കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവലായ 'സ്പൈനോസോറസി'ല് നിന്ന് ഒരു ഭാഗം. മാതൃഭൂമി ബുക്സാണ് നോവല് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആശങ്കയോടെയുള്ള കോളിങ് ബെൽ കേട്ടാണ് വായനമുറിയിലെ കസേരയിൽനിന്നെണീറ്റത്. ദിനോസറുകളുടെ ചരിത്രം ഏറെ ലഹരിപിടിപ്പിക്കുന്നതാണ്. എഴുത്തുമേശയോടു ചേർന്നുള്ള ചുമരിലൂടെ അതിരാവിലെ വടക്കുനിന്ന് തെക്കോട്ട് യാത്ര ചെയ്യുന്നതിനിടയിൽ ഒരു കറുത്ത ഗൗളി മേശയ്ക്കു മുമ്പിലെത്തിയാൽ തുറിച്ചുനോക്കും...
ആ കണ്ണുകളിൽ പ്രതാപികളായിരുന്ന അവരുടെ പൂർവ്വികരെ കാണും. ഭൂമി അടക്കിവാണിരുന്ന ഭീകരരൂപികൾ... ക്രിറ്റേഷ്യസ് (CRETACEOUS) യുഗത്തിന്റെ മദ്ധ്യകാലത്ത് ഇവരായിരുന്നല്ലോ ഈ ഭൂമിയുടെ അധിപന്മാർ. ഏതാണ്ട് ആയിരം ദശലക്ഷം സംവത്സരങ്ങൾക്കു മുമ്പ്.
ഈ ഗൗളിയുടെ കണ്ണിലൂടെ ഇറങ്ങി, അക്കാലത്തേക്ക് യാത്ര ചെയ്യുക ആവേശകരമാണ്... എഴുതപ്പെട്ട ചരിത്രത്തിന്റെ അടരുകളിലൂടെ അൽപ്പദൂരം സഞ്ചരിക്കുമ്പോൾ, ആ ചരിത്രത്തിന്റെ മരുഭൂമികളിലും പുൽമേടുകളിലും കാടുകളിലും മലകളിലും നദികളിലുമാണ് എത്തിച്ചേരുക.
മനുഷ്യൻ എന്ന ഇരുകാലിമൃഗത്തിന്റെ ശല്യമില്ലാതെ കോടാനുകോടി ജീവികൾ ഭൂമിയിൽ സ്വതന്ത്രരായി വിഹരിക്കുന്നു. സ്വതന്ത്രരെന്നു പറയുമ്പോഴും പ്രകൃതിയുടെ അലിഖിത നിയമം അവയെ നിയന്ത്രിക്കുന്നുണ്ട്.
വായിച്ചുകൊണ്ടിരിക്കുന്നത് സ്‌പൈനോസോറസ് (SPINOSAURUS) എന്ന ‘ഭീകര’നെക്കുറിച്ചാണ്. ഗ്രന്ഥകാരൻ അതിനെ വിശേഷിപ്പിച്ചത് The Biggest, baddest carnivore to ever walk the Earth എന്നാണ്. ഭൂമിയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ മാംസഭുക്ക് എന്നത് ശരിയാകാം, പാലിയന്റോളജിസ്റ്റിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ. എന്നാൽ Baddest എന്നത് ഒട്ടും ശരിയായി തോന്നിയില്ല. അതേപ്പറ്റി ചിന്തിക്കുമ്പോഴാണ് കോളിങ് ബെല്ലിലേക്ക് ഞാനെണീറ്റത്.
വീടിനുള്ളിൽ ഞാൻ മാത്രമേയുള്ളൂ. ഭാര്യ മിക്കപ്പോഴും തൊടിയിൽ എന്തെങ്കിലും പണിയിലായിരിക്കും.
വാതിൽ തുറന്നു. യുവതിയാണ്. മുതുകിൽ ബാക്ക്പാക്കുണ്ട്. വീട് സ്റ്റേറ്റ് ഹൈവേയോട് ചേർന്നതായതിനാൽ സെയിൽസിന് യുവതീയുവാക്കൾ വരുന്നത് സ്വാഭാവികം.
വർഷങ്ങൾക്കുമുമ്പ് ഞാൻ ഒരു സെയിൽസ് റപ്രസന്റേറ്റിവ് ആയിരുന്നു. വെയിലിലും മഴയിലും രാത്രിയും പകലും അലയും. നിത്യേന മാർക്കറ്റിങ് എക്‌സിക്യൂട്ടീവുകൾ, മാനേജർമാർ എന്നിവരുടെ തെറിവിളികൾ കേൾക്കുക. യെസ്, യെസ് എന്ന് ആവർത്തിക്കുക. ഇപ്പുറെ ഉപഭോക്താവിന്റെ കയ്പുമുഖം, പരിഹാസം, പുച്ഛം, പോ പോ... നിന്റെ തട്ടിപ്പ് ഇവിടെ വേണ്ട എന്നൊക്കെയുള്ള ഭാഷ്യങ്ങൾ കേട്ടും, സെയിൽസ് തരപ്പെടുത്തുക.
ഞാൻ കൗതുകത്തോടെ ചോദിച്ചു: ‘‘എന്താണ് വേണ്ടത്?’’
‘‘ഞാൻ HUNT ഓൺലൈൻ മാസികയുടെ അസിസ്റ്റന്റ് എഡിറ്ററാണ്... സാറിനെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണ്.’’
‘‘എന്നെയോ?’’ ഞാൻ അന്ധാളിച്ചു.
‘‘സാറല്ലേ അരവിന്ദാക്ഷൻ?’’
‘‘കുട്ടീ, ഈ പഞ്ചായത്തിൽ എത്ര അരവിന്ദാക്ഷന്മാരുണ്ട്? കറവക്കാരൻ അരവിന്ദാക്ഷൻ നായർ. പാചകക്കാരൻ അരവിന്ദാക്ഷൻ കൈമൾ. സെൻട്രൽ എക്‌സൈസിലെ അരവിന്ദാക്ഷൻ. പഴയ നക്‌സലൈറ്റ്... അരവിന്ദാക്ഷൻ എഴുത്തശ്ശൻ... ടില്ലറോട്ടുന്ന ഒരാൾ. ഓട്ടോക്കാരൻ... ഇണങ്ങൻ. പോർട്ടർ അരവിന്ദാക്ഷൻ... കുഴിനഖം കുത്തി...
‘‘ജോൺ എബ്രഹാമിന്റെ ഒരു കഥയുണ്ട്: ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ അസിസ്റ്റന്റ് എഡിറ്ററാണെന്നല്ലേ പറഞ്ഞത്? ജോൺ എബ്രഹാമിനെ കേട്ടിട്ടുണ്ടോ?’’
‘‘സാർ... അങ്ങേർ ഞങ്ങളുടെ ഓൺ ലൈനിന്റെ മാനേജിങ് എഡിറ്ററാണ്. യുഎസ്സിലായിരുന്നു... നാട്ടിൽ വന്നപ്പോൾ ഓൺലൈൻ മാസിക തുടങ്ങുന്നത് നല്ലതാണെന്ന് അദ്ദേഹത്തിന്റെ മകൾ പറഞ്ഞു.’’
ഞാൻ വായടച്ചു:
അവർ വാ തുറന്നു: ‘‘കഥയെഴുതുന്ന അരവിന്ദാക്ഷൻ സാറിനെത്തേടി വന്നതാണ്...’’
‘‘എല്ലാവരും എന്നെ വിളിക്കുന്നത് അരവിന്ദാക്ഷൻ എന്നാണ്... അതുകൊണ്ട് ഞാൻ തന്നെയാകാനാണ് സാദ്ധ്യത.’’
‘‘സാറ് കഥയെഴുതാറില്ലേ..?’’
‘‘ഉവ്വ്... പക്ഷേ, ഇതുവരെ ഒരു നിരൂപകനും ഇങ്ങനെയൊരു കഥാകൃത്ത് ഉള്ളതായി പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെയാണ് താങ്കൾ അറിഞ്ഞത്?’’
‘‘ജോൺ എബ്രഹാം സാറിന്റെ മകൾ മറിയ ആഗ്നസ് ജോൺ പിഎച്ച്.ഡി. ചെയ്യുന്നതിനിടയിലാണത്രേ സാറിന്റെ ‘രാജസോറസ് നർമ്മദെൻസിസ്’ എന്ന കഥ കണ്ടെത്തിയത്.’’
‘‘എന്താണ് മറിയയുടെ വിഷയം?’’
‘‘അതൊന്നും എനിക്കറിയില്ല സാർ... അവൾ ഡാഡിയെ ഒഴിയാബാധയായി പിടികൂടിയത്രേ...’’
‘‘..........’’
‘‘ഒരു ഫീച്ചർ സ്റ്റോറി ഹണ്ടിനുവേണ്ടി ചെയ്യണം. സാറിന്റെ കഥയെ മുൻനിർത്തി.’’
‘‘ഹണ്ടിന് എത്ര വായനക്കാരുണ്ട്?’’
‘‘യു.എസ്സിലും കാനഡയിലുമൊക്കെയായി അയ്യായിരം വരിക്കാരുണ്ട്...’’
‘‘എനിക്ക് വളരെക്കുറച്ച് വായനക്കാരേ ഉള്ളൂ. ഹണ്ടിന്റെ ഒരൊറ്റ വായനക്കാരനും എന്നെ വായിച്ചിരിക്കാനിടയില്ല...’’
‘‘അങ്ങനെ പറയരുത് സാർ. ‘മറിയ’ എന്നൊരു വായനക്കാരിയാണല്ലോ താങ്കളിലേക്കെത്താൻ കാരണം.’’
‘ശരി. അകത്തേക്കു വരൂ...’’ ഞാനവരെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു.
‘‘ഈ റൂമിന് നല്ല കുളിർമ്മയുണ്ട്. സാറിന്റെ വീട് ഹൈവേയിലാണെങ്കിലും വീടിനു ചുറ്റും മരങ്ങളും കുറ്റിച്ചെടികളുമല്ലേ?’’
‘‘കുളിർമ്മയുടെ സൃഷ്ടികർത്രി ഭാര്യയാണ്. അവർ തൊടിയിലുണ്ട്, വിളിക്കണോ?’’
‘‘വേണ്ട. ഇന്റർവ്യൂവിനുശേഷം കാണാം...’’
‘‘......’’
‘‘സാറിന്റെ കഥയുടെ മെസേജ് എന്താണ്?’’
‘‘അയ്യോ... അങ്ങനെ മെസേജ് എന്തെങ്കിലും കൊടുക്കൽ കഥയുടെ പണിയല്ല. കഥ വായിച്ച് വായനക്കാർക്ക് എന്ത് തോന്നുന്നുവോ...’’
‘‘അപ്പോൾ സാറിന് കഥയെക്കുറിച്ച് ഒന്നും പറയാനില്ല?’’
‘‘ഇല്ല. കഥയെഴുതി പ്രസിദ്ധീകരിക്കുന്നതോടെ എഴുത്തുകാരന്റെ പണി തീർന്നു. അത് പിന്നെ വായനക്കാരുടേതാണ്. വായനക്കാരുടെ പിന്നിൽ നിന്ന് തോക്കുചൂണ്ടി അവരെക്കൊണ്ട് വായിപ്പിക്കാനും, അതെഴുതിയതിനു പിന്നിലെ ചരിത്രം പറയുവാനും കഥാകൃത്തിന് അവകാശമില്ല...’’
‘‘ആ കഥ എന്നാണ് എഴുതിയത്?’’
‘‘2003–ൽ പ്രസിദ്ധീകരിച്ചു. എഴുതിയത് അതിനുമുമ്പേ ആകാം... താങ്കൾ ആ കഥ വായിച്ചിട്ടുണ്ടോ?’’
‘‘അദ്ഭുതം! 2003–ൽ ഞാനമ്മയുടെ ഗർഭത്തിലാണ്. വായിക്കാനായി മറിയത്തിനോട് ചോദിച്ചതാണ്. അവളുടെ മേശപ്പുറത്തുനിന്ന് ആ കഥയുള്ള പുസ്തകം തന്നെ കാണാതായെന്ന്.’’
‘‘ആ കുട്ടി എല്ലായിടത്തും തപ്പി. കണ്ടില്ല.’’
‘‘മറിയം പറഞ്ഞത്, ആ കഥ തന്നെ ആ കഥയെ വിഴുങ്ങിയിട്ടുണ്ടാകു
മെന്നാണ്...’’
‘‘കഥ കഥയെത്തന്നെ വിഴുങ്ങുക! താങ്കളുടെ മറിയം ഒരു പ്രത്യേക ജനുസ്സാണല്ലോ...’’
‘‘അവൾ ഡാഡിയോട് പറയുന്നത് ഞാൻ കേട്ടതാണ് സാർ...’’
‘‘എന്ത്?’’
‘‘കാലം കാലത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്!’’
‘‘......’’
‘‘സാറിന്റെ കൈയിൽ ആ കഥയുടെ കോപ്പിയുണ്ടായിരിക്കണ
മല്ലോ!’’
‘‘പുസ്തകങ്ങളുടെ അച്ചടിച്ച കോപ്പികൾ ഭാര്യയാണ് ഒരു മരഅലമാരയിൽ സൂക്ഷിക്കുന്നത്. നോക്കാം...’’
അലമാര തുറന്നു നോക്കി. ആ പുസ്തകം മാത്രം കൂട്ടത്തിലില്ല.
ഞാൻ ചോദിച്ചു: ‘‘പ്രസാധകരെ ബന്ധപ്പെട്ടിരുന്നോ?’’
‘‘ഉവ്വ് സാർ. അവരുടെ കൈവശം ഒറ്റക്കോപ്പിപോലും കാണാനില്ലത്രേ. ആയിരം അടിച്ചതിൽ മുന്നൂറ്റി അറുപത്തിയൊന്നേ വിറ്റുപോയിട്ടുള്ളൂ. ശേഷിച്ചത് ഗോഡൗണിൽ കാണേണ്ടതാണ്... ആ സ്ഥലം ശൂന്യമാണത്രേ... അവരും അതിശയിച്ചു. അതിന്റെ ഡിജിറ്റൽ കോപ്പി മറിയയുടെ ഡാഡി വഴി അന്വേഷിച്ചു. ആ കഥാപുസ്തകത്തിലെ ബാക്കി മുപ്പത്തിയൊന്ന് കഥകളുടെയും ഡിജിറ്റലുണ്ട്. അത് മാത്രമില്ല...’’
‘‘ഇരിക്കൂ... ഭാര്യയ്ക്ക് കൈയെഴുത്തുപ്രതി എടുത്തുവെക്കുന്ന സ്വഭാവമുണ്ട്. അവർ അതൊന്നും വായിക്കാറില്ല. പക്ഷേ, എന്നെക്കുറിച്ച് വലിയ കരുതലാണ്...’’
അകത്തു പോയി അതേ അലമാരയിൽ പരതി. നോട്ടുബുക്കിന്റെ ചട്ടയിൽ കഥയുടെ പേരുണ്ട്...
നോട്ടുബുക്കുമായി എത്തി. ‘രാജസോറസ് നർമ്മദെൻസിസ്’ ഭീമാകാരനായി നോട്ടുബുക്കിന്റെ ഏടുകളിൽ.
ഞാൻ പറഞ്ഞു: ‘‘കഥയെ വിഴുങ്ങുന്നതിൽ കാലം പരാജയപ്പെട്ടിരി
ക്കുന്നു...’’
ചുമരിൽ ബുദ്ധചിത്രത്തിന്റെ അടിയിൽനിന്ന് രാജസോറസിന്റെ അനന്തിരവൻ ചിലച്ചു... ‘സത്യം!’
‘‘സാർ, ആ കോപ്പി ഞാനൊന്ന് മൊബൈലിൽ പകർത്തിക്കോട്ടേ...’’
കൈയെഴുത്തിന്റെ പതിനാറു പുറങ്ങൾ അവർ മൊബൈൽ ക്യാമറയിൽ എടുത്തു...
‘‘നമുക്കീ കഥയിൽനിന്ന് തുടങ്ങാം സാർ...’’
രാജസോറസിന്റെ മറ്റൊരു അനന്തിരവൾ ശബ്ദിച്ചു:
‘‘സത്യം.’’
ഞാൻ പറഞ്ഞു: ‘‘താങ്കൾ വായിക്കൂ... ഞാൻ കേൾക്കാം... ഇരുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രിയെ താങ്കൾ വായിക്കുന്നു... സോറി, ഇതുവരെയും താങ്കളുടെ പേര് ചോദിച്ചില്ല!’’
‘‘തസ്‌ലീമ...’’
‘‘തസ്‌ലീമ നസ്രീനല്ലല്ലോ!’’
‘‘പേര് അതുതന്നെ. പക്ഷേ, ഞാൻ അവരല്ല... പേര് പേരിനെ വിഴുങ്ങുന്നില്ല!’’
‘‘അതേ... ജീവിവർഗ്ഗത്തിലൊന്നിനെ മറ്റൊന്ന് തിന്നുന്നത് പ്രകൃതി നിയമമാണ്. തസ്‌ലീമ, തസ്‌ലീമയെ തിന്നുന്നില്ല!’’
‘‘ലോകോക്തി പറയാൻ തുടങ്ങിയാൽ നിർത്താനാവില്ല. അത് ഒരു ചെസ്സ് കളിയാണ്...’’
‘അതേ... കളി നിർത്തി നമുക്ക് കഥയിലേക്ക് കടക്കാം...’’
തസ്‌ലീമ നസ്രീൻ മൊബൈൽ തുറന്നു...
‘‘സോറി സാർ... ഇതിൽ സാറിന്റെ കഥ പതിഞ്ഞിട്ടില്ല, ഒരക്ഷരം പോലും...’’
‘‘വീണ്ടും ചെസ്സ് കളി. കളിക്ക് ചെക്കില്ല... രാജസോറസ്സിനെ മൊബൈൽ വിഴുങ്ങിയിരിക്കുന്നു... ഡിജിറ്റലിന് എന്തും വിഴുങ്ങാനാവും... അക്ഷരത്തെ വിഴുങ്ങാനാവില്ല. ക്ഷരമില്ലാത്തതാണല്ലോ അക്ഷരം!’’
‘‘സാർ പറഞ്ഞത് മനസ്സിലായില്ല!’’
‘‘സാരമില്ല, തസ്‌ലീമ. കഥ ഞാൻ വായിക്കാം...’’
‘ഞാൻ റെഡി, സാർ...’’
‘തസ്‌ലീമയുടെ ചെവികളിൽ ആരും ഈയം ഉരുക്കി ഒഴിക്കില്ലെന്ന് വിചാരിക്കാം?’’
തസ്‌ലീമ ചിരിച്ചു: ‘‘നമ്മുടെ ഘടികാരം നാൽപ്പതിനായിരം വർഷം പിറകിലാണെന്നു തോന്നാറുണ്ട്, ചിലപ്പോൾ...’’
ഇപ്പോൾ ഞെട്ടിയത് ഞാനാണ്.
തസ്‌ലീമ വിശദീകരിച്ചു: ‘‘നാം നിയന്തർദാൾ മനുഷ്യരിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്...’’
‘‘എ റിഗ്രസ്സിവ് ഇവലൂഷൻ...’’
‘‘അതേ സാർ... പരിണാമത്തിൽനിന്നുള്ള പിന്മടക്കം...’’
‘‘പത്രപ്രവർത്തകയുടെ ഡിറ്റക്ടീവ് ജേർണലിസമാണോ?’’
‘‘അല്ലെന്നും, അതേയെന്നും പറയാം. എന്റെ മൂത്ത സഹോദരി ഡോ. റംല ഗണേശ് പട്ടേൽ ലണ്ടനിൽ ഡെന്റൽ ക്ലിനിക് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു മഞ്ഞുകാലസന്ധ്യയിൽ ഒരു യുവതി ക്ലിനിക്കിലെത്തി. അവർക്ക് വെള്ളക്കാരിയുടെ നിറമായിരുന്നില്ല. എന്നാൽ മംഗളോയിഡുകാരിയുടെയോ ഏഷ്യക്കാരിയുടെയോ അല്ലതാനും. അവരുടെ ഭാഷയും ചേച്ചിക്ക് മനസ്സിലായില്ല.
‘‘പ്രാകൃത സംഗീതത്തിന്റെ താണ നൊട്ടേഷനിൽ അവരുടെ ചുണ്ടുകൾ ചലിക്കുന്നുണ്ട്... ചേച്ചിക്ക് ഭയമായി. അവൾ ഇംഗ്ലീഷുകാരിയായ അസിസ്റ്റന്റിനെ അകത്തുനിന്ന് വിളിച്ചുവരുത്തി, ഇന്റർകോമിലൂടെ.
‘‘നേരത്തേ പറഞ്ഞ സ്ത്രീ ഇതെല്ലാം കണ്ട് അദ്ഭുതത്തോടെ സ്വീകരണമുറിയിൽ ഇരിക്കുന്നുണ്ട്...
‘‘അസിസ്റ്റന്റും ഇങ്ങനെയൊരു സ്ത്രീരൂപം അവരുടെ ജീവിതത്തിൽ ഇംഗ്ലണ്ടിലൊരിടത്തും കണ്ടിട്ടില്ല. ചേച്ചി പോലീസിനെ വിവരം അറിയിക്കണമോയെന്ന് ശങ്കിച്ചു. വന്നിരിക്കുന്ന ലേഡി പ്രത്യക്ഷത്തിൽ അക്രമണകാരിയല്ല.
‘‘എന്തായാലും അവർ വന്നതെന്തിനാണെന്ന് ചേച്ചി ചോദിച്ചു. ചുമരിലെ വലിയൊരു പല്ലിന്റെ ചിത്രം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് അസിസ്റ്റന്റ് പറഞ്ഞു: ‘മിസ് റംല പട്ടേൽ, നമ്മുടെ നിയോൺ ബോർഡിലെ പല്ലിന്റെ സൈൻ കണ്ടിട്ടാവണം ഇവർ എത്തിയത്.’ ചേച്ചി അവരെ റിക്ലൈനിങ് ചെയറിലേക്ക് വിളിച്ചു കിടത്തി. അവർ കണ്ണടയൂരി കോട്ടിന്റെ പോക്കറ്റിലിടുന്നത്, കൈയും കണ്ണടയും തമ്മിലുള്ള ഹാർമണി ഒട്ടും ഇല്ലാതെയാണ്. അവരുടെ വലിയ തലയുടെ ഉള്ളിൽ ഇവ തമ്മിലുള്ള SYNC നടക്കുന്നില്ലെന്നതുപോലെ. നെറ്റി മുന്നോട്ടുതളളി. പുരികവും പല്ലുകളും അസാധാരണമാണെന്ന് ചേച്ചി കണ്ടു. അവർ Canine Teeth (മുന്നിലെ പല്ല്) തൊട്ടുകാട്ടി. വേദനയുണ്ടെന്നു വികൃതമായ ശബ്ദത്തിലൂടെ അറിയിക്കുന്നതായി തോന്നി.
Published: 13 Oct 2026, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented