നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്യപ്പാ.' നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അത് ആയിത്തീരാൻ നാം തയ്യാറെടുക്കും

ആചാര്യ എം.ആർ .രാജേഷ് രചിച്ച ‘അയ്യപ്പരഹസ്യം’ എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗം.
കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാലോചിക്കാം? എല്ലാ അയ്യപ്പൻമാരും ഒന്നുകിൽ കറുപ്പ് അല്ലെങ്കിൽ നീലനിറത്തോടുകൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മൾ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മൾ പലതും അനുഷ്ഠിക്കുമ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല.
വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാൻ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളിൽ ഏറ്റവും കൂടുതൽ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിർ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി.
ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ'യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മൾ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാൾ ആഘോഷിക്കുക. അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ പ്രാധാന്യത്തോടു കൂടി പ്രവർത്തിക്കുന്നുവെന്ന് ഋഷിമാർ പറഞ്ഞുെവച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവൻ, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളിൽ. നീലഗ്രീവയിൽ അഗ്നിതത്ത്വം കൂടുതലുണ്ട്.
നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോൾ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.
അഗ്നിയുടെ വർണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാർ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോൾ അയ്യപ്പഭക്തൻ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോൾ അഗ്നിവർണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാൽ താൻ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നർഥം.
ഭാരതത്തിൽ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങൾ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. കാളിദാസൻ എന്നു പറയുന്ന സാധാരണക്കാരനായ ഒരാൾ 'കാളിദാസൻ' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീർന്നപ്പോൾ ആ കവിത്വത്തിന്റെ ഉള്ളിൽ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്.
കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീർന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവർണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താൻ സ്വയം അഗ്നി ആവാൻ ശ്രമിക്കുകയാണ്.
സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പൻ തന്റെ വസ്ത്രങ്ങളിൽപ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തിൽ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പൻ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാർ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്.
കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളിൽ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തിൽ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സിൽ മാറ്റം വരുത്തും.
നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വർണശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങൾ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തൻ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വർണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു. അഗ്നി ഈശ്വരൻ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈ ആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം.
ഇതുകൊണ്ട് നമ്മുടെ ഉള്ളിൽ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തിൽ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളിൽ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം.
ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാൽ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയർന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാൻ സാധിക്കും.
കാരണം, ഒരു സാധകന്റെ വളർച്ചയിൽ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങൾ വരണം.
ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തിൽ മാറ്റം വരുന്നു, വസ്ത്രത്തിൽ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കൽ.
ശരണംവിളിയുടെ രഹസ്യം
ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. 'സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്യപ്പൻമാരും അയ്യപ്പ ഭക്തൻമാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗ്വേദത്തിൽ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനിൽ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളിൽ വേണം.
അപ്പോൾ ഭക്തൻ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകൾ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തിൽ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. 'ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ' എന്ന് പുരുഷസൂക്തത്തിൽ പ്രസ്താവിക്കുന്നതു കാണാം. യജുർവേദത്തിൽ ഉള്ളതാണിത്. 'ചന്ദ്രമാ മനസോ... സൂര്യോജായതാ' - കണ്ണുകൾ സൂര്യൻമാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് 'ഘൗിമശേര' ഭ്രാന്തെന്ന് അർഥം വരുന്ന വാക്ക്, 'ഘൗിമൃ' ചന്ദ്രൻ എന്ന വാക്കിൽനിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്.
അപ്പോൾ നാക്കിൽ എന്താണ് ഇരിക്കുന്നത്? നാക്കിൽ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീനഗ്രന്ഥങ്ങളിൽ കാണാം. ജിഹ്വയിൽ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തിൽ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുമ്പോൾ നാക്കിൽ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.
മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കിൽനിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്യപ്പന്മാർക്കുണ്ടാകേണ്ടത്. കാരണം, നാക്കിൽ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുമ്പോൾ 'സ്വാമിയേ ശരണം അയ്യപ്പാ' എന്ന് നിരന്തരം പറയുമ്പോൾ, നാവിലൂടെ ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും.
കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്കാരവും അത്യുന്നതമായിരിക്കും.
ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാർ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്.
നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്യപ്പാ.'നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അത് ആയിത്തീരാൻ നാം തയ്യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികൾ ഉണ്ടാകും.
അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തിൽ പൂർണമായി അയ്യപ്പതത്ത്വത്തെ ദർശിക്കാൻ. നമ്മുടെ ഉള്ളിലുള്ള അയ്യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്.
നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാൻ കഴിയും.
ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനിൽനിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. 'സ്വാമിയേ ശരണം അയ്യപ്പാ' എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്ഫോടനാത്മകമായ പരിവർത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനിൽനിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്യും. ഇതാണ് ശരണംവിളിയുടെ രഹസ്യാർഥം.
Published: 05 Nov 2026, 11:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented