.’
‘എവിടെയാ വീട്?’
അവൾ വീടും സ്ഥലവും പറഞ്ഞു.
‘ഓ... ശങ്കരമേനോന്റെ മകൾ,’ സത്യൻ ശാരംഗപാണിയ്ക്കുനേരെ തിരിഞ്ഞു, ‘എനിക്കറിയാം ശാരംഗാ ഇവളെ. കത്തുതന്നത് ഇപ്പോൾ ഞാനോർക്കുന്നു. എറണാകുളംകാരിയാണെങ്കിലും ഇവൾ വളർന്നത് സിലോണിലാണ്. അല്ലേ മോളേ...’
സുജാത തലകുലുക്കി.
‘അതാണ് ഇത്രയ്ക്ക് തന്റേടം.’
ശാരംഗപാണി ചിരിച്ചു. സത്യൻ സുജാതയെ അരികിലേക്കുവിളിച്ചു.
‘മോൾക്ക് ഷൂട്ടിങ് കാണണോ?’
ഓമനമുഖത്ത് കണ്ണുകൾ വിടർന്ന പൂക്കളായി.
‘അച്ഛനറിയാമല്ലോ ഇവിടെയുണ്ടെന്ന്?’
‘യെസ്.’
‘എങ്കിൽ ഷൂട്ടിങ് കണ്ടിട്ട് വൈകുന്നേരം ഞാൻ കാറിൽ വീട്ടിലെത്തിക്കാം. പോരേ?’
സുജാത സന്തോഷംകൊണ്ടു തുള്ളിച്ചാടി.
‘ശരി. ഇപ്പോൾ പൊയ്‌ക്കോളൂ. അങ്കിൾ കുളിച്ചുറെഡിയാവട്ടെ..’
സുജാത ചിറകുവെച്ച ചിത്രശലഭമായി.
‘വേറൊരു പടത്തിന്റെ പണിയും തുടങ്ങിയിട്ടുണ്ട്. ഷൂട്ട് ഉടനെ തുടങ്ങും.’
സുജാത പോയപ്പോൾ ശാരംഗപാണി പറഞ്ഞു.
‘ഒരേസമയം എത്ര പടമാണ് ശാരംഗാ? ഉദയായുടെ പടത്തിലഭിനയിച്ചുകഴിഞ്ഞ് വേറെ പടത്തിലഭിനയിക്കാൻ നേരമില്ലെന്ന അവസ്ഥയാണല്ലോ,’ സത്യൻ ചിരിച്ചു.
‘പുതിയ കഥ കേട്ടോളൂ...’ ശാരംഗപാണി ചുമർ ചാരിനിന്നു, ‘മദിരാശിയിലെ കോളേജിൽ പഠിക്കുന്ന വാസന്തിക്കു സുമുഖനായ ഗോപിനാഥൻനായരുടെ ആലോചന വരുന്നു. അയാളെ കാണാനായി നാട്ടിലെത്തി മടങ്ങുമ്പോൾ ട്രെയിനിൽ അതേ കംപാർട്ടുമെന്റിൽ യാദൃച്ഛികമായി വീണ്ടും അയാൾ. അടുപ്പം വളർന്നു. അവർ ഒന്നായി. വാസന്തി ഗർഭിണിയായി. പക്ഷേ, വിവാഹത്തിന്റെ സമയമായപ്പോൾ ഗോപിനാഥൻനായർ ഒഴിഞ്ഞുമാറി.’
‘നില്ല്... നില്ല്... ബാക്കി ഞാൻ പറയട്ടേ....’ സത്യൻ ഇടപെട്ടു, ‘വാസന്തി ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ വീട്ടുകാരുടെ നിർബ്ബന്ധം കാരണം വേറൊരു വിവാഹത്തിനു സമ്മതിച്ചു. ആദ്യരാത്രിയിൽ ഭർത്താവിനോടു എല്ലാ സത്യവും തുറന്നുപറയുന്നു. എന്നിട്ടും അയാൾ കൈവിടുന്നില്ല.’
‘ശരിതന്നെ. എങ്ങനറിഞ്ഞു? കഥ ഞാൻ ആരോടും പറഞ്ഞില്ലല്ലോ ഇതുവരെ...’
സത്യൻ പൊട്ടിച്ചിരിച്ചു.
‘എടോ... കഴിഞ്ഞദിവസം രണ്ടു പുതിയ പിള്ളേര് ഇതുപോലൊരു കഥ എന്നോടുപറഞ്ഞു. അതു ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരുന്നു എന്ന വ്യത്യാസം മാത്രം.’
‘അതു കരാറായോ? എങ്കിൽ കഥ ഞാനൊന്നു മാറ്റിപ്പിടിക്കാം.’
‘എങ്ങനെ? മുസ്‌ലിം കഥാപാത്രമാക്കാനോ?’
സത്യൻ പരിഹാസത്തോടെ ചുണ്ടുകോട്ടി.
‘അല്ല. വാസന്തി പ്രസവിക്കുന്ന മകളെ നായികയാക്കി കഥ വികസിപ്പിക്കും.’
‘അതുകൊള്ളാം. അങ്ങനെ ആലോചിക്ക്.’
‘എസ്.എൽ. പുരമായിരിക്കും തിരക്കഥയും സംഭാഷണവും. അങ്ങേരുമായിക്കൂടി ഒന്നാലോചിക്കട്ടെ.’
‘അതെന്താ തനിക്കെഴുതിയാൽ?’
‘ഞാൻ വേറൊരു വലിയ വർക്കിലാണ്.’
‘വടക്കൻപാട്ടൊന്നുമല്ലല്ലോ?’
‘അതെന്താ അങ്ങനെ ചോദിച്ചത്?’
‘വാൾപ്പയറ്റും കുതിരയോട്ടവുമൊന്നും വയ്യ. വയസ്സായില്ലേ?’ കുപ്പായമൂരി ചുമരലമാരയിലെ കൊളുത്തിൽ തൂക്കുന്നതിനിടയിൽ സത്യൻ പറഞ്ഞു.
‘ഉടനെ ഇല്ലെങ്കിലും വലിയൊരു വടക്കൻപാട്ടുകഥ ഒരുങ്ങുന്നുണ്ട്. ഉദയായുടെ അൻപതാമത്തെ പടം.’
‘ഓ... അത്രയുമായോ?’
‘രജതജൂബിലി പ്രമാണിച്ച് മുഴുനീള കളർപടമായിരിക്കും അത്. പേര് ആരോമലുണ്ണി. എഴുതിത്തുടങ്ങിയതേയുള്ളൂ. സത്യം പറയാമല്ലോ. മാസ്റ്ററെ മനസ്സിൽ കണ്ടാണ് എഴുതുന്നത്.’
സത്യൻ ഒരുനിമിഷം ആലോചിച്ചു.
‘ആയുസ്സും ആരോഗ്യവും കർത്താവു തന്നാൽ നമുക്കത് ഭംഗിയാക്കാം.’
‘ഇപ്പോളെന്താ ആയുസ്സിനെപ്പറ്റി ഒരാശങ്ക? ഒരാഴ്ച ആശുപത്രിയിൽ കിടന്നതിന്റെയാണോ?’ ശാരംഗപാണി പരിഹസിച്ചു.
‘ഓ... അതൊക്കെ ഇവിടെയുമറിഞ്ഞോ...’ സത്യൻ മുഖം ചുളിച്ചു.
‘ഇത്തിരിമുമ്പ് ലളിത അതിനെപ്പറ്റി ചോദിച്ചതേയുള്ളൂ.’
‘ഏതു ലളിത? നമ്മടെ ലളിതാപത്മിനിരാഗിണിമാരിലെ ലളിതയോ?’
‘അയ്യോ അല്ല. കൂട്ടുകുടുംബത്തിലൊക്കെ അഭിനയിച്ച ലളിത.’
‘ഓ... അവളുമുണ്ടോ ഈ പടത്തിൽ?’
‘അവളിപ്പോൾ ഉദയായുടെ ഭാഗ്യതാരമല്ലേ?’ ശാരംഗപാണി ചിരിച്ചു, ‘കൂട്ടുകുടുംബത്തിൽ ലളിതയുടെ ഷോട്ടാണ് ആദ്യമെടുത്തത്. അതു വിജയിച്ചു. പടത്തിന് അവാർഡും കിട്ടി. അതോടെ ഇപ്പോൾ ഉദയായുടെ എല്ലാപ്പടവും ലളിതയുടെ ഷോട്ട് എടുത്താണ് തുടങ്ങുന്നത്.’
‘പടത്തിൽ പറ്റിയ വേഷമില്ലെങ്കിൽ എന്തുചെയ്യും?’ സത്യൻ കണ്ണിറുക്കിച്ചിരിച്ചു.
‘ലളിതക്കുവേണ്ടി കഥയിലൊരു വേഷം ഞാനുണ്ടാക്കും,’ ശാരംഗപാണി പറഞ്ഞു, ‘ലളിതമാർ സിനിമയിൽ വേറെയുമുള്ളതിനാൽ ഞാനാണ് അവളുടെ പേര് കെ.പി.
എ.സി. ലളിത എന്നു മാറ്റിയത്.’
‘ആളുകളുടെ പേരുമാറ്റിക്കളിക്കാൻ താനാരാ തിക്കുറിശ്ശിയോ?’
സത്യൻ കണ്ണുമുഴപ്പിച്ചുകാട്ടി. ശാരംഗപാണി ചിരിച്ചു.
Content Highlights: Actor Sathyan's interaction with a young and determined fan named Sujatha at Udaya Studio in March 1970., Behind-the-scenes discussions of classic Malayalam movies like Ningaleenne Communistakki and Aromalunni., The origin of actress K.P.A.C. Lalitha's screen name given by Sarangapani., Insights into the golden era of Malayalam film production and studios.
Published: 09 Nov 2026, 04:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented