ലക്ഷദ്വീപ്
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിൽ വലിപ്പംകൊണ്ട് ചെറുപ്പമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. മിനിക്കോയി ദ്വീപിലെ സ്ത്രീകളുടെ പൊതുകാര്യപ്രസക്തിയും ഇടപെടലുകളുമൊക്കെ ആ ദേശത്തിന്റെ സാമൂഹിക പുരോഗതിയെ ചൂണ്ടിക്കാണിക്കുന്നു. ഈ ദ്വീപസമൂഹം നേരിൽ കാണണമെന്നത് ഏറെനാളത്തെ അഭിലാഷമായിരുന്നു. 2013–ൽ മാത്രമാണ് ഇവിടം സന്ദർശിക്കാൻ അവസരം ലഭിച്ചത്. ആദ്യ ദ്വീപ് യാത്ര കപ്പലിലായിരിക്കണമെന്നും ആശിച്ചിരുന്നു. എന്നാൽ കൊച്ചിയിൽനിന്നും എ.ടി.ആർ. വിമാനത്തിലാണ് ഞാൻ അഗത്തിയിലേക്ക് പോയത്. അവിടെനിന്ന് ഹെലികോപ്റ്ററിൽ കവരത്തിയിലേക്കും.
ഹെലികോപ്റ്റർ യാത്രയിൽ പുതുമയുണ്ടായിരുന്നില്ല. ഏതു യാത്രയും അവിസ്മരണീയമാക്കുന്നത് നമ്മുടെ മനസ്സാണ് എന്നെനിക്ക് തോന്നാറുണ്ട്. അങ്ങനെ ഈ യാത്രയും ആവേശകരമാക്കി. ദ്വീപ് നിവാസികളെ അടിയന്തരഘട്ടത്തിൽ കൊച്ചിയിലെ ആശുപത്രികളിലേക്ക് എത്തിച്ചിരുന്ന ഹെലികോപ്റ്റർ സർവീസടക്കം പി.എം. സെയ്ദ് എന്ന നേതാവിന്റെ കൈയൊപ്പു പതിഞ്ഞ വികസനങ്ങളാണ് ലക്ഷദ്വീപിലേറെയും.
ഒരു ഡസനിലധികം ഹെലികോപ്റ്റർ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഭയം കാരണം അതൊരിക്കലും ആസ്വദിച്ചിട്ടില്ല. തെങ്ങോലകളിലും മരക്കൊമ്പുകളിലും തൊട്ടുതൊട്ടില്ല എന്നവിധം പറക്കുന്ന ഹെലികോപ്റ്റർ കാണുമ്പോൾ ഒരു വലിയ പല്ലിയുടെ രൂപമാണ് ഓർമ്മവരുന്നത്. പല്ലിയുടെ ആന്തരികാവയവങ്ങൾ മുഴുവൻ കാണാൻ കഴിയുന്നതുപോലെ. താഴ്ന്നുപറക്കുമ്പോൾ ഹെലിക്കോപ്റ്ററിനകത്തെ യാത്രക്കാരെയടക്കം നമുക്കു കാണാം.
കവരത്തിയിലേക്കുള്ള ഹെലികോപ്റ്ററിൽ ഇടതുവശം ചേർന്ന് വാതിലിനടുത്ത സീറ്റായിരുന്നു എന്റേത്. ബെൽറ്റൊക്കെയിട്ട് ഇരിപ്പ് ഒന്നു സെറ്റായിക്കഴിഞ്ഞ് ചെറിയ ഉയരത്തിൽ പൊങ്ങിയപ്പോൾത്തന്നെ താഴെ നീലംകലക്കിയ നിറത്തിലുള്ള കടലിന്റെ ഭംഗി കാണാനായി. നീലയും പച്ചയും നിറങ്ങൾ മാറിമാറി വരുന്നതുപോലെ തോന്നി. എന്റെ ആകാംക്ഷ സ്ഥിരംയാത്രക്കാർക്ക് അദ്ഭുതമായിരുന്നില്ല. ലക്ഷദ്വീപിലെ കടൽ അങ്ങനെയാണ്.
പെട്ടെന്ന് കോ-പൈലറ്റ് എനിക്കൊരു നിർദ്ദേശം നൽകി. ‘വാതിലിലേക്ക് കൂടുതൽ തള്ളിയിരുന്ന് ആവേശം കാണിക്കരുത്. വാതിൽ കയറിട്ടു കെട്ടിയിരിക്കുന്നത് ശ്രദ്ധിക്കണം.’ ഞാൻ ഞെട്ടി. കയർ കണ്ടതോടെ നീലയും പച്ചയും എല്ലാം ഇരുണ്ടതായി തോന്നി. കയർ കെട്ടിയ ഹെലികോപ്റ്ററിൽ ആഴക്കടലിനു മീതേകൂടി ഞാൻ യാത്ര ചെയ്യുന്നു! അടുത്തിരുന്നവരോട് കവരത്തി എത്താൻ എത്ര സമയമെടുക്കുമെന്ന് ചോദിച്ചറിഞ്ഞു.

To advertise here,

ശേഷം കവരത്തി ഹെലിപ്പാഡിൽ എത്തുന്നതുവരെ വാച്ചിന്റെ സൂചിയുടെ ഓരോ ചലനങ്ങളും നോക്കിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മടക്കയാത്രയിൽ ഈ കയർ വിമാനത്തിൽ കയറണമല്ലോ എന്ന അങ്കലാപ്പ്!


തത്കാലം രക്ഷപ്പെട്ട സന്തോഷത്തിൽ കവരത്തിയിൽ ഇറങ്ങി. അവിടുത്തെ സ്ത്രീകളുടെ വിദ്യാഭ്യാസവും ജീവിതനിലവാരവുമൊക്കെ ചോദിച്ചറിയണമെന്ന് കരുതി. എന്നെ സ്വീകരിക്കാനെത്തിയവരിൽ വെള്ളപാന്റും കാക്കികുർത്തയും കാക്കിമഫ്തയും ധരിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ബി എന്നായിരുന്നു അവരുടെ പേര്. മുപ്പതു വർഷമായി പോലീസിൽ ജോലി ചെയ്തിരുന്ന ബി സബ് ഇൻസ്‌പെക്ടറായിരുന്നു. അവരുമായി ഏറെനേരം സംസാരിക്കാൻ അവസരം ലഭിച്ചു. ബിയുടെ സംസാരശൈലിയും നിലപാടുകളും എന്നെ അതിശയിപ്പിച്ചു. അവർ കൽപ്പേനിയും കടമത്തും ബിത്രയും ചേത്തിലാത്തും അമേനിയും മിനിക്കോയിയും കവരത്തിയും ആന്ദ്രേത്തും അഗത്തിയും കിൽത്താനുമൊക്കെ എന്നെ പരിചയപ്പെടുത്തി. ജനവാസദ്വീപുകൾക്കൊപ്പം ജനവാസമില്ലാത്ത ദ്വീപുകളെക്കുറിച്ചും അവർ വിശദീകരിച്ചു. മടക്കയാത്രയിൽ വീണ്ടും കാണാമെന്നുറച്ച് ഞാനും ബിയും വഴി പിരിഞ്ഞു. ബി എന്നതു പുതുമയുള്ള പേരാണെന്നതുകൊണ്ട് അവരുടെ നെയിം പ്ലേറ്റിലേക്ക് ഒരിക്കൽക്കൂടി നോക്കി. അതെ–സബ് ഇൻസ്‌പെക്ടർ ബി!
അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമാണ്. സ്വതന്ത്രവും സമാധാനപരവുമായ അവരുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയിരുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ജനങ്ങളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ലാൻഡ്‌ കോമ്പൻസേഷനുമായി ബന്ധപ്പെട്ട വിഷയത്തിലൊക്കെ അഡ്മിനിസ്‌ട്രേറ്റർ എടുത്ത നടപടികൾ പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ കാൽനടയാത്രയിൽ കവരത്തി ജയിൽ കാണാനിടയായി. അവിടുത്തെ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ ദ്വീപ് സന്ദർശിച്ച 2013വരെ ഒരാൾപോലും ആ ജയിലിൽ പ്രവേശിച്ചിട്ടില്ല. കുറ്റകൃത്യങ്ങൾ നന്നേ കുറവാണിവിടെ. പോക്കറ്റടിയും മോഷണവും കൊലപാതകവും ബലാത്സംഗവും സ്ത്രീപീഡനവുമില്ലാത്ത ഈ നാടായിരിക്കും സ്വർഗ്ഗമെന്ന് ഞാൻ വിശ്വസിച്ചു. പിന്നീടിങ്ങോട്ടും ലക്ഷദ്വീപുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ പ്രാധാന്യത്തോടെ വായിച്ചുപോരുന്നു.
മഹനീയമായ പാരമ്പര്യവും സംസ്‌കാരവുമാണ് ലക്ഷദ്വീപിന്റെ പ്രാധാന്യം. കേരളമാണ് അവരുടെ കര, കൊച്ചിയും കോഴിക്കോടും തൊട്ടുതൊട്ടാണ് അവരുടെ ജീവിതം. തനതായ ഭാഷ അവർക്കുണ്ടെങ്കിലും മലയാളമാണ് ഔദ്യോഗിക ഭാഷ. സ്‌നേഹമാണ് അവരുടെ പൊതുഭാഷയെന്ന് നമുക്കുറപ്പിക്കാം.
വെള്ളം വെള്ളം സർവ്വത്ര തുള്ളി കുടിക്കാനില്ലത്രേ...
എന്നവർ ഒരിക്കലും വിലപിക്കില്ല. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് കവരത്തിയിലാണുള്ളത്. ഒരൽപ്പംപോലും ഉപ്പുരസമില്ലാത്ത ഈ കുടിനീർപദ്ധതിയും പി.എം. സെയ്ദ് എന്ന കേന്ദ്രമന്ത്രി കൊണ്ടുവന്നതാണ്. അതുകൊണ്ടുതന്നെ അന്നത്തെ ഭരണാധികാരികളോട് ദ്വീപ് നിവാസികൾക്ക് വലിയ കടപ്പാടാണ്. അരിയും പഞ്ചസാരയും പെട്രോളും ഡീസലുമടക്കം ദ്വീപിൽ എത്തിക്കാനും മറ്റുമായി ബേപ്പൂരിലേക്കും കൊച്ചിയിലേക്കും മംഗലാപുരത്തേക്കും നിരവധി കപ്പലുകളും ബാർജുകളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കവരത്തിയിൽ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കരയിൽനിന്നും വന്ന എന്നെ കാണാൻ ഒത്തുകൂടിയ സ്ത്രീകളുടെ രാഷ്ട്രബോധവും സാമൂഹിക ഇടപെടലുകളും എന്നെ വിസ്മയിപ്പിച്ചു. ദ്വീപിലെ രണ്ടു കോളേജുകൾക്കു പുറമേ കേരളത്തിലെ കോളേജുകളിൽനിന്നും അവർ ഉന്നതവിദ്യാഭ്യാസം നേടിയിരുന്നു.
സംഭാഷണങ്ങൾക്കിടയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. വാഹനസൗകര്യമില്ലാത്തതിനാൽ അവർക്കൊപ്പം വിവാഹവീട്ടിലേക്കു നടന്നു. പരിമിതമെങ്കിലും സൈക്കിൾ യാത്രക്കാരെ വഴിമദ്ധ്യേ കാണാനിടയായി. ഞങ്ങളുടെ യാത്ര ഒരു ജാഥപോലെ എനിക്കു തോന്നി. എല്ലാ ജാഥകൾക്കും ഒരു ലക്ഷ്യമുണ്ടല്ലോ. വിവാഹവീട്ടിലെത്തി വലിയ കൗതുകത്തോടെ വധുവുമായി സംസാരിച്ചു. ബിരുദധാരിയായിരുന്നു അവർ. ഓരോ ചടങ്ങിനും ആ ദ്വീപിലെ മുഴുവനാളുകളെയും ക്ഷണിക്കുന്നത് പതിവാണ്. രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ഏഴുമണിക്കു നിക്കാഹ് നടക്കുന്നതുവരെയും അതിഥികളെ സത്കരിക്കും. കേരളത്തിലെ മിന്നിത്തിളങ്ങുന്ന വിവാഹവേഷങ്ങളും ആഭരണങ്ങളും അണിഞ്ഞെത്തുന്ന പെൺകുട്ടികളെ കണ്ടുപരിചയിച്ച എന്നെ, അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും ആകർഷിച്ചില്ല. എന്റെ ചിന്തകൾ മനസ്സിലാക്കിയതുപോലെ, വരൻ കൊണ്ടുവരുന്ന പുതുവസ്ത്രങ്ങളും ആഭരണങ്ങളും നിക്കാഹിനു തൊട്ടുമുമ്പു മാത്രമേ ധരിക്കൂ എന്ന് വിശദീകരണം ലഭിച്ചു.
എന്നോടൊപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയോട് സ്ത്രീധനം എന്ന ഏർപ്പാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘സ്വർണ്ണവും പണവും വസ്തുക്കളും പുതിയാപ്ലയ്ക്കു കൈമാറി ഒപ്പം പെൺകുട്ടിയെയും കൈമാറുന്ന ആ ഏർപ്പാട് അങ്ങ് കരയില്, ഇവിടെ ഇല്ല’ എന്നവർ തറപ്പിച്ചുപറഞ്ഞു. ഞങ്ങൾ അതൊരു ചർച്ചാവിഷയമാക്കി. ഇസ്‌ലാമിക രീതി പൂർണ്ണമായും പിൻതുടരുന്ന ഇവിടെ വരൻ മഹറിനോടൊപ്പം ആഭരണങ്ങളും വസ്ത്രങ്ങളും വധുവിന് കൈമാറും. കരയിൽനിന്ന് അരിയും വീടുവെക്കാനുള്ള ഇഷ്ടികയുമടക്കം ബാർജിലും വെസലിലുമൊക്കെ എത്തിക്കുമെങ്കിലും സ്ത്രീയുടെ അന്തസ്സിനെ ചോദ്യംചെയ്യുന്ന ‘സ്ത്രീധനം’ ഞങ്ങൾ ഇവിടെ അടുപ്പിച്ചിട്ടില്ല എന്നവർ ഒരുമിച്ച് ആവർത്തിച്ചപ്പോൾ ആശ്ചര്യം തോന്നി.
ഭക്ഷണം ഒരുക്കിയ സ്ഥലത്തെത്തിയപ്പോൾ പരമ്പരാഗതവിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തേങ്ങാച്ചോറും ബീഫ് കറിയും മീൻ അച്ചാറുകളുമുണ്ടായിരുന്നു. തേങ്ങാപ്പാലിൽ അരി വേവിച്ച് വെള്ളമില്ലാതെ ഒരൽപ്പം ഉപ്പുചേർത്ത് പാചകം ചെയ്യുന്നതാണ് തേങ്ങാച്ചോർ. നാവിലൂടെ കപ്പലോടുന്ന രുചി! ഞങ്ങൾ പുതിയ വിഷയത്തിലേക്കു കടന്നു- പാചകം. തേങ്ങയുടെയും മത്സ്യത്തിന്റെയും വിവിധ ഉത്പന്നങ്ങൾ ദ്വീപുകാർ കയറ്റി അയയ്‌ക്കുന്നുണ്ടല്ലോ. ദ്വീപിലെ മീൻ അച്ചാറുകളുടെ ചേരുവകളും രുചിക്കൂട്ടും ചോദിച്ചറിഞ്ഞു.
ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാൻ കഴിവുള്ള ഒരു കൂട്ടം സ്ത്രീകളെയാണ് ഞാനവിടെ കണ്ടത്. രാഷ്ട്രീയം, വിദ്യാഭ്യാസം, പാചകം, കയറ്റുമതിയടക്കം എല്ലാത്തിനെയും കുറിച്ച് നല്ല ധാരണയുള്ള സ്ത്രീകൾ. അതോടൊപ്പം സ്ത്രീയാണ് ധനമെന്ന് കൃത്യമായി പഠിപ്പിക്കുന്ന സംസ്‌കാരവും ഒത്തുചേർന്നപ്പോൾ അവരുടെ ആത്മവിശ്വാസം ഇരട്ടിയായി. ഒറ്റനോട്ടത്തിൽ ഇതല്ലേ സ്ത്രീശാക്തീകരണം എന്നു തോന്നി. നല്ല രുചികരമായ ഓർമ്മകളുമായി ഞാൻ താമസസ്ഥലത്തേക്കു മടങ്ങി.
അവിടെ പരിചയപ്പെട്ട സ്ത്രീകൾ പിറ്റേ ദിവസം രാവിലെ പുതിയ ആളുകളുമായി എത്തി. കല്യാണവിശേഷങ്ങളന്വേഷിച്ചപ്പോൾ നാലുലക്ഷത്തി നാൽപ്പത്തിനാലായിരത്തി നാൽപ്പത്തിനാലു രൂപയും സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും വധുവിന് നൽകിയ വരനെക്കുറിച്ച് അവർ വാചാലരായി. പെണ്ണിനു വിലയിട്ട് കമ്പോളങ്ങളിൽ പ്രദർശിപ്പിക്കുന്ന കേരളത്തിലെ രീതിയോർത്ത് അപകർഷബോധം തോന്നി.
1961 മുതൽ സ്ത്രീധനനിരോധനനിയമത്തെക്കുറിച്ച് നമ്മൾ കേൾക്കുകയാണല്ലോ. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇടനില നിൽക്കുന്നതും സാക്ഷ്യംവഹിക്കുന്നതുമൊക്കെ കുറ്റകരവും ശിക്ഷാർഹവുമാണിവിടെ. മടക്കയാത്രയിൽ ഒരു ബാർജിലും കപ്പലിലും സ്ത്രീയാണ് ധനമെന്ന ലക്ഷദ്വീപിന്റെ മഹിതമായ സംസ്‌കാരം ആരും കൊണ്ടുവന്നില്ല. ആ കപ്പൽ നമ്മൾ അടുപ്പിച്ചില്ല.
പിറ്റേദിവസം വെളുപ്പിന് വെസൽ കരയിൽനിന്നെത്തുന്നതു കാണാനായി ഞാൻ പോയി. ഇഷ്ടികയും സിമന്റും വാതിലുകളും ജനലുകളും അടക്കമുള്ള ഭവനനിർമ്മാണസാമഗ്രികളും പശുവും ആടും അടക്കമുള്ള വളർത്തുമൃഗങ്ങളും അതിലുണ്ടായിരുന്നു.
എന്റെ മടക്കയാത്രയ്ക്കുള്ള സമയമായി. വീണ്ടും ദ്വീപ് സന്ദർശിക്കണമെന്ന ആഗ്രഹവുമായി കവരത്തി ഹെലിപാഡിലെത്തി. സബ് ഇൻസ്‌പെക്ടർ ബി എന്നെ കാത്തുനിന്നു. കുറച്ചുനേരം സ്‌നേഹം പങ്കുവെച്ച് ഹെലികോപ്റ്ററിനകത്തേക്ക് കയറിയപ്പോൾ ഓർമ്മകളെ കയറുകെട്ടി ഭയപ്പെടുത്താതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.