എം സിദ്ധാർത്ഥന്റെ 'ബുക്ക് മാർക്ക്' എന്ന പുസ്തകത്തെക്കുറിച്ചു മാധ്യമപ്രവർത്തകൻ കെ മധു എഴുതിയ ആസ്വാദനം.

കോഴിക്കോട്ടെ വിഖ്യാതമായ ആ കഥയുണ്ട്.
രക്തദാനം മഹാദാനമായി വരുന്നേയുള്ളൂ. ചോര കൊടുക്കുന്നവർക്ക് വൈരത്തിന്റെ വില. അതിനിടെ ഒരു ചങ്ങാതിയുടെ അമ്മായിയമ്മക്ക് അപകടം പറ്റി. ഗ്രൂപ്പ് ഒ നെഗറ്റീവ്. അടിയന്തിരമായി വേണം ശസ്ത്രക്രിയ.
വീട്ടിൽ സൽപ്പേരില്ലാത്ത നായകന് ചോര കിട്ടിയേ പറ്റൂ. പിടിച്ചുനിൽക്കാൻ ആളെ കൂട്ടിയേ പറ്റൂ.. അല്ലെങ്കിൽ മാനം കപ്പൽ കയറും. ചങ്ങാതിമാരെയൊക്കെ വിളിച്ചു. എന്നെപ്പോലുള്ളവരാണ് കൂടുതൽ. കൊതുകിന് കുടിക്കാനില്ല ഒരു തുള്ളി. എന്നാലും തള്ളിന് കുറവുമില്ല. ആശുപത്രി വരാന്തയിൽ ഇരുളുവീഴുന്നു. നേരം വൈകുന്നു. ആതുരശുശ്രൂഷകയ്ക്കും വീട്ടിൽ പോവണം. അതിനിടെ നിർത്താതെ ചെലയ്ക്കുന്ന ഒരുത്തനെ അവർ വിളിച്ചു.
'പെട്ടെന്ന് പോയി ആ കരിമ്പിൻ ജ്യൂസുണ്ടാക്കുന്ന മെഷീൻ കൊണ്ടു വാ'
ചങ്ങാതിമാർ ഒന്നു നോക്കി.
' ചേച്ചീ , കരിമ്പിൻ ജ്യൂസ് വേണോ?'
നഴ്സ് അവന്റെ ദേഹത്തേക്കൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
'മോനേ , ആ മെഷിനെങ്ങാനും കിട്ടാതെ നിന്റെ ഈ ദേഹത്തു നിന്നെങ്ങനെ ചോര കിട്ടാനാ? '
എം സിദ്ധാർത്ഥൻ പുസ്തകത്തിൽ എഴുതിയിട്ടില്ല ഈ കഥ.
എന്നാൽ ചോര ഉരുക്കുന്ന ആത്മാർത്ഥതയോടെ, സ്വന്തം തൊഴിലെടുക്കുന്നവർക്ക് മാത്രം കിട്ടുന്ന എണ്ണമറ്റ കഥകളാൽ സമ്പന്നമാണ് ബുക് മാർക്ക്.
ജെൻ സീ ക്ഷോഭിക്കരുത്. 1970 ന്റെ മുന്നിലും പിന്നിലുമായി പിറന്നവർക്കു മാത്രം കിട്ടിയ ചില ഗുണങ്ങളുണ്ട്. തന്തവൈബിന്റെ നൊസ്റ്റുവല്ല ഇത്. അന്ന് ലോകം ഒരു പരിണാമദശയിലായിരുന്നു. സമൂഹികമായും സാംസ്കാരികമായും സാങ്കേതികമായും.
റോഡ് ടാറിട്ടിട്ടില്ല. വേലിയ്ക്കലും പറമ്പിലും കാണുന്ന ചെടികളെല്ലാം മരുന്നാണ്. പാടവരമ്പത്തൂടെ അച്ഛനമ്മമാർ ചുമലിലിട്ടിട്ടു വേണം ആശുപത്രിയെത്താൻ. അങ്ങനെ വളർന്ന മൂരാച്ചികളൊക്കെ ഇപ്പോൾ ഹെലികോപ്റ്റർ പാരന്റിംഗിന്റെ ഉസ്താദുമാരായി എന്നത് വേറൊരു കഥ.ഓർക്കാൻ ഫോണില്ല, വണ്ടിയില്ല, കറന്റില്ല. പട്ടിണിയുണ്ട്. കിട്ടുന്നതൊക്കെ ഭക്ഷണം.
പറഞ്ഞല്ലോ. നൊസ്റ്റുവല്ല. മനുഷ്യൻ ചരിത്രത്തിൽ ഇത്രത്തോളം നന്നായി ജീവിച്ച കാലം ഇപ്പോഴേയുള്ളൂ. അത് ചരിത്രത്തിൽ വേറേ തിരഞ്ഞിട്ടു കാര്യമില്ല. അന്നത്തെ അടുക്കളകൾ, , അധ്വാനം, സങ്കടങ്ങൾ, കളികൾ, ആഘോഷങ്ങൾ, പഠനം, പരീക്ഷ, ജോലി എല്ലാം കട്ടശോകം.
എന്നാലും കുട്ടികൾക്ക് മനസ്സുണ്ടെങ്കിൽ ഇരുമ്പു കൈ മായാവി കിട്ടുമായിരുന്നു. സിഐഡി മൂസയും ഇൻസ്പെക്ടർ മഹേഷും കാത്തിരുന്നു. ദുർഗ്ഗാപ്രസാദ് ഖത്രി അങ്ങേച്ചെരിവിൽ .അതു കടന്നാൽ കോട്ടയം പുഷ്പനാഥും ബാറ്റൻ ബോസും മുട്ടത്തു വർക്കിയും. തെല്ലും വൈകാതെ എംടിയും പൊറ്റെക്കാട്ടും തകഴിയും കേശവദേവും. പിന്നാലെ ചേസും ആർച്ചറും ഷെൽഡനും.
അന്നത്തെ വിക്രമാദിത്യന്മാരെയൊക്കെ വായനയുടെ വേതാളം പിടിച്ചു. മഹാഭാരതവും രാമായണവും ബൈബിളും ഗ്രീക്ക് ഇതിഹാസങ്ങളും കടിച്ചു. അതിൽ പലരും അതിന് മുമ്പേ വന്ന അസ്തിത്വദു:ഖത്തിലും അലസവിപ്ലവത്തിലും ഗതിയറ്റു.
കയറാത്ത ക്ലാസുകളായിരുന്നു കോളേജ്. അപ്പോഴും അധ്യാപകർ മികച്ച കൂട്ടുകാർ. സിലബസ്സും അതിനപ്പുറവും പറഞ്ഞുതന്നവർ അച്ഛനമ്മമാരേയും ഗുരുക്കന്മാരേയും പോലെ, അല്ലാ , അതുക്കും മീതെ, ആയിരുന്നു പുസ്തകങ്ങൾ. എല്ലാ രോഗങ്ങൾക്കും മരുന്ന്. എല്ലാ ലോകങ്ങൾക്കും വാതിൽ. എല്ലാ താഴിനും താക്കോൽ.
അങ്ങനെ സിദ്ധനും അർത്ഥങ്ങൾ കിട്ടി. സത്യത്തിന്റെ കേവലാവസ്ഥകളെ അയാൾ ഋതത്തിന്റെ ശാശ്വതമൂല്യങ്ങളിലേക്ക് കൂട്ടി. ജനിച്ചത് പുസ്തകം വിൽക്കാനാണെന്ന് മനസ്സിലാക്കി.. അന്നേരം അയാളെപ്പോലുള്ളവർ അയാൾക്കൊപ്പം ചേർന്നു. മനുഷ്യർ... എമ്പാടും മനുഷ്യർ. നല്ലവരും കെട്ടവരും. മനുഷ്യരെപ്പോലെയുള്ള പുസ്തകങ്ങൾ അവർക്കു മുന്നിൽ നടന്നു.
പുസ്തകങ്ങൾ മനുഷ്യനെ നല്ലവനാക്കുന്നുണ്ടോ? കഥാർസിസിന്റെ ആത്മവിമലീകരണം അപൂർവ്വമെങ്ങാനും സംഭവിച്ചിട്ടുണ്ടാകാം. ടോൾസ്റ്റോയിയുടെ അലക്സിനോവിനെപ്പോലെ, ഏകാന്തദീർഘമായ തടവിനൊടുവിൽ, ദൈവനീതി കിട്ടുന്നവർ.ദൈവം സത്യം കാണുന്നവർ. എന്നാൽ മിക്കപ്പോഴും ആ സത്യത്തിന് നിത്യജീവിതത്തിൽ വില കിട്ടാറില്ല എങ്കിലും രാവിന്റെ നീണ്ട യാമങ്ങൾക്ക് നീളം പോരെന്ന് വ്യാകുലപ്പെടുത്തിയ പുസ്തകങ്ങൾ പലപ്പോഴും തുണയാകും. അത് ഓരോ വട്ടവും ആത്മഹത്യയെ നീട്ടിവയ്പ്പിക്കും. അന്വേഷിയാക്കും. പഞ്ചതന്ത്രം കഥയിലെ പ്രാവിനെന്നോണം ചിലപ്പോൾ പ്രാണരക്ഷയുമാകും.
പുഴയിൽ വീണ ഉറുമ്പിന് പ്രാവ് തുണയായി. പ്രാവ് കൊത്തിയിട്ട ഇലയിൽ കയറി ഉറുമ്പ് മരണത്തിൽ നി്ന് രക്ഷപ്പെട്ടു. പിന്നീട് ഒരിക്കൽ അമ്പെയ്യാൻ നിന്ന വേടനിൽ നിന്ന് ഉറുമ്പ് പ്രാവിന്റെ പ്രാണനെ ത്രാണനം ചെയ്തു. പുസ്തകങ്ങൾ പ്രാവും ഉറുമ്പും, ഇലയും കടിയും, വേട്ടക്കാരനും ഇരയും, ആയുസ്സും മരണവുമാകുന്നു. കാലസീമകളെ മറികടക്കുന്ന സൂക്ഷ്മപ്രതീകം.
കാർമെൻ ബാൽസെൽസ് വിട പറഞ്ഞ സായാഹ്നത്തിൽ സിദ്ധാർത്ഥൻ ഒപ്പം ഉണ്ടായിരുന്നു. മമ്മാ ഗ്രാന്റെയെ നിർത്താതെ ഓർത്ത് മണിക്കൂറുകൾ. മാർക്വേസും യോസയും നെരൂദയും കോർത്തസാറും നിറഞ്ഞു. മെക്സിക്കോ സിറ്റിയിലെ ഒരിക്കലും കാണില്ലെന്നുറപ്പുള്ള തെരുവുകളും ഇടനാഴികളും. മാർക്വേസിന്റെ ജിപ്സി മെൽക്വിയാദെസിനെപ്പോലെ ഓർമ്മകളുടെ വീണ്ടടുപ്പ്. അരികിൽ ഫ്യുന്റസിന്റെ പച്ചവെളിച്ചം.
കാർമെൻ ബാൽസെൽസിനെ പറയുന്നുണ്ട് ബുക്മാർക്ക്. എഴുത്തുകാരെ വീണ്ടെടുത്ത പ്രസാധക. ഒപ്പം ഇവിടെ അവർ വായനക്കാരെ കണ്ടെടുത്ത വിൽപ്പനക്കാരി.
പ്രിയപ്പെട്ട ജയേന്ദ്രൻ മാഷ് ഇത് വായിക്കാനില്ലെന്നത് വ്യക്തിപരമായ സങ്കടം കൂടിയാവുന്നു. അത് പൗഷാലിയിലെ കഥകൾ കൊണ്ട് മാത്രമല്ല. ഊഷ്മളമായ സ്നേഹപാശത്തിന്റെ ഓർമ്മകൾ കൊണ്ടുമാണ്. ഒപ്പം കേണൽ സുരേന്ദ്രനും . സോണിയാ ചെറിയാന്റെ സാബ് യുദ്ധം ഫലമിതമല്ലെന്ന ജീവിതം നമുക്ക് മുന്നിൽ നിവർത്തിയിടുന്നു. നിരന്തരമായ പരിക്കുകളാണല്ലോ വായനയുടെ പ്രകാശസംശ്ലേഷണം.
വർഷങ്ങൾക്കു ശേഷം ഒരു വായനക്കാരിയെ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞ സന്തോഷം കൂടി ഓർത്തുപറയട്ടെ. ഹാരിപോട്ടറെ കിട്ടാതെ വിതുമ്പിയ കൊച്ചു പെൺകുട്ടി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങി. മിടുക്കിയായ ഡോക്റായി. ശാരദയെന്ന ആ പഴയകുട്ടിയെ ഹാരിപോട്ടർ വന്ന കൈകളിൽ വാർന്നുവീണ ആ പുലർവെട്ടത്തിന്റെ ഓർമ്മയിലേക്ക് തിരിച്ചെത്തിക്കാൻ ഒപ്പം നിന്നതും വൈയക്തികസന്തോഷം.
അങ്ങനെ എണ്ണമറ്റ കഥകളുണ്ട് ബുക്മാർക്കിൽ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ തൂക്കിവിറ്റ ജോയ്മാത്യു എന്ന പരാജയപ്പെട്ട കച്ചവടക്കാരനാണ് മുഖവുര. അതിൽ കഥയൊന്നുമില്ല. പ്രത്യയശാസ്ത്രം ഭക്ഷിച്ച് അരാജകവാദിയായാണ് ജോയ് മാത്യു പുസ്തകം വിറ്റത്. തെരുവുയാചകിയുടെ മാർക്കറ്റിംഗ് ടെക്നി്ക്കുകളും ആതങ്കമോതിരം വിറ്റ് കാലക്കേട് മാറ്റുന്ന രാജുവുമെല്ലാം സിദ്ധാർത്ഥന്റെ ഗുരുക്കന്മാർ.
ഈ അനുഭവക്കുറിപ്പുകളിൽ പുസ്തകശാലയെ എം സിദ്ധാർത്ഥൻ വിശേഷിപ്പിക്കുന്നുണ്ട്.. കോടമഞ്ഞിൽ ഉറഞ്ഞുപോയ തീക്കനൽ. ഈ വിദ്യാരംഭകാലത്ത് ബുക്മാർക്ക് അലമാരയിലെത്തുന്നു.
മറ്റൊരു സിദ്ധാർത്ഥനിലൂടെ, ഈ സിദ്ധാർത്ഥനും പ്രിയങ്കരനായ, ഹെർമൻ ഹെസ്സേ പറഞ്ഞിട്ടുണ്ട്. കുറേക്കൂടി മഹത്വപ്പെടുത്താൻ വേണ്ടി നമ്മെ കവരുന്നവരെപ്പറ്റി. അവർ അവസാനം നമ്മളെത്തന്നെ വീണ്ടെടുക്കുന്നു . ചില പുസ്തകങ്ങൾക്കും ആ ടച്ചുണ്ട്.
Published: 14 Oct 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented