കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' പ്രകാശനം ചെയ്തു. ആദ്യപ്രതി ഇന്ന് രാവിലെ 10 മണിക്ക് കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്സ്‌റ്റോറിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഡയറക്ടർ - ഡിജിറ്റൽ ബിസിനസ്‌ മയൂര ശ്രേയാംസ് കുമാർ ഹൈബി ഈഡൻ എം.പിക്ക് നൽകി. ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, രാജീവ് വധത്തെത്തുടർന്നുണ്ടായ രാഷ്ട്രീയപ്രവേശം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സംഭവബഹുലമായ ജീവിതം പ്രമേയമാകുന്ന പുസ്തകം ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്.

To advertise here,

പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട് നേരത്തേ വിവാദങ്ങൾ ഉണ്ടായിരുന്നു.എന്നാൽ രാഷ്ട്രീയമോ വിവാദങ്ങളോ അല്ല ലക്ഷ്യമെന്നും യഥാർത്ഥ ജീവിതം പറയുക മാത്രമാണെന്നും സോണിയാ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങിയ ഹൈബി ഈഡൻ പുസ്തകത്തിന്റെ രചനാരീതി താല്പര്യമുണർത്തുന്നതാണെന്ന് അഭിപ്രായപ്പെടുകയും ആദ്യ ഭാഗത്തിലെ ചില വരികൾ വായിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ പരിചയപ്പെട്ട കാലത്തെ അദ്ദേഹത്തെക്കുറിച്ചുള്ള വിവരണമായിരുന്നു ആദ്യ ഭാഗത്തിൽ.

‘ഉയരമുള്ളവനും കറുത്ത ആഴമേറിയ കണ്ണുകളുള്ള മനോഹരനുമായ അവൻ തന്റെ കൂട്ടുകാരിലെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിന്നിരുന്നു. ഞാനും എന്റെ കൂട്ടുകാരും സ്ഥിരമായി പോകാറുള്ള 'വാഴ്സിറ്റി' (Varsity) എന്ന ഗ്രീക്ക് റെസ്റ്റോറന്റിൽ എന്റെ മേശയ്ക്ക് എതിർവശത്തുള്ള മേശയിലാണ് സാധാരണയായി അവർ ഇരിക്കാറുണ്ടായിരുന്നത്. 1960-കളുടെ മധ്യത്തിൽ കേംബ്രിഡ്ജിൽ ഇറ്റാലിയൻ ഭക്ഷണത്തോട് കുറച്ചെങ്കിലും സാമ്യമുള്ള ഭക്ഷണം ലഭിച്ചിരുന്ന ഒരേയൊരു സ്ഥലം അതായിരുന്നു. എനിക്ക് പത്തൊൻപത് വയസ്സ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, കൂടാതെ ജാരറ്റ് സ്കൂൾ ഓഫ് ഇംഗ്ലീഷിൽ (Jarrett School of English) പഠിക്കാനായി ഇറ്റലിയിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിയിട്ട് ഏതാനും ആഴ്ചകളെ ആയിരുന്നുള്ളൂ. എനിക്ക് എല്ലാം അന്യമായിരുന്നു: ഭാഷ, ആളുകൾ, അതിലുപരി ഭക്ഷണം. ആ ദിവസങ്ങളിൽ എന്റെ മാതാപിതാക്കളെ അന്താരാഷ്ട്ര ഫോൺ കോളുകൾ വഴി ബന്ധപ്പെടുക ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഞാൻ അമ്മയ്ക്ക് പതിവായി കത്തെഴുതുമായിരുന്നു: എനിക്ക് വീട് എത്രമാത്രം ഓർമ്മവരുന്നുവെന്ന്—അമ്മയെയും എന്റെ സഹോദരിമാരെയും എന്റെ കൂട്ടുകാരെയും എത്രത്തോളം കാണാൻ ആഗ്രഹിക്കുന്നുവെന്ന്; ഇംഗ്ലീഷുകാർ എത്രത്തോളം അപരിചിതരും വ്യത്യസ്തരുമാണെന്ന് ; അവരുടെ കാലാവസ്ഥ എത്രത്തോളം തണുപ്പുള്ളതാണെന്നും അവരുടെ ഭക്ഷണം എത്രത്തോളം ഭീകരമാണെന്നും ." എന്ന ഭാഗമാണ് എം പി വായിച്ചത്.

തുടർന്ന് സോണിയാ ഗാന്ധിയോടൊപ്പമുള്ള പാർലമെന്റ് അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു .എന്ത് ആരോഗ്യ-രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെങ്കിലും കൃത്യമായി പാർലമെന്റിൽ പങ്കെടുക്കുന്ന സോണിയാ ഗാന്ധി തുടക്കക്കാരായ തങ്ങൾക്ക് മാതൃകയായിരുന്നെന്നും സമരങ്ങൾക്ക് പ്രചോദനമായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു.

പുസ്തകം മാതൃഭൂമി ബുക്സ്‌റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.