To advertise here,

അധ്യാപകനുംഎൺവയോൺമെന്റലിസ്റ്റുമായിരുന്ന പ്രൊഫ. ശോഭീന്ദ്രൻ ഓർമയായിട്ട് മൂന്നുവർഷം. അദ്ദേഹത്തിന്റെ വിഖ്യാതമായ പച്ചക്കുപ്പായവും പച്ചത്തൊപ്പിയും മോട്ടോർബൈക്കിലെ യാത്രയും ഓർക്കുകയാണ് ശിഷ്യൻ ജോയ് മാത്യു. പ്രൊഫ. ശോഭീന്ദ്രൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മോട്ടോർബൈക്ക് ഡയറീസ് എന്ന പുസ്തകത്തിൽ നിന്നും...

 

കോഴിക്കോട്ടുള്ള പ്രൊഫസർ ശോഭീന്ദ്രൻ മാഷും ക്യൂബൻ വിപ്ലവകാരി ഏണെസ്റ്റോ ചെ ഗുവേരയും തമ്മിൽ വല്ല ബന്ധവുമുണ്ടോ? രണ്ടുപേരും പട്ടാളപ്പച്ച ധരിക്കുന്നവർ. രണ്ടുപേരും മോട്ടോർ സൈക്കിൾ പ്രധാന വാഹനമാക്കിയിരുന്നവർ. ഒരാൾ ഡോക്ടർ ആണെങ്കിൽ മറ്റൊരാൾ പ്രൊഫസർ. ചെ ഗുവേര ഓടിച്ചത് 500 cc ബൈക്ക് ആണെങ്കിൽ ശോഭീന്ദ്രൻ മാഷ് ഉപയോഗിച്ചത് 100 cc ബൈക്ക് ആയിരുന്നു എന്നതുമാത്രമല്ല അവർ തമ്മിലുള്ള വ്യത്യാസം, ചിന്തകൊണ്ടും കർമ്മംകൊണ്ടും രണ്ടുപേരും രണ്ടു ധ്രുവങ്ങളിലായിരുന്നു. ചെ ഗുവേര തന്റെ ആത്മസുഹൃത്തായ ആൽബർട്ടോ ഗ്രാനഡയുമായി പെറുവിൽനിന്നും ലാറ്റിനമേരിക്ക മുഴുവൻ തന്റെ ബൈക്കിൽ യാത്രചെയ്ത് അതിലൂടെ സ്വയം ഒരു മാറ്റിത്തീർക്കലിനു വിധേയനായി മാറുന്ന കാഴ്ചയാണല്ലോ Motorcycle Diaries എന്ന പുസ്തകം. അത് പിന്നീട് വാൾട്ടർ സാലസ് സിനിമയാക്കിയപ്പോൾ ലോകം മുഴുവൻ ആവേശത്തരംഗമായി; പലരുടെയും ജീവിതം മാറ്റിമറിച്ചു.

ജീവിതം മാറ്റിമറിച്ചില്ലെങ്കിലും ജീവിതത്തെ മറിച്ചിടാതെ തന്റെ ശിഷ്യന് സ്വന്തമായി ഒരു റെക്കോഡ് സൃഷ്ടിക്കാൻ ഒരു പ്രൊഫസർ തന്റെ ബൈക്കിൽ നടത്തിയ യാത്രയാണ് ഇക്കഥ.

സംഭവം നടക്കുന്നത് 1985-ൽ. അന്നേരം ചെ യുടെ മോട്ടോർ സൈക്കിൾ ഡയറി കൈയിൽ കിട്ടിയിട്ടില്ല. Zen and the Art of MotorcyIce Maintenance എന്ന Robert M. Pirsing ന്റെ പുസ്തകം വായിച്ചില്ലെങ്കിലും കുറേക്കാലം വായിക്കുന്ന മാതിരി കൊണ്ടുനടന്നിരുന്നു. അതിൽനിന്നുള്ള പ്രചോദനമൊന്നും ഉൾക്കൊള്ളുവാനുള്ള പ്രായപൂർത്തി ആയിട്ടുമില്ലായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട് വരെ ഒരു മോട്ടോർ സൈക്കിൾയാത്ര സംഭവിക്കുന്നത്.

മുപ്പത്തിയഞ്ചു വർഷം മുമ്പുള്ള നാഷണൽ ഹൈവേ എന്നു പറഞ്ഞാൽ നമ്മുടെ ഇപ്പോഴത്തെ റോഡ് മന്ത്രി എഴുതുന്ന കവിതകളുടെ പ്രായമുള്ള റോഡുകൾ! ഓടിക്കുന്നതാകട്ടെ അക്കാലത്തെ ഭേദപ്പെട്ടതിൽ ദരിദ്രപ്പെട്ട രാജ്ദൂത് എന്ന കമ്പനിയുടെ വണ്ടി. ഇന്ന് ആ കമ്പനി കടലെടുത്തു പോയിട്ടുണ്ടാവാം. ബൈക്ക് എന്റേതല്ല ഞാൻ ഡ്രൈവർ മാത്രം. മുതലാളി മറ്റൊരാളാണ്. സാക്ഷാൽ ശോഭീന്ദ്രൻ മാഷ്. സാക്ഷാൽ എന്നു പറയാൻ കാരണം ആ മാതിരി ഒന്നേ മാഷമ്മാരുടെ കൂട്ടത്തിൽ കാണൂ.

ആളെ പരിചയപ്പെടുത്താൻ ഒരു ചെറിയ കുറിപ്പ്:

സൂര്യൻ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് പോകുന്ന സമയം. ഒരു പച്ച ബൈക്കിൽ ഒരു പച്ചക്കുപ്പായക്കാരൻ അനുവാദം ചോദിക്കാതെ പടികടന്നു വന്നു വീട്ടുടമയുടെ സമ്മതം ചോദിക്കാതെ തോട്ടത്തിൽ ഒരു ചെടി നടുന്നു. വീട്ടുടമ വന്നു പ്രതിയെ നോക്കുന്നു, തിരിച്ചറിയുന്നു, 'അല്ല മാഷെന്താ ഈ നേരത്ത്?' അപ്പോൾ മാഷിന്റെ മറുപടി, 'ഞാനൊരു വീട്ടിൽ പോയപ്പോൾ പനികൂർക്കയുടെ ചെടി കണ്ടു, അത് ഇവിടെ ഇല്ലാലോ. ഇവിടത്തെ ഈ കുറ്റിമുല്ലയുടെ ഒരു തൈ ഞാൻ എടുക്കുന്നുണ്ട്, നമ്മുടെ രമേശന്റെ വീട്ടിലേക്കാ, അവന് അവിടെ ഈ നിറത്തിലുള്ള കുറ്റിമുല്ല ഇല്ല.' മിനിറ്റുകൾക്കുള്ളിൽ ഓപ്പറേഷൻ കഴിഞ്ഞു, ആൾ ബൈക്കിൽ കയറി സ്ഥലംവിട്ടു.

അതാണ് ശോഭീന്ദ്രൻ മാഷ്!

കോഴിക്കോട്ടുകാർക്കു മാത്രമല്ല മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന എല്ലാവർക്കും മാഷിനെ അറിയാം. പച്ച ഷർട്ട്, പച്ച പാന്റ്സ്, പച്ചത്തൊപ്പി, പച്ച ചെരുപ്പ്, പച്ച ബൈക്ക്... താടിയുള്ളത് പച്ചയാക്കാൻ പോലും മാഷ് തയ്യാറായതാണ.് മൊത്തത്തിൽ ഒരു പച്ചപ്പനംതത്ത. ലോകത്തിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംഷി. എന്റെ പ്രീഡിഗ്രി കാലത്തുതന്നെ ഒലീവ് പച്ചയുടെ നിറമുള്ള പട്ടാളക്കുപ്പായം ആയിരുന്നു മാഷിന്റെ വേഷം. അദ്ദേഹത്തിന്റെ ഏതോ ചങ്ങാതി പട്ടാളത്തിൽനിന്നും ലീവിൽ വന്നപ്പോൾ സമ്മാനിച്ചതായിരുന്നു. പിന്നീട് മാഷ് അത് സ്വന്തം യൂണിഫോമാക്കി മാറ്റി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ എന്റെ വിദ്യാർത്ഥിജീവിതത്തിലെ അസുലഭശോഭ പകർന്ന മാഷായിരുന്നു ശോഭീന്ദ്രൻ മാഷ്. ഞങ്ങൾ കൂടിച്ചേർന്നിട്ടുള്ള കഥകൾക്ക് ഒരു പുസ്തകം മതിയാകില്ല. അതിനാൽ ബൈക്ക്യാത്ര മാത്രം ഈ കൊറോണക്കാലത്ത് കാച്ചിയെടുക്കാം.

കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ അക്കാലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ക്ലാസ്മുറികളിലും പുറത്തും നാടകം കളിച്ചിരുന്നു. പ്രിയപ്പെട്ട അദ്ധ്യാപകരിൽ ഒരാളായ രാമചന്ദ്രൻ മൊകേരിയായിരുന്നു നേതാവ്. പ്രൊഫസർമാരായ വാസുദേവൻ ഉണ്ണി മാഷ്, പി.പി. രവീന്ദ്രൻ മാഷ്, പത്മനാഭൻ എന്ന പപ്പൻ മാഷ്, നാരായണൻ മാഷ്, സേതുമാധവൻ മാഷ്, സ്നേഹപ്രഭ ടീച്ചർ, ഉഷ ടീച്ചർ എന്നിവരൊക്കെയായിരുന്നു അതിൽ പ്രധാനികൾ. അങ്ങനെ നാടകം കളിച്ചുകളിച്ചു ഞങ്ങൾ സിനിമയിലുമെത്തി. ഞങ്ങൾ എന്നു പറഞ്ഞാൽ മൊകേരിയും ശോഭീന്ദ്രൻ മാഷും പിന്നെ ഞാനും. എത്തിപ്പെട്ടതോ സാക്ഷാൽ ജോൺ അബ്രഹാമിന്റെ അമ്മ അറിയാനിൽ. നിർമ്മാണത്തിന് പണംപിരിക്കലും ഭക്ഷണം സംഘടിപ്പിക്കലും ഫിലിം വാങ്ങാൻ ഓടലും അഭിനയിക്കാൻ നടക്കലും- ഈ സിനിമയിൽ കൂടുതലും നടത്തമാണ് -ഒക്കെക്കൂടി സംഭവം രസകരമായി നീങ്ങി. സംവിധായകന് യാത്രചെയ്യാൻ കാർ വേണമെന്നൊന്നും നിർബ്ബന്ധമില്ല, അത് ഓട്ടോറിക്ഷയായാലും സൈക്കിളായാലും ഇനി നടത്തമാണെങ്കിൽക്കൂടി ജോണിന് സന്തോഷമാണ.് അപ്പോഴാണ് ശോഭീന്ദ്രൻ മാഷും മോട്ടോർ ബൈക്കും പച്ചവേഷങ്ങളിൽ അവതരിക്കുന്നത്. അതോടെ സംവിധായകൻ തന്റെ വാഹനം ബൈക്കിലേക്ക് മാറ്റി. തുടർന്നങ്ങോട്ട് ശോഭീന്ദ്രൻ മാഷാണ് ജോണിന്റെ സാരഥി. ജോൺ കയറിയിരുന്നാൽ എവിടെയൊക്കെ നിർത്തണം എന്ന് മാഷിനേക്കാൾ നന്നായി ബൈക്കിന് അറിയാം എന്ന നിലയിലെത്തി കാര്യങ്ങൾ. ചുവന്ന ലൈറ്റ് കത്തുന്ന കേരളത്തിന്റെ സാധാരണക്കാരുടെ വീഞ്ഞുകടകൾക്കു മുമ്പിലെത്തിയാൽ ജോൺ പുറകിൽനിന്നും ഒരു വിളിയാണ്, ശോഭീ... മാഷ് വിളികേൾക്കുംമുമ്പേ വണ്ടി വിളി കേൾക്കും. വണ്ടിക്കറിയാമല്ലോ ജോണിനെ! രാവിലെത്തന്നെ ചാരായഷാപ്പിനു മുന്നിൽ ബൈക്കുമായി, അകത്തുപോയ ആളിനെ കാത്തുനിൽക്കുന്ന തങ്ങളുടെ പ്രൊഫസറെക്കാണുന്ന കുട്ടികളും സഹപ്രവർത്തകരും പലപ്പോഴും മൂക്കത്ത് വിരൽ വെച്ചിട്ടുണ്ട്.

മാസങ്ങൾ നീണ്ടുനിന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. ഇനി ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ പരിപാടികൾക്കായി ജോണിനു തിരുവനന്തപുരത്തു പോകണം. എങ്ങനെ പോകും എന്ന കാര്യത്തിൽ ജോൺ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു, രാജ്ദൂതിൽ തന്നെ. ആദ്യം എല്ലാവരും എതിരുപറഞ്ഞെങ്കിലും, തിരുവനന്തപുരത്ത് ഒന്നുരണ്ടു മാസത്തേക്ക് കാർ വാടകക്കെടുക്കാനൊന്നും നിവൃത്തിയില്ലാത്തതുകൊണ്ട് മാഷിനെയും ജോണിനെയും രാജകീയമായിത്തന്നെ രാജ്ദൂതിൽ യാത്രയാക്കി. ഉടുത്ത വസ്ത്രമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്ന ജോൺ പിറകിൽനിന്നും ഊർന്നു താഴെപ്പോകാതിരിക്കാനായി മാഷിന്റെ പെട്ടി വണ്ടിയുടെ പുറകിലെ കരിയറിൽ വെച്ച് കെട്ടി. ജോൺ സാൻഡ്വിച്ച് ആയി (സോറി ആ യാത്രയുടെ കമന്ററി എന്റെ പക്കലില്ല).

ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിങ് നടന്നിരുന്നത്. ഹോട്ടൽ മുറിയിലൊന്നും താമസിക്കാൻ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് അന്നത്തെ കെ. എസ്.എഫ്.ഡി.സിയുടെ എം.ഡി. ആയിരുന്ന ഷാജി എൻ. കരുൺ തന്റെ പേരുപോലെ കാരുണ്യവാനായി. ഫ്ളോറിനു മുകളിൽ ജോലിക്കാർക്ക് വിശ്രമിക്കാനുള്ള ഡോർമെറ്ററി പോലുള്ള രണ്ടു മൂന്നു മുറികൾ ദരിദ്രവാസികളായ ഞങ്ങൾക്ക് അനുവദിച്ചുതന്നു. ജോണും സംഘവും അവിടെ ചേക്കേറി. താഴത്തെ ഫ്ളോറിൽ അക്കാലത്ത് മമ്മൂട്ടി സ്നേഹമുള്ള സിംഹമായി നടിക്കുന്നുണ്ടായിരുന്നു. താഴെ ഷൂട്ട് നടക്കുമ്പോൾ ജോൺ നിശ്ശബ്ദനാകും. എല്ലാവരോടും ബഹളമുണ്ടാകാതിരിക്കാൻ പറയും, 'അവര് ചുമ്മാ അവരുടെ ജോലിയെടുക്കട്ടെ, നമ്മളായിട്ട് ബുദ്ധിമുട്ടാക്കണ്ട.' അതായിരുന്നു ജോൺ ലൈൻ. ബാലചന്ദ്രമേനോനും തന്റെ സിനിമയുടെ ജോലികൾക്കായി അവിടെ ഉണ്ടായിരുന്നു. അതേപ്പറ്റി അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ജോൺ അവിടെയുള്ളതറിഞ്ഞ് ജോണിനെയും ക്ഷണിക്കുന്നു, ജോണിന്റെ മറുപടി ഇങ്ങിനെ, 'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം?' ആർക്കും ജോൺ ഒരു പ്രശ്നമായിരുന്നില്ല. പ്രശ്നമായിരുന്നത് കൂടെയുള്ള ഞങ്ങൾക്കൊക്കെ ആയിരുന്നല്ലോ. ചിത്രാഞ്ജലിക്കഥ അവിടെ നിൽക്കട്ടെ. അത് ഒരുപാട് എപ്പിസോഡുകൾ അപഹരിച്ചേക്കാം. നമുക്ക് മോട്ടോർ ബൈക്കിൽ കയറാം.

ഡബ്ബിങ് കഴിഞ്ഞ് എല്ലാവരും കെട്ടുകെട്ടി. ജോൺ മാത്രം പിന്നെയും അവിടെ തങ്ങി, ഇനിയും ജോലികൾ ബാക്കിയുണ്ടല്ലോ. മാഷിന് തിരിച്ചുപോകണം, എനിക്കും പോകണം. അപ്പോൾ മാഷ് പറഞ്ഞു, 'നീ ഇതുവരെ ലോങ് ഓടിച്ചിട്ടില്ലല്ലോ, ഒരു കാര്യം ചെയ്യ്, ഇവിടന്നങ്ങോട്ട് നീ ഓടിച്ചോ.' മോട്ടോർ സൈക്കിൾ ഓടിക്കാൻ കിട്ടുന്ന ഒരവസരവും അന്നും ഇന്നും ഞാൻ പാഴാക്കാറില്ല. മാത്രവുമല്ല കോളേജിൽ പഠിക്കുന്നകാലത്തുതന്നെ മാഷിന്റെ ബൈക്കിന്റെ റിപ്പയർ വർക്കുകൾ നടത്തി ഞാനൊരു മെക്കാനിക്ക് ആണെന്ന് ചുരുങ്ങിയപക്ഷം മാഷിനെങ്കിലും ഒരു ഐഡിയ ഞാൻ കൊടുത്തിരുന്നല്ലോ. മോട്ടോർവാഹനങ്ങളോടുള്ള കമ്പവും അന്നത്തെ ചോരത്തിളപ്പുംകൂടിയായപ്പോൾ ഞാൻ അതങ്ങ് ഏറ്റു. അങ്ങനെ യാത്ര ആരംഭിച്ചു. ഫ്ളാഗ് ഓഫ് ചെയ്തത് സാക്ഷാൽ ജോൺ!

അങ്ങനെ മാഷിന്റെയും എന്റെയും പൊക്കണങ്ങൾ പുറകിൽ കെട്ടിവെച്ച് ഞങ്ങൾ തിരോന്തരം വിടുന്നു. ഇത്തവണ മാഷാണ് സാൻഡ്വിച്ചായത്, ഞാൻ ഡ്രൈവനും. മാഷ് പറഞ്ഞു, 'എന്നാ വിട്ടുട്, നിനക്കൊരു റെക്കോഡ് ആയിക്കോട്ടെ.' അങ്ങനെ ചരിത്രപരമായ ഞങ്ങളുടെ യാത്ര ആരംഭിക്കുന്നു. തിരോന്തരം കഴിഞ്ഞാൽ കൊല്ലം എന്നാണല്ലോ കണക്കുകൂട്ടൽ. എന്നാൽ കണക്ക് കൂടിയിട്ടും കൂട്ടിയിട്ടും രാജ്ദൂത് പാഞ്ഞെത്തിയ ദൂരത്തിന്റെ പേരാണ് കഴക്കൂട്ടം.

കഴക്കൂട്ടമെത്തിയാൽ ഗോപാലകൃഷ്ണൻ എന്നൊരു ചൊല്ല് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അമ്മ അറിയാൻ ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ഗോപാലകൃഷ്ണന്റെ വീട് കഴക്കൂട്ടത്താണ് എന്നതുകൊണ്ടാണത്. എന്നാൽ അവനെ തിരക്കിപ്പോകുക എന്നതായി ലക്ഷ്യം. മൊബൈലും ഗൂഗിൾ മാപ്പും ഇല്ലാത്ത കാലമാണെന്നോർക്കണം. പക്ഷേ അന്നത്തെ മനുഷ്യരെല്ലാം പലപ്പോഴും ഇന്നത്തെ ഗൂഗിൾ മാപ്പിനെക്കാൾ ഭേദമായിരുന്നു. ഗോപാലകൃഷ്ണൻ വീട്ടിലും വീടിന്റെ വാതിൽ ഞങ്ങൾക്കായി തുറന്നിട്ടതിനാലും പ്രാതലിനു കോഴിക്കോട്ടേക്കുള്ള യാത്രയാണെന്നു പറഞ്ഞപ്പോൾ അവനും വരണം എന്നുണ്ടായിരുന്നു, പക്ഷേ ഇനിയുമൊരു സാൻഡ്വിച്ച് ആവശ്യമില്ലാത്തതിനാൽ എടുത്തില്ല. (മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ കേട്ടവാർത്ത ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് അവൻ മരിച്ചതാണ്). കഴക്കൂട്ടം കഴിഞ്ഞാൽ കൊല്ലം എന്ന ചിന്തയിൽ വീണ്ടും വണ്ടി മുന്നോട്ട്. അപ്പോൾ അതാ വഴിമുടക്കിയായി കിടക്കുന്നു തോന്നയ്ക്കൽ എന്നൊരിടം. എനിക്ക് നല്ല ദാഹം, ചുവന്ന ബൾബ് പകൽ കത്താറില്ലെങ്കിലും എന്റെ ഉൾവെളിച്ചം എനിക്ക് ദാഹം മാറ്റാനുള്ള ഇടം കാണിച്ചുതന്നു. ഇവിടെ ഞാൻ ജോണും മാഷ് പുറത്തു കാവൽ നിൽക്കുന്ന അതേ പഴയ മാഷും ആയി. അതാണ് അന്നത്തെ അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ സുതാര്യത! അക്കാലത്ത് തോന്നയ്ക്കൽ വാസുദേവൻ ഞങ്ങളുടെ പരിചിതവലയത്തിനകത്ത് കുടുങ്ങിയിട്ടില്ലാത്തതിനാൽ വണ്ടി നേരെ കൊല്ലത്തേക്ക്. കൊല്ലത്തെ കാക്കനാടൻമാരിൽ അകപ്പെട്ടാൽ യാത്ര മുടങ്ങും എന്ന് മാഷിന് അറിയാമായിരുന്നതുകൊണ്ട് അതൊഴിവാക്കി. കൊല്ലത്തുതന്നെയുള്ള അമ്മ അറിയാനിലെ സഹസംവിധായകരിൽ ഒരാളായ ബർണാഡിനെ തിരക്കിനോക്കിയെങ്കിലും കൊല്ലത്തെ ഒരു ആലയിലും ബർണാഡ് എന്ന ആടിനെ കണ്ടുകിട്ടിയില്ല. എന്നാപ്പിന്നെ തന്റെ ഗൈഡ് ആയ പ്രൊഫസറെ (ശോഭീന്ദ്രൻ മാഷിനും ഗൈഡ്!) കാണേണ്ട ആവശ്യമുണ്ടെന്ന് മാഷ്. ശരി അങ്ങോട്ടു പോവുകതന്നെ. വീട് കണ്ടുപിടിച്ചു മാഷ് അകത്തേക്കും ഞാൻ പൂച്ചയെപ്പോലെ പുറത്തേക്കും പോന്നു. എനിക്ക് ഉരുക്കുവാൻ കൈയിൽ പൊന്നില്ലല്ലോ. ആഡം സ്മിത്തിനെയും അമർത്യ സെന്നിനെയുമൊക്കെ മലർത്തിയടിക്കാൻ പോന്ന ഗവേഷണസംബന്ധിയായ പല കണ്ടുപിടിത്തങ്ങളും നടത്തി മാഷ് പുറത്തെത്തി. അപ്പോഴേക്കും എനിക്ക് ചെറുതായി വിശന്നു തുടങ്ങിയിരുന്നു.

'മാഷേ, എന്തെങ്കിലും കഴിക്കണ്ടേ?' ഞാൻ ചോദിച്ചു.

'ഇതിപ്പോ കൊല്ലമല്ലേ ആയിട്ടുള്ളൂ, ഇച്ചിരി കൂടി പോയാൽ ആലപ്പുഴ. അവിടെന്ന് കഴിക്കാം. ദാന്ന് പറയുമ്പോഴേക്കും നമ്മള് ആലപ്പുഴ എത്തൂലേ'.

'ആണോ?' ഞാൻ അദ്ഭുതംകൊണ്ട് കുറിതൊട്ടു. 'എന്നാപ്പിന്നെ കുറച്ച് ദൂരം മാഷ് ഓടിക്കൂ, ഞാൻ പുറകിലിരിക്കാം,'

'അയ്യോ അത് വേണ്ട. നിനക്കൊരു റെക്കോഡ് ആയിക്കോട്ടേ' എന്നാ ശരി, ആലപ്പുഴ ശരണം. എന്റെ മനസ്സിന്റെ മാപ്പിൽ തിരോന്തരം കഴിഞ്ഞാൽ, കൊല്ലം, പിന്നെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്- തീവണ്ടി സ്റ്റേഷനിലെ ബോർഡുകൾ മാതിരി. പക്ഷേ അതിനിടയ്ക്കൊക്കെ പല നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു എന്നത് ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. അങ്ങനെയാണ് ഹരിപ്പാട്, കരുനാഗപ്പള്ളി, കായംകുളം തുടങ്ങിയ നാട്ടുരാജ്യങ്ങളും അവിടെയൊക്ക പകലിലും ചുകപ്പ് ബൾബ് പ്രകാശിക്കുന്ന ഇടങ്ങളും ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. അങ്ങനെ നാട്ടു രാജ്യങ്ങളിൽ നിർത്തിനിർത്തി ഒടുവിൽ ഞങ്ങൾ ആലപ്പുഴ കണ്ടുപിടിച്ചു.

എന്നാൽ അതൊരു ഭയങ്കര കണ്ടുപിടിത്തമായിപ്പോയി. ആലപ്പുഴ എത്തുമ്പോഴേക്കും ആകാശം കറുക്കുകയും കാളിദാസൻ പറഞ്ഞുവിട്ട മേഘങ്ങൾ ഇടയ്ക്കുവെച്ച് പണിമുടക്കി തുള്ളികളായി താഴേക്കു വീണു കൊണ്ടുമിരുന്നു. മഴ കാണാൻ നല്ല ശേലാണ്, പക്ഷേ ചില സമയങ്ങളിൽ കൊള്ളാനോ തീരെ കൊള്ളില്ല, പ്രത്യേകിച്ച് വണ്ടിയോടിക്കുന്നവർക്ക്. സൂചികൊണ്ട് മുഖത്തു കുത്തുന്ന വേദനയാണ് ഉയരങ്ങളിൽനിന്നും പതിക്കുന്ന മഴത്തുള്ളികൾക്ക്. ഞങ്ങൾക്കാണെങ്കിൽ ഹെൽമറ്റോ മഴക്കോട്ടോ ഇല്ല. മഴ സാധാരണ ഇരുട്ടാണ് കൊണ്ടുവരിക, എന്നാൽ മാഷുടെ തലയിൽ മഴ വീണപ്പോൾ വെളിച്ചമാണുണ്ടായത്. തന്റെ പച്ചത്തൊപ്പി കൊല്ലത്തെ പ്രൊഫസറുടെ വീട്ടിൽ മറന്നുവെച്ച കാര്യം മാഷിന്റെ തലയിൽ അപ്പോഴാണ് തെളിഞ്ഞത്.

'ജോയി ഒന്ന് നിർത്തിയാലോ?'

'എന്തേ മാഷേ?'

തൊപ്പി മറന്നു വെച്ച കഥ മാഷ് പറഞ്ഞു.

'സാരല്യ, തൊപ്പിയല്ലേ പോയുള്ളു തല അവിടെയുണ്ടല്ലോ. തൊപ്പിക്ക് മഴ കൊള്ളാൻ യോഗമില്ല എന്നു കരുതിയാൽ മതി.' ചിലപ്പോൾ മാഷ് അങ്ങനെയാണ്, തത്ത്വചിന്താപരമായി സംസാരിച്ചുകളയും. പെട്ടെന്നുതന്നെ കോഴിക്കോട്ടുകാരന്റെ ശുദ്ധതയും കൈവരിക്കും.

'ന്നാ മഴ കൂടുംമുമ്പേ വേഗം വിട്ടൂട്.' അതും പറഞ്ഞ് മാഷ് ദാർശനികമായി മഴ നനഞ്ഞു. മഴയ്ക്കുണ്ടോ ദാർശനികമായ വേർതിരിവുകൾ. അത് ഞങ്ങളെ അടിമുടി വെള്ളത്തിലാക്കി. ചുകപ്പ് ബൾബ് തന്ന ഉത്തേജനമൊക്കെ അതിലൊലിച്ചും പോയി. ' നമുക്ക് ഇച്ചിരിനേരം ഒന്ന് നിർത്തിയാലോ?' ഞാൻ ചോദിച്ചു. മാഷ് പുറത്തെ ഏതോ ബോർഡ് വായിച്ചു സ്ഥലം മനസ്സിലാക്കി. 'നമ്മളിപ്പോ അമ്പലപ്പുഴ എത്തി. ഈ മഴ അമ്പലപ്പുഴ മാത്രമേ ഉണ്ടാവൂ, ആലപ്പുഴ എത്തിയാൽ മഴയുണ്ടാകില്ല.' സാമ്പത്തികശാസ്ത്രമാണ് വിഷയമെങ്കിലും കാലാവസ്ഥാകാര്യങ്ങളിലും അദ്ദേഹം ശുദ്ധാത്മാവുതന്നെ. മഴയ്ക്കുണ്ടോ അമ്പലപ്പുഴയും ആലപ്പുഴയും! മഴയുടെ കാഠിന്യം കൂടുകതന്നെയാണ്. പകലിലെ ഇരുട്ടുമഴ മുമ്പിലുള്ള നിരത്തുപോലും കാണാതാക്കി. 'ഓടിച്ചിട്ടും ഓടിച്ചിട്ടും ആലപ്പുഴ എത്തുന്നില്ലല്ലോ മാഷേ? നമുക്ക് വഴിതെറ്റിയോ?' അപ്പോൾ വന്നു മാഷിന്റെ ക്ലാസ് മറുപടി. 'എല്ലാ വഴികളും അവസാനം ചെന്നെത്തുക ഒരേ വഴിയിലാണ്.' അനുബന്ധവും വന്നു: 'എന്നാ യ്യ് വേഗം വിട്ടൂട്.' പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, നേരെ വിട്ടു. ആ പോക്കിലാണ് വണ്ടി ഒരു ഗട്ടറിൽ ചാടിയത്. ഞങ്ങൾ ഇരുവരും തെറിച്ചുപോയില്ല എന്നുമാത്രം. എതിരെവന്ന കെ. എസ.്ആർ.ടി.സി. ബസ് സൈഡ് തരാതെവന്നപ്പോൾ ഞാൻ വെട്ടിച്ചതാണ് വണ്ടി കുഴിയിൽ ചാടാൻ കാരണം. അക്കാലത്ത് കുഴികളെക്കൊണ്ടായിരുന്നത്രെ നിരത്ത് ഉണ്ടാക്കിയിരുന്നതെന്ന് ചരിത്രകാരന്മാർ. ഭാഗ്യത്തിന് ഡ്രൈവറുടെ തെറി മഴയത്ത് ഞങ്ങൾക്കു കേൾക്കാനായില്ല. ഞങ്ങൾ കുലുങ്ങിക്കുലുങ്ങി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ബൈക്കിനു പകരം കുതിരയെ ആണോ ഓടിക്കുന്നതെന്ന് എനിക്കു സംശയമായി, കാരണം തെളിച്ച വഴിക്കല്ല വണ്ടി പോകുന്നത.് ഇടത്തോട്ടു തിരിക്കുമ്പോൾ വലത്തോട്ടു പോകും. വലത്തോട്ടാണെങ്കിലോ ഇടത്തോട്ടും. 'മാഷെ ഇനി മുമ്പോട്ടു പോണമെങ്കിൽ നമുക്ക് ഏതെങ്കിലും വർക്ക്ഷോപ്പിൽ കാണിക്കണം.'

'ജോയി തന്നെ ഒന്ന് നോക്ക്, നീ ഒരു മെക്കാനിക്ക് അല്ലേ'എന്നായി മാഷ്.

'നടക്കൂല മാഷേ, ഞാൻ വിചാരിച്ചിട്ട് കാര്യമില്ല, നമുക്ക് വർക്ക്ഷോപ്പ് തന്നെ നോക്കാം.'

'ആയിക്കോട്ടെ,' എന്ന് മാഷ്.

പിന്നീട് വർക്ക്ഷോപ്പ് നോക്കിയായിരുന്നു യാത്ര. മഴയും ഇരുട്ടുംകൂടി ആലപ്പുഴയെ ഞങ്ങളുടെ കണ്ണുകളിൽനിന്നും മറച്ചു. ഞങ്ങൾ ചേർത്തലയ്ക്കുള്ള വഴിയിലാണെത്തിയത്. അപ്പോൾ മഴയുടെ മാറ്റ് ഒന്നു കുറഞ്ഞു. രംഗം തെളിഞ്ഞു. റോഡരികിൽ ഞങ്ങളെ കാത്തിട്ടെന്നവണ്ണം ഒരു ടൂ വീലർ വർക്ക്ഷോപ്പ് തുറന്നിരിക്കുന്നു. സന്തോഷംകൊണ്ടെനിക്ക് ഓടിക്കാൻ വയ്യാതായി. ഞങ്ങൾ വർക്ക്ഷോപ്പിലെത്തി. അവിടത്തെ പ്രധാനിയോട് കാര്യം പറഞ്ഞു. അയാൾ വന്ന് ഒറ്റ നോട്ടമേ നോക്കിയുള്ളൂ. ഹാൻഡിൽ ബാർ പിടിച്ചൊരു പൊക്കൽ, അത് പഴം പോലെ ഊരി അയാളുടെ കൈയിൽ വന്നു. ഞങ്ങൾ അന്തംവിട്ടു നോക്കി നിൽക്കെ അയാൾ പറഞ്ഞു,

'ഇത് ഉള്ളിൽ വെച്ച് പൊട്ടിപ്പോയതാ. അപകടം പറ്റാതെ ഇവിടെവരെ എത്തിയത് ഭാഗ്യം. നിങ്ങൾ എവിടന്നു വരുന്നു?'

'ഞങ്ങള് തിരുവനന്തപുരത്തുനിന്നും വരികയാണ്.'

'ഏതായാലും ഒന്നും പറ്റാതെ ഇവിടെ എത്തിയല്ലോ, ഹാൻഡിൽ ഷാഫ്റ്റ് പൊട്ടിയതാണ്, വെൽഡ് ചെയ്യേണ്ടിവരും. കുറച്ച് സമയം എടുക്കും.' ആയിക്കോട്ടെ എന്ന് മാഷ് വീണ്ടും. അപ്പോഴാണ് അടുത്ത ചായക്കടയിലെ ചില്ലലമാരയിൽ സ്വർണ്ണനിറമുള്ള കപ്പ വേവിച്ചത് ഞങ്ങളെ കൊതിയോടെ നോക്കുന്നതു കണ്ടത്. ഇനിയെന്തിനു കാത്തുനിൽക്കണം? നല്ല മത്തിക്കറിയും ബീഫും കപ്പയ്ക്ക് കൂട്ടുവന്നപ്പോൾ അവിടെത്തന്നെ താമസിച്ചാലോ എന്നും തോന്നിപ്പോയി. ഹോട്ടലിലെ ബില്ല് മാഷ് കൊടുത്തു. ഇനി വർക്ക്ഷോപ്പിലെ ബില്ല് കൊടുക്കണം. 'അമ്മദ് ഒന്നും തന്നില്ലേ?' (അമ്മദ് എന്നാൽ അമ്മ അറിയാൻ സിനിമയുടെ നടത്തിപ്പുകാരൻ. അദ്ദേഹം യാത്രാച്ചെലവായി എന്റെ കയ്യിൽ പണം തന്നിരിക്കും എന്നാണു മാഷ് കരുതിയത്) ഞാൻ പറഞ്ഞു, 'ഇല്ല.'

വഴിനീളെയുള്ള ചുവന്ന ബൾബിട്ട ഇടത്താവളങ്ങളിലെല്ലാം മാഷിന്റെ പോക്കറ്റ് തന്നെയായിരുന്നു എന്റെ ഖജനാവ് 'അപ്പൊ ഇനി എന്താക്കും? വർക്ക് ഷോപ്പിൽ പൈസ കൊടുക്കണം, പെട്രോൾ അടിക്കണം.' ഞാനും മാഷും കൈയിലുള്ളത് നുള്ളിപ്പെറുക്കിയാലും രക്ഷയില്ല. ഇനിയാണ് മാഷിന്റെ ഇടപെടൽ. മാഷ് ഒരു കടലാസിൽ വർക്ക്ഷോപ്പിന്റെ വിലാസം കുറിച്ചെടുക്കുന്നു. ജോലി കഴിഞ്ഞുനിൽക്കുന്ന മെക്കാനിക്കിനെ മാഷ് സമീപിക്കുന്നു, 'എന്താ നിങ്ങളെ പേര്?'

'വർഗ്ഗീസ്' എഴുതിയെടുത്ത കടലാസ് കാണിച്ച് മാഷ് ചോദിക്കുന്നു, 'ഇത് തന്നെയല്ലേ അഡ്രസ്സ്?' വർഗ്ഗീസ് ഭയന്നമട്ടിൽ 'എന്തിനാ?' വിജയനും ദാസനും നടിക്കുന്ന സി.ഐ.ഡി. സിനിമകൾ അപ്പോൾ ഇറങ്ങിയിട്ടില്ലെങ്കിലും മാഷിന്റെ പട്ടാളക്കുപ്പായവും മറ്റും വർഗ്ഗീസ് പുണ്യാളനിൽ സംശയത്തിന്റെ വിത്തുപാകുന്ന ശബ്ദം ഞാൻ കേട്ടു.

'റിപ്പയർ ചെയ്തതിന് എന്താ വേണ്ടത്?'

'എന്തെങ്കിലും തന്നാൽ മതി' എന്ന് വിനയാന്വിതൻ വർഗ്ഗീസ്.

'അത് പറ്റില്ല നിങ്ങൾ ചെയ്ത ജോലിയുടെ കൂലി നിങ്ങൾ പറയണം.'

പുന്നപ്ര വയലാർ സമരഭൂമിയുടെ അയൽപ്രദേശമായതിനാലാവണം മാഷും ഞാനും പെട്ടെന്ന് കമ്യൂണിസ്റ്റുകൾ ആയി. 'ജോലിക്ക് കൂലി വരമ്പത്തുതന്നെ' എന്ന നിലപാടെടുത്തു. ഏറെ നിർബ്ബന്ധങ്ങൾക്കുശേഷം ഒടുവിൽ വർഗ്ഗീസ് പറഞ്ഞു, 'അമ്പത് രൂപ തന്നാൽ മതി.' അപ്പോഴാണ് മാഷ് ശരിക്കും വിജയനോ ദാസനോ ആയത്, 'ന്നാൽ ഒരു കാര്യം ചെയ്യൂ, ഒരു നൂറു ഉറുപ്പിക തരൂ, ചില്ലറയായിട്ടുമതി.' ചായക്കടയിൽ കൊടുക്കാൻ ചില്ലറയ്ക്കോ മറ്റോ ആണെന്നു കരുതി നിഷ്‌കളങ്കവർഗ്ഗീസ് അകത്തു പോയി പെട്ടിയിൽക്കിടന്ന നൂറു രൂപയുമായി വന്നു. അതിൽനിന്നും അമ്പതു രൂപയെടുത്ത് മാഷ് വർഗ്ഗീസിനു തന്നെ നൽകുന്നു. കൂടാതെ ഇങ്ങിനെയും പറഞ്ഞു, 'പണിക്കൂലി കടമാക്കുന്നില്ല. നൂറു രൂപ ഞാൻ അവിടെച്ചെന്നിട്ട് അയയ്ക്കാം.' സാമ്പത്തികശാസ്ത്രത്തിൽ അത്ര പിടിപാടില്ലാത്ത വർഗ്ഗീസ് കണക്കിന്റെ കളികൾ ആലോചിച്ച് തല വിയർത്ത് ഞങ്ങൾ നൽകിയ അയാളുടെതന്നെ 50 രൂപയുമായി നിൽക്കുമ്പോൾ മാഷ് സ്ഥിരം ഡയലോഗ് കാച്ചി, 'ന്നാ പിന്നെ അങ്ങിനെ ചെയ്യാ.' ഞങ്ങൾ യാത്ര പറഞ്ഞു. ഇനി കൊച്ചിക്ക്- അതെ പഴയ കൊച്ചിയിലേക്കുതന്നെ.

 

'അപ്പോൾ മാഷേ, നമ്മുടെ കൈവശം ഇനി പൈസ ഒന്നും ഇല്ലല്ലോ,'

ഞാൻ ആകുലനായി. മാഷിന് യാതൊരു കുലുക്കവുമില്ല, മാത്രമല്ല വീണ്ടും തത്ത്വചിന്തകനുമായി. 'അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും.'

'പക്ഷേ നമ്മൾ നടക്കുകയല്ലല്ലോ മാഷേ ഓടുകയല്ലേ? അതിന് ഇന്ധനം വേണ്ടേ?'

'അതും ശരിയാണല്ലോ. ഒരു കാര്യം ചെയ്യ്, കൊച്ചിയെ മറന്നേക്ക്. നേരെ എറണാകുളത്തിനു വിട്. അവിടെ നമ്മുടെ കലാധരൻ ഉണ്ടല്ലോ, ഇല്ലെങ്കിൽ തങ്കച്ചനെങ്കിലും ഉണ്ടാവും.'

ഒഡേസയുടെ എറണാകുളത്തെ സംഗമകേന്ദ്രമായ കാരിക്കാമുറിയിലെ ചിത്രകാരനായ കലാധരന്റെ കലാപീഠമാണ് അപ്പോൾ ലക്ഷ്യം. കാരിക്കാമുറിയായി. പക്ഷേ അവിടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു എന്നു മാത്രം. മുറിക്കുള്ളിൽനിന്നും മുഴുവനായതോ പാതിയായതോ ആയ കലാധരന്റെ ചില ചിത്രങ്ങൾ ആ ഇരുട്ടിലും ഞങ്ങളെ പരിചയഭാവത്തിൽ നോക്കിച്ചിരിച്ചു. കലാധരനെ ബന്ധപ്പെടാനാണെങ്കിൽ വേറെ വഴിയൊന്നും ഇല്ല. 'എന്നാപ്പിന്നെ കൊച്ചിക്ക് തന്നെ പോട്ടെ, നമ്മൾ ഷൂട്ട് ചെയ്ത സ്ഥലമല്ലേ ആരെങ്കിലുമൊക്കെ കാണാതിരിക്കുമോ'.

എനിക്ക് ചിരി വന്നു. 'മാഷേ, ഷൂട്ട് കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞില്ലേ?'

'എന്നാലും അതിലെ ഒക്കെ ഒന്ന് കറങ്ങിനോക്കാം, നിനക്കൊരു റെക്കോഡ് വേണ്ടേ?'

എന്നെ വീഴ്ത്തുന്ന ആ റെക്കോഡ് സ്വപ്നം മാഷ് ഇടയ്ക്കിടയ്ക്ക് പുറത്തെടുക്കും, അപ്പോൾ ഞാൻ തരളിതനാവും. അമ്മ അറിയാൻ ഷൂട്ടിങ്ങുമായി മാസങ്ങളോളം ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമൊക്കെ പണപ്പിരിവും അഭിനയവും ഒക്കെയായി നടന്നതിനാൽ പരിചയക്കാരും പറ്റുകടക്കാരും നിരവധി. ആരെയെങ്കിലും കൈയിൽക്കിട്ടണമേയെന്ന പ്രാർത്ഥനയിൽ വണ്ടി വിട്ടു. നേരം രാത്രി. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. ഇവിടെ മനുഷ്യർ ഇത്ര നേരത്തെ കൂടണയുമോ. പോർച്ചുഗലിലെ ജെറോനിമോസ് മൊണാസ്റ്ററിയിലെ കുഴിമാടത്തിലേക്ക് കൊണ്ടുപോകുംമുമ്പ് ഗാമ കിടന്നിരുന്ന ഫോർട്ട് കൊച്ചിയിലെ പള്ളിപ്പറമ്പിലെ ശൂന്യമായ കുഴിമാടംപോലും ഉറങ്ങിക്കഴിഞ്ഞിരുന്നു. അപ്പോൾ അതാ ഒരു രൂപം കടലിൽനിന്നും പൊങ്ങിവരുന്നപോലെ... അടുത്തു വന്നപ്പോൾ ആളെ മനസ്സിലായി. ഞങ്ങളുടെ സിനിമയിൽ പാടിയ ഇബ്രായിൻകുട്ടി. ഉമ്പായി എന്ന് പിന്നീട് ജോൺ ജ്ഞാനസ്നാനം ചെയ്യുന്നതിനു മുമ്പേയുള്ള ഗസൽ ഗായകൻ ഇബ്രായിൻകുട്ടി. കൂടെ ഒരു ആരാധകക്കൂട്ടവുമുണ്ട്. ഇബ്രായിൻകുട്ടി ഞങ്ങളെയും ഞങ്ങൾ അയാളെയും തിരിച്ചറിഞ്ഞെങ്കിലും സഹായം ചോദിക്കുവാനുള്ള ഒരു പരിചയം ഞങ്ങൾ തമ്മിൽ അപ്പോൾ ഉണ്ടായിരുന്നില്ലല്ലോ.

ചില കാര്യങ്ങളിലൊക്കെ ഞങ്ങൾ ഭയങ്കര ഡീസന്റ് ആണ്. നല്ല പരിചയമുള്ളവരോടും തീരെ പരിചയമില്ലാത്തവരോടും മാത്രമേ പണം ചോദിക്കൂ. നടുക്കണ്ടങ്ങളെ വെറുതെ വിടുകയാണ് പതിവ്. അപ്പോൾപ്പിന്നെ ചെയ്യാവുന്നത് അദ്ദേഹത്തെ ജോണിനും ഞങ്ങൾക്കും പരിചയപ്പെടുത്തിയ നസീമിനെ കണ്ടുകിട്ടാൻ എന്താണ് വഴി എന്നന്വേഷിക്കലാണ്. ഉൾക്കടലിൽ മീൻ പിടിക്കാൻ ബോട്ടിൽപ്പോയി എന്ന വിവരമാണ് അദ്ദേഹത്തിൽനിന്നും കിട്ടിയത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നീന്തിപ്പഠിക്കുന്നതുപോലെയാണ് നസീമിന് ആഴക്കടലിൽനിന്ന് മീൻപിടിക്കലും കരയിൽ ഇരുന്നു സിനിമപിടിക്കലും. നസീം മീൻ പിടിച്ച് തിരിച്ചെത്തുന്ന സമയം പ്രവചനാതീതം എന്ന് ഷൂട്ടിങ്ങിനായി ഞങ്ങൾ താമസിച്ചിരുന്ന XL റെസ്റ്റോറന്റ്ുകാരൻ പയ്യൻ പറഞ്ഞു. അൽപ്പനേരത്തേക്കെങ്കിലും അവൻ ഞങ്ങളുടെ സ്നേഹമുള്ള ആതിഥേയനായി. ചായകുടി കഴിഞ്ഞപ്പോൾ മാഷ് അവന്റെ അഡ്രസ്സ് എഴുതിയെടുക്കുന്നത് കണ്ടപ്പോൾത്തന്നെ എനിക്കു കാര്യം മനസ്സിലായി.

പയ്യന് എന്തെങ്കിലും പറയാൻ സമയം കൊടുക്കാതെ മാഷെന്നോടു ചോദിച്ചു: 'എണ്ണ ണ്ടാവ്വ്വല്ലോ ലേ?'

'തൃശ്ശൂർ വരെ എത്താനുള്ളതുണ്ട്'

'എന്നാ അങ്ങോട്ട് വിട്ടൂട്...അവിടെ നമുക്കൊരാളുണ്ട്,'

ഞാൻ എന്റെ സംശയം ചോദിച്ചു, 'അല്ല മാഷേ, ആദ്യംതന്നെ ആരോടെങ്കിലും കുറച്ചധികം പൈസ വാങ്ങീരുന്നെങ്കിൽ ഈ പ്രശ്‌നണ്ടാവ്വ്വേ?'

അതിനും സാമ്പത്തികശാസ്ത്രത്തിൽ പ്രതിവിധി വന്നു. 'ചെറിയ പൈസയാകുമ്പോൾ അവർക്കത് നിസ്സാരമായിരിക്കും. വലിയ തുകയാകുമ്പോൾ അവരുടെ പ്ലാനുകൾ നമുക്കുവേണ്ടി മാറ്റേണ്ടിവരും. അത് ശരിയല്ലല്ലോ. നമ്മൾ സിനിമ ഉണ്ടാക്കിയത് അങ്ങിനെയല്ലേ?'

നേരാംവണ്ണം മാഷിന്റെ ഇക്കണോമിക്സ് ക്ലാസ് അറ്റൻഡ് ചെയ്യാത്തതിന്റെ കുഴപ്പം എനിക്ക് ബോദ്ധ്യപ്പെട്ടു. അപ്പോൾ ഫോർട്ട് കൊച്ചിയിൽ നിന്നും നേരെ വൈപ്പിനിലേക്ക്- മദ്യദുരന്തത്തിൽ കാഴ്ചപോയവരുടെ ദ്വീപ്. എന്നാൽ ശബ്ദംകൊണ്ട് സിനിമയിൽ മന്ത്രവാദം ചെയ്യാനായി രംഗനാഥ് രവി എന്നൊരുവന്റെ ജനനം കാത്തുകിടക്കുന്ന മണ്ണ്. അവിടെ കിടന്നിരുന്ന അവസാനത്തെ ജങ്കാർ ഞങ്ങളെയും കയറ്റി ഫെറി കടത്തി. ഞങ്ങളും ബൈക്കും കോട്ടപ്പുറത്തെത്തി.

പന്തളത്തുനിന്നും പന്തം കൊളുത്തി പി.സി. ജോസിയും കൂട്ടരും. പുസ്തക പ്രസാധകസംഘം കോട്ടപ്പുറത്തേക്കു മാറ്റുവാൻ കച്ചകെട്ടിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. അതിനാൽ കോട്ടപ്പുറത്ത് അത്താണികളില്ല. നേരെ കൊടുങ്ങല്ലൂർ, അവിടെ ക്ഷേത്രത്തിനു പടിഞ്ഞാറ് ഒ.കെ. ബിൽഡിങ്ങിൽ ജ്ഞാനബുദ്ധൻ ടി.എൻ. ജോയിയുണ്ട്. പക്ഷേ ജനകീയസിനിമയോടും ജോണിനോടും അകലംപാലിച്ചിരുന്ന അദ്ദേഹത്തെ ഒഴിഞ്ഞുപോകുകയാണ് നല്ലതെന്നു തോന്നി. അങ്ങനെ മതിലകം, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി വഴി തൃശ്ശിവപേരൂർ എന്ന് ഇന്ത്യൻ റെയിൽവേ എഴുതിവെക്കുകയും തൃശ്ശൂർ എന്ന് നാട്ടുകാർ പച്ചയ്ക്ക് പറയുകയും ചെയ്യുന്ന നാട്ടിലെത്തി.

'മാഷെ, തൃശ്ശൂരെത്തി.' അടുത്തതായി മാഷിന്റെ റൂട്ട് മാപ്പാണ്. 'ഇവിടെ ഒരു വലിയ മൈതാനമുണ്ട്. അതിനെ ചുറ്റിവരുമ്പോൾ ഒരു ലോഡ്ജ് കാണാം. അവിടെ ഒരാളുണ്ട്. അയാളെ കിട്ടിയാൽ എല്ലാം റെഡി.' എനിക്കാകെ അറിയാവുന്നത് വാഞ്ചി ലോഡ്ജ് ആണ്. അതായിരുന്നു ഒഡേസയുടെയും ജോണിന്റെയും എന്നല്ല കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരികപ്രവർത്തകരുടെയും കേന്ദ്രഭരണപ്രദേശം. അങ്ങനെയാണ് ത്യശ്ശൂരിനു സാംസ്‌കാരികതലസ്ഥാനം എന്ന പേർ ലഭിക്കുന്നത്. അല്ലാതെ ബത്ത-കിത്തകൾ വാങ്ങി പിഴക്കുന്നവരും അവർക്ക് ശീട്ട് എഴുതിക്കൊടുക്കുന്ന മാസശമ്പളക്കാരും ജീവിച്ചുപോകുന്ന അക്കാദമികൾ ഉള്ളത് കൊണ്ടല്ല. ഇന്നത്തെ കറന്റ് ബുക്സിന്റെ പബ്ലിക്കേഷൻ മാനേജർ കെ.ജെ. ജോണി അക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള വാഞ്ചി ലോഡ്ജിൽ ഒരൊറ്റമുറിയിൽ വാക്കി നോ പ്രേരണക്കോ വേണ്ടി കാവൽകിടക്കുന്ന കാലം. സിവിക് ചന്ദ്രൻ ആയിരുന്നു മൊത്തത്തിൽ പത്രാധിപരെങ്കിലും ജോണിയായിരുന്നു ഏവർക്കും എന്തിനും പ്രാപ്യൻ. അന്നയാൾ നാൽപ്പതു വർഷങ്ങൾക്കുശേഷം എടുക്കുവാനുദ്ദേശിക്കുന്ന സിനിമയ്ക്കുവേണ്ടി വാഞ്ചിലോഡ്ജ് എന്നൊരു തിരക്കഥ എഴുതുവാനായി പണിപ്പുര കെട്ടി അവിടേക്ക് താമസം മാറിപ്പോയെങ്കിലോ എന്ന ചിന്തയിലായിരിക്കാം എന്ന് ഞാൻ അകക്കണ്ണിൽ കണ്ടു. മാഷ് കാണാതിരിക്കാൻ കണ്ണ് ഇറുക്കിയടച്ചു. അദ്ദേഹത്തിന്റെ കൽപ്പന അനുസരിച്ച് അദ്ദേഹത്തിനു മാത്രം അറിയാവുന്ന അജ്ഞാതന്റെ വാസസ്ഥലം തേടി ഞങ്ങൾ ഓട്ടം ആരംഭിച്ചു.

 

ഇപ്രാവശ്യം നമ്മൾ കണ്ടുപിടിക്കും.

ശുഭാപ്തിവിശ്വാസത്തിന്റെ അപ്പൂപ്പനായ മാഷ് ഒടുവിൽ മൂന്നാം റൗണ്ടിൽ ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ വണ്ടി നിർത്തുവാൻ പറഞ്ഞു. വണ്ടി നിന്നു. ഞാൻ നോക്കിയപ്പോൾ ഇത് തുടങ്ങിയ ഇടം തന്നെയാണല്ലോ. 'മാഷേ ഇത് നമ്മൾ തുടങ്ങിയ ഇടത്തു തന്നെയാണ.്' 'ആയിക്കോട്ടെ അവസാനം എന്ന് പറഞ്ഞാൽ അതൊരു തുടക്കമല്ലേ.' വീണ്ടും ഫിലോസഫി.

മാഷ് വണ്ടിയിൽ നിന്നും ഇറങ്ങി ഒരു ഇടവഴിയിലേക്ക് അപ്രത്യക്ഷനായി. ഞാൻ ഇരുളിൽ കാത്തു നിന്നു. കുറച്ച് നേരമായിട്ടും മാഷിനെ കാണാനില്ല. കൂരാകൂരിരുട്ട്. ഇങ്ങനെയുള്ള സമയത്താണത്രേ അമീബ ഇരപിടിക്കാൻ ഇറങ്ങുക എന്ന് ഏതോ പാഠപുസ്തകത്തിൽ വായിച്ചത് എനിക്കോർമ്മ വന്നു. ഞാൻ മാഷ് പോയ വഴിയിലൂടെ ഒന്ന് നടന്നു നോക്കി. അപ്പോഴതാ മാഷ് എതിരെ വരുന്നു.

'എന്തായി മാഷേ കണ്ടുപിടിച്ചോ?', ഞാൻ ചോദിച്ചു.

മാഷ് പറഞ്ഞു: 'അതേ മുറി, അതേ ലൈറ്റ്, ഓൻ അന്നത്തെപ്പോലെ അതേ കസേരയിൽത്തന്നെ ഇരിക്കുന്നു.'

'എത്ര കിട്ടി?'

'ഞാൻ 200 വാങ്ങി. ഇനി ടെൻഷൻ അടിക്കണ്ടല്ലോ'.

'മാഷേ, നിങ്ങളാ ലോഡ്ജിന്റെ പേര് നോക്കിയോ?'

'ഇല്ല, ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ?'

സംഗതി ശരിയാണ്.

'എന്നാ കേട്ടോളിൻ എന്റെ വീട്ടുപേര് തന്നെയാണ് ലോഡ്ജിന്റെയും പേര്.'

'തന്നോ? എന്നാപ്പിന്നെ ജോയിക്ക് ഇത് ആദ്യമേ പറഞ്ഞൂടായിരുന്നോ?'

'അതെങ്ങിനെ എനിക്കറിയും? ഞാൻ ആദ്യം കാണുകയാണ് ഇത്.'

'അതുതന്നെയല്ലേ ഞാനും പറയുന്നത്...എനിക്കും അറിയില്ലല്ലോ ഇതാണ് അതെന്ന്.'

ഹാരോൾഡ് പിന്ററുടെ അസംബന്ധ നാടകത്തിലെ നടന്മാരായി ഞങ്ങൾ. പിന്നെ യാഥാർത്ഥ്യത്തിലേക്ക് വരാതെ രക്ഷയില്ലെന്നായി. 'മാഷേ ആദ്യം പെട്രോൾ, പിന്നെ ഭക്ഷണം.'

'ആയിക്കോട്ടെ.'

അങ്ങിനെ പെട്രോളും ഭക്ഷണവും കഴിഞ്ഞു. അല്പനേരം വിശ്രമിക്കാം എന്ന് കരുതി തേക്കിൻകാട് മൈതാനിയിൽ തേക്കിൻ തൈകളില്ലാത്ത ഒരിടത്ത് നടു നിവർത്തി. ആകാശത്ത് നക്ഷത്രങ്ങൾ-സുന്ദരൻ കാറ്റ്. മൈതാനത്തിന്റെ രാത്രി ലഹരിയിൽ കണ്ണുകളടയവേ, ആരോ വടികൊണ്ട് കുത്തിനോവിക്കുന്നു. കണ്ണു തുറന്നപ്പോൾ രണ്ട് കാക്കിധാരികൾ. തലയിൽ തൊപ്പിക്ക് പകരം മഫ്ളർ ചുറ്റിയിരിക്കുന്നു. കൈയിൽ നാലുകട്ടയുടെ ടോർച്ച്. പോരാത്തതിന് ലാത്തിയും. കണ്ണുമിഴിച്ച ഞങ്ങളോട് 'ആരാണ് എന്താണ്' എന്നൊക്കെയായി കുശലം. ഞാൻ സത്യം മണി മണിപോലെ പറഞ്ഞു. കൂടെയുള്ളത് കോളേജ് പ്രൊഫസറാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാൻ പറ്റാതായി. 'നല്ല മാഷും നല്ല വിദ്യാർത്ഥിയും! വേഗം സ്ഥലം വിട്ടോ, ഇവിടെ രാത്രി കിടക്കാനൊന്നും പറ്റില്ല.' പോലീസുകാർ വിടുന്നില്ല. ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി. മാഷ് എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു. പിന്നെ പോലീസുകാരോട് ചോദിച്ചു. 'ഇത്രേം നല്ല സ്ഥലത്ത് കിടക്കാൻ സമ്മതിക്കാത്ത രാജ്യം വല്ലാത്തൊരു രാജ്യം തന്നെ. വാ, നമുക്ക് പോകാം.' ഞങ്ങൾ പൊടിയും തട്ടിയെഴുന്നേറ്റു. വണ്ടി സ്റ്റാർട്ടാക്കി. പോലീസുകാർ നക്ഷത്രം നോക്കി കിടന്നിരുന്ന മറ്റാരെയോ കുത്തിയുണർത്താനായി മുന്നോട്ടു നടന്നു. കൈയിൽ കാശുണ്ടായിട്ടും ചുവന്ന ബൾബുകൾ പ്രകാശിക്കുന്ന വഴിയോരങ്ങൾ ഇനി ഉണ്ടാവില്ലല്ലോ എന്ന സങ്കടത്തോടെ ശേഷിച്ച ഭൂവിഭാഗങ്ങൾ കൂടെ കണ്ടുപിടിക്കുവാൻ ഞങ്ങൾ യാത്ര തുടങ്ങി.

എടപ്പാൾ രാജ്യത്ത് എത്തിയപ്പോൾ അമ്പലപ്പുഴയിൽ നിർത്തിവെച്ചിരുന്ന മഴ വീണ്ടും സ്റ്റാർട്ടായി; തുള്ളികളായി വീണു. 'മാഷെ...' മാഷ് വിളി കേൾക്കുന്നില്ല. ഞാൻ വീണ്ടും വിളിച്ചപ്പോൾ മാഷ് വിളികേട്ടു, 'ഞാനൊന്ന് ഉറങ്ങിപ്പോയി.' നല്ല കഥ...മാഷ് പുറകിലിരുന്ന് ഉറങ്ങുന്നു!

'മാഷേ നല്ല മഴ... ഒന്ന് നിർത്തിയാലോ?'

'ഏയ് ഇതിപ്പോ നിക്കും.' പറഞ്ഞപോലെ കുറ്റിപ്പുറത്തെത്തിയപ്പോൾ മഴ ഓഫാവുകയും ചെയ്തു. 'കണ്ടോ ഓരോ സ്ഥലത്തിനും എത്ര മഴ വേണമെന്ന് മഴയ്ക്കറിയാം.'

കെ.എസ്.ആർ.ടി.സി. ദീർഘദൂരബസ് കാത്തുനിൽക്കുന്ന മനുഷ്യരും അവർക്കരികിൽ നല്ല ഒരു തട്ടുകടയും കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി. തട്ടുകടയിൽനിന്നും ഒരു ഉശിരൻ ഓംലറ്റും കട്ടൻകാപ്പിയുമായി ഞാൻ അടുത്തുള്ള കടവരാന്തയിൽ ഇരുന്നു. തട്ടുകടക്കാരനും മാഷും ചിരപരിചിതരെപ്പോലെ സംഭാഷിക്കുന്നത് ഞാൻ ഒരു ചെവികൊണ്ട് കേൾക്കുന്നുണ്ടായിരുന്നു.

തട്ടുകടക്കാരൻ, 'നിങ്ങളെവിടുന്നു വരുന്നു?'

'തിരുവനന്തപുരത്തിനിന്നും.'

'എങ്ങോട്ടാ പോണത്?'.

'കോഴിക്കോട്.'

'ഇതുമ്മലോ?'

തട്ടുകടക്കാരന്റെ അദ്ഭുതപരതന്ത്രനിമിഷത്തിന്റെ ചെറിയൊരു ഇടവേള, പിന്നെ ഇങ്ങിനെ: 'കോഴിക്കോട്ടേക്ക് ഇഷ്ടംപോലെ ബസ്സുണ്ടല്ലോ. പിന്നെന്തിനാ ഇതുമ്മലു പോണത്? അവിടെ എന്താ?'

ഇനി മാഷ് പറയുന്നത് കേൾക്കാതിരിക്കാൻ ഞാൻ മറ്റേ ചെവി പൊത്തി.

'ആ ഇരിക്കുന്ന ആള് അമ്മ അറിയാൻ സിനിമയിലെ നായകനാ...ഓനൊരു റെക്കോഡ് ആയിക്കോട്ടേന്ന് വിചാരിച്ചിട്ടാ.'

'എന്നാപ്പിന്നെ കാസർകോട് വരെ പൊയ്ക്കൂടേ. രണ്ടറ്റവുമായി...അതാണ് റെക്കോഡ.്' ശോഭീന്ദ്രൻ മാഷിന്റെ പൊട്ടിച്ചിരി കേട്ട് എന്റെ ഉള്ളൊന്നു കാളി. ഇനി മാഷ് നേരെ കാസർകോട് പിടിച്ചോ എന്നു പറഞ്ഞാൽ തീർന്നതുതന്നെ. ഭാഗ്യം! അതുണ്ടായില്ല. വണ്ടിയിൽക്കയറി ഞാനൊന്നു തിരിഞ്ഞുനോക്കിയപ്പോൾ തട്ടുകടക്കാരൻ ഞങ്ങളെ നോക്കി കഷ്ടംവെച്ച് കസ്റ്റമേഴ്സിനോട് 'രണ്ടു വട്ടന്മാർ' എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു.

കുറ്റിപ്പുറം കഴിഞ്ഞപ്പോൾ ഒരു സമാധാനമൊക്കെ മനസ്സിനു കിട്ടി, സ്വന്തം നാട്ടിലെത്തിയ പ്രതീതി. അപ്പോഴതാ കുറ്റിയും കോലുമില്ലാതെ മഴ വീണ്ടും ഇരച്ചാർത്തു വരുന്നു. ഇത്തവണ അൽപ്പം കടുപ്പത്തിലാണ്. വീണ്ടും മുഖത്ത് സൂചികൊണ്ടുള്ള കുത്തുകൾ. എതിരെ വരുന്ന വണ്ടികളുടെ കത്തുന്ന വെളിച്ചം...ഇനിയും ഹാൻഡിൽ ബാർ പൊട്ടിയാൽ ഇവിടെ സഹായിക്കാൻ ഒരു വർഗ്ഗീസ് പുണ്യാളനും ഉണ്ടാവില്ല. എനിക്ക് ഒരൽപ്പം കിടന്നേ പറ്റൂ. മണി മൂന്നോ മറ്റോ ആയിട്ടുണ്ടാവും. 'മാഷെ എന്താക്കും? ഒന്നും കാണാൻ വയ്യ.'

'നമ്മൾ എത്താറായില്ലേ...ജോയി വിട്ടോ ഞാൻ നോക്കുന്നുണ്ട്.' എന്ന് മാഷ്.

എനിക്ക് ചിരിയും കരച്ചിലും ഒപ്പം വന്നു. ബൈക്കിന്റെ പുറകിലിരിക്കുന്ന ആൾ നോക്കിയാൽ ഓടിക്കുന്നവന് എന്തു ഗുണം? ഒടുവിൽ എവിടെയെങ്കിലും നിർത്തുവാൻ തീരുമാനമായി. ഒരു പെട്ടിക്കട കണ്ടുപിടിച്ച് ഞാൻ അവിടെ നിർത്തി. നിന്നുതിരിയാൻപോലുമിടമില്ലാത്ത ഓലമേഞ്ഞ ആ കടയുടെ വരാന്തയിൽ മിഠായിഭരണികൾ വെക്കുന്ന ഒരു തട്ട് കണ്ടു. എനിക്കത് പൂമെത്തപോലെ തോന്നിച്ചു. പിന്നൊന്നും നോക്കിയില്ല ഞാനാ പൂമെത്തയെ പുണർന്നു.

മിഠായിഭരണി വെക്കുന്ന സ്ഥലമായതുകൊണ്ടുള്ള പാറ്റകളുടെ ചുംബനാലിംഗനങ്ങളൊന്നും എന്റെ ഉറക്കത്തെ ബാധിച്ചില്ല.

പ്രഭാതം പൊട്ടിവിടരുന്ന ശബ്ദം ഉണ്ടാക്കി ഒരു പാണ്ടി ലോറി വന്നു നിന്നു. ആ ദിവസത്തെ പ്രഭാതപ്പൊട്ടിവിടരൽ ശബ്ദത്തിന്റെ ക്രെഡിറ്റ് പാണ്ടി ലോറിക്കായിരുന്നു. മാഷെവിടെ? അപ്പോഴാണ് അദ്ഭുതകരമായ ആ കാഴ്ച ഞാൻ കണ്ടത്. മാഷ് ചുവരിൽനിന്നും എഴുന്നേറ്റു വരുന്നു. അതുവരെ പാവം പാതി മഴയും കൊണ്ട് ചുവരിൽ ചാരിനിന്ന് ഉറങ്ങുകയായിരുന്നു. മനുഷ്യന് ഉറക്കം വന്നാൽ ഏതു ചുമരിലും ചാരിനിന്ന് ഉറങ്ങാൻ കഴിയും. ആനയും മനുഷ്യനും തമ്മിലുള്ള ഒരേയൊരു സാമ്യം അതാണത്രേ. ഇങ്ങിനെ നിന്നുറങ്ങുന്ന ഒരാളുണ്ടായിരുന്നത് മരിച്ചുപോയ ചങ്ങാതി അവധൂതൻ ശശിയാണ്. തുടർന്നുള്ള ജീവിതപ്പാച്ചിലിൽ ബസ്സുകളിലും തീവണ്ടികളിലുമൊക്കെ ഞാനും ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

മഴ നിന്നു. വെളിച്ചത്തെ ആരോ തുറന്നുവിട്ടപോലെ പരന്നൊഴുകാൻ തുടങ്ങി; ആറുമണി പ്രകാശം.

മഴ തോർന്ന നിലം.

നിരത്ത്.

മിഠായിത്തട്ടിൽനിന്ന് ഞാനും ചുവരിൽ നിന്ന് മാഷും ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഞങ്ങൾ ചുരുണ്ടുകൂടിയതിന്റെ തൊട്ടരികിൽ പണി പൂർത്തിയായ ഒരു ഷോപ്പിങ് കോംപ്ലക്സിന്റെ ഷട്ടർ വെക്കാത്ത വലിയ വിശാലമായ മുറികൾ മലർന്നുകിടക്കുന്നു. തൊഴിലാളികളായിരിക്കാം ചിലർ ന്യൂസ് പേപ്പർ വിരിച്ച് സുഖമായുറങ്ങുന്നു. പെട്ടിക്കട കണ്ട അത്യാവേശത്തിൽ പരിസരം നോക്കാൻ മറന്ന ഞങ്ങൾ ചാപ്ലിൻ സിനിമയിലെ കഥാപാത്രങ്ങളായി; ബ്ലീച്ചായി. 'ഹോ ഇത്ര നല്ല സ്ഥലം ഇവിടെ ഇണ്ടായിനി ലെ?' എന്ന് കോഴിക്കോടൻശൈലിയും 'കാണേണ്ടത് കാണേണ്ട സമയത്ത് കാണാത്തവരാണല്ലോ നമ്മൾ' എന്ന തത്ത്വചിന്തയും പുറകിൽനിന്നും ഒരു ദീർഘനിശ്വാസത്തോടൊപ്പം എന്റെ ചുമലിൽ വന്നുവീണു.

വീണ്ടും റെക്കോഡ് തികയ്ക്കാൻ വണ്ടി മുന്നോട്ട്... അവസാനം ഞങ്ങൾ കോഴിക്കോട് കണ്ടുപിടിച്ചു. വാസ്‌കോഡഗാമ കണ്ടുപിടിച്ചത് വേറെ കോഴിക്കോടാണല്ലോ 'എന്നാ നമുക്കൊരു ചായ കുടിച്ച് പിരിയാം.' അതിരാവിലത്തെ കോഴിക്കോട്ടെ ചായക്കടയിലെ ചൂടുചായയും പുട്ടും കഴിച്ചതോടെ കൈയിലെ അവശേഷിച്ച കാശും കഴിഞ്ഞതായി മാഷ് പ്രഖ്യാപിച്ചു. കൂടെ റെക്കോഡ് നേടിയതിനുള്ള അഭിനന്ദനവും.

എന്റെ വീട് കഴിഞ്ഞിട്ടാണ് മാഷിനു പോകേണ്ടത്. ഇരുപതു മണിക്കൂറിലധികം ഒരേ ഇരുപ്പിൽ വണ്ടിയോടിച്ച് ഞാൻ വളഞ്ഞുപോയിരുന്നു. എന്നെ വീടിന്റെ പടിയിൽ ഇറക്കുമ്പോൾ മാഷ് പ്രഖ്യാപിച്ചു, 'കുളിച്ചിട്ട് നല്ലോണം ഒന്നുറങ്ങിയാൽ ഒക്കെ ശരിയാവും. ഏതായാലും നിനക്കൊരു റെക്കോഡ് ആയല്ലോ.'

റെക്കോഡ് ജേതാവായ ഞാൻ വളഞ്ഞുതന്നെ കട്ടിലിലേക്കു വീണു. വൈകുന്നേരം തിരുവനന്തപുരത്തുനിന്നും ജോൺ വിളിച്ചു. ഞങ്ങൾ എത്തിയോ എന്നറിയാനാണു വിളിച്ചത.് അമ്മയാണ് ഫോണെടുത്തത്. ഒരേ ഇരുപ്പിൽ ഇരുന്നതു കാരണം നടു നിവർക്കാൻ വയ്യാതെ ഞാൻ കിടക്കുകയാണെന്ന് അമ്മ പറഞ്ഞു. മറുതലക്കൽ നിന്നും ജോണിന്റെ പൊട്ടിച്ചിരി, 'അവിടെ ഉലക്കയുണ്ടോ?' അമ്മയ്ക്കൊന്നും മനസ്സിലായില്ല. 'എന്തിനാ?'

'അത് ഒരു മരുന്നാ, ഒറ്റമൂലി. ശോഭി ഇങ്ങോട്ടു വന്നപ്പോഴും ഇങ്ങനെ ആയിരുന്നു. ഞാൻ ഉലക്കകൊണ്ടാണ് ശോഭിയെ നിവർത്തിയെടുത്തത്. വേണമെങ്കിൽ ഞാൻ തന്നെ വരാം.' വീണ്ടും ജോണിന്റെ പൊട്ടിച്ചിരി.

ഇനി ഉലക്കയുമായി സാക്ഷാൽ ജോൺ വരുമോ?