
'തീർച്ചയായും ആനന്ദത്തിന്റെ നേരങ്ങൾ ഉണ്ടാകാറുണ്ട്,' റാണിബായി പറഞ്ഞു. 'ആർക്കാണ് രതി ഇഷ്ടമല്ലാത്തത്? സുന്ദരനായ ഒരു ചെറുപ്പക്കാരൻ, ശാന്തനായി...'
അവർ ഒരു നിമിഷം ഒന്ന് നിറുത്തി, കായലിലേക്കു നോക്കി, തന്നോടുതന്നെ ചിരിച്ചു. പെട്ടെന്ന് അവരുടെ മുഖത്ത് കാർമേഘങ്ങൾ നിറഞ്ഞു. 'പലപ്പോഴും പക്ഷേ അത് ഭീകരമാണ്. ഇവിടെയുള്ള കർഷകർ ബോംബെയിലെ പയ്യന്മാരെപ്പോലെയൊന്നുമല്ല.'
'അതും എട്ടുപേർ ഒരു ദിവസം,' അവരുടെ സുഹൃത്ത് കാവേരി പറഞ്ഞു. 'ചിലപ്പോൾ പത്ത്. അപരിചിതരായ മനുഷ്യർ. എന്തുതരം ജീവിതമാണ് ഇത്?'
'ഞങ്ങൾക്കൊരു പാട്ടുണ്ട്,' റാണി പറഞ്ഞു. '''എല്ലാവരും കൂടെയുറങ്ങും, എന്നാലാരും താലികെട്ടില്ല. പലരും കെട്ടിപ്പിടിക്കും, എന്നാലാരും സംരക്ഷിക്കില്ല.'''
'എല്ലാ ദിവസവും എന്റെ മക്കൾ ചോദിക്കും, ''എന്റെ അച്ഛനാരാണ്?'' ഈ ബിസിനസിലുള്ള ഒരമ്മയുണ്ടാകുന്നത് അവർക്കിഷ്ടമേയല്ല.'
'ഒരിക്കൽ ഞാൻ എന്റെ മകന്റെ കൂടെ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ പോയി,' റാണി പറഞ്ഞു. 'ഫോം പൂരിപ്പിച്ചുകൊടുക്കാൻ ഞങ്ങൾ പോയപ്പോൾ മാനേജർ ചോദിച്ചു: ''അച്ഛന്റെ പേര്?'' അതിനുശേഷം എന്റെ മകന് വലിയ ദേഷ്യമായിരുന്നു. ഇങ്ങനെ ഈ ലോകത്തിലേക്ക് അവനെ ജനിപ്പിക്കേണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്.'
'ഈ ജോലി ചെയ്യാൻ ഞങ്ങൾക്കു വിഷമമുണ്ട്. പക്ഷേ, മറ്റെന്താണ് ചെയ്യുക?'
'ഞങ്ങൾക്കാര് ജോലിതരും? ഞങ്ങൾക്ക് പഠിപ്പില്ല.'
'പിന്നെ ഭാവി,' കാവേരി പറഞ്ഞു. 'ഞങ്ങൾ എന്തു ഭാവിയാണ് പ്രതീക്ഷിക്കേണ്ടത്?'
'സൗന്ദര്യം നശിക്കുമ്പോൾ, ശരീരം വികൃതമാകുമ്പോൾ, ഞങ്ങൾ തനിച്ചാവും.'
'വൃദ്ധയും വികൃതയുമാകുംവരെയൊക്കെ ജീവിച്ചിരുന്നാൽ'
കാവേരി പറഞ്ഞു.
'പലരും മരിക്കുകയാണ്.'
'കഴിഞ്ഞയാഴ്ച ഞങ്ങളുടെ കൂടെയുള്ള ഒരാൾ മരിച്ചു. കഴിഞ്ഞമാസം രണ്ടുപേരും.'
'എന്റെ ഗ്രാമത്തിൽ നാല് ചെറുപ്പക്കാരികൾ മരിച്ചു,' കാവേരി പറഞ്ഞു. 'എന്റെ സ്വന്തം സഹോദരനുമുണ്ട് രോഗം. അവൻ ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വഴിനീളെയുള്ള എല്ലാ പെൺകുട്ടികളെയും അറിയാമായിരുന്നു അവന്. ഇപ്പോൾ വീട്ടിൽ കള്ളുകുടിച്ചു കിടന്നുകൊണ്ട് അവൻ പറയും, ''അതുകൊണ്ടെന്താ വ്യത്യാസം? എന്തായാലും ഞാൻ മരിക്കും'' എന്ന്.'
അവർ എന്റെ നേർക്ക് മുഖംതിരിച്ചു. 'കിട്ടുന്നതെന്തും അവൻ കുടിക്കും,' അവർ പറഞ്ഞു. 'ആരെങ്കിലും സ്വന്തം മൂത്രത്തിൽ മദ്യമുണ്ടെന്നുപറഞ്ഞാൽ അതും അവൻ കുടിക്കും.'
'അതുമായി ജീവിക്കാൻ പാടാണ്.'
കാവേരി പരുഷമായി ചിരിച്ചു. 'ഒരു മരത്തിന്റെ കീഴെയിരുന്ന് ഞങ്ങൾ സഹിക്കേണ്ടിവരുന്ന വിഷമങ്ങളെല്ലാം പറയാൻതുടങ്ങിയാൽ മരത്തിലെ ഇലകളെല്ലാം കണ്ണീരുപോലെ പൊഴിഞ്ഞുവീഴും. എന്റെ സഹോദരനിപ്പോൾ പൂർണമായും കിടപ്പിലാണ്. അവനെപ്പോഴും ഓരോ പനിയും വയറിളക്കവുമാണ്.'
അവർ നിറുത്തി. 'സുന്ദരനായിരുന്നു അവൻ, നല്ല മുഖവും വലിയ കണ്ണുകളുമുണ്ടായിരുന്നു. ഇപ്പോൾ ആ കണ്ണുകളടഞ്ഞു, മുഖം മുഴുവൻ പഴുത്ത് വ്രണങ്ങളായി.'
'യെല്ലമ്മ ഒരിക്കലും ഇതിങ്ങനെയാവണമെന്ന് ആഗ്രഹിച്ചിരിക്കില്ല,' റാണി പറഞ്ഞു.
'ദേവി ഇപ്പോൾ നിശ്ശബ്ദയായിരിക്കുകയാണ്, ഞങ്ങളെപ്പറ്റി അവൾക്കെന്താണ് തോന്നുന്നതെന്നറിയില്ല. അവളുടെ മനസ്സിലെന്താണെന്ന് ആർക്കറിയാം?' കാവേരി പറഞ്ഞു.
'അങ്ങനെയല്ല,' റാണി തലകുലുക്കിപ്പറഞ്ഞു, 'ദേവി നമ്മളെ കാത്തുരക്ഷിക്കുന്നുണ്ട്. നമ്മൾ അപകടത്തിൽപ്പെടുമ്പോൾ, അവൾ നമ്മുടെ അടുത്തെത്തുന്നു. ചിലപ്പോൾ സ്വപ്നത്തിൽ, ചിലപ്പോൾ അവളുടെ മക്കളിലൊന്നിന്റെ രൂപത്തിൽ.'
'ഇത് ദേവി ചെയ്യുന്നതല്ല.'
'ലോകം ഇതിങ്ങനെ ആക്കിത്തീർത്തതാണ്.'
'ലോകവും രോഗവും.'
'ദേവി നമ്മുടെ കണ്ണീർ തുടയ്ക്കുന്നു,' റാണി പറഞ്ഞു. 'തെളിഞ്ഞ മനസ്സോടെ ചെന്നാൽ അവൾ നമ്മുടെ സങ്കടങ്ങളും വിഷമങ്ങളുമെടുത്തുമാറ്റുന്നു. ഇതിൽക്കൂടുതൽ ദേവിക്ക് എന്തുചെയ്യാൻ കഴിയും?'
റാണിബായിയും കാവേരിയും ഞാനും സൗന്ദത്തിയിൽ എത്തിയത് യെല്ലമ്മയെന്ന ദേവിയെക്കാണാനാണ്. അന്നു വെളുപ്പിന് ഞങ്ങൾ ബൽഗാമിൽ നിന്ന് വടക്കൻ കർണാടകത്തിലെ ഡെക്കാൻ പീഠഭൂമിയുടെ പച്ചപ്പുനിറഞ്ഞുനില്ക്കുന്ന പരുത്തിനാട്ടിലൂടെ വണ്ടിയോടിക്കാൻ തുടങ്ങി. ചെറുപ്പത്തിലേ യെല്ലമ്മയ്ക്ക് ജീവിതം നേർന്നിരുന്ന ആ സ്ത്രീകൾ സാധാരണ അവരുടെ അമ്മയെക്കാണാൻ അമ്പലത്തിലേക്ക് പോവുക പതുക്കെനീങ്ങുന്ന പഴയ ബസ്സിലാണ്. ഒരു ടാക്സിയുടെ ആഡംബരത്തിൽ അമ്മയെക്കാണാൻ പോകാമെന്ന് കേട്ടപ്പോൾത്തന്നെ അവരെന്റെകൂടെ ചാടിപ്പുറപ്പെട്ടു.
മഴക്കാലം കഴിഞ്ഞിരുന്നതുകൊണ്ട് നല്ല ഉഷ്ണമുണ്ടായിരുന്നു. ആകാശം മേഘങ്ങളൊന്നുമില്ലാതെ തെളിഞ്ഞുനിന്നിരുന്നു. വേരുകൾ സങ്കീർണമായി നെയ്തുനില്ക്കുന്ന പുരാതനങ്ങളായ ആൽമരങ്ങൾക്കിടയിലൂടെയായിരുന്നു വഴി. ഒരു ഗോത്തിക്ക് കത്തീഡ്രലിന്റെ വശങ്ങൾപോലെ വളർന്നുനിന്നിരുന്ന വേരുകളെ ഒരു കമാനംപോലെ നിറുത്തിയിരുന്നതുകൊണ്ട് വഴി ഒരു വലിയ തടിത്തുരങ്കത്തിലൂടെ കടന്നുപോകുന്നതുപോലെ തോന്നി.
സൗന്ദത്തി എത്താറായപ്പോൾ പച്ചത്തുരങ്കം അവസാനിച്ചു. ഇരുവശത്തുമുണ്ടായിരുന്ന പച്ചപ്പാടങ്ങൾ, ഉണങ്ങി പൊടിപിടിച്ച് ദരിദ്രമായ ഭൂഭാഗത്തിനു വഴിമാറി. മരങ്ങൾക്കും മുളകൾക്കും പരുത്തിപ്പാടങ്ങൾക്കും പകരം ഉണങ്ങിയ സൂര്യകാന്തിച്ചെടികൾ കാണാൻ തുടങ്ങി. അവിടവിടെ ആടുകളെ കാണാം. കീറിയ ഉടുപ്പുകളിട്ട സ്ത്രീകൾ വഴിയരികിലിരുന്ന് പനമ്പായകളിൽ നിരത്തിവെച്ച ഉള്ളി വിറ്റിരുന്നു. ജീവിതം ഇവിടെ കൂടുതൽ പരുക്കനും പാർശ്വവൽകൃതവുമായിത്തോന്നി.
ആ ഉഷ്ണപടലത്തിൽനിന്നും അല്പം മാറിയപ്പോൾ ഒരു നീളൻ ചെങ്കൽപ്രദേശം കാണാനായി. കുത്തനെയുള്ള മലഞ്ചെരിവുകൾക്കിടയിൽ യെല്ലമ്മയുടെ അമ്പലത്തിന്റെ നിഴൽച്ചിത്രം കണ്ടു. താഴെ ഒരു വശത്തേക്ക് അഭൗമികമായ നീലിമയിൽ ഒരു കായൽ. ഐതിഹ്യമനുസരിച്ച് ഇവിടെയാണ് കഥ തുടങ്ങിയത്.
ശിവഭഗവാന്റെ അവതാരമായിരുന്ന മഹർഷി ജമദഗ്നിയുടെ ഭാര്യയായിരുന്നു യെല്ലമ്മ. അച്ഛനായ കാശ്മീർ രാജാവ് ഒരു മഹായജ്ഞം നടത്തിയപ്പോൾ ജമദഗ്നി തീയിൽനിന്നും ഉയർന്നുവന്നു. കായലരികത്ത് ഒരു ചെറിയ പർണശാലയിലാണ് ജമദഗ്നിയും യെല്ലമ്മയും നാലുമക്കളോടൊപ്പം താമസിച്ചിരുന്നത്. ഇവിടെ മഹർഷി കഠിനതപസ്സുകൾ അനുഷ്ഠിച്ചിരുന്നു. നാലാമത്തെ മകന്റെ ജനനത്തിനുശേഷം അദ്ദേഹം പൂർണബ്രഹ്മചര്യവും പാലിച്ചിരുന്നു.
എല്ലാ ദിവസവും യെല്ലമ്മ ഭർത്താവിനെ ശുശ്രൂഷിക്കുകയും അദ്ദേഹത്തിന്റെ കർമങ്ങൾക്കുവേണ്ട വെള്ളം കൊണ്ടുവരികയും ചെയ്തു. ജീവനുള്ള ഒരു സർപ്പത്തെ ചുരുട്ടി, അതിന്റെ മേലാണ് യെല്ലമ്മ മണൽകൊണ്ടുണ്ടാക്കിയ കുടം തലയിൽ വെച്ചിരുന്നത്. ഒരുദിവസം വെള്ളമെടുക്കുമ്പോൾ, തീരത്ത് ഒരു ഗന്ധർവൻ കാമുകിയുമായി രതിയിലേർപ്പെടുന്നത് യെല്ലമ്മ കണ്ടു. രതിയുടെ സുഖങ്ങളറിഞ്ഞിട്ട് വളരെ വർഷങ്ങളായ അവൾ ആ ദൃശ്യം കണ്ടാസ്വദിച്ചു. ഒരു പാറയ്ക്കു പിന്നിൽ മറഞ്ഞുനിന്നിരുന്ന യെല്ലമ്മ കമിതാക്കളുടെ ആനന്ദശബ്ദങ്ങൾ കേട്ട് സ്വയം ആ കാമുകിയുടെ സ്ഥാനത്താവാൻ കൊതിച്ചു.
ആഗ്രഹത്തിന്റെ തള്ളിക്കയറ്റം യെല്ലമ്മയുടെ ആത്മസംയമനം തകർത്തു. എന്നത്തെയുംപോലെ ഭർത്താവിനുവേണ്ടി വെള്ളമെടുക്കാൻ ചെന്നപ്പോൾ മണൽകൊണ്ട് കുടമുണ്ടാക്കാൻ തനിക്കുകഴിയുന്നില്ലെന്നും തന്റെ ഏകാഗ്രതയുടെ യോഗശക്തികൾ നഷ്ടപ്പെട്ടെന്നും യെല്ലമ്മ തിരിച്ചറിഞ്ഞു. വെള്ളമില്ലാതെ യെല്ലമ്മ വീട്ടിലെത്തിയപ്പോൾ സംഭവിച്ചതെന്താണെന്ന് ജമദഗ്നി ഊഹിച്ചെടുത്തു. ദേഷ്യത്തിൽ അയാൾ ഭാര്യയെ ശപിച്ചു. ഉടനെ പഴുത്ത വ്രണങ്ങളും കരിയാത്ത മുറിവുകളും ശരീരത്തിൽ നിറഞ്ഞ യെല്ലമ്മ വികൃതയും രോഗിയുമായി മാറി. വീട്ടിൽനിന്നും പുറത്തായ അവൾ ഡെക്കാൻ പാതകളിലൂടെ ഭിക്ഷയാചിച്ചു നടന്നു. ഒരിക്കൽ ജമദഗ്നിയുടെ സുന്ദരിയായ ഭാര്യയായിരുന്നു അവൾ എന്നാരും തിരിച്ചറിഞ്ഞില്ല.
പിന്നീടവൾ വീട്ടിലെത്തി മാപ്പുചോദിച്ചപ്പോൾ ജമദഗ്നി കൂടുതൽ കോപിഷ്ഠനായി. തന്റെ മഹാതപസ്സ് മുടങ്ങിയ മഹർഷി നാലു മക്കളോടും ഭ്രഷ്ടയായ അമ്മയുടെ തലയറുക്കാൻ കല്പിച്ചു. ആദ്യത്തെ മൂന്നുപേരും വിസമ്മതിച്ചു, എന്നാൽ നാലാമനും അതിശക്തനുമായ പരശുരാമൻ അതിനു തയ്യാറായി, ഒറ്റവെട്ടിന് അവൻ അമ്മയുടെ തലയറുത്തു. അവന്റെ അനുസരണയിൽ പ്രീതനായ ജമദഗ്നി എന്തുചോദിച്ചാലും സാധിച്ചുതരാമെന്ന വരം പരശുരാമന് കൊടുത്തു. പരശുരാമൻ അനുസരണ മാത്രമല്ല സ്നേഹവുമുള്ള മകനായിരുന്നതുകൊണ്ട്, ഉടൻ തന്നെ അമ്മയെ പുനർജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ടു. മറ്റു മാർഗമൊന്നുമില്ലാതായ മുനി പരശുരാമന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. എന്നാൽ അസന്തുഷ്ടനായ ജമദഗ്നി മേലിൽ യെല്ലമ്മയുടെ മുഖത്തുനോക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ഹിമാലയത്തിലെ ഒരു ഗുഹയിൽ തപസ്സനുഷ്ഠിക്കാൻ പോയി. പിന്നീട് മഹാഭാരതത്തിൽ, ജാതിഭ്രഷ്ടനായലയുന്ന കർണനെ ശക്തിയേറിയ മന്ത്രങ്ങളും രഹസ്യായുധങ്ങളും പഠിപ്പിക്കുന്ന ഗുരുവായി ജമദഗ്നി പരശുരാമനോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
കഥ വളരെ പരുഷവും ഹിംസാത്മകവുമാണ്. സംസ്കൃതസാഹിത്യത്തിൽ നിറയെ കാണാവുന്ന മുൻകോപികളും ഒരിക്കലും ശമിക്കാത്ത ദേഷ്യത്തിനുടമകളുമായ വിശുദ്ധമനുഷ്യരുടെ ഗണത്തിൽപ്പെടുന്നയാളാണ് ജമദഗ്നി. അതിനു വിപരീതമായി, യെല്ലമ്മദേവി, രാമായണത്തിലെ സീതയെപ്പോലെ, അവൾ ചെയ്തിട്ടില്ലാത്ത അവിശ്വസ്തതയുടെ പേരിൽ തെറ്റായി സംശയിക്കപ്പെടുന്ന ഒരു ഇരയാണ്. ഒരു നല്ല ഭാര്യയായിരുന്നിട്ടും ഭർത്താവ് അവളെ പുറത്താക്കി, അവളുടെ സൗന്ദര്യം കെടുത്തി, അവളെ ഭിക്ഷയാചിച്ച് ജീവിക്കാൻ ശപിച്ചു. എല്ലാവരാലും അവൾ ത്യജിക്കപ്പെട്ടു.
കഥ മുഴുവൻ അനീതിയും സങ്കടവും നിറഞ്ഞതാണെങ്കിലും, റാണിബായിയെപ്പോലെയുള്ള ദേവദാസികൾ പറയും ഈ ദേവിയുടെ കഥ അത്രയധികം അവരുടെ വിധിയുമായി ചേർന്നുനില്ക്കുന്നുവെന്ന്. എന്തൊക്കെയായാലും അവരുടെ ജീവിതം ദേവിയുടേതിനെക്കാൾ അല്പം ഭേദമാണ്. വിവാഹബന്ധത്തിനു വെളിയിലാണ് അവരുടെ പ്രണയദോഷത്തിന്റെ ശാപങ്ങൾ. കുട്ടികളാൽ ഉപേക്ഷിക്കപ്പെട്ട്, യെല്ലമ്മയെപ്പോലെ വഴിവക്കിൽ യാചിച്ചു ജീവിച്ച്, ദുഃഖങ്ങൾകൊണ്ട് കോലംകെട്ട്, ഭർത്താവിന്റെ സംരക്ഷണയില്ലാതെ അവരുടെ ജീവിതങ്ങൾ.
സൗന്ദത്തിയിൽ എത്തിയപ്പോൾത്തന്നെ ഒരു ദേവദാസിയുടെ ജീവിതത്തിലെ സമ്മർദങ്ങളുടെ ഒരു ചെറിയ രൂപം എനിക്കു കിട്ടി. കായൽത്തീരത്ത് ഒരു ചായക്കടയിൽ പോകാമെന്നത് എന്റെ നിർദേശമായിരുന്നു. അതൊരു മോശം നിർദേശമായിത്തീർന്നു. സൗന്ദത്തിയിൽ ദേവദാസികൾ ഒരു സ്ഥിരം കാഴ്ചയാണ്. അവർ യെല്ലമ്മയുടെ വിശുദ്ധദിവസങ്ങളായ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും അവിടത്തെ ചന്തയിൽ ഭിക്ഷ യാചിക്കാറുണ്ട്. ഒരു മാസം നീണ്ടുനില്ക്കുന്ന യെല്ലമ്മയുടെ ഉത്സവത്തിൽ, തലയിൽ ദേവീപ്രതിമയെടുത്ത് നടക്കാറുമുണ്ട്. എന്നാൽ റാണിബായിയെപ്പോലെ അത്ര കൃത്യമായി തിരിച്ചറിയപ്പെടുന്നവരെങ്കിലും വഴിവക്കിലെ ചായക്കടകളിൽ കയറാൻ ധൈര്യപ്പെടാറില്ല. ചുടുചായ നിറഞ്ഞ ഗ്ലാസുകൾ എത്തുന്നതിനു മുൻപുതന്നെ മറ്റു മേശകളിൽ ഇരിക്കുന്ന കർഷകർ റാണിബായിയെ ചൂണ്ടി സംസാരിക്കാൻ തുടങ്ങി.
അവർ അവരുടെ ഗ്രാമങ്ങളിൽ നിന്ന് പരുത്തി വിൽക്കാൻ ചന്തയിൽ എത്തിയവരായിരുന്നു. കൈയിൽ നിറയെ പണമുള്ള അവർ അപ്പോൾ ഒരു ആഘോഷഭാവത്തിലായിരുന്നു. കാവേരിയും റാണിബായിയും വിവാഹിതരായ സ്ത്രീകളെപ്പോലെ സിന്ദൂരമണിഞ്ഞിരുന്നെങ്കിലും റാണിബായിയുടെ മുട്ടുവും-ചുവപ്പും വെളുപ്പും മുത്തുകലർന്ന ദേവദാസിമാല-മറ്റാഭരണങ്ങളും മുഖച്ചമയവും അലങ്കാരം നിറഞ്ഞ പട്ടുസാരിയും അവരെ ഒറ്റുകൊടുത്തു. കാവേരി ഏതാണ്ട് ഒരു വൃദ്ധയായിട്ടുണ്ട്, അല്ലെങ്കിൽ അതുപോലെ തോന്നിച്ചിരുന്നു. യഥാർഥത്തിൽ എന്നെക്കാൾ ഏതാനുംവർഷത്തെ പ്രായക്കൂടുതലേ കാണൂ അവർക്ക്; നാൽപ്പതുകളുടെ അവസാനത്തിലാവണം. അവർ ഒരു കാലത്ത് സുന്ദരിയായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകുമെങ്കിലും ജീവിത കാഠിന്യങ്ങളും അവൾ സഹിച്ച നിരവധി സങ്കടങ്ങളും അവരെ പാതിവഴിയിൽത്തന്നെ വൃദ്ധയാക്കി മാറ്റി. അവർ ആരെയും ആകർഷിക്കാതായി.
എന്നാൽ റാണിബായി വ്യത്യസ്തയായിരുന്നു. അവൾ കാവേരിയെക്കാൾ പത്തുവയസ്സെങ്കിലും ചെറുപ്പമായിരുന്നിരിക്കണം. നല്ല ഉയരവും നീണ്ട കൈകാലുകളുമായി, മുപ്പതുകളുടെ അവസാനത്തിലെത്തിയ ഒരു സുന്ദരി. അവൾക്ക് ചായം തേച്ച വായയും നിറഞ്ഞ ചുണ്ടുകളും ഉറച്ച ശരീരവും ആകർഷകമായ പെരുമാറ്റവുമുണ്ടായിരുന്നു. നാട്ടിൻപുറങ്ങളിലെ ഹിന്ദുസ്ത്രീകൾ ചെയ്യാറുള്ളതുപോലെ അവൾ നിലത്തു നോക്കി നടന്നില്ല. അവൾ വളരെയുറക്കെ, കൈകളനക്കി, വളകൾ കിലുക്കി, സംസാരിച്ചു; തെളിഞ്ഞ വയലറ്റു നിറമുള്ള പട്ടുസാരിയായിരുന്നു ധരിച്ചിരുന്നത്. ഓരോ കാൽവിരലിലും കാതിലും വളയങ്ങളണിഞ്ഞിരുന്നു. പരുത്തി മുണ്ടു ധരിച്ച് ചായകുടിച്ചുകൊണ്ടിരുന്ന മീശക്കാരായ കർഷകർ ആർത്തിയുള്ള കണ്ണുകളാൽ അവളെ വിവസ്ത്രയാക്കിക്കൊണ്ടിരുന്നു.
അധികം വൈകാതെ, അവർ അവൾക്ക് ഞാനുമായി, ഒരു വിദേശിയുമായുള്ള, ബന്ധത്തെപ്പറ്റിയും അവളുടെ വിലയെപ്പറ്റിയും അവൾ എന്തൊക്കെ ചെയ്യും എന്തൊക്കെ ചെയ്യില്ല എന്നതിനെപ്പറ്റിയും അവളുടെ അംഗവടിവിന്റെ ഗുണദോഷങ്ങളെപ്പറ്റിയും അവളെവിടെ ജോലിചെയ്യുന്നുവെന്നതിനെപ്പറ്റിയും അവൾ വിലക്കിഴിവുകൾ കൊടുക്കുമോ ഇല്ലയോ എന്നതിനെപ്പറ്റിയുമൊക്കെ ഉറക്കെ ചർച്ചചെയ്യാൻ തുടങ്ങി. വഴിനീളെ, ഒരു ദേവദാസിയാകുന്നതിന്റെ ഗുണങ്ങളെപ്പറ്റിയും ആൾക്കാർ അവളെ ബഹുമാനിക്കുന്നതിനെപ്പറ്റിയും ഉയർന്ന ജാതിക്കാരുടെ വിവാഹങ്ങൾക്കുപോലും അവളുടെ അനുഗ്രഹം തേടുന്നതിനെപ്പറ്റിയുമൊക്കെ എന്നോട് പറയുകയായിരുന്നു റാണി. അതുകൊണ്ട് ഈ സംഭവം, പരസ്യമായ ഈ നാണംകെടുത്തൽ, അവളെ വല്ലാതെ വിഷമിപ്പിച്ചു.
ഒടുവിൽ, കർഷകരുടെ വലിയ പൊട്ടിച്ചിരികൾക്കും വൃത്തികെട്ട വർത്തമാനങ്ങൾക്കുമിടയിൽ ആ ചായക്കടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അവളുടെ ഭാവംമാറിയിരുന്നു. പട്ടണത്തിന്റെയറ്റത്ത് പുഴക്കരയിലെ ആൽമരത്തിന്റെ കീഴെയിരുന്നപ്പോൾ അവളുടെ സന്തോഷവും ഉല്ലാസവുമെല്ലാം പോയി അവൾ ദുഃഖിതയായി മാറിയിരുന്നു. അപ്പോഴാണ് ഈ ജീവിതത്തിലേക്കു വന്നതെങ്ങനെയെന്ന് അവൾ എന്നോട് പറഞ്ഞത്.
***
'എന്റെ അച്ഛനമ്മമാർ എന്നെ നേർന്നപ്പോൾ എനിക്ക് ആറുവയസ്സായിരുന്നു,' അവൾ പറഞ്ഞു. 'ആ സമയത്ത് എനിക്ക് യാതൊന്നും തോന്നിയില്ല, എന്തിനാണവർ ഇതുചെയ്യുന്നതെന്ന അത്ഭുതം മാത്രം. ഞങ്ങൾ വലിയ ദാരിദ്ര്യത്തിലായിരുന്നു. ഒരുപാട് കടമുണ്ടായിരുന്നു. അച്ഛൻ കള്ളുകുടിച്ചും വാതുവെച്ചും സമ്പാദിച്ചതിൽ കൂടുതൽ ചെലവാക്കിയതുകൊണ്ട് പൈസയ്ക്കു വേണ്ടി വല്ലാതെ ആഗ്രഹിച്ചിരുന്നു. അച്ഛൻ പറഞ്ഞു, ''ഇത് നമ്മളെ പണക്കാരാക്കും, നമ്മൾ മാന്യമായി ജീവിക്കും.''
'ആ പ്രായത്തിൽ എനിക്ക് ദേവിയോട് ഭക്തിയൊന്നുമുണ്ടായിരുന്നില്ല.
ഓടിട്ട മേൽക്കൂരയും കോൺക്രീറ്റുഭിത്തിയുമുള്ള ഒരു നല്ല വീട്ടിൽ സുഖകരമായ ഒരു ജീവിതമുണ്ടാകുന്നതും കൂടുതൽ പണമുണ്ടാകുന്നതും മാത്രമായിരുന്നു എന്റെ സ്വപ്നം. എവിടെനിന്ന് പണം വരുമെന്നും അതിനുവേണ്ടി ഞാൻ എന്തുചെയ്യേണ്ടിവരുമെന്നും അറിയില്ലായിരുന്നുവെങ്കിലും ആ സങ്കല്പത്തിൽ ഞാൻ സന്തോഷവതിയായിരുന്നു.
'എനിക്ക് ആദ്യത്തെ ആർത്തവമുണ്ടായ ഉടൻതന്നെ അച്ഛൻ 500 രൂപയ്ക്കും ഒരു പട്ടുസാരിക്കും ഒരു ചാക്ക് ധാന്യത്തിനും വേണ്ടി എന്നെ അടുത്തുള്ള ഗ്രാമത്തിലെ ഒരു ആട്ടിടയന് വിറ്റു. ആ സമയമായപ്പോഴേക്കും വരാൻ പോകുന്നതെന്തെന്ന് ഞാൻ ഏറക്കുറെ മനസ്സിലാക്കിയിരുന്നു; കാരണം, അയൽക്കാർ അവരുടെ പെൺമക്കളോടു ചെയ്തതും ആൾക്കാർ അവരുടെ വീട്ടിൽ വരുന്നതും പോകുന്നതുമെല്ലാം ഞാൻ കണ്ടിരുന്നു. എനിക്ക് ലൈംഗികത്തൊഴിൽ ചെയ്യണ്ട എന്ന് പലവട്ടം ഞാൻ അച്ഛനമ്മമാരോടു പറഞ്ഞിരുന്നു. അവർ തലകുലുക്കിയപ്പോൾ ഞാൻ കരുതി അവർ സമ്മതിച്ചുവെന്ന്.
'പക്ഷേ, ഒരു ദിവസം, ചേച്ചിയുടെ കുഞ്ഞിനെ നോക്കാനെന്നും പറഞ്ഞ് എന്നെ മറ്റൊരു ഗ്രാമത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച് ബലമായി എന്നെ ആട്ടിടയന് കൊടുത്തു. എനിക്കപ്പോൾ വെറും പതിനാലു വയസ്സായിരുന്നു.
'അതിങ്ങനെയാണുണ്ടായത്. ചേച്ചിയുടെ വീട്ടിൽ ഞങ്ങളെത്തിയ രാത്രി അവർ കോഴിയെക്കൊന്ന് കറിവെച്ചിരുന്നു - റൊട്ടിയും ചോറുമൊക്കെയായി പണക്കാർപോലും സ്വപ്നം കാണുന്നതരം ഒരു സദ്യനടത്തി. അതിനുശേഷം അമ്മ ഞങ്ങളുടെ ഗ്രാമത്തിലേക്കും ഞാൻ അമ്മായിയോടൊപ്പം ഉറങ്ങാനും പോയി. അയാൾ ഒൻപതുമണിയോടടുത്ത് വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. എല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരുന്നു.
'എന്തോ സംഭവിക്കാൻ പോകുന്നുവെന്നറിഞ്ഞ ഞാൻ കരയാൻ തുടങ്ങി. ഒരു ദേവദാസികൂടിയായ അമ്മായി പറഞ്ഞു, ''കരയാൻ പാടില്ല, ഇത് നിന്റെ ധർമമാണ്, നിന്റെ ജോലി. കരയുന്നത് അശുഭമാണ്.'' അയാൾ ഏകദേശം ഇരുപത്തിരണ്ട് വയസ്സുള്ള ഒരു കരുത്തനായിരുന്നു. അമ്മായി വീട്ടിൽനിന്ന് പുറത്തിറങ്ങി. ഞാനയാളെ തൊഴിക്കാനും മാന്താനുമൊക്കെ ശ്രമിച്ചെങ്കിലും അയാൾ ബലംപ്രയോഗിച്ചു. ഒടുവിൽ അച്ഛനോട് ഉറപ്പുപറഞ്ഞ 500 രൂപ മുഴുവൻ തരാതെ അയാൾ എന്നെ പറ്റിക്കുകയും ചെയ്തു. എന്റെ ശരീരം ഞാനയാൾക്ക് കൊടുത്തെങ്കിലും അയാൾ എന്നെ ഉപയോഗിച്ചു, വഞ്ചിച്ചു.
'പിറ്റേന്നു രാവിലെ ഞാൻ അമ്മായിയെ ചീത്തവിളിച്ചു. ''തേവിടിശ്ശീ, നിങ്ങൾ എന്നെയും തേവിടിശ്ശിയാക്കി.'' അവർ എന്റെ നേരെ ചിരിച്ചു. ഞാൻ ഇപ്പോഴും എന്റെ അമ്മയെ ശപിക്കാറുണ്ട്. അവർ കാരണമാണ് എന്റെ ജീവിതം നശിച്ചത്. രണ്ടുവർഷത്തോളം ഞാൻ വലിയ വിഷമത്തിലായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചതേയില്ല. ആ സമയത്ത് ഞാൻ ലൈംഗികത്തൊഴിൽ ചെയ്യാൻ വിസമ്മതിച്ചു. പകരം, ഞാൻ ഇവിടത്തെ ഉള്ളിപ്പാടങ്ങളിൽ ദിവസം അമ്പതു പൈസ കൂലിക്ക് ജോലിചെയ്തു.
'ഒടുവിൽ ഞാനെന്റെ ദേവദാസി അമ്മായിയോടൊപ്പം ബോംബെയ്ക്കു പോയി. അവരെനിക്ക് പട്ടണം കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നു. ട്രെയിനിലാണ് പോയത്. ആദ്യത്തെ യാത്രയായതുകൊണ്ട് ഞാൻ വലിയ ഉല്ലാസത്തിലായിരുന്നു. വീണ്ടും പറ്റിക്കപ്പെടുമെന്ന് കരുതിയതേയില്ല. പക്ഷേ വണ്ടിയിറങ്ങിയപ്പോൾത്തന്നെ അവരെന്നെ ഒരു റിക്ഷയിൽ നേരെ ഒരു വേശ്യാലയത്തിലെത്തിച്ചു. അവരുടെ ഒരു സുഹൃത്തായിരുന്ന ഘർവാലിക്ക് - അവിടുത്തെ കൊച്ചമ്മയ്ക്ക് - എന്നെ ഏല്പിച്ചുകൊടുത്തു.
'വലിയ കൗശലക്കാരിയായിരുന്നു ഘർവാലി. അവരെന്നെ ഒന്നിനും നിർബന്ധിച്ചില്ല, എന്നോട് നന്നായി പെരുമാറുകയും ചെയ്തു. ഒരുപാട് മിഠായികളൊക്കെ തന്നിട്ട് മറ്റു കുട്ടികളെ പരിചയപ്പെടുത്തിത്തന്നു. അവരെല്ലാം നല്ല സാരികളും മനോഹരമായ ആഭരണങ്ങളും ധരിച്ചിരുന്നു. അത്രയധികം സ്വർണമോ പട്ടോ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നില്ല! സത്യത്തിൽ ബൽഗാമിലെ ഒരു സ്ത്രീക്കുപോലും ഇങ്ങനെയെന്തെങ്കിലുമൊക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ഇതാണ് നല്ല ജീവിതമെന്ന് ഞാൻ കരുതി. ഞാൻ നല്ല സുന്ദരിയായിരുന്നതുകൊണ്ട് ഘർവാലി അമ്മായിക്ക് 2000 രൂപ കൊടുത്തു. എന്നാൽ അവരെന്നോട് ആദ്യമേ ദണ്ഡ (ലൈംഗികത്തൊഴിൽ) ചെയ്യാനൊന്നും പറഞ്ഞില്ല, എനിക്കെന്റെ സമയമെടുക്കാമെന്ന് പറഞ്ഞു. ആ ഒരു മാസം എനിക്ക് ചെയ്യേണ്ടിയിരുന്നത് പാചകത്തിലും വീടു വൃത്തിയാക്കുന്നതിലുമൊക്കെ സഹായിക്കുക മാത്രമായിരുന്നു. എനിക്കതിൽ വലിയ സന്തോഷവുമായിരുന്നു. ബോംബെ എനിക്കിഷ്ടപ്പെട്ടു. ഞാൻ സാഗർ ഹോട്ടലിൽ നിന്ന് രസികൻ ബിരിയാണി കഴിച്ചു. ഒരിക്കൽ വഴിയിലൂടെ അമിതാബ് ബച്ചൻ കാറിൽ പോകുന്നതു കണ്ടു.
'അധികം വൈകാതെ തന്നെ ഒരു പണക്കാരൻ വീടു വൃത്തിയാക്കിക്കൊണ്ടിരുന്ന എന്നെ കണ്ടു. അയാൾ മറ്റെല്ലാ പെൺകുട്ടികളെയും നിരസിച്ച് എന്നെ ആവശ്യപ്പെട്ടു. അയാൾ വലിയ തടിയനായിരുന്നതുകൊണ്ട് എനിക്ക് പേടിയായി. നിങ്ങളെക്കാളും തടിയനായിരുന്നു അയാൾ. അതുകൊണ്ട് സൂത്രക്കാരിയായ ഘർവാലി കുറച്ച് ചെറുപ്പക്കാരെ എന്റെയടുത്തേക്ക് വിട്ടു. അവരൊക്കെ എനിക്ക് ചേർച്ചയുള്ള മെലിഞ്ഞ സുന്ദരന്മാരായിരുന്നു. ഒടുവിൽ അതിലൊരാളുടെ കൂടെക്കിടക്കാൻ ഞാൻ സമ്മതിച്ചു. ഇവിടത്തെ മനുഷ്യരെപ്പോലെയല്ല, അവരൊക്കെ വളരെ മയമുള്ളവരായിരുന്നു. ഞങ്ങൾ കോണ്ടമൊന്നും ഉപയോഗിച്ചില്ല - അന്നൊന്നും എനിക്കതിനെപ്പറ്റി അറിയാനേ പാടില്ലായിരുന്നു.
'ഒടുവിൽ ഞാനാ തടിയനെയെടുക്കാൻ സമ്മതിച്ചു. അയാളെനിക്ക് 5000 രൂപ പറഞ്ഞു, ഘർവാലി എനിക്കതിന്റെ പാതി തന്നു - 2500 രൂപ! നാട്ടിലെ കുഗ്രാമത്തിൽ ഉള്ളി പെറുക്കിയിരുന്നെങ്കിൽ ഇരുപതുവർഷമെടുത്തേനെ അത്രയുമുണ്ടാക്കാൻ. ഞാൻ കന്യകപോലുമായിരുന്നില്ല; അപ്പോഴേക്കും ഉപയോഗിച്ച ചരക്കായിക്കഴിഞ്ഞിരുന്നു ഞാൻ. അതുകൊണ്ട് ഞാനവിടെ നിന്നു, ആദ്യത്തെ വർഷം ചില അസുഖമൊക്കെ വന്നെങ്കിലും നാലുവർഷം അവിടെ നിന്നു.
'അപ്പോഴേക്കും എനിക്ക് ആദ്യത്തെ രണ്ട് കുട്ടികളുണ്ടായി - ഒരു മകളും ഒരു മകനും. അവർക്കുവേണ്ടിക്കൂടിയാണ് ഞാൻ ഗ്രാമത്തിലേക്ക് തിരിച്ചുവന്നത്. ഞാൻ എന്റെ അമ്മയുടെ കൂടെ താമസിച്ചു. കഴിഞ്ഞ പതിനെട്ടുവർഷം ഗ്രാമത്തിലെ വീട്ടിലാണ് ഞാൻ ദണ്ഡ നടത്തിയിരുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്കൊരു കാമുകനെക്കിട്ടി - നാട്ടിലുള്ള വലിയൊരാളാണ്. അയാൾക്ക് കുടുംബമൊക്കെയുണ്ട് - ഭാര്യ, രണ്ട് ആൺമക്കൾ, രണ്ട് പെൺമക്കൾ - അയാളെനിക്ക് പണം തന്നിരുന്നു. അയാളിൽനിന്നാണ് എന്റെ രണ്ടാമത്തെ മകൾ. അയാൾക്ക് കൂടുതൽ കുട്ടികൾ വേണമെന്നുണ്ടായിരുന്നു, എനിക്ക് വേണ്ടെന്നും. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത്; ഒന്നിച്ചുള്ള ഞങ്ങളുടെ കാലം സന്തോഷകരമായിരുന്നെങ്കിലും.
'ഞാനിപ്പോഴും സുന്ദരിയായതുകൊണ്ട് എനിക്ക് ഭാഗ്യമുണ്ട്, നന്നായി പണമുണ്ടാക്കി. ഒരു ഇടപാടുകാരനിൽനിന്ന് എനിക്കിപ്പോഴും 200-300 ഒക്കെ വാങ്ങാൻ പറ്റും. ചിലപ്പോഴൊക്കെ ഇത് അന്തസ്സില്ലാത്ത പണിയാണെന്ന് തോന്നും, ശരിയാണ്. അരക്ഷിതാവസ്ഥയുമുണ്ട്. എന്നാൽ ഞാൻ എന്റെ സഹോദരിയുടെ വിവാഹം നടത്തി, എന്റെ അമ്മയെയും മകനെയും സംരക്ഷിച്ചു. ഈ ജോലിയിൽ നിന്നുള്ള പണംകൊണ്ട് ഞാൻ എട്ടേക്കർ സ്ഥലം വാങ്ങി. അതിൽ ഞങ്ങൾക്ക് നാല് എരുമകളും നാല് കാളകളുമുണ്ട്. ദേവിയുടെ കരുണയുണ്ടെങ്കിൽ, കുറച്ചു പൈസകൂടി സമ്പാദിച്ചുകഴിഞ്ഞാൽ, ഞാനീ പണിയിൽ നിന്ന് രക്ഷപ്പെട്ട് പാലും തൈരും വിറ്റ് ജീവിക്കും.'
പെൺമക്കളെപ്പറ്റി പ്രത്യേകം ചോദിച്ചപ്പോഴാണ് റാണി അവരെപ്പറ്റി പറഞ്ഞത്.
'ഒരാൾ പാട്ടുകാരിയായിരുന്നു. പതിനാലു വയസ്സുള്ളപ്പോൾ അവൾ ഒളിച്ചോടിപ്പോയി. ഒരുകൊല്ലം കഴിഞ്ഞവൾ തിരിച്ചുവന്നപ്പോൾ അവളെ കല്യാണം കഴിക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ അവൾ ദേവദാസിയായി.'
'മറ്റേ കുട്ടിയോ?'
'മറ്റവൾക്കെന്തോ ത്വക് രോഗമുണ്ടായിരുന്നു. തുടയിൽ മുഴുവൻ വെളുത്ത പാടുകൾ. ഞങ്ങൾ കുറെ ഡോക്ടർമാരെ കണ്ടെങ്കിലും ആരും ഭേദപ്പെടുത്തിയില്ല. ചേച്ചിയെപ്പോലെ അവളെയും കെട്ടാനാരും വന്നില്ല. അങ്ങനെ ഞാനവളെയും നേർന്നുകൊടുത്തു.'
'നിങ്ങളെ നേർന്നതിന് സ്വന്തം അമ്മയോട് ദേഷ്യപ്പെട്ട നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ പറ്റി? ഇത് അന്തസ്സില്ലാത്ത പണിയാണെന്ന് നിങ്ങൾതന്നെ പറഞ്ഞല്ലോ.'
'എന്റെ മക്കൾ എന്നെ ശപിച്ചു,' റാണിബായി സമ്മതിച്ചു, 'ഞാനെന്റെ അമ്മയെ ശപിച്ചതുപോലെ.'
'കുറ്റബോധം തോന്നിയില്ലേ?'
'എനിക്കിഷ്ടമുണ്ടായിട്ടല്ല, പക്ഷേ മറ്റു വഴിയില്ലായിരുന്നു.' റാണി പറഞ്ഞു.
'അവരിപ്പോളെവിടെയാണ്?' ഞാൻ ചോദിച്ചു. 'ഇവിടെയുണ്ടോ? അതോ ബോംബെയിലോ?'
അത് ചോദിച്ചപ്പോൾ ഒരു വലിയ നിറുത്തലുണ്ടായി. പിന്നെ റാണി നിസ്സാരമട്ടിൽ പറഞ്ഞു, 'എനിക്കവരെ നഷ്ടപ്പെട്ടു.'
'എന്നുവെച്ചാൽ?' ഞാൻ ചോദിച്ചു.
'രണ്ടാളും മരിച്ചു. കഴിഞ്ഞ ജന്മത്തിലെ പാപഫലമാവും ദേവി എന്നെ ഇങ്ങനെ ശപിച്ചത്. ഒരുത്തി മെലിഞ്ഞുണങ്ങി വയറ്റിലസുഖം പിടിച്ച് മരിച്ചു. മറ്റവൾക്ക് പനിയായിരുന്നു.'
റാണി തുറന്നു പറഞ്ഞില്ലെങ്കിലും അവളുടെ രണ്ടു മക്കളും എയ്ഡ്സ് പിടിച്ചാണ് മരിച്ചതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ഒരാൾ ഒരു വർഷം മുൻപ് പതിനഞ്ചാമത്തെ വയസ്സിൽ. മറ്റവൾ ആറുമാസം കഴിഞ്ഞ് പതിനേഴാം വയസ്സിലും.
(‘ഒമ്പത് ജീവിതങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്)
Content Highlights: Explores the harsh realities of the Devadasi tradition through the lives of Rani Bai and Kaveri., Details the journey to the historic Yellamma temple in Saundatti, North Karnataka., Uncovers the socioeconomic struggles, stigma, and tragedies faced by marginalized women., Excerpt from William Dalrymple's acclaimed non-fiction book 'Nine Lives'.
Published: 29 Oct 2026, 11:27 am IST
ABOUT THE AUTHOR
പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരനും സഞ്ചാരസാഹിത്യകാരനും. കൂടാതെ, അറിയപ്പെടുന്ന നിരൂപകനും കലാചരിത്രകാരനും വിദേശലേഖകനും ബ്രോഡ്കാസ്റ്ററുമാണ്. വിര്ജീനിയ വുള്ഫിന്റെ കസിനായ സര് ഹ്യൂ ഹാമില്ട്ടണ്-ഡാല്റിംപിളിന്റെ മകനായി 1965 മാര്ച്ച് 20-ന് സ്കോട്ട്ലന്ഡില് ജനിച്ചു. നോര്ത്ത് യോര്ക്ക്ഷെയറിലെ ആംപിള്ഫോര്ത്ത് കോളേജിലും കേംബ്രിഡ്ജിലെ ട്രിനിറ്റിയിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കി. ഇരുപത്തിനാലാം വയസ്സില് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ ഇന് സാനഡു ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented