‘ബ്രഹ്മദത്തൻ നോക്കി നിൽക്കേ ഉടല് നിറയെ കൈകളുള്ള ഭീകരസത്വമായി സുഭദ്ര….’ രാത്രിയിൽ നോവല് വായിച്ചു കൊണ്ടിരിക്കുന്ന ഫിലോമിനയുടെയും ജനലിനപ്പുറത്ത് അവർക്ക് മുന്നിൽ ഭീകരസത്വമായി രൂപം കൊള്ളുന്ന മുകേഷിനെയും ജഗദീഷിനെയും ഓർമ്മ വന്നില്ലേ? മലയാളിക്ക് എന്നും പ്രീയപ്പെട്ട ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലേതാണ് രംഗം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അത് ആഴ്ചപ്പതിപ്പുകളുടെയും മാസികകളുടേയും സുവർണ്ണ കാലമായിരുന്നു. തുടരൻ നോവലുകളായിരുന്നു സ്റ്റാർ ഐറ്റെം. കണ്ണീരും കിനാവും നിറഞ്ഞ കുടുംബകഥകൾ പോലെ തന്നെ യക്ഷിക്കഥകൾക്കും മന്ത്രവാദ കഥകൾക്കും പ്രസിദ്ധീകരണങ്ങളിൽ ഇടമുണ്ടായിരുന്നു. വേലക്കാരി ജാനു, കോൺസ്റ്റബിൾ കുട്ടന്പിള്ള എന്ന കൾട്ട് പേരുകൾ പോലെ ഒരു കാലത്തെ മന്ത്രവാദ നോവലുകളിലെ സ്ഥിരം ഹാജർ വയ്‌പുകാരായിരുന്നു ബ്രഹ്മദത്തനും സുഭദ്രയും.
ഇത്രയുമൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം മരിയ റോസിന്റെ ഒരു പുതിയ നോവലാണ്. പേര് 'ബ്രഹ്മദത്തൻ നോക്കി നിൽക്കെ…

To advertise here,

 

സിനിമയിൽ തമാശ ഉൽപ്പാദിപ്പിക്കുന്ന രംഗമായിരുന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ കേട്ടാൽ ഞെട്ടാനുള്ള വകുപ്പൊക്കെയുണ്ട്. അതെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഹൊറർ നോവലാണ്. ഹൊറർ എന്ന് പറഞ്ഞാൽ ഇലക്ട്രിസിറ്റി വന്നപ്പോ ഒളിച്ചോടിയ പാല മരം ഫെയിം വെള്ള സാരിയൊന്നുമല്ല. നല്ല എമണ്ടൻ ഹൊറർ കാരക്ടേഴ്‌സ്. പ്രപഞ്ചത്തിൽ മനുഷ്യനുണ്ടാകുന്നതിനും മുൻപേ വിഹരിച്ചിരുന്ന വൻശക്തികളെ വിളിച്ചു വരുത്താൻ ശ്രമിച്ച ഒരു മാന്ത്രികപാരമ്പര്യമുള്ള ഒരു കുടുംബം. അതിനടുത്ത് താമസിക്കാനെത്തുന്ന അന്വേഷണകുതുകിയായ ഒരു ചെറുപ്പക്കാരൻ.
ഇങ്ങനെ ആരംഭിക്കുന്ന കഥാശരീരത്തിന് നായകന്‍റെ ആത്മസംഘര്ഷങ്ങളും വലിയ കാൻവാസിലുള്ള പ്രേതസങ്കല്പങ്ങളും ഗരിമയേറ്റുന്നു. മലയാളത്തിന്റെ തനതായ ഭീതികഥകളെ  ലോകവീക്ഷങ്ങളും പാശ്ചാത്യ ഭീതി കഥകളുമായി ബന്ധിപ്പിച്ചു  കൊണ്ടുള്ള ഒരു പുതിയ പരീക്ഷണത്തിനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്.

ഭീതിയുടെ ഒരു പുതുധാരയ്ക്ക് മലയാളത്തിൽ തുടക്കമാകുന്നു. ഇതൊരു കുഞ്ഞു പുസ്തകമാണ്, ഇരുട്ടത്ത് ഒരു നരിച്ചീറിന്റെ ചിറകടി മതി നല്ല ജീവൻ പോവാൻ എന്ന പോലെ ഈ കുഞ്ഞു പുസ്തകവും പേടിപ്പിക്കും. അപ്പൊ വെൽക്കം ടു ' ബ്രഹ്മദത്തൻ നോക്കി നിൽക്കെ'