കുട്ടനാടിന്റെ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയാണ് ഷാനിമോൾ ഉസ്മാൻ എഴുതി മാത്രഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഓർമമ്മകളും യാത്രകളും' എന്ന പുസ്തകം. സ്വകാര്യജീവിതത്തിൽ നിന്ന് പൊതുജീവിതത്തിലേക്ക് ഷാനിമോൾ നടത്തിയ പ്രയാണത്തെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നടത്തിയ യാത്രകളായിട്ടാണ് അവർ രേഖപ്പടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ അഭിമാനതാരമായ നൌറേം റൊഷിബിന ദേവിയും ഈ പുസ്തകത്തിൽ ഇടം പിടിക്കുന്നത്. നൌറേം റൊഷിബിന ദേവിയെക്കുറിച്ച് ഷാനിമോൾ പുസ്തകത്തിൽ എഴുതിയ കുറിപ്പ് വായിക്കാം.

To advertise here,

ഭരണകൂടം കരയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ പ്രതിനിധിയാണ് 19-ാമത് ഏഷ്യൻ ഗെയിംസിൽ വുഷുവിൽ സിൽവർ മെഡൽ നേടിയ നൌറേം റൊഷിബിന ദേവി (Naorem Roshibina Devi). മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽനിന്നുള്ള ഈ അഭിമാനതാരം മെഡൽ ലഭിച്ചപ്പോൾ വിതുമ്പി. റൊഷിബിനയുടെ കണ്ണുകളിൽനിന്നുതിർന്നത് സന്തോഷാശ്രുക്കളായിരുന്നില്ല. മറിച്ച്, കഴിഞ്ഞ നാലു മാസക്കാലമായി സ്വന്തം കുടുംബാംഗങ്ങളോട് ഒരു വാക്ക് മിണ്ടാൻ കഴിയാതിരുന്നതോർത്താണ്, സമ്മർദ്ദം ഒഴിവാക്കാൻ മണിപ്പൂരിൽ വസിക്കുന്ന കുടുംബത്തോട് മിണ്ടരുതെന്ന് നിർദ്ദേശിച്ച കോച്ചിന്റെ സാഹചര്യമോർത്താണ്. റൊഷിബിനയുടെ ബിഷ്ണുപൂർ ഇന്ന് എരിഞ്ഞമർന്ന പ്രദേശങ്ങളിലൊന്നാണ്. വെടിയൊച്ചകൾക്കുമുന്നിൽ പകച്ചുപോയ കുട്ടികളുടെയും ഭയന്നുവിറയ്ക്കുന്ന സ്ത്രീകളുടെയും നാടാണ്.

രാജ്യത്തിനെന്നും നിർല്ലോഭമായി കായികതാരങ്ങളെ സംഭാവനചെയ്യുന്ന മണിപ്പൂരിന് സ്ത്രീശാക്തീകരണത്തിൽ കാലത്തിനുമുമ്പേ ചുവടുവെച്ച ചരിത്രമാണുള്ളത്. മേരി കോം, മീരാബായി ചാനു, സഞ്ജിതാ ചാനു, കുഞ്ചറാണി ദേവി തുടങ്ങി റൊഷിബിനയിൽ എത്തിനിൽക്കുന്ന വനിതാതാരങ്ങളുടെ ഈറ്റില്ലം.

രാജ്യത്തിന്റെ ദേശീയപതാക വാനിലുയർത്തി ദേശീയഗാനം വിവിധ വേദികളിൽ ഇരമ്പിക്കേൾക്കുമ്പോൾ ഇവരെയോർത്ത് അഭിമാനംകൊണ്ട് മതിമറക്കുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ ഇവരുടെ വാക്കുകൾ കേൾക്കാതെ പോകരുത്, റൊഷിബിന ദേവിയുടെ കണ്ണീരിന്റെ മൂല്യം കാണാതെപോകരുത്. മുൻപ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ബോക്‌സിങ് താരം കൂടിയായ മേരി കോം 'എന്റെ മണിപ്പൂർ കത്തുന്നു' (My Manipur is burning) എന്ന് ലോകത്തോട് പറഞ്ഞത് അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കായികതാരങ്ങൾ രാജ്യത്തിന്റെ സ്വത്താണ്. ട്രാക്കിലിറങ്ങുന്ന ഏതൊരു കായികതാരത്തിനും മാനസികപിരിമുറുക്കം ഉണ്ടാകാതെ നോക്കേണ്ടത് നമ്മളാണ്. അവരെ എണീറ്റുനിന്ന് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ഈ നാട് ഒപ്പമുണ്ട് എന്നു വിളംബരം ചെയ്തുകൊണ്ടാണ്.

കായികശേഷിയിലും മനസ്സാന്നിദ്ധ്യത്തിലും മണിപ്പൂരിസ്ത്രീകൾ ഏറെ മുന്നിലാണ്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അവരുടെ സമരപോരാട്ടം സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് പരിപൂർണ്ണമായും സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള ഏക മാർക്കറ്റ്, മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ്. ഇമ എന്നാൽ മണിപ്പൂരിൽ അമ്മ എന്നർത്ഥം. പച്ചക്കറികളും പഴങ്ങളും മത്സ്യവും പലവ്യഞ്ജനവുമെല്ലാം കച്ചവടം ചെയ്യുന്ന ഈ മാർക്കറ്റിൽ കച്ചവടക്കാരായി പുരുഷന്മാർക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഈ ശക്തരായ സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വത്തിലും ഒരുപടി മുന്നിലാണ്. ലോകത്തിനു മുന്നിൽ വളരെ മുമ്പേ മാതൃകയായവർ ഇന്ന് മനംനൊന്ത് കേഴുകയാണ്, നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ. കരിയും പുകയും ചാമ്പലുമായി മാറാൻ ഒരു നാടിനെയും നാം അനുവദിച്ചുകൂടാ. മണിപ്പൂരിലെ മുഴുവൻ സ്ത്രീകളോടുമൊപ്പം ഹൃദയം ചേർത്തുവെച്ചുകൊണ്ട് റൊഷിബിന ദേവിയെ അഭിനന്ദിക്കുന്നു.