അനു സിനുബാലിന്റെ മരണങ്ങളുടെ പുസ്തകത്തിൽ നിന്നും ഒരു ഭാഗം

ഞങ്ങൾ മൂന്നു മക്കൾക്കും അമ്മ സമ്മാനമായി തന്നതു മൈഗ്രെയ്നും വെരിക്കോസ് വെയ്നും ആണെന്നു പകുതി തമാശയായി അമ്മയോടുതന്നെ പറയാറുണ്ടായിരുന്നു ഞാൻ. എനിക്ക് ഓർമ്മയുള്ള കാലംതൊട്ടേ അമ്മയെ വിടാതെ പിന്തുടരുന്ന രണ്ടുപേരായിരുന്നു ഇവർ. ശസ്ത്രക്രിയ കഴിഞ്ഞിട്ടും തടിച്ചുകൂടുന്ന കാൽവണ്ണയിലെ ഞരമ്പുകൾ അമ്മയെ വേദനിപ്പിക്കുകയും കടുകരച്ചിട്ടും തുണി നനച്ചിട്ടും തോർത്തു മുറുക്കിക്കെട്ടിയുമൊക്കെ മറികടക്കാൻ ശ്രമിക്കുന്ന തലവേദന അമ്മയെ ഇത്തിരി നേരത്തേക്കെങ്കിലും നിസ്സഹായയാക്കുകയും ചെയ്തുപോന്നു. ഇവ രണ്ടിനെയും എങ്ങനെയെങ്കിലുമൊക്കെ മറികടന്നു വീട്ടിലെ ജോലികളെല്ലാം തീർത്തും എല്ലാവരുടെയും ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുത്തും മുന്നോട്ടുപോയ അമ്മയെ ആദ്യമായി കിടത്തിക്കളഞ്ഞത് ഒരു വീഴ്ചയാണ്. 2003 ഡിസംബറിലെ ഒരു വെളുപ്പാങ്കാലത്തു ടെറസ്സിൽ നട്ടുവളർത്തിയ പയർ പറിക്കാൻ കയറിയ അമ്മ എങ്ങനെയോ പടിക്കു മുകളിൽനിന്ന് ഒരു വീഴ്ച വീണു. ഒടിവു പറ്റിയെങ്കിലും പ്ലാസ്റ്ററിട്ടു മൂന്നാഴ്ചയോ മറ്റോ കിടന്ന്, അമ്മ വീണ്ടും എഴുന്നേറ്റു നടന്നു. പൂർവ്വാധികം ഉഷാറായി വീട്ടിലെ ജോലികളെല്ലാം അമ്മതന്നെ ചെയ്തു. പക്ഷേ, ആ വീഴ്ച ഒരു തുടക്കമായിരുന്നു. പിന്നെയും ഓരോ വർഷം ഇടവിട്ട് അമ്മ വീഴുകയും എല്ലൊടിക്കുകയും ചികിത്സിച്ചു പഴയ പടിയാക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും കാലുവേദന സ്ഥിരം സംഭവമായി. ഡോക്ടർമാർ പലരെയും കണ്ടു. അസ്ഥിക്കു ബലക്ഷയമുണ്ടെന്ന കണ്ടെത്തലായിരുന്നു ആദ്യം. അതിനുള്ള ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല.
ഖലീജ് ടൈംസിൽ ജോലി തുടങ്ങിയശേഷമാണ് കാൻസർസംബന്ധമായ വാർത്തകൾ സ്ഥിരമായി കൈകാര്യംചെയ്തു തുടങ്ങിയത്. ഒക്ടോബർതോറും നടക്കുന്ന പിങ്ക് കാരവൻ, ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് എന്ന FOCP... അങ്ങനെ അങ്ങനെ ഒട്ടേറെ വാർത്തകൾ. പരിചിതമായ രോഗം എന്ന അവസ്ഥയിലേക്ക് കാൻസറിനെ എത്തിച്ചത് ഇവയൊക്കെയാണ്. ഏതാണ്ട് ആറു വർഷം മുമ്പ് ഒരുദിവസം ഓഫീസിൽ ജോലിയിൽ ഇരിക്കുമ്പോഴാണ് അന്നു നാട്ടിൽ അവധിക്കെത്തിയ ചേച്ചി വിളിക്കുന്നത്. അമ്മയുടെ തുടർച്ചയായ കാലുവേദനയ്ക്കു വീടിനു തൊട്ടടുത്ത മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോൾ അവരാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലേക്കു റഫർ ചെയ്തത്. അവിടുത്തെ ടെസ്റ്റുകളുടെ ഫലം അറിഞ്ഞിട്ടുള്ള വിളിയായിരുന്നു അത്.
അമ്മയ്ക്കു ‘മൾട്ടിപ്പിൾ മൈലോമ’ രോഗമാണ് എന്ന വിവരം കേട്ടപ്പോൾ ആകെ തളർന്നു.
ആദ്യമായാണ് ഞാൻ ആ രോഗത്തെക്കുറിച്ചു കേൾക്കുന്നത്. ഏതൊരു സാഹചര്യത്തിലും എന്നപോലെ ഗൂഗിൾതന്നെ സഹായത്തിനെത്തി. പക്ഷേ, അവിടെ കണ്ട വിവരങ്ങളും ഡോക്ടർ പറഞ്ഞ വിവരങ്ങളും ഭയപ്പെടുത്തുന്നതായിരുന്നു. സെക്കൻഡ് സ്റ്റേജിൽ എത്തിയ അമ്മയുടെ അവസ്ഥ അപകടകരമാണ് എന്നായിരുന്നു ലഭിച്ച വിവരം. അമ്മയ്ക്ക് ഇനി അധികം ആയുസ്സില്ല എന്ന തോന്നൽ തന്നെ ഭയപ്പെടുത്തുന്നതായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്നേടത്ത് എനിക്കു ചലനമറ്റ അവസ്ഥയിലായി. ആരെയൊക്കെ വിളിച്ചെന്നോ എന്തൊക്കെ സംശയം ചോദിച്ചെന്നോ ഒന്നും ഓർമ്മയില്ല. എവിടെയൊക്കെയോ ആർക്കൊക്കെയോ വന്നുവെന്നു കേട്ടുമാത്രം പരിചയമുള്ള ആളെക്കൊല്ലി രോഗം ഞങ്ങളുടെ വീട്ടിലും എത്തിയിരിക്കുന്നു. അതും കിടപ്പിലായ ദിവസങ്ങളിലല്ലാതെ ഒരിക്കൽപ്പോലും ജീവിതത്തിൽ വിശ്രമിച്ചിട്ടില്ലാത്ത, വീട്ടുകാര്യങ്ങൾ മൊത്തം തലയിലേറ്റി ഓടിനടക്കുന്ന, അമ്മ... അമ്മയുടെ രോഗം അർബ്ബുദത്തിന്റെ വകഭേദമാണ് എന്ന് അമ്മയെ അറിയിക്കാതിരിക്കാൻ നോക്കിയെങ്കിലും അതു പെട്ടെന്നുതന്നെ അമ്മയ്ക്കു മനസ്സിലായി. മാസംതോറും കീമോ ചികിത്സ തുടങ്ങിയപ്പോൾ ഞങ്ങൾ മക്കൾ മൂന്നുപേരും ഊഴമിട്ടു നാട്ടിലേക്കു വന്ന് അമ്മയെ കീമോയ്ക്കു കൊണ്ടുപോയി. ഒറ്റദിവസത്തെ കീമോയെയും അതിന്റെ തളർച്ചയെയുമൊക്കെ അമ്മ ചിരിച്ചുകൊണ്ടാണ് നേരിട്ടതെങ്കിലും ഞങ്ങൾക്ക് ഓരോ നിമിഷവും ഭയപ്പാടുണ്ടാക്കുന്നതായിരുന്നു. വല്യേച്ചി കുറച്ചുനാൾ അമ്മയ്ക്കൊപ്പം വന്നുനിന്ന് അമ്മയുടെ ഭക്ഷണക്രമവും ജീവിതചര്യകളുമൊക്കെ ക്രമപ്പെടുത്തി. വല്ലപ്പോഴും മാത്രം അമ്മ തനിക്കു ‘തീരെ വയ്യെ’ന്നോ ‘ക്ഷീണമുണ്ടെ’ന്നോ ഒക്കെ പറഞ്ഞു. അമ്മയ്ക്കു സഹായത്തിനു വീട്ടിൽ ആളെ നിർത്തിയെങ്കിലും അമ്മയുടെ ചിട്ടകളും ശാഠ്യങ്ങളും അധികമാർക്കും താങ്ങാൻ കഴിയുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ രോഗവും മാറിയും തിരിഞ്ഞും വരുന്ന ഞങ്ങൾ മക്കളും പിന്നെ അച്ഛനും മാത്രമായി അമ്മയുടെ ലോകം തുടർന്നു.
അമ്മയുടെ വീഴ്ചകളും ഒടിവും പതിവുപോലെതന്നെ തുടർന്നു; ഒന്നുകിൽ കുളിമുറിയിൽ, അല്ലെങ്കിൽ അടുക്കളയിൽ, ഇങ്ങനെ ഓരോ ഇടത്തായി അമ്മ വീഴുകയും കാലിന്റെയോ നടുവിന്റെയോ ഒക്കെ എല്ലുകൾ ഒടിക്കുകയും പ്ലാസ്റ്ററിട്ടു കിടക്കുകയും ഒക്കെയായി. ഞങ്ങൾ മൂന്നുപേരുംകൂടാതെ അമ്മയുടെ ഇളയ മോളെന്നു വിളിക്കുന്ന ശ്രീക്കുട്ടി ആൻഡമാനിൽനിന്നും ഒഴിവു കിട്ടുമ്പോഴൊക്കെ അമ്മയെ ശുശ്രൂഷിക്കാൻ ഓടിപ്പിടിച്ചു വന്നു.
ഡോക്ടർ പറഞ്ഞ രണ്ടുമൂന്നു വർഷം എന്ന കാലാവധി കഴിഞ്ഞും കീമോയുടെ സൈക്കിളുകൾ കഴിഞ്ഞും അമ്മ ഉഷാറായിത്തന്നെ തുടർന്നു. കോവിഡ് ചൈനയിൽ എത്തിക്കഴിഞ്ഞാണ് അമ്മ നട്ടെല്ലൊടിച്ച വീഴ്ച വീഴുന്നത്. ആർ.സി.സിയിൽ ചെക്കപ്പിനു കൊണ്ടുപോവാൻ രാവിലെ റെഡിയായി നിൽക്കാൻ ഏർപ്പാടുചെയ്തിട്ടു ഞാൻ ഷാർജയിൽനിന്നു രാത്രി വിമാനം കയറുമ്പോൾ താൻ എല്ലാ കടലാസുകളും തയ്യാറാക്കിവെച്ചുവെന്ന് അമ്മ ഉറപ്പുപറഞ്ഞിരുന്നു. 2020 തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുലർച്ചെ തിരുവനന്തപുരത്തു വിമാനം ഇറങ്ങുമ്പോൾ വണ്ടിയുമായി വരാൻ ആളെ ഏർപ്പാടു ചെയ്തിരുന്നുവെങ്കിലും ആരും വന്നില്ല. അപ്പോഴാണു ചേച്ചി ദുബായിൽനിന്നും വിളിച്ചു വിവരം പറയുന്നത്. പുലർച്ചെ ആശുപത്രിയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ അമ്മ കുളിമുറിയിൽ വീണു.
ഞാൻ നേരേ ടാക്സിയെടുത്തു പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നട്ടെല്ലിനു പൊട്ടലുണ്ടെന്നറിഞ്ഞുകഴിഞ്ഞു. ആംബുലൻസിൽ അമ്മയെയും കയറ്റി ആർ.സി.സിയിലേക്കുതന്നെ പാഞ്ഞു. അവിടുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഓർത്തോ വിഭാഗത്തിലേക്കു റഫർ ചെയ്തു. എം.ആർ.ഐ. എടുത്തു വീട്ടിലെത്തിയശേഷം അമ്മ അതേ കിടപ്പിൽ രണ്ടു മാസത്തോളം കിടന്നു. പിന്നെ എഴുന്നേൽക്കുമ്പോൾ പഴയപോലെ ഓടാൻ വയ്യാതായിക്കഴിഞ്ഞിരുന്നു.
അങ്ങനെ അമ്മയുടെ കാൻസർ എന്ന രോഗത്തെ അടുത്തുകാണുകയും അതു സമ്മാനിച്ച ടെൻഷൻ കുറേയൊക്കെ അനുഭവിക്കുകയും ചെയ്തപ്പോഴാണു രോഗികൾക്ക് എന്നപോലെത്തന്നെ അവർക്ക് ഒപ്പം നിൽക്കുന്ന മനുഷ്യർക്കും ഈ രോഗം എത്രമാത്രം വേദനാജനകമാവും എന്നു മനസ്സിലാക്കുന്നത്.
അമ്മയ്ക്കു പിന്നാലെ അടുത്ത രണ്ടു സുഹൃത്തുക്കളുടെ അമ്മമാരെയും അർബ്ബുദം തേടിയെത്തി എന്നറിഞ്ഞു. ജയറാമിന്റെ മമ്മിക്കു ബ്രെസ്റ്റ് കാൻസർ ആയിരുന്നുവെങ്കിൽ സ്വന്തം മകനെപ്പോലെ ഏറെനാൾ സ്നേഹത്തോടെ സ്വാഗതമരുളി ഭക്ഷണം തന്ന സരിതയുടെ അമ്മയ്ക്കു കുടലിനായിരുന്നു അർബ്ബുദബാധ. ഇവരുടെയൊക്കെ രോഗബാധ മറ്റാർക്കൊക്കെയോ വരുന്ന രോഗം എന്നതിൽനിന്നും കാൻസർ തൊട്ടടുത്തുള്ളവർക്കു വന്ന രോഗം എന്ന തോന്നൽ മാത്രമല്ല തന്നത്. പൊരുതി തോൽപ്പിക്കാൻ കഴിയുന്നത്ര ഗൗരവമേയുള്ളൂ ഈ മഹാരോഗത്തിന് എന്ന തോന്നൽകൂടി നൽകി.
ഇക്കാലത്തുതന്നെയാണ് ചന്ദ്രമതി ടീച്ചറുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന പുസ്തകത്തിലേക്കും അതേപേരുള്ള സിനിമയിലേക്കും ഒക്കെ എത്തുന്നത്. ഷാർജയിലെ FOCP എന്ന സംഘടന തന്ന വാർത്തകൾ പലപ്പോഴും രോഗത്തോടു പോരാടി വിജയിച്ചവരുടെയും നിലനിന്നവരുടെയും സന്തോഷിപ്പിക്കുന്ന കഥകൾ പറഞ്ഞുതന്നു. അത്തരം ഓരോ വാർത്തയിലും, ഓരോ മനുഷ്യരിലും ഞാൻ കണ്ടത് അമ്മയുടെ മുഖമായിരുന്നു.
Published: 16 Oct 2026, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented