കുറച്ച് വർഷങ്ങൾക്കു മുമ്പ്, ജയ്പൂരിലെ സാഹിത്യോത്സവത്തിൽ വെച്ച് ബ്രിട്ടീഷ് യാത്രാസാഹിത്യകാരനായ കോളിൻ തുബ്രോണിനെ (അദ്ദേഹത്തിന്റെ Among Russians, A Mountain in Tibet എന്നീ പുസ്തകങ്ങൾ വായിച്ച് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാൻ) ഇന്റർവ്യൂ ചെയ്തപ്പോൾ അവസാനചോദ്യമായി ഞാൻ ചോദിച്ചു:
‘ഇനി എങ്ങോട്ടാണ് താങ്കൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്?’
‘അമുർ നദിയുടെ ഉറവിടം തേടിപ്പോകാൻ ഒരുങ്ങുകയാണ് ഞാൻ,’ അദ്ദേഹം പറഞ്ഞു.
മംഗോളിയയിൽ ആരംഭിച്ച് റഷ്യയുടെ കിഴക്കൻ ദിശയിലൂടെയും ചൈനയുടെ വടക്കുകിഴക്കൻ ദിശയിലൂടെയും ഒഴുകി പസഫിക് സമുദ്രത്തിൽ പതിക്കുന്ന, ലോകത്തിലെ പത്താമത്തെ നീളംകൂടിയ/വലിയ നദിയാണ് അമുർ. ചൈനീസ് ഭാഷയിൽ ‘Black Dragon River’ എന്നർത്ഥം വരുന്നൊരു പേരിൽ അറിയപ്പെടുന്ന മഹാനദി. തുബ്രോണിന് അപ്പോൾത്തന്നെ എഴുപത്തിയഞ്ചു വയസ്സ് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നടത്തത്തിലും ശാരീരികചലനങ്ങളിലുമെല്ലാം പ്രായം പ്രവർത്തിച്ചുതുടങ്ങിയതായി കാഴ്ചയിൽ മനസ്സിലാകുമായിരുന്നു. ഈ പ്രായത്തിൽ താങ്കൾക്ക് ഈ യാത്ര സാധിക്കുമോ എന്ന നെഗറ്റീവ് ചോദ്യം മനസ്സിലുണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല. ചുളിവുകൾ വീണ് പതുത്ത കൈകളിൽപ്പിടിച്ച് ഞാൻ അദ്ദേഹത്തിന് ശുഭയാത്ര നേർന്നു.
രണ്ടു വർഷങ്ങൾക്കു മുമ്പ് കോളിൻ തുബ്രോൺ എഴുതിയ The Amur River: Between Russia and China എന്ന പുസ്തകം വായിച്ച് ഞാൻ തരിച്ചിരുന്നുപോയി. എൺപത്തിയൊന്നാം വയസ്സിൽ മംഗോളിയയിലെ പുൽമേടുകളിൽനിന്ന് കുതിരപ്പുറത്ത് തുബ്രോൺ ആരംഭിച്ച ആ യാത്ര സൈബീരിയയുടെ ഉൾത്തടങ്ങളിലൂടെയും അപകടകരമായ റഷ്യ–ചൈന അതിർത്തികളിലൂടെയും കടന്നുപോകുന്നു. ഇതിനിടയിൽ കുതിരപ്പുറത്തു നിന്നു വീണ് തുബ്രോണിന്റെ വാരിയെല്ലുകൾ ഒടിയുന്നുണ്ട്; പല തവണ അദ്ദേഹത്തെ ചൈനീസ് പോലീസും പട്ടാളവും പിടികൂടുന്നുണ്ട്. എൺപത്തിയൊന്നാം വയസ്സിലും എല്ലാം മറികടന്ന് അദ്ദേഹം യാത്ര തുടരുന്നു.
വാർദ്ധക്യം വരിഞ്ഞുമുറുക്കുന്ന എൺപത്തിയൊന്നാം വയസ്സിലും അപകടകരമായ വഴിയിലൂടെ അലയാൻ കോളിൻ തുബ്രോൺ എന്ന സഞ്ചാരിയെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കാം? വീട്ടിൽ വിശ്രമജീവിതം നയിക്കേണ്ട മനുഷ്യൻ എന്തു തേടിയായിരിക്കാം മംഗോളിയയിലെ പുൽമേടുകളിലേക്കും സൈബീരിയയിലെ ഏകാന്തതകളിലേക്കും പോയത്? ലോകത്തെ ഒരു സഞ്ചാരിക്കും ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം പറയാൻ സാധിക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ ബ്രിട്ടീഷ് യാത്രികനായ ബ്രൂസ് ചാറ്റ്‌വിൻ ആണ് ഇതിന് ഒരുവിധം ഭേദപ്പെട്ട ഉത്തരം നൽകിയത്: RESTLESSNESS. പൂർണ്ണാർത്ഥത്തിൽ ഈ പദം പരിഭാഷപ്പെടുത്താൻ സാധിക്കും എന്നു തോന്നുന്നില്ല. കാരണം അതൊരു അവസ്ഥയാണ്; അതിലേറെ, ആഴത്തിലുള്ള അനുഭവമാണ്; ജന്മാന്തരബന്ധിയായ ഏതോ ധാതുവിന്റെ സ്പന്ദനമാണ്.
മൻസൂർ അഹമ്മദ് എന്ന മലയാളിയുവാവിനെയും ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിലേക്കു യാത്രപോകാൻ പ്രേരിപ്പിക്കുന്നതും ചാറ്റ്‌വിൻ പറഞ്ഞ അതേ RESTLESSNESS തന്നെയായിരിക്കും. അത്രയും വിപുലമാണ് ഈ യാത്രികൻ അലഞ്ഞ ദൂരങ്ങളുടെ ഭൂപടങ്ങൾ.
പ്രത്യേക രുചികളുള്ള യാത്രികരുണ്ട്. ആ രുചികൾക്കനുസരിച്ചായിരിക്കും അവരുടെ സഞ്ചാരപഥങ്ങൾ. എന്നാൽ, മൻസൂർ അഹമ്മദിന് അത്തരം പ്രത്യേക രുചികൾ ഉള്ളതായി തോന്നുന്നില്ല. വാൻഗോഗിന്റെ വഴികളിലേക്കും നിലാവ് വീഴുന്ന ഈജിപ്തിലെ പിരമിഡുകളിലേക്കും ജോർദാൻ നദിക്കരയിലേക്കും പാരീസിലേക്കും ലൂവ്ര് മ്യൂസിയത്തിലേക്കും അജ്ഞാതരായ മനുഷ്യരിലേക്കും ഒരേ ആസക്തിയോടെ മൻസൂർ യാത്ര ചെയ്യുന്നു. അവനവനെ മറന്നുകൊണ്ട് ആ സ്ഥലങ്ങളിൽ, അതിന്റെ ചരിത്രത്തിൽ, അവിടത്തെ മനുഷ്യരിൽ ലയിക്കുന്നു. ‘ഞാനെന്ന മനുഷ്യൻ ഈ പ്രപഞ്ചത്തിൽ എത്രത്തോളം നിസ്സാരനാണ്’ എന്ന് യാത്രികൻ ഓർത്തുപോകുന്നത് ഇത്തരം നിമിഷങ്ങളിലാണ്. Ecstasyക്ക് തുല്യമായ അനുഭവമാണത്. അനുഭവിച്ചുമാത്രം അറിയാൻ സാധിക്കുന്ന ഒന്ന്.

To advertise here,


യാത്രയും യാത്രാവിവരണവും വെവ്വേറെയാണ്. യാത്രികരെല്ലാം യാത്രാവിവരണ എഴുത്തുകാരാവണമെന്നില്ല. യാത്ര പോവുന്നവരെല്ലാം യാത്രാവിവരണമെഴുതുന്ന പരിഹാസ്യമായ ഒരു കാലമാണിത്. ടൂർ പാക്കേജുകൾ നിരവധിയുള്ളതുകൊണ്ട് ആർക്കും ഇന്ന് എവിടെയും പോകാം. പോയി വന്ന്, കുളിച്ച് ഭക്ഷണം കഴിച്ചാലുടനെ എഴുത്ത് തുടങ്ങുകയാണ്– സ്ഥൂലമായ വിവരണങ്ങൾ, തീറ്റ മാഹാത്മ്യങ്ങൾ, ചരിത്രഗാഥകൾ, ‘മരിച്ച മത്സ്യത്തിന്റെ കണ്ണു’പോലെയുള്ള വാക്കുകൾ...
കാലം മാറി. സ്ഥലവിവരണവും വിവരവിവരണവും പുതിയകാലത്തെ യാത്രാവിവരണത്തിന് ആവശ്യമില്ല. മനുഷ്യരും അനുഭവങ്ങളുമാണ് അതിനെ സർഗ്ഗാത്മകമാക്കുന്നത്. നല്ല ഭാഷ, ചരിത്രബോധം, സൂക്ഷ്മനിരീക്ഷണപാടവം, ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം എന്നിവയെല്ലാം ഉചിതമായ അളവിൽ സംഗമിക്കുമ്പോഴാണ് ഒരു നല്ല യാത്രാവിവരണകൃതി ഉണ്ടാവുന്നത്. അല്ലാത്തപക്ഷം യാത്രാ എഴുത്തിന് ഒരു ടൂർ ഗൈഡ് ബുക്കിന്റെ നിലവാരമേ ഉണ്ടാവൂ.
മൻസൂറിന്റെ എഴുത്തിൽ ഈ ഗുണങ്ങളെല്ലാം ഞാൻ അനുഭവിച്ചു. ഈജിപ്തിലെ പിരമിഡുകളിൽ നിലാവ് വീഴുന്നതും ഇന്ദ്രനീലക്കണ്ണുള്ള പെൺകുട്ടിയുടെ മുഖവും മനസ്സിൽ സങ്കൽപ്പിച്ച് ഇന്നലെ ഞാനുറങ്ങി. നനഞ്ഞ ഹൃദയത്തോടെ ബോഗൺവില്ല സ്റ്റേഷനിൽ വണ്ടിയിറങ്ങി. അപ്പോൾ കരിഞ്ഞുതുടങ്ങിയിരുന്ന എന്നിലെ യാത്രാക്കമ്പത്തിന്റെ ചിറക് വീണ്ടും തളിർത്തുവരുന്നത് ഞാനറിഞ്ഞു. മൻസൂറിന് നന്ദി. ഈ പുസ്തകത്തിനും. കൂടുതൽക്കൂടുതൽ ദൂരങ്ങളിലേക്ക് ശുഭയാത്ര നേരുന്നു.